ആരാണ്, എന്താണ് എന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. സുന്ദരനായ ഹരി കണ്ടുപിടിച്ചത്…

എഴുത്ത്: അമ്മു
==============

“എന്ത് കണ്ടിട്ടാ ഹരി നീ ആ പെണ്ണ് തന്നെ മതി എന്ന വാശിപിടിച്ചത്. കാണാനോ മേനയില്ല എന്നാപ്പിന്നെ പഠിപ്പിലും ഉണ്ടെങ്കിൽ ആട്ടെ. ഇത് അതും ഇല്ലല്ലോ?” സവിത അമ്മായി ചോദിച്ചപ്പോൾ അതിന് ഹരി ചിരിച്ചതേയുള്ളൂ..

“ഞാനതിന്  അവളെ കല്യാണം കഴിച്ച് സൗന്ദര്യമത്സരത്തിൽ ഒന്നും പങ്കെടുപ്പിക്കാൻ കൊണ്ടുപോകുന്നില്ലല്ലോ അമ്മായി!!”

എന്ന് പറഞ്ഞപ്പോഴേക്ക് സവിതയുടെ മുഖം വാടി. കവിതയ്ക്ക് അവരുടെ മൂത്തമകൾ ഗൗരിയെ ഹരിയെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് ചെറിയൊരു താൽപ്പര്യം ഉണ്ടായിരുന്നു. സവിത അത് ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അയാൾക്ക് നേരിട്ട് അളിയനോട് പോയി പറയാൻ ഒരു മടി. അതുകൊണ്ടാണ് അയാൾ ഇങ്ങോട്ട് അവർ വന്ന് അന്വേഷിക്കട്ടെ എന്നും പറഞ്ഞ് നിന്നത്

അതിനിടയിലാണ് ഹരി തന്റെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയുടെ മകളെ ഇഷ്ടമാണ് എന്നും പറഞ്ഞ് മുന്നോട്ടുവന്നത്. ആരാണ് എന്താണ് എന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. സുന്ദരനായ ഹരി കണ്ടുപിടിച്ചത് കാണാൻ വലിയ ഗുണം ഒന്നും ഇല്ലാത്ത ഒരു പെണ്ണിനെ..

എല്ലാവരും എതിർത്തുനോക്കി എന്നാൽ ഹരിയുടെ അച്ഛനും അമ്മയും മാത്രം എതിർത്തില്ല..

അതിന് പിന്നിൽ വലിയ ഒരു കഥയുണ്ടായിരുന്നു…

ഹരി ദുബായിൽ ആണ് നല്ല ജോലിയാണ് അയാൾക്ക്. അവിടെ മാഷ് ആയിരുന്ന അച്ഛനും ടീച്ചർ ആയിരുന്ന അമ്മയ്ക്കും ഏക മകൻ..

ശരിക്കും സ്വർഗ്ഗം പോലെ ഒരു വീട് മാഷും ടീച്ചറും പരസ്പരം സ്നേഹിച്ച് സമാധാനമായി പോയിരുന്ന സമയത്താണ് ടീച്ചർക്ക് ഒരു ദിവസം ഒരു നെഞ്ചുവേദന വരുന്നത് അതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി..

അന്ന് ഹരി ദുബായിൽ പോയിട്ട് അധികം ആയിട്ടില്ല മാഷ് മാത്രമേ ഭാര്യയുടെ കൂടെ ഉണ്ടായിരുന്നുള്ളൂ..

ടീച്ചർക്ക് ഹാർട്ടിന് പ്രശ്നമാണ് അതുകൊണ്ട് സർജറി വേണം എന്ന് പറഞ്ഞു. ആൻജിയോപ്ലാസ്റ്റിക് ചെയ്യാൻ കഴിയില്ല. ഓപ്പൺ ഹാർട്ട് സർജറി തന്നെ വേണം എന്ന് പറഞ്ഞപ്പോൾ ശരിക്കും മാഷ് ഞെട്ടിപ്പോയി..

ഒന്ന് സപ്പോർട്ട് ചെയ്യാൻ പോലും ആരും വന്നില്ല. ടീച്ചറുടെ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആരെങ്കിലും കൂടെ വേണം. ബന്ധുക്കളോട് എല്ലാം പറഞ്ഞു എങ്കിലും അവർക്കാർക്കും അന്ന് ഒഴിവുണ്ടായിരുന്നില്ല..ഒടുവിൽ മാഷ് തന്നെയാണ് ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പോയത്.

ആ സമയത്താണ് കാർത്യായനി എന്ന അകന്ന ബന്ധു കാണാൻ വരുന്നതും ടീച്ചറുടെ അവസ്ഥ കണ്ട് സഹതാപം തോന്നി തന്റെ മകളെ അവിടെ നിർത്താം എന്ന് സമ്മതിച്ചതും..

ചന്ദന അതായിരുന്നു അവളുടെ പേര്..ഒറ്റനോട്ടത്തിൽ കാണാൻ വലിയ ഭംഗി ഒന്നുമില്ല. പക്ഷേ അവളോട് സംസാരിച്ചാൽ അവളുടെ സ്നേഹം ആ മുഖത്ത് സൗന്ദര്യമായി തിളങ്ങുന്നുണ്ട് എന്ന് തോന്നും..

ചന്ദന എന്ന ഒരു കുട്ടി വന്നിട്ടുണ്ട്, കാർത്യായനി അപ്പച്ചിയുടെ മകളാണ് എന്നെല്ലാം പറഞ്ഞപ്പോൾ  ഹരിക്ക്
സമാധാനമായി. എന്തായാലും സ്വന്തക്കാർ തന്നെയാണല്ലോ കൂടെ ഉള്ളത് എന്ന്. പിന്നെ ഓരോ ദിവസവും ഹരി അവളെപ്പറ്റി കൂടുതൽ കൂടുതൽ അറിയുകയായിരുന്നു. ഒരു മകളില്ലാത്തതിന്റെ വിഷമം പലപ്പോഴും പറയുമായിരുന്നു അമ്മ ആ വിഷമം നിർത്തി ഇപ്പോൾ പറയുന്നത് മുഴുവൻ ചന്ദനയെ പറ്റിയാണ്..

ആ വീട്ടിൽ ഇപ്പോൾ എല്ലാം ചന്ദനയാണ്. കാർത്യായനിയുടെ അരികിലേക്ക് തിരികെ പോകാൻ അവൾ നിന്നപ്പോൾ കരഞ്ഞു പോകണ്ട എന്ന് പറഞ്ഞതും അമ്മ തന്നെയായിരുന്നു…

പട്ടിണിയും പരിവട്ടവും ആയിരിക്കുന്ന സ്വന്തം വീട്ടിലേക്ക് പോകാതെ ഇവിടെ തന്നെ നിൽക്കാൻ അവൾക്കും നൂറു നൂറു സമ്മതം. ഒടുവിൽ മകന് പെണ്ണു നോക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇതുവരെ തിരിഞ്ഞു നോക്കാതിരുന്ന ബന്ധുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങി..

അച്ഛനും അമ്മയ്ക്കും നല്ല ഒരു തുക പെൻഷൻ ആയി ലഭിക്കും. പിന്നെ കണ്ണത്താത്ത ദൂരത്തോളം സ്വത്ത്. മകനാണെങ്കിൽ ദുബായിൽ നല്ല ജോലി. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും വിധം ഒരു കുടുംബം.

പെണ്ണ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ അമ്മ ആദ്യമേ പറഞ്ഞ ഒരു കാര്യം ഉണ്ട്. എനിക്ക് ചന്ദനമോളെ പോലെ ഒരു മരുമകളെ മതി എന്ന്. അതുപോലെ ഒരു മരുമകളെ തരാൻ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചു. പക്ഷേ എവിടെ ചെന്നാലും അവർക്ക് ചന്ദനയെ പോലെ ഒരു കുട്ടിയെ കിട്ടിയില്ല.

“ഞങ്ങൾക്ക് ആരെയും ഇഷ്ടമാകുന്നില്ല ഹരി. നീ നാട്ടിൽ വന്ന് നീ തന്നെ തിരയൂ!!”

എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നെ ലീവെടുത്ത് നാട്ടിലേക്ക് വന്നു..

അവിടെ വന്നപ്പോഴാണ് വീട്ടിലെ കാര്യങ്ങൾ മൊത്തം മാറിയിരിക്കുന്ന കാര്യം കണ്ടത്..

രാവിലെ ചന്ദന നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറും. അവൾ അടുക്കളയിൽ കയറി എന്തെങ്കിലും പാത്രത്തിന്റെ ശബ്ദം കേട്ടാൽ അമ്മ കൂടെ ചെല്ലും. അവളെ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സമ്മതിക്കില്ല. അവൾ ആണെങ്കിൽ തിരികെ അമ്മയെയും ഒന്നും ചെയ്യാൻ സമ്മതിക്കില്ല..

ഒരു കുഞ്ഞിനെപ്പോലെ അമ്മയെ കൊഞ്ചിച്ചു കൊണ്ട് നടക്കുന്നവൾ ആദ്യം അത്ഭുതം ആയിരുന്നു. ഒരു പ്രായം എത്തിയപ്പോൾ ഞാൻ പോലും അമ്മയെ ഇങ്ങനെ കെട്ടിപ്പിടിക്കാറില്ല ഉമ്മ വെക്കാറില്ല…

എന്റെ അച്ഛനോടും അമ്മയോടും ഒരു കുഞ്ഞിനെപ്പോലെ അവൾ പെരുമാറുന്നത് കണ്ടപ്പോൾ ആദ്യമെല്ലാം അവളോട് ചെറിയ അസൂയ ആയിരുന്നു പിന്നീട് അതൊരു കൗതുകമായി….

കാരണം അവരും അത് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു വെറുതെയല്ല എന്നോട് ചന്ദനയെ പോലെ ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ പറഞ്ഞത് എന്ന് മനസ്സിലായി അതുപോലൊരു പെൺകുട്ടിയെ ഞാനും അന്വേഷിച്ചു നടന്നു..

പക്ഷേ എവിടെയും എനിക്ക് അതുപോലെ ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ തന്നെയാണ് അമ്മയോട് ചോദിച്ചത് അതുപോലെ ഒരു പെൺകുട്ടിയെ എന്തിനാ അവൾ തന്നെ പോരെ എന്ന്..

അത് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു. നിന്റെ സങ്കൽപ്പത്തിനൊത്ത പെൺകുട്ടി ആവില്ല എന്ന് കരുതിയാണ് അമ്മ നിർബന്ധിക്കാതെ ഇരുന്നത്, എന്നുകൂടി കേട്ടപ്പോൾ ആ രണ്ടുപേരുടെയും മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹം എന്നുമുതലോ കയറി കൂടിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി..

പിന്നെ കൂടുതൽ താമസിച്ചില്ല. കാർത്യായനി അപ്പച്ചിയുടെ കാര്യങ്ങൾ എല്ലാം പോയി പറഞ്ഞത് അച്ഛൻ ആയിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരിക്കലും ഇങ്ങനെ ഒരു കാര്യസാധ്യത്തിന് വേണ്ടി ആയിരുന്നില്ല അവർ മകളെ അയച്ചത്..കാര്യമെല്ലാം അറിഞ്ഞ് അവളും ഒരു ദിവസം എന്നെ വഴിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

“അതെ!! ടീച്ചറെയും ആശയും ഞാൻ ഇനിയും നോക്കിക്കോളാം എന്നുവച്ച് ഇങ്ങനെ ഒരു ത്യാഗം ഒന്നും ചെയ്യേണ്ട!! നമ്മൾ തമ്മിൽ ചേരില്ല നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിക്കൂ!!” എന്ന് പറഞ്ഞപ്പോൾ ആ ഉണ്ടക്കണ്ണുകളിൽ രണ്ടു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി നിൽക്കുന്നുണ്ടായിരുന്നു..

“എനിക്ക് ഈ കുട്ടിയെ തന്നെ മതിയെങ്കിലോ? ” എന്ന് പറഞ്ഞപ്പോൾ ഒരു അത് വിശ്വാസം ആകാതെ എങ്ങനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പതിയെ ആ കരച്ചിൽ ഒരു പുഞ്ചിരി ആയി വിടരുന്നത് കണ്ടു…

അത് മതിയായിരുന്നു അവൾക്ക് സമ്മതമാണ് എന്ന് മനസ്സിലാക്കാൻ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സവിത അമ്മായിയെ പോലെ ഒരുപാട് പേർ കല്യാണം മുടക്കാൻ വേണ്ടി വന്നു. പക്ഷേ അതിലൊന്നും ഞങ്ങൾ മൂന്നു പേരും ഒരു ശ്രദ്ധയും കൊടുത്തില്ല..

ഇന്നവൾ വലതുകാൽ വച്ച് എന്റെ ജീവിതത്തിലേക്ക് കയറിവന്നു എന്റെ ഭാര്യയായി എന്റെ അച്ഛനും അമ്മയും പ്രിയപ്പെട്ട മകളായി…