സൂര്യനെ മോഹിച്ചവൾ, ഭാഗം 48, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ നോട്ടത്തിന് മുന്നിൽ നിർമലയൊന്ന് പതറി. മുഖം കുനിച്ചിരുന്നവൾ കണ്ണീർ വാർക്കുമ്പോൾ അവളൊന്നും പറയാതെ തന്നെ താൻ കേട്ടതൊക്കെ സത്യമാണെന്ന് അവന് ബോധ്യമായി.

“ഇന്ന് തന്നെ പോയിട്ട് ടെസ്റ്റുകൾ ചെയ്യണം കേട്ടോ. അധികം വൈകിപ്പിക്കാൻ നിൽക്കണ്ട. നല്ല ശ്രെദ്ധ കൊടുക്കേണ്ട സമയമാണ്. ഒപ്പം റെസ്റ്റും വേണം ബോഡിക്ക്.”

ഡോക്ടർ പറഞ്ഞത് കേട്ട് അവൻ യാന്ത്രികമായി തലയനക്കി.

“എങ്കിൽ പിന്നെ ഞാനിറങ്ങട്ടെ സൂര്യാ.” അവന്റെ തോളിൽ തട്ടി പറഞ്ഞ് കൊണ്ട് രവി ശങ്കർ പുറത്തേക്ക് നടന്നു.

“ഞാനീ കേട്ടതൊക്കെ സത്യമാണോ നിർമലേ? നീ… നീ ഗർഭിണിയാണോ?” അവന്റെ സ്വരം കടുത്തിരുന്നു.

“ഉം… സത്യാ…”

താൻ കേട്ടത് സത്യമായിരിക്കില്ല എന്ന് കേൾക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു അവനത് ചോദിച്ചത്. പക്ഷേ അവളുടെ തുറന്ന് പറച്ചിൽ സൂര്യനെ അടിമുടി വിറപ്പിച്ചു.

“ഇതാണോ നീ കുറച്ച് മുൻപ് പറയാൻ വന്ന കാര്യം?” സൂര്യന്റെ ശബ്ദം നേർത്ത് പോയിരുന്നു.

സങ്കടം കാരണം ഒന്നും മിണ്ടാൻ കഴിയാനാവാതെ അവൾ തലയാട്ടുക മാത്രം ചെയ്തു.

“കൂടെ നിന്ന് ചതിക്കുവായിരുന്നോടി നീ… എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു നിർമലേ. എന്തിനാ എന്നോടിങ്ങനെ ചെയ്തേ?” നിർമലയുടെ ചുമലിൽ പിടിച്ചുലച്ചു കൊണ്ട് സൂര്യൻ പൊട്ടിക്കരഞ്ഞുപോയി.

“എന്നോട് പൊറുക്കണം സൂര്യേട്ടാ… അറിഞ്ഞുകൊണ്ട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല…. എന്നെ അയാള്…” അവന്റെ കാലിലേക്ക് ഊർന്ന് വീണുകൊണ്ട് നിർമല സംഭവിച്ചതൊക്കെ പറയാൻ തുടങ്ങുവായിരുന്നു.

“വേണ്ട… എന്നോടൊന്നും പറയണ്ട നീ. എനിക്കെല്ലാം മനസ്സിലായി. നിനക്കെന്നെ സ്നേഹിക്കാൻ പറ്റാത്തതിന്റെ കാരണം ഇത് കൊണ്ടായിരുന്നുവല്ലേ… ഒരു വാക്ക് നീ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒഴിവായി തരുമായിരുന്നില്ലേ ഞാൻ. പകരം എല്ലാരുടെയും മുന്നിൽ ഇങ്ങനെയൊരു വിഡ്ഢി വേഷം കെട്ടിക്കേണ്ടിയിരുന്നില്ല.”

“സൂര്യേട്ടാ… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.”

“ഇനി എനിക്കൊന്നും കേൾക്കണ്ട നിർമലേ. ഇത്രയും നാൾ എന്നെ പറ്റിച്ച് ജീവിക്കായിരുന്നില്ലേ നീ.”

“അങ്ങനെയല്ല സൂര്യേട്ടാ… സൂര്യേട്ടൻ ഇവിടില്ലാതിരുന്ന ഒരു ദിവസം അയാളിവിടെ വന്നിരുന്നു. അന്ന് ആ ദുഷ്ടനെന്നെ ബലമായി…” വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ നിർമല വാ പൊത്തി കരഞ്ഞു.

“നീയിനി എന്ത് പറഞ്ഞാലും എനിക്ക് നിന്നെ വിശ്വസിക്കാൻ കഴിയില്ല നിർമലേ. നിന്നെ അവൻ ബലമായിട്ടാണോ അതോ നിന്റെ കൂടെ സമ്മതത്തോടെയാണോ എന്ന് എനിക്ക് അറിയില്ലല്ലോ. നിന്റെ ഭാഗത്തായിരുന്നു സത്യമെങ്കിൽ നീയെന്നോട് എല്ലാം നേരത്തെ തന്നെ പറയുമായിരുന്നു. ഇപ്പൊ ഗർഭിണി ആയത് കൊണ്ടല്ലേ അവനിവിടെ വന്ന കാര്യം നീ പറഞ്ഞത്. അല്ലെങ്കിൽ ഒന്നുമറിയാതെ പൊട്ടനെ പോലെ നിന്നെയും വിശ്വസിച്ചു ഞാനിവിടെ…”

“ഇല്ല സൂര്യേട്ടാ… സൂര്യേട്ടനെ ഞാൻ ചതിച്ചിട്ടില്ല. എന്നെ വേണ്ടെങ്കി ഏട്ടനെന്നെ ഇവിടുന്ന് ഇറക്കി വിട്ടോളു. പക്ഷേ അവിശ്വസിക്കരുത്. സൂര്യേട്ടനെ ചതിക്കാൻ എനിക്ക് കഴിയില്ല. എല്ലാം മറച്ചു വച്ചത് എന്റെ തെറ്റാ… പേടിച്ചിട്ടാ ഒന്നും പറയാതിരുന്നത്. ഞാനിനി പറയാൻ പോകുന്നത് ഒന്ന് ക്ഷമയോടെ കേൾക്കാനുള്ള മനസ്സുണ്ടാവണം.” അവളിൽ നിന്നും അകന്ന് മാറി നിൽക്കുന്നവനരികിലേക്ക് ഏങ്ങി കരഞ്ഞു കൊണ്ട് നിർമല വന്ന് നിന്നു.

“എന്റെ അടുത്ത് വരരുത് നീ. അറപ്പാ എനിക്ക് നിന്നെ. ജീവന് തുല്യം നിന്നെ സ്നേഹിച്ച എന്നെ ഇങ്ങനെ ചതിക്കാൻ നിനക്കെങ്ങനെ മനസ്സ് വന്നു. ഇനി നിന്നെയെനിക്ക് കാണണ്ട നിർമലേ…”

“എന്ത് വേണേലും പറഞ്ഞോ… എന്നാൽ ഞാൻ സൂര്യേട്ടനെ ചതിച്ചു എന്ന് മാത്രം പറയല്ലേ സൂര്യേട്ടാ… അറിഞ്ഞു കൊണ്ട് ഞാൻ സൂര്യേട്ടനെ ചതിക്കാൻ ശ്രമിച്ചിട്ടില്ല. എനിക്കതിന് ആവുകയുമില്ല.”

“നിന്റെ ഭർത്താവായ ഞാൻ ജീവനോടെ ഇരിക്കെ മറ്റൊരുത്തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചത് എന്നോട് ചെയ്ത ചതിയല്ലേ? എന്നെ ചതിച്ച നിനക്ക് മാപ്പില്ല നിർമലേ…

നാളെ നേരം പുലരുമ്പോൾ നിന്നെയീ അമ്പാട്ട് തറവാട്ടിൽ കണ്ട് പോകരുത്. ഇനി സൂര്യനാരായണന് ഇങ്ങനെയൊരു ഭാര്യയില്ല… ഞാൻ തിരികെ വരുമ്പോൾ നിന്നെയിവിടെ കണ്ട് പോകരുത്. കൂടെ നിന്ന് ചതിക്കുന്നത് പൊറുക്കാൻ എനിക്കാവില്ല. അതിപ്പോ സ്വന്തം ഭാര്യയായാലും അവരുടെ സ്ഥാനം ഈ പടിക്ക് പുറത്തായിരിക്കും.”

