സൂര്യനെ മോഹിച്ചവൾ, ഭാഗം 42, എഴുത്ത്: ശിവ എസ് നായര്‍

“അങ്ങനെ പോകാനല്ല ഞാൻ വന്നത് നിർമലേ… എനിക്ക് നിന്നെ വേണം. നിന്നെയും കൊണ്ടേ ഞാൻ പോവൂ.” അവളുടെ കൈയിൽ കടന്ന് പിടിച്ചുകൊണ്ട് ദേഷ്യത്തോടെ മഹേഷ്‌ പറഞ്ഞു.

“എന്റെ കയ്യീന്ന് വിടാനാ പറഞ്ഞത്.” നിർമല ഞെളിപിരി കൊണ്ടു.

തന്നോട് അവൾക്ക് പഴയ സ്നേഹമില്ലേ എന്നുള്ള തോന്നൽ മനസ്സിലേക്ക് വന്നതും പ്രണയവും വേദനയും നിറഞ്ഞു നിന്ന മഹേഷിന്റെ മുഖഭാവം പൊടുന്നനെ മാറാൻ തുടങ്ങി.

അവന്റെ നിൽപ്പും ഭാവവും കണ്ട് ഭയന്ന നിർമല മഹേഷിന്റെ പിടിയിൽ നിന്നും കുതറി പിടഞ്ഞ് അകത്തേക്ക് പാഞ്ഞു. ഉള്ളിൽ കയറി വാതിൽ വലിച്ചടയ്ക്കാൻ തുടങ്ങുമ്പോഴേക്കും മഹേഷും അവൾക്ക് പിന്നാലെ എത്തിയിരുന്നു. തന്നെ നഷ്ടപ്പെട്ടുവെന്ന് തോന്നി കഴിഞ്ഞാൽ അവൻ എന്തും ചെയ്തേക്കാമെന്ന് അവൾ ഭയക്കുന്നുണ്ട്.

“നീയെന്തിനാ നിർമലേ എന്നെ പേടിക്കുന്നത്. നിനക്കിപ്പോ ഞാൻ അത്രയ്ക്കും വെറുക്കപ്പെട്ടവനായോ? നിനക്കെന്നെ വേണ്ടാതായാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. നീ എന്റെ പെണ്ണാ. മറ്റൊരുത്തനും നിന്നെ തൊടുന്നതോ നോക്കുന്നതോ ഒന്നും എനിക്കിഷ്ടമല്ല.” മുൻവാതിൽ വലിച്ചടച്ച് അതിൽ ചാരി നിന്ന് മഹേഷ്‌ കിതപ്പടക്കി.

“ആരെങ്കിലും വരുന്നതിന് മുൻപ് മഹേഷേട്ടൻ ഇവിടുന്നൊന്ന് പോയി തരോ. ഞാൻ നിങ്ങളുടെ കാല് പിടിക്കാം.” നിർമല കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

“ഒരു വർഷം കഴിഞ്ഞ് കണ്ടിട്ടും എനിക്ക് സുഖമാണോന്ന് ഒരു വാക്ക് നീ ചോദിച്ചില്ല. പകരം എന്നെ ആട്ടിപായിക്കാനാണ് നിനക്ക് തിടുക്കം.”

“അതിന്റെ കാരണം ഞാൻ പറഞ്ഞതല്ലേ.”

“നിനക്ക് വേണ്ടിയാ നിർമലേ എല്ലാം സഹിച്ച് ഞാൻ ജീവിച്ചത്. അന്ന് നിന്റെ വീട്ടുകാർ എന്നെ അടിച്ച് കൊല്ലാറാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു പോയതാ. അവിടുന്ന് ആരുടെയൊക്കെയോ ദയ കൊണ്ട് രക്ഷപെട്ടു. പിന്നീട് കുറേ നാൾ എണീക്കാൻ കഴിയാനാവാതെ ആശുപത്രിയിൽ കിടന്നു. അവിടുന്ന് സുഖം പ്രാപിച്ച് ഇറങ്ങിയപ്പോൾ ഞാൻ നിന്നെ അന്വേഷിച്ച് നിന്റെ നാട്ടിലേക്ക് വീണ്ടും പോയി.

അവിടെ ചെന്നപ്പോഴാ നിന്റെ വിവാഹം കഴിഞ്ഞത് ഞാനറിഞ്ഞത്. കേട്ടപ്പോ എന്റെ ചങ്ക് പൊട്ടിപ്പോയി നിർമലേ. എങ്കിലും നിനക്കെന്നോട് ഉണ്ടായിരുന്ന സ്നേഹം സത്യസന്ധമായിരുന്നത് കൊണ്ട് നിന്നെ ആർക്കൊപ്പം കെട്ടിച്ചു വിട്ടാലും നീയെന്നെ മറക്കില്ലെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു.

ഞാൻ വന്ന് വിളിച്ചാൽ നീ കൂടെ ഇറങ്ങി വരുമെന്ന് എനിക്ക് തോന്നി. ഒരുമിച്ചൊരു ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് നിന്നെ തേടി അലഞ്ഞു തിരിഞ്ഞ് ഒടുവിൽ ഇവിടെ വച്ച് കണ്ട് മുട്ടയത്. എന്നെ മറക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു നിർമലേ.

നാല് വർഷം നിന്നെയീ നെഞ്ചിൽ കൊണ്ട് നടന്നവനല്ലേ ഞാൻ. എന്നെ മറന്ന് മറ്റൊരുത്തന്റെ കൂടെ ജീവിക്കാൻ നിനക്ക് സാധിക്കുമോ?” മഹേഷിന്റെ ശബ്ദമിടറി.

“പഴയതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല മഹേഷേട്ടാ. ഒരു വർഷം ഞാൻ നിങ്ങൾക്ക് വേണ്ടി കാത്തിരുന്നതാ. ഒടുവിൽ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് തോന്നി വീട്ടുകാർ ചൂണ്ടി കാണിച്ചവനൊപ്പം ഇവിടെ വന്നെത്തി. ആദ്യമൊക്കെ അകറ്റി നിർത്തിയതാ ഞാൻ. പക്ഷേ ആ മനുഷ്യന്റെ നിസ്വാർഥമായ സ്നേഹത്തിന് മുൻപിൽ ഞാൻ പഴയതൊക്കെ മറക്കാൻ തുടങ്ങി. മഹേഷേട്ടന്റെ നിർമല മരിച്ചുപോയി. ആ പാവത്തിനെ ചതിച്ചിട്ട് നമുക്കൊരു ജീവിതം വേണ്ട. ഈ വിവാഹത്തിന് മുൻപായിരുന്നു മഹേഷേട്ടൻ വന്നിരുന്നതെങ്കിൽ ഉറപ്പായും ഞാൻ കൂടെ വന്നേനെ.”

“വേദനയോടെയാ നിന്നെ കണ്ട് പിടിക്കാൻ വേണ്ടി അലഞ്ഞു തിരിഞ്ഞ് ഞാൻ ഇവിടെ എത്തിയത്.

ഇത്രേം വലിയ തറവാടും സ്വത്തുക്കളും പിന്നെ എന്നേക്കാൾ ചെറുപ്പക്കാരനായ ഭർത്താവിനേം കിട്ടിയത് കൊണ്ടാണോ നിർമലേ നിനക്കെന്നെ വേണ്ടതായത്. നിനക്ക് വേണ്ടി ഞാൻ സഹിച്ച ത്യാഗങ്ങളോ?”

“ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാ മഹേഷേട്ടൻ പറയുന്നത്.”

“അപ്പോപ്പിന്നെ എന്നെ എന്തിനാ ഒഴിവാക്കാൻ നോക്കുന്നത്? എന്നേക്കാൾ നിനക്ക് വലുത് ഇന്നലെ കണ്ടവനാണോ?”

“മറ്റാരേക്കാളും ഞാനിപ്പോ വില കൽപ്പിക്കുന്നത് എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷനെയാണ്. പഴയ ബന്ധവും പറഞ്ഞ് മഹേഷേട്ടൻ ഇനി ഇങ്ങോട്ട് വരരുത്. ഇങ്ങനെയൊക്കെ ഞാൻ പറയുന്നത് കേട്ടിട്ട് ഞാൻ ചതിച്ചുവെന്ന് നിങ്ങൾ ചിന്തിക്കരുത്. എന്റെ മനസ്സിൽ ശരിയെന്ന് തോന്നിയതാ ഞാൻ പറഞ്ഞത്. സ്നേഹിക്കുന്ന എല്ലാവർക്കും ഒരുമിക്കാൻ പറ്റണമെന്നില്ലല്ലോ.

മഹേഷേട്ടൻ എന്നെ മറക്കണം. എന്നെ സ്നേഹിക്കാൻ ഒരാള് വന്നത് പോലെ മഹേഷേട്ടന്റെ ജീവിതത്തിലും വരും നിങ്ങളെ സ്നേഹിക്കാൻ കഴിയുന്നൊരു പെണ്ണ്. നമ്മുടെ ബന്ധം കഴിഞ്ഞ ജന്മത്തിലേതായിരുന്നുവെന്ന് കരുതി സമാധാനിക്കാനേ കഴിയൂ. അങ്ങനെയാണ് ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇനി അതിലൊരു മാറ്റവും ഉണ്ടാവില്ല മഹേഷേട്ടാ. അതുകൊണ്ട് ആരെങ്കിലും വന്ന് കാണുന്നതിന് മുൻപ് മഹേഷേട്ടൻ വേഗം പോകാൻ നോക്ക്. ഇനിയെന്റെ മുന്നിലിങ്ങനെ വന്ന് നിൽക്കരുത്.
പ്ലീസ്… മനസ്സ് കൊണ്ട് ഞാനിവിടെ പൊരുത്തപ്പെട്ട് കഴിഞ്ഞു.”

നിർമലയുടെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.

“നിർമലേ… അങ്ങനെയൊന്നും പറയല്ലേടി… നിനക്കറിയാലോ എനിക്കാരുമില്ലെന്ന്. നീ കൂടി എന്നെ കൈവിട്ടാൽ പിന്നെ എനിക്കാരാ ഉള്ളത്. നിന്നെ പിരിയാൻ എനിക്ക് പറ്റില്ലെടി പൊന്നേ. മറക്കാൻ മാത്രം പറയരുത് നീ… നിനക്ക് വേണ്ടിയാ ജീവനോടെ ഞാൻ തിരിച്ചു വന്നത്. നീയാണെന്റെ എല്ലാം…എനിക്ക് നിന്നെ ജീവനാടി പെണ്ണേ… നിന്നെ മറ്റാർക്കും വിട്ട് കൊടുക്കില്ല ഞാൻ.” നിർമലയെ വലിച്ച് നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് മഹേഷ്‌ പറഞ്ഞു.

“വിട് മഹേഷേട്ടാ… ഞാനിപ്പോ നിങ്ങളുടെ പഴയ നിർമലയല്ല…”

“ഇല്ല… നിന്നെ വിടില്ല ഞാൻ… നീ എന്റെയാ… എന്റെ മാത്രം…” ഭ്രാന്തനെ പോലെ പുലമ്പി കൊണ്ടവൻ അവളെ ഇറുക്കെ പുണർന്ന് മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.

മഹേഷിന്റെ കൈകളിൽ കിടന്ന് നിർമല കുതറി പിടഞ്ഞെങ്കിലും അവൻ അവളിലെ പിടി കൂടുതൽ മുറുക്കി.

നിർമലയുടെ എതിർപ്പുകൾ വക വയ്ക്കാതെ അവൻ അവളെ നിലത്തേക്ക് അമർത്തി.

“മഹേഷേട്ടാ വേണ്ടാ… എന്നെയൊന്നും ചെയ്യരുത്.” സർവ്വ ശക്തിയുമെടുത്ത് നിർമല അവനെ തട്ടി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴേക്കും മഹേഷേവളുടെ സാരി പിടിച്ച് വലിച്ചഴിച്ചു.

“ഞാൻ ആദ്യമായിട്ടല്ലല്ലോ നിർമലേ നിന്നെ തൊടുന്നത്. നീ പണ്ടേ എന്റെ സ്വന്തമായി കഴിഞ്ഞതല്ലേ. പിന്നെ എന്തിനാ വെറുതെ എതിർപ്പ് കാണിക്കുന്നത്. മറ്റാർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല.” അവളിലേക്ക് അമരുമ്പോൾ അവന്റെ അധരങ്ങൾ അത് തന്നെ ആവർത്തിച്ചു പറഞ്ഞ് കൊണ്ടിരുന്നു.

