തങ്ങളെക്കാൾ തീരെ കുറഞ്ഞ ജീവിത നിലവാരത്തിലുള്ള ആ ബന്ധം അംഗീകരിക്കാൻ തുടക്കം മുതൽ  ബുദ്ധിമുട്ട് ആയിരുന്നു….

Story written by Ammu Santhosh
========================

“She is good “

“ഒരാളുടെ കല്യാണം 100 % അവരുടെ ഓപ്ഷൻ ആണ്. അവരെ അതിനനുവദിക്കലാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം “

അരവിന്ദ് ഉറച്ച സ്വരത്തിൽ ഭാര്യ ലക്ഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞു. ലക്ഷ്മി കുറച്ചു നേരം അയാളെ നോക്കി നിശബ്ദയായി ഇരുന്നു. പിന്നെ മൂന്ന് മക്കളെയും അവരുടെ രണ്ടു പേരുടെ ഭാര്യമാരെയും നോക്കി

മൂത്ത മകൻ എഞ്ചിനീയർ ഭാര്യയും അതെ. രണ്ടാമത്തെ മകൻ ഡോക്ടർ ഭാര്യയും ഡോക്ടർ. താൻ കണ്ടു പിടിച്ച ബന്ധങ്ങൾ ആണ്. ഒരു കുഴപ്പവുമില്ല. എല്ലാവരും ഒന്നിച്ചു തന്നെ. ഒരെ വീട്ടിൽ സന്തോഷം ആയി മുന്നോട്ട് പോകുന്നു.

ഇളയവൻ ബിസിനസ് ആണ്. അവൻ പ്രണയിക്കുന്നു എന്ന് പറയുന്ന പെൺകുട്ടി പഠിക്കുന്നതേയുള്ളു.അതും കലാമണ്ഡലത്തിൽ നൃത്തം.

തങ്ങളെക്കാൾ തീരെ കുറഞ്ഞ ജീവിത നിലവാരത്തിലുള്ള ആ ബന്ധം അംഗീകരിക്കാൻ തുടക്കം മുതൽ  ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ അവന് അത് മതി. ഒരു പക്ഷെ അവൾ ഇവിടേക്ക് വന്നാൽ സാധാരണ ഗതിയിൽ മൂത്തവർ ഓരോരുത്തരായി ഓരോ വീട് വെച്ചു മാറാനുള്ള സാധ്യത ഉണ്ട്. അവളെ ഇവർക്ക് അംഗീകരിക്കാൻ താല്പര്യമില്ല എന്ന് രണ്ടു പേരുടെയും മുഖത്ത് നിന്നറിയാം. പക്ഷെ അരവിന്ദ് ഇങ്ങനെ സ്ട്രോങ്ങ്‌ ആയി നിൽക്കുമ്പോൾ തനിക്ക് എതിർക്കാനും വയ്യ.

അവർ ഇളയമകൻ അഭിജിത്തിന്റ മുഖത്ത് നോക്കി. വളരെ successful ആയ ബിസിനസ്കാരനാണെന്ന്, ഇത്രയും ഉയരങ്ങളിൽ ഒക്കെ എത്തുക അപൂർവഭാഗ്യമാണെന്ന് അവനെ കുറിച്ച് തന്റെ സുഹൃത്തുക്കൾ പറയാറുണ്ട്.

അഭിമാനം ആയിരുന്നു. പക്ഷെ ഈ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതോടെ അവൻ തങ്ങളുടെ സുഹൃത്തുക്കളുടെ വലയത്തിലെങ്കിലും കളിയാക്കിപ്പെടാനുള്ള ഒരു ടൂൾ ആയി മാറും.

അഭിജിത് ചെറുപ്പത്തിൽ തന്നെ മറ്റ് രണ്ടു മക്കളെ പോലെയായിരുന്നില്ല. അവന് വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു. പ്ലസ് ടുവിനു കോമേഴ്‌സ് എടുക്കണം എന്നത് അവന്റെ തീരുമാനം ആയിരുന്നു. അതിന് ശേഷം അമേരിക്കയിൽ പോയി ബിസിനസ് മാനേജ്മെന്റിൽ ബിരുദം. പിന്നെയാണ് ബിസിനസ് തുടങ്ങിയത്.

തന്റെ സുഹൃത്തുക്കളിൽ പലർക്കും സുന്ദരികളായ പെണ്മക്കൾ ഉണ്ട്. അവർക്കെല്ലാം അവനെ നോട്ടവുമുണ്ടായിരുന്നു. ഈ കുട്ടി അതീവ സുന്ദരിയൊന്നുമല്ല. വിദ്യാഭ്യാസവും കുറവാണ്. ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി…..

ഇവനെന്ത് കണ്ടിട്ടാവും ആ കുട്ടി മതി എന്നിത്ര ഉറപ്പിച്ചു പറയുന്നത്?

പിന്നീട് ഒറ്റയ്ക്കായപ്പോൾ അവർ അത് ചോദിക്കുക തന്നെ ചെയ്തു

“She is good “

അഭിജിത്ത് ടൈ ഒന്നുടെ മുറുക്കി കോട്ട് എടുത്തണിഞ്ഞു പിശുക്കി ചിരിച്ചു

“ഇന്നൊരു ബിസിനസ് മീറ്റ് ഉണ്ട്. നോർവേ കമ്പനിക്കാരുമായി. ഞാൻ ലേറ്റ് ആകും “

“അഭി ഒരു ഗുഡ് മതിയോ നിനക്ക്? Exxelent ആവണ്ടേ നിന്റെ പെൺകുട്ടി?”

“വേണ്ട..ഗുഡ് മതി. “

അവൻ ഗ്ലാസ്‌ എടുത്തു മൂക്കിൽ ഉറപ്പിച്ചു.

“അവളെ കണ്ടിട്ട് അമ്മയ്ക്ക് അവൾ ഈ കുടുംബത്തിന് യോജിച്ചതാണെന്നു തോന്നിയില്ല അഭി. നിന്റെ ഏട്ടന്മാർക്കും ഏട്ടത്തിമാർക്കും ഇതിഷ്ടമല്ല. അച്ഛൻ പറഞ്ഞത് ശരിയാണെങ്കിലും നീ ഇത് കൂടി ചിന്തിക്കണം.”

“എല്ലാവർക്കും ഇഷ്ടമായിട്ട് നമുക്ക് ചിലത് ചെയ്യാൻ പറ്റില്ല. നിങ്ങൾക്ക് ഈ അഭിപ്രായം ഒക്കെ മാറും..ഞാൻ പറഞ്ഞില്ലേ she is good “

“അവളുടെ ഡാൻസ് കണ്ടിട്ടാണോ നീ അട്രാക്ടഡ് ആയത്?” അവർ ദേഷ്യത്തിൽ ചോദിച്ചു

“ഞാൻ കണ്ടിട്ടില്ലല്ലോ അവളുടെ നൃത്തം? എനിക്ക് അറിയുക കൂടിയില്ലായിരുന്നത്. അല്ലെങ്കിലും എനിക്ക് ഡാൻസ്, പാട്ട് ഒന്നും ഇന്റർസ്റ്റ് ഇല്ലാന്ന് അമ്മയ്ക്ക് അറിയില്ലേ? അവൾ നല്ല കുട്ടിയാണ്. അമ്മയ്ക്ക് പിന്നീട് അത് മനസിലാകും “

പിന്നെ ലക്ഷ്മി തർക്കിച്ചില്ല. അതിൽ വലിയ കാര്യമില്ല എന്ന് അവർക്ക് തോന്നി.

പല്ലവിയും അഭിജിത്തുമായുള്ള വിവാഹം കഴിഞ്ഞു. അവൻ പറഞ്ഞത് ശരിയായിരുന്നു

She is good

ആ ഗുഡ് എന്താണെന്ന് അവർക്ക് പിന്നീട് ആണ് മനസിലായത്

മനസിലുള്ളത് തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്തവൾ, വ്യക്തമായ തീരുമാനം ഉള്ളവൾ

ചിരിക്കാൻ തോന്നിയാൽ ഉറക്കെ പൊട്ടിച്ചിരിക്കാനും കരയാൻ തോന്നിയാൽ പൊട്ടിക്കരയാനും ജാള്യതയൊന്നുമില്ലാത്തവൾ

അഭിയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ സമയവും കാലവും നോക്കാത്തവൾ

അവളുടെ നൃത്തക്ലാസുകൾക്ക് അവൾ സൈക്കിളിൽ ആണ് പോകുക. അതിനും ആരുടെയും സഹായം വേണ്ട

അവൾക്കുള്ള ഭക്ഷണം തയ്യാറാക്കാൻ ആ വീട്ടിലെ ജോലിക്കാർ വേണ്ട. അവളുടെ ജോലികൾ ചെയ്യാനും അവർ വേണ്ട

അവളുടെ വരവോടെ പണ്ടെങ്ങോ മറന്ന് വെച്ച പ്രണയത്തിന്റെ പുതപ്പ് ഒന്നുടെ പുതച്ചു ലക്ഷ്മി. അരവിന്ദിനെയും പുതപ്പിച്ചു

മെല്ലെ മെല്ലെ വീട് വിട്ടു പുറത്ത് പോകാൻ പോലും എല്ലാർക്കും മടിയായി. അവൾ ഉള്ള സമയം വീട്ടിൽ ഇരിക്കാൻ എല്ലാവർക്കും ഉത്സാഹം ആയി

അവളുടെ നൃത്തം അഭിജിത് പോലും അന്നാണ് കാണുന്നത്. അവളുടെ ചിലങ്കയുടെ നാദം കൊണ്ട് വീട് മുഖരിതമായി. ഒരു ചുവട് പോലും വെക്കാൻ അറിയാത്ത ആ മൂന്ന് സ്ത്രീകൾക്ക് അവൾ നൃത്തത്തിൽ ഗുരുവായി

വീടൊരു വീടായി

ഇത് വരെ ജീവിച്ച ജീവിതം മാറി. തമ്മിൽ പ്രണയം നിറഞ്ഞവരായി

ഇപ്പോൾ മാത്രം ആണ് ലക്ഷ്മിക്ക് മനസിലായത് അഭിജിത് പറഞ്ഞതിന്റെ പൂർണമായ അർത്ഥം

“She is good “

അതേ അവൾ നല്ലവളാണ്, വളരെ നല്ലവൾ…

നിന്നിടം ധന്യമാക്കുന്നവൾ

-Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *