പിരിയാനാകാത്തവർ – ഭാഗം 26, എഴുത്ത്: അമ്മു സന്തോഷ്

“സാറെ അവർ കല്യാണം നടത്താൻ പോവാ. ഈ ഞായറാഴ്ച പള്ളിയിൽ വെച്ചു കല്യാണം നടക്കും “

ജയരാജന്റെ ഫോണിലേക്ക് ഒരു വിളി വന്നു. അയാൾ അങ്ങ് പോയെങ്കിലും അയാൾ ഏർപ്പാട് ചെയ്തവർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ച് അയാൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു

“അവനെ തന്നെയാണോ ” അയാൾ പകയോട് ചോദിച്ചു

“അതെ സാറെ. കൊച്ചിനെ അവർ ഹോസ്റ്റലിൽ നിന്ന് മാറ്റി അവന്റെ വീട്ടിലാ. കല്യാണം കഴിഞ്ഞ ഇനി പറഞ്ഞിട്ട് കാര്യമില്ല സാറെ..”

“കല്യാണം നടക്കരുത് “

“അതിനിപ്പോ നമുക്ക് എന്നാ ചെയ്യാൻ പറ്റും സാറെ. അവരൊക്കെ വലിയ ആളുകളാ.”

“നീർക്കോലിക്കും അത്താഴം മുടക്കാൻ പറ്റുമെടോ. അവളെ അല്ലേ തൊടാൻ പറ്റാത്തത്? അവൻ ഇല്ലെങ്കിൽ പിന്നെ അവളെ കൊണ്ട്. പോരാൻ ഈസി. അല്ലേ..അവൻ പോകുമ്പോഴോ വരുമ്പോഴോ ഒരു ആക്‌സിഡന്റ്..അത് പറ്റുമോ?”

“എന്റെ സാറെ പാളിപ്പോയ പോക്കാ.”

“തനിക്ക് ഞാൻ പത്തുലക്ഷം രൂപ തരും. കൂട്ടുകാരെ കൂടെ കൂട്ടിക്കോ. അവനെ തീർക്കണം. “

“അതിപ്പോ…. നോക്കട്ടെ സാറെ “

അയാൾ ഫോൺ വെച്ചു

സുരേഷ്…അതാണ് അവന്റെ പേര്. നഗരത്തിലെ ഒരു വാടക ഗുണ്ട. പെണ്ണും പിടക്കോഴിയുമൊന്നും ഇല്ല. കുറെ കൂട്ടുകാരുണ്ട്. അത്ര തന്നെ

പത്തു ലക്ഷം ഒരു ചെറിയ തുക അല്ല. പക്ഷെ എബിയെ പോലെ ഒരാളെ കൊ-, ന്നാൽ പത്തു ലക്ഷം കിട്ടിയിട്ടും കാര്യമില്ല. ജയിലിൽ കിടക്കും. അല്ലെങ്കിൽ അവരുടെ കുടുംബക്കാരുടെ കൈ കൊണ്ട് തീരും. ഇതിപ്പോ താൻ ചെയ്തില്ലെങ്കിൽ അയാൾ ഇത് മറ്റുള്ളവരെ ഏല്പിക്കും

അയാൾ ആശയക്കുഴപ്പത്തിലായി. സ്വന്തം മോളെ വിട്ടു കിട്ടാനാണ് അയാൾ ഇത് ചെയ്യുന്നെന്നെ സുരേഷിന് അറിയാവുള്ളൂ. സ്വന്തം മകളോട് അയാൾ എങ്ങനെ എന്ന് സുരേഷിന് അറിയില്ലായിരുന്നു. അത് അറിഞ്ഞിരുന്നെങ്കിൽ അയാൾ ഈ ഓഫർ സ്വീകരിക്കുകയുമില്ല

“കല്യാണം പള്ളിയിൽ ആക്കണ്ട ഒരു കാര്യവുമില്ലയിരുന്നു. അപ്പോഴേക്കും അവളുടെ ഒരു ത്രില്ല്..കല്യാണം ആണോടി നിനക്ക് ത്രില്ല്?”

