രാത്രി
കൃഷ്ണയുടെ കാലിൽ ബാം പുരട്ടി തടവി അർജുൻ
“ചുവന്നല്ലോ മോളെ ” അവൻ വിഷമത്തിൽ പറഞ്ഞു
“ഓടിച്ചിട്ട് വീഴിച്ചിട്ട് കാല് ഉളുക്കിയപ്പോ അച്ചോടാ എന്താ ഒരു അഭിനയം “
“പോടീ…” അവൻ ആ കാലിൽ അമർത്തി ചുംബിച്ചു മുഖം ചേർത്ത് വെച്ചു
കൃഷ്ണയ്ക്ക് പെട്ടെന്ന് കണ്ണ് നിറഞ്ഞു പോയി
“അപ്പുവേട്ടാ മുഖം എടുക്ക് കാലിൽ മുഖം വെയ്ക്കരുത് ട്ടോ “
“വെച്ചാ എന്താ?”
അവൻ മെല്ലെ മീശ കൊണ്ട് കാലിൽ ഉരസി
“അത് പാടില്ലടാ..എന്റെ മോൻ അങ്ങനെ ചെയ്യണ്ട. മുഖം എടുക്ക് “
അർജുൻ അവളുടെ മുകളിലേക്ക് കയറി കിടന്നു
“എന്താ ചെയ്താല്?”
“അത് ഭർത്താവ് അങ്ങനെ കാലിൽ ഒന്നും തൊടണ്ട. അങ്ങനെ ചെയ്യാൻ പാടില്ലെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് “
“ഭാര്യയ്ക്ക് ചെയ്യാമോ?”
“അത് പിന്നെ…ഭാര്യ പ്രായത്തിൽ ഇളയത് അല്ലെ?”
“അതിനെന്ന? ഭാര്യയ്ക്ക് ചെയ്യാവുന്നതെല്ലാം ഭർത്താവിനും ചെയ്യാം. നിന്റെ കാലിൽ ഞാൻ പിടിച്ച ആകാശം ഇടിഞ്ഞു വീഴുമോ.. നിന്റെ കാലിൽ ഞാൻ ഉമ്മ വെച്ചാൽ…ഒന്ന് കടിച്ചാൽ ഒന്ന് ദേ ഇങ്ങനെ നുണഞ്ഞാൽ എന്താ സംഭവിക്കുക?”
അവൻ അവളുടെ കാലിലൂടെ നാവു കൊണ്ട് തൊട്ടു. അവളുടെ കണ്ണുകൾ അടഞ്ഞു അവൾ മെല്ലെ സുഖമായ അനുഭൂതിയിൽ ലയിച്ചു. അർജുൻ അവളെ കെട്ടിപിടിച്ചു കിടന്നു
“നിന്റെ ദേഹത്ത് ഞാൻ തൊടാത്ത, ഉമ്മ തരാത്ത ഒരിടവുമില്ല. അത് തെറ്റാ ഇത് പാടില്ല ഭർത്താവ് അങ്ങനെ ചെയ്യണ്ട. അങ്ങനെ ഒന്നും എന്റെ കൊച്ച് പറയരുത്…ഉം?”
കൃഷ്ണ അവനെ ചുറ്റിപ്പിടിച്ച് ആ മാറിൽ ചേർന്ന് കിടന്നു
“കാടിനുള്ളിലെ ര- തി ലീലകൾ എന്ന് പറഞ്ഞു യു ട്യൂബിൽ വീഡിയോ വല്ലോം വന്നിട്ടുണ്ടോന്ന് നോക്കിക്കേ ” അവൾ കാതിൽ പറഞ്ഞു
അവൻ പൊട്ടിച്ചിരിച്ചു പോയി
“അതിന് ആരുമില്ലായിരുന്നല്ലോ..അവിടെ? പോരെങ്കിൽ ഇരുട്ടും. നല്ല എക്സ്പീരിയൻസ് അല്ലായിരുന്നോ? എനിക്ക് തോന്നുന്നത് ഇത് വരെ ഉള്ളതിൽ ബെസ്റ്റ് ആയിരുന്നുന്നാ “
“ഉം “
അവൾ ഒന്ന് മൂളി
“അതെന്താ ഒരു മൂളൽ നിനക്ക് വേറെ എന്താണ്ടാണ് “
“കിടന്നു ഉറങ്ങിക്കോ മര്യാദയ്ക്ക്. ഈശ്വര നാട്ടിൽ ആയിരുന്നപ്പോൾ എത്ര മാന്യൻ ആയിരുന്നു ഇപ്പൊ നാക്ക് എടുത്താൽ തോന്ന്യാസം. ലൈറ്റ് ഓഫ് ചെയ്യടാ പൊട്ടാ “
അവൻ ലൈറ്റ് അണച്ചു
“എടി?”
“ഉം “
“പറയ് “
“എന്ത്?”
“നിനക്ക് ഏറ്റവും ഇഷ്ടം ഏതായിരുന്നു?”
“കിടന്നു ഉറങ്ങാൻ “
അവൾ ചിരിയോട് തിരിഞ്ഞു കിടന്നു. അവൻ ലൈറ്റ് ഓൺ ചെയ്തിട്ട് അവളെ പിടിച്ചു നേരേ കിടത്തി
“പറഞ്ഞിട്ട് നീ ഉറങ്ങിയാ മതി “
“നോക്കണേ നട്ട പാതിരാക്ക് ചെക്കന്റെ വട്ട് “
“പ്ലീസ് “
കൃഷ്ണ മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു
“ആദ്യത്തെ…ആദ്യമായിട്ട് എന്നേ തൊട്ടില്ലേ അപ്പുവേട്ടന്റെ വീട്ടിൽ വെച്ച്. കല്യാണത്തിന് മുന്നേ….അത് എനിക്ക് ഇത് വരെ മറക്കാൻ പറ്റിയിട്ടില്ല “
“ബെസ്റ്റ്. എടി അത് കഴിഞ്ഞു ഒന്നരവർഷമായി. അത് കഴിഞ്ഞു ഞാൻ പണിയെടുത്തത് എല്ലാം വേസ്റ്റ് ആയോ അപ്പൊ?”
കൃഷ്ണ ഉറക്കെ പൊട്ടിച്ചിരിച്ചു. അവൾക്ക് ചിരി സഹിക്കാൻ വയ്യാതെ വാ പൊത്തി. പിന്നെ അവനെ കെട്ടിപിടിച്ചു ലൈറ്റ് അണച്ചു
“കിടന്നുറങ്ങിക്കോ ചെക്കാ “
അവൾ കാതിൽ പറഞ്ഞു. അർജുൻ നേർത്ത ചിരിയോടെ അവളുടെ തോളിലേക്ക് മുഖം ചേർത്ത് വെച്ച് കണ്ണുകൾ അടച്ചു
പുലർച്ചെ
“കാളി ഇന്നും വന്നില്ലല്ലോ. പാല് കൊണ്ട് വന്നില്ല”
അർജുനും അത് ഓർത്തു. ഇന്നലെയും അവൻ വന്നില്ല. വൈകുന്നേരം നന്ദന പറഞ്ഞു പനിയാണെന്ന്. ഇന്നും കാണാഞ്ഞപ്പോ എന്തോ പോലെ.
“വീട് അറിയില്ലല്ലോ”
“നമ്മുക്ക് ഒന്ന് പോയി നോക്കാം അവൻ പറഞ്ഞ ഡയറക്ഷൻ ഓർമ്മ ഉണ്ട്. ആരോടെങ്കിലും ചോദിക്കാം “
അവൻ പറഞ്ഞു
“വെയിറ്റ് “
കൃഷ്ണ നന്ദനയെ വിളിച്ചു..നന്ദന വ്യക്തമായി പറഞ്ഞു കൊടുത്തു. അവർ രണ്ട് പേരും കൂടെ ഇറങ്ങി
“ഞാൻ പോകാമായിരുന്നു. നിന്റെ കാല്?”
“വലിയ കുഴപ്പമില്ല. ഇന്നലെ നല്ല ട്രീറ്റ്മെന്റ് ആയിരുന്നല്ലോ. വേദന ഒട്ടുമില്ല “
അവൾ കണ്ണിറുക്കി. അവൻ ആ കൈകൾ കയ്യിൽ കോർത്തു പിടിച്ചു. സത്യത്തിൽ അവൻ ഇപ്പൊ മറ്റൊന്നും ചിന്തിക്കുന്നില്ല. അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ എത്രത്തോളം സുന്ദരമാക്കാം എന്ന് നോക്കും. അവളെ എത്ര സന്തോഷിപ്പിക്കാമെന്ന് ആലോചിക്കും. പരസ്പരം എത്ര അധികം സ്നേഹിക്കാമെന്നും
നന്ദന പറഞ്ഞ വഴിയിലൂടെ നടന്ന് അവര് കാളിയുടെ വീട് കണ്ടു പിടിച്ചു
ഒരു നിമിഷം നടുക്കത്തോടെ നിന്നു പോയി അവർ. പുല്ല് മേഞ്ഞ ഒരു കൊച്ചു പുര. തിണ്ണയിൽ ചാണകമാണെന്ന് തോന്നുന്നു മെഴുകിയിട്ടുണ്ട്
“കാളി ” അർജുൻ വിളിച്ചു
അകത്തു നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു
“കാളി?”
“അവന് നല്ല പനിയാണ്. അവിടെ താമസിക്കുന്ന സാറും ഭാര്യയുമല്ലേ?”
“അതേ..പാല് കിട്ടിയില്ല അല്ലെ.?”
“അയ്യോ അതിനല്ല കേട്ടോ. അവനെ രണ്ടു ദിവസം കാണാഞ്ഞപ്പോ ഒരു വിഷമം അങ്ങനെ അന്വേഷിച്ചു വന്നതാ. ഞാൻ ഒന്ന് നോക്കട്ടെ “പെട്ടെന്ന് കൃഷ്ണ പറഞ്ഞു
അവർ ഒതുങ്ങി നിന്നു. നിലത്ത് പായിൽ കിടക്കുന്നുണ്ടായിരുന്നു അവൻ. ചുട്ടു പൊള്ളുന്ന ചൂട്
“കാളി?”
കൃഷ്ണ അവന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി
“ചേച്ചി…”
ഇടറിയ ശബ്ദം. അവൾ വേഗം എഴുന്നേറ്റു മുറ്റത്തു വന്നു
“അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോകണം വേഗം. ന്യൂമോണിയ ആയിട്ടുണ്ടെന്ന് സംശയം ഉണ്ട്. ചെസ്റ്റ് ഇൻഫെക്ഷൻ confirm ആണ് “
ആ സ്ത്രീ കണ്ണ് മിഴിച്ചു നോക്കി നിന്നതേയുള്ളു
“കൃഷ്ണ ഡോക്ടർ ആണ് “
അർജുൻ മൃദുവായി പറഞ്ഞു
“അയ്യോ ആണോ. കുഞ്ഞ് പറഞ്ഞത് ഒന്നും എനിക്ക് മനസിലായില്ല “
അവർ കൈ കൂപ്പി
“എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം. ഞങ്ങൾ കാർ കൊണ്ട് വരാം. ചേച്ചിയും കൂടെ പോന്നോളൂ “
അവർ വെപ്രാളത്തോടെ അകത്തോട്ടു ഓടി
ഹോസ്പിറ്റലിൽ എത്തിക്കുമ്പോ അവന് നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അർജുൻ അവനെ രണ്ടു കൈകളിലും എടുക്കുന്നത് കണ്ട് കൃഷ്ണ അതിശയത്തിൽ നോക്കി പ്പോയി
ഡോക്ടറോട് കൃഷ്ണ തന്നെ പരിചയപ്പെടുത്തി. ഒരു ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോ അവർക്കും ഒരു സന്തോഷം
“ഒന്ന് x ray നോക്കട്ടെ ” അവർ പറഞ്ഞു
x ray നോക്കിയപ്പോൾ ഭാഗ്യം ന്യൂമോണിയ ആയിട്ടില്ല. ഒരു ചെസ്റ്റ് ഇൻഫെക്ഷൻ ആണ്. അതിന്റെ കടുത്ത പനി.
മരുന്നുകൾ സ്റ്റാർട്ട് ചെയ്തു. കൃഷ്ണയും അർജുനും കുറച്ചു നേരം കൂടെ അവിടെ ഇരുന്നു. അർജുൻ ഇടക്ക് പോയി ഭക്ഷണം വാങ്ങി കൊണ്ട് വന്നു
കാളി ഉണർന്നപ്പോൾ അവൻ അർജുനെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു. അർജുൻ അവന്റെ അരികിൽ ചെന്നിരിക്കുന്നത് കൃഷ്ണ കണ്ടു
“നീയെന്താ ഇന്നലെ കഴിച്ചത്?”
