കെട്ട്യോൻ സംശയിച്ചപ്പോൾ….
എഴുത്ത്: വിജയ് സത്യ
==================
എന്താ എല്ലാവരും അവിടെ തന്നെ നിന്ന് കളഞ്ഞത്…ബരിൻ….ബരിൻ…ഓരോരുത്തരും വന്നു കുറീശിമേൽ ഇരുന്നാട്ടെ ..”
ഹാജിയാരുടെ ഇളയമകൾ സുലൈഖയുടെ നികാഹാണ് പൊടി പൊടിക്കുന്നത്
നാടടച്ചു വിവാഹം വിളിച്ചു അതൊരു ആഘോഷം തന്നെ ആക്കി ഹാജിയാർ
പുയ്യാപ്ല ബഷീർ ആണെങ്കിൽ മിഡിലീസ്റ്റിലെ വലിയ കച്ചോട പ്രമുഖൻ ആഷിഫലിയുടെ മോൻ. ബഷീർ യൗവ്വനയുക്തനായ ചെറുപ്പക്കാരൻ അവന്റെ സൗന്ദര്യ നിലവാരത്തിനനുസരിച്ചു കേരളം മുഴുവൻ തിരഞ്ഞു ഒടുവിൽ കണ്ടെത്തിയതായാണ് അബ്ദറഹിമാൻ ഹാജിയാരുടെ ഇളയ മോളായ നമ്മുടെ സുലൈഖയെ…
സുലൈഖയുടെ സൗന്ദര്യം ബഷീറിന് നന്നേ ഇഷ്ടപ്പെട്ടു.അതിലും ഇഷ്ടമായത് വാട്സ്ആപ്പും ഫേസ്ബുക്കും ഉണ്ടായിട്ടും യോയോ ചാറ്റ് ഇല്ലെന്നുള്ളത്…
അതു അവളുടെ ഒരു പ്ലസ് പോയിന്റ് ആയി അവൻ കണ്ടു…
ഹാജിയാരും കാശിന്റെ കാര്യത്തിൽ മോശമല്ല. കേരളത്തിൽ തന്നെ മൂന്നാല് മറൈൻ പ്ലൈവുഡ് കമ്പനിയും, സുലൈഖ ടെക്സ്റ്റ് ടൈൽസ് എന്ന പേരിൽ ഓരോ ജില്ലയിലും ഓരോ ഗ്രാന്റ് ഷോപ്പ് വീതം ഉള്ള ആളാണ്…
അഞ്ചു തരം ഇ- റച്ചിയും പത്തുതരം മീനും വെജിറ്റബിൾ മീൽസ് എന്നു വേണ്ട പേരെടുത്ത ഇവന്റ്മാനേജ്‌മെന്റുകാർ ഒരുകുന്ന അത്യന്തം സമൃദ്ധ വിഭവങ്ങൾ കുന്നു പോലെ കൂട്ടിയാണ് സദ്യ വട്ടങ്ങൾ ഏർപ്പാട് ചെയ്തിരിക്കുന്നത്
കല്യാണം കൂടിയ എല്ലാവരും മനവും നിറഞ്ഞു വയറും നിറച്ചു ഹാജ്യാര് യാത്രയാക്കികൊണ്ടിരുന്നു. ഒടുവിൽ പുതിയാപ്ലയും മണവാട്ടിയും ഇറങ്ങാനായി.
പന്തലിനു പുറത്ത് കവാടത്തോട് ചേർന്നു ചെക്കൻ പോവേണ്ട കാർ വന്നു നിന്നു. ഉമ്മ ആമിന സുലൈഖ മോളെ മുത്തം നൽകി കാറിനടുത്തേക്ക് നയിച്ചു.
സഹോദരങ്ങളും സഹോദരിമാരും സുലൈഖയേ നോക്കി യാത്ര മംഗളം ഓതി.
സുലൈഖയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകി.
