ജിജി പോകാനുള്ള വേഷത്തിൽ. ആയിരുന്നു. അച്ഛനെ നോക്കാൻ ഒരു ഹോം നേഴ്സ്നെ വേണമെന്ന് പറഞ്ഞപ്പോൾ….

Story written by Ammu Santhosh
=========================

“അച്ഛന്റെ മരുന്നൊക്കെ തീർന്നുട്ടോ വിനയൻ സാറെ “

ജിജി മുന്നിൽ വന്നപ്പോൾ വിനയൻ വായിച്ചു കൊണ്ടിരുന്ന ബുക്ക്‌ മടക്കി വെച്ചു

“തീർന്നോ? അയ്യോ ഞാൻ കരുതി അഞ്ചു ദിവസം കൂടി ഉണ്ടാവുമെന്ന് “

“തീർന്നില്ല മൂന്ന് ദിവസം കൂടിയുണ്ട്.”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“പറ്റിച്ചു “

“ഇല്ലന്നെ അവസാനം പറഞ്ഞാൽ മറന്ന് പോകില്ലേ. അതാണ് ഓർമിപ്പിച്ചത് “

ജിജി പോകാനുള്ള വേഷത്തിൽ. ആയിരുന്നു. അച്ഛനെ നോക്കാൻ ഒരു ഹോം നേഴ്സ്നെ വേണമെന്ന് പറഞ്ഞപ്പോൾ അയല്പക്കത്തെ വേണുവാണ് പറഞ്ഞത് നഴ്സിംഗ് പഠിച്ച ജിജിയെ തന്നത്

ആശുപത്രിയിൽ ജോലി ഒക്കെ നോക്കുന്നുണ്ട്. അതിനു മുന്നേ ഒരു എക്സ്പീരിയൻസ് ആകുമല്ലോ നിന്നോട്ടെ എന്ന് വേണു അവളോട് പറഞ്ഞപ്പോൾ അവൾക്കും സമ്മതം

ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ വെളിച്ചത്തിന്റെ ഒരു തരി വീണത് പോലെ ആയിരുന്നു അത്

അൽഷിമേഴ്‌സ് ആണ് ആ അച്ഛന്. ഒന്നും ഓർമ്മയില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്യും

തന്റെ പപ്പയെ ഓർക്കും ജിജി

നല്ല മനസ്സായിരുന്നു. ആയുസ്സ് ഇല്ലാതെ പോയി. തന്നെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം. പപ്പാ അങ്ങ് പോയികഴിഞ്ഞപ്പോൾ അമ്മയ്ക്ക് വയ്യാതായി. പിന്നെ പഠിത്തം ഒന്നും പഴയ പോലെ നടന്നില്ല. ഒരു ചേച്ചി ഉള്ളത് കന്യാസ്ത്രീ ആയി. അവരുടെ മഠം വകയുള്ള ആശുപത്രിയിൽ നിന്ന് ഫ്രീ ആയിട്ട് നഴ്സിംഗ് കഴിഞ്ഞു

വേക്കൻസി വന്നാൽ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിപ്പോ ഈ അച്ഛനെ നോക്കുന്നതിനു പത്തായിരം രൂപ കിട്ടും. അത് വലിയ തുകയാണ്

അച്ഛനും മോനും മാത്രം ആണ് താമസം

അച്ഛൻ പദ്മനാഭൻ, മകൻ വിനയൻ

വില്ലേജ് ഓഫീസിലെ ക്ലാർക്ക് ആണ്. ഭാര്യ ഉണ്ടായിരുന്നു

അച്ഛന്റെ അവസ്ഥ ഒക്കെ വന്നപ്പോ ഇട്ടിട്ട് പോയിന്നാണ് ജനസംസാരം. സത്യം ആർക്കറിയാം

ഒന്ന് അറിയാം. ആള് മാന്യൻ ആണ്

രാവിലെ അവള് വരുമ്പോഴേക്കും പോകും. അവൾ പോകാൻ ഇറങ്ങുമ്പോഴേക്കും വരും. അധികം സംസാരമില്ല. പക്ഷെ ആള് ഒരു പാവമാണ്. സാധു

അച്ഛനെ നോക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു മകൻ

അന്ന് ജിജി വീട്ടിൽ ചെല്ലുമ്പോൾ ബ്രോക്കർ ഹരി വന്നിരിപ്പുണ്ട്

“പുതിയ കോള് വല്ലോം ഉണ്ടോ ഹരിയേട്ടാ?”

“ഒരു നല്ല പയ്യന്റെ ആലോചന ഉണ്ട്
നഴ്സ് ആണ്. ഇവിടെ അടുത്തു st mary ഹോസ്പിറ്റലിൽ തന്നെ..പിന്നെ കുറച്ചു സ്ത്രീധനം കൊടുക്കണം. അത് ഇപ്പോൾ ആർക്കായാലും കൊടുക്കണം “

“അതിനൊന്നും കുഴപ്പമില്ല ഹരി. ഈ വീടും പറമ്പും ഇവൾക്കുള്ളതാ. പറഞ്ഞേക്ക് ഞായറാഴ്ച വന്നു കാണാൻ പറ “

അമ്മ ഒരു ഹൃദരോഗിയായത് കൊണ്ട് മാത്രം വെറുതെ വിട്ടതാണ് ജിജി

ഇല്ലെങ്കിൽ സ്ത്രീധനം എന്നാ വാക്ക് കേട്ടാ ഇടി കൊടുത്തേനെ

ഹരി പോയപ്പോ അവൾ ദേഷ്യപ്പെടുകയും ചെയ്തു

അമ്മ മൈൻഡ് ചെയ്തില്ല. ഇതൊക്ക നാട്ടു നടപ്പാ കൊച്ചേ എന്നൊരു ഡയലോഗും

പിറ്റേന്ന് വിനയന്റെ വീട്ടിൽ ചെല്ലുമ്പോൾ അച്ഛന് വയ്യ. നല്ല പനി

“ആശുപത്രിയിൽ ആക്കാൻ പോവാ. ഞാൻ ലീവ് എടുത്തു. ജിജി പൊയ്ക്കോ.”

അയാൾ പറയുന്നത് കേട്ടപ്പോ അവൾക്ക് വിഷമം വന്നു

ആരുമില്ലാത്ത ഒരു അച്ഛനും മോനും

“ഞാനും വരാം സാറെ, അഡ്മിറ്റ് ചെയ്താലോ. ചിലപ്പോൾ “

“അത് കൊണ്ടല്ല. വൈറൽ ഫ്ലൂ ആണ്. ജിജിക്ക് പകർന്നാൽ വീട്ടിൽ അമ്മയ്ക്ക് വയ്യാത്തതല്ലേ. വരണ്ട”

അവൾ വിഷമത്തോടെ അത് കേട്ട് നിന്നു

“ജിജി പൊയ്ക്കോ. “

അച്ഛൻ അവളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു

അവൾ വീട്ടിലേക്ക് പോരുന്നു അന്നാദ്യമായി അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയതെന്തിനാവുമെന്ന് അവൾ ചിന്തിച്ചു

ഇത്രയും കരുതൽ ഉള്ള ഒരാളെ ഇട്ടേച് പോയതെന്തിനാവും?

അവൾ വരുന്ന വഴി വേണു വിനെ കണ്ടു

“അവിടുത്തെ അച്ഛനെ വയ്യാതെ ആശുപത്രിയിൽ കൊണ്ട് പോയി “

“അയ്യോ ആണോ ഞാനും കൂടി അങ്ങോട്ട് ചെല്ലട്ടെ “

“ഒരു മിനിറ്റ് വേണുവേട്ടാ. ആ സാറിന്റെ ഭാര്യ എന്തിനാ ഇട്ടേച്ച് പോയെ “

അയാൾ ചുറ്റും നോക്കി.

“അതിനു ഈ ഇൻസ്റ്റാഗ്രാമിൽ എങ്ങാണ്ട് പരിചയപ്പെട്ട ഒരു ചെറുക്കനുമായി അടുപ്പം ഉണ്ടാരുന്നു. ഇറങ്ങി പോയതാ. ആരോടും പറയണ്ട കേട്ടോ “

അവൾ തലയാട്ടി

അച്ഛന്റെ അസുഖം കഴിഞ്ഞപ്പോ വിനയൻ സാർ കിടപ്പിലായി. അപ്പോൾ പിന്നെ ജിജി ചെല്ലാതെ പറ്റില്ലാന്നായി

“ബുദ്ധിമുട്ട് ആയി. രണ്ടു പേരെ…അല്ലേ?”

“അതെയതെ ഇച്ചിരി കഞ്ഞി ഉണ്ടാക്കി തന്നത് വലിയ ബുദ്ധിമുട്ട് ആയി. പിന്നെ ഞായറാഴ്ച ഞാൻ വരില്ല ട്ടോ. പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. മിക്കവാറും ഇത് അങ്ങ് ഉറച്ചേക്കും “

വിനയൻ ചിരിച്ചു കൊണ്ട് തലയാട്ടി

ഞായറാഴ്ച കാണാൻ വന്ന ചെക്കൻ അടിപൊളി ആയിരുന്നു. മൂടി ഒക്കെ കളർ ചെയ്ത് സ്റ്റൈൽ ആയിട്ട് ഒരു ചെക്കൻ

ജിജിയെ അവന് ഇഷ്ടം ആയി

അവളുടെ വെളുത്തു ചുവന്ന മുഖത്തെ നീല മറുകിലേക്ക് അവൻ കൊതിയോടെ നോക്കി

ജിജിയുടെ ഉള്ളിൽ പക്ഷെ ആ പാവം അച്ഛനും മോനും ആയിരുന്നു

തീരെ വയ്യാത്തത് കൊണ്ട് അച്ഛന്റെ മൂ- ത്രം പുരണ്ട ഷീറ്റ്റുകൾ പാവത്തിന് കഴുകാൻ പോലും വയ്യായിരിക്കും

ഭക്ഷണം ഒക്കെ ഫ്രിഡ്ജിൽ വെച്ചിട്ടുള്ളത് ചൂടാക്കി കഴിച്ചു കാണുമോ?

“ജിജിയുടെ ഇൻസ്റ്റാ ഐഡി ഒന്ന് പറഞ്ഞെ. ഞാൻ മെസ്സേജ് അയയ്ക്കാം”

അവൻ പറയുന്നത് കേട്ട് അവൾ ഞെട്ടി നോക്കി

“എനിക്ക് ഇൻസ്റ്റയൊന്നുമില്ല “

“ഇല്ലേ?”

“അപ്പോൾ പ- ട്ടിക്കാട് ആണല്ലോ. ഞാൻ അപ്പോഴേ കരുതി. പിന്നെ താൻ ഗ്ലാമർ ആണെന്നുള്ളതാണ് ഒരേയൊരു പോസിറ്റീവ്.”

അവൾ വായിൽ വന്നത് വിഴുങ്ങി

“ബെസ്റ്റി ഉണ്ടോ?”

“ഇല്ല.”

“എനിക്കുണ്ട് കേട്ടോ..പ്രിയ. അവളാണേന്റെ ബെസ്റ്റ് ഫ്രണ്ട്. കല്യാണം കഴിഞ്ഞാലും അങ്ങനെ തന്നെ ആയിരിക്കും. പ്രോബ്ലം ഒന്നുമില്ലല്ലോ അല്ലേ?”

“ഇല്ല “

“അല്ല ഉണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല. എന്റെ സ്പേസ് എനിക്ക് വേണം. തന്റെ സ്പേസ് താൻ എടുത്തോ “

“ആയിക്കോട്ടെ “

അവൾ അലസമായി പറഞ്ഞു.

“ഇതിനു മുന്നേ റിലേഷൻ വല്ലോം ഉണ്ടായിട്ടുണ്ടോ?”

അവളുടെ ക്ഷമയുടെ നെല്ലിപലക തകർന്നു

“ആരോടും പറയണ്ട. അമ്മയ്ക്ക് അറിയുകേല. മൂന്നാല് റിലേഷൻ ഉണ്ടായിരുന്നു. പക്ഷെ ബ്രേക്ക്‌ അപ്പ് ആയി.” അവൾ പുഞ്ചിരിച്ചു

അവന്റെ മുഖം വിളറുന്നത് കണ്ടപ്പോ ആഹാ എന്താ സുഖം

“അതെന്താ ബ്രേക്ക്‌ അപ്പ് ആയത് “

“ഓ എനിക്ക് ഈ ആണുങ്ങളെ വേഗം മടുക്കും..ഞാൻ തന്നെ ആണ് ബ്രേക്ക്‌ അപ്പ് ആക്കുന്നെ. എന്ന് കരുതി കല്യാണം കഴിഞ്ഞു അങ്ങനെ ഒന്നും ഉണ്ടാവില്ല. ഇനി ഞാൻ ഡീസന്റ് ആണ് “

അവൻ വെള്ളം എടുത്തു കുടിച്ചു

“ശരി എന്നാ. ഇറങ്ങട്ടെ. വൈകി “

അവൾ തലയാട്ടി

പോടാ പ- ട്ടി എന്ന് മനസ്സിൽ ഒരു ആട്ട് ആട്ടി

അവൾ ഒരുങ്ങി പോകുന്നത് കണ്ട് അമ്മ എന്തോ ചോദിച്ചു

അതിന് മറുപടി പറയാതെ സ്കൂട്ടി എടുത്തു അവൾ

ചെന്നപ്പോ വയ്യാത്ത മകൻ അച്ഛന്റെ മൂ- ത്രം തുടയ്ക്കുകയാണ്

“സാർ ഇങ്ങോട്ട് മാറിക്കെ ഞാൻ ചെയ്യാം “

“ആഹാ വന്നോ. ചെക്കൻ വന്നിട്ട് പോയോ “

“ആ പോയി. ദേ കുറച്ചു പലഹാരങ്ങൾ അവർ വരുന്നത് പ്രമാണിച്ചു അമ്മ മേടിച്ചു വെച്ചതാ. അച്ഛന് ലഡു വലിയ ഇഷ്ടം ആണെന്ന് ഓർത്തപ്പോൾ പൊതിഞ്ഞു കൊണ്ട് വന്നു. സാറിന് കുഴലപ്പമല്ലേ ഇഷ്ടം?അതുമുണ്ട് കേട്ടോ”

“എന്റെ ഇഷ്ടങ്ങൾ ഒക്കെ അറിയോ?” വിനയൻ അറിയാതെ ചോദിച്ചു പോയി

“പിന്നെ അറിയാതെ.. “അവൾ നിലത്തു ഇരുന്നു മൂ- ത്രം തുടച്ചു

“നമ്മൾ മനുഷ്യരല്ലേ സാറെ. ഒപ്പം കുറച്ചു നാളുകൾ ഉള്ളവരുടെ ഇഷ്ടങ്ങൾ നമ്മൾ അറിയാതെ മനസ്സ് പഠിക്കും. മനസ്സ് അതൊക്ക ശ്രദ്ധിക്കുമെന്നേ “

അയാൾ വിറയാർന്ന കൈകളോടെ ഒരു കുഴലപ്പം എടുത്തു തിന്നു

“നല്ല രുചി “

അവൾ അച്ഛന്റെ തുണി മാറ്റി കഴുകി വന്നു

ലഡു പൊട്ടിച്ച് അച്ഛന്റെ വായിൽ വെച്ചു കൊടുത്തു

“കഞ്ഞി ഉണ്ടാക്കട്ടെ “

അവൾ അടുക്കളയിൽ പോയപ്പോ അയാൾ മുറിയിലേക്ക് പോയി

“ദേ സാറെ ചൂടോടെ കഴിക്കണേ “

“പോവാണോ?”

“ആ “

“എന്നാ കല്യാണം?”

“ആ ചെക്കൻ വേണ്ട എന്ന് ഇനി ചെന്നിട്ട് വേണം പറയാൻ. മനസ്സ് മുഴുവൻ ഇവിടെ ആയിരുന്നു. സാറിന് വയ്യല്ലോ.”

പെട്ടെന്ന് അവൾ വിക്കി

“അല്ല സാറിന് വയ്യാത്ത കൊണ്ട് അച്ഛന്…”

വിനയൻ അവളെ തന്നെ നോക്കി നിന്നു

വന്ന ദിവസം മുതൽ ഈ കുട്ടി ഉള്ളിൽ ഇങ്ങനെ നീറിപ്പിടിക്കുന്നുണ്ട്. പിന്നെ പറയാൻ പേടിയാണ്. ഒന്നുമൊന്നും ശീലം ഇല്ല. യോഗ്യതയുമില്ല. ഒരിക്കൽ വിവാഹം കഴിഞ്ഞവനാണ്.

“ഞാൻ പോട്ടെ സാറെ. രാവിലെ വരാം “
അവൾ പിന്നെയും പറഞ്ഞു

അവൻ തലയാട്ടി

“സാറിന് ഇഷ്ടം ഉള്ള ഉള്ളി ചമ്മന്തി ഉണ്ടാക്കി വെച്ചിട്ടുണ്ട് ട്ടോ “

അവൻ തലയാട്ടി

“ഞാൻ നാളെ വരും “

അവൻ അനങ്ങാതെ നിന്നു

“നേരത്തെ വരാം “

അവൻ ചുണ്ടുകൾ ഒന്ന് കടിച്ച് സങ്കടം അമർത്തി. എന്തോ ഒരു സങ്കടം ഉള്ളിൽ നിറയുന്നു

“പോട്ടെ “

“ജിജി?”

“എന്താ സാറെ..?”

അവൻ അവളുടെ സ്കൂട്ടിയുടെ അരികിൽ ചെന്ന് നിന്നു

“നാളെ വരുമ്പോൾ ജിജി ആ മഞ്ഞ ചുരിദാർ ഇടാമോ? വെള്ളയിൽ മഞ്ഞ പൂ ഉള്ളത്?”

അവളുടെ കണ്ണുകളിൽ ഒരു നാണം വന്നു

“എങ്കിൽ സാർ ആ ബ്ലു ഷർട്ട്‌ ഇട്ടോളൂ നല്ല ഭംഗിയാണ് “

വണ്ടി സ്റ്റാർട്ട്‌ ആയതും തന്നെ കടന്ന് പോയതും അറിഞ്ഞില്ല വിനയൻ. അത് ഒരു ഇഷ്ടം പറച്ചിലായിരുന്നു

ഇഷ്ടം ആണെന്ന് ഇങ്ങനെയും പറയാം. പറയാതെ പറയുന്ന ഇഷ്ടങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *