കേരളത്തിൽ വീണ്ടും മാവോയ്സ്റ്റ് ആക്രമണം
ന്യൂസ് ചാനലുകളിൽ വീണ്ടും വാർത്തകൾ നിറഞ്ഞു. പോലീസ് പതിവ് പോലെ പല വഴിക്കായി പാഞ്ഞു. കുറെ പേരെ ചോദ്യം ചെയ്തു
കർണാടക വനത്തിൽ പ്രതികൾ ഉണ്ട് എന്ന് വാർത്ത വന്നത് കണ്ട് അർജുൻ ചിരിച്ചു
പ്രതികൾക്കായി കർണാടകയിലേക്ക്. മരിച്ചു പോയ പോലീസ്കാരുടെ കുടുംബത്തിന് സർക്കാർ വക ധനസഹായം.
അതങ്ങനെ നീണ്ടു…
ഒരാഴ്ച കഴിഞ്ഞു. എല്ലാം ഒന്ന് ഒതുങ്ങി എന്ന് തോന്നിയപ്പോ അവർ തിരിച്ചു വരാൻ തീരുമാനിച്ചു
“ഒരു മാസം കഴിഞ്ഞു അല്ലെ അപ്പുവേട്ടാ “
അന്ന് രാത്രി അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു കൃഷ്ണ ചോദിച്ചു
അർജുൻ ഒന്ന് മൂളി
“നമുക്കെ കാളിയെയും അമ്മയെയും നമ്മുടെ കൂടെ കൊണ്ട്. പോയാലോ?”
അവൻ അവളുട മുഖത്ത് നോക്കി
“അവനു അവിടെ പഠിക്കാമല്ലോ
ഹോസ്പിറ്റലിൽ എന്തെങ്കിലും ജോലി കൊടുക്കാം ആ ചേച്ചിക്ക്. ക്ലീനിങ്ങോ മറ്റൊ “
“അവർ ഈ കാട് വിട്ടു വരുമോ?”
“നമുക്ക് ചോദിച്ചു നോക്കാം.”
പിറ്റേന്ന് രാവിലെ അവർ വിളിച്ചതനുസരിച്ച് കാളിയും അമ്മയും എത്തി
“നിങ്ങൾ ഞങ്ങളുടെ കൂടെ വരുന്നോ ചേച്ചി? ഒരു ജോലി ശരിയാക്കി തരാം ഇവന് പഠിക്കാൻ ഉള്ള സൗകര്യവും ചെയ്തു തരാം. നാട്ടിൽ നിങ്ങൾക്ക് ഈ കാട്ടിൽ നേരിടേണ്ടി വന്ന ഒരു പ്രശ്നവും ഉണ്ടാവില്ല..”
കൃഷ്ണ പറഞ്ഞത് കേട്ട് ആ സാധു സ്ത്രീയുടെ കണ്ണ് നിറഞ്ഞൊഴുകി
കാളിക്ക് വലിയ സന്തോഷം ആയി
“എടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോളൂ..”
കൃഷ്ണ പറഞ്ഞു. അവർക്ക് എതിർക്കാൻ തോന്നിയില്ല. മോന്റെ ഭാവി മാത്രം ആയിരുന്നു അവരുടെ മനസ്സിൽ
കാടിനോട് വിട പറയുമ്പോൾ നെഞ്ചിൽ കഠിനമായ ഒരു വേദന വന്നെങ്കിലും അവരത് സഹിച്ചു. ഓർമ്മയിൽ അനുഭവിക്കേണ്ടി വന്ന കൊടിയ പീ- ഡനങ്ങൾ നിറഞ്ഞു. ഈ കാട് തന്നത് വേദനകൾ മാത്രം ആണ്
വേറെ ഒരു നാട്. വേറെ ഒരു സ്ഥലം. പക്ഷെ പേടിയില്ല. ഇനിയാരും തന്റെ ശരീരത്തിൽ കൈ വെയ്ക്കില്ലാന്നും അവർക്ക് അറിയാം. തന്റെ കൂടിപ്പിറപ്പിന്റെ സുരക്ഷ ഉണ്ടാവും. സ്റ്റേഷനിൽ അവന്റെ കഴുത്തറുത്തിട്ട് പറഞ്ഞത് ഓർത്തു അവർ
“എന്റെ ചേച്ചി ആണെടാ “
അവർ വീണ്ടും മുഖം തുടച്ചു
നന്ദനയോടും യാത്ര പറഞ്ഞു
ഷെല്ലി അവളോട് യാത്ര പറഞ്ഞപ്പോൾ ആ കണ്ണ് ഒന്ന് നിറഞ്ഞത് കൃഷ്ണ അർജുനെ വിളിച്ചു കാണിച്ചു കൊടുത്തു
അങ്ങനെ വയനാടിനോട് വിട
ഇടക്ക് ഒന്ന് രണ്ടു ഇടത്ത് സ്റ്റേ ചെയ്തിട്ടാണ് അവർ യാത്ര തുടർന്നത്. ഹോസ്പിറ്റലിന്റെ അടുത്തായി കാളിക്കും അമ്മയ്ക്കും ഒരു വീട് വിളിച്ചു പറഞ്ഞു ശരിയാക്കി വെച്ചു അർജുൻ
ജോലി ഹോസ്പിറ്റലിൽ തന്നെ. വീട് വാടക ഹോസ്പിറ്റൽ തന്നെ വഹിക്കുന്നതാണ്
തിരുവനന്തപുരം ജില്ലയിലെക്ക് കടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറഞ്ഞു. എന്തൊക്ക ആണെങ്കിലും സ്വന്തം നാട് സ്വന്തം നാട് തന്നെ
ഷെല്ലി നിവിന്റെ വീട്ടിലേക്ക് പോയി
കണ്ണകിയെയും കാളിയെയും വാടക വീട്ടിൽ ആക്കി. കൂടെ ഹോസ്പിറ്റലിൽ നിന്നുള്ള ഒരാളെയും പറഞ്ഞു ഏൽപ്പിച്ചു. എല്ലായിടത്തും ഒരു പരിചയം ആകുന്ന വരെ കൂടെ ഉണ്ടാവാൻ നിർദേശിച്ചു
പിന്നെ നിവിൻ യാത്ര പറഞ്ഞു. അവൻ ദൃശ്യയെ ഒന്ന് നോക്കി. ഇത്രയും ദിവസം അവളുടെ തമാശകൾ ഉണ്ടായിരുന്നു. ഇനിയും……
ദൃശ്യ കൈ വീശി യാത്ര പറഞ്ഞു
അവർ മൂന്ന് പേരും വീട്ടിൽ എത്തുമ്പോൾ കൃഷ്ണയുടെ മുഴുവൻ കുടുംബവും കാത്തു നിന്നിരുന്നു
അവരുടെ സന്തോഷം..പരിഭവം…
അവരെല്ലാം അന്നത്തെ ദിവസം അവിടെ കഴിഞ്ഞു
പിന്നെ പോകാൻ ഒരുങ്ങിയപ്പോൾ അച്ഛനെയും അമ്മയെയും വിട്ടില്ല കൃഷ്ണ. ഒരാഴ്ച കഴിഞ്ഞു പോകാമെന്നു നിർബന്ധം പറഞ്ഞപ്പോ അവർ കൂടെ നിന്നു.
കൃഷ്ണയ്ക്ക് അസ്വസ്ഥത ഒന്നും ഉണ്ടായിരുന്നില്ല. അവൾ സാധാരണ പോലെ തന്നെ ആയിരുന്നു
അർജുൻ പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ പോയി. കൃഷ്ണ തന്നെ ആണ് പൊക്കോളാൻ പറഞ്ഞത്. ഡാഡി ഇതിനിടയിൽ ഫ്ലാറ്റ് വിട്ടു വീട്ടിലേക്ക് താമസം മാറ്റി. ഡാഡി മിക്കവാറും വീട്ടിൽ തന്നെ കാണും. കൃഷ്ണയ്ക്ക് കൂട്ടെന്ന് പറഞ്ഞാണ് നിൽക്കുക
മടി പിടിച്ചു പോയി എന്ന് അർജുൻ കളിയാക്കും
അമ്മയും അച്ഛനും പോയാലും രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വരും. അവർക്ക് സമാധാനം ഇല്ല
ഏഴാം മാസത്തിൽ വിളിച്ചു കൊണ്ട് പോകുന്ന ചടങ്ങ് പേരിന് ഉണ്ടായിരുന്നു എങ്കിലും പിറ്റേന്ന് തന്നെ അർജുൻ അവളെ തിരിച്ചു കൊണ്ട് പോരുന്നു. അത് കൊണ്ട് തന്നെ അമ്മ എപ്പോഴും കൂടെ കാണും
വീട് മുഴുവൻ ആളുകൾ. നല്ല രസം ഉണ്ടായിരുന്നു അത്. മുൻപവർ മൂന്ന് പേര് മാത്രം ആയിരുന്നു എങ്കിൽ ഇന്ന് ആൾക്കാർ കൂടി
കാളിയുടെ റിസൾട്ട് വന്നു. അവനു എല്ലാത്തിനും എ പ്ലസ് ഉണ്ട്. അവന്നെ നെടുമങ്ങാട് ഗവണ്മെന്റ് സ്കൂളിൽ പ്ലസ് വണിന് ചേർത്ത് അർജുൻ
കണ്ണകിക്ക് ഹോസ്പിറ്റലിലെ ജോലി എളുപ്പമായിരുന്നു. രാവിലെ എട്ടു മുതൽ നാലു വരെ ഉള്ളു ജോലി. നല്ല ശമ്പളം ഉണ്ട് താനും. അവർ ജീവിതത്തിൽ ആദ്യമായ് സമാധാനം എന്തെന്ന് അറിയുകയായിരുന്നു. ഇവിടെ വന്നപ്പോൾ മാത്രം ആണ് അർജുൻ ഇത്രയും ഉയർന്ന നിലയിൽ ജീവിക്കുന്ന ഒരാളാണെന്ന് കാളിക്ക് മനസിലായത്
താൻ എന്തൊക്ക തമാശ പറഞ്ഞിട്ടുണ്ടെന്നവൻ ഓർത്തു. അർജുനെ പിന്നെ അവൻ കണ്ടിട്ടില്ല. കൃഷ്ണയെയും അതെ
അവർ പറഞ്ഞയക്കുന്നവർ വിശേഷങ്ങൾ ചോദിച്ചു അറിയും അത്ര തന്നെ. അവർ അതിസമ്പന്നരാണെന്ന് അവനു മനസിലായി. എത്ര സിമ്പിൾ ആയാണ് അവർ അവിടെ ജീവിച്ചതെന്ന് ഓർത്തു അവൻ..അത് മാതൃക ആക്കേണ്ടത് ആണെന്ന് അവനോട് കണ്ണകി പറഞ്ഞു കൊടുത്തു
ജീവിതം ശാന്തമായി ഒഴുകി തുടങ്ങി…
ദൃശ്യയ്ക്ക് ഒരു കല്യാണ ആലോചന. പയ്യൻ യൂ കെയിൽ ഗോവിന്ദിനൊപ്പം ഡോക്ടർ ആയി ജോലി ചെയ്യുന്നു. ഫാമിലിയും അവിടെ തന്നെ. പേര് അഭിജിത്
ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടതാണ് ദൃശ്യയെ. അവധിക്ക് വരുമ്പോൾ നേരിട്ട് കാണാൻ തീരുമാനം ആയി. ആ അവധിക്ക് ഗോവിന്ദ് വന്നപ്പോൾ അഭിജിത്തും വന്നു. നേരിട്ട് കണ്ടപ്പോൾ ദൃശ്യയെ അവനു കൂടുതൽ ഇഷ്ടം ആയി
“നമുക്ക് ഒന്ന് പുറത്തു പോയാലോ ജസ്റ്റ് ഒരു കോഫി ചാറ്റ് “
ഒരു ദിവസം അഭിജിത് ചോദിച്ചു
“നാളെ മതിയോ ഇന്ന് ഒരു ഫ്രണ്ടിനെ കാണാൻ പോകണം ” ദൃശ്യ പറഞ്ഞു
“ഓ യെസ് sure ” അവൻ മറുപടി പറഞ്ഞു
നിവിൻ ഓഫീസിൽ വന്നെതെയുണ്ടായിരുന്നുള്ളു. വാതിൽ തുറന്നു ദൃശ്യ വന്നപ്പോൾ അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റു
“ഹായ് ഇതെന്താ മുന്നറിയിപ്പ് ഒന്നുമില്ലാതെ?”
“വെറുതെ?”
“അതൊന്നുമല്ല എന്തോ ഉണ്ട് “
“നിവിൻ ചേട്ടന് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ?”
പെട്ടെന്നായിരുന്നു ആ ചോദ്യം. നിവിൻ സ്തംഭിച്ചു പോയി
“ഇഷ്ടം അല്ലങ്കിൽ ഇപ്പൊ പറഞ്ഞോണം. ഒരു കല്യാണത്തിന് വീട്ടിൽ തിരക്ക് കൂട്ടുന്നുണ്ട്. ചെക്കനും റെഡിയാ. വൈകുന്നേരം മീറ്റിംഗ് വെച്ചേക്കുവാ എനിക്ക് ഒരു മറുപടി കൊടുക്കണം..സംഗതി എന്താന്ന് വെച്ച എനിക്ക് നിവിൻ ചേട്ടനെ വലിയ ഇഷ്ടാണ്..അത് പറയാതെ ഇരുന്നാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റാവും..”
നിവിൻ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി നിന്നു
“എന്നെ കെട്ടിയാൽ ഒരുറപ്പ് ഞാൻ തരാം ഞാൻ ഒരിക്കലും നിവിൻ ചേട്ടനെ ഇട്ടേച് പോകുകേലാ. പൊന്നു പോലെ നോക്കും. അത് മതി എങ്കിൽ എന്നെ കല്യാണം കഴിക്ക് “
നിവിൻ ചിരിച്ചു പോയി
“താൻ ഒരു സംഭവം ആണെടോ ” അവൻ പറഞ്ഞു പോയി
“യെസ് or നോ?”
അവൾ ചോദിച്ചു
“യെസ് “
അവൻ പറഞ്ഞു
“അപ്പൊ ഞാൻ പോണു. ആ ചെക്കനോട്. പോയി ഒരു നോ പറയട്ടെ. ഇല്ലേ കക്ഷി വെറുതെ എന്നെ ഓർത്തു അങ്ങനെ ഇരിക്കും “
അവൻ തലയാട്ടി
“പിന്നെ ഇനിയും എല്ലാം സ്വന്തം ആയി മൂവ് ചെയ്തോണം. അർജുൻ ചേട്ടനോട് പറഞ്ഞു വീട്ടിൽ അവതരിപ്പിക്കാൻ നോക്ക്. എം ഡി ക്ക് ചേരും മുന്നേ കല്യാണം. അല്ലെങ്കിൽ ഹണിമൂൺ പോകാൻ സമയം കിട്ടില്ല “
നിവിൻ പൊട്ടിച്ചിരിച്ചു പോയി. ദൃശ്യയും ചിരിച്ചു
അവൾ പോകാൻ എഴുന്നേറ്റു
വാതിൽ കടന്ന് പോകും മുന്നേ അവൾ ഒന്ന് നിന്നു
“എനിക്ക് വലിയ ഇഷ്ടാണ് ട്ടോ “
നിവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു
“എനിക്കും “
അവൻ മെല്ലെ പറഞ്ഞു
ദീപുവും നിവിനും കൂടി വീട്ടിൽ വന്നപ്പോൾ അത് സാധാരണ ഒരു വിസിറ്റ് ആയിട്ടേ അർജുന് തോന്നിയുള്ളു. പക്ഷെ പതിവില്ലാതെ നിവിന് ഒരു പരുങ്ങൽ ഉള്ളത് അവൻ കണ്ടു പിടിച്ചു
“ദീപു ഇവൻ എന്താ പറ്റിയത്?”
“അതെ..എടാ ഇവന് നിന്നോട് ഒരു കാര്യം “
“അതിനു നിന്നെ ഇടയ്ക്ക് കേറ്റുന്നത് എന്തിന്? നീ പറയടാ നിവിൻ?”
“അത് പിന്നെ..അത്..”
“ഇന്നെങ്ങാനും പറഞ്ഞു തീർക്കുമോ? “
“ഞാൻ പറയാം ദൃശ്യയും ഇവനും തമ്മിൽ ഇഷ്ടത്തിലാണ്. ദൃശ്യ ഇവനോട് എത്രയും വേഗം കല്യാണം കഴിക്കണം എന്ന് പറഞ്ഞു അത്രേ ഉള്ളു “ദീപു പറഞ്ഞു
അർജുൻ വാ പൊളിച്ചു പോയി. അവർക്ക് ചായയുമായി വന്ന കൃഷ്ണയും അന്തം വിട്ടു
“ഇതൊക്ക എപ്പോ?”
അർജുൻ ചോദിച്ചു
“മൂന്നാല് മാസം ആയിട്ട് ഫ്രണ്ട് ഷിപ്പ് ഉണ്ട്. ദൃശ്യ കല്യാണത്തിന്റെ കാര്യം ഇന്നാ വന്നു പറഞ്ഞത്. നിനക്ക് അറിയാല്ലോ എനിക്ക് അതിനു ധൈര്യം ഒന്നുമില്ല. എനിക്ക് യോഗ്യതയുമില്ല. നീ ഒന്ന് സംസാരിക്കു ” നിവിന്റെ സ്വരം താഴ്ന്നു
“പിന്നെ എന്താ ഞാൻ സംസാരിക്കാം.നമുക്ക് നടത്താം ന്ന്. നീ ടെൻഷൻ ആവല്ലേ..” അർജുൻ അവനെ ആശ്വസിപ്പിച്ചു
നിവിൻ ഒന്ന് ചിരിച്ചു
“ജീവിതത്തിൽ ആദ്യമായിട്ടാ എന്നോട് ഒരു പെണ്ണ് ഇഷ്ടം ആണെന്ന് പറയുന്നത്. അതിന്റെ ഒരു..”
“നീ പൊക്കോ ഇത് ഞാൻ ഏറ്റു ” നിവിൻ അർജുന്റെ മുഖത്ത് നോക്കി
അർജുൻ അവനു കൈ കൊടുത്തു. ഉറപ്പ് കൊടുത്തു
പക്ഷെ അർജുൻ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല അത്. ഗോവിന്ദ് അതിനെ ശക്തിയായി എതിർത്തു. ഒടുവിൽ ഇത് എന്റെ പെങ്ങളുടെ കാര്യമാണ് നീ ഇടപെടേണ്ട എന്ന് മുഖത്ത് നോക്കി പറഞ്ഞു
അച്ഛനും അമ്മയ്ക്കും വലിയ താല്പര്യം ഇല്ലായിരുന്നു എങ്കിലും ദൃശ്യയുടെ ഇഷ്ടം നടക്കട്ടെ എന്ന മട്ടിൽ ആയിരുന്നു അവർ
പക്ഷെ ഇത് നടന്ന ഞാൻ നാട്ടിലേക്ക് വരില്ല എന്ന ഗോവിന്ദിന്റെ ഭീഷണിക്ക് മുന്നിൽ അവർ മൗനം പാലിച്ചു
അർജുന് വേറെ വഴി ഒന്നുമുണ്ടായിരുന്നില്ല
അവൻ ദൃശ്യയെ വിളിച്ചു കൊണ്ട് പോയി നിവിനെ കൊണ്ട് ആറ്റുകാൽ അമ്പലത്തിൽ വെച്ച് ഒരു താലി അങ്ങ് കെട്ടിച്ചു. അത് അങ്ങനെ നടന്നു
ഗോവിന്ദ് വലിയ ബഹളം ഒക്കെ ഉണ്ടാക്കിയിട്ട് യൂ കെയിലേക്ക് തിരിച്ചു പോയി. അച്ഛന്റെയും അമ്മയുടെയും പിണക്കമൊക്കെ മാറുകയും ചെയ്തു
ഇതിനിടയിൽ ഷെല്ലിയും നന്ദനയുമായി ഉള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അതിന് പിന്നെ പൊല്ലാപ്പ് ഒന്നുമുണ്ടായില്ല. എല്ലവർക്കും സമ്മതമായിരുന്നു
മാസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു
കൃഷ്ണയുടെ ഡേറ്റ് ആയി
“ശോ സമയം പോയത് എത്ര പെട്ടെന്നാണ് അല്ലെ?”
കൃഷ്ണ അർജുന്റെ കൈ പിടിച്ചു വയറിൽ വെച്ച് ചോദിച്ചു. അവളെ ലേബർ റൂമിലേക്ക് കൊണ്ട് പോകുകയായിരുന്നു
അർജുന്റെ മുഖം പേടി കിട്ടിയ പോലെ ഉണ്ടായിരുന്നു
“എടി ഞാൻ ഒരു സി- ഗരറ്റ് വലിക്കും കേട്ടോ ചിലപ്പോൾ കൂടുതൽ വലിക്കും…നീ താമസിക്കാതെ വേഗം പ്രസവിക്കണേ “
അവൾ പൊട്ടിച്ചിരിച്ചു പോയി
അവൾക്ക് നേരിയ വേദന മാത്രമേ ഉണ്ടായിരുന്നുള്ളു. അർജുൻ രണ്ടു സി- ഗരറ്റ് വലിച്ചു തീർന്നപ്പോഴേക്ക് ആള് എത്തി
“അർജുൻ, മോനാണ് “
ദുർഗ കുഞ്ഞിനെ അവനെ കൊണ്ട് കാണിച്ചു. ടർക്കിയിൽ പൊതിഞ്ഞ ഒരു റോസപ്പൂവ്. അവൻ ആ വിരലുകളിൽ മെല്ലെ തൊട്ട് നോക്കി. ഉള്ളിൽ നിന്ന് ഒരു കടലിളകി വരുന്നു
“കൃഷ്ണ?”
“സുഖംആയി ഇരിക്കുന്നു. ഉടനെ റൂമിൽ കൊണ്ട് വരും “
ദുർഗ പറഞ്ഞു. അർജുൻ മെല്ലെ ഭിത്തിയിൽ ചാരി. പിന്നെ അച്ഛനെ നോക്കി. അച്ഛന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. അർജുൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ അച്ഛനെ ഇറുക്കി കെട്ടിപിടിച്ചു
കൃഷ്ണയെ മുറിയിൽ കൊണ്ട് വന്നു
“ഒരു പാട് വേദനിച്ചോ മോളെ?”
അവൻ ആ നെറ്റിയിൽ തലോടി
“ഇല്ലാന്ന് നിന്റെ അല്ലെ സാധനം അടങ്ങി കിടക്കുവോ വേഗം ചാടി പോരുന്നു. ഒരു ഇരുപത് മിനിറ്റ്…”
അവൻ സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു
“കുഞ്ഞിന് പേര് ഇവിടെ എന്റർ ചെയ്യണ്ടേ അർജുൻ? ബർത്ത് സർട്ടിഫിക്കറ്റ് ഒക്കെ വേണ്ടതാണ്” ദുർഗ ചോദിച്ചു
“എന്താ വേണ്ടേ പേര്?”അവൻ കൃഷ്ണയോട് ചോദിച്ചു
കൃഷ്ണ പുഞ്ചിരിച്ചു
” അർജുന്റെ മകന്റെ പേര് എന്താവും? “
“പറയ് “
“അഭിമന്യു “
“അഭിമന്യു?”
“ഉം. ശരിക്കും അർജുനന്റെ മകനാണ് അഭിമന്യു “
“ഉഗ്രൻ പേര് ഞാൻ പോയി ജയറാമേട്ടനോട് പറഞ്ഞിട്ട് വരാം “
ദുർഗ പോയി. അവൻ കുഞ്ഞിനെ നെഞ്ചിൽ ചേർത്ത് പിടിച്ചു
“അഭിമന്യു…”
കൃഷ്ണ പുഞ്ചിരിച്ചു
അർജുൻ അവളുടെ നിറുകയിൽ ചുണ്ട് അമർത്തി. ഇടതു കൈ കൊണ്ട് അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു
എന്റെ ജീവനെ…എന്ന് മന്ത്രിച്ചു
അർജുന്റെയും കൃഷ്ണയുടെയും ജീവിതത്തിന്റെ ഒന്നാം ഘട്ടം അവിടെ അവസാനിക്കുകയായിരുന്നു
അവസാനിച്ചു…