പിരിയാനാകാത്തവർ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ്

ജയരാജൻ സൈബർ സെല്ലിൽ ജോലിയുള്ള ശിവനെ വിളിച്ചു വൈശാഖ് പറഞ്ഞു കൊടുത്ത നമ്പർ ഏൽപ്പിച്ചു

എബി.. അതാണ് അപ്പോൾ അവന്റെ പേര്. അല്പസമയത്തിനകം ശിവന്റെ കാൾ തിരിച്ചു വന്നു

“സാർ ഏബൽ ഡേവിഡ്, കുരിശുങ്കൽ ഹൌസ് ഗുരുവായൂർ. ലൊക്കേഷൻ ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ അടുത്താണ് “

“താങ്ക്യൂ “

അയാൾ ഫോൺ കട്ട്‌ ചെയ്തു

“എബിയുടെ കൂടെ ഒളിച്ചോട്ടം. അവനെയും പൊക്കും അവളെയും പൊക്കും..അവളിനി എന്ത് പറഞ്ഞു നിൽക്കുമെന്ന് കാണട്ടെ…എല്ലാം കള്ളം ആണെന്ന് തെളിയിക്കും. ഒരാഴ്ച ആയി അവന്റെ കൂടെ പൊറുക്കാൻ തുടങ്ങിയിട്ട്…

അയാൾ പല്ല് കടിച്ചു

*********************

ഡേവിഡ് അവൾ ഉറങ്ങുന്നത് നോക്കി ഇരുന്നു

“പപ്പാ പോയി കിടക്ക് “

എബി ഡേവിഡ് നോടായി പറഞ്ഞു

“എടാ ഈ കുഞ്ഞ് എത്ര മാത്രം ജീവിതം വെറുത്തു പോയി കാണും അല്ലേ..അല്ലെങ്കിൽ മരിക്കാൻ പോവോ.?,”

“ഇനി അങ്ങനെ ഒന്നുമുണ്ടാവില്ല പപ്പാ..അവളെ ഞാൻ പഠിപ്പിക്കും. ഞാൻ നോക്കിക്കൊള്ളാം. സമയം ആകുമ്പോൾ നല്ല ഒരാളെ കണ്ടു പിടിച്ചു കല്യാണം കഴിപ്പിച്ചു കൊടുക്കുകയും ചെയ്യാം.. എന്റെ അനിയത്തിയുണ്ടായിരുന്നു എങ്കിൽ ഞാൻ എങ്ങനെ ഒക്കെ ചെയ്തേനെ അത് പോലെ ചെയ്തോളാം. ഇവളെ നമ്മൾ ഇനി വിടുന്നില്ല.. പോരെ?”

ഡേവിഡ് അവന്റെ കൈവെള്ളയിൽ മുഖം അമർത്തി ഇരുന്നു. തന്റെ മകൻ ഒരു വിശുദ്ധനാണെന്ന് അയാൾക്ക് ആ നേരം തോന്നി. തന്റെ ജെസ്സിയെ പോലെ…അവൻ അയാളെ പിടിച്ചു എഴുനേൽപ്പിച്ചു. ചേർത്ത് പിടിച്ചു നടത്തി

“ഇന്ന് ഞാൻ പപ്പയുടെ കൂടെയാ കിടക്കുന്നെ.. വാ…”

അയാൾ കുഞ്ഞ് ചിരിയോടെ എബിയെ നോക്കി

പഴയ എബി, ആ കുസൃതി നിറഞ്ഞ മുഖം, ആ കള്ളച്ചിരി

മാഞ്ഞു പോയതൊക്കെ തിരിച്ചു വന്നത് പോലെ

എബിയെ ചേർത്ത് പിടിച്ചു കിടക്കവേ ഏറെ നാളുകൾക്ക് ശേഷം ഡേവിഡ് സുഖമായി ഉറങ്ങി

“അച്ചായാ…അച്ചായാ പോലീസ്…”

മനു വന്നു വാതിലിൽ തട്ടി വിളിച്ചപ്പോളാണ് ഡേവിഡ് ഉണർന്നത്. എബി ബാത്‌റൂമിൽ ആണെന്ന് തോന്നി. അയാൾ എഴുന്നേറ്റു മുഖം കഴുകി തുടച്ചു. പിന്നെ വെളിയിലേക്ക് ചെന്നു

“ആരാ എബി?” ഡെവിഡിന് കാര്യം മനസിലായി

വന്ന പോലീസ്കാർക്ക് വന്നു കഴിഞ്ഞപ്പോഴാണ് അത് കുരിശുങ്കൽവീടാണെന്ന് മനസിലായത്. ഡേവിഡ് വന്നവരെയൊക്കെ ഒന്ന് നോക്കി

“തോമസ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയോ”

സർക്കിൾ ഇൻസ്‌പെക്ടർ തോമസ് ജോർജ് ഭവ്യതയോടെ അതെ എന്ന് പറഞ്ഞു

“എന്താ കാര്യം തോമസ്”

“Dysp ജയരാജൻ സാറിന്റെ മോള് മിസ്സിംഗ്‌ ആയിരുന്നു. ഇവിടുയുണ്ടെന്ന് ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട് “

“ഇയാളുടെ മോള് ആണോന്ന് അറിയത്തില്ല. അപ്പൻ ബ- ലാ- ത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോ രക്ഷപെട്ടു ഓടിയ ഒരു പെൺകൊച്ചു എന്റെ വീട്ടിൽ ഉണ്ട് “

ജയരാജന്റെ മുഖം വിളറി വെളുത്തു. കൂടെ നിന്ന പോലീസുകാർ അയാളുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി

“അനാവശ്യവർത്തമാനം പറയരുത്. തന്റെ മോള് അവളെ വശികരിച്ചു കൊണ്ട് വന്നതല്ലെടോ. എന്റെ കൊച്ചു സ്കൂളിൽ പഠിക്കുന്നേയുള്ളു. അവനെ ഞാൻ പോ- ക്സോ ചുമത്തി അകത്തിടും നോക്കിക്കോ.”

ഡേവിഡ് ഒന്ന് ചിരിച്ചു

“പോ- ക്സോ പ്രകാരം കേസ് വരും. എന്റെ മോന്റെ പേരിലല്ല തന്റെ പേരിൽ. പിന്നെ ഇപ്പോൾ കൊച്ചിന് പതിനേട്ട് ആയത് കൊണ്ട് അവളുടെ ഇഷ്ടം കൂടി അറിഞ്ഞു കൊണ്ട് പോകാനേ പറ്റു “

എബി ശ്രീകുട്ടിയെ കൂട്ടി അവിടേക്ക് വന്നു

“ശ്രീ പറഞ്ഞോ ധൈര്യമായി പറഞ്ഞോ. എല്ലാം “

എബിയുടെ ശബ്ദം മുറുകി

“എടി അഹങ്കാരി സ്വന്തം അച്ഛന്റ്റെ പേരിലാണോ കള്ളക്കഥ പടച്ചു വിടുന്നത്. ഇവന്റെകൂടെ ഇറങ്ങി പോയതല്ലേ നീ മര്യാദക്ക് വന്നോ.”

അയാൾ മുന്നിട്ടാഞ്ഞപ്പോൾ എബി ആ നെഞ്ചിൽ പിടിച്ചു പിന്നോട്ട് തള്ളി

“ദേഹത്ത് തൊട്ടാലുണ്ടല്ലോ. പു- ന്നാര മോനെ പ-, ള്ളക്ക് ക- ത്തി കേറ്റും ഞാൻ.. ഇത് വായിച്ച് നോക്ക് ആദ്യം സർക്കിൾ വായിക്ക് എന്നിട്ട്മാത്രം മതി എല്ലാരും..ആ-, ത്മഹത്യാ കുറിപ്പ് ആണ്
വായിക്ക്. കണ്ടത് കൊണ്ട് ജീവനോടെ നിൽക്കുന്നു. ഇല്ലെങ്കിൽ. റെയിൽവേ പാളത്തിൽ നിന്ന് പെറുക്കി എടുക്കേണ്ടി വന്നേനെ “

അവൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് അത് നീട്ടി. അയാൾ അത് വായിച്ചു തീർത്തു ജയരാജന് കൊടുത്തു. അയാൾ അത് വായിച്ചു വിയർത്തു

കൂടെ വന്നവരുടെ മുന്നിൽ അയാൾ തൃണ സമാനമായി

“അപ്പോഴെങ്ങനെയാ പോകുകയല്ലേ?”

“അതെ പക്ഷെ ഇതിനൊക്കെ തെളിവ് വേണം. കോടതിയിൽ നീ വന്നു പറയണം അച്ഛൻ നിന്നെ എങ്ങനെ ഒക്കെ ഉപദ്രവിച്ചെന്ന് കേട്ടോടി. ഞാൻ ഹെബിയസ് കോർപ്പാസ് ഫയൽ ചെയ്യും ഇനിയാണ് കളി “

“അതെ ഇനിയാണ് കളി കോടതിയിൽ അവള് വരും. എന്റെ ഭാര്യായിട്ട്. എബിയുടെ ഭാര്യയായി കഴിഞ്ഞ എന്ത് കേസ്‌ എന്ത് കോടതി? പിന്നെ അച്ഛന് റോൾ ഇല്ല. ഭർത്താവാ എല്ലാം….അത് വേണ്ടി വന്നാ എബി അങ്ങ് ചെയ്യും. നിയമം ജയരാജന് ശരിക്കും അറിയില്ലെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം. സ്വന്തം കൊച്ചിനെ ഉപദ്രവിക്കാൻ. പോയതിനുള്ള ശിക്ഷ നിനക്ക് കിട്ടുക തന്നെ ചെയ്യും..അതെപ്പോ എങ്ങനെ ആരിൽ നിന്ന് അതൊക്ക സസ്പെൻസ്.”

പോലീസ് കാർക്ക് ആ നാറ്റക്കേസിൽ നിന്ന് ഊരിയാൽ മതിഎന്നായി

ജയരാജൻ തല താഴ്ത്തി മടങ്ങി. ശ്രീ ഒന്നും കേട്ടില്ല ഒന്നും കണ്ടില്ല. ആ കുഞ്ഞ് മനസിലേക്ക് ആ ഒരു വാചകം വന്നു തറഞ്ഞു

എബിയുടെ ഭാര്യയായി കഴിഞ്ഞ എന്ത് കോടതി? എന്ത് കേസ്‌?

അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി നിന്നു

“എടാ ഉവ്വേ നീ ശരിക്കും കല്യാണം കഴിക്കാൻ. പോവാണോ? ദേ ഒരെണ്ണം ഞാൻ. ഇട്ട് തന്നാലുണ്ടല്ലോ., “

ഡേവിഡ് കൈയോങ്ങി

“എന്റെ പപ്പാ ഞാൻ ഒരു പഞ്ചിനു പറഞ്ഞതല്ലേ..അയാളെ വിരട്ടാൻ
അയാളിനി കോടതിയിൽ ഒന്നും പോകില്ല.”

ശ്രീകുട്ടിയുടെ നേരെ തിരിഞ്ഞു അവൻ

“എടി ഇതൊന്നും മനസ്സിൽ കയറ്റിയേക്കല്ലേ. ഞാൻ വെറുതെ പറഞ്ഞതാ,

അവൾ മുഖം താഴ്ത്തി

“ഞാൻ ഓഫീസിൽ പോവാണേ.. രണ്ടു ദിവസമായി അങ്ങോട്ട് കേറിയിട്ട് അതൊക്കെ അവിടെ ഉണ്ടോ എന്തോ..ലിസ്സി ചേച്ചിയെ കാപ്പി ആയെങ്കിൽ ഇങ്ങോട്ട് പോന്നോട്ടെ “

“എടാ ഊണ് സമയം ആയി “

അപ്പോഴാണ് അവൻ സമയം നോക്കിയത്

ഒരു മണി

“അപ്പൊ. ഊണ്. പോന്നോട്ടെ “

ഡേവിഡ് ചിരിച്ചു

“വൈകുന്നേരം വരില്ലേ നിയ്?”

“ഇല്ല ഇനി. ഒരാഴ്ച കഴിഞ്ഞു വരാം. പപ്പക്ക് ഇപ്പോൾ കൂട്ടുണ്ടല്ലോ. അല്ലേടി? നീ ഇനി വേണേൽ മുറ്റത്തും പറമ്പിലുമൊക്കെ നടന്നോ. ആരും വരില്ല കൊണ്ട് പോകാൻ “

ശ്രീ വെറുതെ അവനെ നോക്കി നിന്നതേയുള്ളു. ഇപ്പോളവൾക്ക് മുന്നിൽ അവനൊരു വീരയോദ്ധാവിന്റെ പരിവേഷം ആയിരുന്നു

അത്രയും പോലീസുകാരുടെ മുന്നിൽ ക്രൂ- രനായ തന്റെ അച്ഛന്റെ മുന്നിൽ നിവർന്നു നിന്ന് തന്റേടത്തോടെ അവൻ പറഞ്ഞതെല്ലാം അവൾ ഹൃദയത്തിൽ സൂക്ഷിച്ചു. ഉള്ളിൽ പുതിയ ഒരു വികാരം ഉണർന്നു കഴിഞ്ഞു

അവൾ ആദ്യമായി കാണുന്ന പോലെ അവനെ നോക്കി നിന്നു

തുടരും

Leave a Reply

Your email address will not be published. Required fields are marked *