അത്രയും നാൾ ശാന്തനായി മാത്രം കണ്ടിരുന്ന സൂര്യന്റെ ഗർജിക്കുന്ന സ്വരം നിർമ്മലയെ ഭയപ്പെടുത്തി.

“സൂര്യേട്ടാ… ഞാൻ… എനിക്ക്…”

“വേണ്ട നിർമലേ.. എനിക്കൊന്നും കേൾക്കണ്ട… എനിക്കൊന്നും അറിയേം വേണ്ട. എന്നെങ്കിലും നീയെന്നെ സ്നേഹിച്ചു തുടങ്ങുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ എന്നെ ചതിച്ച നിന്നോടെനിക്ക് ക്ഷമിക്കാനാവില്ല… ഇനി നിന്നെയെന്റെ കണ്മുന്നിൽ കണ്ടാൽ കൊന്ന് കുളത്തിൽ താഴ്ത്തും ഞാൻ… അത്രയ്ക്ക് വെറുപ്പാ എനിക്കിപ്പോ നിന്നോട്.” മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ച് ദേഷ്യം തീർത്ത് കൊണ്ട് അവൻ മുറിയിൽ നിന്നിറങ്ങി പോയി.

താൻ ജീവൻ കൊടുത്തു സ്നേഹിച്ച ഭാര്യയുടെ വഞ്ചന സൂര്യനെ ഭ്രാന്തനാക്കി. നിർമല തന്നെ ചതിച്ചുവെന്ന ചിന്തയിൽ സൂര്യനാകെ തകർന്ന് പോയി. അവനത് ഉൾകൊള്ളാൻ കഴിഞ്ഞതേയില്ല.

അവരുടെ വഴക്ക് കണ്ടുകൊണ്ട് മുറിക്ക് പുറത്ത് രാധമ്മ നിൽപ്പുണ്ടായിരുന്നു. നിർമലയ്ക്കുള്ള ഭക്ഷണവുമായി വന്നതായിരുന്നു അവർ. നിർമലയെ കാണുന്നത് അറപ്പാണെന്നും സൂര്യനവളെ കൊ-ല്ലുമെന്ന് പറയുന്നതുമൊക്കെയാണ് അവർ കേട്ടത്. സന്തോഷം നിറയേണ്ട അന്തരീക്ഷത്തിൽ പെട്ടെന്നുള്ള ഈ പൊട്ടിത്തെറിയും വഴക്കും എന്തിന്റെ പേരിലാണെന്ന് രാധമ്മയ്ക്ക് മനസിലായില്ല.

“എന്താ മോനേ… എന്താ പ്രശ്നം.?” സൂര്യനെ മുന്നിൽ കണ്ട് അവർ ചോദിച്ചു.

രാധമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ അവരെയൊന്ന് കടുപ്പിച്ചു നോക്കികൊണ്ട് സൂര്യൻ ഉമ്മറത്തേക്ക് നടന്നു. പരിഭ്രമത്തോടെ രാധമ്മ നിർമലയ്‌ക്കരികിലേക്ക് പോയി.

“എന്താ മോളെ? എന്തിനാ സൂര്യൻ നിന്നോട് ദേഷ്യപ്പെട്ടത്? മോളോട് സൂര്യനിങ്ങനെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലല്ലോ ഞാൻ. ഒരു കുഞ്ഞ് വരാൻ പോകുന്ന വാർത്ത കേട്ട് സന്തോഷിക്കേണ്ട നിമിഷത്തിൽ നിന്നോട് വഴക്കടിച്ചു കൊ-ല്ലുമെന്നൊക്കെ പറഞ്ഞിട്ട് അവനെങ്ങോട്ടാ ഇറങ്ങി പോയെ? അതിന് മാത്രം എന്തുണ്ടായി ഇത്ര പെട്ടെന്ന്?”

