ചിരി
Story written by Ammu Santhosh
========================
വാരാപ്പുഴ പാലത്തിനു മുകളിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായ് കണ്ടത്. അവൾ ഭർത്താവ് ചതിച്ചതിന്റെ പേരിൽ ആ-ത്മഹത്യ ചെയ്യാൻ വന്നതായിരുന്നു.
രസം എന്താണെന്ന് ചോദിച്ചാൽ ഞാനും അതെ പർപസിനു തന്നെ വന്നതായിരുന്നു.
എന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിട്ട് അന്ന് കുറച്ചു ദിവസങ്ങൾ ആയിരുന്നു. പോലീസ്കാർ തപ്പിയെടുത്തു കൊണ്ട് വന്നെങ്കിലും അവൾക്ക് അവനെ മതി.
മൂന്ന് വർഷം സ്നേഹിച്ച് പിന്നെ കല്യാണം കഴിഞ്ഞു മൂന്ന് വർഷം.. എന്നിട്ടും പോയി..
നാണക്കേട് കൊണ്ട് പുറത്ത് ഇറങ്ങാൻ വയ്യ. എനിക്ക് മാത്രം അല്ല വീട്ടുകാർക്കും. മതിയായി ജീവിതം..
വന്നപ്പോൾ ദേ ഒരു പെണ്ണ് നിൽക്കുന്നു. ഇവള് പോയിട്ട് വേണമല്ലോ ചാടാൻ. ഇവള് പോകുന്ന കോളില്ല. ഇവള് ഏത് ടൈപ്പ് ആണെന്നാണ് ആദ്യം ചിന്തിച്ചത്..
ഇവിടെനിന്ന് ഒന്ന് മാറി നിന്നിരുന്നെങ്കിൽ ചാടാമായിരുന്നു. നോക്കി നിൽക്കെ അവൾ എടുത്തു ചാടി.
മരിക്കാൻ വന്നതാണെന്ന് ഒരു നിമിഷം ഞാൻ മറന്നു പോയി. അവളെ രക്ഷിച്ചു.
അപ്പോഴാണ് എനിക്ക് നീന്തൽ അറിയാമല്ലോ എന്ന് ഞാൻ ഓർത്തത്.. ശെടാ ഞാൻ ചാടിയിരുന്നെങ്കിൽ വെപ്രാളത്തിൽ ഞാൻ നീന്തി കേറി പോയേനെ.
അവളെന്നെ കുറെ തെറിയും കുറെ അടിയും. പിന്നെ ഭയങ്കര കരച്ചിലും.
ഒടുവിൽ കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ്..
ഇനിയിപ്പോ നേരം വെളുത്തു വീട്ടിൽ പൊയ്ക്കൊന്ന് പറഞ്ഞു ഞാൻ.. അവള് ഇനി വേറെ വഴി വല്ലോം ശ്രമിക്കുമായിരിക്കും, എനിക്കും വേറെ വഴി നോക്കണമല്ലോ എന്നോർത്ത് ഇരിക്കുമ്പോൾ പോലീസ്..
രാത്രി കുളിക്കാൻ ഇറങ്ങിയതാണോ രണ്ടാളും എന്നൊരു ആക്ഷേപ ഹാസ്യവും.
ചോദിച്ചും പറഞ്ഞും സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ നേരം വെളുത്തു
രണ്ട് പേരുടെയും കാര്യങ്ങൾ അറിഞ്ഞപ്പോ തന്നെ അവർ സമാധാനിപ്പിച്ചു വിട്ടു. പോലീസ്കാരും നല്ലവരാ കേട്ടോ
പിന്നെ മരിക്കാൻ ഒന്നും തോന്നിയില്ല
വല്ലവള് മാരും വല്ലവരുടെ കൂടെ പോയതിനു ഞാൻ എന്തിനാ മരിക്കുന്നത്?
കളിയാക്കാൻ വന്നവരോടും കളിയാക്കിയവരോടും എനിക്കൊരു കാര്യമേ പറയാനുണ്ടായിരുന്നുള്ളു
നീയൊക്കെ എന്നേ ഇനി എന്തോ പറഞ്ഞാലും എന്റെ രോമത്തിൽ പോലും ഏശില്ലടാ ഡാഷേ എന്ന്…
ആ പെണ്ണിനെ പിന്നെ കണ്ടു. ഒരു തട്ട് കട നടത്തി ജീവിക്കുന്നു
ഇടയ്ക്ക് ഓരോ ചായ കുടിക്കാൻ തോന്നുമ്പോ ഞാൻ അവിടെ പോകും
അവളും ഇനി ചാകാൻ ഒന്നും പോണില്ലന്ന് പറഞ്ഞു. നന്നായി
അല്ലെങ്കിലും നമുക്ക് വേണ്ടി ജീവിക്കാത്തവരെ ഓർത്തു നമ്മൾ എന്തിനാ മരിക്കുന്നത്?
ഒരു കാര്യോമില്ല
ആ പിന്നെ..രാത്രി ഒത്തിരി ആയാൽ ഞാനും കൂടി ആ തട്ട് കടയിൽ കൂട്ട് നിൽക്കും കേട്ടോ..അവളൊരു നല്ല പെണ്ണാ..ഒറ്റയ്ക്ക് അങ്ങനെ…വേണ്ട. അവൾക്കും ഇഷ്ടം ആണ് അത്
ഞങ്ങൾ അങ്ങനെ മിണ്ടും പറഞ്ഞും നേരം വെളുപ്പിക്കും. പിന്നെ ചിലപ്പോൾ ആ പാലത്തിൽ പോയിരിക്കും
പഴയ പോലീസ് കാർ ചിലപ്പോൾ ആ വഴി വരും. ഒരു ചിരി തന്നു പോകും
ഒരു ചിരി. അതിപ്പോ ഞങ്ങളുടെ ചുണ്ടുകളിലും ഉണ്ട്
ജീവിതം തിരിച്ചു പിടിച്ചതിന്റെ ഉഗ്രൻ ചിരി
-Ammu Santhosh