സൂര്യനെ മോഹിച്ചവൾ, ഭാഗം 47, എഴുത്ത്: ശിവ എസ് നായര്‍

സൂര്യനോടൊപ്പമുള്ള നിർമലയുടെ ജീവിതത്തിന് അവസാനം കുറിക്കാനെന്നോണം മഹേഷിന്റെ ബീ- ജം അവളുടെ വയറ്റിൽ വളർന്നു തുടങ്ങിയത് നിർമല അറിഞ്ഞിരുന്നില്ല… ഓരോ ദിനങ്ങൾ പിന്നീടും തോറും അവളുടെ വയറ്റിനുള്ളിൽ ആ കുഞ്ഞ് ജീവനും വികാസം പ്രാപിച്ച് കൊണ്ടിരുന്നു.

നിർമലയെ കാണാൻ മഹേഷ്‌ വന്ന് പോയിട്ട് രണ്ട് മാസം കഴിഞ്ഞു. എല്ലാ മാസവും കൃത്യമായി ആ- ർത്തവം വരുന്ന തനിക്ക് ഇത്തവണ രണ്ട് മാസമായിട്ടും ആ- ർത്തവത്തിന്റെ ഒരു ലക്ഷണവും കണ്ടില്ല. അതിനാൽ തന്നെ ദിവസങ്ങൾ പോകപോകെ നിർമലയുടെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി. താൻ ഗർഭിണിയായിരിക്കുമോ എന്നോർത്ത് അവളുടെ ഉറക്കം തന്നെ നഷ്ടമായി. സംശയിക്കുന്നത് പോലെ ഒന്നുമുണ്ടാവല്ലേയെന്ന് നിർമല സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. പക്ഷേ ആ പ്രാർത്ഥനകളൊക്കെ വിഫലമായി തീരുകയായിരുന്നു.

വയറ്റിലൊരു ജീവൻ വളരാൻ തുടങ്ങിയപ്പോൾ നിർമലയുടെ ശരീരത്തിലും പല പല മാറ്റങ്ങൾ പ്രകടമായി തുടങ്ങി. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ക്ഷീണവും ഓക്കാനവും കാരണം സുഖമില്ലെന്ന് പറഞ്ഞ് സൂര്യനോടൊപ്പം അവൾ പാടത്ത് പോകാതെയായി. ആരോടെങ്കിലും എല്ലാം തുറന്ന് പറയാനും നിർമല പേടിച്ചു. ഇനിയൊരു തുറന്ന് പറച്ചിൽ നടത്തിയാലും തന്നെ തെറ്റുകാരിയായിട്ടേ സൂര്യനുൾപ്പെടെ എല്ലാവരും കാണൂ. താൻ ചതിച്ചെന്ന് വിശ്വസിക്കുകയും ചെയ്യും.

ഓരോന്നോർത്തിട്ട് അവൾക്കാകെ ഭ്രാന്ത് പിടിച്ചു തുടങ്ങി. ശരീരം കാട്ടികൊടുത്ത ലക്ഷണങ്ങളിൽ നിന്നുതന്നെ നിർമല, താൻ ഗർ-ഭിണിയാണെന്ന സത്യം മനസ്സിലാക്കി. ഇങ്ങനെയൊരു കാര്യം അധികനാൾ ആരിൽ നിന്നും ഒളിച്ചു വയ്ക്കാനും കഴിയില്ല. മഹേഷ്‌ അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയിട്ട് പോകുമ്പോൾ ഒരിക്കൽ പോലും ഇങ്ങനെയൊരു അവസ്ഥയെ താൻ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിർമല ചിന്തിച്ചിരുന്നില്ല. അന്നുതന്നെ എല്ലാം സൂര്യനോട് ഏറ്റ് പറയേണ്ടതായിരുന്നുവെന്നോർത്തു അവൾ പരിതപിച്ചു.

