പിറ്റേന്ന് അതിരാവിലെ തന്നെ പറമ്പിലെ നാളികേരങ്ങളും കുരുമുളകും അടയ്ക്കയുമൊക്കെ ജീപ്പിൽ നിറച്ച് സൂര്യൻ അടുത്തുള്ള പട്ടണത്തിലേക്ക് യാത്രയായി. ഇനി അതെല്ലാം വിറ്റ ശേഷം വൈകുന്നേരമേ അവൻ മടങ്ങി വരുള്ളൂ.
സൂര്യന്റെ അഭാവം നിർമലയ്ക്ക് നന്നായി അനുഭവപ്പെട്ടു. അവനൊപ്പമില്ലാതെ പാടത്തും പറമ്പിലുമൊന്നും പോകാൻ അവൾക്കൊരു ഉത്സാഹവും തോന്നിയില്ല. അന്നത്തെ ദിവസം വൈകുന്നേരം വരെ രാധമ്മയോട് മിണ്ടിയും പറഞ്ഞും നിർമല തറവാട്ടിൽ തന്നെ ചടഞ്ഞു കൂടി.
വൈകുന്നേരം വരാൻ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ച തിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞപ്പോ മുറ്റത്ത് സൂര്യന്റെ ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് നടുമുറ്റത്തിരുന്ന് രാധമ്മയോട് സംസാരിച്ച് കൊണ്ടിരുന്ന നിർമല പിടഞ്ഞെണീറ്റ് ഉമ്മറത്തേക്ക് ഓടി.
വിയർത്തൊലിച്ച് കയറി വന്ന സൂര്യന്റെ നെഞ്ചിൽ ചെന്നവൾ ഇടിച്ചു നിന്നു.
“നിനക്ക് മെല്ലെ വന്നൂടെ നിർമലേ… ഇങ്ങനെ ഓടിപ്പാഞ്ഞു വരാൻ ഞാൻ ഇങ്ങോട്ട് തന്നെയല്ലേ കേറി വരുന്നത്.” ഇടം കയ്യാൽ അവനവളെ ചേർത്ത് പിടിച്ചു.
അത് കേട്ട് അവൾ ചമ്മിയ ചിരി ചിരിച്ചു.
“രാവിലെ ഞാൻ വന്ന് കേറിയപ്പോ തൊട്ട് മോനിവിടെ ഇല്ലാത്തതിന്റെ പരിഭവം പറച്ചിലായിരുന്നു. ഇപ്പോ, പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും എണീറ്റ് ഒരൊറ്റയോട്ടം ആയിരുന്നു. പതുക്കെ പോവാൻ ഞാൻ പറഞ്ഞതൊന്നും മോള് കേട്ടത് കൂടിയില്ല.”
“സ്നേഹക്കൂടുതലുള്ള ഭാര്യമാർ അങ്ങനെയാ.” അഭിമാനത്തോടെ സൂര്യനവളെ നോക്കി.
“എന്നാപ്പിന്നെ നിങ്ങളെ സ്വർഗത്തിൽ കട്ടുറുമ്പായിട്ട് ഞാൻ നിൽക്കുന്നില്ല. ഞാനിറങ്ങുവാ… രാവിലെ വരാം.” രാധമ്മ യാത്ര പറഞ്ഞ് മുൻവാതിൽ കടന്ന് പോയതും നിർമലയെ കെട്ടിപ്പിടിച്ച് സൂര്യൻ അവളുടെ നുണക്കുഴി കവിളിലൊരുമ്മ നൽകി.
“ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഒരെണ്ണം ഇരിക്കട്ടെ.” നിർമലയെ നോക്കി മീശ പിരിച്ച് ചിരിച്ചിട്ട് സൂര്യൻ മുറിയിലേക്ക് നടന്നു.
ചുവന്ന് പോയ മുഖത്തോടെ സൂര്യന്റെ ചുംബനം പതിഞ്ഞ കവിൾ തടം വലതുകയ്യാൽ തടവി അവൾ അവിടെ തന്നെ അനങ്ങാതെ നിന്നുപോയി. നിർമലയുടെ മുഖം നാണത്താൽ തുടുക്കുന്നത് ഒളി കണ്ണാൽ അവനും കാണുന്നുണ്ടായിരുന്നു. അവളുടെ നിൽപ്പും ഭാവവും കണ്ട് സൂര്യന്റെ ചുണ്ടിലും ചിരിയൂറി.
“നിർമലേ… അവിടെ നിന്ന് സ്വപ്നം കാണാതെ ഒരു തോർത്തും മുണ്ടും എടുത്തുകൊണ്ട് കുളത്തിലേക്ക് വാ.” സൂര്യന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്.
നേർത്ത പുഞ്ചിരിയോടെ അവന് കുളിച്ചു മാറാനുള്ള മുണ്ടും തല തുവർത്താനുള്ള തോർത്തും എടുത്ത് നിർമല തറവാട്ട് കുളത്തിലേക്ക് നടന്നു.
അവൾ ചെല്ലുമ്പോൾ സൂര്യൻ കുളത്തിൽ കിടന്ന് നീന്തി തുടിക്കുന്നുണ്ട്.
“നിർമലേ… നീയും വാ… നീയിത് വരെ കുളത്തിൽ വന്ന് കുളിച്ചിട്ടില്ലല്ലോ. ഇങ്ങനെ തണുത്ത വെള്ളത്തിൽ കിടന്ന് നീന്തി തുടിച്ച് കുളിക്കാൻ നല്ല രസാ.”
“അയ്യോ ഞാനില്ല… ഞാൻ രാവിലെ കുളിമുറിയിൽ നിന്ന് കുളിച്ചതാ. മാത്രോല്ല എനിക്ക് കുളത്തിലിറങ്ങാൻ പേടിയാ… നീന്തൽ അറിയില്ലെനിക്ക്.”
“നീന്തൽ ഞാൻ പഠിപ്പിച്ച് തരാം.. ഇപ്പോ പഠിച്ചില്ലെങ്കി പിന്നെ എപ്പോ പഠിക്കാനാ. നീയിങ്ങോട്ട് ഇറങ്ങി വാടി പെണ്ണേ.” അവളുടെ മേലേക്ക് വെള്ളം തട്ടി തെറിപ്പിച്ചുകൊണ്ട് സൂര്യൻ വിളിച്ചു.
“വേണ്ട സൂര്യേട്ടാ… എനിക്ക് പേടിയാ. ഞാനെങ്ങനും മുങ്ങിപ്പോയാൽ ശ്വാസം മുട്ടി ചത്ത് പോകുമേ.”
“എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം നീ ഇറങ്ങിയാൽ മതി.” ഗൗരവം നിറഞ്ഞ അവന്റെ മറുപടി കേട്ടതും പേടിയുണ്ടായിരുന്നിട്ട് കൂടി സൂര്യനോടുള്ള വിശ്വാസത്തിന്റെ പുറത്ത് ആദ്യമായിട്ടവൾ കുളപ്പടവിലേക്ക് കാലെടുത്തു വച്ചു.
ആദ്യമായിട്ടായതിനാൽ വഴുക്കൽ നിറഞ്ഞ പടവിൽ കാല് വച്ചതും അവൾ കാല് തെന്നി വീണുപോയി. പക്ഷേ നിർമല വെള്ളത്തിലേക്ക് വീണ് പോകും മുൻപേ സൂര്യനവളെ കൈകളിൽ താങ്ങി.
“കുളപ്പടവിൽ വഴുക്കൽ കാണും നിർമലേ. അതുകൊണ്ട് ഇനി മുതൽ എപ്പോ ഇറങ്ങിയാലും ശ്രദ്ധിച്ച് വേണം ഇറങ്ങാൻ.”
“മ്മ്മ്…” അവനെ ഇറുക്കി പിടിച്ച് പേടിയോടെ അവൾ മൂളി.
“എങ്കിൽ പിന്നെ നമുക്കിനി നീന്തൽ പഠിക്കാം.” പ്രണയത്തോടെ അവളുടെ കാതിൽ സ്വകാര്യം പോലെ പറഞ്ഞ് കൊണ്ട് അവൻ നിർമലയുടെ കാതിൽ മെല്ലെ കടിച്ചു.
ഇക്കിളി പൂണ്ടവൾ പൊട്ടിച്ചിരിക്കുമ്പോൾ സൂര്യനും മനസ്സ് നിറഞ്ഞ് ചിരിച്ചു.
അങ്ങനെയങ്ങനെ പരസ്പരം സ്നേഹിച്ചും അടുത്തറിഞ്ഞും ദിനങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് സൂര്യന്റെ ശിക്ഷണത്തിൽ നിർമല നീന്തൽ പഠിച്ചെടുത്തു. അവനില്ലാത്തപ്പോഴും ഭയമില്ലാതെ അവൾ തനിച്ച് കുളത്തിൽ പോയി കുളിക്കാൻ തുടങ്ങി. തുണി കഴുകലും കുളപ്പടവിലാക്കി.
*********************
“നാളെയല്ലേ സൂര്യേട്ടാ ദേവി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്.” വൈകുന്നേരം നടുമുറ്റത്തിരുന്ന് ചാറ്റൽ മഴയും നോക്കി കട്ടൻ ചായ മൊത്തി കുടിക്കുമ്പോൾ നിർമല സൂര്യനോട് ചോദിച്ചു.
“ഹാ… നാളെ തന്നെയാ കൊടിയേറ്റ്.”
“എന്നെയും കൊണ്ട് പോവോ കൊടിയേറ്റ് കാണിക്കാൻ. എനിക്കിഷ്ടാ ഉത്സവത്തിന് പോകുന്നത്. പിന്നെ ഗാനമേളയും ഡാൻസുമൊക്കെ ഉണ്ടെങ്കിൽ അതും കാണാനിഷ്ടാ. ഇവിടെ അതൊക്കെ ഉണ്ടോ. എന്റെ നാട്ടിലെ ഉത്സവത്തിന് മിക്കവാറും ഉണ്ടാവാറുണ്ട്.”
“ഇത്തവണ ദേവി ക്ഷേത്രത്തിലെ ഉത്സവമാണ്. അതുകൊണ്ട് എല്ലാ പരിപാടിയും ഇപ്രാവശ്യം ഉണ്ട്. എന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. എനിക്ക് ഇതിലൊന്നും അത്ര താല്പര്യമില്ലെങ്കിലും നീ പറഞ്ഞില്ലെങ്കിലും നിന്നെ അതൊക്കെ കാണിക്കാൻ ഞാൻ കൊണ്ട് പോയേനെ.”
അവർ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് സൂര്യനെ കാണാനായി ആ നാട്ടിൽ തന്നെയുള്ള ആരോ വന്നത്. അവന്റെ കൈയ്യിൽ നിന്നും വായ്പയ്ക്ക് വാങ്ങിയ പണം മടക്കി കൊടുക്കാൻ വന്നതായിരുന്നു അയാൾ.
“സൂര്യേട്ടന് പലിശയ്ക്ക് പണം കൊടുക്കുന്ന പരിപാടിയുമുണ്ടോ?” സൂര്യന്റെ കൈയ്യിൽ പണമേൽപ്പിച്ച് വന്നയാൾ മടങ്ങിയതും നിർമല അവനെ പരിഭവത്തോടെ നോക്കി.
“വേണമെന്ന് വച്ച് തുടങ്ങിയതല്ല… ഓരോരുത്തർക്ക് കാശ് കടം കൊടുത്ത് കൊടുത്ത് അവസാനം പലിശയ്ക്ക് കൊടുക്കുന്ന രീതിയിൽ എത്തിയതാ.”
“എന്തായാലും ആ ഏർപ്പാട് ഇനി വേണ്ട… സൂര്യേട്ടന്റെ അച്ഛൻ ഇന്നാട്ടുകാരെ പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കയ്യയച്ചു സഹായിച്ചിട്ടുള്ള മനുഷ്യനല്ലേ. അങ്ങനെയുള്ള നല്ല വ്യക്തിയുടെ മകനായ സൂര്യേട്ടൻ ഇങ്ങനെ മറ്റുള്ളവർക്ക് പണം കടം കൊടുക്കുമ്പോൾ തിരികെ പലിശ ഉൾപ്പെടെ വാങ്ങുന്നത് എനിക്ക് ശരിയായി തോന്നുന്നില്ല. എനിക്ക് മാത്രമല്ല അച്ഛന്റെ ആത്മാവിന്റെ ആഗ്രഹവും അത് തന്നെയാവും.
അത്യാവശ്യക്കാർക്ക് പണം കൊടുത്ത് സഹായിച്ചോ. അത് തിരികെ വാങ്ങണ്ടെന്നും ഞാൻ പറയില്ല. പക്ഷേ കാശ് കടം വാങ്ങിയവർ മടക്കി തരുമ്പോൾ പലിശ വാങ്ങാതിരുന്നാൽ മതി.” നിർമലയുടെ അഭിപ്രായം കേട്ടപ്പോൾ അത് ശരിയാണെന്ന് ഒരു നിമിഷം ചിന്തിച്ചപ്പോൾ സൂര്യനും തോന്നി.
“നീ പറഞ്ഞത് ശരിയാണെന്ന് ഇപ്പൊ തോന്നുന്നുണ്ട്. ഇനിമുതൽ ഞാൻ ആരിൽ നിന്നും പലിശ വാങ്ങില്ല. ഇപ്പൊ തന്നെ അയാള് തന്ന പലിശ മടക്കി കൊടുത്തേക്കാം.”
“ഏയ് അത് വേണ്ട… ഇപ്പൊ തന്നത് സാരമില്ല. അയാൾ നടന്ന് പോയിട്ടുണ്ടാകും. ഇതുവരെ ഉള്ളത് കഴിഞ്ഞു. ഇനി മുതൽ വാങ്ങാതിരുന്നാ മതി.”
“എന്തായാലും കൊള്ളാം മോളെ. നിന്നെ ഞാൻ സമ്മതിച്ചു. ഇവൻ പലിശയ്ക്ക് പണം കൊടുക്കുന്നത് നിർത്തിക്കാൻ ഞാൻ കുറേ ശ്രമിച്ചതാ. അപ്പോഴൊക്കെ ഓരോ ഒഴിവ് പറഞ്ഞ് വഴുതി മാറുമായിരുന്നു. ഇത് നിർത്തിച്ചത് നന്നായി.” എല്ലാം കണ്ടുകൊണ്ട് വന്ന പരമുപിള്ള നിർമലയുടെ അഭിപ്രായം ശരി വച്ചു.
അത് കേട്ട് സൂര്യൻ നിഷ്കളങ്കനായി ചിരിച്ചു. എന്തായാലും നിർമല കൂടി അങ്ങനെ പറഞ്ഞത് കൊണ്ട് ഇനി മുതൽ പലിശയ്ക്ക് പണം കൊടുക്കുന്ന ഏർപ്പാട് വേണ്ടെന്ന് അവൻ തീരുമാനിച്ചു. അതിൽ പരമു പിള്ളയ്ക്കും സന്തോഷം തോന്നി. നിർമല സൂര്യന്റെ ഭാഗ്യമാണെന്ന് കാര്യസ്ഥനും തോന്നി.
*******************
ഇന്നാണ് പല്ലാവൂർ ഗ്രാമത്തിലെ ദേവി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. വൈകുന്നേരം നിർമലയെയും കൂട്ടി സൂര്യൻ അമ്പലത്തിലേക്ക് പുറപ്പെട്ടു.
ബ്രൗൺ കളർ കരയുള്ള നേര്യതായിരുന്നു നിർമല ധരിച്ചത്.. സൂര്യനും ഒരുങ്ങി വന്നപ്പോൾ അതേ നിറത്തിലെ ഷർട്ടും ബ്രൗൺ കരയുള്ള മുണ്ടുമായിരുന്നു. ഇരുവരും ഒരേ നിറത്തിലെ വസ്ത്രം ധരിച്ച് ഇണക്കുരുവികളെ പോലെ വരുന്നത് കണ്ടപ്പോൾ പലരുടെയും കണ്ണുകൾ അവരിലേക്ക് നീണ്ടു.
സൂര്യനോടൊപ്പം ചേർന്ന് നടക്കുന്ന നിർമലയെ കണ്ട് ചിലരൊക്കെ അസൂയയോടെ നോക്കി. ജയിൽ പുള്ളിയായ അവന് ഇത്രേം നല്ലൊരു സുന്ദരിയായ പെണ്ണിനെ എങ്ങനെ കിട്ടി എന്നതായിരുന്നു അവരുടെയൊക്കെ സംശയം. സൂര്യന്റെ സ്വത്ത് മോഹിച്ചാവും അവളവനെ കല്യാണം കഴിച്ചതെന്ന് ഊഹാപോഹങ്ങൾ നടത്തി അവർ സ്വയം സമാധാനിച്ചു.
തിക്കിലും തിരക്കിലും പെട്ട് നിർമല തന്റെ അരികിൽ നിന്ന് ഒറ്റപ്പെട്ട് പോകാതിരിക്കാൻ സൂര്യനവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. അവന്റെ കരവലയത്തിനുള്ളിൽ അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. അങ്ങനെ തുടർച്ചയായി ഏഴ് ദിവസവും സൂര്യന്റെ ഒപ്പം അവൾ ഉത്സവം കാണാൻ പോയി.
ഗാനമേളയും നാടകവും നൃത്ത പരിപാടികളും മാജിക് ഷോ തുടങ്ങി ഒട്ടേറെ പരിപാടികൾ ഇത്തവണത്തെ ഉത്സവത്തിന് ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ മിക്കവാറും ആളുകളും ഏഴ് ദിവസവും അമ്പല പറമ്പിൽ സന്നിഹിതരായിരുന്നു. സൂര്യന്റെ മേൽനോട്ടത്തിൽ നടന്ന ഉത്സവം അങ്ങനെ കെങ്കേമയായി.
അവസാന ദിവസം ഭഗവതിയുടെ എഴുന്നള്ളത്തും ആറാട്ടുമൊക്കെ കണ്ട ശേഷം പ്രാർത്ഥനയോടെ ശ്രീകോവിലിനു മുന്നിൽ കൈകൾ കൂപ്പി നിൽക്കുമ്പോൾ അവൾക്ക് ഒരേയൊരു കാര്യം മാത്രമേ ദേവിയോട് പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളൂ.
“ദേവീ… ഇന്നുമുതൽ എനിക്ക് എല്ലാ അർത്ഥത്തിലും സൂര്യേട്ടന്റെ മാത്രമായി മാറണമെന്നുണ്ട്. എന്റെ മനസ്സിൽ ഞാൻ തെറ്റ് ചെയ്തവളാണെന്നുള്ള കുറ്റബോധമാണ് എന്നെ എല്ലാത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.
ഒരേസമയം രണ്ട് പുരുഷന്മാരെ ഞാൻ വഞ്ചിച്ചുവോ എന്നൊക്കെ ഇടയ്ക്ക് തോന്നിപ്പോവാറുണ്ട്. ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് കിട്ടിയില്ലെങ്കിലും ഇപ്പോൾ കിട്ടിയ ഈ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്.. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവത്തിനെ ഭർത്താവായി ലഭിച്ചത് കൊണ്ട് എന്റെ സങ്കടങ്ങൾ കുറെയൊക്കെ എനിക്ക് മറക്കാൻ പറ്റി.
മരിക്കും വരെ എനിക്ക് സൂര്യേട്ടന്റെ ഭാര്യയായി കഴിയാനുള്ള ഭാഗ്യം തരണേ ദേവി. സൂയേട്ടനെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞാനുമിപ്പോ അദ്ദേഹത്തെ സ്നേഹിച്ച് തുടങ്ങി. അതുകൊണ്ട് തന്നെ എല്ലാം ഉൾകൊള്ളാൻ എന്റെ മനസ്സിന് ശക്തി തരണേ ദേവി. ഇനിയും അദ്ദേഹത്തെ വിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല.” നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിർമല ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു.
സൂര്യന്റെ സ്നേഹവും സാമീപ്യവും അവളും ഇപ്പോൾ ഏറെ മോഹിക്കുന്നുണ്ട്. പക്ഷേ സൂര്യനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ അവൾ പോലുമറിയാതെ മഹേഷിന്റെ മുഖം കടന്ന് വരുന്നത് കൊണ്ടാണ് നിർമലയ്ക്ക് ഓരോ തവണയും സൂര്യനെ നിരാശപ്പെടുത്തേണ്ടി വന്നിട്ടുള്ളത്. ഇനിയെങ്കിലും അങ്ങനെയുണ്ടാവാൻ പാടില്ലെന്ന് ആത്മാർത്ഥമായി അവളാഗ്രഹിച്ചു.
ഇല ചീന്തിൽ തിരുമേനി നൽകിയ പ്രസാദവും വാങ്ങി സൂര്യനെയും കൊണ്ട് നിർമല തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങി നിന്നു. ഇലയിൽ നിന്നും ഒരു നുള്ള് കുങ്കുമം മോതിര വിരലിനാൽ തൊട്ട് സൂര്യൻ അവളുടെ സീമന്തരേഖയിൽ ചാർത്തി. ശേഷിച്ച കുങ്കുമത്തിൽ നിന്നും കുറച്ച് നുള്ളിയെടുത്തു താലിയിൽ തൊടനായി തുടങ്ങുമ്പോഴാണ് അവൾ കഴുത്തിൽ മാലയില്ലെന്ന കാര്യം അവളറിയുന്നത്.
“സൂര്യേട്ടാ… എന്റെ മാല കാണുന്നില്ല.” ഞെട്ടലോടെ അവളത് പറയുമ്പോൾ നിർമലയുടെ കണ്ണുകളിൽ കണ്ണുനീർ വന്ന് നിറഞ്ഞിരുന്നു.
“മാല കാണാനില്ലെന്നോ… നീ ശരിക്ക് നോക്കിയേ നിർമലേ… കുറച്ച് മുൻപ് കൂടി നിന്റെ കഴുത്തിൽ ഉണ്ടായിരുന്നല്ലോ.” സൂര്യനും അങ്കലാപ്പിലായി.
കൈയ്യിലെ പ്രസാദം സൂര്യന്റെ കൈയ്യിൽ കൊടുത്തിട്ട് നിർമല പിന്നിൽ വിടർത്തിയിട്ട നീളൻ മുടി മുന്നോട്ടിട്ട് മാലയെങ്ങാനുംഅതിൽ കുടുങ്ങി കിടപ്പുണ്ടോന്ന് പരിശോധിച്ചു.
അവളുടെ ഊഹം തെറ്റിയില്ല, കൊളുത്തിൽ നിന്ന് അടർന്നുപോയ മാല നിർമലയുടെ മുടിയിഴകൾക്കിടയിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് താലിയും മാലയും നഷ്ടപ്പെടാതെ തിരിച്ചു കിട്ടിയതിൽ അവൾ ആശ്വസിച്ചു. എങ്കിലും കഴുത്തിലെ താലിചരട് താനേ ഊരിപോയത് നിർമലയുടെ മനസ്സിൽ ഒരു കരടായി അവശേഷിച്ചു.
സന്തോഷത്തോടെ നിന്നിരുന്ന നിർമലയുടെ മുഖം സങ്കടം കൊണ്ട് വിങ്ങുന്നത് കണ്ടപ്പോൾ സൂര്യനും വിഷമം തോന്നി. അവളുടെ സങ്കടം മാറ്റാനായി സൂര്യനവളെ അമ്പല പറമ്പിലേക്ക് കൂട്ടികൊണ്ട് പോയി.
നിർമലയ്ക്ക് കുറച്ച് കുപ്പിവളകളും ചാന്തും പൊട്ടുമൊക്കെ വാങ്ങാമെന്ന് അവൻ കരുതി. കച്ചവട സാധനങ്ങൾ കൊണ്ട് വച്ചിരിക്കുന്നവരുടെ അടുത്തേക്ക് അവർ പോവുമ്പോഴാണ് അമ്പലത്തിലെ സെക്രട്ടറി ഉദയൻ അവനോട് എന്തോ അത്യാവശ്യ കാര്യം സംസാരിക്കാനായി വന്നത്.
“നീ പോയി ഇഷ്ടമുള്ളതൊക്കെ നോക്കി വയ്ക്ക്. അപ്പോഴേക്കും ഞാനങ്ങോട്ട് വരാം.” നിർമലയെ അടുത്ത് കണ്ട കടയിലേക്ക് പറഞ്ഞ് വിട്ട ശേഷം സൂര്യൻ ഉദയനോട് കാര്യം തിരക്കി.
അവർ ഇരുവരും സംസാരിച്ച് നിൽക്കവേ നിർമല തനിക്ക് ആവശ്യമുള്ള സാധനങ്ങൾ നോക്കി ഓരോ കടയിലായി കയറിയിറങ്ങി നടന്നു.
മഴവിൽ നിറത്തിൽ കുപ്പിവളകളും ചാന്തും പൊട്ടും കമ്മലുമൊക്കെ അവൾ നോക്കി തിരഞ്ഞെടുത്തു. ആവശ്യമുള്ളതൊക്കെ എടുത്ത കഴിഞ്ഞ ശേഷം അവൾ സൂര്യനെ നോക്കുമ്പോൾ അപ്പോഴും അവരുടെ സംസാരം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണ് നട്ട് നിർമല താൻ സാധനങ്ങൾ നോക്കി വച്ച കടയുടെ ഓരം പറ്റി നിന്നു.
പെട്ടെന്നാണ് അവളുടെ കണ്ണുകൾ ഒരാളിൽ ചെന്ന് ഉടക്കി നിന്നത്. ഒരുനിമിഷം അവളുടെ ശരീരമൊന്നാകെ വിറച്ചുപോയി. കണ്ണുകളിൽ നീർ മണികൾ ഉരുണ്ടുകൂടി. നിർമലയുടെ അധരങ്ങൾ അറിയാതെ ആ പേര് മന്ത്രിച്ചു.
“മഹേഷേട്ടൻ….”
തുടരും….