“ഒരു ഉളുപ്പുമില്ലാതെ പഴയ കാമുകനൊപ്പം വീണ്ടും ബന്ധം സ്ഥാപിച്ചിട്ട് ഒടുവിൽ വയറ്റിലൊരു കുഞ്ഞിനെയും ഉണ്ടാക്കി. ഇനി അതിന്റെ കാര്യ കാരണം കൂടി വിശദീകരിക്കാതെ നിനക്ക് സമാധാനം കിട്ടില്ലേ. പിന്നെയും പിന്നെയും എന്റെ വേദന കണ്ട് രസിക്കാനാണോ നിനക്ക്.” അവൾക്കടുത്തേക്ക് പാഞ്ഞു വന്ന സൂര്യൻ ക്രോധത്തോടെ നിർമലയുടെ കഴുത്തിന് പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി.
അന്നുവരെ കാണാത്ത സൂര്യന്റെ ആ ഭാവം അവളെ ചകിതയാക്കി. ഭയന്ന് വിറച്ച നിർമല ശ്വാസം പോലും എടുക്കാനാവാതെ അവന്റെ കൈയ്യിൽ കിടന്ന് പിടഞ്ഞു. പെട്ടെന്നാണ് താനെന്താ ചെയ്തതെന്ന തിരിച്ചറിവിൽ സൂര്യൻ അവളുടെ കഴുത്തിൽ നിന്നും പിടി വിട്ടത്.
പിടച്ചിലോടെ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നിരുന്ന നിർമല ഉള്ളിലേക്ക് ശ്വാസം ആഞ്ഞുവലിച്ച് വെപ്രാത്തോടെ സൂര്യനെ നോക്കി എന്തോ പറയാനായി ശ്രമിച്ചു.
“സൂര്യേട്ടാ… ഞാൻ… എനിക്ക്… “
“എന്നോട് നീ ചെയ്ത ചതിക്ക് നിന്നെ കൊ- ല്ലുകയാണ് വേണ്ടത്. പക്ഷേ ഞാനത് ചെയ്യില്ല. അത്രയധികം ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. ഇനി നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാൽ തീരുമാനിച്ചോ.”
“ഞാൻ സൂര്യേട്ടനെ ചതിച്ചിട്ടില്ല… സൂര്യേട്ടൻ ഇവിടില്ലാത്ത ദിവസം അയാളിവിടെ വന്നിരുന്നു. അന്ന് ആ ദുഷ്ടനെന്നെ ബലമായി കീഴ്പ്പെടുത്തിയതാണ്. പേടിച്ചിട്ടാ സൂര്യേട്ടനോട് ഒന്നും പറയാതിരുന്നത്.”
“ഇക്കാര്യം നീ അന്നുതന്നെ പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേനെ. ഇപ്പൊ നീ പറയുന്നത് എന്ത് ഉറപ്പിലാ ഞാൻ വിശ്വസിക്കേണ്ടത്? എന്ത് കൊണ്ട് ഇത് നീ അന്നേ പറഞ്ഞില്ല? അന്നേ തന്നെ നീ ഒന്നും തുറന്ന് പറയാത്തതിന്റെ കാരണം നിന്റെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടല്ലേ.
നാളുകൾക്ക് ശേഷം പഴയ ബന്ധക്കാരനെ കണ്ടപ്പോ നീ എന്നെയും എന്റെ സ്നേഹത്തെയും ഒരു നിമിഷം മറന്ന് പോയില്ലേ? അതല്ലേ സംഭവിച്ചത്. നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഞാൻ വെറും വിഡ്ഢി.” ഷർട്ടിന്റെ തുമ്പ് കൊണ്ട് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചവൻ കട്ടിലിൽ എടുത്തുവച്ച ബാഗുമായി പുറത്തേക്ക് നടന്നു.
“സൂര്യേട്ടാ… ഈ രാത്രി എന്നെ തനിച്ചാക്കി പോവരുതേ. ഒന്നെന്നെ വിശ്വസിക്ക്… എന്റെ അറിവോ സമ്മതമോ കൂടാതെ സംഭവിച്ചതാണ് എല്ലാം. സൂര്യേട്ടനെ എനിക്ക് നഷ്ടപ്പെടുമോന്ന് ഭയന്ന് എനിക്കൊന്നും പറയാൻ ധൈര്യം വന്നില്ല.” നിർമല കരഞ്ഞുകൊണ്ട് അവന്റെ പിന്നാലെ ചെന്നു.
അവളെ പാടെ അവഗണിച്ചവൻ ബാഗുമായി ജീപ്പിലേക്ക് കയറി.
“നിനക്ക് കൂട്ടിന് രാധമ്മയുണ്ടല്ലോ ഇവിടെ. അതുകൊണ്ട് ഇന്ന് രാത്രി എന്റെ ആവശ്യം വേണ്ടി വരുന്നില്ല. നാളെ രാവിലെ തന്നെ നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോണം. പോകുമ്പോ അവരോടും ഇനി മുതൽ വരണ്ടെന്ന് പറഞ്ഞേക്ക്. പോകുമ്പോ ആവശ്യമുള്ള കാശ് എത്രയാന്ന് വച്ചാൽ എടുത്തോ, അലമാരയിൽ ഉണ്ട്. രാധമ്മയ്ക്കും അവരുടെ കൂലി കൊടുത്തേക്ക്. ഇനി നമ്മൾ ഒരുമിച്ച് ജീവിക്കുന്നത് ശരിയാവില്ല. നിനക്ക് നിന്റെ വഴി നിർമലേ. നീ സ്നേഹിച്ചവന്റെ കൂടെ തന്നെ നീ സന്തോഷത്തോടെ ജീവിക്ക്. ഞാൻ നിനക്ക് ഒരു തരത്തിലും ചേരില്ല.” നിർമലയുടെ മറുപടിക്ക് കാക്കാതെ സൂര്യൻ ജീപ്പുമായി പടിപ്പുര കടന്ന് പോയി.
അവൻ കണ്മുന്നിൽ നിന്ന് അകന്നകന്ന് പോകുന്നത് കണ്ണുനീരോടെ നോക്കി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. ആ നിമിഷം താനൊന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്നവൾക്ക് തോന്നിപ്പോയി.
മരവിച്ച മനസ്സുമായി ജീവച്ഛവം കണക്കെ നിർമല മുറിയിലേക്ക് നടന്നു. മുന്നോട്ട് ഇനിയെന്ത് എന്നത് ഒരു ചോദ്യ ചിഹ്നം പോലെ അവളിൽ അവശേഷിച്ചിരുന്നു.
**************
ആ രാത്രി മുഴുവൻ സൂര്യൻ ജീപ്പ് ഓടിക്കുകയായിരുന്നു. അഭിഷേകിന്റെ വീട്ടിലേക്കാണ് അവന്റെ യാത്ര. അഭിഷേകിന്റെ അമ്മയ്ക്ക് വീണ്ടും സുഖമില്ലാതായിട്ട് അഭിഷേക് ലീവെടുത്തു നാട്ടിലേക്ക് പോയിരിക്കുകയാണ്. അവനെ കണ്ട് എല്ലാമൊന്ന് പറയാൻ വെമ്പി നിൽക്കുകയാണ് സൂര്യന്റെ മനസ്സ്. ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ നെഞ്ച് പൊട്ടി താൻ മരിച്ചു പോകുമെന്ന് അവന് തോന്നി. അത്രയ്ക്കുണ്ട് ഉള്ളിൽ സങ്കടം. സൂര്യനൊരിക്കലും പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയല്ലേ സ്വന്തം ഭാര്യയിൽ നിന്ന് അവന് കിട്ടിയിരിക്കുന്നത്. അതിന്റെ ആഘാതത്തിൽ നിന്ന് സൂര്യനിത് വരെ മോചിതനായിട്ടില്ല.
വെളുപ്പിന് അഞ്ചു മണി കഴിഞ്ഞ നേരത്താണ് സൂര്യൻ അഭിഷേകിന്റെ വീട്ടിലെത്തിയത്. മുൻപ് പലതവണ അവനവിടെ വന്നിട്ടുള്ളത് കൊണ്ട് സൂര്യൻ ഇത്തവണ അഭിയോട് ഒന്ന് വിളിച്ചു പറയാൻ പോലും മിനക്കെടാതെ നേരെ ഇങ്ങ് പോന്നതായിരുന്നു.
