ധ്രുവം, അധ്യായം 123 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ എഴുന്നേറ്റപ്പോൾ. വൈകി. അവൾ അരികിൽ ചേർന്ന് കിടക്കുന്ന അർജുന്റെ മുഖത്ത് നോക്കി കുറച്ചു നേരം കൂടി കിടന്നു. ഒരു കുഞ്ഞിനെ പോലെ ശാന്തമായി ഉറങ്ങുന്നു. അവൾ വാത്സല്യത്തോടെ ആ മുടിയിൽ ഒന്ന് തഴുകി കവിളിൽ ഒരുമ്മ കൊടുത്തു

“മോനെ?” അവനൊന്ന് മൂളി

“ഞാൻ എണീൽക്കുവാ ട്ടോ “

അവൻ അതിനും മൂളി. പിന്നെ കണ്ണുകൾ തുറക്കാതെ തന്നെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തിട്ട് തിരിഞ്ഞു കിടന്നു

എപ്പോഴാണെങ്കിലും ഒന്നിച്ചുറങ്ങിയിട്ട് പറയാതെ എണീറ്റ് പോകുന്നത് ഇഷ്ടം അല്ല അർജുന്‌. ചില നേരങ്ങളിൽ ഒരു  വഴക്കിനു അത് ധാരാളം മതി. ദേഷ്യം വന്നാൽ എന്താ പറയുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. അതിന്.ഈ വലിയ സ്നേഹം ഒക്കെ അന്നേരം എങ്ങോട്ട് പോണോ എന്തോ. പിന്നെ താൻ കരഞ്ഞു കാണുമ്പോഴാണ് അല്പം ഒന്ന് തണുക്കുക. അത് കൊണ്ട് അവനെ ദേഷ്യം പിടിപ്പിക്കാതിരിക്കാൻ ആകുന്നത് ശ്രമിക്കാറുണ്ട് കൃഷ്ണ.

അവൾ എഴുന്നേറ്റു സമയം നോക്കി. ഏഴുമണി കഴിഞ്ഞു. എത്ര  വൈകിയുണർന്നാലും ഈ സമയം കഴിഞ്ഞു കിടക്കാൻ പറ്റില്ല

ദൃശ്യയോക്കെ പത്തു മണിക്കും പതിനൊന്നു മണിക്കും എണീറ്റു വരുന്നത് കണ്ടു അതിശയിച്ചു പോയിട്ടുണ്ട്. തന്നെ കൊണ്ട് പറ്റില്ല. അമ്മ കൊ- ല്ലും. അത് മാത്രം അല്ല. വീട്ടിൽ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നപ്പോ പുലർച്ചെ എണീക്കണം. അങ്ങനെ ശീലിച്ചു പോയി

അവൾ എഴുന്നേറ്റു വാതിൽ തുറന്നു. പുറത്ത് വെയിൽ ആവുന്നേയുള്ളു

തണുപ്പ് ഉണ്ട്. അവൾ പല്ല് തേച്ചു കുളിച്ചു ഒരു കാപ്പി ഇട്ട് പുറത്ത് തിണ്ണയിൽ വന്നിരുന്നു

മുറ്റത്തു കരിയിലകൾ വീണു കിടപ്പുണ്ട്. തലേന്ന് നന്നായി വൃത്തി ആയി കിടന്ന മുറ്റമാണ്. കാറ്റ് ഉണ്ടെന്ന് തോന്നുന്നു

നാട്ടിൽ അപ്പുവേട്ടന്റെ വീടിന്റെ മുറ്റം നിറച്ചു ടൈൽ ആണ്. കുറച്ചു സ്ഥലത്ത് ചെടികൾ വെച്ചിട്ടുണ്ട്. മുറ്റം നല്ല രസമാണ് കാണാൻ