കണ്മഷി കറുപ്പ് കണ്ണീരിനൊപ്പം വരുമ്പോൾ ഹാജിയാർ വന്നു വഴക്ക് പറഞ്ഞു.
“നിങ്ങളെല്ലാവരും എന്റെ കുട്ട്യേ കരയിപ്പിക്കുകയാ…ഹറാം പിറന്നോർ “
ബാപ്പച്ചിയുടെ ശബ്‌ദം കേട്ടപ്പോൾ സുലൈഖ കരഞ്ഞുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു…
“നിങ്ങളൊന്നു നിർത്തനണ്ടോ അതിന്റെ മോറു മുഴുവൻ കരയിപ്പിച്ചു കരിയാക്കി “
വീണ്ടും അതു പറയുമ്പോൾ ഹാജിയാരും ഒന്ന് വിതുമ്പി
കാറിൽ കയറാൻ നേരം ഉമ്മ ആമിന അവളെ ഒരു പ്ലാസ്റ്റിക് കവർ ഏല്പിച്ചു. ചെവിയിൽ എന്തോ അടക്കം പറഞ്ഞു .
പുയ്യപ്പളാ ബഷീർ ആകെ അന്തം വിട്ടുനിൽക്കുകയാണ്. താനെന്തോ ഇവരുടെ റോബ്ബർ ചെയ്തു പോകുന്ന പോലെ. ആരുടെയൊക്കെ എന്തോ കട്ടു കൊണ്ട് പോവുന്ന പോലെ…
ചുറ്റും കൂടിയ കുട്ടികളും ഏതാണ്ട് അതെ ഭാവത്തോടാണ് തന്നെ നോക്കുന്നതെന്നു തോന്നി. ഒരുമാതിരി നെറ്റിചുളിച്ചുകൊണ്ട്…!
സുലൈഖയുടെ കരച്ചിലിന് ശമനം വന്നു. അപ്പോൾ കുട്ടികൾ എല്ലാം കൂടി വർണ കസവു പൊട്ടിച്ചു വിട്ടു…
എങ്ങനെയൊക്കെയോ ആരെക്കെയോ സുലൈഖയെ കാറിൽ കയറ്റി. കൂടെ ബഷീറും ഇരുന്നു.
ബെൻസിൽ മുട്ടിയുരുമ്മി ഇരുന്നപ്പോൾ സുലൈകയ്ക്ക് സങ്കടമെല്ലാം പറന്നുപോയി.
കാർ മുന്നോട്ടു നീങ്ങി മുന്നിൽ ബൈക്കുമായി ചെക്കന്മാരുടെ ആർപുവിളി പിറകിൽ കാറുകളുടെ ഒരു നീണ്ട നിര സുലൈഖയുടെ വീടിന്റെ റോഡിന്റെ പരിസരം മുഴുവനും ആളുകൾ നിരന്നു നിന്നു ചെറുക്കനും പെണ്ണും പോകുന്നത് നോക്കിയിരിക്കുകയാണ്.
അവർക്ക് മുന്നിലൂടെ കാർ നീങ്ങി ചെറുവഴികൾ താണ്ടി ആ കാർ ഹൈവേയിൽ ചേരുന്നിടത്തു എത്തി. അവിടെ റോഡിനോട് ചേർന്ന് ഒരു കൊച്ചു വീടിനടുത്തു കാർ എത്തിയപ്പോൾ സുലൈഖ ബഷീറിനോട് പറഞ്ഞു.
“കാർ ഒന്ന് ഇവിടെ നിർത്താൻ ഡ്രൈവറോട് പറയുമോ ?”
“ഇവിടെയോ…? എന്താണ് കാര്യം സുലൈഖ ?”
ബഷീർ തിരക്കി.
“കാര്യമുണ്ട് ഒന്ന്…..ഒരു ഫൈവ് മിനിറ്റേ..!”