ശ്രീക്കുട്ടിയുടെ ആഗ്രഹം കൊണ്ടാണ് പള്ളിയിൽ വെച്ച് കല്യാണം നടത്താൻ തീരുമാനം ആയത്

“നല്ല ത്രില്ല് അല്ലേ പപ്പാ, എബിച്ചായൻ അങ്ങനെ ഒക്കെ പറയും. കല്യാണം പള്ളിയിൽ വെച്ചു മതി. പിന്നെ നല്ല മട്ടൻ ബിരിയാണി ഒക്കെ വേണം. ഹൂ അത് തിന്നാൻ കൊതി ആയിട്ട് വയ്യ. “

“എടി പോ-, ത്തേ മ- ട്ടൺ ബിരിയാണി ഞാൻ തൃശൂർ ഷാലിമാറിൽ നിന്ന് വാങ്ങി തരാം. അതിനെന്തിനടി നീ പള്ളിയിൽ വെച്ചു കല്യാണം കഴിക്കുന്നത് “

അവൻ അവളെ നുള്ളി

“കണ്ടോ പപ്പാ. ഭയങ്കര ഉപദ്രവമാ, എന്റെ കൈ മുഴുവൻ പിച്ചിയ പാടാ. ദേ ഞാൻ ഗാർഹിക പീ-, ഡനത്തിന് കേസ്‌ കൊടുക്കും കേട്ടോ “

“നീ ഒ-,ലത്തും. ദേ പപ്പാ ഇവൾക്കോ വിവരം ഇല്ല. അവൾക്ക് ബിരിയാണി തിന്നാൻ നാട്ടുകാർക്ക് ബിരിയാണി കൊടുക്കുന്നതെന്തിനാ. രജിസ്റ്റർ മാര്യേജ് മതി “

“ഈ എബിച്ചായന് എന്തുവാ. നല്ല രസല്ലേ..പള്ളിയിൽ വെച്ച് കല്യാണം നടക്കുന്നെ. നല്ല ഗൗൺ ഒക്കെ ഇട്ട്.. പൂ ഒക്കെ പിടിച്ചു..ഞാൻ യുട്യൂബിൽ കണ്ടിട്ടുണ്ട്. ക്രിസ്ത്യൻ കല്യാണം. എന്റെ ഒരു ചാൻസ് കളയല്ലേ..”

ഡേവിഡ് ചിരിച്ചു പോയി

“ദേ പള്ളിയിൽ വെച്ച് മതി ഫിക്സ് “

അവൾ അവനിട്ട് ഒന്ന് കൊടുത്തിട്ട് മുറിയിലേക്ക് പോയി

“ഇവള് ഒട്ടും പക്വത ഇല്ലാത്തവളാ പപ്പാ. അയ്യേ ബിരിയാണി തിന്നാൻ കല്യാണം കഴിക്കുന്ന ലോകത്തിലെ ആദ്യത്തെ പെണ്ണാണ് “

ഡേവിഡ് ഒന്നും മിണ്ടിയില്ല. കുടുംബ പ്രശ്നങ്ങളെ കുറിച്ച് ഡേവിഡ് അവളോട് പറഞ്ഞിരുന്നു. എബിയുടെ വാശിയെ കുറിച്ചും

സാരമില്ല പപ്പാ ഞാൻ ഏറ്റു എന്ന് അവൾ ചിരിയോടെ പറഞ്ഞു

“നീ എങ്ങോട്ടാ?”

അവൻ കാറിന്റെ കീ എടുക്കുന്ന കണ്ടു ചോദിച്ചു ഡേവിഡ്

“ഡാനിയെ ഒന്ന് കണ്ടിട്ട് വരാം “

“ഞാനും “

അവൾ മുന്നിൽ

“ഞീ വേണ്ട..”

“ഞാനും വരും. എന്നേം കൊണ്ട്. പോകാൻ പറ പപ്പാ. ഹോസ്റ്റലിൽ പോകണം. കൂട്ടുകാരെ കല്യാണം വിളിക്കണം “

“എന്തോന്നാടാ കൊണ്ട് പോ “

“തിരിച്ചു വരുമ്പോ രാത്രി ആകും.”

“അതിനെന്താ എബിച്ചായൻ ഉണ്ടല്ലോ.”

“എടി ഒരു കൊച്ചു പാർട്ടി ആണെന്ന്..ഞാൻ വെള്ളമടിക്കും..ചിലപ്പോൾ രാത്രി വരില്ല..”

“സാരമില്ല നമുക്ക് ഫ്ലാറ്റിൽ നിൽക്കാം. അല്ലെങ്കിൽ ഞാൻ വണ്ടി ഓടിച്ചോളാം “

“ഈ പെണ്ണ്..”

“നടക്കാൻ പറ്റുന്ന പോലെ അല്ലേ അടിക്കത്തുള്ളൂ. അതോ എടുത്തോണ്ട് പോരേണ്ടി വരുമോ?”

ഡേവിഡ് ഉറക്കെ ചിരിച്ചു പോയി

“എബിയെ….മോനെ…നിനക്ക് ഇതിലും നല്ലതിനെ കിട്ടാനില്ല. ഞാൻ രണ്ടെണ്ണം അടിച്ച നിന്റെ അമ്മച്ചി ഒരാഴ്ച എന്നോട് മിണ്ടില്ലായിരുന്നു. കണ്ടോ ഒരു എതിർപ്പുമില്ല വഴക്കുമില്ല ഞാൻ വണ്ടി ഓടിച്ചോളാമെന്ന്. ഭാഗ്യവാൻ ആണെടാ നീനിന്റെ ജീവിതം രക്ഷപെട്ടു “

എബി വാത്സല്യത്തോടെ അവളെ നോക്കി “വാ എന്നാ “

അവളെ ഹോസ്റ്റലിൽ വിട്ടിട്ട് അവൻ ഡാനിയുടെ ഫ്ലാറ്റിലേക്ക് പോയി. ഗിരി അവിടെ വന്നിട്ടുണ്ടായിരുന്നു. കൂടെ കുറച്ചു കൂട്ടുകാരും

“അങ്ങനെ എബി ഡേവിഡ് കൊട്ടാരത്തിൽ കെട്ടാൻ പോണു ‘”

ഷാമ്പയിൻ ബോട്ടിൽ പൊട്ടിച്ചു കൊണ്ട് ഗിരി പറഞ്ഞു

“ആ കൊച്ചിന്റെ മനസമാധാനത്തിന് വേണ്ടിയാ ഈ പാർട്ടി. കർത്താവെ ആ കൊച്ചിനെ കാത്തോളണേ “

എബി മെല്ലെ ചിരിച്ചു. രാത്രി കുറച്ചു വൈകി. എബി ഹോസ്റ്റലിൽ ചെന്നു അവളെ കൂട്ടി

“നല്ല ഫിറ്റ് ആണല്ലോ. മുഖം ഒക്കെ ചാമ്പക്ക പോലെ ആയി..”

അവൻ താക്കോൽ അവളെ ഏൽപ്പിച്ചു.

“ഓടിച്ചോ. ഞാൻ ഉറങ്ങാൻ പോവാ “

അവൾ ചിരിച്ചു കൊണ്ട് താക്കോൽ വാങ്ങി. കുറെ ദൂരം പോയിട്ടിണ്ടാവും. എതിരെ വരുന്ന ലോറി. അവൾ സൈഡ് ഒതുക്കി

ലോറി നേരെ…

എബിച്ചായാ എന്നൊരു വിളി അലർച്ചയായി മാറി

തുടരും….