ആ ഞായറാഴ്ച ഡേവിഡ് വന്നില്ല. പപ്പാക്ക് എന്താ പറ്റിയെ എന്നോർത്ത് ശ്രീക്കുട്ടി. സാധാരണ എല്ലാ ആഴ്ചയും വരും
അവൾ മൊബൈലിൽ വിളിച്ചു നോക്കി. ഓഫ് ആണ്
ഇനി വയ്യേ ആവോ?
അവൾക്ക് ആധിയായി. അവൾ ലാൻഡ് ഫോണിൽ വിളിച്ചു
ലിസ്സിയാന്റി ഫോൺ എടുത്തു
“ആന്റി ഞാനാണേ. പപ്പാ എന്തിയെ “
“ചാച്ചൻ എബിമോന്റെ ഫ്ലാറ്റിൽ പോയി. എബി മോനിന്ന് പെണ്ണ് കാണാൻ പോയേക്കുവാരുന്നു പാലായിൽ ഉള്ള ഒരു ഡോക്ടർ. മിക്കവാറും ഉടനെ കാണും. മോളെ ഞാൻ തെറ്റിദ്ധരിച്ചു ക്ഷമിക്കണം കേട്ടോ “
അവളുടെ ഹൃദയത്തിലേക്ക് ഒരു തീഗോളം വന്നു പതിച്ചു
“ശരി ആന്റി “
അവൾ എങ്ങനെയോ പറഞ്ഞു. ഫോൺ കട്ട് ചെയ്തു
കല്യാണമോ? എബിച്ചായനോ?അവളുടെ നെഞ്ചിൽ ഒരു വേദന വന്നു
മുറിയിൽ അവർ രണ്ടു പേരെ ഉള്ളു. ഒരു ഗ്രീഷ്മ. ഗ്രീഷ്മയെ ജസ്റ്റ് പരിചയമെ ഉള്ളു. അധികം സംസാരിച്ചിട്ടില്ല. ഒത്തിരി സംസാരിച്ചാൽ ഒരു പാട് ചോദ്യം വരും. പിന്നെ ഉത്തരം പറയണം. അത് കൊണ്ട് ജസ്റ്റ് ഹായ് ബൈ റിലേഷൻ മാത്രം
ഗ്രീഷ്മ വീട്ടിൽ പോയി. ഇന്ന് അവൾ മാത്രമേ ഉള്ളു
“മോൾക്ക് വിസിറ്റർ “
സീനിയർ ചേച്ചി വന്നപ്പോൾ അവൾ വിസിറ്റിംഗ് റൂമിലേക്ക് ചെന്നു
പപ്പാ
അവൾ പുഞ്ചിരിച്ചു
“പപ്പാ വരാഞ്ഞ കൊണ്ട് ഞാൻ വീട്ടിൽ വിളിച്ചു..അപ്പോൾ ലിസി ആന്റി പറഞ്ഞു ടൗണിൽ പോയിന്ന് “
“എബിയുടെ ഓഫീസിൽ ഒന്ന് വന്നതാ മോളെ..ഇനിം രണ്ടു ദിവസം അവധി അല്ലേ മോള് വാ വീട്ടിൽ പോകാം..എല്ലാരും വീട്ടിൽ പോയോ. ബഹളം ഒന്നുമില്ലല്ലോ.”
“മിക്കവാറും എല്ലാരും പോയി പപ്പാ. എനിക്ക് അസ്സൈൻമെന്റ്റ് ഉണ്ട്.. ഞാൻ അത് ചെയ്തോണ്ട് ഇവിടെ നിന്നോളാ “
ഡേവിഡ് ആ മുഖത്ത് നോക്കി
“ഭക്ഷണം നല്ലതാണോ മോളെ.. ഒത്തിരി ക്ഷീണിച്ചു “
“നല്ലതാ പപ്പാ “
അയാൾ ആ മുടിയിൽ തലോടി
“ശരി കുഞ്ഞേ ഇറങ്ങട്ടെ. കാറിൽ എബിയുണ്ട് “
അവൾ മുന്നോട്ട് വെച്ചാ കാൽ പെട്ടെന്ന് പിന്നോട്ട് എടുത്തു. മിററിൽ കൂടി എബി അത് കണ്ടു
“ശരി പപ്പാ “
ഡേവിഡ് കൈ വീശി. അവൾ വേഗം മുറിയിലെക്ക് പോരുന്നു. ഡേവിഡ് വന്നു കയറുമ്പോൾ എബി കാർ സ്റ്റാർട്ട് ചെയ്തു
“ഹോസ്റ്റലിൽ ആരുമില്ല. അവധി അല്ലേ..എല്ലാരും വീട്ടിൽ പോയി. ഞാൻ വിളിച്ചു. അവിടെ നിന്നോളാമെന്ന് പറഞ്ഞു.. പാവം..സത്യത്തിൽ എബി ഈ അപ്പനും അമ്മയും ഇല്ലാത്ത പിള്ളേരുടെ മനസ്സ് നീ ചിന്തിച്ചിട്ടുണ്ടോ? സ്നേഹം കിട്ടുന്നിടത്തോട്ട് ചാഞ്ഞു പോകും അത്. അതാണ് ശ്രീക്കുട്ടിക്കും പറ്റിയത്..അന്ന് എന്നോട് പറഞ്ഞു അത് ആദ്യായിട്ട ഒരാളെ…”
പെട്ടെന്ന് ഡേവിഡ് നിർത്തി. എബിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി. അവൻ മൗനമായി വണ്ടി ഓടിച്ചു കൊണ്ടിരുന്നു
“നീയാ ആങ്ങള ചെറുക്കനെ വിളിച്ചു ഒന്നുടെ സംസാരിക്കണെ. ഒന്ന് convince ചെയ്യ്. കോഴ്സ് കഴിഞ്ഞാൽ അവൻ കൊണ്ട് പൊയ്ക്കോളും. ഒന്നുല്ലങ്കിൽ സ്വന്തം രക്തം അല്ലേ.. അവൾ ഇങ്ങനെ ഒറ്റപ്പെട്ട നിലയിൽ ഇവിടെ.. അത് വേണ്ട
നിന്റെ കല്യാണം കഴിഞ്ഞു മക്കൾ ഒക്കെ ആകുമ്പോൾ നമ്മളും ചിലപ്പോൾ തിരക്ക് ആയിരിക്കും. വന്നു കയറുന്ന പെണ്ണിന് ചിലപ്പോൾ ഇതൊന്നും മനസിലാവില്ല. പിന്നെ. പ്രശ്നം ആയി..വെറുതെ എന്തിനാ..”
