സൂര്യനെ മോഹിച്ചവൾ, ഭാഗം 43, എഴുത്ത്: ശിവ എസ് നായര്‍

സർവ്വവും തകർന്നവളെ പോലെ എങ്ങലടിച്ചു കരയുകയായിരുന്നു നിർമല. ഒന്നും മിണ്ടാതെ നിലത്ത് ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചു കൊണ്ടവൾ എഴുന്നേറ്റു. അപ്പോഴാണ് മുറ്റത്തൊരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം ഇരുവരും കേട്ടത്.

ജീപ്പിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ആരായിരിക്കും വന്നതെന്ന് നിർമല ഊഹിച്ചു. ഈ അവസ്ഥയിൽ മഹേഷിനെയും തന്നെയും ഒരുമിച്ച് കണ്ടാൽ സൂര്യൻ ഉറപ്പായും തന്നെ തെറ്റിദ്ധരിക്കുമെന്ന് അവൾക്കുറപ്പായിരുന്നു. ഒരു തെറ്റും ചെയ്യാതെ സൂര്യന് മുന്നിൽ താൻ ചതിക്കപ്പെട്ടവളാകും. ഓർത്തപ്പോൾ നിർമലയുടെ നെഞ്ച് വിങ്ങി. സൂര്യന്റെ സ്ഥാനത്ത് താനാണെങ്കിലും ഇങ്ങനെയൊരു രംഗം കണ്ടാൽ എത്ര തവണ സത്യം പറഞ്ഞാലും വിശ്വസിക്കണമെന്നില്ല.

“നിർമലേ… നിന്റെ ഭർത്താവ് വന്നുവെന്ന് തോന്നുന്നല്ലോ. ഇനിയിപ്പോ എന്നെയിവിടെ കണ്ടിട്ട് ഒരു പ്രശ്നമുണ്ടാവണ്ട. ഞാൻ പിൻവാതിൽ വഴി പൊയ്ക്കോളാം.

വീട് ശരിയായി കഴിഞ്ഞാൽ നിന്നെ കൊണ്ട് പോകാൻ ഞാൻ വരും നിർമലേ. അന്ന് നീയെന്റെ കൂടെ ഇറങ്ങി വന്നില്ലെങ്കിൽ നിന്റെ മുന്നിൽ വച്ച് തന്നെ ഞാൻ ആ-ത്മഹത്യ ചെയ്യും. നീ കൂടെ ഇല്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാ ഞാൻ ജീവിക്കേണ്ടത്.”

“എന്നെ ദ്രോഹിച്ച് മതിയായില്ലേ നിങ്ങൾക്ക്. ച-ത്താലും ഇനി ഞാൻ നിങ്ങളെ കൂടെ ജീവിക്കില്ല.” ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി.

“വെറുതെ വാശി പിടിക്കാൻ നിക്കണ്ട. എത്രയും പെട്ടെന്ന് തന്നെ നിന്നെക്കൊണ്ട് പോകാൻ ഞാൻ വരും. ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും നമ്മളൊരുമിച്ച് മാത്രമായിരിക്കും.” നിറഞ്ഞ് വന്ന കണ്ണുനീർ ഷർട്ടിന്റെ തുമ്പ് കൊണ്ട് തുടച്ച് മഹേഷ്‌ പിൻവാതിൽ വഴി പുറത്തേക്കിറങ്ങി പോയി.

അവൻ കളങ്കപ്പെടുത്തിയ ശരീരവും നീറിപ്പിടയുന്ന മനസ്സുമായി നിന്നിടത്ത് നിന്ന് ഒരടി ചലിക്കാനാകാതെ ഒരു ശില കണക്കെ നിർമല നിന്നു. മഹേഷ്‌ പറഞ്ഞിട്ട് പോയ വാക്കുകളായിരുന്നു അവളുടെ മനസ്സ് നിറയെ. മുന്നോട്ട് ഇനിയെന്ത് എന്നറിയാതെ എന്ത് തീരുമാനം കൈകൊള്ളുമെന്നറിയാതെ ഹൃദയം നൊന്തവൾ തേങ്ങിപ്പോയി.

“നിർമലേ… നിർമലേ… വാതില് തുറക്ക് നിർമലേ.” സൂര്യന്റെ സ്വരമാണ് അവളെ സ്ഥലകാല ബോധം വീണ്ടെടുക്കാൻ സഹായിച്ചത്. ഇനിയും വാതില് തുറക്കാൻ വൈകിയാൽ തനിക്കെന്തെങ്കിലും പറ്റിയോന്ന് പേടിച്ച് അവനത് ചവിട്ടി പൊളിക്കുമെന്ന് നിർമലയ്ക്ക് തോന്നി.

അവൾ പെട്ടെന്ന് കുളിമുറിയിലേക്ക് പോയി കാലും മുഖവുമൊക്കെ കഴുകിയ ശേഷമാണ് വാതിൽ തുറന്നത്.

“എത്ര നേരായി നിർമലേ ഞാൻ നിന്നെ വിളിക്കുന്നു. സാധാരണ ഞാൻ വരുന്നതും നോക്കി വഴി കണ്ണുമായി ഇരിക്കുന്നതാണല്ലോ? ഇന്നെന്താ പതിവില്ലാതെ വാതിലൊക്കെ അടച്ച് അകത്തിരുന്നത്.”

അവന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയവൾ നിന്നു.

“ഇതെന്താ നിർമലേ നിന്റെ ചുണ്ട് മുറിഞ്ഞിരിക്കുന്നത്. ആരോ കടിച്ചു മുറിച്ച പോലെയുണ്ടല്ലോ. ഇങ്ങ് അടുത്ത് വന്നേ നോക്കട്ടെ.”

“ചോ’ര കല്ലിച്ചു കിടക്കുന്ന നിർമലയുടെ ചുണ്ട് കണ്ട് അവൻ അവളെ അരികിലേക്ക് വിളിച്ചു.”

നിർമലയുടെ കൈകൾ അറിയാതെ മുറിവിന് മുകളിൽ തൊട്ടു. സൂര്യൻ പറഞ്ഞത് ശരിയാണ്. ചുണ്ട് പൊട്ടിയിട്ടുണ്ട്. വലത് കൈമുട്ടിനും വേദനയുണ്ട്. മഹേഷിനോട്‌ എതിർത്തു നിൽക്കുമ്പോ പറ്റിയതാണ് കൈയ്യിലെ മുറിവ്. ചുണ്ടുകൾ അവൻ കടിച്ച് മുറിച്ചതാവാമെന്ന് അവളോർത്തു. തൊടുമ്പോൾ നീറ്റലും വേദനയുമുണ്ട്. പക്ഷേ അതിനേക്കാൾ വേദന മനസ്സിലുള്ളത് കൊണ്ടാവാം ചുണ്ട് മുറിഞ്ഞത് താനറിയാതെ പോയതെന്ന് അവളോർത്തു.

“സൂര്യേട്ടൻ വരുന്നതിന് കുറച്ചു മുൻപ് വരെ ഞാനിവിടെ ഇരുന്ന് മുല്ലമൊട്ട് കോർക്കുവായിരുന്നു. ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ വാതിലടച്ചിട്ട് പോയതാ. ബാത്‌റൂമിൽ നിലത്ത് വഴുക്കലുണ്ടായിരുന്നത് ശ്രദ്ധിക്കാതെ മുഖമടിച്ച് വീണു ഞാൻ. അങ്ങനെ പറ്റിയതാ മുറിവ്. കൈമുട്ടും തട്ടിപ്പോയി.” പെട്ടെന്ന് വായിൽ വന്നൊരു കള്ളത്തരം നിർമല പറഞ്ഞു. അത് സൂര്യൻ വിശ്വസിക്കുകയും ചെയ്തു.

“നിനക്ക് കുറച്ചൂടെ ശ്രദ്ധിച്ചൂടെ നിർമലേ. തലയെങ്ങാനും ഇടിച്ചു വീണ് ബോധമില്ലാതെ കിടന്നിരുന്നെങ്കിലോ? എന്തെങ്കിലും പറ്റിയാൽ പോലും ആരുമറിയില്ല. നല്ല മുറിവുണ്ടല്ലോ ചുണ്ടിൽ… കൈമുട്ടും നല്ലോണം ഉരഞ്ഞിട്ടുണ്ടല്ലോ.” അവളുടെ മുറിവുകൾ പരിശോധിച്ച് കൊണ്ട് സൂര്യൻ പറഞ്ഞു.

“ഇത് സാരമില്ല സൂര്യേട്ടാ ചെറിയ മുറിവല്ലേ. വേഗം മാറിക്കോളും.” നിർമലയ്ക്ക് അവന്റെ മുന്നിൽ നിന്നൊന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു. ദുഃഖഭാരം താങ്ങാനാവാതെ ഹൃദയം വിങ്ങിപ്പൊട്ടി നിൽക്കുകയാണ്.

“ഏയ്‌ അങ്ങനെയൊന്നും പറഞ്ഞാ പറ്റൂല… നീ ഇവിടെ വന്നിരിക്ക്. ഞാൻ ഡെറ്റോൾ പുരട്ടി തരാം.” ഉമ്മറത്തെ അര ഭിത്തിയിൽ അവളെ പിടിച്ചിരുത്തിയിട്ട് സൂര്യൻ പോയി ഡെറ്റോളും പഞ്ഞിയും എടുത്തുകൊണ്ട് വന്നു.

ഡെറ്റോൾ പഞ്ഞിയിൽ മുക്കി മുറിവിൽ തൊട്ടപ്പോൾ വേദനയും നീറ്റലും കാരണം നിർമലയുടെ മിഴികൾ നിറഞ്ഞ് തുളുമ്പി. അവന്റെ സ്നേഹത്തോടെയുള്ള പരിചരണം അവൾക്കുള്ളിൽ കുറ്റബോധം ഉളവാക്കി. ആ നിമിഷം തന്റെ ഹൃദയം നിലച്ചു മരിച്ചു പോയിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു പോയി.

“നീയെന്താ എന്നെയിങ്ങനെ ആദ്യമായി കാണുന്നത് പോലെ നോക്കണേ?” സൂര്യന്റെ ചോദ്യം കേട്ടപ്പോഴാണ് താനവനെ തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞത്.

“സൂര്യേട്ടന്റെ ഈ സ്നേഹത്തിന് ഞാനെന്ത് പകരം തന്നാലാ മതിയാവാ. നിങ്ങളെന്നെ സ്നേഹിക്കുന്നത് പോലെ ആരുമെന്നെ സ്നേഹിച്ചിട്ടില്ല.”

“നിന്റെ സ്നേഹം മാത്രം മതി നിർമ്മലേ എനിക്ക്. അത്ര മാത്രേ ഈ സൂര്യൻ നിന്നിൽ നിന്ന് ആഗ്രഹിക്കുന്നുള്ളൂ. സ്നേഹിക്കാൻ ആരുമില്ലാത്തവൻ പിന്നെ എന്താ ആഗ്രഹിക്കേണ്ടത്. എനിക്കിപ്പോ സ്വന്തമെന്ന് പറയാൻ നീയല്ലേയുള്ളൂ.” അരുമയോടെ അവനവളുടെ കവിളിൽ തഴുകി.

“ഞാനൊരു കാര്യം ചോദിച്ചാൽ സൂര്യേട്ടൻ സത്യം പറയുമോ?”

“നിന്നോട് ഞാൻ കള്ളം പറയില്ല നിർമലേ… നീ ചോദിക്ക്.”

“സൂര്യേട്ടൻ എവിടെയെങ്കിലും പോയി മടങ്ങി എത്തുമ്പോൾ ഇവിടെ, എന്നെ ആരെങ്കിലും വന്ന് ഉപദ്രവിച്ചിട്ടിട്ട് അലമാരയിൽ ഇരിക്കുന്ന പണവും കൊണ്ട് പോയിരിക്കുന്നത് കണ്ടാൽ എന്തായിരിക്കും ചെയ്യാ.” തനിക്കെന്തെങ്കിലും പറ്റിയാൽ എങ്ങനെയായിരിക്കും അവന്റെ പ്രതികരണമെന്ന് അറിയാനായിരുന്നു നിർമല അങ്ങനെ ചോദിച്ചത്.

അവന്റെ മറുപടി കേട്ടിട്ട് വേണം അവൾക്ക് മഹേഷ്‌ വന്ന കാര്യം സൂര്യനോട് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. അത് തുറന്ന് പറഞ്ഞില്ലെങ്കിൽ ചങ്ക് പൊട്ടി താൻ മരിച്ചു പോകുമെന്ന് അവസ്ഥയാണ് നിർമലയ്ക്ക്. അത്രത്തോളം മാനസിക സംഘർഷം അവൾ അനുഭവിക്കുന്നുണ്ട്. മറച്ചു വച്ചാൽ സൂര്യനോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാവും.

“നിനക്ക് വേറൊന്നും ചോദിക്കാൻ കിട്ടിയില്ലേ നിർമലേ. നിനക്കൊരു പോറലേൽക്കുന്നത് പോലും എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അപ്പോപിന്നെ നിന്നെ ആരെങ്കിലും നോവിച്ചിട്ടുണ്ടെങ്കിൽ ഞാൻ വെറുതെ വിടുമോ? നിന്നെ ആരെങ്കിലും വേദനിപ്പിക്കാൻ ശ്രമിച്ചാൽ അവനെ കൊ-ന്നിട്ട് ജയിലിൽ പോയി കിടക്കാനും എനിക്ക് മടിയില്ല. അങ്ങനെയൊന്നും ചിന്തിക്കാൻ വയ്യ എനിക്ക്.” നിർമലയെ നെഞ്ചോട് അടക്കി സൂര്യൻ പറഞ്ഞു.

“ആ വീഴ്ചയിൽ തലയെങ്ങാനും ഇടിച്ച് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ സൂര്യേട്ടൻ തനിച്ചായി പോവില്ലായിരുന്നോ? ഞാൻ മരിച്ചാൽ സൂര്യേട്ടൻ വേറെ കല്യാണം കഴിക്കണം.”

“ശ്ശെ… നിനക്കെന്താ ഭ്രാന്ത് കേറിയോ നിർമലേ. ഒന്ന് കാല് തെന്നി വീണപ്പോഴേക്കും എന്തൊക്കെയാ നീ ആലോചിച്ചു കൂട്ടുന്നെ? ഇനി മേലിൽ ഇങ്ങനെയൊരു വർത്താനം നിന്റെ നാവിൽ നിന്ന് വന്നു പോകരുത്.” ദേഷ്യം വന്ന സൂര്യൻ അവളെ അവിടെ വിട്ട് അകത്തേക്ക് കേറിപ്പോയി.

അവൻ പോകുന്നത് നോക്കി നിർമല അരഭിത്തിയിൽ ചാരി ഒരേ ഇരിപ്പ് ഇരുന്നു. സ്വന്തം ശരീരത്തോട് പോലും അറപ്പ് തോന്നുന്നു. അതിനേക്കാൾ നൊമ്പരം ഉള്ളിലാണ്. സൂര്യനോടൊപ്പം ഒരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ… വിടരും മുൻപ് തല്ലിക്കൊഴിച്ച പുഷ്പം പോലെ പാതി മരിച്ച അവസ്ഥയിലായിരുന്നു നിർമല.