പുറത്ത് ജീപ്പ് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ട് രാധമ്മ അവളുടെ അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു. അവരുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഒരേങ്ങലോടെ നിർമല തലയിണയിൽ മുഖമമർത്തി വിങ്ങി കരഞ്ഞു. രാധമ്മ എത്ര ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല…

അത്രയും നാൾ സ്നേഹത്തോടെ കഴിഞ്ഞവർക്കിടയിൽ കണ്ണടച്ച് തുറക്കുന്ന നിമിഷത്തിനുള്ളിൽ ഇത്ര വലിയ പൊട്ടിത്തെറിയും വഴക്കും ഉണ്ടാവാൻ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് എത്ര ആലോചിച്ചിട്ടും അവർക്ക് മനസ്സിലായില്ല. അതേപ്പറ്റി നിർമലയോട് ചോദിച്ചിട്ടും കാര്യമില്ലെന്ന് അറിഞ്ഞപ്പോൾ രാധമ്മ പിന്നെ അവളോടൊന്നും ചോദിക്കാൻ തുനിഞ്ഞില്ല. നിർമലയുടെ മനസ്സൊന്ന് ശാന്തമായി കഴിഞ്ഞാൽ അവളായിട്ട് തന്നെ വന്ന് പറയുമെന്ന് അവർക്ക് തോന്നി.

സമയം കടന്ന് പോകുംതോറും നിർമലയ്ക്ക് ആധിയായി തുടങ്ങി. താൻ ചതിച്ചുവെന്ന തോന്നലിൽ മനസ്സ് തകർന്ന് ഇറങ്ങി പോയതാണ് സൂര്യൻ. നേരം രാത്രിയാകാനായിട്ടും അവൻ മടങ്ങി വരാതായപ്പോൾ പല തരത്തിലുള്ള ചിന്തകൾ അവളുടെ മനസിനെ മഥിച്ചു തുടങ്ങി. സൂര്യൻ എന്തെങ്കിലും കടുംകൈക്ക് മുതിരുമോ എന്ന് പോലും നിർമല ഭയന്നു.

ഇങ്ങനെയൊരവസ്ഥയിൽ സൂര്യൻ മടങ്ങി വരാതെ നിർമലയെ അവിടെ തനിച്ചാക്കി പോവണ്ടെന്ന് കരുതി രാധമ്മ നേരം വൈകിയിട്ടും സ്വന്തം വീട്ടിലേക്ക് പോകാതെ സൂര്യന്റെ വരവും കാത്തിരുന്നു.

“രാധമ്മ ഇവിടിരുന്നു മുഷിയണ്ട. നേരം ഇപ്പൊ തന്നെ ഒത്തിരി വൈകി. സൂര്യേട്ടൻ വരുമ്പോ വന്നോട്ടെ. രാധമ്മ വീട്ടിലേക്ക് പൊയ്ക്കോ.” അവരുടെ കാത്തിരിപ്പ് കണ്ട് അവൾ പറഞ്ഞു.

“ഗർഭിണിയായ നിന്നെ തനിച്ചാക്കി ഞാനെങ്ങനെ വീട്ടിൽ ചെന്ന് സമാധാനത്തോടെ കിടന്നുറങ്ങും. ഇത്തിരി നേരം വൈകിയാലും സാരമില്ല. ഞാൻ സൂര്യൻ വന്നിട്ടേ വീട്ടിലേക്ക് പോകുന്നുള്ളൂ.” രാധമ്മയുടെ മറുപടി കേട്ടപ്പോ നിർമല പിന്നീടവരെ നിർബന്ധിക്കാൻ ശ്രമിച്ചില്ല.

സൂര്യൻ പെട്ടെന്ന് മടങ്ങി വരണേന്ന് പ്രാർത്ഥിച്ച് കൊണ്ട് പ്രാർത്ഥനയോടെ അവൾ ഉമ്മറ കോലായിൽ അവനെ നോക്കി ഇരുന്നു.

****************

രാത്രി ഏഴ് മണി കഴിഞ്ഞപ്പോഴാണ് സൂര്യൻ അമ്പാട്ട് തറവാട്ടിലേക്ക് മടങ്ങിയെത്തിയത്. ഉമ്മറത്തിരിക്കുന്ന നിർമലയെയും രാധമ്മയെയും ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇടറുന്ന കാൽ ചുവടുകളോടെ അവൻ മുറിയിലേക്ക് കയറി പോയി.