എബി മറുപടി ഒന്നും പറഞ്ഞില്ല. അവൻ വീട്ടിൽ വന്നു മുറിയിലേക്ക് പോയി. വാതിൽ ചാരി വന്നു കട്ടിലിൽ വീണു. നെഞ്ചിൽ ഭാരം ഉള്ളതെന്തോ ഇരിക്കുന്നു
അന്ന് രാത്രി അവളോട് പറഞ്ഞ വാചകം ഓർത്തു അവൻ
“മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും ഒന്നിച്ച് “
അതൊക്ക കേട്ടപ്പോ അവൾ വിചാരിച്ചു കാണും…..വരുന്ന പെണ്ണിന് അവളെ ഇഷ്ടം അല്ലെങ്കിൽ….അവൾ ഈ വീട്ടിൽ വരുന്നതും താമസിക്കുന്നതും ഇഷ്ടം അല്ലെങ്കിൽ..
അങ്ങനെ ഉപേക്ഷിച്ചു കളയാൻ അല്ല മരണത്തിൽ നിന്ന് വീണ്ടെടുത്തു കൊണ്ട് വന്നത്. അവളുടെ ആങ്ങളക്കും അച്ഛനും കൊടുക്കാനുമല്ല
ഈ വീട്ടിൽ നിർത്താനാ..അനിയത്തിയെ പോലെ….
പക്ഷെ അവളുടെ മനസ്സ് വേറെയായി പോയി. മിണ്ടാതെ ആയിട്ട് മൂന്ന് മാസം ആയി. നോക്കുക പോലും ഇല്ല. താനുണ്ടെങ്കിൽ വീട്ടിൽ വരില്ല
എത്ര നാള് ഇങ്ങനെ….
അവൻ ഫോൺ എടുത്തു. കരഞ്ഞു കരഞ്ഞു തളർന്നു മയങ്ങുകയായിരുന്നു ശ്രീക്കുട്ടി. ഫോൺ ബെൽ അടിച്ചത് കേട്ട് അവൾ ഉണർന്നു
പത്തു മിസ്സ്ഡ് കാൾ
എബിച്ചായൻ
അവളുടെ ഹൃദയം നിന്ന് പോയത് പോലെ അവൾ ആ നമ്പറിൽ നോക്കി. കല്യാണം നിശ്ചയം പറയാൻ ആവും. അവൾ വീണ്ടും കണ്ണീരോഴുക്കാൻ തുടങ്ങി
വീണ്ടും ബെൽ അടിക്കുന്നു. അവൾ മുഖം തുടച്ച് ഫോൺ എടുത്തു
“ഹലോ “
“നീ എവിടെ പോയി ച-, ത്തു കിടക്കുവായിരുന്നീ, ടി. എത്ര തവണ വിളിച്ചു “
അവൾ മുഖം തുടച്ചു
“എന്താ വിളിച്ചേ?”
എബി ഒരു നിമിഷം നിശബ്ദനായി
“ഞാൻ ഉറങ്ങി പോയി. അതാണ് കാണാഞ്ഞേ. എന്താ വിളിച്ചേ കല്യാണം പറയാനാണോ?”
ശബ്ദം ഒന്ന് ഇടറി പോയി. എബിയുടെ ഉള്ളിൽ അത് വീണു പൊള്ളി
“പെണ്ണ് കാണാൻ പോയിന്ന് ഞാൻ അറിഞ്ഞു. ഡോക്ടർ ആണ് അല്ലേ.. നന്നായി..എന്നാ എബിച്ചായാ കല്യാണം?”
അവൻ കണ്ണ് നിറഞ്ഞത് തുടച്ചു
“നല്ല ചേച്ചി ആണോ.? ഇഷ്ടായോ?”
അവൻ മറുപടി പറഞ്ഞില്ല
“ഞാൻ വരും കേട്ടോ..ഞാൻ പ്രാർത്ഥിക്കാം..”
അവൻ പെട്ടെന്ന് കാൾ കട്ട് ചെയ്തു. മുഖം പൊത്തി പൊട്ടിക്കരഞ്ഞു
തുടരും….