അവൾ അവിടെ ചാരി വെച്ചിരുന്ന ചൂല് എടുത്തു മുറ്റം നന്നായി അടിച്ച് വാരി വൃത്തി ആക്കി

“ആഹാ ചേച്ചി രാവിലെ നല്ല പണിയാണല്ലോ. എത്ര തൂത്തിട്ടും കാര്യമില്ല ചേച്ചി. ഉച്ച ആകുമ്പോൾ കണ്ടോണം മെത്ത പോലെയാകും ഇല വീണു നിറഞ്ഞ മുറ്റം “

കാളി പാലും കൊണ്ട് വന്നതാണ്

അവൾ അവനോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ഒരു ഗ്ലാസ്‌ കാപ്പി അവനും കൊടുത്തു

“ചേച്ചി എങ്ങനെ അടുപ്പ് കത്തിച്ചു? വിറക് ഒക്കെ ഉണ്ടായിരുന്നോ? നിങ്ങൾ റിസോർട്ടിൽ നിന്നാ കഴിക്കുന്നതെന്ന് വിചാരിച്ചു. അല്ലെങ്കിൽ കുറച്ചു കമ്പൊക്കെ ഞാൻ പെറുക്കി തന്നേനെ. നന്ദന ചേച്ചിയോട് പറഞ്ഞാൽ ഗ്യാസ് ഒരു കുറ്റി തരും നമുക്ക് ഒരു അടുപ്പ് മേടിക്കന്നെ. എന്തിനാ വെറുതെ അടുപ്പ് കത്തിച്ച്. അതും അടുപ്പ് വീട്ടിനുള്ളിൽ അല്ല പുറത്ത് ഷെഡിലാ.”

“അത് സാരോല്ലടാ. ഗ്യാസ് ഉണ്ട്. വേറെ ജോലിയൊന്നുല്ല ഇത് കൊള്ളാം
കുറച്ചു പണിയെടുത്തു ഭക്ഷണം കഴിക്കാമെന്നെ. നല്ല രുചി ആയിരിക്കും “

അവള് ചിരിച്ചു

“ചേച്ചി കോളേജിൽ പഠിക്കുവാണോ? എന്നാരുന്നു കല്യാണം? ലവ് മാര്യേജ് ആയിരുന്നോ?”

അവന്റെ മുഖത്ത് ഒരു ചമ്മൽ ഉണ്ട്. എന്നാലും അവനതങ് ചോദിച്ചു കളഞ്ഞു

കൃഷ്ണ പൊട്ടിച്ചിരിച്ചു

“അമ്പട മിടുക്കാ. അപ്പൊ നന്ദന പറഞ്ഞില്ലേ ഒന്നും?”

“ഹേയ്. നാട്ടിൽ നിന്ന് രണ്ടു പേര് വരുന്നുണ്ട്. ഒന്ന് രണ്ടു മാസമുണ്ടാകും
നാട് കാണാനാണ് എന്നേ പറഞ്ഞുള്ളു. ഞാൻ വിചാരിച്ചു വല്ല ആണുങ്ങളും ആയിരിക്കുമെന്ന്. ഇടക്ക് അങ്ങനെ വരും. കുറേ മാസങ്ങൾ നിന്നിട്ട് പോകുന്നവർ ഉണ്ട്. ഇതിപ്പോ ജോഡിയാണെന്ന് കണ്ടപ്പോൾ അല്ലെ മനസിലായത്?”

കൃഷ്ണ ചിരിച്ചു

“കല്യാണം കഴിഞ്ഞോ അതോ ഒളിച്ചോടി വന്നതാണോ?”

അവൾ ഉറക്കെ ചിരിച്ചു പോയി

“കല്യാണം കഴിഞ്ഞു ഒരു വർഷവും മൂന്ന് മാസവുമായി. പഠിത്തം ഇപ്പോഴാ തീർന്നത്. അതാണ് ഇത്രയും നാളുകൾ സ്ഥലം കാണാൻ ഒന്നും പോകാതിരുന്നത് “

അവൾ മാലയിൽ കോർത്ത താലി ഉയർത്തി കാണിച്ചു

“അത് ശരി. എന്താ പഠിച്ചേ?”

“ഡോക്ടറാ “

അവന്റെ കണ്ണ് തള്ളി. അവനവളെ ഒന്നുടെ നോക്കി. ഒരു കൊച്ച് പെൺകുട്ടിയാണ് എന്നേ തോന്നുകയുള്ളു. താൻ കരുതി ഡിഗ്രിക്ക് വല്ലോം പഠിക്കുകയാവുമെന്ന്. ഒരു ഇരുപത് വയസ്സ് പോലും തോന്നില്ല. ആ ചേട്ടന് കുറച്ചു കൂടെ പ്രായം തോന്നും. അതാണ് പ്രേമിച്ചു ഒളിച്ചോടി പോണതാണോ എന്ന് ചോദിച്ചു പോയത്

ശ്ശെടാ

“ചേട്ടനും ഡോക്ടർ ആണോ?”

“ഊഹും അല്ല ബിസിനസ് “

“ഓ…കച്ചവടം “

കൃഷ്ണ പൊട്ടിച്ചിരിച്ചു

“കറക്റ്റ് അത് തന്നെ കച്ചവടം “

“എന്താ പച്ചക്കറിയാ?”

അവൾ ചിരിയോടെ അല്ല എന്ന് തലയാട്ടി

“ഇരുമ്പ് സാധനങ്ങൾ?”

അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല

“അല്ല “

“പ്ലാസ്റ്റിക് വല്ലോം ആണോ?”

“ഊഹും “

“പിന്നെ എന്ത് ബിസിനസ്?”

“ചെറിയ ഒരു ബിസിനസ് “

അർജുൻ

കൃഷ്ണ തിരിഞ്ഞു നോക്കി. അവനരികിൽ വന്നിരുന്നു

“എന്താ ചിരി? മനുഷ്യന്റെ ഉറക്കം പോയി”

അവനവളുടെ ഗ്ലാസ്‌ എടുത്തു ചുണ്ടോട് ചേർത്തു

“നല്ല കാപ്പി ആണല്ലോ “

ഒരു നിമിഷം കൊണ്ട് കൃഷ്ണയുടെ മുഖം മാറിയത് കാളി കണ്ടു. അവന് പതിനാറു വയസ്സ്  ഉണ്ട്. പ്രണയം സ്നേഹം ഒക്കെ മനസിലാകുന്ന പ്രായമാണ്

അത് വരെ കളിക്കുട്ടിയെ പോലെ ചിരിയോട് തമാശ പറഞ്ഞു കൊണ്ട് ഇരുന്ന ചേച്ചി അല്ല ചേട്ടൻ അടുത്ത് വന്നിരുന്നപ്പോൾ.

ആള് മാറി പോയി. മുഖം ചുവന്നു കഴിഞ്ഞു. കണ്ണുകളിൽ പ്രണയത്തിരമാലകൾ

“ഒരു ഗ്ലാസ്‌ കൂടെ എടുത്തിട്ട് വരാമേ “

അവനൊന്ന് മൂളി

അവൾ കാളി കൊണ്ട് വന്ന പാല് എടുത്തു കൊണ്ട് അകത്തേക്ക് പോയി. അർജുൻ അവനെ നോക്കി പുഞ്ചിരിച്ചു. കാളി അവനെ തന്നെ നോക്കുകയായിരുന്നു. സിനിമ നടനെ പോലെയുണ്ട്. ചുവന്ന് ചുവന്ന് ആപ്പിൾ പോലെ ഉള്ള നിറം. നല്ല മുടിയും മീശയും കണ്ണും മൂക്കും ചുണ്ടും. ആറടി പൊക്കവും

“ചേട്ടന് സിനിമയിൽ അഭിനയിച്ചു കൂടെ. ഒത്തിരി കാശ് കിട്ടുമല്ലോ. ഈ കുഞ്ഞ് ബിസിനസ് ഒക്കെ ചെയ്തു ടെൻഷൻ അടിക്കണ്ടല്ലോ “

അർജുന്‌ ചിരി വന്നു

“അത് ശരിയാ നീ പറഞ്ഞത്. പക്ഷെ കൃഷ്ണയ്ക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല. പിന്നെ എന്താ ചെയ്ക “

“അതെന്താ? അതൊന്നും ചേട്ടൻ മൈൻഡ് ചെയ്യണ്ടാന്ന്. നല്ല കാശ് കിട്ടും. ചേട്ടാ ഈ മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ കുറേ കാശ് കിട്ടുന്നുണ്ടാവില്ലേ “

“പിന്നേ ഉണ്ട് ഉണ്ട്”

“ചേട്ടന് കാർ ഉണ്ടൊ?”

