ചേർച്ച…
Story written by Ammu Santhosh
=======================
“അപ്പോൾ yes പറയാമല്ലേ?”
അരുണിമ ശരത്തിന്റെ മുഖത്ത് നോക്കി
“തീർച്ചയായും പറയാം. നിനക്ക് പെർഫെക്ട് മാച്ച് ആണ് ശ്രീഹരി “
അരുണിമക്ക് ആശ്വാസമായി
“എടാ ഞാൻ കുറെ ആലോചിച്ചു. ഒരിക്കൽ മാര്യേജ് എന്ന ഇന്സ്ടിട്യൂഷനിൽ പരാജയപ്പെട്ടു പോയ ആളാണ് ഞാൻ. ഇനി വേണോ എന്ന്. ലിവിങ് ടുഗെതർ മതി എന്ന് ഞാൻ പറഞ്ഞു നോക്കി. ശ്രീഹരിക്ക് പക്ഷെ എന്നേ നല്ല വിശ്വാസം..ഞാൻ വിജയിക്കുമെന്ന് “
“അതാണ് ഞാൻ പറഞ്ഞത്. നിന്നെ നന്നായി മനസിലാക്കിയ..അറിയാവുന്ന ഒരാളാണ്.. Say” yes””
“ഇപ്പോഴാണ് ഒരു സമാധാനം ആയത് “
“അപ്പോൾ ശരി ഞാൻ ഇറങ്ങുന്നേ. നീ ആ കാപ്പിയുടെ കാശ് കൊടുത്തേക്ക്. എനിക്ക് വൈഫിനെ ഡോക്ടറെ കാണിക്കണ്ട ദിവസം ആണ് “
“ഓ..ആയിക്കോട്ടെ “അവൾ ചിരിച്ചു
പിന്നെ ശ്രീഹരിയെ കാത്തിരുന്നു
അടുത്ത ടേബിളിൽ ഇരുന്ന പെൺകുട്ടി ഒരു ഹായ് പറഞ്ഞു അടുത്ത് വന്നു
“ഞാനും ഒരു ഡിസിഷൻ എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുകയാണ്. പക്ഷെ എനിക്ക് ഇങ്ങനെ ഒരു സുഹൃത്തില്ല “
“He is my best friend.. “
“So lucky…നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരുന്നു..സോറി..കണ്ടത് പറഞ്ഞുന്നേയുള്ളു “
“ചേർച്ച കാഴ്ചകളിൽ മാത്രം ആണ്. ആക്ച്വലി He is my ex husband. ചേർച്ച ഇല്ലാഞ്ഞിട്ടാണ് പിരിഞ്ഞത്. പക്ഷെ നല്ല ഫ്രണ്ട്സ് ആണ് “
ആ പെൺകുട്ടിയുടെ കണ്ണിൽ അതിശയം
“അതെങ്ങനെ?”
“അറിയില്ല. ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല..”
ഒരു കാൾ വന്നപ്പോൾ ആ കുട്ടി യാത്ര ചോദിച്ചു പോയി
അതെ ചേർച്ച ചിലപ്പോൾ കാഴ്ചക്കാണ്. നല്ല ഒരു സുഹൃത്ത് നല്ല ഭർത്താവ് ആവണമെന്നില്ല. നല്ല ഭർത്താവ് പക്ഷെ നല്ല സുഹൃത്ത് ആവും. ശ്രീഹരിയെ പോലെ..
ആ ഓർമ്മയിൽ അവളുടെ ഉള്ളു കുളിർന്നു
-Ammu Santhosh