അവൾ കെഞ്ചി പറഞ്ഞു
“ഇറ്റ് സ് ഓക്കേ അതിനെന്താ….എടാ സുബിയെ, ഇവിടെ ഒന്ന് കാർ ചവിട്ടിയെ..”
ബഷീർ ഡ്രൈവിംഗ് ചെയ്യുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടു.
കാർ നിന്നു സുലൈഖ ചാടിയിറങ്ങി..!
കൈയിൽ ഉമ്മ ആമിന നൽകിയ കവർ കൂടി എടുത്തു. ബഷീറും കൂടെ ഇറങ്ങി. സുലൈഖ റോഡിനോട് ചേർന്ന ആ കൊച്ചുവീട്ടിലേക്ക് നടന്നു കൂടെ ബഷീറും…
അകമ്പടി വന്ന കാറുകൾ ഒന്നന്നായി നിർത്തിയിട്ട നവദമ്പതികളുടെ കാറിനു പിറകിൽ നിന്നു. കാര്യമറിയാതെ അവരും കുഴങ്ങി.
സുലൈഖ ആ കൊച്ചു വീടിനടുത്തു എത്തിയപ്പോൾ അവിടെ ഉണ്ടായിയുന്ന ഒരു പെൺകുട്ടി ഓടിവന്നു സുലൈഖയെ കെട്ടിപിടിച്ചു.
സുലൈകയും ആഹ്ലാദത്തോടെ അവളെ ഉറുമ്പടക്കം കെട്ടിപിടിച്ചു.
“എവിടെയായിരുന്നു സരളേ നീ എന്റെ നിക്കാഹിന്റെ ക്ഷണം ഇവിടെ അമ്മയ്ക്ക് കൊടുക്കാൻ വന്നപ്പോൾ, നിന്റെ കാര്യം തിരക്കി അമ്മ പറഞ്ഞു നീ ചാങ്‌ഡിഗാഡിൽ ഹാസിനോട് ഒന്നിച്ചു കഴിയുകയാണ് നാട്ടിൽ വരാരെ ഇല്ലെന്നു. അതോണ്ടാ കോണ്ടാക്റ്റ് ചെയ്യാൻ പറ്റാണ്ടിരുന്നേ…”
സുലൈഖ തന്റെ പഴയ കളി കൂട്ടുകാരിയെ വിവാഹം ക്ഷണിക്കാൻ പറ്റാത്ത വിവരം ക്ഷമാപൂർവ്വം സരളയോട് പറഞ്ഞു…
“അതു സാരമില്ല സുലു എനിക്കു ഇന്നു ഇവിടെ യാദൃശ്ചികമാണെങ്കിലും എത്തിച്ചേരാൻ പറ്റി. നിന്നേ കാണാനും….അതു മതി. നീ നിന്റെ അമ്മയെ കാണാൻ വന്നതല്ലേ…വാ അകത്തുണ്ട്…
സുലൈകയും സരളയും അകത്തു കയറി കൂടെ ബഷീറും…ഭവാനി അമ്മ അവിടെ ഒരു ബെഡിൽ കിടക്കുകയാണ്…
സുലൈഖ ചെന്നു അവരുടെ കാലിൽ തൊട്ടു
ശേഷം ‘ അമ്മേ ‘ എന്നു വിളിച്ചു ഭവാനി അമ്മയ്ക്ക് ആ വിളിയിൽ ആളെ മനസിലായി.
“സുലു മോളോ, ഇന്നല്ലേ മോൾടെ വിവാഹം .?”
“അതെ അമ്മേ, ഞാൻ ചെറുക്കന്റെ വീട്ടിൽ പോകുന്ന വഴിയാണ് അമ്മേയെ കണ്ടു ആശീർവാദം വാങ്ങാൻ വന്നതാ “
കിടന്നിടത് സുലൈഖ അവരുടെ വലം കൈക്ക് നേരെ ശിരസ്സർപ്പിച്ചപ്പോൾ ഭവാനിയമ്മ സുലൈഖയുടെ മൂർദ്ധാവിൽ തൊട്ടു അനുഗ്രഹിച്ചു .