സൂര്യന്റെ നടപ്പും മട്ടും ഭാവവും കണ്ടപ്പോൾ തന്നെ അവൻ കുടിച്ചിട്ടുണ്ടാകുമെന്ന് നിർമല ഊഹിച്ചു.

“സൂര്യൻ വന്ന സ്ഥിതിക്ക് ഞാനെന്നാ ഇറങ്ങാ മോളെ. നിങ്ങൾടെ ഇടയിലെ പ്രശ്നമെന്താന്ന് എനിക്കറിയില്ല. എന്ത് തന്നെയാണെങ്കിലും ഇന്നുതന്നെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കണം മോളെ. അല്ലെങ്കിൽ എന്നോട് പറയ്യ് ഞാൻ പരിഹാരം പറഞ്ഞ് തരാം.”

“നാളത്തേക്ക് എല്ലാം ശരിയാകും, രാധമ്മേ ഇപ്പൊ സമാധാനത്തോടെ വീട്ടിലേക്ക് ചെല്ല്.”

“സൂര്യൻ വന്നോണ്ടാ ഞാൻ പോകുന്നത്. നിന്നെ തനിച്ച് വിട്ടിട്ട് പോകാൻ മനസ്സ് വന്നില്ല.”

“അതൊന്നും സാരമില്ല..”

“മോളെന്നാ മോനോട് പറഞ്ഞേക്ക് ഞാൻ ഇറങ്ങീന്ന്. രണ്ടാളും വഴക്ക് കൂടാതിരിക്ക്.” അത്രയും പറഞ്ഞിട്ട് രാധമ്മ ധൃതിയിൽ പുറത്തേക്ക് ഇറങ്ങി നടന്ന് തുടങ്ങി.

അവർ പടിപ്പുര കടന്ന് പോയതും നിർമല മുൻവാതിൽ അടച്ച് മുറിയിലേക്ക് ചെന്നു. അവൾ മുറിയിൽ പോയി നോക്കുമ്പോൾ അലമാരയിൽ നിന്നും കുറച്ച് വസ്ത്രങ്ങൾ എടുത്ത് ബാഗിൽ നിറയ്ക്കുകയായിരുന്നു സൂര്യൻ.

“സൂര്യേട്ടൻ ഈ രാത്രി തന്നെ എങ്ങോട്ട് പോവാ.”

“അത് നിന്നോട് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല നിർമലേ. നാളെ തന്നെ നീ ഇവിടുന്ന് ഇറങ്ങിക്കോളണം. ഞാൻ മടങ്ങി വരുമ്പോൾ നീയിവിടെ ഉണ്ടാവാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.”

“സൂര്യേട്ടൻ എങ്ങോട്ട് വേണോ പൊയ്ക്കോ. ഞാൻ തടയാൻ വരുന്നില്ല. പക്ഷേ പോകുന്നതിന് മുൻപ് എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം. എല്ലാമൊന്ന് തുറന്ന് പറഞ്ഞ് ആ കാലിൽ വീണ് മാപ്പ് പറഞ്ഞ ശേഷം സൂര്യേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം.”

“ഒരു ഉളുപ്പുമില്ലാതെ പഴയ കാമുകനൊപ്പം വീണ്ടും ബന്ധം സ്ഥാപിച്ചിട്ട് ഇപ്പൊ വയറ്റിലൊരു കുഞ്ഞിനെയും ഉണ്ടാക്കി. ഇനി അതിന്റെ കാര്യ കാരണം കൂടി വിശദീകരിക്കാതെ നിനക്ക് സമാധാനം കിട്ടില്ലേ. പിന്നെയും പിന്നെയും എന്റെ വേദന കണ്ട് രസിക്കാനാണോ നിനക്ക്.” അവൾക്കടുത്തേക്ക് പാഞ്ഞു വന്ന സൂര്യൻ ക്രോധത്തോടെ നിർമലയുടെ കഴുത്തിന് പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *