സൂര്യനെ മോഹിച്ചവൾ, ഭാഗം 46, എഴുത്ത്: ശിവ എസ് നായര്‍

“ഞാൻ നിന്റെ ത- ള്ളേടെ കാല് പിടിച്ച് കെഞ്ചിയിട്ടല്ല അവളിത് എനിക്ക് തന്നത്. ഇഷ്ടദാനമായി എഴുതി വച്ചതാണ്. അതുകൊണ്ട് എന്റെ കാരുണ്യത്തിലാണ് നീയിവിടെ ജീവിക്കുന്നതെന്ന് മറക്കരുത്. കൂടുതൽ നെഗളിപ്പ് കാണിച്ചാൽ നിന്നെ ഇവിടുന്ന് അടിച്ച് പുറത്താക്കാനും ഞാൻ മടിക്കില്ല. പോയി പറഞ്ഞ പണി ചെയ്യടി. രതീഷ് വരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കി വച്ചില്ലെങ്കി അടിച്ച് കൊ-ല്ലും നിന്നെ ഞാൻ.” അവളെ പിടിച്ച് അടുക്കള മുറ്റത്തേക്ക് തള്ളികൊണ്ട് ജാനകി പറഞ്ഞു.

മഴ പെയ്യുന്നതിനാൽ അടുക്കള പടിയിൽ നിന്നും ബാലൻസ് കിട്ടാതെ കാല് വഴുതി നീലിമ കൈമുട്ട് ഇടിച്ച് താഴേക്ക് വീണു.

“ആഹ്… അമ്മേ…” ദേഷ്യവും സങ്കടവും കൊണ്ട് അവൾ അടിമുടി വിറച്ചു.

ശബ്ദം കേട്ട് അങ്ങോട്ട്‌ വന്ന സരോജിനി അമ്മയാണ് നീലിമയെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിച്ചത്.

“കൊച്ചിനോട് കിടന്ന് വഴക്ക് കൂടാൻ നിക്കാതെ നിനക്ക് പോയി വെള്ളം കോരി വച്ചൂടെ. നിന്റെ ഭർത്താവിന് വച്ചുണ്ടാക്കാൻ നിനക്കറിയാന്മേലേ… രാവിലെ മുതൽ ഒരു തുള്ളി വെള്ളം കുടിക്കാതിരിക്കയാ എന്റെ കൊച്ച്.” സരോജിനി അവളെ ചേർത്ത് പിടിച്ച് ജാനകിയെ വഴക്ക് പറഞ്ഞു.

“ദേ തള്ളേ… അവൾക്ക് വക്കാലത്തു പറയാൻ നിക്കാതെ അവിടെയെങ്ങാനും പോയി അടങ്ങി കിടക്കാൻ നോക്ക്. മിഴിച്ചു നിക്കാതെ ഇറങ്ങി പോടീ…”

“തന്നതാൻ അങ്ങ് ചെയ്ത മതി… ഭാര്യേം ഭർത്താവിനേം ഇവിടുന്ന് എങ്ങനെ ഇറക്കി വിടണോന്ന് എനിക്കറിയാം. എന്റെ അച്ഛൻ പോലും എന്നെ നുള്ളി നോവിച്ചിട്ടില്ല. കാണിച്ചു തരുന്നുണ്ട് നിങ്ങൾക്ക് ഞാൻ.” അത്രയും നാൾ ഉള്ളിലടക്കിയ അമർഷം പ്രകടിപ്പിച്ചു കൊണ്ട് നീലിമ വെട്ടിത്തിരിഞ്ഞു മുറിയിലേക്ക് പോയി.

“നിനക്ക് അവളോട് ഇത്തിരി സ്നേഹത്തോടെ പറഞ്ഞാലെന്താ ജാനകി. ഈ വീട്ടിലെ പണിയൊക്കെ അവളല്ലേ ചെയ്യുന്നത്.”

“അമ്മ ഇതെന്തറിഞ്ഞിട്ടാ അവളുടെ ഭാഗം പറയുന്നത്. അവളെ കോളേജിൽ പഠിപ്പിക്കാൻ വിടാത്തതിന്റെ ദേഷ്യാ കാണിച്ചത് മുഴുവനും.”

