നീലിമ ഇപ്പോ പ്ലസ് ടുവിനു പഠിക്കുകയാണ്. അവസാന വർഷത്തെ ക്ലാസുകളൊക്കെ കഴിഞ്ഞ് അവൾക്കിപ്പോ പരീക്ഷയുടെ സമയമാണ്. എക്സാം തീർന്നതിന്റെ ലാസ്റ്റ് ദിവസം, വൈകുന്നേരം കവലയിൽ ബസ്സിറങ്ങി നടന്ന് വരുകയായിരുന്നു നീലിമ. അവളുടെ വരവും കാത്ത് ആ നാട്ടുവഴിയോരത്ത് ജീപ്പ് നിർത്തി അതിൽ ചാരി സൂര്യനും നിൽപ്പുണ്ടായിരുന്നു.
ദൂരെ നിന്ന് തന്നെ നടന്ന് വരുന്ന നീലിമയെ അവൻ കണ്ടിരുന്നു. യൂണിഫോമാണ് അവളുടെ വേഷം. മുടി ഇരുവശത്തും പിന്നി കെട്ടിയിട്ടുണ്ട്. പണ്ടത്തെ അതേ നിഷ്കളങ്ക ഭാവം തന്നെയാണ് ഇപ്പോഴും ആ മുഖത്ത്.
സൂര്യേട്ടാന്ന് വിളിച്ച് തന്റെ പുറകേ കൊഞ്ചി നടന്ന പെണ്ണാണ് ഇപ്പൊ വെറുപ്പോടെ മുഖം തിരിച്ചു പോകുന്നത്. അവൾക്ക് തന്നെ ഇഷ്ടമായിരുന്നെങ്കിൽ എത്ര വർഷം കാത്തിരിക്കാനും താൻ തയ്യാറാകുമായിരുന്നുവെന്ന് സൂര്യനോർത്തു.
വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ ചാരി നിൽക്കുന്ന സൂര്യനെ അവളും കണ്ടു. അവനെ കണ്ട മാത്രയിൽ തന്നെ നീലിമയുടെ മുഖത്ത് പ്രകടമായ അവജ്ഞ കണ്ട് സൂര്യന്റെ നെഞ്ച് പിടഞ്ഞു. അവൻ നിൽക്കുന്ന ഭാഗത്തേക്ക് അറിയാതെ പോലും നോട്ടമെത്തരുതെന്ന് വിചാരിച്ച് അവൾ മുഖം കുനിച്ച് അവനെ കടന്ന് മുന്നോട്ട് പോയി.
“നീലൂ… ഒന്നവിടെ നിന്നേ. നിന്നെ കണ്ട് സംസാരിക്കാൻ വേണ്ടിയാ ഞാനിവിടെ ഇത്രയും നേരം കാത്തു നിന്നത്.” സൂര്യൻ അവളുടെ മുന്നിൽ കയറി നിന്നു.
ആവണിശ്ശേരിയിൽ നിന്ന് സൂര്യൻ ഇറങ്ങി പോയതിന് ശേഷം ഇത്രയും വർഷം കഴിഞ്ഞ് ആദ്യമായയിട്ടാണ് നീലിമ അവനെ ഇത്ര അടുത്ത് കാണുന്നത്. സൂര്യനെ പെട്ടെന്ന് മുന്നിൽ കണ്ടതിന്റെ ഞെട്ടലും പകപ്പും ഉള്ളിലടക്കി അവൾ പുറമേ ദേഷ്യം ഭാവിച്ചു.
“എനിക്കൊന്നും കേൾക്കാനില്ല… നിങ്ങളോ ചീത്തയായി. ഇനി എനിക്ക് കൂടി ചീത്തപ്പേര് കേൾപ്പിക്കാനാണോ വഴിയിൽ കാത്ത് നിന്നത്. അല്ലെങ്കിൽ തന്നെ എന്നോട് എന്താ നിങ്ങൾക്ക് സംസാരിക്കാൻ ഉള്ളത്.” ഭയത്തോടെ അവളുടെ മിഴികൾ ചുറ്റിനും നീണ്ടു ചെന്നു.
“അവിടെ നിൽക്കെടി. എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ പോയാൽ മതി.” സൂര്യൻ ദേഷ്യം ഭാവിച്ചു.
“മുന്നീന്ന് മാറിക്കെ… എനിക്ക് പോണം.” സൂര്യനെ പാടെ അവഗണിച്ചുകൊണ്ട് അവന്റെ മുന്നിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചവളെ അവൻ കൈക്ക് പിടിച്ചു നിർത്തി.
സൂര്യനവളുടെ കൈയ്യിൽ കടന്ന് പിടിച്ച നിമിഷം ഞെട്ടിപ്പകച്ചു കൊണ്ട് നീലിമ കുതറി മാറാൻ ശ്രമിച്ചു. പക്ഷേ അവനവളുടെ കൈയ്യിൽ നിന്നും പിടി വിട്ടില്ല.
“എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീയിന്ന് ഇവിടുന്ന് പോകൂ.”
“നിങ്ങളുടെ ഈ വൃത്തികെട്ട സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ. നിങ്ങളുടെ കല്യാണം ഉറപ്പിച്ചതല്ലേ. ഇനിയെങ്കിലും നന്നായികൂടേ.” നീലിമ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
“ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഇത്രയും വർഷം നീയെന്നോട് മിണ്ടാതെ വെറുപ്പ് കാട്ടി മുഖം തിരിച്ച് പോയിരുന്നത്. മറ്റുള്ളവരുടെ വാക്ക് കേട്ട് ചെറിയ പ്രായത്തിൽ നീയെന്നെ അവിശ്വസിച്ചപ്പോൾ ഞാൻ ആശ്വസിച്ചത് നിനക്ക് വിവരം വെക്കുമ്പോഴെങ്കിലും എന്നെ മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കുണ്ടാവുമെന്നാ.” അത് പറഞ്ഞതും ഒരു നിമിഷം അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അത് നീലിമ കാണാതിരിക്കാനായി അവളിലെ പിടിവിട്ട് അവൻ മുഖം തിരിച്ചു.
“ഒരു തെറ്റിദ്ധാരണയുമില്ല… എന്റെ അച്ഛൻ നിങ്ങളോട് ആ വീട് വിട്ട് പോകരുതെന്ന് കെഞ്ചി പറഞ്ഞതല്ലേ. ഞാനും എത്ര തവണ പറഞ്ഞു. എന്നിട്ട് നിങ്ങളത് കേട്ടോ. എന്നിട്ട് ആ വൃത്തികെട്ട സ്ത്രീക്കൊപ്പം ആയിരുന്നില്ലേ സഹവാസം. ഇപ്പോഴും ഇടയ്ക്കിടെ അങ്ങോട്ട് പോക്ക് വരവുണ്ടല്ലോ. കല്യാണം കഴിഞ്ഞാലെങ്കിലും ഈ സ്വഭാവം നിർത്തിയില്ലെങ്കിൽ അത് നിങ്ങളുടെ നാശത്തിന് തന്നെ കാരണമാവും. നിങ്ങൾ നശിച്ചു പോയതറിഞ്ഞു വേദനയോടെയാ എന്റെ അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ചു കിടന്നപ്പോഴെങ്കിലും നിങ്ങൾ വരുമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ അതുണ്ടായില്ല…
ഇങ്ങനെ നശിച്ചു പോയത് കാണുമ്പോൾ നല്ല വിഷമം തോന്നാറുണ്ട് ഇപ്പോഴും. ഇനിയും നിങ്ങൾക്ക് നന്നാവാൻ സമയമുണ്ട്. കുറേ സ്വത്തുക്കൾ ഉണ്ടാക്കിയത് കൊണ്ട് ഉണ്ടായ ചീത്തപ്പേര് മാറില്ല. സ്വന്തം പ്രവർത്തികൾ നന്നാക്കാൻ ശ്രമിക്കണം. വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കരുത്. ഇതൊന്നും പറയണമെന്ന് വിചാരിച്ചതല്ല ഞാൻ. നിങ്ങളിത്രേം പറഞ്ഞത് കേട്ട് പറഞ്ഞുപോയതാ. ഞാൻ.”
“അങ്കിൾ മരിച്ചതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല നീലു. ആ സമയം ചെറിയച്ഛനും അളിയന്മാരും ചേർന്ന് എന്നെ ത-ല്ലി ചതച്ചിട്ട് എണീക്കാൻ പോലും കഴിയാനാവാതെ ഞാൻ ഹോസ്പിറ്റലിലായിരുന്നു. പിന്നീട് കുറേനാൾ കഴിഞ്ഞ് കൃഷ്ണ പ്രസാദ് സാർ കാണാൻ വന്നപ്പോഴാ ഞാനെല്ലാം അറിയുന്നത്.”
“എന്റെ വീട്ടീന്ന് ഇറങ്ങി പോയിട്ടല്ലേ അങ്ങനെയൊക്കെ സംഭവിച്ചത്. അതുകൊണ്ട് അതിലെനിക്കൊരു സഹതാപവും തോന്നുന്നില്ല.”
“നിന്റെ ചെറിയമ്മയ്ക്ക് ഇഷ്ടമില്ലാതെ അവരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് ഞാനെങ്ങനെ ഒരു അന്യ വീട്ടിൽ നിൽക്കും. എന്റെ സാഹചര്യം എന്നെ അവിടെ നിൽക്കാൻ അനുവദിച്ചില്ല. അല്ലാതെ അങ്കിളിനോട് വിരോധം ഉണ്ടായിട്ടല്ലല്ലോ ഞാനവിടെ നിന്നിറങ്ങി പോയത്.”
“എന്റെ ചെറിയമ്മ മാത്രല്ലേ നിങ്ങളെ കു-ത്തി നോവിച്ചിട്ടുള്ളു. അതിനൊക്കെ ഇരട്ടിയായി ഞാനും അച്ഛനും അമ്മമ്മയും നിങ്ങളെ എത്ര സ്നേഹിച്ചതാ. ഇറങ്ങി പോകരുതെന്ന് കാല് പിടിക്കും പോലെ പറഞ്ഞതല്ലേ ഞാൻ.”
“നിന്നോട് തർക്കിക്കാൻ ഞാനില്ല നീലു. എന്നെങ്കിലും എന്റെയൊരു അവസ്ഥ നിനക്ക് വരുമ്പോൾ മനസ്സിലാകും അന്ന് ഞാനനുഭവിച്ച വേദന. അങ്ങനെയൊരു അവസ്ഥ നിനക്ക് വരാതിരിക്കട്ടെ.”
“കഴിഞ്ഞോ നിങ്ങളുടെ പ്രസംഗം… എങ്കിൽ എനിക്ക് പോവാനാ. ഇനി നിങ്ങളുടെ കൂടെ സംസാരിച്ച് നിക്കുന്നത് കണ്ടിട്ട് എനിക്കൊരു പ്രശ്നം വരരുതെന്ന് ആഗ്രഹമുണ്ട്.”
“നിനക്ക് സുഖമാണോ നീലു… കഴിഞ്ഞ വർഷം അമ്പലത്തിലെ ഉത്സവത്തിന് നാടകം കളിക്കാൻ വന്ന ഏതോ ഒരുത്തനുമായി നിന്റെ ചെറിയമ്മയുടെ കല്യാണം കഴിഞ്ഞതൊക്കെ ഞാനറിഞ്ഞു. അതിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങളൊന്നുമില്ലല്ലോ അല്ലെ?”
“എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ എനിക്കറിയാം.” എടുത്തടിച്ചത് പോലെയുള്ള അവളുടെ മറുപടി അവനെ നൊമ്പരപ്പെടുത്തി.
“എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായിരുന്നു നീലു. കൗമാര പ്രായത്തിൽ തന്നെ നെഞ്ചിൽ നിറഞ്ഞ പെണ്ണാ നീ. എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം തിരിച്ചും ഉണ്ടായിരുന്നെങ്കിൽ നിനക്ക് എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാകുമായിരുന്നു. നിനക്കെന്നോടുള്ള വെറുപ്പ് ഒരിക്കലും മാറില്ലെന്ന് ബോധ്യമായത് കൊണ്ടാ ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറായത്. എപ്പോഴെങ്കിലും നിനക്ക് എന്റെ സഹായം ആവശ്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ എന്നെ കാണാൻ വരാൻ മടിക്കരുത്. അച്ഛന്റെ സുഹൃത്തിന്റെ മകനെന്ന രീതിയിൽ നിന്റെ വിളിപ്പുറത്ത് ഞാനുണ്ടാകും.
ഞാൻ പോലുമറിയാതെ നിന്നോടെനിക്ക് തോന്നിപ്പോയ ഇഷ്ടം നിന്നെ ഇപ്പോഴെങ്കിലും അറിയിക്കണമെന്ന് എനിക്ക് തോന്നി. ആ ഇഷ്ടം ഇവിടെ ഉപേക്ഷിക്കുകയാണ് ഞാൻ. വിവാഹത്തിന് ഉറപ്പായും നീ വരണം നീലു.” പറഞ്ഞവസാനിക്കുമ്പോൾ സൂര്യന്റെ കണ്ഠമിടറി. അവന്റെ വാക്കുകൾ തീർത്ത ഞെട്ടലിലായിരുന്നു നീലിമ. ഒന്നും മിണ്ടാതെ നിൽക്കുന്നവളെ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൻ അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ജീപ്പിലേക്ക് കയറി.
പൊടി പറത്തി കൊണ്ട് സൂര്യന്റെ വണ്ടി കണ്ണിൽ നിന്ന് മറയും വരെ ഒരു ശില കണക്കെ നീലിമ നിലകൊണ്ടു.
“കളിക്കൂട്ടുകാരനായി ഒപ്പം കൂടിയ നിങ്ങളോട് ആ കുഞ്ഞു പ്രായത്തിൽ തന്നെ ഉള്ളിൽ തോന്നിയ ഇഷ്ടം പ്രണയമായിരുന്നുവെന്ന് തിരിച്ചറിയാൻ ഞാനൊരുപാട് വൈകി. നിങ്ങളെ സ്നേഹിച്ച് പോയതിൽ ഞാനെന്നെ തന്നെ ഒരു നൂറു വട്ടം വെറുത്തു കഴിഞ്ഞു. അർഹിക്കാത്തൊരാൾക്ക് എന്റെ സ്നേഹം ആവശ്യമില്ലെന്ന തിരിച്ചറിവ് വന്നപ്പോൾ മുതൽ ഈ മുഖം ഞാൻ വെറുക്കാൻ തുടങ്ങിയതാ. ഇനിയത് ഒരിക്കലും മാറില്ല.” മിഴികളിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർ വാശിയോടെ തുടച്ച് കൊണ്ടവൾ വീട്ടിലേക്ക് നടന്നു. ഒപ്പം തങ്ങൾ സംസാരിച്ച് നിൽക്കുന്നത് ആരും കണ്ടില്ലല്ലോന്ന് ചുറ്റും കണ്ണുകൾ കൊണ്ട് വീക്ഷിക്കാനും നീലിമ മറന്നില്ല.
അവരിരുവരും സംസാരിച്ച് കൊണ്ട് നിൽക്കുന്നത് നീലിമയുടെ ചെറിയമ്മ ജാനകിയും കാണുന്നുണ്ടായിരുന്നു. വഴിയിൽ വച്ച് ഒരു ബഹളമുണ്ടാക്കണ്ടെന്ന് കരുതി അവർ മിണ്ടാതെ വീട്ടിലേക്ക് പോവുകയായിരുന്നു.
തിരിച്ചറിവ് വന്ന പ്രായം മുതൽ നീലിമയുടെ മനസ്സിൽ സൂര്യൻ ഒരു മോശപ്പെട്ടവൻ തന്നെയാണ്. അവളുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ശേഷം അവൻ അനുഭവിച്ച ജീവിതമെന്താണെന്ന് അവൾക്കറിയില്ല. പുറമേ നിന്ന് കാണുന്നവർക്ക് അമ്പാട്ട് പറമ്പിൽ സൂര്യ നാരായണനൊരു സ്ത്രീലമ്പടനും കുടിയനുമൊക്കെയായി തോന്നും. ചെറിയ പ്രായത്തിൽ തന്നെ വഴി തെറ്റി പോയവൻ. ഇപ്പൊ കുറേ കാശുണ്ടാക്കി മുതലാളി ചമഞ്ഞു നടക്കുന്നു എന്ന ചിന്തയാണ് പലർക്കും. പക്ഷേ അവർക്കൊന്നും പണത്തിന് ആവശ്യം വന്നാൽ അവന് മുന്നിൽ കൈനീട്ടാൻ ഒരു മടിയുമില്ല എന്നതാണ് വസ്തുത.
ആളുകളെ കൊണ്ട് നല്ലത് പറയിക്കണമെന്ന ആഗ്രഹം സൂര്യനും ഇപ്പോഴില്ല. തന്റെ ആപത്ത് സമയത്ത് കൂടെ നിന്ന ശാരദ ചേച്ചിയെ അവഗണിക്കാൻ അവനൊരിക്കലും കഴിയില്ല.
തുടരും…