മോളറിഞ്ഞ് കാണില്ലെന്നെനിക്കറിയാം, നീ അവനോട് ചോദിക്കാനൊന്നും നില്ക്കണ്ടാ….

Story written by Saji Thaiparambu
=========================

നിങ്ങടെ അച്ഛനിവിടെ വന്ന് നില്ക്കാൻ തുടങ്ങിയിട്ട് മൂന്നാല് ദിവസമായല്ലോ? തിരിച്ച് പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ഓരോരുത്തർക്കും പലതരം ആഹാരം വച്ച് വിളമ്പാനൊന്നും എന്നെ കൊണ്ട് പറ്റില്ല, നിങ്ങടെ അച്ഛനാണെങ്കിൽ ഉപ്പും എരിവും എണ്ണയും ഒന്നും പാടില്ല, നിങ്ങൾക്കും മക്കൾക്കും അത് കൂടിയേ തീരു, ഞാനൊരു മനുഷ്യ സത്രീയാണ്. അല്ലാതെ റോബോട്ടൊന്നുമല്ല…

ഭർത്താവിന് മുന്നിൽ പരാതികെട്ടഴിച്ചിട്ട് കൊണ്ട് ശ്രീദേവി ഉറഞ്ഞ് തുള്ളി

നീ മനുഷ്യ സ്ത്രീയല്ലടീ, പി- ശാ- ചാണ്

അയാൾ ഭാര്യ കേൾക്കാതെ പുലമ്പി

എന്തോന്നാ മനുഷ്യാ പിറുപിറുക്കുന്നത്? ദേ അച്ഛനെ എത്രയും വേഗം പറഞ്ഞ് വിട്ടേക്കണം അല്ലേൽ എൻ്റെ തനിക്കൊ-ണം അങ്ങേര് കാണും.

നീയൊന്നടങ്ങ് ദേവീ, പെട്ടെന്ന് എങ്ങനാണ് ഇറങ്ങി പോകാൻ പറയുന്നത്? ഞാനച്ഛനെ മട്ടത്തിൽ പറഞ്ഞ് വിട്ടോളാം.

അത് കേട്ട് നീരസത്തോടെ അയാളുടെ ഭാര്യ ചാടിത്തുള്ളി അടുക്കളയിലേയ്ക്ക് പോയി

വരാന്തയിലെ ചാര് കസേരയിൽ കിടന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന ആ വൃദ്ധൻ്റെ കണ്ണുകൾ നിറഞ്ഞ് വന്നു

ഭാര്യ മരിച്ചതിന് ശേഷം തറവാട്ടിൽ തനിച്ചായി പോയ അയാൾക്ക് ഒറ്റപ്പെടൽ വല്ലാത്തൊരു വേദനയും ഭയവും തീർത്തിരുന്നു

മകൻ വിളിച്ച് കൂടെ നിർത്തുമെന്ന പ്രതീക്ഷ അസ്തമിച്ചപ്പോഴാണ് തനിച്ച് ജീവിച്ച് മടുത്ത ആ വൃദ്ധൻ മകൻ്റെ കുടുംബത്തോടൊപ്പം കഴിയാൻ അവിടേയ്ക്കു് വന്നത്. പക്ഷേ ഭാര്യയെ പേടിയുള്ള മകൻ തന്നെ അവിടെ നിന്ന് പറഞ്ഞ് വിടുമെന്ന് അയാൾക്ക് മനസ്സിലായി

കുറച്ച് കഴിഞ്ഞപ്പോൾ മകൻ ബൈക്കുമെടുത്ത് പുറത്തേയ്ക്ക് പോകുന്ന കണ്ട വൃദ്ധൻ അടുക്കളയിലേയ്ക്ക് ചെന്നു

മനോജ് ജോലി സ്ഥലത്തേയ്ക്ക് പോയതാണോ മോളേ? ഉടനെ വരില്ലായിരിക്കുമല്ലേ?

ആ ആർക്കറിയാം, പോയപ്പോൾ ചോദിക്കാൻ വയ്യായിരുന്നോ ?

നിർദ്ദയമായിരുന്നു ശ്രീദേവിയുടെ മറുപടി.

അല്ലാ അവൻ ഉടനെയൊന്നും വരില്ലെകിൽ എനിക്ക് മോളോടൊരു കാര്യം പറയാനുണ്ടായിരുന്നു…

എന്താണാവോ? ഇവിടെ നിന്നോട്ടേന്നായിരിക്കും…

പുശ്ചത്തോടെ ചിറി കോട്ടി ശ്രീദേവി ചോദിച്ചു.

മോളറിഞ്ഞ് കാണില്ലെന്നെനിക്കറിയാം, നീ അവനോട് ചോദിക്കാനൊന്നും നില്ക്കണ്ടാ. അവൻ കഴിഞ്ഞയാഴ്ച വീട്ടിൽ വന്ന് ആ വീടും സ്ഥലവും വിറ്റിട്ട്, ആ പൈസ അവന് കൊടുക്കാൻ പറഞ്ഞു…അവനെന്തോ ബിസിനസ്സ് ചെയ്യാനാണത്രേ, ഞാൻ ചോദിച്ചു ഇത് ശ്രീദേവി അറിഞ്ഞതാണോന്ന്, ഇല്ല നീയറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ലെന്നവൻ പറഞ്ഞു.

പക്ഷേ, എൻ്റെ സ്വത്ത് നിനക്ക് ബിസിനസ്സ് ചെയ്ത് നശിപ്പിക്കാനുള്ളതല്ലെന്നും അതെൻ്റെ ചെറുമക്കൾക്ക് വേണ്ടി ഞാൻ കരുതി വച്ചിരിക്കുകയാണെന്നും പറഞ്ഞപ്പോൾ അവൻ ദേഷ്യപ്പെട്ട് ഇറങ്ങി പോയി.

മോളേ ഞാൻ പറഞ്ഞതല്ലേ ശരി, അവൻ ഇതിന് മുൻപും, കുറെ ബിസിനസ്സ് ചെയ്ത് എൻ്റെ കുറെ കാശ് നശിപ്പിച്ചതാണ്, അത് കൊണ്ട് അവന് ഞാൻ പത്ത് പൈസാ കൊടുക്കത്തില്ലാ. പക്ഷേ മോള് ചോദിച്ചാൽ, ഞാൻ കണ്ണുമടച്ച് മോളുടെ പേർക്ക് ആ വീടും സ്ഥലവും എഴുതി തരും.

പക്ഷേ മോള് എന്നോട് അങ്ങനെ ചോദിക്കില്ലെന്ന് എനിക്കറിയാം, കാരണം മോള് തറവാടിയാണ്. സ്വത്തിനോടും മുതലിനോടുമൊന്നും മോൾക്ക് അത്യാഗ്രഹമില്ലെന്ന കാര്യം ഈ അച്ഛനറിയാം…

എനിക്കീ ലോകത്ത് ആകെ വിശ്വാസമുള്ളത് എൻ്റെ ശ്രീദേവിമോളെ മാത്രമാണ്, അത് കൊണ്ട് എൻ്റെ കാലശേഷം ആ വീടും സ്ഥലവും മോളുടെയും കുട്ടികളുടെയും പേർക്ക് എഴുതി വച്ചിട്ട് മരിക്കണമെന്ന ആഗ്രഹം മാത്രമേ ഇപ്പോൾ അച്ഛൻ്റെ മനസ്സിലുള്ളു…

എന്നാൽ ശരി മോളേ അച്ഛനിറങ്ങുവാ, അവൻ വരുമ്പോൾ ഞാൻ പോയെന്ന് പറഞ്ഞേക്ക്. പിന്നെ ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും അവനൊരിക്കലും അറിയരുത് കെട്ടോ ?

അത്രയും പറഞ്ഞ് അയാൾ പോകാനിറങ്ങി.

അയ്യോ അച്ഛനിത് എങ്ങോട്ട് പോകുവാ ?അവിടെ ചെന്ന് ഒറ്റയ്ക്ക് നില്ക്കേണ്ട കാര്യം വല്ലതുമുണ്ടോ ? അച്ഛനിനി എങ്ങോട്ടും പോകണ്ട ഇവിടെ നിന്നാൽ മതി…

അയ്യോ മോളേ, എനിക്ക് പഥ്യമൊക്കെയുള്ളതാണ്, മോൾക്ക് അതൊക്കെ ഒരു ബുദ്ധിമുട്ടാകും…

എന്ത് ബുദ്ധിമുട്ട്? എൻ്റെ സ്വന്തം അച്ഛനെ പോലെ തന്നെയാണ് ഞാൻ ഏട്ടൻ്റെ അച്ഛനെയും കാണുന്നത്…

അതെനിക്കറിയാം, മോളുടെ നല്ല മനസ്സാണെന്ന്, വേറെ ഏതെങ്കിലും പെണ്ണുങ്ങളായിരുന്നെങ്കിൽ, ഇപ്പോൾ തന്നെ, സ്വത്ത് എഴുതി തരാൻ പറഞ്ഞേനെ, എങ്കിൽ മോള് ഒരു കാര്യം ചെയ്യ്, അച്ഛനിത്തിരി പൊടിയരിക്കഞ്ഞിയും ചെറുപയറുതോരനും ഉണ്ടാക്കി താ നല്ല വിശപ്പുണ്ട്…

ദേ ഇപ്പോൾ കൊണ്ട് തരാമച്ഛാ, അച്ഛൻ വരാന്തയിൽ പോയിരുന്ന് വിശ്രമിച്ചോളു…

മരുമകൾ തന്നോട് അനുഭാവത്തോടെ സംസാരിച്ചിട്ട് അടുക്കളയിലേയ്ക്ക് പോയപ്പോൾ ആ വൃദ്ധൻ്റെ ഉള്ളിൽ ചിരി പൊട്ടി.

ഇനി കുറേ നാളത്തേയ്ക്ക് നീ എന്നെ ഇവിടുന്ന് പറഞ്ഞ് വിടുകയുമില്ല എന്നെ പൊന്ന് പോലെ നോക്കുകയും ചെയ്യുമെന്ന് എനിക്കറിയാം മോളേ….

നിന്നെക്കാൾ പത്ത് മുപ്പത് ഓണം കൂടുതൽ ഉണ്ടവനാണ് ഈ രാമനാഥൻ…

അയാൾ ഊറി ചിരിച്ച് കൊണ്ട് പിറുപിറുത്തു

-സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *