കിടക്കയിൽ എഴുന്നേറ്റു ഇരിക്കുകയായിരുന്നു പെൺകുട്ടി. അടുത്ത് നഴ്സ്മാർ ഉണ്ട്. അവരെ കണ്ടതും അവർ എഴുന്നേറ്റു
“ഡോക്ടർ സുജാത ഉണ്ടെന്ന് പറഞ്ഞിട്ട്?” ഡാനിയൽ ചോദിച്ചു
“ഉണ്ടായിരുന്നു. ഒരു ഫോൺ വന്നിട്ട് ഇപ്പോൾ മുറിയിലേക്ക് പോയി “
നേഴ്സ്മാരിൽ ഒരാൾ പറഞ്ഞു. എബി ആ കുട്ടിയെ ഒന്ന് നോക്കി. സ്കൂൾ യൂണിഫോം രക്തം വീണു ചുവന്നിരിക്കുന്നു. നിഷ്കളങ്കമായ ചെറിയ മുഖം പേടി കൊണ്ട് നിറഞ്ഞിരിക്കുന്നു
“മോള് പേടിക്കണ്ട ട്ടോ. ഇത് ഡോക്ടർ ഡാനിയൽ. ഇത് എബി സാർ. ഈ സാറിന്റെ കാറിന്റെ മുന്നിലാണ് മോൾ എടുത്തു ചാടിയത് ” ഗീത പറഞ്ഞു
അവളുടെ കണ്ണുകൾ നിറഞ്ഞു. എബി മുഖം തിരിച്ചു കളഞ്ഞു. ഇവളും ഒരു പെണ്ണാണ്. ഇതും ചിലപ്പോൾ ഒരു വലിയ നുണ ആകാം
“ഈ ആന്റി പറഞ്ഞത് ശരിയാണോ മോളെ”
അവൾ തലയാട്ടി
“പോലീസിനെ അറിയിക്കുക എന്നത് ഞങ്ങളുടെ ഡ്യൂട്ടിയിൽ പെട്ടതാണ് അല്ലെങ്കിൽ മോൾ എവിടെ പോകും? ഞങ്ങൾ എന്താ മോൾക്ക് വേണ്ടി ചെയ്യണ്ടത്?”
ഡോക്ടർ ഡാനിയൽ കരുണയോടെ ചോദിച്ചു
“എന്റെ ഏട്ടൻ ആറു മാസം കഴിഞ്ഞു വരും. അത് വരെ എവിടെ എങ്കിലും നിൽക്കാൻ ഒരു സ്ഥലം. ഞാൻ എന്ത് ജോലിയും ചെയ്തോളാം. ദൂരെ എവിടെ എങ്കിലും. അയാളുടെ കണ്ണിൽ പെടാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു സ്ഥലം.”
എബി പെട്ടെന്ന് എതിർത്തു
“അങ്ങനെ സ്ഥലം ഒന്നുമില്ല. ദേ ഡാനി ഇത് ഹൈ റിസ്ക് ആണ് ഇവള് പറയുന്നത് വിശ്വസിച്വ് നമ്മൾ എന്തെങ്കിലും ചെയ്താ പിന്നെ അകത്താ. പോരെങ്കിൽ അച്ഛൻ പോലീസ്. ഞാൻ ഇത് റിപ്പോർട്ട് ചെയ്യാൻ പോവാ..”
അവളുടെ മുഖം പേടിച്ചരണ്ടു
“സത്യായിട്ടും നുണയല്ല മരിച്ചു പോയ എന്റെ അമ്മ സത്യം. ഒന്നും നുണയല്ല. ഞാൻ എന്തിനാ എന്റെ അച്ഛനെ കുറിച്വ് നുണ പറയുന്നേ “
അവൾ മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു
“എന്നെ സഹായിക്കാൻ പറ്റിയില്ലെങ്കിലും പോലീസിൽ ഏൽപ്പിക്കല്ലെന്ന് പറ സിസ്റ്ററേ. പോലീസ്കാർക്കെല്ലാം അച്ഛനെ അറിയാം ഇപ്പോൾ തന്നെ എല്ലായിടത്തും അന്വേഷണം നടക്കുന്നുണ്ടാവും. എന്നെ കൊണ്ട് പോകും..പ്ലീസ് എന്നെ വിടല്ലേ സിസ്റ്ററേ.”
ഗീതയുടെ കണ്ണുകൾ നിറഞ്ഞു. അവർ പുറം കൈ കൊണ്ട് കണ്ണുനീർ തൂത്തു
“സാറിന് ഏതെങ്കിലും ഓർഫനെജ് പരിചയം ഉണ്ടോ.അങ്ങനെ എങ്കിൽ ഒരു ആറു മാസം അവിടെ നിൽക്കട്ടെ. ആരും അറിയാതെ “
അവർ എബിയുടെ മുഖത്ത് നോക്കി
“എനിക്ക് അങ്ങനെ ആരെയും അറിഞ്ഞൂടാ “
അവൻ നീരസത്തോടെ പറഞ്ഞു
“ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ട്..എന്റെ ചേച്ചിയോട് ചോദിച്ചു നോക്കട്ടെ. അവരുടെ ഭർത്താവിന്റെ ഇടവകയിൽ ഒരു അനാഥലയം ഉണ്ട്
പക്ഷെ ചേച്ചി ഇപ്പോൾ. ഓസ്ട്രേലിയയിൽ വെക്കേഷന് പോയിരിക്കുകയാഒരാഴ്ച കഴിഞ്ഞു വരും. ഒരാഴ്ച പക്ഷെ എവിടെ നിർത്തും?” ഡാനിയൽ അത് ഏറ്റു
“നിന്റെ വീട്ടിൽ നിർത്ത് ” എബി അലസമായി പറഞ്ഞു
“എടാ ഞാൻ താമസിക്കുന്നത് എവിടെയാണെന്ന് അറിഞ്ഞൂടെ?
തൃശൂർ പോലീസ് സ്റ്റേഷന്റെ മുന്നിൽ…ഇതിനെ ഞാൻ എങ്ങനെ കൊണ്ട് പോകും. എപ്പോഴെങ്കിലും കണ്ണിൽ പെടില്ലേ?”
“പിന്നെ എന്ത് ചെയ്യുമെന്നാണ്?”
എബിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. ഏത് നശിച്ച നേരത്താണോ ദൈവമേ ഇതൊക്ക തലയിൽ വന്നു കയറുന്നത്?
“മോളുടെ പേരെന്താ?”
ഡാനി സന്ദർഭം ഒന്ന് അയവു വരുത്താൻ ചോദിച്ചു
“ശ്രീപാർവതി എന്നാ സ്കൂൾ രജിസ്റ്ററിൽ. എല്ലാരും വിളിക്കുന്നെ പാറുന്നാ .”
എബി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇതിൽ നിന്ന് എങ്ങനെ തലയൂരുമെന്ന് അവൻ ചിന്തിച്ചു കൊണ്ടിരുന്നു
നേരം പുലർച്ചെ ആയി. ഒരു രാത്രി പോയിക്കിട്ടി
“മോള് ഉറങ്ങിക്കോ കുറച്ചു നേരം. ഇന്നൊരു ദിവസം ഹോസ്പിറ്റലിൽ കിടക്കാം. എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കട്ട് “
ഡാനിയൽ വാത്സല്യത്തോടെ പറഞ്ഞു
“ഈ കൊച്ചിന് വേറെ ബന്ധുക്കൾ ആരുമില്ലേ എന്ന് ചോദിക്ക് “
അവൻ പിറുപിറുത്തു
“മോൾക്ക് റിലേറ്റീവ്സ് ആയിട്ട് അമ്മാവൻമാരോ ആന്റിമാരോ ആരുമില്ലേ?
“ഉണ്ട്. പക്ഷെ അവരെയൊക്കെ അച്ഛൻ പിണക്കി നിർത്തിയേക്കുവാ. അച്ഛനെ പേടിച്ചു അവരാരും വീട്ടിൽ വരാറ് പോലുമില്ല..”
അവർ പുറത്തിറങ്ങി
“ബെസ്റ്റ്. എടാ ഇത് വല്ലതും ഉള്ളതാണോ, ഇപ്പോഴത്തെ പിള്ളേർ കാഞ്ഞ ബുദ്ധി ഉള്ളതാ. ഇത് തട്ടിപ്പ് വല്ലതും ആണോ.?”
എബിക്ക് സംശയം അടങ്ങുന്നില്ല
“പിന്നേ നിന്റെ കാറിന്റെ അടിയിൽ വലിഞ്ഞു കേറിയിട്ട് വേണമല്ലോ തട്ടിക്കാൻ. നീ മിണ്ടാതിരിയെടാ ചെറുക്കാ “
ഡാനിയൽ ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വരാമെന്ന് പറഞ്ഞപ്പോ അവൻ ഒന്ന് നോക്കി
“പോയിട്ട് വരോ?”എബി സംശയത്തോടെ ചോദിച്ചു
“ഇല്ലടാ ഞാൻ ബഹിരകാശത്തോട്ട് ടൂർ പോണ്..” ഡാനിക്ക് ദേഷ്യം വന്നു
അവൻ പോയി
എബി അപ്പായെ വിളിച്ചു. കാര്യങ്ങൾ ചുരുക്കി പറഞ്ഞു
“നീ കറക്റ്റ് അഡ്രസ് ചോദിച്ചു പറ. ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ട്. ഈ പറഞ്ഞത് സത്യം ആണോന്ന് ഒന്ന് അറിയണമല്ലോ. ഇതിപ്പോ സത്യം ആണെങ്കി ആ കൊച്ചിനെ പോലീസിനെ ഏൽപ്പിച്ചു കൊടുക്കരുത്. ആ നാറി അതിനെ ഇല്ലായ്മ ചെയ്യും. ഇനി നുണ ആണെങ്കി..അത് നമുക്കപ്പോൾ നോക്കാം. നീ വീട്ടിലോട്ട് വാ..”
അവൻ കുറച്ചു നേരം അവിടെ ഇരുന്നു
അവൾ പറഞ്ഞ ഓരോന്നും ഭാവന ചെയ്തു നോക്കി
അമ്മ മരിക്കുന്നു, ഏട്ടൻ വിദേശത്ത് പോകുന്നു. അച്ഛനും മോളും മാത്രം ആകുന്നു
ലോകത്ത് പെൺകുട്ടികൾ ഏറ്റവും വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും അവളുടെ അച്ഛനെയായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഇവളും അങ്ങനെ ആയിരുന്നു കാണും. സ്വന്തം ശരീരത്തിലേക്ക് ജന്മം തന്ന പിതാവ് തന്നെ ആക്രമിച്ചു കടന്ന് കയറുമ്പോൾ ആ കുഞ്ഞ് മനസ്സും ശരീരവും എന്ത് മാത്രം വേദനിച്ചു കാണണം! പേടിച്ചു കരഞ്ഞ് ഉറങ്ങാതെ എത്ര രാത്രിയും പകലും കഴിച്ചു കൂട്ടിയിട്ടുണ്ടാവണം. എങ്ങനെയാണ് ജനിപ്പിച്ചവന് തന്നെ ഇത്തരം അധമ ചിന്തകൾ ഉണ്ടാകുന്നത്?
അവൻ എഴുന്നേറ്റു
ഡോക്ടർ അശ്വതി എതിരെ വരുന്നത് കണ്ട് അവൻ പുഞ്ചിരിച്ചു
ഡാനിയൽന്റെതാണ് ഹോസ്പിറ്റലെങ്കിലും മേജർ ഷെയർ ഹോൾഡേഴ്സിൽ ഒരാളാണ് എബി
അത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ എല്ലാവരെയും അവന് അറിയാം
“എന്തായി എബി തീരുമാനം?”
“ഒന്നും ആയില്ല അശ്വതി. പപ്പായെ വിളിച്ചു പറഞ്ഞു. പപ്പാ നോക്കട്ട് എന്താ വേണ്ടതെന്നു “
“എബിക്ക് കൊണ്ട് പൊയ്ക്കൂടേ വീട്ടിൽ..ആ കുട്ടിയവിടെ സേഫ് ആയിരിക്കുമല്ലോ.”
“അതൊന്നും നടക്കുകേല.. അതൊന്നും ശരിയുമല്ല…വേറെ എന്തെങ്കിലും വഴി കാണാം “
“എബി, ആ കുട്ടി പറഞ്ഞത് ഒക്കെ ശരിയാണെങ്കിൽ അയാൾ വെറുതെ ഇരിക്കില്ല. പോലീസ് ആണ്. അന്വേഷിച്ചു കണ്ടു പിടിക്കും. വൃത്തികെട്ട ഭ്രാന്ത് പിടിച്ച ഒരു മൃ-ഗം ആണ് അയാൾ..അതിന്റെ ശരീരം കാണണം. റേ- പ്പ് നടന്നില്ല എന്നേയുള്ളു. മൊത്തം മുറിവാ. നഖത്തിന്റെ, പല്ലിന്റെ..അയാൾക്ക് കാ- മഭ്രാന്താ. നിയമം ഒന്നും ചെയ്യില്ലേ എബി?”
“പിന്നെ നിയമം.. കോടതിയിൽ കേസ് പോയാൽ ആയിരം വട്ടം വാക്കുകൾ കൊണ്ട് അതിനെ ബ- ലാത്സം- ഗം ചെയ്യും വക്കീല്മാര് . കൊച്ച് കൊച്ചാ അത്..അതൊന്നും താങ്ങില്ല. ഇപ്പൊ അത് പറയും പോലെ ചെയ്യാം.. അതിന് മനസമാധാനം ഉണ്ടാവുന്ന പോലെ..”
“എബിയും സൂക്ഷിക്കണം. ഇത് എനിക്കും ദോഷം ചെയ്യും “
“എനിക്ക് എന്ത് ദോഷം.?”
“അയാള് ചീത്ത മനുഷ്യൻ ആണ് എബി. ക്രൂ- രനാണ്. എബിയെ അയാൾ ഉപദ്രവിക്കും “
എബി ചിരിച്ചു
“ഒന്ന് നേരിട്ട് വശത്തിന് ഒറ്റയ്ക്ക് കിട്ടിയ ഇരു ചെവി അറിയാതെ തീർത്തു കളയും ഞാൻ ആ നാ-റിയെ.. ശരിയാ ആ കൊച്ചെന്റെ ആരുമല്ല. പക്ഷെ എല്ലാ കുഞ്ഞുങ്ങളും കർത്താവിന്റെ മാലാഖമാരാണെന്ന എന്റെ പപ്പാ എന്നേ പഠിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ കുട്ടികളെ ഉപദ്രവിക്കുന്നവൻ മരിക്കേണ്ടവനാ…ഡോക്ടർക്ക് എബിയെ ശരിക്കും അറിയുകേല. സമയം കിട്ടുന്ന പോലെ ഡാനിയോട് ചോദിച്ചു നോക്ക്. അവൻ പറഞ്ഞു തരും. പുറമേയ്ക്ക് കാണുന്ന പകിട്ടും പത്രാസുമൊന്നും മുഖവിലക്ക് എടുക്കണ്ട. ഉള്ളിൽ എബി ഒരു പച്ച മനുഷ്യനാ. കൊ- ല്ലാൻ പോലും മടിയില്ലാത്ത ഒരു പച്ച മനുഷ്യൻ
ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം. ആ കൊച്ചിനെ ഒന്ന് കാര്യായിട്ട് ശ്രദ്ധിക്കാൻ പറയണം. ഞാൻ വേഗം വരാം “
അവൻ പോകുന്നത് നോക്കി തരിച്ചു നിന്നു ഡോക്ടർ അശ്വതി
തുടരും….