കാര്യങ്ങളെല്ലാം തന്റെ കൈവിട്ട് പോയി കഴിഞ്ഞുവെന്ന് ഒരു ഞെട്ടലോടെ നിർമല തിരിച്ചറിഞ്ഞു. അന്ന് വൈകിട്ട് പാടത്തെ പണി കഴിഞ്ഞ് സൂര്യൻ മടങ്ങി വരുമ്പോൾ സംഭവിച്ചത് തുറന്ന് പറയാമെന്ന് നിർമല മനസ്സിലുറപ്പിച്ചു. ഇത് കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ ഇങ്ങനെ കണ്ണീർ വാർക്കേണ്ടി വരില്ലായിരുന്നുവെന്നോർത്ത് പരിതപിക്കുകയായിരുന്നു അവൾ. ഒപ്പം സൂര്യന് തന്നിലുള്ള സ്നേഹത്തിലും വിശ്വാസത്തിലും കോട്ടം തട്ടരുതേ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

സാധാരണ എന്നും പ്രാതൽ ഒരുക്കാനും ചോറും കറികളും വയ്ക്കാനും ഉത്സാഹത്തോടെ ഓടി നടക്കുന്ന നിർമല ഊർജ്ജം നഷ്ടപ്പെട്ടവളെ പോലെ അടുക്കള പടിയിൽ ചാഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പണികളൊക്കെ ചെയ്തത് രാധമ്മയാണ്.

“എന്ത് പറ്റി മോളേ നിനക്ക്? ഇങ്ങനെ മടി പിടിച്ചിരിക്കുന്നത് ആദ്യമായിട്ടാണല്ലോ. സുഖമില്ലേ നിനക്ക്.” കുറച്ചു ദിവസമായി നിർമലയുടെ മുഖത്തെ വിളർച്ചയും ക്ഷീണവുമൊക്കെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“ചെറിയൊരു ക്ഷീണവും തലവേദനയമുണ്ട് രാധമ്മേ. അതാ ഇവിടെ ഇരുന്നത്. ശരീരത്തിനൊക്കെ വല്ലാത്ത ഒരു തളർച്ച തോന്നാ. എന്നെകൊണ്ട് ആവുമെങ്കിൽ ഇവിടിങ്ങനെ ഇരിക്കാതെ പണികളൊക്കെ ചെയ്യുമായിരുന്നു ഞാൻ.” അവളുടെ ക്ഷീണിച്ച സ്വരം കേൾക്കവേ അവരിൽ ചില സംശയങ്ങൾ രൂപപ്പെട്ടു.

“നിനക്ക് വിശേഷമുണ്ടോ മോളേ… കുളിയെങ്ങാനും തെറ്റിയിട്ടുണ്ടോ? ഗർഭിണി ആണെങ്കിലും ഈ ലക്ഷണമൊക്കെ ഉണ്ടാവും.” രാധമ്മ സന്തോഷത്തോടെ പറഞ്ഞു.

“ഏയ്‌… അതൊന്നും അല്ലെന്ന് തോന്നുന്നു.” അവരോട് അതേ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ നിർമല വേഗം വിഷയം മാറ്റി കളഞ്ഞു.

“എന്തായാലും സൂര്യൻ മോൻ വന്നാൽ ഒന്ന് ഡോക്ടറെ കൊണ്ട് കാണിച്ചു നോക്ക് മോള്. അപ്പോ എന്താണെങ്കിലും അറിയാലോ. ഇത്തരം കാര്യങ്ങളിൽ സംശയം വച്ചോണ്ടിരിക്കാൻ പാടില്ല.” ചിരിച്ചു കൊണ്ടവളോട് പറഞ്ഞിട്ട് രാധമ്മ പുറം പണികൾക്കായി പുറത്തേക്ക് പോയി.

