സൂര്യനെ മോഹിച്ചവൾ, ഭാഗം 53, എഴുത്ത്: ശിവ എസ് നായര്‍

സൂര്യൻ കുളത്തിനടിയിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി അഭിഷേക് പടവിൽ തന്നെയിരുന്നു. നിമിഷങ്ങൾ കടന്ന് പോയി…

മരിക്കാനുറച്ച് കുളത്തിനടിയിലേക്ക് ഊളിയിട്ട സൂര്യന് അധികനേരം ജലത്തിനടിയിൽ പിടിച്ചു നിൽക്കാനായില്ല. എങ്കിലും നിർമലയുടെ മുഖം മനസ്സിലേക്ക് ആവാഹിച്ച് അവൻ കൂടുതൽ ആഴത്തിലേക്ക് പോയി. പക്ഷേ ശ്വാസം മുട്ടി തുടങ്ങിയപ്പോൾ ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ സൂര്യൻ സ്വയമറിയാതെ മുകളിലേക്ക് നീന്തി.

പ്രാണരക്ഷാർത്ഥം അവൻ ജലത്തിന് മുകളിൽ പൊന്തി വന്ന് ശ്വാസം ആഞ്ഞുവലിച്ചു. ആ കാഴ്ച കണ്ടതും അഭിഷേകിന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

“നീ എത്ര വിചാരിച്ചാലും നിനക്ക് മുങ്ങി മരിക്കാൻ കഴിയില്ല സൂര്യാ. ഇങ്ങ് നീന്തിപോരെ നീ.” പടവിലിരുന്ന അഭിഷേക് വിളിച്ചു പറഞ്ഞു.

അഭിഷേകിന്റെ വാക്കുകൾ കേട്ട് സൂര്യന്റെ മനസ്സിടറി. അവനെയൊന്ന് നോക്കിയിട്ട് മറുപടിയൊന്നും പറയാതെ സൂര്യൻ സാവധാനം കല്പടവിന് അടുത്തേക്ക് നീന്തി വന്നു. അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തളർച്ചയോടെ സൂര്യൻ അഭിക്കരികിൽ വന്നിരുന്നു.

നിമിഷങ്ങളോളം ഇരുവരും ഒന്നും മിണ്ടിയില്ല.

“നിന്നോട് എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് സൂര്യാ. നീയൊന്ന് ഓകെ ആയ ശേഷം മെല്ലെ പറയാമെന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ നീയിങ്ങനെ സ്വന്തം ജീവിതം നശിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇനിയും പറയാതിരുന്നാൽ ശരിയാവില്ല എന്ന് തോന്നുന്നു.”

“എന്താ അഭി? ഇനിയും എന്താ നിനക്ക് പറയാനുള്ളത്. ഉപദേശമാണെങ്കിൽ എനിക്കൊന്നും കേൾക്കണ്ട.” സൂര്യൻ നിലത്തേക്ക് മിഴികളൂന്നി ഇരുന്നു.

“ഉപദേശമൊന്നുമല്ലെടാ… നിർമലയുടെ മരണത്തെ കുറിച്ചാ എനിക്ക് പറയാനുള്ളത്. നിർമല… അവളുടെ മരണം ആ-ത്മഹത്യയല്ല സൂര്യാ.” ഒന്ന് നിർത്തി അഭി അവനെ നോക്കി.

“പിന്നെ…?”

“അതൊരു കൊ- ലപാ-തകമാണ്…”

“അഭീ…” അലർച്ചയോടെ സൂര്യൻ ചാടിയെഴുന്നേറ്റു.

“നീ വെറുതെ ഒച്ച വച്ച് മറ്റുള്ളവരെ കൂടി അറിയിക്കണ്ട.”

“നീ എന്തൊക്കെയാ അഭീ ഈ പറയുന്നത്. അവൾ… അവൾ ആ-ത്മഹത്യ ചെയ്തതല്ലെന്നോ? പറ അഭി… എന്റെ തലയൊക്കെ പെരുക്കുന്നു. ആരാ അവളെ…?” സൂര്യൻ മുഴുവിക്കാനാവാതെ വിതുമ്പി.

“നിർമലയ്ക്ക് നീന്തൽ പഠിപ്പിച്ചത് നീയല്ലേ? അവളെ നീന്തൽ പഠിപ്പിക്കുന്ന കാര്യം മുൻപെപ്പോഴോ നീ പറഞ്ഞു കേട്ട ഒരോർമ്മയുണ്ട്.” സൂര്യന്റെ ചോദ്യത്തിനൊരു മറു ചോദ്യമായിരുന്നു അഭിയുടെ മറുപടി.

“നിർമലയ്ക്ക് നീന്തൽ പഠിപ്പിച്ചത് കൊടുത്തത് ഞാൻ തന്നെയാ. അവൾ നന്നായി നീന്താൻ പഠിക്കുകയും ചെയ്തതാണ്.

“അവൾക്ക് നീന്തൽ അറിയാവുന്ന കാര്യം നിനക്കും എനിക്കും ഒഴിച്ച് മറ്റാർക്കും അറിയില്ല. തത്കാലം ഈ വിവരം ആരോടും പറയുകയും ചെയ്യരുത്.”

“എന്താ അഭി? എന്താ നീ ഇങ്ങനെയൊക്കെ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. ആരാ അഭി എന്റെ നിർമലയെ കൊ-ന്നത്?”

“അവളെ കൊ-ന്ന-താരാണെന്ന് എനിക്കറിയില്ല അഭി. എന്റെ ചില സംശയങ്ങൾ നീയുമായി പങ്ക് വയ്ക്കണമെന്ന് എനിക്ക് തോന്നി.

നന്നായി നീന്താനറിയുന്ന ഒരു ആൾക്ക് ഒരിക്കലും സ്വയം വെള്ളത്തിൽ ചാടി ആ-ത്മ-ഹത്യ ചെയ്യാൻ കഴിയില്ല. അതിന് ശ്രമിച്ചാലും അവർ ഒടുവിൽ പ്രാണ രക്ഷാർത്ഥം നീന്തി രക്ഷപ്പെടാൻ ശ്രമിക്കും. ഇപ്പോൾ നീ ചെയ്തത് പോലെ.

നീന്തൽ അറിയുന്ന ആളുകൾ ശക്തമായ അടിയൊഴുക്കിൽ പെട്ടോ കയ്യോ കാലോ എന്തിലെങ്കിലും കുടുങ്ങിയോ ആണ് സാധാരണയായി മുങ്ങി മരിക്കാറുള്ളത്. മരിക്കാൻ വേണ്ടി കുളത്തിലേക്ക് എടുത്തു ചാടിയിട്ടും നീ തിരികെ കേറിപോന്നത് ഇത് കൊണ്ട് മാത്രമാണ്.

അപ്പോൾ പിന്നെ നീന്തൽ അറിയുന്ന നിർമലയ്ക്ക് ഒരിക്കലും കുളത്തിൽ ചാടി ആ-ത്മഹത്യ ചെയ്യാൻ കഴിയില്ല. അവളുടെ മരണ കാരണം ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം മുട്ടിയായിരുന്നു എന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. അങ്ങനെയാകുമ്പോൾ നിർമലയുടെ മരണം ആ-ത്മഹത്യ അല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അപ്പോൾ അവളെ ആരോ അപായപ്പെടുത്തിയതാകാനെ വഴിയുള്ളു. അത് ആരാ എന്താ എന്നൊക്കെ നമ്മൾ കണ്ട് പിടിക്കേണ്ടിയിരിക്കുന്നു സൂര്യാ.”

“എന്ത് വില കൊടുത്തും അവളെ കൊ-ന്നവരെ നമുക്ക് കണ്ട് പിടിക്കണം അഭി. എന്റെ പെണ്ണിനെ ഇല്ലാതാക്കിയവനെ കയ്യിൽ കിട്ടിയാൽ ഈ കൈകൊണ്ട് തന്നെ ഞാനവനെ തീർക്കും.”

“ആദ്യം നിർമലയുടെ കൊലയാളിയെ കണ്ടെത്താൻ ശ്രമിക്കാം നമുക്ക്. എന്നിട്ടാവാം ശിക്ഷ വിധിക്കൽ.” അഭിഷേക് ഗൗരവത്തോടെ പറഞ്ഞു.

“അഭീ… അന്ന് രാത്രി അവളെ തനിച്ചാക്കി ഞാൻ പോയില്ലാരുന്നെങ്കിൽ ഒരുപക്ഷെ ഇന്നവൾ ജീവനോടെ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു. നിർമലയെ മരണത്തിലേക്ക് തള്ളി വിട്ടതിനു ഉത്തരവാദി ഞാനാണല്ലോ.” അപ്പോഴും സൂര്യൻ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു.

“ഇതിൽ നിന്റെ ഭാഗത്ത്‌ ഒരു തെറ്റുമില്ല സൂര്യാ. ഇങ്ങനെയൊരു കാര്യമറിഞ്ഞാൽ നിന്റെ സ്ഥാനത്തു മറ്റാര് ആയിരുന്നാലും ഇതിനേക്കാൾ രൂക്ഷമാകുമായിരുന്നു പ്രതികരണം. ഇനിയിപ്പോ അത് പറഞ്ഞിട്ട് കാര്യമില്ല.
നിർമലയ്ക്ക് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളു എന്ന് കരുതി സമാധാനിക്ക് നീ.”

“ഇനി അവൾക്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്നത് അവളെ കൊ-ന്നവനെ കണ്ടെത്തുക മാത്രമാണ്. അതിന് നിന്റെ സഹായം എനിക്ക് വേണം അഭി.”

“നിന്റെ കൂടെ എന്തിനും ഞാനുണ്ട് സൂര്യാ. എന്റെ മനസ്സിലെ സംശയങ്ങൾ മറ്റാരോടും ഞാൻ പങ്ക് വയ്ക്കാതിരുന്നത് തന്നെ നിർമലയ്ക്ക് ഒരു ചീത്തപ്പേര് ഉണ്ടാവരുതെന്ന് നീ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ്.”

“ഈ കാര്യങ്ങൾ നമ്മൾ രണ്ട് പെരുമല്ലാതെ വേറെയാരും അറിയണ്ട അഭീ. ഇതിന്റെ പേരിൽ എന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ അതൊന്നും ബാധിക്കില്ല. അവളെക്കാൾ വലിയൊരു നഷ്ടം എനിക്കിനി ഉണ്ടാവാനില്ല.” ഈറൻ മിഴികൾ മുണ്ടിന്റെ അരിക് കൊണ്ട് തുടച്ചു സൂര്യൻ വിങ്ങലടക്കി.

“നിർമലയുടെ മരണത്തിന് കാരണക്കാരൻ മഹേഷ്‌ അല്ലാതെ മറ്റാരുമാകാൻ വഴിയില്ല. അവളെ കൊല്ലാനുള്ള പക തോന്നേണ്ടത് അവന് മാത്രമാണ്. പക്ഷേ മഹേഷിനെ എങ്ങനെ കണ്ട് പിടിക്കുമെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

മഹേഷിന്റെ ഒരു ഫോട്ടോ പോലും നമ്മുടെ കയ്യിലില്ല. നിർമലയുടെ വീട്ടിൽ ഉണ്ടോന്ന് ഒന്ന് തപ്പി നോക്കേണ്ടി വരും. ഫോട്ടോ ഒന്നും കിട്ടിയില്ലെങ്കിൽ അവളുടെ വീട്ടുകാരിൽ നിന്ന് അവന്റെ ഒരു ഏകദേശ രൂപം ചോദിച്ചറിഞ്ഞു രേഖാ ചിത്രം വരപ്പിക്കേണ്ടി വരും. ആർക്കും സംശയം തോന്നാത്ത വിധത്തിൽ വേണം അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ.”

“നീ കൂടെയുണ്ടെങ്കിൽ ആ ചെറ്റയെ നമുക്ക് പെട്ടന്ന് കണ്ടെത്താൻ പറ്റുമെന്ന് എനിക്ക് വിശ്വാസമുണ്ട് അഭി.”

“പക്ഷേ എനിക്കാ ഉറപ്പില്ല സൂര്യാ. നിർമലയെ കൊന്ന ശേഷം അവനീ നാടുവിട്ടു ദൂരെ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടെങ്കിൽ കണ്ട് പിടിക്കാൻ നമ്മൾ കുറെ കഷ്ടപ്പെടും. അതുപോലെ തന്നെ ഇപ്പോൾ പറഞ്ഞത് പോലെ എളുപ്പമായിരിക്കില്ല നേരിട്ടിറങ്ങി കേസ് അന്വേഷിക്കുന്നത്. കാരണം ഇത് കൊ-ലപാതകമാണെന്ന് അറിയാവുന്നത് നമുക്ക് മാത്രമാണ്. അത് പുറത്തറിയാതെ വേണം നമുക്ക് എല്ലാം അന്വേഷിക്കേണ്ടത്. നമ്മുടെ കഴിവിന്റെ പരമാവധി നമുക്ക് ശ്രമിച്ചു നോക്കാം.” സൂര്യന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

*************

നിർമലയുടെ മരണത്തോടെ നാട്ടിൽ, സൂര്യന്റെ സൽപ്പേരിന് വീണ്ടും ഇടിവ് വന്നു. സൂര്യനും പഴയ ആളല്ലാതായി മാറി. ദുഃഖം മറക്കാനായി പഴയത് പോലെ കുടിയും വലിയും അവൻ തുടങ്ങി. ആരു പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല.

ഭാര്യയുടെ മരണത്തോടെ ഒരു രാത്രി പോലും ബോധത്തോടെ അവനുറങ്ങാൻ സാധിച്ചിരുന്നില്ല. കുടിച്ചു ലക്ക് കെട്ട് സർവ്വവും മറന്ന് കിടക്കുമ്പോഴാണ് അവനൊന്ന് ഉറങ്ങിയിരുന്നത്. അല്ലാത്തപ്പോൾ ഒന്ന് കണ്ണടച്ചാൽ അവന്റെ മനസ്സിലേക്ക് വരുന്നത് കുളത്തിൽ മരിച്ചു കിടക്കുന്ന നിർമലയുടെ മുഖമാണ്.

അമ്പാട്ട് തറവാട്ടിൽ ചിലവിടുന്ന ഓരോ നിമിഷവും സൂര്യന്റെ ഓർമ്മകളിൽ നിർമല മാത്രമായിരിക്കും ഉണ്ടാവുക. അവളുടെ ഓർമ്മകൾ അവനെ ഭ്രാന്ത് പിടിപ്പിക്കുമ്പോൾ ഒരു ആശ്വാസത്തിനിന്നോണം സൂര്യൻ ശാരദയുടെ അടുത്തേക്കാകും ഓടി ചെല്ലുക.

ശാരദ തന്റെ അനിയനെ പോലെ അവനെ ഊട്ടുകയും മടിയിൽ കിടത്തി ശിരസ്സിൽ തലോടി ഉറക്കുകയും ചെയ്യുമ്പോൾ സൂര്യന്റെ മനസ്സൊന്ന് ശാന്തമാകും. അവരുടെ അടുക്കലേക്ക് പോകുമ്പോഴും സൂര്യൻ മദ്യപിക്കില്ല. തറവാട്ടിൽ ചിലവിടുന്ന ഓരോ നിമിഷവും അവൻ മദ്യപിച്ചു അർദ്ധബോധവസ്ഥയിലാവും ഉണ്ടാകുക. അഭിഷേക് എത്ര ശ്രമിച്ചിട്ടും സൂര്യനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാത്രം കഴിഞ്ഞില്ല.

ശാരദയുമായുള്ള അവിഹിതബന്ധം ഉപേക്ഷിക്കാൻ കഴിയാനാവാതെ ഗർഭിണിയായ ഭാര്യയെ കുളത്തിൽ മുക്കി കൊ-ന്ന ദുഷ്ടനായി പലരും സൂര്യനെ കണ്ടു. പണത്തിന്റെ പിൻബലത്തിൽ കേസിൽ നിന്ന് ഊരി പോയതായിരിക്കാമെന്നും ഓരോരുത്തർ ഊഹിച്ചു പറഞ്ഞു നടന്നു.

സൂര്യന്റെ മോശം പ്രവർത്തികൾ സഹിക്കാൻ വയ്യാതെ നിർമല ആത്മഹത്യ ചെയ്തതാവാം എന്നും ചിലർ ചിന്തിച്ചു. ആത്മഹത്യയായാലും കൊലപാതകം ആയാലും അതിന് കാരണക്കാരൻ സൂര്യൻ തന്നെയാണെന്നും അവന് അതിൽ യാതൊരു കുറ്റബോധവും ഇല്ലാത്തത് കൊണ്ടാണ് ഭാര്യ മരിച്ചു ഒരു മാസം തികയും മുൻപേ അവൻ വീണ്ടും ശാരദയുടെ വീട് തേടി എത്തിയതെന്നായിരുന്നു മിക്കവരുടെയും ഭാഷ്യം.

നീലിമയ്ക്കും സൂര്യനെ കുറിച്ച് മോശം അഭിപ്രായം തന്നെയായിരുന്നു. അവൻ കാരണമാണ് നിർമല മരിച്ചതെന്നാണ് അവളും വിശ്വസിച്ചത്.

എല്ലാവരാലും സൂര്യൻ വീണ്ടും ഒറ്റപ്പെട്ട് പോയി. എങ്കിലും അവനെ മനസ്സിലാക്കാനും സാന്ത്വനിപ്പിക്കാനും അഭിഷേകും പരമുപിള്ളയും ശാരദയും ഉള്ളതുകൊണ്ട് സൂര്യൻ അമ്പേ തളർന്നു പോകാതെ പിടിച്ചു നിന്നു.

***************

മഹേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൂര്യനും അഭിഷേകും. അന്വേഷണത്തിന്റെ ആദ്യപടി എന്നോണം നിർമലയുടെ വീട്ടിലേക്ക് വന്നതായിരുന്നു ഇരുവരും.

നിർമലയുടെ വീട്ടിൽ അവൾ ഉപയോഗിച്ചിരുന്ന മുറി പരിശോധിച്ചാൽ മഹേഷിലേക്ക് എത്തുന്ന എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല എന്നായിരുന്നു അവരുടെ കണക്ക് കൂട്ടൽ. പക്ഷെ അവളുടെ മുറി തുറന്ന് നോക്കാൻ ആ വീട്ടിലുള്ളവരുടെ പിന്തുണ ഉണ്ടായേ തീരൂ. കാര്യങ്ങൾ ഏത് രീതിയിൽ അവതരിപ്പിച്ചാലാണ് തങ്ങൾ വന്ന കാര്യം സാധിച്ചെടുക്കാൻ കഴിയുക എന്നോർത്ത് ഇരുവർക്കും ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു.

ഗേറ്റിന്റെ ഓടാമ്പൽ നീക്കി വീട്ട് മുറ്റത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ സൂര്യൻ ആദ്യം കണ്ടത് നിർമലയുടെ അമ്മാവന്മാരെയാണ്. അവനെ കണ്ടതും ദേഷ്യത്തോടെ രണ്ട് അമ്മാവന്മാരും ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.

“നിന്നോടുള്ള അവരുടെ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു സൂര്യാ. ഇവര് കേറി ഇടഞ്ഞാൽ പിന്നെ നമ്മൾ വന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല.” അഭിഷേക് സൂര്യന് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു.

തുടരും….