കൊച്ചു വെളുപ്പാൻ കാലത്ത് അപ്രതീക്ഷിതമായി സൂര്യനെ മുന്നിൽ കണ്ട് അഭിഷേക് ഞെട്ടുകയാണ് ചെയ്തത്. അത്രയും വർഷത്തെ അടുപ്പം കൊണ്ട് സൂര്യനെ നന്നായി മനസിലാക്കിയിട്ടുണ്ട് അവൻ. ഒരു സൂചന പോലും തരാതെ പെട്ടെന്നുള്ള അവന്റെ വരവിൽ പോലീസുകാരനായ അഭിക്ക് പന്തികേട് തോന്നി. സൂര്യന്റെ മുഖത്തെ ഭാവങ്ങളിൽ നിന്ന് കാര്യമായ പ്രശ്നമുണ്ടെന്ന് അഭി ഊഹിച്ചു.
“എന്താ സൂര്യാ… എന്താടാ പ്രശ്നം. നീയെന്താ ഒന്ന് വിളിച്ചു പോലും പറയാതെ ഇത്ര രാവിലെ തന്നെ ഇവിടെ?”
“എല്ലാം പറയാൻ വേണ്ടി തന്നെയാ ഞാൻ ഓടിപ്പാഞ്ഞു നിന്റെ അടുത്തേക്ക് വന്നത്.” ഇടറിയ സ്വരത്തിൽ സൂര്യൻ പറഞ്ഞു.
“ഇത്ര ദൂരം ഉറങ്ങാതെ വണ്ടി ഓടിച്ചു വന്നതല്ലേ നീ. ആദ്യം കുറച്ചു നേരം വന്നൊന്ന് കിടക്ക് നീ. എന്നിട്ടാവാം സംസാരമൊക്കെ.”
അഭിഷേക് അവന്റെ കൈയ്യിൽ നിന്നും ബാഗ് വാങ്ങി അകത്തെ മുറിയിൽ കൊണ്ട് വച്ചു. എന്നിട്ട് സൂര്യന് കിടക്കാനായി കിടക്ക തട്ടികുടഞ്ഞു വിരിച്ചു കൊടുത്തു. ഉറക്കം കൺപോളകളെ വന്ന് മൂടിയിരുന്നതിനാൽ കുറച്ചു നേരം തെല്ലൊന്ന് മയങ്ങിയ ശേഷം അഭിഷേകിനോട് എല്ലാം പറയാമെന്നവൻ തീരുമാനിച്ചു.
യാത്രാ ക്ഷീണവും മ-ദ്യത്തിന്റെ ല-ഹരിയും കൂടിയായപ്പോൾ സൂര്യൻ കിടന്നപാടെ തന്നെ മയക്കത്തിലേക്ക് വഴുതി വീണു. ഈ അവസ്ഥയിൽ അവനെങ്ങനെ ഇവിടെ വരെ വണ്ടി ഓടിച്ച് എത്തിയതെന്നോർത്ത് അഭിഷേക് ഭയപ്പെട്ടു. ഒന്നും പറ്റാതെ സുരക്ഷിതമായി അവനവിടെ എത്തിയതോർത്തു സമാധാനപ്പെട്ട് കൊണ്ട് സൂര്യൻ ഉണരാനായി അഭി കാത്തിരുന്നു.
*************
എന്നത്തേയും പോലെ രാധമ്മ രാവിലെ അമ്പാട്ട് പറമ്പിൽ തറവാട്ടിൽ എത്തുമ്പോൾ മുൻവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ തള്ളി നോക്കിയപ്പോൾ പാളികൾ ഇരുവശത്തേക്കുമായി തുറന്ന് വന്നത് കണ്ടപ്പോൾ അവർ അകത്തേക്ക് കയറി.
നിർമലയെയും സൂര്യനെയും കുറേ വിളിച്ചു നോക്കിയെങ്കിലും ഇരുവരുടെയും പ്രതികരണമൊന്നുമില്ലെന്ന് കണ്ടപ്പോൾ മുറിയിൽ ചെന്ന് നോക്കി. അവിടെയും ആരെയും കാണാതായപ്പോ രാധമ്മ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
ഇരുവരും വാതിൽ പോലുമടയ്ക്കാതെ എങ്ങോട്ട് പോയെന്ന് ചിന്തിച്ചു കൊണ്ട് മുൻവാതിൽ ചേർത്തടച്ച് പുറത്ത് നിന്ന് സാക്ഷയിട്ട ശേഷം രാധമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങി. അവരുടെ പിണക്കം തീർന്നിട്ടുണ്ടാവില്ലേ എന്നും നിർമല രാവിലെ തന്നെ സ്വന്തം വീട്ടിലേക്ക് പോയോ? സൂര്യൻ എങ്ങോട്ട് പോയി എന്നൊക്കെ ചിന്തിച്ച് അവർ തലപുകച്ചു.
*****************
“നീയിത് വരെ നിന്റെ പ്രശ്നമെന്താണെന്ന് പറഞ്ഞില്ലല്ലോ സൂര്യാ.” കുറേ നേരമായി എന്തോ ആലോചനയിലാണ്ട് നിന്ന സൂര്യനെ തട്ടി വിളിച്ച് അഭി ചോദിച്ചു.
“അഭി… നിർമലയുടെ കാര്യത്തിൽ ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അവളുടെ കാമുകൻ തിരിച്ചു വന്നു. നിർമലയുടെ വയറ്റിൽ അവന്റെ കുഞ്ഞ് വളരുന്നുണ്ട്.” അത് പറഞ്ഞതും സർവ്വവും തകർന്നവനെ പോലെ സൂര്യൻ അഭിഷേകിനെ കെട്ടിപിടിച്ചു ആർത്തലച്ചു കരഞ്ഞു.
താൻ കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടലോടെ തരിച്ചു നിൽക്കുകയാണ് അഭിഷേക്.
“ഡാ… നീ… നീ പറഞ്ഞത് സത്യമാണോ? നിനക്ക്… നിനക്കെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായതാണോ?”
“അല്ല അഭി… ഇന്നലെ രാവിലെ നിർമല തല ചുറ്റി വീണപ്പോൾ പരിശോധിച്ച ഡോക്ടർ പറഞ്ഞതാണ് അവൾ ഗർഭിണിയാണെന്ന്. ഒരു ദിവസം പോലും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ടില്ല. അപ്പോപ്പിന്നെ ഒരിക്കലും അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് ജനിക്കില്ലല്ലോ. ഗർഭത്തിന് ഉത്തരവാദി അവളുടെ കാമുകൻ തന്നെയാണെന്ന് നിർമലയും സമ്മതിച്ചു കഴിഞ്ഞു. ഡോക്ടർ, അവൾ ഗർഭിണിയാണെന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി പോയി അഭി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഡോക്ടർക്ക് തെറ്റ് പറ്റിയതാവാണെ എന്നാ ഞാൻ പ്രാർത്ഥിച്ചത്. പക്ഷേ തെറ്റ് ചെയ്തവളെ പോലെ നിർമല എന്റെ മുന്നിൽ മുഖം താഴ്ത്തി നിന്ന് അത് സത്യമാണെന്ന് സമ്മതിച്ചപ്പോ ഞാൻ… ഞാൻ അവിടെ തന്നെ മരിച്ചു വീണത് പോലെ തോന്നി.
പിന്നെ അവൾ പറഞ്ഞതൊന്നും എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. നിർമലയ്ക്ക് എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെന്നാ ഞാൻ ചിന്തിച്ചത് മുഴുവനും. നല്ലൊരു ജീവിതം സ്വപ്നം കണ്ടാ അവളുടെ കഴുത്തിൽ താലി കെട്ടി ഭാര്യയായി എന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. പക്ഷേ എല്ലാം നശിച്ചു… എന്റെ ജീവിതം തകർന്ന് പോയി അഭി… ഞാനിനി ആർക്ക് വേണ്ടിയാ ജീവിക്കേണ്ടത്.”
മനസ്സ് തകർന്ന് സൂര്യൻ അവന് മുന്നിൽ നിൽക്കുമ്പോ കേട്ടതൊക്കെ ഉൾകൊള്ളാൻ കഴിയാനാവാത്ത അവസ്ഥയിലായിരുന്നു അഭിഷേക്.
ഇതേസമയം അമ്പാട്ട് പറമ്പിൽ തറവാട്ടിലെ കുളത്തിനുള്ളിൽ നിർമലയുടെ തണുത്ത് വിറങ്ങലിച്ച ശരീരം സൂര്യന്റെ വരവും കാത്ത് കിടക്കുകയായിരുന്നു.
തുടരും….