പിന്നെ അവർ പ്രണയത്തെ കുറിച്ച് സംസാരിച്ചില്ല. സംസാരിച്ചാൽ അതെങ്ങുമെങ്ങും എത്താൻ പോകുന്നില്ല എന്ന് അവന് മനസിലായി. കാണുമ്പോൾ ഉള്ള പാവത്തം ഒന്നുമല്ല അവളുടെ മനസിന്. നല്ല ഉൾ ക്കട്ടി ഉള്ള മനസ്സാണ്. വെറുതെ തർക്കിക്കാൻ പോകണ്ട
എന്തായാലും കോളേജ് ലൈഫ് തുടങ്ങിയല്ലേ ഉള്ളു. പ്രൊപോസൽകളുടെ പെരുമഴയാകും അവൾക്ക് എന്ന് എബിക്ക് ഉറപ്പായിരുന്നു
അവന്റെ ലൈഫിൽ അവൻ കണ്ട പെണ്ണുങ്ങൾക്ക് ആർക്കും ഇത്രയും ചന്തം ഉണ്ടായിരുന്നില്ല.
അത് ആ ഊഹം സത്യമായി. ആ ആഴ്ചയിൽ ഫ്രഷേഴ്‌സ് ഡേ ആയിരുന്നു
“ഹലോ “
ഒരു വിളിയോച്ച കേട്ട് ശ്രീ തിരിഞ്ഞു നോക്കി
മൂന്ന് പേര്
“മോൾക്ക് സീനിയർസിനെ ഒന്നും വലിയ മൈൻഡ് ഇല്ല അല്ലേ?”
അവൾ മൂന്നു പേരെയും മാറി മാറി നോക്കി
“സീനിയെര്സ് ആണെന്ന് മനസിലായില്ല ചേട്ടാ..”
അവൾ വിനയത്തോടെ പറഞ്ഞു
“അച്ചോടാ കൊച്ചിന് മനസിലായില്ല..പരിചയപ്പെടുത്താം.. ഇത് കാർത്തിക്, ഇവൻ വിഷ്ണു, ഞാൻ നീരദ് “
അവൾ തലയാട്ടി
“ഇനി മോള് പറ എന്താ പേര് “
“ശ്രീപാർവതി “
“അസ്സല് പേര്.. സിവിൽ ആണ്?”
“അതെ “
“പാട്ട് പാടുമോ?”
“പാടും “
അവൾ കൂസലില്ലാതെ പറഞ്ഞു. അവർ പരസ്പരം നോക്കി. ജാടയൊന്നുമില്ല പെണ്ണിന്. കൂൾ കൂൾ
അടിപൊളി
“ഒരു പാട്ട് പാട് “
“ചേട്ടന് ഇഷ്ടം ഉള്ള പാട്ട് പറഞ്ഞോ ഞാൻ പാടാം.”
അവൾ പുഞ്ചിരിയോടെ പാട്ട് ചോദിച്ച കാർത്തിക് ന്റെ മുഖത്ത് നോക്കി
“അത് പിന്നെ…ഞാൻ ഏത് പാട്ട് പറഞ്ഞാലും പാടുമോ? ഓവർ കോൺഫിഡന്റ് ആണല്ലോ!
“കേട്ടിട്ടുള്ള പാട്ട് ആണെങ്കിൽ പാടാം “
“ഓൾഡ് പറ “
അവന്റെ ചെവിയിൽ വിഷ്ണു പറഞ്ഞു
“അല്ലിയാമ്പൽ പാടാമോ.. അല്ലിയാമ്പൽ കടവിൽ ഇന്ന് അരയ്ക്ക് വെള്ളം..”
“ഓ പാടാല്ലോ “
പറഞ്ഞു തീരും മുന്നേ അടിപൊളി പാട്ട് വന്നു
“എട്ട് വരി പാടി നിർത്തി ശ്രീ
“ഞാൻ പൊയ്ക്കോട്ടെ “
“ക്ലാസ്സ് ഒന്നുമില്ലല്ലോ താൻ നിൽക്ക് ചോദിക്കട്ടെ “
അവൾ അവിടെ നിന്നു
“ഡാൻസ് കളിക്കുമോ?”
“ക്ലാസിക്കൽ ആണോ?”
അവളുടെ ഗൗരവം കണ്ട് അവർ പരസ്പരം നോക്കി. ഇതെന്തു ജന്മം. ഇതിനു ചമ്മലൊന്നുമില്ലേ
“ഏത് അറിയാം?”
“മിക്കവാറും എല്ലാം കളിക്കും..”
അപ്പോഴേക്കും വേറെ കുറച്ചു പേര് അങ്ങോട്ട് വന്നത് കൊണ്ട് തത്കാലം അവർ അവളെ വിട്ടു. വൈകുന്നേരം എബി വിളിച്ചപ്പോൾ അത് അവൾ പറഞ്ഞു
“ഞാൻ പറഞ്ഞില്ലേ. നല്ല ചെക്കൻമാരുടെ പ്രൊപോസൽ താമസിയാതെ വരും ‘
“വന്നാൽ വന്നത് പോലെ പൊയ്ക്കോളും..എനിക്ക് എബിച്ചായനെ മാത്രേ പ്രേമിക്കാൻ പറ്റുള്ളൂ. പറ്റുമെങ്കിൽ തിരിച്ചു പ്രേമിക്ക്, ഇല്ലെങ്കിൽ പോ “
അവൾ ഫോൺ കട്ട് ചെയ്തു കളഞ്ഞു. സത്യത്തിൽ എബിക്ക് ചിരിയാണ് വന്നത്
ഈ പ്രേമം എന്ന് പറയുന്നത് സൂപ്പർ മാർക്കറ്റിൽ വിൽക്കാൻ വെച്ചിരിക്കുന്ന ഒന്നാണെന്നാണോ ഈ പെണ്ണിന്റ വിചാരം. പൊട്ടി തന്നെ
എബി പറഞ്ഞത് പോലെ സുന്ദരി ആയത് കൊണ്ടും മിടുക്കിയായത് കൊണ്ടും അവൾക്ക് പ്രൊപോസൽ വന്നു തുടങ്ങിയെങ്കിലും ശ്രീ അതൊക്ക അവഗണിച്ചു കളഞ്ഞു. ഉള്ളിൽ ഒരു മുഖം ഉജ്വലമായി തിളങ്ങുമ്പോൾ ബാക്കി കണ്ട ഒരു മുഖങ്ങളും അത്ര തെളിച്ചമുള്ള ഒന്നായിരുന്നില്ല അവൾക്ക്
ആ ആഴ്ചയിൽ എബി വന്നു വിളിച്ചു
കൊണ്ട് പോയി
ഡേവിഡ് തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അത് കൊണ്ട് തന്നെ അവൻ ഫ്ലാറ്റിലേക്കാണ് അവളെ കൊണ്ട് പോയത്. മിക്കവാറും ആഴ്ചകളിൽ എബി അവളെ കൊണ്ട് പോകും
അവൾക്ക് ഭയങ്കര പ്രയാസമായിരുന്നു ചില വിഷയങ്ങൾ. അതൊക്ക നന്നായി പഠിപ്പിച്ചു കൊടുക്കും എബി. അവന്റെ ഫ്ലാറ്റിൽ അവൾക്ക് നല്ല പരിചയം ആണ്. ഓരോന്നും അവൾ അടുക്കിയൊതുക്കി വെയ്ക്കും
“ക്ലീൻ ചെയ്യാൻ ആളുണ്ട് നീ പോയിരുന്നു പഠിക്ക് “
അങ്ങനെ എബി പറഞ്ഞിട്ടും കാര്യമില്ല. എല്ലാം വൃത്തിയാക്കി വെച്ചല്ലാതെ അവൾക്ക് സമാധാനം ഇല്ല. അന്ന് പക്ഷെ വന്നതേ എബിക്ക് ദേഹം വേദനയും ചൂടുമുണ്ട്
“എബിച്ചായന് വയ്യേ “
അവൻ കിടക്കുന്നത് കണ്ട് അവൾ ചോദിച്ചു
“ഒരു മേല് വേദന “
അവൾ ചെന്ന് അടുത്തിരുന്നു നെറ്റിയിൽ തൊട്ട് നോക്കി. പിന്നെ പോയി ഒരു dolo എടുത്തു കൊടുത്തു
“ഉറങ്ങിക്കോ “
“വേണ്ട എന്തെങ്കിലും വാങ്ങിക്കാം. നിനക്ക് വിശക്കുന്നില്ലേ.. ഇപ്പോൾ
നീ പോയി പഠിക്ക് “
അവൾ സങ്കടത്തിൽ അടുത്തിരുന്നു
“എടി പകരും. പൊയ്ക്കോ “
“പകർന്നോട്ടെ സാരമില്ല. എബിച്ചായന് വരുന്നതെല്ലാം എനിക്കും വന്നോട്ടെ “
അവൾ അവന്റെ നെഞ്ചിൽ തല വെച്ച് വട്ടം കെട്ടിപിടിച്ചു
“നിനക്ക് നല്ല അടിയുടെ കുറവാ കേട്ടോ..”