“ഉം “

“മരുതിയാണോ?”

അർജുൻ ഒന്ന് മൂളി

“ചേട്ടന് ചെറിയ കാർ ആണോ എവിടെ അത്?”

അർജുൻ ഒന്നും മിണ്ടിയില്ല

“വീട്ടിൽ ആയിരിക്കും ല്ലേ?”

അർജുൻ ഒന്ന് മൂളി

“സിനിമയിൽ അഭിനയിച്ച എന്തോരം കാശ് കിട്ടും. കുറേ കാറോക്കെ വാങ്ങിച്ചു കൂടെ?”

കൃഷ്ണ അങ്ങോട്ട് വന്നു

“ചേച്ചി എന്താ സമ്മതിക്കാത്തത് ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ?”

കൃഷ്ണയുടെ കണ്ണ് തള്ളി. അവൾ അർജുനെ നോക്കി. അവൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു

“അല്ല ചേട്ടൻ ഭയങ്കര സുന്ദരനാണല്ലോ
അപ്പൊ സിനിമയിൽ അഭിനയിച്ചു കൂടെ എന്ന് ഞാൻ ചോദിച്ചു. എന്നോട് പറഞ്ഞു ചേച്ചിക്ക് ഇഷ്ടമല്ലന്ന്. ചേച്ചി എന്തിനാ തടയുന്നെ. ചേട്ടൻ അഭിനയിക്കട്ടെ. “

കൃഷ്ണ ചുണ്ട് കടിച്ച് അമ്പട എന്നാ ഭാവത്തിൽ അവനെ ഒന്ന് നോക്കി

“അങ്ങനെ ഇപ്പൊ അഭിനയിക്കേണ്ട അയ്യടാ “

കൃഷ്ണ ഗ്ലാസ്‌ അവന് കൊടുത്തിട്ട് അർജുന്റെ അരികിൽ ഇരുന്നു. അർജുൻ കാപ്പി മൊത്തി കുടിച്ചു

“നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?”

“അമ്മയും ഞാനും മാത്രം “

“അമ്മ എന്ത് ചെയ്യുന്നു?”

“അമ്മ അംഗൻവാടിയിലെ ആയ ആണ്.”

“അടുത്ത് അംഗനവാടി ഉണ്ടൊ?”

കൃഷ്ണ ചോദിച്ചു

“രണ്ടു കിലോമീറ്റർ പോയ മതി “

“നീ എന്തിന പഠിക്കുന്നത്?”

“ഞാൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞു. റിസൾട്ട്‌ ഇപ്പൊ വരും. അത് കഴിഞ്ഞു ടൗണിൽ ഉള്ള സ്കൂളിൽ പോകണം “

“ഇവിടെ അടുത്ത് സ്കൂൾ ഇല്ലെ?”

“കുറച്ചു പോകണം. ഞാൻ പത്താം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂൾ ഉണ്ട്. അമ്മ പറയുന്നത് ടൗണിൽ ഹോസ്റ്റലിൽ നിർത്താം ന്നാ. എൻട്രൻസ് ട്യൂഷനു വേണ്ടിട്ട് “

കൃഷ്ണയുടെ കണ്ണുകൾ വിടർന്നു. അവൾ കരുതിയത് ഇപ്പോഴും ഇവിടെയൊക്കെ പഴയ പോലെ തന്നെ ആകുമെന്നാണ്. ഒത്തിരി മാറീട്ടുണ്ട്

നിനക്ക് എന്താവാനാ ആഗ്രഹം? “

“ഡോക്ടർ ” കാളി പെട്ടെന്ന് പറഞ്ഞു

“എനിക്ക് ഡോക്ടർ ആവണം. ഗൈനക്കോളജി എടുക്കാൻ ആണ് ഇഷ്ടം. ഇവിടെ ഹോസ്പിറ്റലിൽ എത്തണമെങ്കിൽ എത്ര ദൂരം പോകണമെന്ന് അറിയോ. കഴിഞ്ഞ ആഴ്ച ഒരു ഗർഭിണി മരിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ലേറ്റ് ആയി. വണ്ടി. കിട്ടിയില്ല. കിട്ടി അങ്ങ് ചെന്നപ്പോ ബ്ലീ- ഡിങ്. എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി ആണ്. പാവം”

കൃഷ്ണ കേട്ടിരുന്നു

“എന്നോട് സ്കൂളിലെ രാധ ടീച്ചർ പറയും ഗൈനക്കോളജി മതി കാളി അപ്പൊ ഈ നാട്ടിലെ സ്ത്രീകൾക്ക് ഒരു സഹായം ആവുമെന്ന്. അത്യാവശ്യം പ്രസവം ഒക്കെ നമുക്ക് നോക്കാൻ പറ്റുമത്രെ. ഇത് പോലെ മരിക്കില്ലന്ന്. അമ്മ പറയുന്നത് ഗൈനക്ക് പെണ്ണുങ്ങൾക്ക് ആണ് നല്ലത് ആണുങ്ങൾ വേറെ വല്ലോം എടുത്ത മതി ന്ന്. അങ്ങനെ ഒക്കെ ഉണ്ടോ ചേച്ചി?

“ഹേയ് ഇല്ല “

“എല്ലാരും മനുഷ്യൻമാരല്ലേ. ആണ് പെണ്ണ് വ്യത്യാസം ഒക്കെ തൊഴിലിൽ എന്തിനല്ലേ?”

കൃഷ്ണ പുഞ്ചിരിച്ചു. അർജുൻ അതിശയത്തിൽ അവനെ കെട്ടിരിക്കുകയായിരുന്നു. എന്ത് വലിയ വാചകങ്ങൾ ആണ് അവൻ പറയുന്നത്. ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് അപൂർവമാണ്. ഒരു പക്ഷെ ഇവിടെ വളരുന്ന കുട്ടികൾ കുറച്ചു കൂടെ അവരുടെ സാഹചര്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടു ജീവിക്കുന്നവർ ആയിരിക്കും

“ചേച്ചി ഏത് സബ്ജെക്ട് ആണ് എം ഡി ക്ക് എടുക്കുക?”

“പീഡിയാട്രീക്സ്. എനിക്ക് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ് “

അവൾ പുഞ്ചിരിച്ചു

“ഇവിടെ കുഞ്ഞുങ്ങളെ നോക്കുന്ന ഡോക്ടർമാർ ഇല്ല ചേച്ചി. ശരിക്കും പറഞ്ഞാൽ നല്ല പോഷകഹാരകുറവുണ്ട് ആദിവാസി കുടിയിലെ കുട്ടികൾക്ക്. എന്റെ അമ്മക്ക് ജോലി ഉള്ളത് കൊണ്ട് ഞാൻ കുറച്ചു രക്ഷപെട്ടു പോയതാണ്. വല്ല അസുഖവും വന്ന വേഗം മരിച്ചു പോകും. പ്രതിരോധ ശേഷി കുറവാ.. ഇപ്പൊ കുറേ മാറ്റം ഉണ്ട്. ഈ പേര്, പ്രശസ്തി ഒക്കെ കിട്ടാൻ വേണ്ടിട്ട് യൂ ട്യൂബ് ചാനെൽ കാർ ഒക്കെ കേറിയിറങ്ങുന്നത് നല്ലതാ ഞങ്ങൾക്ക്. അവർക്ക് ചാനലിന് വ്യൂസ് കൂടും ഞങ്ങൾക്ക് അത്യാവശ്യം സാധനങ്ങൾ ഒക്കെ കിട്ടുകയും ചെയ്യും. പിന്നെ ഇടയ്ക്ക് സിനിമക്കാരൊക്ക വന്നു പോകുമ്പോൾ സഹായം കിട്ടും. പണ്ടത്തെക്കാളും ഭേദം ഉണ്ട് “

അവന്റെ സംസാരമൊക്കെ കെട്ടിരിക്കാൻതന്നെ നല്ല രസമായിരുന്നു

“കാളി എന്നൊരു വിളി ഉയർന്നു കേട്ടു

“അമ്മയാ അമ്മയ്ക്ക് പോകാൻ ഉള്ള സമയം ആയി. പോട്ടെ. ദേ വിളിക്കണേൽ ഈ വോളിയത്തിൽ വിളിക്കണേ “

കൃഷ്ണയും അർജുനും ചിരിച്ചു പോയി

അവൻ പോയി

“ആള് കൊള്ളാം അല്ലെ?”

അർജുൻ പറഞ്ഞു

“നല്ല കുട്ടി “

കൃഷ്ണയും പറഞ്ഞു. പെട്ടെന്ന് അവൾ അവനെയൊന്ന് നോക്കി

“അല്ല മോൻ പറഞ്ഞത് എന്താ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. ഞാൻ സമ്മതിക്കില്ല എന്ന് അല്ലെ?”

അവൻ ചിരിച്ചു

“അത് അവൻ ചോദിച്ചപ്പോൾ ഞാൻ വെറുതെ പറഞ്ഞതല്ലേ?”

“അയ്യടാ ഉള്ളിലിരുപ്പ് നോക്ക്. കൊ- ല്ലും ഞാൻ. എന്റെ അപ്പുവേട്ടനാ വേറെയാരും നോക്കണ്ട “

അവൾ മുഖം കൂർപ്പിച്ചു. അർജുൻ ചിരിച്ചു

“എന്താ കിണിക്കുന്നേ…എന്റെയാ എന്റെ മാത്രം “

അവൾ അവന്റെ അരക്കെട്ടിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. അർജുൻ ആ ശിരസ്സിൽ ഒന്ന് മുഖം അമർത്തി

“ഡി “

“ഉം “

“വിശക്കുന്നു “

കൃഷ്ണ പെട്ടെന്ന് മുഖം ഉയർത്തി

“കഞ്ഞി ഒക്കെ പെട്ടെന്ന് ദഹിച്ചു പോയി
നല്ല വിശപ്പ്. നമുക്ക് റിസോർട്ടിൽ പോയി കഴിക്കാം “

“ഒരു പത്തു മിനിറ്റ് ഇരിക്കുമോ വേഗം ഉണ്ടാക്കി തരാം. എന്തിനാ വെറുതെ ഹോട്ടൽ ഭക്ഷണം.?”

“ഒരു ഇരുപത് മിനിറ്റ് ഇരിക്കാം പോരെ?”

“മതി. എന്നാ ഇരിക്ക് ഞാൻ വേഗം പോയി ഉണ്ടാക്കി കൊണ്ട് വരാം “

“ഞാൻ കൂടെ വരാം നീ എന്നേ കൂടെ പഠിപ്പിക്ക് കുക്കിംഗ്‌ “

അവൻ അവളുടെ തോളിൽ. കൂടെ കയ്യിട്ട് നടന്നു

“കവറിൽ ഗോതമ്പ് മാവ് ഉണ്ടായിരുന്നു ട്ടോ. അതെടുക്കാം. പിന്നെ കുറച്ചു ഉള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില കുറച്ചു ക്യാരറ്റ്.. മതി “

അവൻ താൻ എന്താ ചെയ്യണ്ടതെന്ന് ചോദിച്ചു. ഈ ഉള്ളി നന്നായി തൊലി പൊളിച്ച് താ എന്ന് അവളും

അവൻ അത് ചെയ്യുമ്പോ അവൾ ഗോതമ്പ് മാവ് കുഴച്ചു. പിന്നെ ക്യാരറ്റ് ചെറുതായ് നുറുക്കി പച്ചമുളക് ഇഞ്ചി ഒക്കെ ചെറുതായി നുറുക്കി അവൻ തന്ന ചുവന്നുള്ളി കഴുകി എടുത്തു അടുക്കളയിൽ ഒരു വശത്ത് കിടന്ന അരകല്ലിനെ നന്നായി കഴുകി വൃത്തിയാക്കി ഈ സാധനങ്ങൾ ഒക്കെ നല്ലോണം ചതച്ചു എടുത്തു. പിന്നെ മാവിലേക്ക് ചേർത്ത് ഒരു മുട്ടയും പൊട്ടിച്ച് ഒഴിച്ച് നന്നായി കുഴച്ചു

“ഉച്ചക്ക് നമുക്ക് അടുപ്പിൽ ചെയ്യാം ഇപ്പൊ എന്റെ മോന് വിശക്കുന്നത്. കൊണ്ട്. സ്റ്റോവിൽ ചെയ്യാം “

അവൻ ചൂടായ ദോശക്കല്ലിലേക്ക് ഇത് നന്നായി കൈ കൊണ്ട് പരത്തി

“നമുക്ക് ഉച്ചക്ക് ഒന്ന് ടൗണിൽ പോകണം ട്ടോ കുറച്ചു സാധനങ്ങൾ വാങ്ങണം. നമ്മൾ തന്നെ പോയാലെ എല്ലാം ഓർത്തു വാങ്ങാൻ പറ്റുള്ളൂ “

അവൻ സമ്മതിച്ചു

പ്ലേറ്റിലേക്ക് ചൂട് അപ്പം എടുത്തു വെച്ചു അവൾ. പിന്നെ ചൂട് പോകാൻ മുറിച്ചിട്ട് ഒരു കഷ്ണം ഊതി ചൂട് കളഞ്ഞു വായിൽ വെച്ച് കൊടുത്തു. അർജുന്റെ നാവിൽ രുചിമുകുളങ്ങൾ നിറഞ്ഞു

അവൻ കണ്ണുകൾ അടച്ച് അത് ആസ്വദിച്ചു കഴിച്ചു

“എടി സൂപ്പർബ്. കിടു. ഇതിന്റെ പേരെന്താ “

“ഞാൻ ഗോതമ്പപ്പം എന്ന പറയുക. കറിയൊക്കെ ഉണ്ടാക്കാൻ സമയം ഇല്ലെങ്കിലോ പച്ചക്കറി ഒന്നുമില്ലെങ്കിലോ ഇത് എളുപ്പമാണ്. അത്യാവശ്യം രുചി ഉണ്ട്. ക്യാരറ്റ് ഒക്കെ ഉള്ള കൊണ്ട് ന്യൂട്രിഷസ് ആണ്..”

“ശരിയാ കറി വേണ്ട. നല്ല ടേസ്റ്റ് “

അവൾ ചൂട് പോകാതെ ഒന്നുടെ ഉണ്ടാക്കി. പിന്നെ പാൽ കാച്ചി. കുറച്ചു എടുത്തു ചായ ഉണ്ടാക്കി. അതുമായി രണ്ടു പേരും പിന്നെയും തിണ്ണയിൽ വന്നിരുന്നു

ചൂട് ചായ. അതും നല്ല പശുവിൻ പാലിൽ ഉണ്ടാക്കിയത്

“ഹോ ചായയ്ക്ക് ഒക്കെ ഇജ്ജാതീ രുചി..”

അവൻ പറഞ്ഞു പോയി

“സത്യം..”

അവർ പരസ്പരം അങ്ങനെ മിണ്ടിയും പറഞ്ഞുമവിടെ ഇരുന്നു. മറ്റൊന്നിനെ കുറിച്ച് ഓർത്തില്ല. അവരുടെ ലോകമായിരുന്നു അത്. അവരുടെ സ്വർഗം

തുടരും….

Leave a Reply

Your email address will not be published. Required fields are marked *