“അവളുടെ ഇഷ്ടത്തിനു എന്താച്ചാ പഠിച്ചോട്ടെ. അതിന് നീ തടസ്സം നിക്കണോ?”

“കോളേജിൽ പോയി അ- ഴിഞ്ഞാ-ടി വല്ലവന്റേം തോളിൽ തൂങ്ങി ഒടുക്കം വയ- റും വീർപ്പിച്ചു വന്നാൽ ആര് സമാധാനം പറയും. എന്നേം രതീഷിനേം അവൾക്ക് തീരെ അനുസരണയില്ല. പെണ്ണ് പി- ഴച്ചു പോയാൽ പിന്നെ നിലവിളിച്ചിട്ട് കാര്യമില്ലല്ലോ. കാലം വല്ലാത്തതാണ് അമ്മേ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിൽ പെണ്ണ് പോയി എന്തെങ്കിലും തോന്ന്യാസം കാട്ടില്ലേ. അതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാ. രണ്ട് മാസം കൂടി കഴിഞ്ഞാൽ നല്ല ഏതെങ്കിലും പയ്യനെ നോക്കി പെണ്ണിന്റെ കെട്ട് നടത്തണം. ഇപ്പൊത്തന്നെ അമ്മ കണ്ടില്ലേ അവൾടെ അഹങ്കാരം. ഇത്രേം നാളും ഈ വീട്ടിൽ അവളുടെ ഒച്ച പൊന്തിയിട്ടുണ്ടോ?

ഇതിന്റെ കൂടെ പഠിക്കാൻ കൂടി വീട്ടിട്ടുണ്ടെങ്കി കോളായേനെ. അല്ലേലും ആവശ്യത്തിൽ അധികം അവളിപ്പോ തന്നെ പഠിച്ചു കഴിഞ്ഞു.”

“നീ പറയുന്നതിലും കാര്യമുണ്ട്. ഞാൻ അത്രയ്ക്കൊന്നും ഓർത്തില്ല.”

“അമ്മ പോയി അവളോട് ആഹാരം ഉണ്ടാക്കാൻ പറയ്യ്. ഈ മഴയത്ത് നീര് വച്ച കാലുമായി വെള്ളം കോരാൻ പോവാനൊന്നും എനിക്ക് വയ്യ. വയ്യാത്ത അമ്മയെ എങ്ങനെ പറഞ്ഞ് വിടും ഞാൻ. അമ്മ അവളെ വിളിക്ക്.” നീര് വന്ന് വീർത്ത വലത് കാൽ കാണിച്ചു സ്വരത്തിൽ അൽപ്പം ദയനീയത വരുത്തി ജാനകി പറഞ്ഞു.

“കുറച്ചു ദിവസായില്ലേ ജാനകീ നിനക്ക് ഈ നീര് തുടങ്ങിയിട്ട്. നാളെ ഏതായാലും ഒന്ന് ഡോക്ടറേ കൊണ്ട് കാണിക്ക്. എന്താ പറ്റിയതെന്ന് അറിയാലോ.”

“രതീഷ് വരുമ്പോ പറയണം…”

“ഞാൻ പോയി നീലൂനെ വിളിച്ചു നോക്കട്ടെ.” സരോജിനി അമ്മ നീലിമയുടെ മുറിയിലേക്ക് പോയി.

അവർ എത്ര വിളിച്ചിട്ടും അവൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. അതോടെ ജാനകിക്ക് ആകെ ദേഷ്യമായി.

പുറത്ത് നല്ല മഴ പെയ്യുന്നതിനാൽ രതീഷ് വന്നിട്ട് അവനോട് വെള്ളം കോരികൊണ്ട് വരാൻ പറഞ്ഞാൽ മതി അവളോട് കാല് വയ്യാതെ പോവാൻ നിക്കണ്ടെന്ന് പറഞ്ഞിട്ട് സരോജിനി അമ്മ അവരുടെ മുറിയിലേക്ക് പോയി.

ജാനകി കുറേ നേരം രതീഷിനെ നോക്കി ഇരുന്നെങ്കിലും അവനെ കണ്ടില്ല. ഒടുവിൽ വയറ് വിശക്കാൻ തുടങ്ങിയപ്പോ ഒരു കുടവും കയ്യിലെടുത്ത് ജാനകി കിണറ്റിൻ കരയിലേക്ക് നടന്നു.

മഴയിൽ കുതിർന്ന് നിന്ന പൊളിഞ്ഞു വീഴാറായിരുന്ന കിണറിന്റെ ഭിത്തി ജാനകി വെള്ളമെടുക്കാനായി ചെന്ന് ചാരി നിന്നപ്പോ ഇടിഞ്ഞു പൊളിഞ്ഞു കിണറ്റിനുള്ളിലേക്ക് വീണു. ഒപ്പം പിടുത്തം കിട്ടാതെ ജാനകിയും താഴേക്ക് പോയി. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കൈ കാലുകൾ ഇട്ടടിച്ച് അവൾ നിലവിളിച്ചെങ്കിലും ആർത്തു പെയ്യുന്ന മഴയുടെ ശബ്ദത്തിൽ ആരുമത് കേട്ടില്ല.

നിർമലയും സരോജിനി അമ്മയും മുറിയിൽ ആയതിനാൽ ജാനകി കിണറ്റിൽ വീണത് ഇരുവരും അറിഞ്ഞിരുന്നില്ല. ആ കിടപ്പിൽ രണ്ട് പേരും ഉറങ്ങിപോവുകയും ചെയ്തു. പിന്നെ രതീഷ് വന്ന് ജാനകിയെ തേടുമ്പോഴാണ് മൂവരും അവൾ കിണറ്റിൽ വീണത് അറിയുന്നത്. അപ്പോഴേക്കും നേരം ഒത്തിരി വൈകിയിരുന്നു.

കിണറിന്റെ ഒരു ഭാഗം മുഴുവനും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നത് കൂടി കണ്ടപ്പോൾ ഭയന്ന് പോയ രതീഷ് സഹായത്തിനായി തൊട്ടടുത്തു താമസിക്കുന്ന മെമ്പറിന്റെ വീട്ടിലേക്ക് ഓടി.

നാട്ടുകാരൊക്കെ വിവരം അറിഞ്ഞു ഓടിക്കൂടി രക്ഷപ്രവർത്തനം വേഗത്തിലാക്കി ജാനകിയെ പുറത്തെടുത്തെങ്കിലും അവൾ രക്ഷപ്പെട്ടില്ല.

ചെറിയമ്മ ഗർഭിണി ആണെന്ന വിവരം കൂടി അറിഞ്ഞപ്പോൾ നീലിമയാകെ തളർന്ന് പോയി. തലേ ദിവസം വരെ അവൾക്ക് അവരോട് തോന്നിയിരുന്ന ദേഷ്യവും വെറുപ്പുമൊക്കെ എങ്ങോ പോയി മറഞ്ഞിരുന്നു. താൻ കാരണമാണ് അവർ മരിച്ചതെന്ന കുറ്റബോധം ഓരോ നിമിഷവും അവളെ വേട്ടയാടി കൊണ്ടിരുന്നു. സരോജിനി അമ്മ കൂടി നീലിമയെ ശകാരിക്കാൻ തുടങ്ങിയപ്പോൾ നീലിമ ധർമ സങ്കടത്തിലായി.

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സൂര്യനും വിഷമം തോന്നി. ജാനകിയുടെ സ്ഥാനത്ത് നീലിമയാണ് പോയിരുന്നതെങ്കിൽ ഒരുപക്ഷേ അവളായിരിക്കും ഇത് പോലെ വീണിരിക്കുക എന്ന് ചിന്തിച്ചതും അവനുഉള്ളിൽ ഒരു നടുക്കമുണ്ടായി.

തലേ ദിവസം നീലിമയും ജാനകിയും തമ്മിലുണ്ടായ വാക്പോര് അറിഞ്ഞ അയൽക്കാരൊക്കെ അവളെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതെല്ലാം നീലിമയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. താൻ കാരണം രണ്ട് ജീവനുകൾ പോയല്ലോ എന്നോർത്ത് അവൾ ഹൃദയം പൊട്ടി വിലപിച്ചു. ചെറിയച്ഛന്റെ ദുഃഖം കാണവേ ആദ്യമായി അവൾക്കയാളോട് സ്നേഹവും സഹതാപവും തോന്നി.

തെക്കേ തൊടിയിൽ, നീലിമയുടെ അച്ഛനെയും അമ്മയെയുമൊക്കെ ദാഹിപ്പിച്ചതിനരികിലായി ജാനകിയുടെ ചിതയും എരിഞ്ഞടങ്ങി.

*************

ദിവസങ്ങൾ കഴിഞ്ഞു പോയി… ജാനകിയുടെ മരണത്തോടെ രതീഷ് മുഴുകുടിയനായി മാറി. നീലിമ വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. താൻ ജീവനോടെ ഇരിക്കെ തന്റെ രണ്ട് മക്കളുടെ മരണം കണ്മുന്നിൽ കണ്ടതിന്റെ മനോ വിഷമം താങ്ങാനാവാതെ സരോജിനി അമ്മ കിടപ്പായി.

പരമുപിള്ള വഴി ആവണിശ്ശേരിയിലെ വിവരങ്ങൾ സൂര്യൻ അപ്പപ്പോൾ തന്നെ അറിയുന്നുണ്ടായിരുന്നു. വീട് വിട്ടവൾ എങ്ങോട്ടും പോവാത്തത് കൊണ്ട് ഒരു കടുംകൈക്ക് നീലിമ മുതിരില്ലെന്ന് തോന്നിയെങ്കിലും മനസ്സ് കൈവിടുന്ന നേരത്ത് അങ്ങനെ എന്തെങ്കിലും അവിവേകം കാണിക്കുമോന്നോർത്ത് നേരിയൊരു ഉൾഭയം സൂര്യനുണ്ട്.

അച്ഛനും അമ്മയും മരിച്ച് അനാഥയായവളോട് അവന് സഹതാപം തോന്നി. തന്റെ ഭാര്യ മരിക്കാൻ കാരണക്കാരിയായ നീലിമയോട് രതീഷിന് പ്രതികാര ചിന്തയൊന്നും തോന്നരുതെന്ന് കരുതി ഒരു ദിവസം രതീഷിനെ കണ്ട് അതേക്കുറിച്ച് സംസാരിക്കാൻ സൂര്യൻ തീരുമാനിച്ചു.

അന്ന് വൈകുന്നേരം കവലയിൽ വച്ച് ജീപ്പുമായി പോകുമ്പോൾ സൂര്യൻ യാദ്യശ്ചികമായിട്ടാണ് രതീഷിനെ കണ്ടത്. അവനെ കണ്ടതും നീലിമയുടെ കാര്യം സംസാരിക്കാൻ വേണ്ടി സൂര്യൻ അവനടുത്തായി വണ്ടി നിർത്തി ഇറങ്ങി.

അവനെ കണ്ടതും രതീഷ് വരണ്ട ഒരു പുഞ്ചിരി സമ്മാനിച്ച് മുന്നോട്ട് നടക്കാനാഞ്ഞു.

“രതീഷേട്ടാ… ഒന്നവിടെ നിന്നേ… എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.”

“എന്നോട് നിനക്കെന്ത് സംസാരിക്കാനാ.” രതീഷ് സംശയം ഭാവത്തിൽ അവനെ നോക്കി.

“നിങ്ങളിങ്ങനെ കുടിച്ചു നശിക്കുന്നത് എന്തിനാ.”

“എന്റെ ഭാര്യേം കൊച്ചും പോയത് നീയും കണ്ടതല്ലേ. ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കേണ്ടത്.”

“സംഭവിക്കാനുള്ളത് സംഭവിച്ചു… അതിന്റെ പേരിൽ ഇങ്ങനെ സ്വയം നശിക്കരുത് നിങ്ങൾ. നീലിമയുടെ ചെറിയമ്മയുടെ ഭർത്താവെന്ന നിലയ്ക്ക് നീലിമേടേം അവൾടെ അമ്മമ്മയുടെയും കാര്യങ്ങൾ നോക്കേണ്ടത് നിങ്ങളല്ലേ. അവരെയൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇങ്ങനെ കുടിച്ചു നശിക്കാമോ?”

“എന്റെ ഭാര്യ മരിക്കാൻ കാരണക്കാരി അവൾ ഒറ്റ ഒരുത്തിയ. പക്ഷേ ചെറിയ കൊച്ചല്ലേ എന്ന് കരുതി ഞാനവളോട് ക്ഷമിച്ചു വിട്ടു. ഇനി ആ പെണ്ണിന്റെ ഉത്തരവാദിത്വം കൂടി ഞാൻ ഏറ്റെടുക്കണോ? അവളെ മുഖം കാണുമ്പോൾ മരിച്ചു മരവിച്ചു കിടക്കുന്ന എന്റെ ജാനകിയുടെ മുഖമാ ഉള്ളിൽ നിറയുന്നത്.

അതുകൊണ്ട് അവളെ സ്നേഹിക്കാനോ അവൾടെ കാര്യങ്ങൾ നോക്കാനോ എനിക്ക് പറ്റില്ല. ഞാനവളെ ഒന്നും ചെയ്യാത്തത് തന്നെ അവളോട് കാട്ടിയ ഔദാര്യമാണെന്ന് കൂട്ടിക്കോ. ഒത്തിരി കൊതിച്ച് കിട്ടിയ ജീവിതമാണ് അവളെ വാശി കാരണം ഇല്ലാതായത്. അതുകൊണ്ട് എന്നെ ഉപദേശിക്കാൻ നിൽക്കാതെ നീ നിന്റെ കാര്യം നോക്കി പോവാൻ നോക്ക്.” സൂര്യനെ അവഗണിച്ച് അയാൾ നടന്നു പോയി.

രതീഷ് ഇങ്ങനെ തുടർന്നാൽ നീലിമയുടെ കാര്യം കഷ്ടത്തിലാകുമെന്ന് സൂര്യന് തോന്നി. അയാൾക്ക് നല്ല ബുദ്ധി തോന്നിപ്പിക്കണേ എന്ന് പ്രാർത്ഥിക്കാനേ അവനിപ്പോ കഴിയൂ.

************

ദിവസങ്ങൾ കഴിയവേ നിർമല കൂടുതൽ അന്തർമുഖയായി മാറിക്കൊണ്ടിരുന്നു. സൂര്യൻ ദൂരെയെങ്ങോട്ടെങ്കിലും പോകുന്ന ദിവസം ഭയപ്പാടോടെയാണ് അവൾ അമ്പാട്ടെ തറവാട്ടിൽ കഴിഞ്ഞു കൂടുന്നത്. കാരണം താനവിടെ തനിച്ചായി പോകുന്ന ദിവസങ്ങളിൽ ഏത് നിമിഷം വേണോ മഹേഷ് കടന്ന് വരാം. അവന്റെ വരവിനെ അവൾ അത്രമേൽ ഭയന്നിരുന്നു.

മഹേഷ്‌ വന്ന് തന്നെ കൊണ്ട് പോകാനോ ഉപദ്രവിക്കാനോ ശ്രമിച്ചാൽ അവനെ കൊ- ന്നിട്ടാ-യാലും ഇനി തന്റെ ശരീരത്തിൽ തൊടാൻ അവനെ അനുവദിക്കാൻ പാടില്ലെന്ന് അവൾ മനസ്സിൽ പ്രതിജ്ഞ ചെയ്തു. താനൊരു തൊട്ടാവാടിയായി പോയതാണ് പ്രശ്നം. ഒരു സമസ്യ മുന്നിൽ വന്നാൽ കരഞ്ഞു നിലവിളിക്കാതെ പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ തന്റെ ജീവിതം ഇങ്ങനെ ഇരുട്ടിലായി പോകില്ലായിരുന്നുവെന്ന് ഓർത്ത് നിർമലയ്ക്ക് കുറ്റബോധം തോന്നി.

മഹേഷിനോടുള്ള വെറുപ്പിൽ അവനെ കൊ-ല്ലാനുള്ള പക നിർമലയിൽ നിറഞ്ഞിരുന്നു. പക്ഷേ സൂര്യനോടൊപ്പമുള്ള നിർമലയുടെ ജീവിതത്തിന് തിരശീല വീഴ്ത്താൻ പാകമായി മഹേഷിന്റെ ബീ-ജം അവളുടെ വയറ്റിൽ വളർന്നു തുടങ്ങിയത് നിർമല അപ്പോൾ അറിഞ്ഞില്ല…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *