കിണറ്റിൻ കരയിൽ നിന്ന് ഒരു തൊട്ടി വെള്ളമെടുത്ത് കാലും മുഖവും കഴുകിയിട്ടാണ് നീലിമ വീട്ടിലേക്ക് കയറിയത്. അവളെ കണ്ടതും ജാനകി കലിതുള്ളിക്കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞുവന്നു.
“അസത്തെ… എന്തായിരുന്നു ആ എരണം കെട്ടവനുമായി വഴിയിൽ നിന്നൊരു സംസാരം. എത്ര നാളായി തുടങ്ങിയിട്ട്. പ്രായം പതിനെട്ട് ആയില്ല. അതിന് മുൻപേ തുടങ്ങി അവൾടെ ഇളക്കം. ആ ചെക്കൻ അത്ര നല്ലവനല്ലെന്ന് നിനക്കറിയാലോ. കൊഞ്ചി കുഴഞ്ഞു നിന്നിട്ട് അവസാനം കാര്യം കഴിയുമ്പോൾ അവനങ്ങു ഉപേക്ഷിച്ചു പോകും. അതോടെ നിന്റെ ജീവിതം തീരും. പിന്നെ നിന്നെ കെട്ടാൻ ഒരുത്തനും ഈ വഴി വരില്ല. പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ നിന്നോട് അവനുമായി ഒരു ബന്ധവും വേണ്ടെന്ന്. അവനുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടപ്പോ തന്നെ വന്ന് രണ്ട് പെട തരണമെന്ന് വിചാരിച്ചതാ. പെരുവഴിയായത് കൊണ്ട് മിണ്ടാതിങ്ങ് പോന്നതാ ഞാൻ.” നീലിമയെ തലങ്ങും വിലങ്ങും തല്ലികൊണ്ട് ജാനകി ആക്രോശിച്ചു.
“ചെറിയമ്മ വിചാരിക്കുന്ന പോലൊന്നുമില്ല… വഴിയിൽ വച്ച് കണ്ടപ്പോ എന്നോട് ഇങ്ങോട്ട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ മിണ്ടാതെ പോവാൻ നോക്കി. അപ്പൊ പറയ്യാ കല്യാണത്തിന് വരണം… നിന്നെ ക്ഷണിക്കാൻ കാത്ത് നിന്നതാ ഞാനെന്ന്… പണ്ട് ഇവിടുന്ന് ഇറങ്ങി പോയതിന് ശേഷം ഇന്നാദ്യമായിട്ടാ ഞാനയാളോട് സംസാരിക്കുന്നത് തന്നെ.”
“നീ പറയുന്നത് സത്യമാണെങ്കിൽ നിനക്ക് കൊള്ളാം. ഇനി എന്നെങ്കിലും നീ അവനോട് മിണ്ടുന്നത് ഞാൻ കണ്ടാൽ അവിടെയിട്ട് തല്ലികൊ- ല്ലും ഞാൻ. വെറുതെ എനിക്ക് പേരുദോഷം കേൾപ്പിക്കരുത്.” ചെയ്യാത്ത തെറ്റിന് ജാനകിയുടെ വഴക്കും അടിയും കൊണ്ടപ്പോൾ നീലിമയ്‌ക്കത് സഹിക്കാനായില്ല.
“ഞാനായിട്ട് ആർക്കും പേരുദോഷം കേൾപ്പിക്കില്ല… ചെറിയമ്മ കാരണം എനിക്കാ വഴി നടക്കാനും സ്കൂളിൽ പോകാനും നാണക്കേട് ആയത്. അമ്പലത്തിൽ ഉത്സവത്തിന് നാടകം കളിക്കാൻ വന്നയാളെ വാടകയ്ക്ക് ഇവിടെ കേറ്റി താമസിപ്പിക്കയും ഒടുവിൽ അയാളെ കെട്ടുകയും ചെയ്തു.
ചെറിയമ്മ കല്യാണം കഴിച്ചതിൽ എനിക്ക് വിരോധമില്ല. പക്ഷേ ചെറിയമ്മയേക്കാൾ അഞ്ചോ ആറോ വയസ്സ് ഇളയ ആളെ മാത്രേ കിട്ടിയുള്ളോ കല്യാണം കഴിക്കാൻ. അതിന്റെ പേരിൽ ഇപ്പഴും പലരും അടക്കം പറഞ്ഞ് കളിയാക്കാറുണ്ട്. എന്തായാലും അതുപോലെയൊന്നും ഞാൻ ചെയ്യില്ല.”
“ഛീ നിർത്തടി… എന്റെ മുഖത്ത് നോക്കി അധിക പ്രസംഗം പറയാൻ മാത്രം വളർന്നോ നീ.” ജാനകി അവളെ വീണ്ടും അടിക്കാനായി കയ്യോങ്ങി.
“ജാനകീ… മതി നിർത്ത്…” പിന്നിൽ നിന്നും ഭർത്താവ് രതീഷിന്റെ വാക്കുകൾ കേട്ട് ജാനകി പിന്തിരിഞ്ഞു.
“നീലിമയോട് വെറുതെ വഴക്കിന് നിൽക്കണ്ട ജാനകി, അവള് കൊച്ച് കുട്ടിയല്ലേ. മോള് അകത്തേക്ക് പൊയ്ക്കോ.” രതീഷ് നീലിമയോടായി പറഞ്ഞു.
ഇരുവരെയും ദേഷ്യത്തോടെയൊന്ന് തുറിച്ചു നോക്കി അവൾ അമ്മാമ്മയുടെ മുറിയിലേക്ക് പോയി.
“ചെറിയമ്മ ഒത്തിരി മാറിപ്പോയി അമ്മാമ്മേ. അയാളെ ചെറിയമ്മ കല്യാണം കഴിച്ചപ്പോൾ മുതൽ എന്നോട് ശത്രുവിനെ പോലെയാ പെരുമാറുന്നത്.” മുറിയിലേക്ക് ചെന്നതും സരോജിനിയമ്മയുടെ മടിയിൽ വീണ് എങ്ങിക്കൊണ്ട് നീലിമ പരിഭവിച്ചു.
“എല്ലാം ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. നീയെന്തിനാ അവളോട് വഴക്കിന് നിന്നത്. മോൾക്ക് നല്ലൊരു ജീവിതം കിട്ടി ഇവിടുന്ന് പോകുന്നത് വരെ ജാനകിയെ സഹിക്കുകയല്ലാതെ വേറെ നിവർത്തിയില്ല. ഞാൻ പറഞ്ഞാലും അവൾ കേൾക്കില്ലല്ലോ.” ഒരു നെടുവീർപ്പോടെ ആ വൃദ്ധ തന്റെ ചുക്കി ചുളിഞ്ഞ വിരലുകൾ കൊണ്ട് അവളുടെ ശിരസ്സിൽ മെല്ലെ തഴുകി.
*******************
“പെണ്ണിന് പതിനെട്ട് വയസ്സായാൽ വല്ല നക്കാപിച്ചയും കൊടുത്ത് ഏതെങ്കിലുമൊരുത്തന്റെ തലയിൽ കെട്ടിവച്ചു ഭാരമൊഴിവാക്കണം. അവളെ ഇനിയും ഇങ്ങനെ തീറ്റിപ്പോറ്റാൻ എനിക്ക് വയ്യ. വന്ന് വന്ന് എന്നോട് എന്തും പറയാമെന്നായി അവൾക്ക്.” ജാനകി രോഷത്തോടെ പറഞ്ഞു.
“നീയൊന്നടങ്ങ് ജാനകി. അവള് ചെറിയ പെണ്ണല്ലേ. ഇത്രയും വർഷം നീയവളെ പൊന്നുപോലെ നോക്കിയിട്ട് ഇപ്പൊ എന്നെ കെട്ടിയ ശേഷം പഴയ അടുപ്പം നിനക്ക് നീലിമയോടില്ല. നീയവളോട് കാണിച്ച സ്നേഹമൊക്കെ വെറും അഭിനയമാണോ. ഞാൻ വന്ന് കേറിയപ്പോൾ തൊട്ട് നീ നീലിമയെ അവഗണിക്കാൻ തുടങ്ങി. അതിന്റെ ദേഷ്യം അവൾക്ക് എന്നോടുണ്ട്. നീയിങ്ങനെയൊന്നും പെരുമാറാതെ അവളുടെ പഴയ ചെറിയമ്മ ആവാൻ നോക്ക്.” രതീഷ് ഭാര്യയെ ഉപദേശിച്ചു.
“ഞാൻ നിന്നെ കല്യാണം കഴിച്ചത് അവൾക്കിഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ നീലിമയെ എനിക്ക് പഴയ പോലെ കാണാൻ പറ്റുന്നില്ല. എന്റെ ചേച്ചി മരിച്ചപ്പോൾ മുതൽ ഒരമ്മയുടെ കുറവറിയിക്കാതെ ഞാനവളെ നോക്കി. എന്നിട്ട് എനിക്ക് മനസ്സ് കൊണ്ട് ഒരാളോട് ഇഷ്ടം തോന്നിയപ്പോൾ അത് അംഗീകരിക്കാൻ അവൾക്ക് മടി. പ്രായ വ്യത്യാസം ഇത്ര വലിയ പ്രശ്നമാണോ. എന്നെ ക്കണ്ടാൽ മുപ്പത്തിയെട്ട് വയസ്സ് പറയോ?
അവൾ കല്യാണം കഴിച്ച് പോകുമ്പോ ഞാൻ ഒറ്റയ്ക്കാവില്ലേ. എനിക്കും ആഗ്രഹം ഉണ്ടാവില്ലേ കുടുംബവും കുട്ടികളും വേണമെന്ന്. അതൊന്നും അവള് ചിന്തിച്ചില്ലല്ലോ. ഇപ്പഴും എന്നെ കുറ്റപ്പെടുത്താനാ അവൾക്ക് ഉത്സാഹം. ഒന്നുല്ലേലും നാട്ടുകാർ കാൺകെ താലികെട്ടിയ ശേഷമല്ലേ നമ്മൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. “
“ഈ കാര്യങ്ങളൊക്കെ നീയവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്ക്. അല്ലാതെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടാൻ നിന്ന് അവൾടെ വെറുപ്പ് കൂട്ടണ്ട.”
“ഹ്മ്മ്മ്… ” രതീഷിന്റെ വാക്കുകൾക്ക് മറുപടിയായി അവളൊന്ന് മൂളി.
രാമചന്ദ്രന്റെ മരണശേഷം ആവണിശ്ശേരി തറവാടിന്റെ ഒരു ഭാഗം ജാനകി വാടകയ്ക്ക് കൊടുക്കാറുണ്ടായിരുന്നു. പിന്നെ പറമ്പിൽ നിന്നുള്ള ആദായങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം അമ്പലത്തിലെ ഉത്സവത്തിന് നാടകം അവതരിപ്പിക്കാൻ വന്നവർക്ക് കുറച്ചു ദിവസത്തേക്ക് വാടകയ്ക്ക് താമസിക്കാനായി ജാനകി ആവണിശ്ശേരിയുടെ ഒരു ഭാഗം വിട്ട് നൽകിയിരുന്നു. മുമ്പ് താമസിച്ചിരുന്ന വാടകക്കാർ പോയി ഒഴിഞ്ഞു കിടന്നത് കൊണ്ട് കൊടുത്തതായിരുന്നു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന നാടക നടനായിരുന്നു രതീഷ്.
പരസ്പരമുള്ള കണ്ട് മുട്ടലുകൾ രതീഷിന്റെ നാടകത്തിലെ അഭിനയമൊക്കെ ജാനകിയെ അവനിലേക്ക് കൂടുതൽ ആകർഷിച്ചു. തന്റെ മനസ്സിൽ തോന്നിയ ഇഷ്ടം അവളവനോട് തുറന്നു പറഞ്ഞു. അനാഥനായ രതീഷിന് ജാനകിയുടെ ഇഷ്ടം തിരസ്കരിക്കാൻ തോന്നിയില്ല. അങ്ങനെയാണ് അവർ വിവാഹിതരായത്. അവരെ കല്യാണം കഴിച്ചതോടെ നാടകം ഉപേക്ഷിച്ച് കൂലിപ്പണി ചെയ്ത് രതീഷ് അവർക്കൊപ്പം തുടർന്നു.
ചെറിയമ്മയുടെ വിവാഹത്തോടെ നീലിമ ഇരുവരെയും വെറുത്തു. ജാനകിക്ക് രതീഷിനെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് സരോജിനി അമ്മയോടും നീലിമയോടും പറഞ്ഞ സമയത്ത് അയാളെ വിവാഹം കഴിച്ചാൽ രണ്ട് പേരും വേറെ എവിടെയെങ്കിലും പോയി താമസിക്കേണ്ടി വരുമെന്ന് അവൾ ദേഷ്യപ്പെട്ടു പറഞ്ഞിരുന്നു. അപ്പോഴാണ് അറിയുന്നത് ആ വീടും വസ്തുവും ജാനകിയുടെ പേരിലാണെന്ന്. അതെല്ലാം രാമചന്ദ്രൻ നീലിമയുടെ അമ്മ സീമയുടെ പേരിലായിരുന്നു എഴുതി വച്ചിരുന്നത്. മരണകിടക്കയിൽ വച്ച് തന്റെ മകളെ സഹോദരി സ്വന്തം മോളെ പോലെ നോക്കാൻ വേണ്ടി സീമയാണ് ആരുമറിയാതെ അതെല്ലാം ജാനകിയുടെ പേരിലേക്ക് മാറ്റിയത്. അത്രയും വർഷം ജാനകി ഈ കാര്യം ആരോടും പറഞ്ഞിരുന്നില്ല. നീലിമയെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ അതൊക്കെ തിരികെ എഴുതി നൽകണമെന്ന് തന്നെയായിരുന്നു അവളുടെ മനസ്സിൽ. പക്ഷേ നീലിമ തന്റെ വിവാഹ കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ജാനകിക്ക് അവളോട് ദേഷ്യമായി.
കഴിഞ്ഞ ഒരു വർഷമായി ചെറിയമ്മയുടെ ആട്ടും തുപ്പും കേട്ടാണ് നീലിമ ജീവിക്കുന്നത്. രതീഷിന് അവളോട് വാത്സല്യമാണെങ്കിലും അവൾക്ക് അയാളോടും ദേഷ്യമാണ്. നീലിമയുടെ ആകെയുള്ള ആശ്വാസം അമ്മാമ്മയാണ്. രതീഷ് അവിടെ ഒരു വഴക്കിനോ ബഹളത്തിനോ നിൽക്കാതെ ജോലി കഴിഞ്ഞു വന്നാൽ അവരുടെ മുറിയിൽ ഒതുങ്ങി കൂടും.
ജാനകിയും രതീഷും തമ്മിൽ അഞ്ചു വയസിന്റെ വ്യത്യാസമുണ്ട്. കാഴ്ചയിൽ ആരുമത് പറയില്ല. അവൾ തന്റെ ഇഷ്ടം രതീഷിനോട് തുറന്ന് പറഞ്ഞ ശേഷം അവനും അവളെ ഇഷ്ടമാണെന്ന് അറിയിച്ചതിന് ശേഷമാണ് രണ്ടുപേരും തങ്ങളുടെ പ്രായവ്യത്യാസം മനസ്സിലാക്കുന്നത്. ജാനകിക്ക് അതൊന്നും പ്രശ്നമല്ലെന്ന് കണ്ടപ്പോൾ അവരാ ബന്ധം വിവാഹത്തിൽ എത്തിച്ചു. എന്തായാലും ഇരുവരും സന്തോഷത്തോടെയാണ് കഴിഞ്ഞ ഒരു വർഷമായി ജീവിക്കുന്നത്.
പക്ഷേ നാട്ടുകാർക്കിടയിൽ അവരൊരു പരിഹാസ പാത്രമാണ്. അതാണ് നീലിമയുടെ ദേഷ്യത്തിന് കാരണവും.
******************
അമ്പാട്ട് പറമ്പിലെ സൂര്യ നാരായണന്റെ വിവാഹം കൂടാൻ എല്ലാവരും എത്തി ചേർന്നിരുന്നു. പോകണ്ടാന്ന് വിചാരിച്ചിരുന്നെങ്കിലും സൂര്യന്റെ വധുവിനെ കാണാനുള്ള ആഗ്രഹം കൊണ്ട് നീലിമ താലികെട്ട് കാണാൻ അമ്പലത്തിൽ ചെന്നു.
കതിർ മണ്ഡപത്തിൽ സൂര്യനോട് ചേർന്നിരിക്കുന്ന നിർമലയെ അവൾ കണ്ടു. മുഖം കുനിച്ചിരിക്കുന്നതിനാൽ വധുവിന്റെ മുഖത്തെ ഭാവമെന്താണെന്ന് നീലിമയ്ക്ക് കാണാനായില്ല. എന്തായാലും പാവം പിടിച്ചൊരു പെൺകുട്ടിയാണ് അവളെന്ന് ഒറ്റ നോട്ടത്തിൽ അവൾക്ക് തോന്നി.
ആൾക്കൂട്ടത്തിനിടയിൽ തന്റെ വിവാഹം കാണാനെത്തിയ നീലിമയെ കണ്ട് സൂര്യന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അത് കൃത്യമായി അവൾ കാണുകയും ചെയ്തു.
“മുഹൂർത്തമായി… ഇനി താലി കെട്ടിക്കോളൂ.” ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വച്ച് പൂജിച്ചെടുത്ത താലി മാല സൂര്യന് നേർക്ക് നീട്ടി തിരുമേനി പറഞ്ഞു.
സൂര്യനാ താലിമാല കൈയ്യിൽ വാങ്ങി…
തുടരും…