സൂര്യന്റെ വരവും കാത്ത് ഊണ് മേശയിൽ തല ചായ്ച്ചു വച്ച് നിർമല കിടന്നു. സാധാരണ, എന്നും വരുന്ന സമയം കഴിഞ്ഞിട്ടും അവനെ കാണുന്നുണ്ടായിരുന്നില്ല. അവൾക്ക് നന്നായി വയറ് വിശക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരു വറ്റ് പോലും തൊണ്ടയിൽ കൂടി ഇറക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട് മാനസിക സംഘർഷം.

ഗർഭിണിയായതിനാൽ ഒരുപാട് നേരമായി വിശന്നിരിക്കുന്നത് നിർമലയുടെ ശരീരത്തെ തളർത്തി. അപ്പോഴാണ് മുറ്റത്ത്‌ നിന്നും നിർമലേന്നുള്ള സൂര്യന്റെ വിളി കേട്ടത്.

തോർത്തെടുത്ത് കൊണ്ട് ചെല്ലാനാണ് ആ വിളി എന്ന് അവൾക്ക് മനസ്സിലായി. നേരത്തെ എടുത്ത് വച്ചിരുന്ന തോർത്തും മുണ്ടും എടുത്ത് നിർമല ഉമ്മറത്തേക്ക് നടന്നു.

“നീയിത് വരെ കുളിച്ചില്ലേ?” സാധാരണ എന്നും കുളിച്ച് വസ്ത്രം മാറി നിൽക്കാറുള്ള നിർമല അന്ന് കുളിക്കാതെ നിൽക്കുന്നത് കണ്ടിട്ടാണ് അവൻ ചോദിച്ചത്.

“ഇന്ന് എന്നെകൊണ്ട് ഒന്നിനും വയ്യാത്ത പോലെ. നല്ല ക്ഷീണമുണ്ട് സൂര്യേട്ടാ.”

“പനിയുണ്ടോ നിനക്ക്.” അവനവളുടെ നെറ്റിയിലും കഴുത്തിലും കൈവച്ച് നോക്കി.

“പനിയൊന്നുമില്ലല്ലോ… പിന്നെ എന്താ ക്ഷീണം.”

“സൂര്യേട്ടൻ വേഗം കുളിച്ച് വാ. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

“നീയും കൂടെ വാ…”

“ഞാൻ പിന്നെ കുളിച്ചോളാം. ഇപ്പൊ കുളത്തിറങ്ങാൻ വയ്യ.”

“പീ-രിയ-ഡ്സാണോ നിനക്ക്. അതുകൊണ്ടാണോ രാവിലെ പാടത്ത് വരാത്തത്. വയറ് വേദന കാണുമല്ലേ…. സാരമില്ല കുളിച്ചു വന്നിട്ട് ഞാൻ ചൂട് കാപ്പിയുണ്ടാക്കി തരാം. ഇപ്പൊ തല്ക്കാലം നീ അവിടെ വന്നിരുന്നാൽ മതി. എന്നും നീയും എന്റെ കൂടെ വരുന്നതല്ലേ.” അവനവളുടെ കൈയ്യിൽ പിടിച്ച് കുളത്തിനരികിലേക്ക് നടന്നു.

നിറഞ്ഞൊഴുകിയ കണ്ണുകൾ ചേലത്തുമ്പാൽ ഒപ്പിയെടുത്ത് അവൾ കുളപ്പടവിൽ സൂര്യനെ നോക്കി ഇരുന്നു.

“നിർമലേ…. നീയെന്താ ഈ ആലോചിക്കുന്നത്.” അവളുടെ മുഖത്തേക്ക് വെള്ളം തട്ടി തെറിപ്പിച്ചവൻ ചോദിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.

“സൂര്യേട്ടനെന്താ ചോദിച്ചത്. ഞാനൊന്നും കേട്ടില്ല.”

“നീയിപ്പോ ഞാൻ പറയുന്നതൊന്നും കേൾക്കാറില്ലല്ലോ. എപ്പഴും ഓരോ ആലോചനയില്ലല്ലേ. ഇങ്ങനെ പോയാൽ നമ്മളൊരുമിച്ചൊരു ജീവിതം തുടങ്ങാൻ വേണ്ടി ഞാൻ ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരുമല്ലോ. എന്നെ പൂർണമായി ഉൾകൊള്ളാൻ നിനക്ക് പറ്റുന്നില്ലേ നിർമലേ? നിന്റെ പ്രശ്നങ്ങൾ മാറാൻ എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ്. സങ്കടപ്പെട്ടിരിക്കുന്ന നിന്റെ മുഖം കാണാൻ എനിക്ക് വയ്യ.” തല തുവർത്തി കൊണ്ട് അവൻ പടവുകൾ കയറി അവളുടെ അടുത്തേക്ക് വന്നു.

“സൂര്യട്ടനിൽ നിന്ന് ഞാനൊരു കാര്യം മറച്ചു വച്ചു. തുറന്നു പറയാൻ ധൈര്യം വന്നില്ല. ഇപ്പഴെങ്കിലും ഞാനത് പറഞ്ഞേ തീരൂ. എല്ലാം കേട്ട് കഴിയുമ്പോ സൂര്യേട്ടനെന്നെ വെറുക്കരുത്.” ഇനിയും സൂര്യന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഏങ്ങലടിച്ചു കൊണ്ട് നിർമല കൂപ്പു കൈകളോടെ അവന് മുന്നിൽ നിന്നു.

“നീ… നീ… എന്ത് മറച്ച് വച്ചൂന്നാ നിർമലേ?” സൂര്യന്റെ സ്വരത്തിൽ പരിഭ്രമം നിഴലിച്ചിരുന്നു.

“അത് പിന്നെ… ഞാൻ.. ഞാൻ…” വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാനാവാതെ നിർമല ബോധ്യശൂന്യയായി താഴേക്ക് വീണു.

പെട്ടെന്ന് തന്നെ സൂര്യനവളെ താങ്ങി പിടിച്ചത് കൊണ്ട് നിർമലയുടെ തല കുളപ്പടിയിൽ ഇടിച്ചില്ല.

“നിർമലേ… നിർമലേ… കണ്ണ് തുറക്ക് നിർമലേ.” കൈയ്യിൽ അൽപ്പം വെള്ളമെടുത്തവൻ അവളുടെ മുഖത്തേക്ക് കുടഞ്ഞു. നേരിയൊരു ഞരക്കത്തോടെ കണ്ണ് തുറന്നവൾ അവന്റെ തോളിൽ കുഴഞ്ഞു കിടന്നു.

ആശങ്ക നിറഞ്ഞ മനസ്സോടെ സൂര്യൻ അവളെ കൈകളിൽ താങ്ങി എടുത്ത് മുറിയിൽ കൊണ്ട് പോയി കിടത്തി. ശേഷം രാധമ്മയെ വിളിച്ച് അവളുടെ അടുത്തിരുത്തിയിട്ട് സൂര്യൻ വേഗം പുറത്തേക്ക് പോയി.

അൽപ്പ സമയത്തിനുള്ളിൽ തന്നെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെയും കൂട്ടി അവൻ തിരികെ വന്നു.

നിർമല പെട്ടെന്ന് ബോധം മറഞ്ഞു വീണത് സൂര്യനിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അതുകൊണ്ടാണ് ഒരു നിമിഷം പോലും വൈകാതെ അവൻ പോയി ഡോക്ടറെ കൂട്ടി വന്നത്.

സൂര്യൻ ഡോക്ടറെയും കൊണ്ട് വരുമ്പോൾ നിർമല തലയിണയിൽ ചാരി ഇരുന്ന് രാധമ്മ കൊടുത്ത വെള്ളം കുടിക്കുകയായിരുന്നു.

“നിർമലേ… നിനക്കിപ്പോ സുഖമുണ്ടോ? പെട്ടെന്ന് തലച്ചുറ്റി വീഴാൻ എന്താ പറ്റിയെ നിനക്ക്.?” വാത്സല്യം നിറഞ്ഞ അവന്റെ സ്വരം കേട്ടപ്പോൾ അൽപ്പ സമയത്തിനുള്ളിൽ തനിക്കീ സ്നേഹം നഷ്ടപ്പെടുമല്ലോ എന്നോർത്ത് നിർമല വിതുമ്പിപ്പോയി. അവനൊപ്പം നിൽക്കുന്ന ഡോക്ടർ തന്നെ പരിശോധിച്ച് കഴിയുമ്പോൾ താൻ പറയുന്നതിന് മുൻപ് തന്നെ സൂര്യേട്ടൻ എല്ലാം അറിയുമെന്ന് അവളോർത്തു.

രാധമ്മയും ഡോക്ടറും നിൽക്കുന്നത് കൊണ്ട് സൂര്യനോട് ഒന്നും പറയാൻ കഴിയാതെ നിർമല മൗനം ഭജിച്ചു. ഡോക്ടർ രവി ശങ്കർ അവളോട് വിവരങ്ങൾ ചോദിച്ചറിയുകയും വിശദമായി പരിശോധിക്കുകയും ചെയ്തതിന് ശേഷം ഒന്ന് രണ്ട് ബ്ലഡ്‌ ടെസ്റ്റിനും സ്കാനിംഗിനുമൊക്കെ എഴുതി.

“ലക്ഷണം കണ്ടിട്ട് നിർമല ഗർഭിണിയാണെന്ന് തോന്നുന്നു സൂര്യാ. പീ- രിയ- ഡ്സായിട്ട് രണ്ട് മാസമായെന്നാണ് പേഷ്യന്റ് പറഞ്ഞത്. അത് വച്ച് നോക്കുമ്പോ ഏകദേശം രണ്ട് മാസത്തെ വളർച്ചയുണ്ടാകും കുഞ്ഞിന്. എന്തായാലും കൺഫേം ചെയ്യാൻ ഞാൻ കുറച്ച് ടെസ്റ്റിന് എഴുതിയിട്ടുണ്ട്. പ്രെഗ്നൻസി ടെസ്റ്റ്‌ പോസറ്റീവ് ആണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണിച്ചാൽ മതിയാകും.” ഡോക്ടറെ വാക്കുകൾ കേട്ട് തലയിൽ ഇടിത്തീ വീണത് പോലെ സൂര്യൻ തരിച്ചു നിന്നു. സൂര്യന്റെ മുഖത്തേക്ക് നോക്കാൻ ത്രാണിയില്ലാതെ തല കുമ്പിട്ടിരിക്കാൻ മാത്രമേ നിർമലക്ക് കഴിഞ്ഞുള്ളു.

“അപ്പഴേ നിന്നോട് ഞാൻ പറഞ്ഞതല്ലേ മോളെ നിനക്ക് വിശേഷം കാണുമെന്ന്. അതിന്റെ തളർച്ചയും ക്ഷീണവുമാണ് മോൾക്ക്. രാവിലെ എണീറ്റ് ഇത്ര നേരായിട്ടും ഒന്നും കഴിച്ചില്ലല്ലോ നീ. ഗർഭിണി പിള്ളേര് വിശന്നിരിക്കാൻ പാടില്ല. ഞാൻ പോയി മോൾക്ക് കഴിക്കാൻ എടുത്തു വരാം. നല്ലോണം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്.” സന്തോഷത്തോടെ പറഞ്ഞ് കൊണ്ട് രാധമ്മ അടുക്കളയിലേക്ക് പോകുമ്പോൾ, താനീ കേട്ടതൊക്കെ സത്യമാണോ എന്ന ഭാവത്തിൽ സൂര്യൻ നിർമലയെ നോക്കി.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *