എബി ജോലി സ്ഥലത്തേക്ക് പോയി. ഇനി ഒരാഴ്ച കഴിഞ്ഞു വരും. ഭക്ഷണം കഴിഞ്ഞു ഡേവിഡ് കൂടി പോയപ്പോൾ അവളടുക്കളയിലേക്ക് ചെന്നു. ലിസി ചേച്ചി തുണികൾ കഴുകാനായി ബക്കറ്റിൽ വാരി വെച്ച് അടുക്കളയടച്ചു
“റീനു എവിടെ?”
“റീനു പള്ളിയിലോട്ട് പോയി. ഇപ്പോൾ വരും “
ശ്രീ അവർ തുണികൾ കുതിർത്തു വെക്കുന്നതും നോക്കി അവിടെ ഇരുന്നു
“വാഷിംഗ് മെഷിനിന്നിൽ നനച്ചൂടെ?”
“അത് വല്യ ഇച്ചായന് ഇഷ്ടം അല്ല..തുണികൾ വൃത്തിയാകില്ല എന്ന്
പറയും “
“അത് കുറച്ചു ശരിയാ “
അവളും അത് സമ്മതിച്ചു കൊടുത്തു
“എബി മോന്റെ കൂടെ ഇറങ്ങി പോന്നതാ അല്ലേ?”
പെട്ടെന്ന് അവരങ്ങനെ ചോദിച്ചപ്പോൾ അവളുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു
“ആരും അറിഞ്ഞേയില്ലല്ലോ. ഇതാണ് ആള് കല്യാണം വേണ്ടന്ന് പറഞ്ഞു നടന്നതല്ലേ..ഞാൻ കരുതി ആദ്യത്തെ കല്യാണം മുടങ്ങിയതിന്റെ വിഷമം കൊണ്ടായിരിക്കും കല്യാണം വേണ്ട വേണ്ട എന്ന് പറയുന്നതെന്ന് “
അവൾക്ക് അത് പുതിയ അറിവായിരുന്നു
“ആദ്യത്തെ കല്യാണം എന്താ മുടങ്ങിയത്?”
“അത് മോളോട് പറഞ്ഞിട്ടില്ലേ?”
“ഇല്ല.”
“ഓ അത് എബിമോന്റെ തെറ്റ് കൊണ്ടൊന്നുമല്ല ആ പെണ്ണ് ഒരുത്തനെ പ്രേമിച്ചു വെച്ചിരിക്കുവാരുന്നു. ചെറുക്കൻ വിദേശത്ത് നിന്ന് വന്നതും അവൾ മോനെ ഇട്ടേച്ച് പോയി. അതും കല്യാണത്തിന്റെ അന്ന് തന്നെ. വലിയ നാണക്കേട് ആയി പോയി അത്. ഒരു വർഷം എബി മോൻ പുറത്ത് അങ്ങനെ ഇറങ്ങത്തില്ലായിരുന്നു. ഇപ്പോഴാ പഴയ പോലെ ഒന്ന് ചിരിച്ചു കളിച്ചു കാണുന്നെ. മോളെ കിട്ടിയതിൽ പിന്നെ ആയിരിക്കും. മോള് ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട”
അവൾ ഒന്ന് മൂളി. അവൾ കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് അവന്റെ മുറിയിലേക്ക് പോയി
വൃത്തിയും വെടിപ്പുമുള്ള മുറി. ഒരു പാട് പുസ്തകങ്ങൾ. അവൾ ആർത്തിയോടെ എടുത്തു നോക്കി. ഒന്ന് രണ്ടെണ്ണം എടുത്തു വായിക്കാനായി മുറിയിൽ കൊണ്ട് വെച്ചു. ആ വീട്ടിൽ ഒരു ലാൻഡ് ഫോൺ ഉണ്ട്
പഴയ മാതൃകയിലെ ഒരെണ്ണം. ഇടയ്ക്ക് അതിൽ ഫോൺ വരും. പള്ളിയിൽ നിന്നുള്ള കാൾസ് അതിലാണ് വരിക. തനിക്ക് ആരെയും വിളിക്കാനില്ല. തന്നെയും ആരും വിളിക്കാനില്ല
ദിയയുടെ നമ്പർ കാണാതെ അറിയാം. പക്ഷെ അനുവാദം ചോദിക്കാതെ വിളിക്കാൻ വയ്യ
അങ്ങനെ നോക്കിയിരിക്കെ ഫോൺ ബെൽ അടിച്ചു
എടുക്കണോ വേണ്ടയോ എന്ന് അറിഞ്ഞൂടാത്തത് കൊണ്ട് അവൾ എടുത്തില്ല. രണ്ടാമതും ബെൽ അടിച്ചപ്പോ ലിസി വന്നെടുത്തു
“മോൾക്കാ, എബി മോൻ “
അവരുടെ മുഖത്ത് ഒരു ചിരി. അവൾ വേഗം ഫോൺ വാങ്ങി
“ശ്രീ?”
“എന്തോ “
വിധേയത്തത്തോടെ വിളി കേട്ടു അവൾ
“ഉറങ്ങുകയായിരുന്നോ?”
“അല്ല ഞാൻ എബിച്ചായന്റെ മുറിയിൽ കയറി പുസ്തകം ഒക്കെ നോക്കുവാരുന്നു. രണ്ടെണ്ണം വായിക്കാൻ എടുത്തു “
“നീ എൻട്രൻസ് എഴുതുന്നില്ലേ?”
“ഉണ്ട്.”
“എക്സാം ഡേറ്റ് വന്നു “
“ആണോ?”
“എനിക്കു പക്ഷെ…എന്റെ എല്ലാംആ ഫോണിൽ ആയി പോയി “
“അത് സാരമില്ല. നമുക്ക് ശരിയാക്കാം..പഠിക്കണ്ടേ.എന്റെ ലാപ് ഉണ്ട് മുറിയിൽ. വൈഫൈ ഉണ്ട്. നീ അതെടുത്തോ “
അവളുടെ കണ്ണുകൾ നിറഞ്ഞു
“പഠിക്ക്. പുസ്തകം പിന്നെ വായിക്കാം “
“ഉം “
“നിനക്ക് ഞാൻ ഒരു മൊബൈൽ വാങ്ങിച്ചു തരാം..ഞാൻ വരട്ടെ “
“വേണ്ട..എനിക്ക് ആരും വിളിക്കാനില്ല. എന്നേയുമില്ല “
“ഞാൻ വിളിക്കില്ലേ?”
അവളുടെ ഹൃദയം ഒന്ന് തുളുമ്പി
“ലാൻഡ് ഫോണിൽ വിളിച്ചോ. ഞാൻ എടുത്തോളാം “
“അത് വേണ്ടെടി. ആരുടെയൊക്കെ ഫോൺ വരുമെന്നോ അതിൽ. പിന്നെ നീ ആരാണെന്നു വിസ്തരിക്കാൻ നിൽക്കണം.നിനക്ക് അത് വിഷമം വരും”
“ഞാൻ ആരാണെന്ന് പറയണമെന്ന് പറഞ്ഞു തന്ന മതി..അത് പോലെ പറഞ്ഞോളാം “
അവന് നേർത്ത വിഷമം വന്നു
“ഞാൻ സെർവന്റ് ആണെന്ന് പറഞ്ഞോളാം “
“നീ അതല്ല. നീ അങ്ങനെ പറഞ്ഞു പഠിക്കണ്ട. ഇപ്പോൾ പറഞ്ഞത് ചെയ്യ്. പോയി പഠിക്ക്..”
“ഉം “
“ഞാൻ വരുമ്പോ എന്തെങ്കിലും വേണോ?”
“വേണ്ട “
“ചോക്ലറ്റ് കൊണ്ട് തരാം നന്നായി പഠിക്ക്. ഞാൻ വന്നു പരീക്ഷ ഇടും “
“എബി ച്ചായൻ എന്താ പഠിച്ചേ?”
“ആർക്കിട്ടേക്ചർ ആയിരുന്നു “
“എവിടെയാ പഠിച്ചത്?”
“ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില് “
“അപ്പോൾ മിടുക്കനായിരുന്നുല്ലേ”
“അതെന്താടി നിനക്ക് എന്നെ കണ്ടപ്പോ മണ്ടനാണെന്ന് തോന്നിയോ?”
ശ്രീക്കുട്ടി ചിരിച്ചു പോയി
“ചെല്ല്. പോയിരുന്നു പഠിച്ചോ.. “
അവൾ ഫോൺ കട്ട് ചെയ്തിട്ട് പഠിക്കാൻ പോയി. ലാപ്ടോപ് എടുത്തു ചാർജിൽ ഇട്ടു. തന്റെ ഹാൾ ടികെറ്റ് ഒക്കെ എങ്ങോട്ട് വരുമോ ആവോ
ആ ഫോണിൽ ആണ് എല്ലാമുള്ളത്
ഈശ്വര!
അവൻ എന്തെങ്കിലും ചെയ്യുമായിരിക്കും. അവൾ ഓർത്തു
പിന്നെ ഇരുന്ന് പഠിക്കാൻ തുടങ്ങി
ഐ ജി സ്റ്റീഫൻ എബ്രഹാം വിളിപ്പിച്ചപ്പോൾ ജയരാജൻ ഒന്ന് പതറി. എന്തിനാവും. കുറെ നേരം കാത്തു നിന്ന ശേഷം ആണ് അയാൾക്ക് അകത്തു കയറാനായത്. സ്റ്റീഫൻ അയാളെ രൂക്ഷമായി ഒന്ന് നോക്കി
“എന്തൊക്കെയാണെടോ തന്നെ കുറിച്ച് കേൾക്കുന്നത്. ഇങ്ങനെ ഒരാളെ ഡിപ്പാർട്മെന്റ്ൽ എങ്ങനെയാ വെച്ചോണ്ടിരിക്കുന്നത്..എങ്ങനെ ആണെടോ സ്വന്തം കുഞ്ഞിനോട് കാ- മം തോന്നുന്നത്?”
“സാർ അത് നുണയാ. അവനുമായുള്ള ബന്ധം മറയ്ക്കാൻ ഉണ്ടാക്കിയത് ആണ്”
“അവനുമായി എന്ത് ബന്ധം? ഇനി ബന്ധം ഉണ്ടെങ്കിൽ തന്നെ ആരെങ്കിലും ഇത് പറയുമോ. താൻ ഈ പറയുന്ന അവൻ ആരാണെന്ന് അറിയാമോ? കുരിശുങ്കൽ ഡെവിഡിന്റെ മോൻ അതായത് എന്റെ പെങ്ങളുടെ മോൻ..അവർ ഇത് ആദ്യം തന്നെ എന്നോട് പറഞ്ഞിരുന്നെങ്കിലുണ്ടല്ലോ ഇതായിരിക്കില്ല തന്റെ അവസ്ഥ “
അയാൾ വിറച്ചു പോയി
“തനിക്ക് ട്രാൻസ്ഫർ ആണ് വയനാട്..പൊക്കോണം ഈ നാട്ടിൽ നിന്ന്. പിന്നെ ആ കൊച്ചിന്റെ ഫോണും സർവ സാധനങ്ങളും വീട്ടിൽ നിന്നെടുക്കാൻ ആള് വരും. എന്തെങ്കിലും തരികിട കാണിക്കാൻ ശ്രമിച്ചാൽ..തന്നെ ഞാൻ ഡിസ്മിസ്സ് ചെയ്യും.. കേട്ടോടോ “
അയാൾ തല താഴ്ത്തി. മുറിയിൽ നിന്നിറങ്ങി പോയി
ഐ ജി യുടെ കുടുംബത്തിലോട്ട് ആണ് അവൾ ചെന്ന് കയറിയത്. അയാൾ പല്ല് കടിച്ചു
ട്രാൻസ്ഫർ. വയനാട്
ഈ നാട്ടിൽ പോലും കാണാതെയിരിക്കാൻ. തത്കാലം ഒതുങ്ങി പോകാം. അവസരം കിട്ടും. അവസരം വരും
പക്ഷെ അയാൾക്ക് എബിയെ ശരിക്കും അറിയില്ലായിരുന്നു
വയനാട്ടിലേക്കുള്ള ട്രാൻസ്ഫർ ഭൂമിയിൽ നിന്നുള്ള ട്രാൻസ്ഫർ ആണെന്നും അറിയില്ലേയില്ലായിരുന്നു
എബിയും കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു അവസരത്തിനായി
തുടരും…