“നന്നായി വരും “
“ഒരാളും കൂടി ഉണ്ടു “
സുലൈഖ ബഷീറിനെ ചൂണ്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. ഭവാനിയമ്മ അവിടന്ന് കൈകൊണ്ടു ബഷീറിന്റെ നേരെ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആംഗ്യം കാണിച്ചു.
ബഷീർ കൈകൂപ്പി. കൈയിലുള്ള കവർ ഭവാനിയമ്മയെ ഏല്പിച്ചു സുലൈഖ യാത്രപറഞ്ഞിറങ്ങി.
വൻ മേളത്തോടെ ചെറുക്കന്മാരുടെ ആരവത്തോടെ വീണ്ടും യാത്ര ചെയ്തു ചെറുക്കന്റെ വീട്ടിൽ എത്തിച്ചേർന്നു.
മണിയറയിൽ രാത്രി ബഷീറിന് വേണ്ടത്ര സന്തോഷം തോന്നുന്നില്ല. സത്യത്തിൽ സുലൈഖ എന്തിനാണ് വരും വഴി ആ വീട്ടിൽ ചെന്നത്…? ആരാന്ന് ചോദിച്ചു.
അപ്പോൾ അവൾ പറഞ്ഞു ‘അമ്മയാണ്, അല്ല ഉമ്മയാണ് ‘എന്നാണ്.
എന്താണ് അതിന്റെ പൊരുൾ….?
ഹാജ്യാര്ക്ക് ഭവാനിയമ്മയിൽ ഉണ്ടായ മകളായിരിക്കുമോ അവിടെ സുലൈഖ പോയി കവർ കൊടുത്ത വീട്ടിൽ ഉണ്ടായ ആ പെണ്ണ്
‘വാ നിൻറെ ഉമ്മാനെ കാണണ്ടേ’
എന്നു എന്തിനാണാവോ പറഞ്ഞത്? എന്തിനാണ് പുറപ്പെടാൻ നേരം അവളുടെ ഉമ്മ ആ കവർ അവളെ ഏൽപിച്ചത്. എന്താണ് അവളുടെ ചെവിയിൽ പറഞ്ഞത്. ഒരു സാധു സ്ത്രീക്ക് വിവാഹത്തിന്റെ ഭാഗമായി എന്തെങ്കിലും നൽകുകയെന്നത് സ്വാഭാവികമാണ്. പക്ഷേ തന്റെ വീട്ടിൽ വരാൻ നേരം വരെ അതിനു കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ ?
രാത്രി ഏറെ വൈകുവോളം പല കാര്യങ്ങളും സുലൈകയുമായി സംസാരിച്ചെങ്കിലും ഈ കാര്യം ചോദിച്ചപ്പോൾ അമ്മയാണെന്ന് വീണ്ടും പറഞ്ഞു.
എന്നിട്ടവൾ രണ്ടു കൈകൊണ്ടും കണ്ണ് പൊത്തി ചിരിച്ചു. ബഷീർ ഏറെ നേരെ വീണ്ടും അതു തന്നെ ചിന്തിച്ചു.
ഇതിനിടെ സുലൈഖ ഉറങ്ങി.
ഇവളാരാ ഇതു കണ്ടുപിടിക്കണം..
ബഷീർ അങ്ങനെ ചിന്തിച്ചു കൊണ്ട് നേരം വെളുപ്പിച്ചു
പിറ്റേന്ന് തന്റെ സുഹൃത്തുക്കളിൽ ബുദ്ധിയിൽ അഗ്രഗണ്യനായ ജമാലിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു
“ബഷീർ വിഷമിക്കേണ്ട, വഴിയുണ്ടാക്കാം”
ജമാൽ ബഷീറിനെ ആശ്വാസം നൽകി ഫോൺ വെച്ചു.
അന്നുരാത്രിയും പലതും പറയുന്നതിനിടയിൽ ബഷീർ ഈ വിഷയം എടുത്തിട്ട്…
അപ്പോൾ സുലൈഖ പറഞ്ഞു
“ബഷീർക്ക എന്തിനാ എപ്പോഴും എപ്പഴും ആ കാര്യം തന്നെ ചോദിക്കണതത്. ഞാൻ പറഞ്ഞല്ലോ ഭവാനിയമ്മ എന്റെ ഉമ്മ “
“അപ്പോൾ വീട്ടിലുള്ളതോ “
“അതും എന്റെ ഉമ്മ “
“അപ്പോൾ നീയല്ലേ പറഞ്ഞത്, ഭവാനിയമ്മ നിന്റെ ഉമ്മ എന്നു “
“അതെ “
“അപ്പോൾ വീട്ടിലുള്ളതോ “
“അതും ഉമ്മ “
ബഷീറിന് ആകെ പിരാന്തു പിടിക്കുമ്പോലെ ആയി. പിന്നെ അവൻ മിണ്ടാതെകിടന്നുറങ്ങി
പിറ്റേന്ന് ജമാൽ ഫുൾ ഡീറ്റെയിൽസ് കളക്ഷൻ ചെയ്തു രഹസ്യമായി ബഷീറിനെ വിളിച്ചു സംസാരിച്ചു.
“ബഷീറേ ഈ ഹാജ്യാര് ഇപ്പോൾ വീട് വെച്ച സ്ഥലത്തിന്റെ അടുത്തായിരുന്നു ഈ ഭവാനിയമ്മയും കുടുംബവും മുമ്പ് താമസിച്ചിരുന്നത്…വീട് വെക്കാൻ നേരം ഭവാനിയമ്മയുടെ സ്ഥലം ഹാജ്യാര് ഒരുപാട് കാശു എറിഞ്ഞു പിടിച്ച്…എന്നിട്ട് ഇപ്പോൾ ഭവാനിയമ്മ ഇരിക്കുന്ന സ്ഥലം പതിച്ചു നൽകി….ഈ സമയത്തു ഭവാനിയമ്മയിൽ ഹാജ്യാര്ക്ക് ഉണ്ടായ കുട്ടിയാണോ സുലൈഖ എന്നൊരു സംശയം എനിക്കുണ്ട് m”
ജമാൽ തനിക്കു കിട്ടിയ വിവരത്തിനു മേൽ ഈ സംശയവും സ്ഥാപിച്ചു മടങ്ങി.
ഇതോടു ഇതോടുകൂടി ബഷീർ ആകെ സംശയത്തിന്റെ പിടിയിലായി.
ഉമ്മന്റെടുത്തു ഈ വിഷയം ഇട്ടാലോ….വേണ്ട ചിലപ്പോൾ സത്യാവസ്ഥ ഉമ്മയ്ക്ക് താങ്ങാൻ പറ്റിയില്ലേൽ അതൊരു ഇഷ്യൂ ആയി തന്റെ വൈവാഹിക ജീവിതം പുത്തരിയിൽ കല്ലുകടിച്ച അനുഭവമാകും
അതു വേണ്ട, വേറെ വഴി നോക്കുക തന്നെ!
നാട്ടിൽ അറിയപ്പെടുന്ന യുവ വ്യവസായ പ്രമുഖനാണ് താൻ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ഡിഗ്രി ഡൽഹിയിൽ നിന്നും എടുത്തവൻ.
സുലൈകന്റെ ഫാമിലി തന്നെ വല്ല വിധത്തിലും കളിപ്പിച്ചിട്ടുണ്ടെങ്കിൽ നിമിഷം കൊണ്ട് മനസിലാക്കാനുള്ള വഴികൾ തന്റെ മുന്നിൽ ഉണ്ടു…
പിറ്റേന്ന് ഗോവ ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന തന്റെ വേറൊരു സുഹൃത്തിന്റെ സ്വകാര്യാ രഹസ്യാന്വേഷണ വിഭാഗത്തിനെ ഈ വിഷയം ചെറിയ തുകയ്ക്കുള്ള കരാറിൽ കേരളത്തിൽ കൊച്ചിയിൽ ഉള്ള ഇവരുടെ ബ്രാഞ്ചിൽ വെച്ച് ഏല്പിച്ചു സൈൻ ചെയ്തു
ആശ്വാസമായി ഹാജ്യാരുടെ കള്ളകളി ഇതോടെ പൊളിയും ബഷീറിന് ഉറപ്പുണ്ട്.
രണ്ടാഴ്ചത്തെ കൊണ്ടുപിടിച്ച രഹസ്യാന്വേഷണങ്ങൾക്ക് ശേഷം ടീം ബഷീറുമായി സന്ധിക്കുന്നു.
പഠന റിപോർട്ട് ഫലം നെഗറ്റീവ്…
അതോടെ ബഷീർ ആ അന്വേഷണം വേണ്ടെന്നു വെച്ചു.
അവൻ പതിയെ അവളെ സ്നേഹിക്കാൻ തുടങ്ങി
ഒരു ദിവസം അവളുടെ മടിയിൽ തല വെച്ചു കിടക്കവേ അവൻ വീണ്ടും ആ ഭവാനിയമ്മ വിഷയം വീണ്ടുമിട്ടു…
ഏതായാലും തന്റെ ഇക്കാനെ ഇനിയും വിഷമിപ്പിക്കാൻ സുലൈകയ്ക് മനസ്സ് വന്നില്ല…
അവൾ ബഷീറിനെ ചിന്താകുലനാക്കിയ ആ കഥയുടെ കെട്ടഴിച്ചു…
സുലൈഖയെ പ്രസവിച്ച സമയത്തു സുലൈകന്റെ ഉമ്മ ആമിനയ്ക്ക് സ്- തനത്തിന് കുരുക്കൾ വന്നു മരുന്നു പുരട്ടി ചികിൽസിക്കുകയായിരുന്നു
ആ സമയത്തു ഭവാനിയമ്മ സരളയെ പ്രസവിച്ചു അയല്പക്കത്തു വീട്ടിൽ കിടക്കുകയാണ്.
ആമിനുമ്മന്റെ ചികിത്സ പൂര്ണമാകുംവരെ സുലൈഖ ഭവാനിയമ്മയുടെ അ-മ്മിഞ്ഞ പാല് കുടിച്ചാണ് വളർന്നത്…!
അപ്പോൾ അ-മ്മിഞ്ഞ പകർന്ന അമ്മ അമ്മതന്നെയായി സുലൈകയ്ക്ക്…
ആ സ്മരണയ്ക്ക് ഓണത്തിനും വിഷുവിനും ചെറിയപെരുന്നാളിനും ബലി പെരുന്നാളിനും സുലൈഖയുടെ പിറന്നാളിനും എന്നും സുലൈഖ ഭവാനിയമ്മയ്ക്ക് ഡ്രെസും കൈമടക്കും നൽകും…
അവളുടെ സ്നേഹത്തിൽ പൊതിഞ്ഞു അവളുടെ സ്വന്തമമ്മയ്ക്ക്….
കഥ കേട്ട് ബഷീർ വായും പൊളിച്ചിരുന്നുപോയി…
“അ- മ്മിഞ്ഞ പാലൊരു തുള്ളി ആരു നൽകിയാലും അമ്മ അല്ലാതാവില്ല ഉലകിൽ നിശ്ചയം…
-വിജയ് സത്യ