കഞ്ഞിയും നാരങ്ങ അച്ചാറും കഴിച്ചപ്പോൾ തന്നെ പകുതി ക്ഷീണം മാറി
“നീ കുടിക്കുന്നില്ലേ?”
അവൾ കഴിക്കാതെയിരിക്കുന്നത് കണ്ട് അവൻ ചോദിച്ചു
“എനിക്ക് പനി ഇല്ലല്ലോ “
“നിനക്ക് വിശക്കുന്നില്ലേ?”
“പിന്നില്ലേ എനിക്ക് ബ്രോസ്റ്റഡ് ചിക്കൻ മേടിച്ചു തരുവോ,?”
“എടി ദുഷ്ടേ. പനി പിടിച്ചു കിടക്കുന്ന എന്റെ മുന്നിൽ ഇരുന്നു നിനക്ക് ചിക്കൻ തിന്നണം “
അവൻ ഒരു നുള്ള് വെച്ചു കൊടുത്തു
“ആവൂ.. ഞാൻ അപ്പുറത്തെ മുറിയിൽ പോയിരുന്നു കഴിച്ചോളാം.. ഓർഡർ ചെയ്യ് “
അവൾ അവന്റെ ഫോൺ എടുത്തു അത് ഓർഡർ ചെയ്തിട്ട് സുന്ദരൻ ചിരി ഒരെണ്ണം പാസ്സാക്കി
“ഇതൊക്ക കണക്ക് എഴുതി വെച്ചോ. ഞാൻ പഠിച്ച് വലിയ ജോലി… അല്ല ഞാൻ എന്തിനാ വേറെ ജോലിക്ക് പോണേ..എബിച്ചായന്റെ കമ്പനിയിൽ എനിക്ക് ജോലി കിട്ടുമല്ലോ “
“ഇപ്പോൾ എടുത്തു വെച്ചേക്കുന്നു. പഠിച്ചു കഴിഞ്ഞ രാജ്യം വിട്ട് പൊക്കോണം. പിന്നേം ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇവിടെ നിന്നെക്കരുത് “
“എന്നെ കൊണ്ട് എന്ത് ബുദ്ധിമുട്ട്? ഞാൻ എന്താ ഇച്ചായനെ പിടിച്ചു കടിച്ചോ.. അയ്യടാ ബുദ്ധിമുട്ട് പോലും
എനിക്ക് ജോലി തന്നെ പറ്റുള്ളൂ. ശമ്പളം വേണ്ട. ലാഭം ആയില്ലേ..”
“പോടീ..”
അവൻ കണ്ണ് അടച്ച് കിടന്നു. അവളും കൂടെ വന്നു കെട്ടിപിടിച്ചു കിടക്കുന്നത് അറിഞ്ഞു അവൻ
“പെണ്ണെ എനിക്ക് ദേഷ്യം വരും. മുറിയിൽ പോ “
“രാത്രി പനി വല്ലോം കൂടിയാലോ..ഞാനും ഇവിടെ കിടന്നോട്ടെ. വലിയ ബെഡ് ആണല്ലോ..പ്ലീസ് “
“ഈ ജന്തു.. നിന്നെ ഇനി ഇങ്ങോട്ട് കൊണ്ട് വരില്ല നോക്കിക്കോ “
“ശോ പാവം. എനിക്ക് വഴി അറിഞ്ഞൂടാ.. ഒന്ന് പോയെ “
അങ്ങനെ സംസാരിച്ചു കിടന്നു എബി ഉറങ്ങി പോയി. ശ്രീ അവന്റെ അരികിൽ ചേർന്ന് കിടന്നു ലൈറ്റ് അണച്ചു. രാത്രി എപ്പോഴോ എബി ഉണരുമ്പോൾ ചുറ്റി പിടിച്ചു കിടക്കുന്നുണ്ട് ശ്രീ..അവൻ അവളെ കുറച്ചു മാറ്റി കിടത്തി. ഒന്ന് മറിഞ്ഞിട്ട് പിന്നെയും തിരിഞ്ഞു കെട്ടിപിടിച്ചു കിടന്നു അവൾ
എബി അല്പനേരം ആ മുഖത്ത് നോക്കി കിടന്നു. പിന്നെ സ്നേഹപൂർവ്വം ഒരുമ്മ കൊടുത്തു. ചേർത്ത് കിടത്തി. പുലർച്ചെ ഉണരുമ്പോൾ അവന്റെ പനി വിട്ടു. ഇവൾ ഇത് എവിടെ പോയി
“ശ്രീ…?”
വിളി കേൾക്കുന്നില്ല. അവൻ ഇറങ്ങി നോക്കി. ഇതെവിടെ പോയി. കുറച്ചു കഴിഞ്ഞു അവൾ വന്നു. ഒറ്റ അടി കൊടുത്തു എബി
“എവിടെ ഒക്കെ നോക്കിയെടി…പറഞ്ഞിട്ട് പൊയ്ക്കൂടേ “
അവൾ ആ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു
“മൃത്യജ്ഞയ അർച്ചന ആണ്. പനി വേഗം മാറും “
അവൾ ചിരിച്ചു. അവന് പെട്ടെന്ന് ഒരു സങ്കടം വന്നു
“പറഞ്ഞിട്ട് പോകണ്ടേ. ഞാൻ പേടിച്ചു പോയി “
അവൾ ഒന്നും മിണ്ടാതെ മുറിയിൽ പോയി. എബി കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് പോയി നോക്കുമ്പോൾ കരയുകയാണ്
“ശ്രീ എടി..വേദനിച്ചോ..സോറി. പേടിച്ചു പോയിട്ടല്ലേ “
എങ്ങലടിച്ചു കരയുക തന്നെ
“എടി..ഇങ്ങോട്ട് നോക്ക്. എന്താ വേണ്ടേ പറഞ്ഞോ വാങ്ങി തരാം “
അവൾ മിണ്ടിയില്ല
“ഓക്കേ ഇച്ചായനെ ഒരു അടി അടിച്ചോ “
“വേണ്ട. എന്നെ ഇഷ്ടം അല്ലല്ലോ എബിച്ചായന്. എനിക്ക് അറിയാം..അതാണ് ഇങ്ങനെ എപ്പോഴും അടിക്കുന്നെ.. ഒരു ദിവസം ഞാൻ കൂടെ ഇല്ലാതാകുമ്പോ അറിയും മനസിലാകും എന്റെ സ്നേഹം. നോക്കിക്കോ.. വേറെ ഏതെങ്കിലും പെണ്ണിനെ കെട്ടി നോക്ക്. ഞാൻ സ്നേഹിക്കുന്നതിന്റെ പകുതി കിട്ടില്ല. പോരെങ്കിൽ അവിഹിതവും കാണും നോക്കിക്കോ “
“എന്റെ കർത്താവെ പ്രാക്ക്… എടി ഇങ്ങനെ ശപിക്കല്ലേ.. ഞാൻ വല്ല സുന്ദരിപെണ്ണിനേയും കെട്ടി ജീവിച്ചു പൊയ്ക്കോട്ടെ “
“ആയിക്കോ.. ആരു പറഞ്ഞു വേണ്ടാന്ന്..പൊയ്ക്കോ..ഒടുവിൽ എന്റെ അടുത്ത് തന്നെ വരും..നോക്കിക്കോ “
അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്നു
“അപ്പോഴേക്കും ഞാൻ ദൈവത്തിന്റെ അടുത്ത് പോയിട്ടുണ്ടാകും. പിന്നെ വന്നിട്ട് കാര്യമില്ലല്ലോ “
എബി അവളെ തന്നോട് ചേർത്ത് പിടിച്ചു
“നിന്നെ ഇപ്പോൾ ഞാൻ എന്താ ചെയ്ക..മോളെ അനിയത്തിയെ ആരെങ്കിലും കല്യാണം കഴിക്കുമോ?”
“ഞാൻ അതിന് അനിയത്തി അല്ല “
“എന്റെ മനസ്സിൽ അങ്ങനെയാ.. വേറെ ഒരു കണ്ണിലൂടെ പറ്റില്ല..”
ശ്രീ പിന്നെ ഒന്നും പറഞ്ഞില്ല. വൈകുന്നേരം അവൾ പോകാൻ ഒരുങ്ങി
“നാളെ പോകാം “
എബി ആ കയ്യിൽ പിടിച്ചു
“വേണ്ട..പോവാ. ഓട്ടോയിൽ പൊക്കോളാം “
“ശ്രീ… ഇപ്പോൾ പോയാൽ ഇനി ഒറ്റ തവണ പോലും ഞാൻ ഇവിടെ നിന്നെ കൊണ്ട് വരില്ല കേട്ടോ “
“കൊണ്ട് വരണ്ട.. എന്തിനാ കൊണ്ട് വരുന്നേ. ഉപദേശം തരാൻ അല്ലേ..കൊണ്ട് വരണ്ട. ഞാൻ അവിടെ നിന്നോളാം. കാണുമ്പോഴല്ലേ വിഷമം വരൂ..എബിച്ചായനും… എനിക്കും..”
എബി ആ കയ്യിൽ പിടിച്ചു
“ഇച്ചായൻ മോളെ രാവിലെ കൊണ്ട് പോയി ആക്കാം. ഇന്ന് പോകണ്ട “
അവൾ വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു
“കരയല്ലേ വാ “
അവൻ കൈകൾ നീട്ടി. അവന്റെ മടിയിൽ ഇരുന്നു നെഞ്ചിൽ ചേർന്ന് ശ്രീ
“എബിച്ചായൻ വേറെ കല്യാണം കഴിക്കല്ലേ..”
“ഇല്ല “
“എന്നെ കെട്ടാവോ?”
“ഇല്ല “
“പോടാ പ-, ട്ടി “
എബി ഉറക്കെ ചിരിച്ചു പോയി
“എബിച്ചായാ?”
“ആ “
” എബിച്ചായോ “
“എന്താ പോ-, ത്തേ..”
“എന്നേ സീനിയർസ് കുഞ്ഞായി റാഗ് ചെയ്തു ട്ടോ. പാട്ട് പാടിച്ചു “
“ഇനിയവന്മാർ ജന്മത്തിൽ ആ വഴി വരത്തില്ല. പാവങ്ങൾ “
“എന്റെ പാട്ട് കേട്ടിട്ടില്ലല്ലോ. “
“അത്രേം പാപം ഞാൻ ചെയ്തിട്ടില്ലടി “
“ഇങ്ങനെ ഒരു സാധനം. ഞാൻ പാടട്ടെ “
“എന്റെ കുഞ്ഞേ എനിക്കു പനിയാ,”
“ദേ ഒരിടി ഞാൻ വെച്ചു തരും. ഞാൻ ഒരു പാട്ട് പാടാം. അത് എബിച്ചായൻ എന്നോട് പാടുന്നതാണെന്ന് വിചാരിച്ചു കൊള്ളണം “
“മനസിലായില്ല “
“എബിച്ചായന് പാടാൻ അറിയില്ലല്ലോ. അത് കൊണ്ട് ഞാൻ ഇച്ചായന് വേണ്ടി പാടുവ. ഓക്കേ “
“വട്ട് “
അവൻ പിറുപിറുത്തു
“ഒരു ചെമ്പനീർ പൂ ഇറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക് നീട്ടിയില്ല. എങ്കിലും എങ്ങനെ നിയറിഞ്ഞു
എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായ് സുഗന്ധം പരത്തുന്നതായി നിനക്കായ്…പറയൂ.. നീ പറയൂ..”
എബി നിശ്ചലനായി പോയി. ഉഗ്രൻ പാട്ട്. അവൻ സത്യത്തിൽ ഞെട്ടി
“അപ്പോൾ ഞാൻ.. ഉം..വീണ്ടും അവൾ
എബിച്ചായനോട് ഞാൻ
എന്റെ എല്ലാമെല്ലമല്ലേ..എന്റെ ചേലോത്ത ചെമ്പരുന്തല്ലേ..
“മതി മതി നിർത്തിക്കോ.. അവളുടെ പാട്ട് “
അവൻ പതിയെ അവളെ മാറ്റി നിർത്തി എഴുന്നേറ്റു ജനാല തുറന്നു
“എന്തിനാ എബിച്ചായാ ഒളിച്ചു കളിക്കുന്നെ.. ഉം..?”
അവൻ ഒന്നും പറഞ്ഞില്ല
“കൊരങ്ങൻ. എന്നെ ഇഷ്ടം ഒക്കെയാ, ജാഡ..”
അവൾ പിറുപിറുത്തു കൊണ്ട് മുറിയിൽ നിന്ന് പോയി. എബി അവൾ പോയ ഇടത്തേക്ക് നോക്കി. പിന്നെ തനിയെ ഒന്ന് ചിരിച്ചു
തുടരും….