താലി, ഭാഗം 65 – എഴുത്ത്: ലക്ഷ്മി ശ്രീനു

അന്ന് ദൈവദൂതനെ പോലെ വന്നത് മറ്റാരും ആയിരുന്നില്ല മഹി ആയിരുന്നു എന്റെ സങ്കടം കണ്ടു സഹിക്കാൻ വയ്യാതെ അവൻ എന്നെ സഹായിക്കാൻ തീരുമാനിച്ചു…

അന്ന് ഞാൻ മഹിയുടെ കൈയിൽ ഒരു കത്ത് കൊടുത്തു വിട്ടു ഇച്ചായനെ ഏൽപ്പിക്കാൻ ആയി…… അതിൽ ഞാൻ എന്റെ ഇപ്പോഴത്തെ അവസ്ഥയും എന്നെ കൊണ്ട് പോയില്ലെങ്കിൽ ജീവൻ ഒടുക്കുമെന്നും പറഞ്ഞിരുന്നു…

ഇച്ചായനൊപ്പം ജീവിക്കാൻ ആയില്ലെങ്കിൽ മരിക്കാൻ തന്നെ ആയിരുന്നു തീരുമാനം….. ആ മനുഷ്യനോട്‌ ഒപ്പം അല്ലാതെ മറ്റൊരു പുരുഷന് മുന്നിൽ ഭാര്യ വേഷം കെട്ടി ജീവിക്കാൻ എനിക്ക് ആകുമായിരുന്നില്ല… മഹിക്ക് എങ്ങനെ എന്നെ സഹായിക്കാൻ തോന്നി എന്നത് എനിക്ക് അത്ഭുതമാണ്…

വീട്ടുകാരുടെ ചതി ആണോന്ന് ഭയന്നു പക്ഷെ അല്ല അവൻ അവന്റെ ചേച്ചിയെ രക്ഷിക്കാൻ തന്നെ കൂട്ടു നിന്നു……. കത്ത് ഇച്ചായന് കിട്ടി മൂന്നാമത്തെ ദിവസം മറുപടി കത്ത് കിട്ടി…..

അത് വായിച്ചപ്പോൾ ലോകം കീഴ്മേൽ മറിഞ്ഞത് പോലെ ആണ് തോന്നിയത്…. ഇച്ചായന്റെമനസമ്മതം കഴിഞ്ഞു അപ്പച്ചന്റെയും അമ്മച്ചിയുടെയും മര-,ണഭീഷണിക്ക് മുന്നിൽ ആണ് തോറ്റു കൊടുത്തത്…പക്ഷെ ഒരിക്കലും എന്നെ തനിച്ച് ആക്കില്ല എന്ന് പറഞ്ഞ വാക്ക് പാലിക്കാൻ ജീവൻ പോകുന്നത് വരെ ശ്രമിക്കുമെന്ന് പറഞ്ഞു……

അങ്ങനെ ഞങ്ങൾ ഈ നാട്ടിൽ നിന്ന് പോകാൻ തീരുമാനിച്ചു…. അതിനിടയിൽ ഇച്ചായന് ഇവിടെ നിന്നും കുറച്ചു ഉള്ളിലേക്ക് ഉള്ള ഒരു സ്ഥലത്തേക്ക് ജോലി ട്രാൻസ്ഫർ ആയി….. അത് ഈ സാഹചര്യത്തിനു ചേർന്നത് ആണെന്ന് തോന്നി……ഇതിനിടയിൽ എന്റെ വിവാഹത്തിന് ദിവസം കുറിച്ച് കിട്ടി……

ഞാനും ഇച്ചായനും പോകാൻ തീരുമാനിച്ച അതെ ദിവസം ആണ് മുഹൂർത്തം……ഒരുമിച്ച് ജീവിക്കാൻ ആയില്ലെങ്കിൽ ഒരുമിച്ച് ഒരു മരണം അത് മുന്നിൽ കണ്ടുകൊണ്ട് ആണ്….. പ്രണയിച്ചത്…… പിന്നെ ഉള്ള ദിവസങ്ങളിൽ ഞാൻ എന്റെ തുണികളും സ്വർണവും സർട്ടിഫിക്കറ്റ് ഒക്കെ ആയി എനിക്ക് വേണ്ടത് ഒക്കെ കുറച്ചു കുറച്ചു മഹി വഴി ഇച്ചായനിൽ എത്തിച്ചു……..ഇച്ചായൻ അതൊക്കെ ഞങ്ങൾക്ക് വേണ്ടി കണ്ടെത്തിയ വാടക വീട്ടിൽ കൊണ്ട് വയ്ക്കുന്നുണ്ടായിരുന്നു….

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി….. കല്യാണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഞാൻ മഹിയോട് ഒപ്പം വീടിന്റെ പുറത്ത് എത്തി അവിടെ എന്നെ കാത്തു ഇച്ചായൻ ഉണ്ടായിരുന്നു…… ആ മനുഷ്യന്റെ കോലം കണ്ടു കണ്ണ് നിറഞ്ഞു എങ്കിലും വികാരങ്ങളെ തടഞ്ഞു നിർത്തി….. ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു……

ഞങ്ങളുടെ ആ യാത്ര അവസാനിച്ചത് തൃക്കോട്ട് കാവിലെ വൈദ്യർ വീട്ടിൽ ആയിരുന്നു… അത് ആയിരുന്നു വീട്ടുപേര്….. ഇച്ചായൻ ഞങ്ങൾക്ക് വേണ്ടി കണ്ടെത്തിയ വാടക വീട്…… ഞങ്ങൾ അവിടെ എത്തുമ്പോൾ അവിടെ രണ്ടുപേരുണ്ടായിരുന്നു അവിടുത്തെ അമ്മയും അച്ഛനും അവർ എന്നെ സ്വീകരിച്ചത് നിലവിളക്ക് നൽകി ആയിരുന്നു അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ഇച്ചായൻ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് എന്ന്….

ഞങ്ങൾ ആ ഒരു ദിവസം പേടിച്ച പോലെ ഒന്നും ഉണ്ടായില്ല……. ആ രാത്രി ആ അച്ഛന്റെയും അമ്മയുടെയും മക്കളായി സന്തോഷത്തോടെ കഴിഞ്ഞു……..പിറ്റേന്ന് തന്നെ ഇച്ചായൻ ജോലിക്ക് പോയി ആരെയും പേടിച്ചു ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ഇച്ചായന്റെ വാദം……. ഇച്ചായൻ പോയി കഴിഞ്ഞു ആ വീട്ടിൽ ഞങ്ങൾ മൂന്നുപേരും മാത്രമായി….. അമ്മയും അച്ഛനും നാട്ടു വൈദ്യവും പ്രസവപരിചരണം ഒക്കെ ആയി നടക്കുന്ന ആളുകൾ ആണെന്ന് അറിഞ്ഞു അവർക്ക് കുറച്ചു ജ്യോതിഷവും വശമുണ്ടായിരുന്നു..അന്ന് ഇച്ചായൻ വരുന്നത് വരെ സമാധാനം ഇല്ലായിരുന്നു കാരണം വീട്ടുകാർ ഓഫീസിൽ പോയി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ എന്ന പേടി ആയിരുന്നു…. പക്ഷെ ഇച്ചായൻ വൈകുന്നേരം പോയത് പോലെ തിരിച്ചു വന്നപ്പോൾ ആശ്വാസമായി…..

പിന്നെയും രണ്ട് ദിവസം കഴിഞ്ഞു ഇച്ചായൻ ഓഫീസിൽ പോയി വരുമ്പോൾ പതിവ് ഇല്ലാത്ത ഒരു മൂകത ആ മുഖത്ത് ഉണ്ടായിരുന്നു കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മഹിയെ കണ്ടിരുന്നു   ഒപ്പം അവൻ എനിക്ക് വേണ്ടി ഒരു കത്ത് ഇച്ചായന്റെ കൈയിൽ ഏൽപ്പിച്ചു…അത് വായിക്കാൻ എനിക്ക് തിടുക്കമായിരുന്നു എന്താ വിവരമെന്ന് അറിയാൻ……എങ്കിലും ഇച്ചായന്റെ മുഖത്തെ സങ്കടത്തിനു കാരണം അറിയാൻ എനിക്ക് അപ്പോൾ ആയില്ല…..ഇച്ചായൻ എന്റെ ഒപ്പം ഇരിക്കെ ആണ് ഞാൻ ആ കത്ത് വായിക്കാൻ തുടങ്ങിയത്……

ചേച്ചി…… ഇവിടെ നിന്ന് ചേച്ചിയെ തിരക്കി എല്ലാവരും ഇന്നലെ കോട്ടയത്തേക്ക് പോയിരുന്നു….നിങ്ങളെ തിരിച്ചു വിളിക്കാൻ ആണോ മറ്റെന്തിനെങ്കിലും ആണോ എന്നറിയില്ല… പോയി വന്നപ്പോൾ അവർ പറയുന്നത് കേട്ടു ആ കുടുംബത്തിൽ നിന്ന് ചേട്ടായിയെ പടി തള്ളിന്ന്…… ഇവിടെ എല്ലാവർക്കും അത് അറിഞ്ഞു വല്ലാത്ത സന്തോഷമായിരുന്നു…… ഇവിടെ ഇന്ന് ചേച്ചിയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ പോവാ…ഇവർക്ക് ഇനി ചേച്ചിയെ വേണ്ടെന്ന പറയുന്നേ…….

കത്ത് വായിച്ചു കഴിഞ്ഞു എന്തിനോ വേണ്ടി കണ്ണ് നിറഞ്ഞു….. എല്ലാവരും ഇത്രക്ക് തന്നെ വെറുക്കാൻ ആയി താൻ ഒന്നും ചെയ്തിട്ടില്ല സ്നേഹിച്ച പുരുഷനൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചത് ആണ് പ്രശ്നം…. എന്റെ സങ്കടം കണ്ടിട്ട് ഇച്ചായൻ പറഞ്ഞു ഇനി നമുക്ക് നമ്മളെ ഉള്ളു അത് കൊണ്ട് പഴയത് ഒക്കെ മറക്കാൻ…പറയാൻ എളുപ്പമായിരുന്നു എങ്കിലും അങ്ങനെ ഒരു ജീവിതം അത് ദുഃഖമായിരുന്നു………

ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടേ ഇരുന്നു…… ഞങ്ങൾ ഞങ്ങടെ ജീവിതം ആസ്വദിച്ചു തുടങ്ങിയിരുന്നു.കുഞ്ഞിന്റെ വളർച്ച ഓരോ ദിവസവും തൊട്ടറിഞ്ഞു ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോയി….

ആ ഇടക്ക് ഒരു ദിവസം എന്റെ വയറു കണ്ടിട്ട് ഇവിടുത്തെ അമ്മ പറഞ്ഞു ഉള്ളിൽ ഒരാൾ അല്ല രണ്ടുപേര് ആണെന്ന്….. അതിരില്ലാത്ത സന്തോഷമായിരുന്നു….ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പേരുകൾ കണ്ടു പിടിച്ചു…..പെൺകുട്ടികൾ ആണെങ്കിൽ ശ്രീഭദ്ര, ശ്രീദുർഗ്ഗ ആൺകുട്ടികൾ ആണെങ്കിൽ ഇന്ദ്രജിത്തും, ചന്ദ്രജിത്തും… അങ്ങനെ കുഞ്ഞ്മണികളുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരുന്നു……..

  ഒരിക്കൽ ഇച്ചായന് ഒപ്പം മഹിയും വന്നിരുന്നു എന്നെ കാണാൻ അന്ന് എനിക്ക് ഇഷ്ടപെട്ട പലഹാരങ്ങൾ അവന്റെ കൈയിൽ ഉണ്ടായിരുന്നു…..ഒരുപാട് ദിവസത്തിനു ശേഷം കണ്ടത് കൊണ്ട് ഒരുപാട് സമയം എന്നോട് ഒപ്പമിരുന്നു  സംസാരിച്ചു അപ്പോഴൊക്കെ തന്റെ അച്ഛനെ കുറിച്ച് താൻ അറിയാത്ത പലതും പറഞ്ഞു അവൻ… തനിക്ക് മുന്നിൽ കർക്കശക്കാരനായ അച്ഛൻ ആയിരുന്നു എങ്കിലും തന്നെ കൊ-, ല്ലാൻ പോലും ഇപ്പൊ മനസ്സ് ഉണ്ട് എന്നത് വേദനിപ്പിച്ചു എങ്കിലും കുഞ്ഞുങ്ങളുമായ് അച്ഛന്റെ മുന്നിലേക്ക് ഒന്ന് പോയി കണ്ടു സംസാരിച്ചാൽ അച്ഛന്റെ മനസ്സ് മാറും എന്നൊരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു……

പ്രസവത്തിന്റെ സമയം അടുത്ത് വരുമ്പോൾ എന്തോ ഉള്ളിൽ വല്ലാത്ത പേടി ആയിരുന്നു അരുതാത്തത് എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്ന പേടി……

എന്റെ പ്രസവദിവസമായിരുന്നു എന്നെ തേടി ആ വാർത്ത എത്തിയത്…

തുടരും….