പിരിയാനാകാത്തവർ – ഭാഗം 25, എഴുത്ത്: അമ്മു സന്തോഷ്

“ഡേവിഡ് എന്ന വർത്തമാനമാ ഈ പറയുന്നേ, രജിസ്റ്റർ കല്യാണമോ..അത് നടക്കുകേല. അവളെങ്ങു പോയെന്ന് വെച്ചു എബിയിൽ ഞങ്ങൾക്ക് അധികാരമില്ല എന്ന് വിചാരിക്കരുത് ഡേവിഡ് “

ഡെവിഡിന്റെ ഭാര്യ ആനിയുടെ വീട്ടിൽ ആയിരുന്നു അയാൾ. ആനിയുടെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നുണ്ട്

“ഹിന്ദു എന്നുള്ളത് വിഷയമല്ല. നമുക്ക് പള്ളിയിൽ വെച്ച് കെട്ട് നടത്തണം. കൊച്ചിനെ അങ്ങ് മാറ്റിയാൽ പോരെ..”

“അതൊന്നും എബി സമ്മതിക്കുകേല. നടക്കില്ല അപ്പ..അവന്റെ ഒരു കല്യാണം മുടങ്ങിയത് ഓർമ്മയില്ലേ.. അവൻ കിടന്നു വിഷമിച്ചത് ഞാനെ കണ്ടിട്ടുള്ളു. നിങ്ങൾക് ഒക്കെ എന്നാ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോരുന്നു. ഒരു വർഷം ആണ് എന്റെ കൊച്വ് പുരയ്ക്ക് അകത്തിരുന്നത്. അത് കൊണ്ട് അവന്റെ ഇഷ്ടം ആണ് പ്രധാനമായിട്ടുള്ളത്. ആദ്യത്തേത് നിങ്ങൾ കൊണ്ട് വന്ന ആലോചനയാണെന്ന് മറക്കണ്ട “

ഡേവിഡ് നീരസത്തോടെ പറഞ്ഞു

“അതെന്ന വർത്താനം ആണ് ഇച്ചായാ പറയുന്നേ..ഞങ്ങൾ അറിഞ്ഞോ. ഇങ്ങനെ ഒക്കെ വരുമെന്ന്. നല്ലൊരു പെണ്ണാണെന്ന് അല്ലേ വിചാരിച്ചത്”

അത് ബെന്നി ആയിരുന്നു. ആനിയുടെ ഇളയവൻ. മൂത്തവൻ ആന്റണി മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ എല്ലാം കേൾക്കുന്നുണ്ട്

“ഇത് ഏതാ പെൺകുട്ടി അതിന്റ വീട് എവിടെയാ?”

“അനാഥ കൊച്ചാ. പഠിക്കുവാ “

ഡേവിഡ് അത്രയും പറഞ്ഞു നിർത്തി

“ഒരു അനാഥ കൊച്ചിനെ കെട്ടണ്ട ഗതികേട് കൊച്ച് പുരയ്‌ക്കലെ ആനിയുടെ മോനു വന്നിട്ടില്ല ഡേവിഡ് “

ആന്റണി എഴുനേറ്റു

“കാര്യം അവൻ മുതിർന്നു. അപ്പനായ ഡേവിഡ് ഒപ്പം ഉണ്ട്. ഞങ്ങൾ എതിർത്താലും കല്യാണം നിങ്ങൾ നടത്തും. പക്ഷെ ഒരു കാര്യം ഓർത്തോ ആനിയുടെ ആത്മാവ് ഇത് പൊറുക്കുകേല. ഞങ്ങൾ സമ്മതിക്കാതെ ഞങ്ങൾ സംബന്ധിക്കാത്ത ഒരു കല്യാണം അവളുടെ മോനുണ്ടാകുന്നത് സത്യമായിട്ടും അവള് പൊറുക്കില്ല. അവൾക്ക് അറിയാം അവളുടെ വീട്ടുകാർ അവളെ എത്രയധികം സ്നേഹിച്ചിരുന്നെന്ന്.. ഈ കല്യാണം നടന്നാൽ ഈ ബന്ധം ഇല്ല ഡേവിഡ്.”

ഡേവിഡ് ഇത് ഊഹിച്ചിരുന്നു. അവർ സമ്മതിക്കില്ല. കേൾക്കുന്നവർ മൂക്കിൽ കൈ വെയ്ക്കും

ഡെവിഡിന്റെ മോനു രജിസ്റ്റർ കല്യാണം? അയാൾക്ക് തല പെരുക്കുന്നത് പോലെ തോന്നി

അയാൾ എഴുന്നേറ്റു

“എബിയോട് പറ്റുമെങ്കിൽ ഇങ്ങോട്ട് അടുത്ത ആഴ്ച വരാൻ പറ. ഞങ്ങൾ പറഞ്ഞു മനസിലാക്കാം “

അയാൾ മൂളി

സ്വന്തം തറവാട്ടിൽ ചെന്നപ്പോഴും അതെ അവസ്ഥ തന്നേ. അയാളുടെ അപ്പനും ചേട്ടന്മാരും കൊ-, ല്ലാതെ കൊ- ന്ന് കളഞ്ഞു ഡെവിഡിനെ

“എടാ ഒരു കല്യാണം മുടങ്ങി പോണത് ലോകത്തിലെ ആദ്യത്തെ കാര്യമാണോ. നിന്റെ മോനു മാത്രം സംഭവിച്ച ഒന്നാണോ? എത്രയോ പേര്.. ഇനി കല്യാണത്തിന് ശേഷം പോയിരുന്നെങ്കിലോ. ഭാഗ്യത്തിന് മുന്നേ ആണല്ലോ പോയത്.. എന്ന് വെച്ച് ആരുമില്ലാത്ത ഒരു അനാഥ കൊച്ചിനെ രജിസ്റ്റർ ചെയ്തു കളയുകയാണോ വേണ്ടത്? നിനക്ക് എന്നാ പറ്റിയെ ഡെവിടെ? അവൻ എന്തെങ്കിലും പറഞ്ഞുന്ന് വെച്ചു മുതിർന്ന നമ്മൾ അത് പറഞ്ഞു മനസിലാക്കി കൊടുക്കണ്ടേ?”

“എന്റെ പൊന്ന് ഇച്ചായാ ആ ചെറുക്കന്റെ തലയിൽ ഇതൊന്നും കേറുകെല്ലെന്ന്.. അവൻ അവളെ കെട്ടത്തൊള്ളൂ.. ഇനി ആര് പറഞ്ഞാലും ആ ചെറുക്കൻ ആ. തീരുമാനം മാറ്റത്തില്ല. എനിക്കു അവനെ കുഞ്ഞ് നാളുകൾ തൊട്ട് അറിയാവുന്നതല്ലേ..നടക്കുകേലാ”

ഡേവിഡ് പറഞ്ഞു

“ആ കൊച്ചിനോട് ഒന്ന് സംസാരിക്കാൻ നോക്ക്. നല്ല കാശ് കൊടുക്കാമെന്നു പറ “

“ഒന്ന് വെറുതെ ഇരുന്നേ സാവി നീ”

ഡേവിഡ് അനിയനെ ശാസിച്ചു.

“അവനെ നിനക്ക് ശരിക്കും അറിയാൻ പാടില്ലാഞ്ഞിട്ടാ. നിങ്ങൾ കാണുന്ന എബി അല്ല ശരിക്കും ഉള്ള ആള്. അത് കൊണ്ട് ആ കൊച്ചിനെ നോവിക്കുന്ന ഒന്നും പറ്റുകേല. തല എടുത്തു കളയും അവൻ..അത് വിട് “

“അത്രയ്ക്ക് അസ്ഥിയിൽ പിടിക്കാൻ ഇത് എപ്പോ എന്താ അപ്സരസ്സ് വല്ലോം. ആണോ?”

“എനിക്ക് അറിയാൻ പാടില്ല. കല്യാണത്തിന് ഇനി ഞാൻ ഇല്ലെങ്കിൽ പോലും അവൻ മൈൻഡ് ആക്കില്ല. നടത്തും. ഡേറ്റ് ഞാൻ പറയാം. സൗകര്യം ഉണ്ടെങ്കിൽ വ “

അയാൾ എഴുന്നേറ്റു

മനഃപൂർവം ആണ് ശ്രീപാർവതിയുടെ ഭൂതകാലം ഡേവിഡ് ആരോടും പറയാതിരുന്നത്. ആനിയുടെ വീട്ടുകാർ കുടില ബുദ്ധി ഉള്ളവരാണ്. എങ്ങാനും ആ ത-,ന്തയുടെ ചെവിയിൽ ഇത് എത്തിച്ച വേറെ ഒരു പ്രശ്നം പൊങ്ങി വരും. അവളെ ബാധിക്കുന്ന എന്തെങ്കിലും വന്നാൽ എബി അതിനെ ചിലപ്പോൾ വളരെ മോശമായി നേരിട്ട് കളയും

അവന്റെ കണ്ണിലെ തീ ഒരിക്കൽ ഡേവിഡ് കണ്ടതാണ്

പോലീസിനോട് പോലും മര്യാദക്ക് സംസാരിക്കാത്തവനാണ്. പിന്നെ ആണ് ബാക്കിയുള്ളവർ..

അയാൾ വീട്ടിൽ വന്നു

എബിയും ശ്രീകുട്ടിയും തോട്ടത്തിൽ നിന്ന് വന്നപ്പോൾ അയാൾ വന്നത് കണ്ടു
മുഖം കണ്ടപ്പോഴേ മനസിലായി

“പോയ ഇടത്തൂന്ന് ഒക്കെ വയറു നിറച്ചു കിട്ടിയോ?”

അവൻ അയാളുടെ മടിയിൽ വന്നു കിടന്നു

“എടാ പുന്നാര മോനെ..എല്ലാവരുടെയും വായിലിരിക്കുന്നത് മുഴുവൻ കേട്ടേച്ചു വന്നിരിക്കുവാ. ഒറ്റ അക്ഷരം മിണ്ടരുത് “

അവൻ കണ്ണുകൾ പൂട്ടി

“മിണ്ടില്ല. എന്റെ തല ഒന്ന് മസാജ് ചെയ്യ് “

അയാൾ രൂക്ഷമായി അവനെ നോക്കി

“ശോ ദഹിപ്പിക്കല്ലേ.. ഒന്ന് ചെയ്തു തന്നെ ഡെവിടെ.. ഒന്നുല്ലങ്കിലും ഞാൻ ഒരു അമ്മയില്ലാത്ത കുഞ്ഞല്ലേ ‘

ഡെവിഡിന്റെ മനസ്സിൽ ആ വാചകം വീണു പൊള്ളി. അയാളുടെ ഉള്ളിൽ ഒരു കണ്ണീർ മഴ പെയ്തു തുടങ്ങി. അയാൾ അവന്റെ മുഖം നെഞ്ചിൽ ചേർത്ത് ഒരുമ്മ കൊടുത്തു

തുടരും…