ഒട്ടേറെ നേരത്തെ ചെറുത്ത് നിൽപ്പുകൾക്കൊടുവിൽ മഹേഷിന്റെ കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാനാവാതെ അവൾ തളർന്ന് വീണുപോയി. നിർമലയുടെ ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ച് മാറ്റി മഹേഷ് അവളിൽ പടർന്ന് കയറുമ്പോൾ അവളുടെ ഹൃദയം സൂര്യനെ ഓർത്ത് വേദനയാൽ നീറിപ്പിടഞ്ഞു.

വിയർത്തൊട്ടിയ അവന്റെ ശരീരം തന്നിലേക്ക് അമരുമ്പോൾ അറപ്പോടെ മുഖം തിരിച്ചവൾ കിടന്നു. ഒടുവിൽ എല്ലാം കഴിഞ്ഞ് നിർമലയുടെ അരികിലായി മഹേഷ്‌ തളർന്ന് കിടക്കുമ്പോൾ അവൾ ഹൃദയം പൊട്ടി കരഞ്ഞു.

“എന്റെ ശരീരം മോഹിച്ചാണോ നിങ്ങളെന്നെ തേടി വന്നത്. എന്റെ സമ്മതം പോലുമില്ലാതെ എന്നോടീ ക്രൂ-രത കാട്ടാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു.?”

“നിന്നെ തൊടാനോ എന്തെങ്കിലും ചെയ്യാനോ എനിക്കെന്തിനാ നിന്റെ സമ്മതം? ഞാൻ കാണാത്തതോ അനുഭവിക്കാത്തതോ അല്ലല്ലോ നിന്റെ ശരീരം. നിന്റെ ഭർത്താവ് നിന്നെയൊന്ന് തൊട്ടിട്ട് കൂടിയില്ലെന്ന് നിന്റെയീ ഉടയാത്ത ശരീരം കണ്ടാലറിയാം നിർമ്മലേ. ഞാൻ നിന്റെ മനസ്സിലുണ്ടായിരുന്നത് കൊണ്ടല്ലേ ആരെയും തൊടീക്കാതെ നീ നിന്റെ ശരീരം പൊതിഞ്ഞു സൂക്ഷിച്ചത്. നിന്റെ മനസ്സും ശരീരവും അതെന്നും ഈ മഹേഷിന്റെ മാത്രം സ്വന്തമാണ്.”

പിന്നെ നിന്നെ ഞാനിപ്പോ ഒന്ന് നുള്ളി നോവിച്ചു കൂടിയില്ലല്ലോ നിർമലേ. കാണാതിരുന്ന് നിന്നെ കണ്ടപ്പോൾ എന്തൊക്കെയോ സംഭവിച്ചുപോയി. അത് നീയെന്റെയായത് കൊണ്ടല്ലേ. ഈ നിസ്സാര കാര്യത്തിന് നീയിങ്ങനെ കരയല്ലേ.”

“എല്ലാം നശിപ്പിച്ചപ്പോ നിങ്ങൾക്ക് സമാധാനമായില്ലേ. എന്റെ ജീവിതം തന്നെ തകർത്തല്ലോ… എന്റെ മുന്നീന്ന് ഒന്ന് പോയി തരോ നിങ്ങള്.” മുഖം പൊത്തി കരഞ്ഞു കൊണ്ട് നിർമല ഭിത്തിയോട് ചേർന്നിരുന്നു.

“സ്നേഹിച്ച പെണ്ണിനെ കാര്യം കഴിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു പോകുന്നവനല്ല ഈ മഹേഷ്‌. നിന്റെ ശരീരത്തിൽ ആദ്യമായി തൊട്ട പുരുഷൻ ഞാനാണ്. നീ ജീവിക്കേണ്ടതും എന്റെ കൂടെയാണ്. പട്ടിണി ഇല്ലാതെ നിന്നെ പൊന്നു പോലെ നോക്കാനുള്ള ആരോഗ്യം എനിക്കിപ്പോ ഉണ്ട്.

നിന്നെ സ്വീകരിക്കാൻ ഞാനുള്ളപ്പോൾ, വിവാഹത്തിന് മുൻപേ എന്റെ കൂടെ കിടക്ക പങ്കിട്ട നീ നിന്റെ ഭർത്താവിന്റെ കൂടെ ജീവിക്കുമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാ നിർമലേ? നീ നിന്റെ ഭർത്താവിനെ ചതിക്കുകയാണ് ചെയ്യുന്നത്. ഞാൻ ജീവനോടെ ഇല്ലെങ്കിൽ നീ ചെയ്യുന്നതിൽ തെറ്റില്ലായിരുന്നു. പക്ഷേ ഇവിടെ അങ്ങനെയല്ല കാര്യങ്ങൾ.

എനിക്ക് ആശ തന്ന് പറ്റിച്ചിട്ട് വേറൊരാളെ കൂടെ സമാധാനത്തോടെ ജീവിക്കാൻ നിനക്ക് കഴിയോ? നീ ഇവിടെയുള്ളത് കണ്ട് പിടിക്കാൻ ഞാൻ എത്ര കഷ്ടപ്പെട്ടെന്ന് എനിക്കേ അറിയൂ.

അതുകൊണ്ട് നിർമലേ… അവസാനമായി ഞാനൊരു കാര്യം പറയാം. ഞാനിപ്പോ ഇവിടുന്ന് പോയിട്ട് കുറച്ച് ദൂരെ എവിടെയെങ്കിലും നമുക്ക് താമസിക്കാനൊരു വീട് ശരിയാക്കി വരാം. എന്നിട്ട് നിന്നെ വന്ന് വിളിച്ചിറക്കി കൊണ്ട് പോവും ഞാൻ. നിന്റെ ഭർത്താവിനോട് തല്ല് കൂടി ജയിച്ചിട്ട് നിന്നെ കൊണ്ട് പോവാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് വീട് ശരിയായാൽ നിന്റെ ഭർത്താവ് ഇവിടില്ലാത്ത ഏതെങ്കിലും ഒരു ദിവസം നോക്കി ഞാൻ വരും. അന്ന് നീയെന്റെ കൂടെ ഇറങ്ങി വരണം. അതുവരെ മാത്രം നീയിവിടെ സുരക്ഷിതയായി നിന്നോ. ഇപ്പോതന്നെ നിന്നെ വിളിച്ചിറക്കി കൊണ്ട് പോകാൻ അറിയാഞ്ഞിട്ടല്ല… കിടക്കാൻ ഒരിടമില്ലാതെ അലഞ്ഞു നടന്ന എനിക്ക് നിന്നേം കൊണ്ട് കടത്തിണ്ണയിൽ കിടക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് മാത്രം നിന്നെ ഇവിടെ നിർത്തി ഞാൻ പോവാ. വീട് ശരിയാക്കി ഞാൻ വരും നിന്നെ കൊണ്ട് പോകാൻ.

നീ എന്റെ കൂടെ വരാൻ കൂട്ടാക്കാതെ ഇവിടെ നിന്നാൽ അത് നിന്റെ ഭർത്താവിനെ ചതിക്കുന്നതിനു തുല്യമാണ്. അതുപോലെ എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെയായിരിക്കും. ഇല്ലെങ്കിൽ ഒരു മുഴം കയറിൽ മഹേഷ്‌ ഈ ജീവിതം അവസാനിപ്പിക്കും. പിന്നെ ജീവിതത്തിൽ ഒരിക്കലും സ്വസ്ഥതയോടെ നിനക്ക് ആരുടെയും കൂടെ ജീവിക്കാൻ കഴിയില്ല. ആലോചിച്ചു തീരുമാനമെടുക്ക് നീ. നീ വേണ്ടെന്ന് തള്ളി പറഞ്ഞാലും നിന്നെ വിട്ടൊരു മടക്കം എനിക്കില്ല നിർമലേ.” അത്യധികം പ്രണയത്തോടെ അവനവളുടെ കവിളിൽ തഴുകി.

സർവ്വവും തകർന്നവളെ പോലെ എങ്ങലടിച്ചു കരയുകയായിരുന്നു നിർമല. അവനോട് ഒരക്ഷരം മിണ്ടാതെ നിലത്ത് ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചു കൊണ്ടവൾ എഴുന്നേറ്റു. അപ്പോഴാണ് മുറ്റത്തൊരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം ഇരുവരും കേട്ടത്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *