മഹി എന്ത് ഡിമാൻഡ് വെച്ചാലും ഞാൻ ഓക്കേ ആണ്. ടെൻഷൻ അടിച്ചു ജീവിക്കാൻ വയ്യ…

തുടക്കം…
എഴുത്ത്: അമ്മു സന്തോഷ്
=====================

“പ്രിയയും മോളും ഇന്നു വരും. നീ ലീവ് എടുക്കണം കേട്ടോ. എനിക്കിന്ന് ബാങ്കിൽ നല്ല തിരക്കുള്ള ദിവസം ആണ്” മഹി മുഖത്ത് നോക്കാതെ പറഞ്ഞിട്ട് ബൈക്കിന്റെ കീ എടുത്തു നടന്നു പോയി.

രാവിലെ മോനെയും ഒരുക്കി അവനുള്ള ഭക്ഷണം സ്കൂൾ ബാഗിൽ വെച്ച് അവനെ കഴിപ്പിച്ച് തന്റെ ചോറ്റ് പാത്രം നിറച്ച് മഹിക്കുള്ളതും ആക്കി ഒരുങ്ങിയിറങ്ങുമ്പോൾ തന്നെ ഓഫീസിലേക്കുള്ള ആദ്യത്തെ ബസ് പോയിട്ടുണ്ടാവും. മഹിയുടെ അമ്മ താൻ പോയി എന്നുറപ്പിച്ചിട്ടേ മുറിയിൽ നിന്നെഴുനേറ്റ് വരികയുള്ളു. അച്ഛന് പിന്നെ ഒരു ചായ മതി. അത് കൊടുത്താൽ പാവം പത്രം വായിച്ചു ഇരുന്നോളും. അമ്മ പക്ഷെ പതിവില്ലാതെ ഇന്ന് എഴുനേറ്റു കണ്ടപ്പോഴേ സംശയം തോന്നി.

മോൾ വരുമ്പോൾ മാത്രം അമ്മയ്ക്ക് അസുഖം ഒന്നുമില്ല. പുലർച്ചെ എഴുന്നേൽക്കും. അടുക്കളയിൽ കയറി മകൾക്കിഷ്ടമുള്ളതെല്ലാം ഒരുക്കും. അത് അങ്ങനെ തന്നെ ആണ് വേണ്ടത്. താൻ വീട്ടിൽ ചെല്ലുമ്പോൾ തന്റെ അമ്മയുമങ്ങനെ തന്നെ. പക്ഷെ അനിയന്റെ ഭാര്യയോടും അമ്മ അതെ പോലെ തന്നെ ആണ് പെരുമാറുക. അവൾക്കൊപ്പം അമ്മ അടുക്കളയിൽ ഉണ്ടാവും അവൾ ബാങ്കിൽ പോകുന്ന വരെ. അവൾക്കമ്മയെ ജീവനാണ് താനും.

ഇവിടെ തന്റെ അനുഭവം തിരിച്ചാണ്.

പ്രിയ മഹിയുടെ അനിയത്തിയാണ്. ഒരു മാസം കൂടുമ്പോൾ സന്ദർശനം പതിവാണ്. അന്നൊക്കെ തന്നോട് ലീവ് എടുക്കാൻ പറയുന്നതും പതിവാണ്. തുടർച്ചയായി ലീവ് ചോദിക്കുമ്പോൾ ഓഫീസറുടെ മുഖവും മാറും. ആ വിഷമങ്ങൾ ഒക്കെ ആര് കേൾക്കാൻ.

പറഞ്ഞത് കേട്ടില്ലെങ്കിൽ മഹിയുടെ സ്വഭാവം മാറും സമാധാനം തരില്ല. എന്നും അമ്മയും അച്ഛനും അനിയത്തിയും കഴിഞ്ഞു മാത്രം ആണ് താൻ…

അവൾ ഫോൺ എടുത്തു ഓഫീസർ ജമുനയെ വിളിച്ചു.

“നടക്കില്ല മീര ഓഡിറ്റ് നടക്കുകയാ അത് മീരയ്ക്കും അറിയാം. പിന്നെ ഇങ്ങനെ ചോദിക്കുന്നത് തന്നെ മോശമല്ലേ” അവർ ഫോൺ വെച്ചു.

പോയെ പറ്റു. അവൾ വേഗം കുളിച്ചു വസ്ത്രം മാറി.

“നീ ഇന്ന് പോകുവാണോ അപ്പൊ ഈ ജോലികൾ ഒക്കെ ആര് ചെയ്യും?പ്രിയയും കുടുംബവും വരുന്നുണ്ടെന്ന് മഹി പറഞ്ഞില്ലേ?”

അമ്മ മുന്നിൽ

“ഓഡിറ്റ്‌ നടക്കുകയാണ് അമ്മേ. എനിക്ക് പോയെ പറ്റു. അവർ ഞായറാഴ്ച വന്നിരുന്നു എങ്കിൽ നന്നായേനെ.”

“കൊള്ളാമല്ലോ നീ, എന്റെ മോൾ അവളുടെ വീട്ടിലോട്ട് വരാൻ നിന്റെ സമയവും സൗകര്യവും നോക്കണോ. ഇതേ അവളുടെ വീടാ “

അവൾക്ക് ഉള്ളിൽ നിന്ന് എന്തോ ഒന്ന് ആളിപ്പിടിച്ചു

“എങ്കിൽ പിന്നെ എന്തിനാ ഞാൻ ലീവ് എടുക്കുന്നത്? മോൾക്ക് ഇവിടെ വന്ന് അമ്മയെ സഹായിക്കാമല്ലോ. സ്വന്തം വീടല്ലേ, അപ്പൊ വീട്ടുകാരിയല്ലേ വിരുന്നുകാരിയല്ലല്ലോ..എനിക്ക് പോകണം “

ആദ്യമായാണ് മീര അങ്ങനെ പ്രതികരിച്ചത്.

ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ തന്റെ ജീവിതം അവതാളത്തിലാകുമെന്ന് അവൾക്ക് മനസിലായി. ഉള്ള ജോലി കൂടി പോയാൽ…

അവൾ ബാഗ് എടുത്തു കൊണ്ട് ജോലിക്ക് പോയി.

വൈകുന്നേരം നേരത്തെ ഇറങ്ങാൻ അനുമതി ചോദിച്ചെങ്കിലും മാനേജർ കൊടുത്തില്ല

“മീരയോട് രാവിലെ തന്നെ പറഞ്ഞതല്ലേ..ഒരുപാട് ലീവ് ആയി മീര ഇപ്പോൾ തന്നെ “

അവൾ ജമുനയുടെ അടുത്ത് വന്നു

“ഇന്ന് വലിയ വഴക്ക് നടക്കും ജമുന സാറെ “

“അത് മീരയെ കൊണ്ട് കൊള്ളാഞ്ഞിട്ടാ. ഒരു നാത്തൂൻ കാരണമാണ് എന്റെ ജീവിതം…”

തിരക്കുകൾ കൂടിപ്പോയത് കൊണ്ട് ബാക്കി പറഞ്ഞില്ലവർ…

മീരയ്ക്ക് ഒന്നും ആലോചിച്ചു ഇരിക്കാനും സമയം കിട്ടിയില്ല

വീട്ടിൽ ചെന്ന് കയറിപ്പോൾ തന്നെ കണ്ടു, സിങ്കിൽ വലിച്ചു വാരിയിട്ടിരിക്കുന്ന പാത്രങ്ങൾ, അലങ്കോലമായി കിടക്കുന്ന അടുക്കള

നാത്തൂന്റെ മകൾ നാലു വയസ്സായ ആമി മോള് വന്നു കൊഞ്ചിയപ്പോൾ അവൾ ബാഗിൽ നിന്ന് ഒരു മിട്ടായി കൊടുത്തു

“ആമി അത് അങ്ങ് തിരിച്ചു കൊടുക്ക് “

പ്രിയ

“അതെന്താ പ്രിയേ അങ്ങനെ?”

“എന്റെ മോൾക്ക് നിങ്ങളുടെ ചോക്ലറ്റ് വേണ്ട. നിങ്ങളുടെ മനസ്സിലുള്ളത് അമ്മ എന്നോട് പറഞ്ഞു. ഇത് എന്റെ വീടാ. ഞാൻ ജനിച്ചു വളർന്ന എന്റെ വീട്. എനിക്ക് തോന്നുമ്പോൾ ഞാൻ വരും “

“അയ്യോ പ്രിയ വരണ്ടാന്നു ഞാൻ പറഞ്ഞില്ല. വന്നിട്ട് ഈ തിന്ന പാത്രങ്ങളും കൂടി കഴുകിയിട്ടു പോകണം. അല്ലെങ്കിൽ ഓഫീസിലെ ജോലി കഴിഞ്ഞു വരുമ്പോൾ എനിക്ക് അത് ഇരട്ടി ജോലിയാകും..പ്രിയയുടെ ഭർത്താവിന്റെ വീട്ടിൽ ഇത് പോലെ ഇട്ടിട്ട് പോകുമോ?”

പ്രിയ വല്ലാതായി

“എടി എന്റെ മോള് തിന്ന പാത്രം നീ കഴുകേണ്ട അവളൊരു ജോലിക്കാരി. ഞാൻ കഴുകി കൊള്ളാം. അവിടെ ഇട്ടേക്ക് “

“ഞാൻ ഒരു കാര്യം പറയാം പ്രിയേ. പ്രിയയുടെ വീട് തന്നെയാ ഇത്. പക്ഷെ പ്രിയ വരുമ്പോൾ വരുമ്പോൾ എന്നോട് ലീവ് എടുക്കാൻ പറയും ഇവിടെ ഉള്ളവർ. നിങ്ങൾക്ക് വെച്ചുണ്ടാക്കാൻ. പ്രിയക്ക് വന്നു അമ്മയുടെ കൂടെ സഹായിച്ചു കൊടുക്കാവുന്നതേ ഉള്ളു..”

“എനിക്ക് നീ ജോലി ചെയ്തു ഉണ്ടാക്കുന്നതൊന്നും തരേണ്ട. എനിക്ക് എന്റെ ചേട്ടൻ തരും എല്ലാം..”

മഹി വന്നു നിൽക്കുന്നത് അപ്പോഴാണ് അവൾ കണ്ടത്

“ചേട്ടാ ചേച്ചി പറഞ്ഞത് കേട്ടോ..ചേച്ചി ജോലി ചെയ്തുണ്ടാക്കുന്ന കാശു കൊണ്ട് വാങ്ങുന്ന സാധനങ്ങൾ ആണ് ഇതൊക്ക..അത് കൊണ്ട്..”

മീരയുടെ മുന്നിൽ വന്നു മഹി

“അങ്ങനെ പറഞ്ഞോ നീ “

“ഇല്ല. കഴിക്കുന്ന പാത്രങ്ങൾ കഴുകാൻ പറഞ്ഞു “

“രണ്ട് പാത്രം നിനക്ക് അങ്ങ് കഴുകിയാൽ എന്താ?”

“മഹി ഓഫീസിൽ ഒരുപാട് ജോലി ഉണ്ട്. ഇവിടെ വന്നും ഉണ്ട്. എന്തെങ്കിലും സഹായം അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ “

“എന്റെ അനിയത്തി ഇഷ്ടം ഉള്ളപ്പോ ഇവിടെ വരും. അവള് ചിലപ്പോൾ ഇവിടെ താമസിക്കും..അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ പൊയ്ക്കോ..നിന്റെ വീട്ടിൽ പോടീ “

മീര കുറച്ചു നേരം മഹിയെ നോക്കി നിന്നു. പിന്നെ മുറിയിൽ പോയി. മോള് ഇതൊക്ക കണ്ടു പേടിച്ചു നിൽക്കുന്നുണ്ട്

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി….

അന്ന് വൈകുന്നേരം മഹി വരുമ്പോൾ മുറി ശൂന്യമാണ്

“മോള് എവിടെ?”

“മീര കൊണ്ട് പോയി “

“എങ്ങോട്ട്?”

“അവളുടെ വീട്ടിലേക്ക്. നീയല്ലേ പറഞ്ഞത് പൊക്കോളാൻ. കുറച്ചു ദിവസം നിൽക്കട്ടെ. അഹങ്കാരം ഒന്ന് കുറയട്ടെ “

മഹി മുറിയിലേക്ക് പോരുന്നു

പിന്നെയും പ്രിയ വന്നു…

അവർ അമ്മയും അച്ഛനും പ്രിയയും ഭക്ഷണം ഉണ്ടാക്കുന്നു ഫലിതങ്ങൾ പറയുന്നു

ഇപ്പോൾ വീട് വൃത്തിയാണ്. എല്ലാവർക്കും സ്വന്തം പാത്രങ്ങൾ കഴുകാൻ അറിയാം. അമ്മ നന്നായി പാചകം ചെയ്തു മകൾക്ക് കൊടുക്കുന്നുണ്ട്

ചില ദിവസങ്ങൾ പ്രിയ വീട്ടിൽ നിൽക്കും

ചിലപ്പോൾ ഒരാഴ്ച

മഹി ഒറ്റയായി

അവൻ മീരയുടെ വീട്ടിൽ എത്തി

“മീരയ്ക്ക് ട്രാൻസ്ഫർ ആയി മഹി. മോളെ അവിടുത്തെ സ്കൂളിൽ ചേർത്തു. അവളൊരു വീടെടുത്തു” മീരയുടെ അമ്മ പറഞ്ഞു

“എന്നോട് പറഞ്ഞില്ല “

“മഹിക്ക് കല്യാണം കഴിഞ്ഞു എന്നൊരു ഓർമ്മ ഉണ്ടായിരുന്നോ? മാതാപിതാക്കളും സഹോദരങ്ങളും വേണം. പക്ഷെ ഭാര്യ ജോലിക്കാരിയല്ല മഹി..സാരമില്ല. എന്റെ മോൾക്ക് ഒരു ജോലി ഉണ്ട്..മഹിക്ക് അവളെ വേണ്ടെങ്കിൽ ഇതിൽ ഒരു sign ചെയ്തു വെച്ചേക്കൻ പറഞ്ഞിട്ടുണ്ട്.”

അവൻ അത് വാങ്ങി നോക്കി

ഡിവോഴ്സ് പേപ്പർ ആണ്

മീര മകളെ നഴ്സറിയിൽ നിന്ന് കൂട്ടി വീട്ടിൽ വന്നു. ഒരു വീടിന്റെ താഴത്തെ നിലയാണ്. മോളുള്ളത് കൊണ്ട് മുകളിൽ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞത് കൊണ്ടാണ് താഴെ തന്നത്. മുകളിൽ ആരുമില്ല

മഹിയെ കണ്ട് പെട്ടെന്ന് അവൾ നിന്നു

“സുഖമാണോ മഹി?”

മോള് അച്ഛാ എന്നും വിളിച്ചു അവന്റെ കൈകളിലേക്ക് ചാടി

മഹിക്ക് ചായ കൊടുത്തിട്ട് അവൾ മോൾക്ക് പഠിക്കാൻ ഉള്ളത് കൊടുത്തു. പിന്നെ അവന്റെ അടുത്ത് വന്നു

“ഇതെന്താ?”

“മഹിക്ക് വായിക്കാൻ അറിയാമല്ലോ “

“ഞാൻ പറഞ്ഞു പോയ ഒരു വാചകത്തിന്റെ ശിക്ഷ ആണോ ഇത്?”

“അല്ല മഹി. നമ്മൾ വിവാഹം കഴിഞ്ഞ കാലത്തെ എന്നേ അവിടെ ആർക്കും ഇഷ്ടം ആയിരുന്നില്ല. മഹി മുറപ്പെണ്ണിനെ കല്യാണം കഴിക്കാത്തതിന്റെ ദേഷ്യം എന്നോട് ആണ് കാണിച്ചത്..മഹി കുടുംബത്തിനോട് ഒരുപാട് അറ്റാച്ച് മെന്റ് ഉള്ള ഒരാളാണ്. ഞാൻ..എന്നും..അതിന്റെ താഴെ..”

അവൾ മെല്ലെ ചിരിക്കാൻ ശ്രമിച്ചു

“അവര്ക്കിഷ്ടമുള്ള ആളെ കല്യാണം കഴിക്ക്..സമാധാനം ആയിട്ട്..ഇനിയെങ്കിലും ജീവിക്കണം..ഞാൻ വേണ്ട..”

“എന്റെ മോളോ?”

അവന്റെ മുഖം മാറി

“മഹിക്ക് അവളെ വേണോ? കൊണ്ട് പൊയ്ക്കോ..നന്നായി വളർത്തിയ മതി. ഒന്നിനും പരാതി ഇല്ല മഹി എനിക്ക്. മഹി എന്ത് ഡിമാൻഡ് വെച്ചാലും ഞാൻ ഓക്കേ ആണ്..ടെൻഷൻ അടിച്ചു ജീവിക്കാൻ വയ്യ “

“ഞാൻ പോകുന്നു മീര..എനിക്കൊന്നും വേണ്ട. നീ പറഞ്ഞത് പോലെ ഞാൻ നട്ടെല്ല് ഇല്ലാത്തവനാണ്..ചിലപ്പോൾ നീ ആഗ്രഹിച്ച പോലെ നിന്നെ ഞാൻ സ്നേഹിച്ചിട്ടുമില്ല..പക്ഷെ ഒറ്റ പെണ്ണിനെയെ മഹി…അതിനി പറയുന്നില്ല..”

അവൻ ഇറങ്ങി പോകുന്നത് കാണെ മീരയുടെ കണ്ണുകൾ നിറഞ്ഞു

ഒരു മാസം കഴിഞ്ഞു…

ഒരു ദിവസം മഹിയുടെ അമ്മയുടെ കാൾ. അവൾ എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചു. പിന്നെ എടുത്തു

“എന്റെ മോനെ ഞങ്ങളിൽ നിന്ന് അകറ്റിയപ്പോൾ സമാധാനം ആയല്ലോ അല്ലേ?”

“നിങ്ങളുടെ മകനിപ്പോൾ എന്റെ ഒപ്പം ഇല്ല.” അവൾ തിരിച്ചടിച്ചു

“അത് അറിയാം നിനക്ക് അവനെ വേണ്ടെന്ന് അവൻ വന്നു പറഞ്ഞു. എന്റെ കുഞ്ഞ് വീട്ടിൽ നിന്ന് പോയിട്ട് ദിവസങ്ങൾ ആയി..നീ കാരണമാ എല്ലാം..നോക്കിക്കോ നീ “

അവൾ ഫോൺ കട്ട്‌ ചെയ്തു

മഹി എവിടെ പോയി?

അവൾ അവന്റെ ഫോണിൽ വിളിച്ചു നോക്കി. എടുക്കുന്നില്ല

അന്ന് ബാങ്കിൽ പോകേണ്ട ഒരാവശ്യം ഉണ്ടായിരുന്നു. കൗണ്ടറിൽ മഹി. അവൾ നടുക്കത്തോടെ നോക്കി

മഹി ട്രാൻസ്ഫർ വാങ്ങിയോ?

അവൻ അവളെ കണ്ടതായി ഭാവിച്ചില്ല

മീര തിരിച്ചു പോരുന്നു. ഒരാഴ്ച കഴിഞ്ഞു

അന്ന് ഓഫീസിൽ പോയി വരുമ്പോൾ കണ്ടു. വീടിന്റെ മുകളിൽ താമസക്കാർ വന്നിട്ടുണ്ട്. മഹിയുടെ ബൈക്ക്

അവൾക്ക് എല്ലാം മനസിലായി. മഹി അവൾക്ക് മുഖം കൊടുക്കാതെ കയറി പോയി

മീര അത്താഴം ഉണ്ടാക്കി

മഹിക്ക് പാചകം അറിയില്ല, ഒന്നും ചെയ്തു കണ്ടിട്ടില്ല

മീര മോളുടെ അടുത്ത് ചെന്നു

“അച്ഛനോട് ചോദിച്ചേ ചപ്പാത്തി വേണോന്ന് “

അവൾ ഫോൺ കൊടുത്തു. മോള് വിളിച്ചു സംസാരിക്കുന്നത് കേട്ട് നിന്നു അവൾ

“വേണ്ടന്ന് പറഞ്ഞു..”

മീര ഫോൺ വാങ്ങി. ആള് ലൈനിൽ ഉണ്ട്

“വാശിയാണോ മഹി?”

“എന്നേ ഉപേക്ഷിച്ചു കളയാൻ നോക്കിയതല്ലേ…?”

അവൾ മിണ്ടിയില്ല

“എന്നേ വേണ്ടല്ലോ നിനക്ക്..പക്ഷെ..എനിക്ക്..”

ഫോൺ കട്ട്‌ ആയി

പണ്ടും ഇങ്ങനെ ആണ്. സ്നേഹം ഇങ്ങനെ ആണ് മഹി കാണിക്കുക. അവൾ കണ്ണുകൾ തുടച്ചു. പിന്നെ പുറത്തേക്ക് നോക്കി നിന്നു

സാഹചര്യം കൊണ്ടാണ് മഹി അങ്ങനെ ഒക്കെ…

നഷ്ടം ആകുന്നു എന്ന് അറിഞ്ഞപ്പോൾ സകലതും ഉപേക്ഷിച്ചു വന്നു. മഹി സത്യത്തിൽ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല

അവൻ വെറുതെ മൊബൈലിൽ അവളുടെ ഫോട്ടോ നോക്കിയിരുന്നു

ഈ കഴിഞ്ഞ ദിവസങ്ങളിൽ ഭ്രാന്ത് പിടിച്ചത് പോലെ അവളെ മാത്രം ഓർത്തു കൊണ്ട്…

വാതിൽക്കൽ ഒരു അനക്കം

അവന് അറിയാം അത് അവളാണ്. കയ്യിൽ ഭക്ഷണം ഉണ്ടാകും

മോള് വന്നു മടിയിൽ ഇരുന്നപ്പോൾ അവൻ മുഖം ഉയർത്തി

മീര…കയ്യിൽ ഉണ്ടായിരുന്ന പാത്രങ്ങൾ മുന്നിൽ വെച്ചിട്ട് നോക്കി

“കഴിക്കുന്നത് സ്വന്തം ആയിട്ട് കഴുകണം”

അവൻ ഒന്ന് ചിരിച്ചു

“പിന്നെ എന്തൊക്ക ആണ് ഡിമാൻഡ്സ്?”

“ഒന്നുമില്ല..”

അവൻ അടുത്ത് ചെന്ന് നിന്നു

“ഒന്നും?” അവൻ ആ കവിളിൽ ഒന്ന് തൊട്ടു

“മഹി മോള്.. “കൈയിൽ പിടിച്ചു മാറ്റി മീര

“അമ്മ ഭയങ്കര വാശിക്കാരിയാ കേട്ടോ മോളെ “

അവൻ മോളെ എടുത്തു ഉയർത്തി അവളെ ഒന്ന് നോക്കി

“അമ്മയെ വേണേൽ മതി “

“വേണം..”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

ഒരു പിണക്കമവിടെ അവസാനിച്ചു. എപ്പോഴും ഇത് പോലെ അവസാനിക്കണമെന്നുമില്ല.

അനന്തമായി നീളുന്ന പാതകൾ പോലെ ചില മനുഷ്യരായി മാറുമവർ

Leave a Reply

Your email address will not be published. Required fields are marked *