കാളി അമ്മയെ നോക്കി
“കഞ്ഞിവെള്ളം മാത്രം കുടിച്ചുള്ളു സാറെ. ഒന്നും വേണ്ടന്ന് പറഞ്ഞു കിടന്നു മുഴുവൻ സമയവും “
“കഴിച്ചില്ലെങ്കിൽ അസുഖം മാറുമോ?”
“കഞ്ഞി കുടിച്ച് മടുത്തു “
അവൻ പറഞ്ഞു
“അവന് കഞ്ഞി ഇഷ്ടമല്ല പനി വരുമ്പോൾ കഞ്ഞിയല്ലാതെ എന്താ കൊടുക്കുക”
കൃഷ്ണ അവരുടെ അടുത്ത് ചെന്നു ഇരുന്നു
“കഞ്ഞി മാത്രം കൊടുക്കാവൂ എന്ന് ആര് പറഞ്ഞു. ദഹിക്കുന്ന എന്തും കൊടുക്കാം ഇഡലിയോ പുട്ടോ റോട്ടിയോ എന്തും “
അവരുട മുഖം താഴ്ന്നു. അവരുടെ വീട്ടിൽ ഒന്നും കാണില്ല അവൾക്ക് തോന്നി
“നിനക്ക് ദോശ ഇഷ്ടം ആണോ?”
അർജുൻ പൊതി അഴിച്ചു. ദോശയും ചമ്മന്തിയും കാളിയുടെ കണ്ണുകൾ വിടർന്നു
അവൻ എഴുനേൽക്കാൻ ഭാവിച്ചു
“നീ കിടന്നോ. അല്ലെങ്കിൽ വെണ്ട.”
അവൻ തന്നെ തലയിണ ഉയർത്തി കാളിയെ ചാരി ഇരുത്തി. അർജുൻ തന്നെ അവന് വാരി കൊടുക്കുന്നത് കൃഷ്ണ കണ്ട് നിന്നു
ഇതെന്ത് അത്ഭുതം
ജീവിതത്തിൽ തന്നോടല്ലാതെ ആരോടും സെന്റിമെന്റ്സ് അവൻ കാണിക്കുന്നത് അവൾ കണ്ടിട്ടില്ല. ഈശ്വര കാക്ക വല്ലോം അവൾ പുറത്തോട്ട് നോക്കി. ഈ മനുഷ്യൻ അതോ ഇത് വരെ നോർമൽ ആയില്ലേ
അവൾ കണ്ണ് മിഴിച്ച് അങ്ങനെ നിന്നു
കാളിക്ക് ചെറിയ ഒരു നാണം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അർജുൻ തമാശകൾ കൊണ്ട് അത് വേഗം മാറ്റി
കൃഷ്ണ അവന്റെ അമ്മയുടെ അടുത്ത് ഇരുന്നു. അവരിടയ്ക്ക് തന്റെ ഒഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഇരുന്നു
“പേരെന്താ ചേച്ചി?”
“കണ്ണകി “
കൃഷ്ണയുടെ കണ്ണുകൾ വിടർന്നു
കണ്ണകി കൊള്ളാല്ലോ പേര്
“നല്ല പേരാണ് “
അവർ മെല്ലെ ഒന്ന് ചിരിച്ചു
“എന്റെ പേര് കൃഷ്ണ. ഇത് അർജുൻ
എന്റെ ഭർത്താവ് ആണ് “
“മോൻ പറഞ്ഞിട്ടുണ്ട് “
അവർ മെല്ലെ പറഞ്ഞു
“ഇന്ന് ജോലിക്ക് പോകണ്ടേ?”
അവർ മൂളി
“എങ്കിൽ പൊയ്ക്കോ. ഞങ്ങൾ ഇവിടെ ഇരുന്നോളാം. വൈകുന്നേരം അവനെ മിക്കവാറും അങ്ങ് വിടും. ട്രിപ്പ് ഒക്കെ. കയറി ക്ഷീണം മാറുമ്പോ ആള് ഉഷാറാകും “
അവർ തല കുലുക്കി
“വെറുതെ ഒരു ദിവസത്തെ ജോലി കളയണ്ട “
കൃഷ്ണ വീണ്ടും പറഞ്ഞു. അവർ പോയി
കൃഷ്ണയും അർജുന്റെ അരികിൽ പോയി ഇരുന്നു
“എടാ നീ വലിയ ഡോക്ടർ ആകാൻ പഠിക്കണം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആളല്ലേ. പനി വന്നാൽ മരുന്ന് കഴിക്കണം എന്ന് അറിഞ്ഞൂടെ?”
“സാധാരണ ചുക്ക് കാപ്പിയിൽ തീരും ചേച്ചി. അതാണ് അത് കഴിച്ചു കിടന്നേ. പിന്നെ റിസോർട്ടിൽ ആൾക്കാർ വന്നു തുടങ്ങി. സീസൺ ആയി ഇവിടെ. വെക്കേഷനല്ലേ? അവർക്ക് സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്ന പണി ചെയ്യാമോന്ന് അതിന്റെ മാനേജർ ചോദിച്ചു. കാശ് കിട്ടും. ഒരു ജോലിയായിട്ട് ചെയ്യണതാ. വെക്കേഷൻ ടൈം അല്ലെ..അങ്ങനെ ഇത് വെച്ചോണ്ട് കാട്ടിൽ പോയി. അതാണ് കൂടിയത്.”
കൃഷ്ണ അവനെ തന്നെ നോക്കിയിരുന്നു
“വെക്കേഷന് ജോലി ചെയ്തു ഉണ്ടാക്കുന്ന കാശ് കൊണ്ട ഞാൻ അടുത്ത കൊല്ലം പഠിക്കാനുള്ള എല്ലാം വാങ്ങുന്നത്..പുസ്തകം ഒക്കെ ഗവണ്മെന്റ് തരും. പക്ഷെ അടുത്ത രണ്ടു വർഷം അത് പോരാ. ടൗണിൽ പോയി പഠിക്കുന്നതിനു ചിലവുണ്ട് ചേച്ചി. ഈ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം പണി ചെയ്തു കിട്ടുന്ന കാശ് മതി. ഒരു പനീ വന്നു നശിപ്പിച്ച് അത് “
കൃഷ്ണയ്ക്ക് അവൻ താൻ തന്നെ ആണെന്ന് തോന്നി. മറ്റുള്ളവരുടെ വീടുകളിൽ പോയി ജോലി ചെയ്തു പഠിച്ചിരുന്ന ആ കാലം അവൾക്ക് ഓർമ്മ വന്നു
അവൻ താൻ തന്നെ ആണ്. കൃഷ്ണയുടെ കണ്ണ് നിറഞ്ഞുഅവൾ മെല്ലെ മുറിയിൽ നിന്നിറങ്ങി പോയി
അർജുന് അവൾ എന്താ ഓർക്കുന്നതെന്ന് മനസിലായി
അവൻ കാളിയുടെ നേരേ തിരിഞ്ഞു
“ചുവരുണ്ടെങ്കിലേ ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കു “
കാളി ചിരിച്ചു
“നീ അസുഖം നന്നായി മാറിയിട്ട് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ രണ്ടിരട്ടി പണി കിട്ടും.”
“ശരിയാ. എന്റെ ദൈവമേ നടക്കാൻ പോലും വയ്യാതായി പോയി. ഇങ്ങനെ ഒരെണ്ണം ജീവിതത്തിൽ ആദ്യമായിട്ടാ എനിക്ക് വരുന്നത്. സാധാരണ ഒരു പനി വരും അമ്മ ചുക്ക് കാപ്പിയോ മരുന്ന് കാപ്പിയോ ഇട്ട് തരും ഒന്നോ രണ്ടോ നേരം കുടിക്കും. അത് പോകും
ഇതിപ്പോ വീണു പോയി, “
“സാരമില്ലടാ ചിലപ്പോൾ ഇത് സാധാരണ പനി ആവില്ല. പല രൂപത്തിൽ ഇപ്പൊ പനികൾ ഇറങ്ങിയിട്ടുണ്ടല്ലോ. അതാവും”
കാളി അർജുനെ നോക്കി കിടന്നു. ആദ്യം കണ്ടപ്പോ ഭയങ്കര ഗൗരവക്കാരാനാണ് എന്നാണ് തോന്നിയത്. ചേച്ചി പാവമാണ്. ഇത് പക്ഷെ ഒരു മുരടൻ ആണല്ലോ എന്ന് വിചാരിച്ചു വെച്ചിരുന്നു. പക്ഷെ ഇത്രയും പാവം ആണെന്ന് അറിഞ്ഞില്ല
വലിയ കാർ ഒക്കെ ഉണ്ടല്ലോ. അവരുടെ വീട്ടിൽ കാർ കണ്ടിട്ടില്ല. അപ്പൊ ഈ കാർ എവിടെ കിടന്നു കാണും
“സാറിന്റെ ആണോ ആ കാർ?”
“ഏത് ഇപ്പൊ വന്നതോ?”
“ആ “
അർജുൻ ഒന്ന് മൂളി
“ശരിക്കും?”
അർജുൻ ചിരിച്ചു
“റേഞ്ച് റോവർ അല്ലെ അത്?’
“ആഹാ നീ അതൊക്കെ ശ്രദ്ധിച്ചോ അതിന്റെ ഇടയിലും “
“ഇവിടെ ആർക്കും ആ കാറില്ല സാറെ. എനിക്ക് കാർ കളക്ഷൻ ഉണ്ട് ട്ടോ. എന്ന് വെച്ചാ പടം. എല്ലാ കാറിന്റേം പടം അതിന്റെ മോഡൽ ഇറങ്ങിയ വർഷം
ഒക്കെ ഫയൽ ആക്കി വെച്ചിട്ടുണ്ട്
കണ്ട തന്നെ മനസിലാകും “
അർജുൻ പുഞ്ചിരിച്ചു
“അപ്പോ സർ വലിയ പണക്കാരനാ അല്ലെ, എന്നിട്ടാണോ ചെറിയ കച്ചവടം എന്നൊക്ക പറഞ്ഞത്?”
അർജുൻ ചിരിച്ചു പോയി
മരുന്നുമായി നഴ്സ് വന്നപ്പോ ആ സംഭാഷണം അവിടെ മുറിഞ്ഞു. കൃഷ്ണ അകത്തേക്ക് വന്നു. കാളിക്ക് കുറച്ചു ആശ്വാസം തോന്നിക്കുന്നുണ്ടായിരുന്നു
വൈകുന്നേരം ആയപ്പോൾ മരുന്നുകളും കുറച്ചു ബ്രെഡ് ഏത്തപ്പഴം കുറച്ചു വീട്ടു സാധനങ്ങൾ ഒക്കെ വാങ്ങി. കാളിയെയും കൊണ്ട് പുരയിൽ എത്തിച്ചു അവർ
“അമ്മ കുറച്ചു കൂടെ താമസിക്കും. അംഗനവാടിയിലെ ജോലി കഴിഞ്ഞു ഒന്ന് രണ്ടു വീട്ടിൽ പണിക്ക് പോണുണ്ട്. രാത്രി ആകും. നിങ്ങൾ പൊയ്ക്കോ “
“അത് സാരമില്ലഡാ ഞങ്ങൾക്ക്ഇപ്പൊ വീട്ടിലോട്ട് ചെന്നിട്ട് ഒരു അത്യാവശ്യവും ഇല്ല.”
സന്ധ്യ ആയപ്പോൾ കണ്ണകി വന്നു
“അയ്യോ സാറന്മാർ പോയില്ലേ. ഇവനെ ആക്കിയിട്ട് പോകാരുന്നു.”
അവർ പരിഭ്രമത്തിൽ പറഞ്ഞു
“അത് സാരമില്ല..”
“എന്നും പണിക്ക് പോകുന്ന വീട്ടിൽ പോയില്ലെങ്കിൽ അവർ വേറെ ആളെ വെയ്ക്കും. നമ്മുടെ കഷ്ടപ്പാട് അവർക്ക് അറിയണ്ട…കുറച്ചു കാശ് ഉണ്ടാക്കി വെയ്ക്കണം ഇവന് കുറേ പഠിക്കാൻ ഉള്ളതാ ഇനി രണ്ടു വർഷം. അതിന് ആണ് സാറെ ഞാൻ ഈ ഓടുന്നെ “
അർജുന്റെ മുഖത്തേക്ക് നോക്കി അവർ. അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു
“ഇവൻ മാത്രേയുള്ളു എനിക്ക്..ഡോക്ടർ ആവനാണ് ആഗ്രഹം. എന്നെ കൊണ്ട് കൂട്ടിയാൽ കൂടുമോന്ന് അറിയില്ലെങ്കിലും ഞാൻ അങ്ങ് ഓടുവാ..അവന്റെ ആഗ്രഹം നടക്കണം. മിടുക്കനാ സാറെ എന്റെ കുഞ്ഞ് “
അർജുൻ തലയാട്ടി
“ഞാൻ ഇച്ചിരി കാപ്പി ഇട്ട് തന്നാ കുടിക്കുമോ?”
അർജുൻ ഒന്ന് മൂളി. അവർ അകത്തേക്ക് കയറി പോയി
അർജുന്റെ ഹൃദയതിനെന്തോ സംഭവിക്കുന്നുണ്ടായിരുന്നു. അവന് അമ്മയെ ഓർമ്മ വന്നു. അവൻ മുറ്റത്തേക്ക് ഇറങ്ങി നിന്നു
കോടമഞ്ഞു നിറഞ്ഞു വരുന്നു. തണുപ്പ് ഉണ്ട്
“ഇന്നാ സാറെ കാപ്പി “
അവർ കൊടുത്ത കാപ്പി അവൻ മെല്ലെ ഊതി കുടിച്ചു
“കാളിയെ ഒരാഴ്ച വെളിയിൽ വിടരുത്. നല്ല ഇൻഫെക്ഷൻ ഉണ്ട്. അതായത് നല്ല അസുഖം ഉണ്ട്. തണുപ്പ് അടിക്കരുത് “
കൃഷ്ണ സ്നേഹത്തോടെ പറഞ്ഞു
അവർ വാങ്ങി കൊണ്ട് വന്ന സാധനങ്ങൾ അവരെ ഏൽപ്പിച്ചു. ഒരു കമ്പിളി പുതപ്പ് വാങ്ങിയിരുന്നു അർജുൻ
അവൻ അത് കാളിയെ പുതപ്പിച്ചു
“കിടന്നോ..അസുഖം മുഴുവൻ മാറിയിട്ട് വന്ന മതി “
കൃഷ്ണ മരുന്നുകൾ എല്ലാം അവനെ പറഞ്ഞു ഏൽപ്പിച്ചു
“മുഴുവൻ മരുന്നുകളും നീ സമയത്ത് എടുത്തു കഴിക്കണം “
അവൻ തലയാട്ടി. ഇറങ്ങുമ്പോൾ കണ്ണകിയും കുറച്ചു ദൂരം ചൂട്ടു കത്തിച്ച് വെളിച്ചം കാണിച്ച് ഒപ്പം വന്നു
“ഇനി. പൊയ്ക്കോളാം ചേച്ചി. ദോ അതാണ് വീട്”
കൃഷ്ണ പറഞ്ഞു. അവർ നിന്നു. കൃഷ്ണയും അർജുനും നടന്നു
കുറച്ചു നടന്നിട്ട് അർജുൻ തിരിച്ചു നടന്ന് അവർക്ക് അരികിൽ എത്തി. പേഴ്സ് എടുത്തു അതിലെ മുഴുവൻ നോട്ടുകളും എടുത്തു. അവരുടെ കൈ നിവർത്തി അതിൽ വെച്ചു കൊടുത്തു
“എത്ര ഉണ്ടെന്ന് അറിയില്ല. പോരെങ്കിൽ ഇനിയും തരാം. കാളിയെ റിസോർട്ടിൽ ജോലിക്ക് വിടണ്ട..അവൻ പഠിക്കട്ടെ…ഇനി രണ്ടു വർഷം അവൻ ഒരിടത്തും ജോലിക്ക് പോകരുത്…”
അവർ വിറയ്ക്കുന്ന കൈകൾ തുറന്നു. അഞ്ഞൂറിന്റെ കുറെയധികം നോട്ടുകൾ. അവർ കരഞ്ഞു കൊണ്ട് നിലത്തേക്ക് മുട്ട് കുത്തി
കൃഷ്ണ പെട്ടെന്ന് അവിടേയ്ക്ക് ഓടി വന്നു. അർജുൻ അവരെ പിടിച്ചു എഴുനേൽപ്പിച്ചു
“ഒരു അനിയൻ ആയിട്ട് കണ്ട മതി “
കണ്ണകി കൈ കൂപ്പി കൊണ്ട് പൊട്ടിക്കരഞ്ഞു. അർജുൻ അവരുടെ തോളിൽ ഒന്ന് തട്ടി ആശ്വസിപ്പിച്ചു
പിന്നെ കൃഷ്ണയേ ചേർത്ത് പിടിച്ചു തിരിച്ചു നടന്ന് തുടങ്ങി
തുടരും….