സൂര്യനെ മോഹിച്ചവൾ, ഭാഗം 60, എഴുത്ത്: ശിവ എസ് നായര്‍

“ഇങ്ങോട്ട് വാടി…” നീലിമയുടെ കൈയിൽ പിടിച്ചു വലിച്ച് രതീഷ് മുന്നോട്ടു നടന്നു.

സൂര്യൻ തടഞ്ഞില്ല. അവൾ അവനെ ദയനീയമായൊന്ന് നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മങ്ങി.

ഒരു നിമിഷം, മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ച സൂര്യൻ കാറ്റുപോലെ അകത്തേക്ക് പാഞ്ഞു. അവന്റെ മുറിയിൽ, ഭിത്തിയിൽ തൂക്കിയിരുന്ന നിർമലയുടെ ഫോട്ടോയ്‌ക്കരികിൽ സൂര്യൻ നിന്നു.

“നീയല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ വേണ്ടെന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ, നീലിമയെ രക്ഷിക്കാൻ എന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല. എന്നോട് ക്ഷമിക്ക് നിർമലേ…” സൂര്യന്റെ മിഴികളിൽ നിന്നും ഒരിറ്റ് നീർതുള്ളി അടർന്ന് നിലത്തേക്ക് പതിച്ചു.

നിർമലയുടെ ഫോട്ടോയിൽ ചാർത്തിയിരുന്ന, വിവാഹ വേളയിൽ താൻ കെട്ടികൊടുത്ത താലി മാല അവൻ കയ്യിലെടുത്തു. പിന്നെ അതുമായി ഉമ്മറത്തേക്ക് കുതിച്ചു.

“നീലിമേ…” സൂര്യൻ ഉച്ചത്തിൽ വിളിച്ചു.

കുറച്ചുമുൻപ് സൂര്യൻ ഒന്നും മിണ്ടാതെ അകത്തേക്ക് കേറിപ്പോയത് കണ്ട് നീലിമ ഭയന്ന് പോയിരുന്നു. ആൾകൂട്ടവും ബഹളവും കണ്ട് അവൻ തന്നെ ഉപേക്ഷിച്ചുവെന്നാണ് അവൾ വിചാരിച്ചത്. പക്ഷേ ഇപ്പോൾ കേട്ട സൂര്യന്റെ വിളിയൊച്ച അവൾക്ക് പ്രതീക്ഷ നൽകി. അവൻ കൂടെയുണ്ടെന്ന ധൈര്യത്തിൽ രതീഷിന്റെ കൈകൾ കുടഞ്ഞെറിഞ്ഞ നീലിമ ഒറ്റ കുതിപ്പിന് സൂര്യനരികിൽ വന്നു.

“എന്നെ പറഞ്ഞു വിടല്ലേ സൂര്യേട്ടാ… എനിക്ക് അയാളുടെ പോകണ്ട. അയാളെന്നെ കൊണ്ട് പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.” പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണു.

“നിന്നെ ഞാൻ എവിടേക്കും വിടില്ല. ഒരുത്തനും നിന്നെയിനി തൊടില്ല.” സൂര്യനവൾക്ക് ധൈര്യം നൽകി.

“സൂര്യാ… വെറുതെ ഒരു പ്രശ്നമുണ്ടാക്കരുത്.” സുഗുണൻ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

“എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാ… ആവണിശ്ശേരിയിലെ രാമചന്ദ്രന്റെ മകൾ നീലിമ ഇന്ന് മുതൽ അമ്പാട്ട് പറമ്പിൽ സൂര്യ നാരായണന്റെ ഭാര്യയാണ്. നിങ്ങളെ എല്ലാരേയും സാക്ഷി നിർത്തി ഞാനിവളുടെ കഴുത്തിൽ താലി കെട്ടുകയാണ്.” പറഞ്ഞതും സൂര്യൻ കയ്യിലിരുന്ന താലി മാല അവളുടെ കഴുത്തിൽ അണിയിച്ചു.

നീലിമയ്ക്ക് ഒരു വേള താൻ സ്വപ്നം കാണുകയാണോ എന്ന് പോലും തോന്നിപ്പോയി. എല്ലാവരും അന്തിച്ചു നിൽക്കുകയാണ്. സൂര്യന്റെ ഭാഗത്ത്‌ നിന്ന് അത്തരമൊരു പ്രവർത്തി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഓർക്കാപ്പുറത്തൊരു അടി കിട്ടിയത് പോലെ തരിച്ചു നിൽക്കുകയാണ് രതീഷ്. പരമുപിള്ളയും അന്ധാളിച്ചു നിൽക്കുകയാണ്.

സന്തോഷമോ സങ്കടമോ ഒക്കെ കൂടിച്ചേർന്നൊരു അവസ്ഥയിലായിരുന്നു നീലിമ. കഴുത്തിലേക്ക് വീണ താലിയിൽ അവിശ്വസനീയതയോടെ അവൾ നോക്കി. സൂര്യന്റെ മുഖത്തെ ഭാവമെന്തെന്ന് വായിച്ചെടുക്കാൻ അവൾക്കായില്ല.

“ഇനിയിപ്പോ എനിക്കിവളിൽ അവകാശമില്ലെന്ന് ആരും പറയില്ലല്ലോ. ഈ നിമിഷം മുതൽ നീലിമ എന്റെ ഭാര്യയാണ്. അവളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഇനിയൊരു തെണ്ടികളും ഇങ്ങോട്ട് വരണ്ട. പിന്നെ എന്റെ ആദ്യ ഭാര്യയ്ക്ക് സംഭവിച്ച ദുരന്തം എന്തായാലും ഇവൾക്കുണ്ടാവില്ല. അങ്ങനെ ഉണ്ടായാൽ അന്ന് ഈ സൂര്യന്റെ മരണമായിരിക്കും.” അവസാന വാചകങ്ങൾ പറയുമ്പോ അവന്റെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു.

“ഇനിയാരും എന്റെ ഭാര്യയ്ക്ക് മേൽ അവകാശം പറഞ്ഞ് ഇങ്ങോട്ട് വന്ന് പോകരുത്. എല്ലാവർക്കും പിരിഞ്ഞു പോകാം.” നീലിമയെ ചേർത്ത് പിടിച്ചു രതീഷിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് സൂര്യൻ നിന്നു.

“ഇന്ന് മുതൽ നിന്റെ ദിവസങ്ങൾ തുടങ്ങി കഴിഞ്ഞു സൂര്യാ. എന്റെ വഴിയിൽ തടസ്സമായി വന്ന ഒന്നിനെയും ഞാൻ വളരാൻ അനുവദിച്ചിട്ടില്ല. ഇവളെ കൊണ്ട് പോകാൻ ഞാൻ വരും. അന്ന് നമ്മൾ കാണുന്നത് അവസാന കൂടിക്കാഴ്ച്ചയായിരിക്കും.” സൂര്യന്റെ അടുത്തേക്ക് വന്ന് അവന് മാത്രം കേൾക്കാൻ പാകത്തിൽ അത്രയും പറഞ്ഞതിന് ശേഷം പകയെരിയുന്ന കണ്ണുകളോടെ ഇരുവരെയുമൊന്ന് നോക്കി നിരാശയോടെ രതീഷ് പിന്തിരിഞ്ഞു നടന്നു.

രതീഷിനെ അങ്ങനെ നിസ്സാരനായി കാണാൻ പാടില്ലെന്നും അവൻ എന്തും ചെയ്യാൻ മടിക്കില്ലെന്നും സൂര്യന്റെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു.

രതീഷിന്റെ കൂടെ വന്നവരൊക്കെ മടങ്ങി.

മല പോലെ വന്നത് എലി പോലെ മടങ്ങി. എന്തായാലും ഒന്ന് കരുതിയിരിക്കണം. രതീഷ് എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. അവനെ ചുറ്റിപ്പറ്റി എന്തൊക്കെയോ നിഗൂഢതകളുണ്ട്. ആദ്യം കണ്ട ആളേയല്ല രതീഷിപ്പോ. അവന് മറ്റൊരു മുഖം കൂടിയുണ്ടെന്ന് സൂര്യന് തോന്നി. അഭിഷേകിനെയും കൂട്ടി രതീഷിനെ കുറിച്ച് വിശദമായൊരു അന്വേഷണം നടത്തണമെന്ന് അവൻ മനസ്സിലുറപ്പിച്ചു.

******************

“നീലൂ… നിന്റെ സമ്മതം പോലും ചോദിക്കാതെ താലി കെട്ടിയത് തെറ്റാണെന്ന് അറിയാം. അന്നേരത്ത് നിന്നെ രക്ഷിക്കാൻ എന്റെ മനസ്സിൽ മറ്റൊരു വഴിയും തെളിഞ്ഞില്ല.” ക്ഷമാപണത്തോടെ സൂര്യൻ അവളോട് പറഞ്ഞു.

“എനിക്ക് പരാതിയൊന്നുമില്ല സൂര്യേട്ടാ. എന്നെ രക്ഷിക്കാൻ വേണ്ടി ചെയ്തതല്ലേ.”

“ഈ താലി നിനക്കൊരിക്കലും ഒരു ഭാരമാവില്ല. തത്കാലം പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങും വരെ നാട്ടുകാരെ കണ്ണിൽ പൊടിയിടാൻ അത് നിന്റെ കഴുത്തിൽ തന്നെ കിടന്നോട്ടെ.

പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിന്ന് കഴിഞ്ഞാൽ ആരെയും പേടിക്കാതെ നിനക്ക് ജീവിക്കാം. അന്ന്, എല്ലാം മനസ്സിലാക്കി നിന്നെ സ്നേഹിക്കാൻ ആരെങ്കിലും വരുമ്പോ നിന്നെ ഞാൻ തന്നെ അവന് കൈപിടിച്ച് കൊടുത്തോളാം. അതുവരെ എന്റെ സംരക്ഷണം നിനക്കുണ്ടാവും.” അവന്റെ വാക്കുകൾ കേട്ട് നീലിമ ഒന്ന് നടുങ്ങി.

“അങ്ങനെ ആരും വേണ്ട… പഠിച്ചൊരു ജോലി വാങ്ങിക്കും ഞാൻ. പക്ഷേ ഇന്ന് മുതൽ ഇനിയെന്റെ മരണം വരെ സൂര്യേട്ടന്റെ ഭാര്യയായി ഞാൻ ഇവിടെ ജീവിക്കും. എനിക്കെങ്ങോട്ടും പോണ്ട. എന്നെ തിരിച്ചു സ്നേഹിക്കാനും ഞാൻ പറയില്ല. ഇവിടുന്ന് ഇറക്കി വിടാതെ ഈ തറവാട്ടിന്റെ ഏതെങ്കിലുമൊരു കോണിൽ തല ചായ്ക്കാൻ ഇത്തിരി സ്ഥലം തന്നാൽ മതി.” നീലിമ പതറാതെ അവന്റെ കണ്ണികളിൽ നോക്കി പറഞ്ഞു.

“നീലു… എന്താ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്. വെറുതെ ഭ്രാന്ത് വിളിച്ചു പറയരുത്.”

“ഭ്രാന്ത് ഒന്നുമല്ല…”

“ഇതൊക്കെ നിന്റെ പ്രായത്തിന്റെ എടുത്തു ചാട്ടം കൊണ്ട് തോന്നുന്നുതാ. കുറച്ചു കഴിഞ്ഞു മാറിക്കോളും.” സൂര്യൻ പുച്ഛിച്ചു.

“അറിവ് വച്ച പ്രായം മുതൽ സൂര്യേട്ടനെ ഞാൻ സ്നേഹിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കുറെയേറെ തെറ്റിദ്ധാരണ കാരണം എന്റെയുള്ളിൽ തോന്നിയ പ്രണയം ഞാൻ ഉള്ളിൽ തന്നെ കുഴിച്ചു മൂടുകയായിരുന്നു.

സൂര്യേട്ടനും എന്നെ സ്നേഹിച്ചിരുന്നുവെന്ന് അന്നൊരിക്കൽ എന്നോട് തുറന്നു പറയുമ്പോൾ ഞാൻ മനസ്സ് കൊണ്ട് സൂര്യട്ടനിൽ നിന്ന് ഒത്തിരി അകന്ന് പോയിരുന്നു. ഞാൻ കേട്ടറിഞ്ഞ സൂര്യൻ മഹാ തെമ്മാടിയും പെണ്ണ് പിടിയനുമായിരുന്നു. അങ്ങനെയൊക്കെ കേൾക്കുമ്പോഴും മനസ്സിന്റെ മറുപാതി സൂര്യേട്ടന് അങ്ങനെയാവില്ല എന്ന് എന്നോട് കലഹിക്കുമായിരുന്നു.

തെറ്റും ശരിയും ഒന്നും വേർതിരിച്ചറിയാനോ സൂര്യേട്ടനെ മനസ്സിലാക്കാനോ എനിക്കന്ന് സാധിച്ചിരുന്നില്ല. അന്നൊക്കെ ചെറിയമ്മയോടുള്ള പേടി കാരണം സൂര്യേട്ടനെ ഒന്ന് കാണുന്നതോ മിണ്ടുന്നതോ ഭയമായിരുന്നു. അവർ പറഞ്ഞു തന്ന രൂപമായിരുന്നു മനസ്സിൽ. അപ്പോഴൊക്കെ സൂര്യേട്ടനെ കാണുമ്പോൾ പുറമെ വെറുപ്പ് കാണിച്ചിരുന്നെങ്കിലും എന്റെയുള്ളിൽ ഞാനറിയാതെ തന്നെ ഒരിഷ്ടം ഏട്ടനോട് ഉണ്ടായിരുന്നു.

അന്നെന്തോ അത് തുറന്ന് സമ്മതിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. ഒരുപക്ഷെ എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയൊരു അവസ്ഥ തന്നെ ഉണ്ടാകുമായിരുന്നില്ല. സൂര്യട്ടനിനി എന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും ഏട്ടനെ വിട്ട് ഞാനെങ്ങോട്ടും പോകില്ല. ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതുമായ സൂര്യനല്ല യഥാർത്ഥ സൂര്യനെന്ന് എന്നെ ചെറിയച്ഛനിൽ നിന്ന് രക്ഷിച്ച ആ രാത്രി തന്നെ എനിക്ക് ബോധ്യമായതാണ്.”

ധൈര്യത്തോടെ സൂര്യനെ നോക്കി അത്രയും പറഞ്ഞിട്ടവൾ അകത്തളത്തിലേക്ക് ഓടിപ്പോയി. ഇനിയും അവന് മുന്നിൽ നിന്നാൽ താൻ പൊട്ടികരഞ്ഞേക്കുമെന്ന് അവൾക്ക് തോന്നിയിരുന്നു.

തന്റെ തെറ്റിദ്ധാരണ മൂലം ഒരിക്കൽ അവനെ ഒരുപാട് അവഗണിച്ചതിലും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതിലും നീലിമയ്ക്കിപ്പോ ഒത്തിരി വിഷമമുണ്ട്. മനസ്സിന്റെ നൊമ്പരം അടങ്ങുവോളം അവൾ ഹൃദയം പൊട്ടി കരഞ്ഞു.

****************

“മാമൻ കേട്ടില്ലേ അവൾ പറഞ്ഞിട്ട് പോയത്.” അവൾ പറഞ്ഞതൊക്കെ കേട്ട് അൽപ്പ ദേഷ്യത്തിലായിരുന്നു സൂര്യൻ.

“ഞാനെല്ലാം കേട്ടു. നീലിമ പറഞ്ഞതിനെ കുറിച്ച് എന്താ നിന്റെ അഭിപ്രായം?”

“ഇതൊക്കെ ഇപ്പോഴത്തെ ആവേശത്തിന് തോന്നുന്നത. കുറച്ചു കഴിഞ്ഞു മാറിക്കോളും.”

“മാറിയില്ലെങ്കിലോ?”

“മാറും.”

“അങ്ങനെയൊന്നും മാറുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല.”

“മാറിയാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല. എന്റെ ജീവിതത്തിലിനി മറ്റൊരു പെണ്ണുണ്ടാവില്ല. നീലിമയെ ഒരിക്കൽ സ്നേഹിച്ചിരുന്നുവെന്നത് സത്യം തന്നെയാ. പക്ഷേ എന്റെ മനസ്സിലിപ്പോ അവളില്ല. എന്റെ ഹൃദയത്തിലിപ്പോ എന്റെ നിർമല മാത്രമേയുള്ളൂ. അവളുടെ സ്ഥാനമിനി മറ്റാർക്കും നൽകാനാവില്ല.” സൂര്യൻ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു..

“നിനക്കും വേണ്ടേ മോനെ ഒരു ജീവിതം.”

“എന്നെകൊണ്ട് സാധിക്കില്ല മാമാ… നീലിമയ്ക്ക് നല്ലൊരു ജീവിതം കിട്ടും. ഞാൻ കാരണം അവളുടെ ജീവിതം നശിക്കാൻ ഞാൻ സമ്മതിക്കില്ല. സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.”

“ആ കുട്ടി അങ്ങനെയൊന്നും പിന്തിരിയുമെന്ന് എനിക്ക് തോന്നുന്നില്ല.”

“ഹാ… നമുക്ക് നോക്കാം.” ഒരു നെടുവീർപ്പോടെ സൂര്യൻ പറഞ്ഞു.

“ഇനി എന്തൊക്കെ സംഭവിച്ചാലും സൂര്യേട്ടനെ വിട്ടൊരു ജീവിതം നീലിമയ്ക്കുണ്ടാവില്ല.” കഴുത്തിലെ താലിയിൽ മുറുക്കി പിടിച്ച് നീലിമ സ്വയമെന്നോണം പറഞ്ഞു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *