രാവിലെ നേരെത്തെ എഴുന്നേറ്റു കൃഷ്ണ. നേരെത്തെ ജോലിയൊക്കെ തീർത്തു. അർജുന്നും ഒപ്പമുണ്ടായിരുന്നു.
ദുർഗ നല്ല ഉറക്കം. ജയറാം ദുർഗയെ ഒന്ന് തട്ടി വിളിച്ചു
“കുറച്ചു നേരം കൂടി എന്റെ പൊന്ന് ഏട്ടാ. ഇവിടെ എന്താ തണുപ്പ് “
ദുർഗ പുതപ്പ് വലിച്ചു മൂടി. അയാൾക്ക് ചിരി വന്നു
ജയറാം എഴുന്നേറ്റു ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോ അർജുന്നും. കൃഷ്ണയും അടുക്കളയിൽ പാചകം ഒക്കെ കഴിഞ്ഞു ക്ലീനിങ്.
“അച്ഛന് ഇന്ന നല്ല ഇലതേയില ഇട്ട ചായ. സൂപ്പർ ആണ് “
അർജുൻ ചായ കൊടുത്തു
“ഹോ ഗംഭീരം.”
ജയറാം അത് ആസ്വദിച്ചു കുടിച്ചവനെ നോക്കി
“നീയാണോ ഉണ്ടാക്കിയത്? “
“യെസ്. ചായ, ബ്രേക്ക് ഫാസ്റ്റ് ഞാൻ ഉച്ചക്ക് ലഞ്ച് ഇവൾ. രാത്രി ഞങ്ങൾ രണ്ടും കൂടി “
“ആഹാ വെൽ പ്ലാനിങ് ആണല്ലോ. ഡിവിഷൻ ഒക്കെ കൃത്യം.”
“അത് കൃഷ്ണയുടെ പ്ലാൻ ആണ്. എല്ലാം തുല്യം “
ജയറാം ഒന്ന് പുഞ്ചിരിച്ചു
“വെയിൽ ഉദിച്ചു വരുമ്പോൾ ശരിക്കും ഒരു പത്തു മണിയാകും. അപ്പൊ നമുക്ക് നടക്കാൻ ഇറങ്ങിയാൽ കുറച്ചു ദൂരം കണ്ടിട്ട് 12ആകുമ്പോൾ വരാം.പിന്നെ ഒരു നാലു മണിക്ക് പോയ് മതി.,”
“ഓക്കേ ഞങ്ങൾക്ക് നാളെ പോകണം
രണ്ടു പേർക്കും സർജറി ഡേ ആണ് മറ്റെന്നാൾ. ഇത് വല്ലതും ഓർക്കുന്നുണ്ടോ അർജുൻ?”
അർജുൻ ചിരിച്ചു
“ഞാൻ ഒന്നും ഓർക്കുന്നില്ല. ഓർക്കാൻ ഇപ്പൊ ഇഷ്ടം ഇല്ല. അതാണ് “
“അത് നിന്റെ ജീവിതം ആണ് അർജുൻ “
ജയറാം മെല്ലെ പറഞ്ഞു
കൃഷ്ണ അടുക്കളയിൽ ആയിരുന്നു. അവർ പുറത്തും
“എന്റെ ജീവിതം എന്തായിരുന്നു അച്ഛാ കൃഷ്ണയെ കാണുന്ന വരെ?”
അവൻ ദൂരേക്ക് നോക്കി
“അത് ഒരു ജീവിതം ആയിരുന്നോ? അല്ല ഉറപ്പാണ്. അത് ജീവിതം ആയിരുന്നില്ല. അങ്ങനെ മൃ- ഗങ്ങളെ പോലെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ കൃഷ്ണ വന്നു. സ്നേഹിച്ചു അപ്പോഴേക്കും ജീവിതം അതിന്റെ ഭംഗിയുള്ള കാഴ്ചകൾ ഒക്കെ കാണിച്ചു തുടങ്ങി. പിന്നെ കല്യാണം ഒരു വർഷം ആശുപത്രിയിൽ കഴിഞ്ഞ നാളുകൾ…ഇപ്പൊ ഒരു മാസമാവുന്നു സ്വസ്ഥമായി ഞാൻ..ഒരു മൂന്ന് മാസം മിനിമം ഞാൻ ഇവിടെ തന്നെ. എനിക്ക് ഒരു കുഞ്ഞു വേണം. അത് എന്റെ ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ ഉണ്ടാവരുത്. സമാധാനം ആയിട്ട് എന്റെ കൃഷ്ണയെ മുഴുവൻ സമയം സ്നേഹിച്ചിട്ട് അതിനിടയിൽ ജനിക്കുന്ന ഒരു കുഞ്ഞു വേണം. അവൾ പ്രെഗ്നന്റ് ആയാലും മൂന്ന് മാസം ഞാൻ അവളെയും കൊണ്ട് നാട്ടിൽ വരില്ല. അത് കഴിഞ്ഞേ വരു. എന്റെ കൃഷ്ണ ഗർഭിണി ആയിട്ടേ ഞാൻ ഇനി അങ്ങോട്ട് വരു. അവളുടെ പ്രസവം വരെ ഞാൻ ഒത്തിരി തിരക്കിലേക്ക് പോകുകയുമില്ല
ഒപ്പമുണ്ടാകും. എന്ന് വെച്ച് ഞാൻ ബിസിനസ് ചെയ്യാതിരിക്കില്ല
ചെയ്യും. ഇവിടെ തന്നെ ഒന്ന് രണ്ടു പ്രൊജക്റ്റ് ഉണ്ട്. നോക്കണം..ഓൺലൈൻ മീറ്റിംഗ്സ് ഇടക്ക് അവൾ ഉറങ്ങുമ്പോൾ നടക്കാറുണ്ട്. ഒരു റിസോർട്, ഒരു ഹോസ്പിറ്റൽ. പ്ലോട്ട് നോക്കുന്നു. ഏകദേശം ശരിയാവുന്നുണ്ട്
ഡാഡി ബാക്കിയൊക്കെ ചെയ്യുന്നുണ്ട്.
നാട്ടിൽ നിന്ന് മാനേജർസ് അഡ്വക്കേറ്റസ് ഒക്കെ വരും.. കൃഷ്ണ അറിയണ്ട തത്കാലം..ഒരു മൂന്ന് വർഷം കൊണ്ട് ഓൺ ആകുന്ന പ്രൊജക്റ്റ് ആണ്. പതിയെ മതി. തിരക്കില്ല. “
ജയറാം അതിശയത്തോടെ അവനെ നോക്കി
ഇവൻ സത്യത്തിൽ ആരാണ്? എത്ര മുഖമാണ്? ഒരേ സമയം എന്തൊക്ക ആണ് ആ തലയിൽ കൂടി ഓടുന്നത്.? “
ഈശ്വര. തന്നെ കൊണ്ട് പറ്റില്ല ഇതൊന്നും
“കൃഷ്ണ അറിഞ്ഞാൽ എന്താ അർജുൻ.?”
“അവൾ പിന്നെ അറിഞ്ഞ മതി. അല്ലെങ്കിൽ ദേഷ്യം വരും. അവളെ ശ്രദ്ധിക്കില്ല എന്ന് പറഞ്ഞു വഴക്ക്.ഇടും പാവം. അവൾ ഇപ്പൊ ഒന്നും അറിയണ്ട.”
“എന്താ അച്ഛനും മോനും കൂടി തനിച്ച് ഒരു പരദൂഷണം?’
ദുർഗ പിന്നിൽ…
“ഞങ്ങൾ ആണുങ്ങൾ പരദൂഷണം പറയാറില്ല മാഡം അതൊക്ക നിങ്ങളുടെ ഡിപ്പാർട്മെന്റ് ആണ് “
ജയറാം തിരിച്ചടിച്ചു
കൃഷ്ണ അർജുന്റെ അരികിൽ വന്നു നിന്ന് ആ കയ്യിൽ മെല്ലെ പിടിച്ചു വലിച്ചു
അർജുൻ എന്താ എന്ന് കണ്ണ് കാണിച്ചു
വാ എന്ന് വീണ്ടും…
അർജുൻ അവൾ വിളിച്ച ഇടത്തേക്ക് പോയി. പൂച്ച പ്രസവിച്ചു കിടക്കുന്നു. ഷെഡിൽ ആണ്
“ഉയ്യോ ഇതെപ്പോ?”
അവൾ ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു
“നാല് കുഞ്ഞുങ്ങൾ ഉണ്ട് ” അവൾ അടക്കി പറഞ്ഞു
“ഇത് ഗർഭിണി ആയിരുന്നോ അറിഞ്ഞില്ലല്ലോ “
അർജുൻ പറഞ്ഞു
“അതിന് വലിയ വയർ ഇല്ലാരുന്നുട്ടോ അതാ അറിയാഞ്ഞത്. പൂച്ച പ്രസവിക്കുന്നത് നല്ലതാ അപ്പുവേട്ടാ. നല്ല കാര്യം നടക്കും,
“എന്റെ സുന്ദരി പൂച്ചയും വേഗം ഗർഭിണി ആവു. നമുക്കും ഇത് പോലെ മൂന്നാല് കുഞ്ഞുങ്ങൾ വേണ്ടേ?”
കൃഷ്ണയുടെ കണ്ണ് മിഴിഞ്ഞു
“മൂന്നാലോ? ഉയ്യോ “
“എടി ഒറ്റ പ്രസവത്തിനല്ലാടി. മൂന്നാല് തവണ ആയിട്ട് മതി “
“ങേ?”
അർജുൻ ചുറ്റും ഒന്ന് നോക്കിയിട്ട് അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു
“ഒരു മൂന്ന് എങ്കിലും പ്ലീസ് ഡി “
കൃഷ്ണക്ക് ചിരി വന്നു
“അത്ര ഇഷ്ടം ആണോ കുഞ്ഞുങ്ങൾ?”
“ഉം “
“പെണ്ണോ. ആണോ.?”
“ആരെങ്കിലും മതി.”
കൃഷ്ണ പൊട്ടിച്ചിരിച്ചു
“ഇത് വരെ പീരിയഡ് ആയിട്ടില്ല ട്ടോ “
അർജുന്റെ മുഖം വിടർന്നു
“ആണോടി “
“ആ ചിലപ്പോൾ ഒന്ന് രണ്ടു ദിവസം മുന്നോട്ട് പോകും പക്ഷെ ഇതിപ്പോ ഒരാഴ്ച ആയി. ഒരാഴ്ച കൂടി നോക്കിട്ട് നമുക്ക് പ്രെഗ്നൻസി കിറ്റ് വാങ്ങിച്ച് നോക്കാം “
“ദൈവമേ ആയിരിക്കണേ “
കൃഷ്ണ ചിരിച്ചു പോയി.
“ഈ ചെക്കൻ. വാ ഭക്ഷണം കഴിക്കണ്ടേ
അച്ഛനെയും അമ്മയെയും കൂടി വിളിക്ക്”
അവൻ ഒന്ന് നടന്നു പെട്ടെന്ന് തിരിഞ്ഞു നോക്കി
“നീ എന്താ പറഞ്ഞത്?”
“അച്ഛനെയും അമ്മയെയും കൂടി വിളിക്ക്. എന്ന് “
അവൻ ഒരു നിമിഷം നിശബ്ദനായി
“കൃഷ്ണ…എനിക്ക് ദുർഗ ആന്റിയെ ഇഷ്ടമാണ്. പാവം ആണ്. എന്റെ അച്ഛനെ സ്നേഹിച്ചു ജീവിച്ചവളാണ്. ഞാൻ അവരുടെ ഈ ബന്ധം അംഗീകരിച്ചു താനും. പക്ഷെ എന്റെ അമ്മ അനുപമയാണ്. അമ്മ എന്ന് ഞാൻ വിളിച്ചിട്ടുള്ളത് പലരെയും ഉണ്ടാകും. നിന്റ അമ്മയെ ദീപുവിന്റെ അമ്മയെ ഒക്കെ ഞാൻ അമ്മ എന്നാ വിളിക്കുക. പക്ഷെ എന്റെ അച്ഛന്റെ ഭാര്യയെ ഞാൻ അമ്മ എന്ന് വിളിക്കുമ്പോൾ. എന്റെ അമ്മ ആരായെടി? ഒരിക്കലും ഞാൻ അത് വിളിക്കില്ല. എന്റെ അമ്മ അനുപമയാണ്. ഞാൻ ഹൃദയത്തിൽ നിന്ന് അമ്മേ എന്ന് വിളിച്ചത് എന്റെ അമ്മേ മാത്രം ആണ്. എന്റെ അമ്മ എന്നെ സ്നേഹിച്ച പോലെ നീ മാത്രമേ എന്നെ സ്നേഹിച്ചിട്ടുള്ളു. ഇനിയാര് വന്നാലും എത്ര സ്നേഹിച്ചാലും എന്റെ അമ്മയ്ക്ക് പകരമാവില്ല.. എന്റെ അമ്മ പതിനഞ്ച് വർഷം തന്ന സ്നേഹം മാത്രം മതിയെടി എനിക്ക് മരണം വരെ അമ്മയില്ലാതെ ജീവിക്കാൻ. പക്ഷെ എന്റെ അച്ഛന് ഒരു കൂട്ട് വേണം. അത് അച്ഛൻ സ്നേഹിക്കുന്ന ആൾ ആവട്ടെ നല്ലത്. പക്ഷെ അർജുൻ ജയറാം അല്ല. ഞാൻ ആരുടെയും സ്ഥാനം റീപ്ലേസ് ചെയ്യില്ല. നീ നാളെ മരിച്ചു പോയി അർജുൻ ജീവിക്കുന്നു എന്നിരിക്കട്ടെ.അങ്ങനെ ഉണ്ടാവില്ല. എന്നാലും ഒറ്റ പെണ്ണും നിന്റെ സ്ഥാനത്തു വരില്ല കൃഷ്ണ. ഞാൻ ആ കാര്യത്തിൽ എന്റെ ഡാഡിയെ പോലെ. ആണ്. ഓരോരുത്തരും കയ്യടക്കിയ സ്ഥാനം അവർ പോയാലും ഒഴിഞ്ഞു കിടക്കും. അവിടെ വേറെ ഒരാളെ കയറ്റി ഇരുത്താൻ അർജുന് മനസില്ല
കൃഷ്ണ വല്ലാതായി
“മോനു വിഷമം ആയോടാ സോറി ” അവൾ അവനെ കെട്ടിപിടിച്ചു.
“ശേ ഇല്ലടി..ദേ നോക്ക് ഇല്ല “
കൃഷ്ണയുടെ മുഖം അവൻ കയ്യിൽ എടുത്തു
അവളുട കണ്ണുകൾ നിറഞ്ഞു കഴിഞ്ഞു. അവൻ അവളുട മിഴികളിൽ മെല്ലെ ചുണ്ട് അമർത്തി
“അർജുനെ മോൾക്ക് ശരിക്കും അറിയില്ല കൃഷ്ണ…ഇനിയു ഒരു പാടുണ്ട് അറിയാൻ പഠിക്കാൻ ഒക്കെ “
അവൻ മന്ത്രിച്ചു. അപ്പൊ കൃഷ്ണയ്ക്കും തോന്നിയത്. താൻ കാണുന്ന തന്റെ മുന്നിലോ അങ്കിളിന്റെ മുന്നിലോ ഉള്ള അർജുൻ അല്ല ശരിക്കും ഉള്ള അർജുൻ
അത് മഹാവിഷ്ണുവിന്റെ ദശവതാരം പോലെ. ഓരോ സമയം ഓരോന്ന്. ഓരോ ആളുടെ മുന്നിൽ ഓരോ അവതാരം
തന്റെ മുന്നിൽ രാധയുടെ കൃഷ്ണനെ പോലെയാണ്. പ്രണയലോലൻ
ദീപു ചേട്ടന്റെ മുന്നിൽ ഒക്കെ കുച്ചേലന്റെ കൃഷ്ണനാവും നല്ല കൂട്ടുകാരൻ
പക്ഷെ ശത്രു ആയാൽ നരസിംഹം തന്നെ
ദേഷ്യം വന്നാൽ തീർന്നു
അവൾ മുഖം ഉയർത്തി ആ കവിളിൽ ചുംബിച്ചു
“സോറി “
“ഇല്ലടി സാരമില്ല…നിനക്ക് നിന്റെ അപ്പുവേട്ടനെയല്ലയറിയു? അവൻ പാവം. ഇത് അർജുൻ. തെമ്മാടി “
അവൻ ചിരിച്ചു. പിന്നെ കൃഷ്ണയെ ചേർത്ത് പിടിച്ച് അവർക്ക് അരികിലേക്ക് പോയി. ഭക്ഷണം കഴിഞ്ഞു അവർ സ്ഥലം കാണാൻ പോയി.
“ഈ സ്ഥലം പുൽപ്പള്ളിക്ക് അടുത്താണോ”
“അടുത്താണ് “
“പണ്ട് ഒരു ഡോക്ടർ നമ്മുട ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു ഒരു പുൽപള്ളിക്കാരി. കല്യാണം കഴിഞ്ഞു ഇപ്പൊ വെളിയിൽ ആണ് “
“ഓർമ്മയില്ല. അവിടെ ഒരു സീത ദേവിയുടെ ക്ഷേത്രം ഉണ്ട് പോയാലോ.?” അർജുൻ ചോദിച്ചു
“ഇതൊക്ക നിനക്ക് എങ്ങനെ
അറിയാം ” ജയറാം അത്ഭുതം കൂറി
അർജുൻ അതിനെ കുറിച്ച് വായിച്ചിട്ടുണ്ട്. അതിനെ കുറിച്ച് മാത്രം അല്ല. ഇവിടേക്ക് വരുന്നതിനു മുന്നേയുള്ള രണ്ടു മാസം അവൻ വയനാടിനെ കുറിച്ചു തന്നെ പഠിച്ചു
ഇവിടെ ഉള്ള കോൺടാക്ട്സിനോടെല്ലാം പലതും ചോദിച്ചു മനസിലാക്കി. പലരും കാണാൻ വന്നോട്ടെ എന്ന് ചോദിച്ചു. അത് മാത്രം വേണ്ട എന്ന് പറഞ്ഞു. ഫാമലി ടൈം ആണ് എന്ന് പറഞ്ഞപ്പോ മനസിലായി
അവർ യാത്ര തുടർന്ന്
അച്ഛനും ആന്റിയും ഉള്ളത് കൊണ്ട് കാറിൽ ആയിരുന്നു
“ഇതാണ് സീത ലവ കുശ ക്ഷേത്രം
വളരെ ഫേമസ് ആണ്. സീത ദേവി ഇവിടെ ആണ് മക്കളായ ലവനെയും കുശനെയും കൊണ്ട് ജീവിച്ചതത്രേ. എനിക്ക് തോന്നുന്നു കേരളത്തിൽ വേറെ ഇങ്ങനെ പ്രതിഷ്ഠ ഇല്ലന്ന്. അത് കൊണ്ട് തന്നെ പ്രസിദ്ധമാണ് “
അർജുൻ ഒരു ഗൈഡിനെ പോലെ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു
കൃഷ്ണ വിടർന്ന കണ്ണുകളോടെ അത് കേട്ട് നിന്ന് പോയി. ശരിക്കും പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഒരാളാണ് അർജുൻ എന്ന് പലപ്പോഴും അവൾക്ക് തോന്നിയില്ല. നാലഞ്ച് ഭാഷകൾ നന്നായി സംസാരിക്കും. ഇംഗ്ലീഷ് ഹിന്ദി തമിഴ് കന്നഡ ഒക്കെ ഉഗ്രൻ ആയിട്ട് പറയും
നന്നായി വായിക്കും. ഇംഗ്ലീഷ് മലയാളം എല്ലാം. ഒരു പാട് പുസ്തകം കളക്ഷൻ ഉണ്ട്. കൃഷ്ണയുടെ ഒപ്പമല്ലെങ്കിൽ വായന ആണ് ഏറ്റവും ഇഷ്ടം. അത് കൊണ്ട് തന്നെ അവനു നല്ല ജ്ഞാനം ഉണ്ട്
തനിക്ക് അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിയാം. ഇപ്പോഴാണതു കൂടുതൽ മനസിലായത്
ഇപ്പോഴാണ് പരസ്പരം ഒത്തിരി സംസാരിക്കുന്നത്. മുഴുവൻ സമയം സംസാരം ആണ്. അവൻ ഒരുപാട് സംസാരിക്കും. ഇപ്പൊ അത് കേട്ടിരിക്കലാണ് അവളുട മെയിൻ പണി
ഓരോരുത്തരെയും അറിയാൻ എത്ര കാലം എടുക്കും? അറിഞ്ഞത് മുഴുവൻ ശരിയാണോ? ഇനിയും എത്രയോ അറിയാനുണ്ട്?
അർജുൻ കൃഷ്ണയെ നോക്കി. ശൂന്യമായ മിഴികൾ. എന്തോ ആലോചിച്ചു കൂട്ടുന്നുണ്ട്. അച്ഛനും ദുർഗ ആന്റിയും ക്ഷേത്രം ഒന്ന് ചുറ്റി നടന്നു കാണാൻ പോയി
അർജുൻ കൃഷ്ണയ്‌ക്കരികിൽ വന്നു
“എന്താ ഡി?”
“ഞാൻ വെറുതെ ആലോചിച്ചു നോക്കുവാരുന്നു ട്ടോ അപ്പുവേട്ടന്റെ കാര്യം. എന്താ അറിവ്?”
അവൻ പൊട്ടിച്ചിരിച്ചു
“ഈ ക്ഷേത്രത്തെ കുറിച്ചു പറഞ്ഞതാണോ? അത് ഗൂഗിളിൽ സേർച്ച് ചെയ്തു വായിച്ചതാ “
“ഗൂഗിൾനോക്കെ ഒരു ലിമിറ്റ് ഇല്ലേ?”
“പോടീ. വാ ക്ഷേത്രത്തിൽ തൊഴുതിട്ട് വരാം. ലവകുശന്മാരെ പോലെ രണ്ടു പേര് ഉണ്ടാകട്ടെ. നീയും ആത്മാർത്ഥമായി പ്രാർത്ഥിച്ചോ ട്ടോ “
അവൾ കൗതുകത്തിൽ അവനെ നോക്കി
“രാമൻ സീതയെ ഉപേക്ഷിച്ച പോലെ എന്നെ ഉപേക്ഷിച്ചു കളയുമോ”
അവൾ കളിയിൽ ചിരിച്ചു
“അതിനു ഞാൻ ശ്രീരാമൻ അല്ലല്ലോ. ഞാൻ അസുരനാണ്..ദേവനല്ല. എനിക്ക് നീതി ധർമം ന്യായം ഒന്നുമില്ല. അർജുന് സ്വന്തം ന്യായം സ്വന്തം കോടതി സ്വന്തം നിയമം. അർജുൻ അവന്റെ പെണ്ണിനെ ഉപേക്ഷിച്ചു കളയില്ല….ആ പെണ്ണ് അർജുന്റെ ജീവിതം ആണ്.. ജീവൻ “
കൃഷ്ണയുടെ കണ്ണ് നിറഞ്ഞു
“എന്റെ കൊച്ചേ നിന്റെ ഭർത്താവ് ആയി പോയതാ ഞാൻ അല്പം എങ്കിലും മര്യാദക്ക് ജീവിക്കുന്നതിന്റെ കാരണം കേട്ടോ. വാ “
അവൻ അവളെ കൂട്ടിക്കൊണ്ട് ക്ഷേത്രത്തിനകത്തേക്ക് പോയി
കാഴ്ചകൾ കണ്ടു നടക്കുമ്പോൾ കൃഷ്ണ അർജുനെ തോണ്ടി പിന്നെ മുന്നിലേക്ക് കാണിച്ചു കൊടുത്തു
ജയറാമിന്റെ ചെറു വിരലിൽ വിരൽ കോർത്തു കൊണ്ട് ചേർന്ന് നടക്കുന്ന ദുർഗ
കടും പച്ച സാരിയിൽ ആ അഴക് ജ്വലിക്കുന്നുണ്ടായിരുന്നു
ജയറാം ഇളം റോസ് നിറത്തിലുള്ള ഒരു ഷർട്ട് മുണ്ട്
ഇപ്പൊഅവന്റെ അച്ഛൻ ആണെന്ന് പറയില്ല..അത്രേ ചെറുപ്പം
അവർ നടന്നു പോകുമ്പോൾ അർജുൻ വീണ്ടും ആ വിരലുകളിൽ നോക്കി. കോർത്തു പിടിച്ചിരിക്കുന്ന വിരലുകൾ
ഉള്ളിൽ നേർത്ത ഒരു വേദന അവനെ പൊതിഞ്ഞു
അമ്മ ഉണ്ടായിരുന്നെങ്കിൽ, ആ വിരലുകൾ അമ്മയുടേതായേനെ
“അങ്ങനെ ചിന്തിക്കേണ്ട അപ്പുവേട്ടാ “
അവൻ ഞെട്ടലോടെ കൃഷ്ണയേ നോക്കി
“അമ്മയുണ്ടായിരുന്നെങ്കിൽ ഈ സ്ഥാനത്തു അമ്മ ആയിരിക്കും എന്നല്ലേ ഓർത്തത്?”
അവന്റെ കണ്ണ് നിറഞ്ഞു പോയി
“അങ്ങനെ ഇനി ചിന്തിക്കരുത്. അമ്മയുടെ ആയുസ്സ് അത്രേ ഉണ്ടായിരുന്നുള്ളു. അത് അവസാനിച്ചു. അത് ഭൂതകാലമാണ്. നമ്മുടെ മനസ്സിൽ മാത്രം ആണ് അത് വർത്തമാനകാലം. ദുർഗ ഡോക്ടർക്ക് ദൈവം ഒരു ദാനം കൊടുത്തതാണ് ഇപ്പൊ. പ്രണയം ഉള്ളിൽ അമർത്തി ഈ ഇരുപത്തിയഞ്ചു വർഷങ്ങൾ അന്യയെ പോലെ ജീവിച്ചില്ലേ? ഉരുകി കാണില്ലേ? താൻ സ്നേഹിച്ച പുരുഷൻ കണ്മുന്നിൽ ഉണ്ട്. പക്ഷെ സ്വന്തം അല്ല. നീറി നീറി ജീവിച്ചു കാണും. അത് കണ്ട ദൈവം തീരുമാനിച്ചതാണ് ഈ ജീവിതം. നെഗറ്റീവ് ഒരു ചിന്ത പോലും അവരെ ബാധിക്കും. എനിക്ക് അറിയാം ഒരു മകന് അമ്മ എന്നും അമ്മ തന്നെ. വേറെ എത്ര സ്നേഹം കിട്ടിയാലും അമ്മ…അത് വേറെ. പക്ഷെ അമ്മ ഇന്നില്ല…
എന്റെ പൊന്നിന് ഞാനില്ലേ അമ്മയായിട്ട്… ഉം?”
ആ ഇടനാഴിയിൽ വെച്ച് അർജുൻ കൃഷ്ണയേ കെട്ടിപ്പുണർന്ന് വിങ്ങി കരഞ്ഞു..കൃഷ്ണ അർജുന്റെ അമ്മയായി, ആ നേരം
അവളവന്റെ അമ്മ മാത്രം ആയി
തുടരും…