എല്ലാം തുറന്ന് പറഞ്ഞാൽ സൂര്യനെ തനിക്ക് നഷ്ടപ്പെടുമോന്ന് നിർമല ഭയന്നു. ഒരുപക്ഷേ നടന്നതൊക്കെ കേട്ട് കഴിഞ്ഞിട്ട് തന്നെ അവിശ്വസിച്ചാലും അവൾക്കത് സഹിക്കാനാകില്ല. ഇനി വിശ്വസിച്ചാൽ തന്നെ അക്കാരണം കൊണ്ട് സൂര്യൻ, മഹേഷിനെ തേടിപ്പിടിച്ചു കൊ-ന്നിട്ട് വന്നാൽ വീണ്ടും ആ പാവം ജയിലിലേക്ക് തന്നെ പോകേണ്ടി വരുമെന്ന് നിർമലയ്ക്ക് തോന്നി.

മനസ്സ് തുറന്ന് സംസാരിക്കാൻ ആരുമില്ലാതെ ഒരു തീരുമാനം കൈകൊള്ളാൻ കഴിയാനാവാതെ ഉള്ളുരുക്കത്തോടെ നിർമല ചിന്തകളിൽ മുഴുകി ഇരുന്നു. തന്റെ സ്വസ്ഥത കെടുത്തി ജീവിതം നശിപ്പിച്ച മഹേഷിനോട് അവൾക്ക് തീർത്താൽ തീരാത്ത പക തോന്നി. ഇനിയൊരിക്കൽ കൂടി മഹേഷ്‌ അവിടേക്ക് വന്നാൽ സൂര്യന് അവനെ കാട്ടികൊടുത്ത് ആട്ടിപായിക്കണമെന്നൊക്കെ നിർമല ആലോചിച്ചു.

***************

രാവിലെ താൻ പോകുമ്പോൾ കണ്ട നിർമലയല്ല ഇപ്പോ താൻ കാണുന്നതെന്ന് സൂര്യന് തോന്നി. കരഞ്ഞു വീർത്തു കൺപോളകളും വിഷാദം തളം കെട്ടിയ അവളുടെ മുഖവും കാണവേ നിർമലയ്ക്ക് എന്തോ കാര്യമായ സങ്കടമുണ്ടെന്ന് സൂര്യൻ ഊഹിച്ചു.

ഒന്നിനും ഒരു ഉന്മേഷമില്ലാതെ ഭക്ഷണം പോലും ഒഴിവാക്കി കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന നിർമലയ്‌ക്കരികിൽ അവൻ വന്ന് ഇരുന്നു.

“എന്ത് പറ്റി നിർമലേ… രാവിലെ ഞാൻ പോകുമ്പോ നിനക്ക് കുഴപ്പമൊന്നുമില്ലായിരുന്നല്ലോ. പിന്നെ ഇത്ര പെട്ടന്ന് എന്ത് പറ്റി ഇങ്ങനെ സങ്കടപ്പെടാൻ. എന്താണെങ്കിലും എന്നോട് പറയ്യ്.” നിർമലയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവനവളുടെ മിഴികളിൽ തന്നെ നോട്ടമുറപ്പിച്ചു.

സൂര്യന്റെ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയാനാവാതെ നിർമല മുഖം താഴ്ത്തി. അവന്റെ മുഖത്ത് നോക്കി കള്ളം പറയാനുള്ള ശക്തി തനിക്കില്ലെന്ന് അവൾക്കറിയാം.

“ഇങ്ങനെ മിണ്ടാതിരിക്കാതെ എന്താ നിന്റെ സങ്കടത്തിന് കാരണമെന്ന് പറയ് നിർമലേ.” അവളുടെ ഇരുചുമലിലും പിടിച്ച് ശക്തിയായി കുലുക്കികൊണ്ട് സൂര്യൻ ചോദിച്ചു.

“സൂര്യേട്ടൻ ആഗ്രഹിക്കുന്നൊരു ഭാര്യയാവാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.” അത് പറഞ്ഞതും നിർമല മുഖം പൊത്തി കരഞ്ഞു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *