സൂര്യനെ മോഹിച്ചവൾ, ഭാഗം 44, എഴുത്ത്: ശിവ എസ് നായര്‍

“സൂര്യേട്ടൻ ആഗ്രഹിക്കുന്നൊരു ഭാര്യയാവാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്നെ ഉപേക്ഷിച്ചേക്ക്. എന്നിട്ട് സൂര്യേട്ടന് ചേരുന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്ക്. സൂര്യേട്ടന് ഞാൻ ചേരില്ല.” നിർമല അതും പറഞ്ഞു മുഖം പൊത്തി കരഞ്ഞു.

“ഇങ്ങനെ പറയാൻ മാത്രം ഇപ്പോ എന്തുണ്ടായി. ആര് പറഞ്ഞു നീയെനിക്ക് ചേരില്ലെന്ന്. മറ്റൊരു പെണ്ണിനെ കെട്ടാനായിരുന്നെങ്കിൽ നിന്നെ ഞാൻ സ്നേഹിക്കുമായിരുന്നോ നിർമലേ? നീയില്ലാതെ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ?”

“നിങ്ങളെ മോഹിക്കാനോ സ്നേഹിക്കാനോ എനിക്കൊരു അർഹതയുമില്ലെന്ന് തോന്നി പോവാ. ഞാൻ ചീത്തയാ…”

“നിനക്കെന്നെ മടുത്ത് തുടങ്ങിയിട്ടാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. മഹേഷിന്റെ കൂടെ ജീവിക്കാൻ വേണ്ടി എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണോ നിർമലേ ഇപ്പോഴുള്ള ഈ കരച്ചിലും പിഴിച്ചിലും. ഇത്ര ദിവസം നിനക്കൊരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ. ഇന്ന് പെട്ടെന്ന് എന്താ ഒരു മനംമാറ്റം. എന്റെ കൂടെ ജീവിച്ച് മതിയായിട്ടാണെങ്കിൽ അത് പറഞ്ഞോ. നിനക്ക് ഇഷ്ടമുള്ളവന്റെ കൂടെ തന്നെ നിനക്ക് ജീവിക്കാം.. അതിന് ഞാനൊരു തടസ്സമാകുമെന്ന് വിചാരിക്കണ്ട. നീ മാറി തുടങ്ങിയെന്ന് ചിന്തിച്ച എനിക്കാ തെറ്റ് പറ്റിയത്.” സൂര്യന്റെ സ്വരത്തിന് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു.

“അയ്യോ… അങ്ങനെയൊന്നും പറയല്ലേ സൂര്യേട്ടാ. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാ ഇതൊക്കെ. നമ്മുടെ വിവാഹം കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ഏട്ടനാഗ്രഹിച്ച പോലൊരു ഭാര്യയാവാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നുള്ള നൊമ്പരത്തിൽ പറഞ്ഞ് പോയതാ ഞാൻ. സൂര്യേട്ടനെ വിട്ട് എനിക്കെങ്ങോട്ടും പോകാൻ ആഗ്രഹമില്ല. ഈ നെഞ്ചിൽ നിറയെ നിങ്ങളോടുള്ള സ്നേഹം മാത്രമേയുള്ളൂ.” ബാക്കി പറയാനുള്ള ആവതില്ലാതെ സൂര്യന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ തേങ്ങി.

“ഞാൻ ആഗ്രഹിക്കുന്ന പോലൊരു ഭാര്യ തന്നെയാ നീയിപ്പോ. ശരീരം പങ്കിട്ടാൽ മാത്രമേ ഭാര്യയാവൂ എന്നില്ല. നീയെനിക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെയാ. ഇനി ഇങ്ങനെയുള്ള സംസാരമൊന്നും വേണ്ട. നീ ഇങ്ങനെ പറഞ്ഞ് കേൾക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത് നിന്റെ മനസ്സിപ്പോഴും അയാളെ മറന്നിട്ടില്ലെന്നാണ്. പഴയതൊക്കെ മറക്ക് നിർമലേ… എനിക്ക് നീയിങ്ങനെ സ്വയം വേദനിക്കുന്നത് കാണാൻ വയ്യ.

നീയിപ്പോഴും എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുന്നത് നിന്റെ മനസ്സിൽ നീ തെറ്റുകാരിയാണെന്നും കളങ്കപ്പെട്ടവളാണെന്നും എന്നൊക്കെയുള്ള ചിന്ത കൊണ്ടാണ്. അത് മെല്ലെ മെല്ലെ മാറ്റിയെടുക്കണം. എന്നാലേ സന്തോഷം നിറഞ്ഞൊരു ജീവിതം നമുക്കുണ്ടാവൂ. നിന്നെ പിരിഞ്ഞൊരു ജീവിതം ഇനിയെനിക്ക് സാധ്യമല്ല നിർമലേ… അത്രത്തോളം നിന്നെ ഞാൻ സ്നേഹിക്കുന്നു.”

“സൂര്യേട്ടന്റെ ഈ സ്നേഹത്തിന് മുന്നിലാ ഞാൻ തോറ്റു പോയത്. ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാനെനിക്കാവില്ല. ഞാൻ മരിക്കും വരെ സൂര്യേട്ടൻ കെട്ടിയ ഈ താലി എന്റെ കഴുത്തിലുണ്ടായാൽ മാത്രം മതി. ഒന്നിന്റെ പേരിലും എന്നെ വെറുക്കുകയും ചെയ്യരുത്…” മഹേഷ്‌ വന്ന കാര്യം അവനോട് പറയാനുള്ള ധൈര്യമില്ലാതെ നിർമല ദുഃഖം കടിച്ചമർത്തി നിന്നു.

“നിന്നെ ഞാൻ വെറുക്കാനോ…” സൂര്യനവളെ ഇറുക്കി പുണർന്ന് സീമന്ത രേഖയിൽ ചുണ്ടമർത്തി.

അവന്റെ കരവലയത്തിനുള്ളിൽ നിൽക്കുമ്പോഴും നിർമല തീർത്തും അസ്വസ്ഥയായി കാണപ്പെട്ടു. മഹേഷിന്റെ പ്രവർത്തികൾ ഏൽപ്പിച്ച ആഘാതമായിരുന്നു അതിന് കാരണവും.

മെല്ലെ അവനിൽ നിന്ന് അകന്ന് മാറി കുളിച്ച് മാറാനുള്ള വസ്ത്രവും എടുത്ത് അവൾ കുളിമുറിയിലേക്ക് പോയി.

എത്ര തവണ കോരി കുളിച്ചിട്ടും ശരീരത്തിന് ശുദ്ധി വരാത്തത് പോലെ തോന്നി നിർമലയ്ക്ക്. ശരീരത്തിൽ എവിടെയൊക്കെയോ നീറിപ്പുകയുന്നുമുണ്ട്. കഴിഞ്ഞുപോയ നിമിഷങ്ങളോർത്ത് കുളിമുറിക്കുള്ളിരുന്നവൾ സ്വയം തല തല്ലി പൊട്ടി പൊട്ടി കരഞ്ഞു.

എല്ലാം മറന്ന് സൂര്യനോടൊപ്പം വർണ്ണ പകിട്ടാർന്നൊരു ജീവിതം സ്വപ്നം കണ്ട നിർമലയ്ക്കിപ്പോൾ തോരാത്ത കണ്ണുനീർ മാത്രം ബാക്കിയായി.

നടന്ന കാര്യങ്ങൾ സൂര്യനോട് പറയാൻ ആഗ്രഹമുണ്ടെങ്കിലും ഏത് രീതിയിലാണ് അവന്റെ പ്രതികരണമെന്ന് ഊഹിക്കാൻ കഴിയാത്തതിനാൽ സൂര്യന് മുന്നിൽ മനസ്സ് തുറക്കാൻ നിർമല ഭയപ്പെട്ടു. ഇക്കാരണത്താൽ അവനെ നഷ്ടപ്പെടാനും അവളാഗ്രഹിച്ചില്ല എന്നതായിരുന്നു സത്യം.

തന്റെ അനുവാദം കൂടാതെ മഹേഷ്‌ തന്നെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. മനസ്സോടെ അവന് വഴങ്ങി കൊടുത്തതല്ലാത്തതിനാൽ കഴിഞ്ഞതോർത്ത്‌ താനിങ്ങനെ സങ്കടപ്പെടേണ്ടതുണ്ടോ എന്നൊക്കെ ഓർത്ത് സ്വയം സമാധാനിക്കാൻ നിർമല ശ്രമിച്ചു. എത്രയൊക്കെ ധൈര്യം സംഭരിച്ചാലും സൂര്യനെ മുന്നിൽ കാണുമ്പോൾ അവളുടെ ശിരസ്സ് അറിയാതെ കുനിഞ്ഞു പോകും.

********************

രാത്രി തോരാതെ മഴ പെയ്യുമ്പോൾ സൂര്യനരികിൽ, അവന്റെ കാൽപാദത്തിൽ മുഖം ചേർത്ത് കണ്ണീർ വാർത്ത് കൊണ്ട് നിർമലയും ഉറക്കം വരാതെ കിടന്നു.

ഒരായിരം വട്ടം അവന്റെ കാലിൽ വീണവൾ നിശബ്ദം മാപ്പ് ചോദിച്ചു കൊണ്ടിരുന്നു. ഹൃദയ വേദനയാൽ അരികിലൊരുവൾ വെന്തുരുകുന്നത് അറിയാതെ തോരാതെ പെയ്യുന്ന മഴയുടെ കുളിരിൽ സുഖമായി സൂര്യൻ ഉറങ്ങി. കരഞ്ഞു തളർന്നെപ്പോഴോ നിർമലയുടെ മിഴികളും താനേ അടഞ്ഞുപോയി.

രാവേറെ ചെന്നപ്പോഴാണ് കാളിംഗ് ബെല്ലിന്റെ നീണ്ട ശബ്ദം കേട്ട് സൂര്യൻ ഞെട്ടിയുണരുന്നത്. കണ്ണ് തുറന്നപാടെ അവൻ കണ്ടത് തന്റെ കാൽച്ചുവട്ടിൽ കിടന്നുറങ്ങുന്ന നിർമലയെയാണ്. അവൻ വേഗം അവളെ കുലുക്കി ഉണർത്തി.

“നിർമലേ… എണീക്ക്…”

“എ… എന്താ സൂര്യേട്ടാ…” ഉറക്കച്ചടവോടെ അവൾ കണ്ണ് തിരുമ്മി.

“ഇങ്ങനെ കിടന്നാണോ നീ ഉറങ്ങണേ.?”

“അത് പിന്നെ… ഞാനറിയാതെ…”

നിർമലയോട് പിന്നെയുമെന്തോ പറയാൻ തുടമ്പോഴേക്കും പുറത്ത് നിന്നും കാര്യസ്ഥന്റെ വിളി കേട്ടു.

“മോനേ… സൂര്യാ…”

“മാമനെന്താ ഈ രാത്രി…” ഭിത്തിയിലെ ഘടികാരത്തിലേക്ക് നോക്കി സൂര്യൻ സ്വയമെന്നോണം ചോദിച്ചു.

സമയം അർദ്ധരാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു.

മുണ്ട് മുറുക്കി ഉടുത്ത് അയയിൽ നിന്നൊരു ഷർട്ടും എടുത്തിട്ട് അവൻ ഉമ്മറത്തേക്ക് പോകുമ്പോൾ നിർമലയും അവനെ അനുഗമിച്ചു.

“എന്താ മാമാ… എന്ത് പറ്റി?” വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി ചെന്ന് പരമു പിള്ളയോട് സൂര്യൻ ചോദിച്ചു.

മഴ അപ്പോഴും തോരാതെ പെയ്യുന്നുണ്ട്.

“സൂര്യാ… നമുക്ക് വേഗം ആവണിശ്ശേരി വരെയൊന്ന് പോകണം.. അവിടെ… അവിടെ കിണറ്റിൽ ആരോ വീണെന്ന്.”

“ആരാ കിണറ്റിൽ വീണത്? മാമനോട് ആരാ ഇത് പറഞ്ഞത്?” ശരീരത്തിൽ അടിമുടി വിറയൽ പടർന്ന് പിടിച്ചത് പോലെ തോന്നി സൂര്യന്.

“നീലിമയുടെ വീടിന് അടുത്തുള്ള രണ്ട് പേര് ഇപ്പൊ വന്ന് പറഞ്ഞതാ. അവര് പടിപ്പുരയ്ക്ക് പുറത്ത് നിൽപ്പുണ്ട്. നിന്നോട് ജീപ്പുമെടുത്തു അങ്ങോട്ട്‌ വരുമോന്ന് ചോദിക്കാൻ പറഞ്ഞ് വിട്ടതാ. കിണറ്റിൽ വീണ ആളെ ആരൊക്കെയോ ചേർന്ന് പുറത്തെടുക്കുന്നുണ്ട്. അപ്പോഴേക്കും വണ്ടിയുമായി ചെന്നാൽ ഹോസ്പിറ്റലിൽ എത്തിക്കാലോന്ന് വിചാരിച്ചിട്ടാ.”

“നമുക്ക് ഇപ്പൊത്തന്നെ അങ്ങോട്ട്‌ പോവാം. നിർമലേ… നീ വാതിലടചച്ച് കിടന്നോ. നീലിമയുടെ വീട്ടിൽ ആരോ കിണറ്റിൽ വീണെന്ന്. ഞാൻ മാമനെയും കൂട്ടി അവിടെ വരെയൊന്ന് പോയി നോക്കട്ടെ.”

വാതിൽക്കൽ അവനെയും നോക്കി നിന്ന നിർമലയോട് പറഞ്ഞിട്ട് സൂര്യൻ വേഗം ജീപ്പിന്റെ താക്കോലുമെടുത്ത് വണ്ടിയിലേക്ക് കയറി.

മുറ്റത്തിട്ട് റിവേഴ്‌സ് എടുത്ത് അവൻ ജീപ്പുമായി പുറത്തേക്ക് ഇറങ്ങി. പടിപ്പുരയ്ക്ക് പുറത്ത് സൂര്യനെയും കാത്ത് നിന്നവരെ വണ്ടിയിൽ കയറ്റി മഴ വെള്ളം തെറിപ്പിച്ചു കൊണ്ട് ആവണിശ്ശേരി ലക്ഷ്യമാക്കി സൂര്യന്റെ ജീപ്പ് കുതിച്ചുപാഞ്ഞു.

“ആരാ കിണറ്റിൽ വീണതെന്ന് നിങ്ങള് കണ്ടോ?”

ഡ്രൈവിംഗിനിടയിൽ പിന്നിലേക്ക് ഒന്ന് പാളി നോക്കി കൊണ്ടാണ് സൂര്യനത് ചോദിച്ചത്.

“ഇല്ല… ആരാ വീണതെന്ന് കണ്ടില്ല… നോക്കാൻ ചെല്ലുമ്പോഴേക്കും ആളുകൾ കൂടാൻ തുടങ്ങി. അപ്പോഴേക്കും ഞങ്ങളെ കണ്ട് മെമ്പർ സുഗുണൻ ചേട്ടൻ വണ്ടിയുള്ള ആരെയെങ്കിലും പോയി പെട്ടെന്ന് വിളിച്ചോണ്ട് വരാനായി പറഞ്ഞ് വിട്ടു. ഈ രാത്രി ഞങ്ങൾക്ക് പെട്ടെന്ന് അങ്ങോട്ട്‌ വരാനാ തോന്നിയത്. നേരിട്ട് വരാൻ മടിച്ചിട്ടാ പരമു ചേട്ടനേം കൂട്ടി വന്നത്.” അയല്പക്കക്കാരിൽ ഒരുവൻ പറഞ്ഞു.

അത് കേട്ട് സൂര്യന്റെ നെഞ്ചിടിപ്പ് ഒന്നൂടെ കൂടി. അവന്റെ നെഞ്ചിലെ പിടപ്പ് മനസ്സിലാക്കിയെന്നോണം പരമു പിള്ള അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു.

“നീ പേടിക്കുന്നത് പോലെയൊന്നും ഉണ്ടാവില്ല സൂര്യാ… ധൈര്യമായിരിക്ക്.”

സൂര്യനും കൂട്ടരും ആവണിശ്ശേരിയിൽ എത്തുമ്പോൾ കോരിച്ചൊരിയുന്ന മഴ വക വയ്ക്കാതെ ആളുകൾ അങ്ങിങ്ങായി കൂടി നിന്ന് മുറുമുറുക്കുന്നുണ്ട്.

ആരൊക്കെയോ ചേർന്ന് കിഴക്ക് വശത്തെ കിണറ്റിൽ നിന്നും കിണറ്റിൽ വീണ ആളെ പുറത്തേക്ക് എടുക്കുന്നുണ്ട്.

“ശ്വാസമൊന്നുമില്ല… മരിച്ചൂന്നാ തോന്നണേ.” മെമ്പർ സുഗുണനോട്‌ ആരോ പറയുന്നത് സൂര്യനും കേട്ടു.

ചുറ്റും കൂടിയവരിൽ പ്രതീക്ഷിച്ച മുഖം കാണാത്തതിനാൽ അവന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. മഴയും അരണ്ട വെളിച്ചവും കാരണം ആരാ കിണറ്റിൽ വീണതെന്ന് അവന് മനസ്സിലായില്ല. എങ്കിലും ശരീരത്തിനൊരു വിറയൽ.

“മാമാ… നീലിമ… അവള്…” സൂര്യന്റെ സ്വരത്തിന് തളർച്ച ബാധിച്ചു. പരമു പിള്ളയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കിണറ്റിൽ നിന്നും പുറത്തെടുത്ത ശരീരം രണ്ട് പേര് താങ്ങി പിടിച്ച് കൊണ്ട് വന്ന ഇറയത്തേക്ക് കിടത്തി.

വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ സൂര്യൻ ഇറയത്തേക്ക് വന്ന് നോക്കി.

തുടരും……

Leave a Reply

Your email address will not be published. Required fields are marked *