“അടിച്ചോ.. എത്ര വേണേൽ അടിച്ചോ “
ശബ്ദം ഇടറുന്നുണ്ട്
“പെണ്ണെ എനിക്കു ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് ഇറിറ്റേഷൻ ആണെന്ന്. നീ ഒന്ന് പോയെ “
“ഇല്ല.”
“എനിക്ക് വിശക്കുന്നു. ഒരു കാര്യം ചെയ്യ് കുറച്ചു കഞ്ഞി ഉണ്ടാക്കിട്ട് വാ “
“കഞ്ഞി എങ്ങനെ ഉണ്ടാക്കുന്നെ?”
“ബെസ്റ്റ്.. ആ കുക്കർ എടുത്തു കുറച്ചു വെള്ളം വെച്ചിട്ട് ഇച്ചിരി അരിയുമിട്ട് വെയിറ്റ് വെച്ചു അടയ്ക്കാൻ “
“വെള്ളം എത്ര?”
“കു-, ന്തം നീ ചെയ്യണ്ട “
അവൾ പതിയെ എഴുന്നേറ്റു പോയി. കുറച്ചു കഴിഞ്ഞു വിസിൽ കേൾക്കാം
“ശ്രീ..?”
“ദാ വരുന്നു “
ഓടി കിതച്ചു മുന്നിൽ വന്നു
“എന്താ?”
“നീ എങ്ങനെയാ കഞ്ഞി വെയ്ക്കുന്നത്”
“യു ട്യൂബിൽ നോക്കി.. ദേ ഇതിൽ ഉണ്ടല്ലോ “
അവൻ ചിരിച്ചു
“കൈ പൊള്ളിക്കരുത്. കുറച്ചു വിസിൽ കഴിഞ്ഞു ഓഫ് ചെയ്യണം. ഉടനെ തുറക്കരുത്. ഞാൻ പറഞ്ഞിട്ട് മതി “
“ഉം “
“എന്താ കറി വെയ്ക്കുക?”
“കഞ്ഞി വെയ്ക്കാൻ യു ട്യൂബിൽ നോക്കിയവളാ കറി.. ഒന്ന് പോ. പെണ്ണെ. അച്ചാർ മതി “
“ഞാൻ ഉണ്ടാക്കാം.. യു ട്യൂബിൽ കാണും “
“നീ ഒ-, ണ്ടാക്കണ്ട… ഹൊ ദൈവമേ ഏത് നേരത്താണോ വിളിച്ചു കൊണ്ട് വരാൻ തോന്നിയത് “
അവൾ മുഖം വീർപ്പിച്ചു
“നീ പോയി വിസിൽ ഓഫ് ചെയ്തേ, അല്ലെങ്കിൽ കഞ്ഞിക്ക് പകരം കുറച്ചു പഞ്ചാര ഇട്ടു പായസം കുടിക്കേണ്ടി വരും “
അവൾ ഓടിപ്പോയി. എബി കണ്ണുകൾ അടച്ചു
തുടരും….