അല്പം കഴിഞ്ഞതും ഒന്നനങ്ങാൻ സാധിച്ചവൾ പതിയേ നിരങ്ങിചെന്ന് തന്റെ കീറിപറിഞ്ഞ വസ്ത്രങ്ങൾ…

എഴുത്ത്: ആദി വിച്ചു

അലക്ഷ്യമായി ഊരിയെറിഞ്ഞ  വസ്ത്രങ്ങൾക്കിടയിൽ ന-, ഗ്നയായ് കിടന്നവൾ പതിയേ കണ്ണുതുറന്ന് ചുറ്റും നോക്കി. കണ്ണുകൾക്ക് വല്ലാത്ത ഭാരവും തലക്ക് സഹിക്കാൻ കഴിയാത്ത വേദനയും അറിഞ്ഞവൾ  തലയിൽ അമർത്തി പിടിച്ചു.

തനിക്കരികിൽ മറ്റാരുംതന്നെ ഇല്ലെന്ന് കണ്ടവൾ   അല്പം അകലെ പൊട്ടിതകർന്നുകിടക്കുന്ന  തന്റെ ഫോണും വസ്ത്രങ്ങളും കണ്ട്  കൈനീട്ടി അത് എത്തിപിടിക്കാൻ  ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം തണുപ്പിൽ കിടന്നത്കൊണ്ട് ശരീരമാകെ മരവിച്ച് ഒന്നനങ്ങാൻ പോലും ആ സമയം അവളെക്കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല.

ഒന്നും വ്യക്തമായി ഓർമ്മയില്ലെങ്കിലും താൻ നശിപ്പിക്കപെട്ടു എന്ന് മാത്രം ആ സമയം അവൾക്ക് മനസ്സിലായി.

അല്പം കഴിഞ്ഞതും ഒന്നനങ്ങാൻ സാധിച്ചവൾ പതിയേ നിരങ്ങിചെന്ന് തന്റെ കീറിപറിഞ്ഞ വസ്ത്രങ്ങൾ എടുത്തുധരിച്ചുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. താനിപ്പോൾ എവിടെയാണെന്നോ ഇത് ഏതാണ് സ്ഥലമെന്നോ മനസ്സിലാക്കാൻ കഴിയാതെ അവൾ വെച്ച് വെച്ച് ആ റൂമിനു വെളിയിലേക്ക് നടന്നു.

തളർന്നു വീഴും എന്ന് തോന്നിയ നിമിഷങ്ങളിൽ പണിപ്പെട്ടവൾ തന്റെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

തൊണ്ട വരളുന്നത് അറിഞ് ഒരു തുള്ളി വെള്ളത്തിനായി ചുറ്റും നോക്കി. ചുറ്റിലും കാട് കൂടിയ പുല്ല് കണ്ടവൾ എന്ത് ചെയ്യണം എന്നറിയാതെ ഉമിനീര് കൊണ്ട് തന്റെ ചുണ്ട് നനച്ചു.

ഏതോ വാഹനത്തിന്റെ ഹോർണടി കേട്ടവൾ അടുത്തെവിടെയോ റോഡ് ഉണ്ടെന്ന് മനസ്സിലാക്കി പണിപ്പെട്ട് പതിയേ മുന്നോട്ട് നടന്നു. അല്പം നടന്നതും തളർന്ന് പോയവൾ പതിയെ ബോധംമറഞ്ഞു നിലത്തേക്ക് വീണു.

ദിവസങ്ങൾക്കുശേഷംബോധം വന്നവൾ ചുറ്റിലും നോക്കി…

ഭയത്തോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചവൾ കൈ ബെഡ്‌ഡിൽ കുത്തിയതും കൈ വല്ലാതെ വേദനിച്ചവൾ കയ്യിലേക്ക് നോക്കി.

കയ്യിൽ കുത്തിയ ഡ്രിപ്പ് കണ്ടവൾ താനിപ്പോൾ ഏതോ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലാക്കി ചുറ്റിലും നോക്കി.

അവൾ കണ്ണ് തുറന്നത് കണ്ടതും ഒരു പത്ത് വയസ്സുകാരി വന്നവളുടെ തലയിൽ പതിയേ തലോടി.

അവളേ കണ്ടതും കൈകൊണ്ട് വെള്ളം എന്ന് ആംഗ്യംകാട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ അവൾ റൂമിനു പുറത്തേക്ക് ഇറങ്ങി ഓടി.

അവൾ തിരികെ വരുമ്പോൾ അവൾക്കൊപ്പം ഉണ്ടായിരുന്ന ഡോക്ടർ പുഞ്ചിരിയോടെ പെട്ടെന്ന് അവളെ ചെക്ക് ചെയ്തു. അപ്പഴേക്കും ആകുട്ടി ഒരു ഗ്ലാസിൽ വെള്ളം അവൾക്കരികിൽകൊണ്ട് വച്ചശേഷം അവളേ താങ്ങിഇരുത്തിക്കൊണ്ട് അവൾക്ക് ആ വെള്ളം നൽകി.

അതിൽ നിന്ന് അല്പം കുടിച്ചതും വെള്ളം ശിരസ്സിൽ കയറിയവൾ വല്ലാതെ ചുമച്ചു.

അത് കണ്ട ഡോക്ടർ അവളുടെ മുതുകിൽ പതിയേ ഉഴിഞ്ഞുകൊടുത്തു. അവൾ ok ആയതും ഡോക്ടർ പുഞ്ചിരിയോടെ അവളേ നോക്കി.

“ഹായ് ചേച്ചി…ഞാൻ അനാമിക…. ” തനിക്കരികിൽ നിൽക്കുന്നപെൺകുട്ടി ചാടികയറി പറഞ്ഞു.

“ഞാൻ ഡോക്ടർ അമ്പിളി…ഇയാളുടെ പേരെന്താ….”

“ഞാൻ….. ഞാൻ മാളവിക….”

“ആഹാ…..ഇയാളുടെ സ്ഥലം എവിടെയാ…..”

“കോഴിക്കോട്…..” ഭയത്തോടെ ചുറ്റും നോക്കികൊണ്ട് വിക്കി വിക്കി മറുപടി പറയുന്നവളെ കണ്ട അമ്പിളി അവളേ ചേർത്തു പിടിച്ചു.

“പേടിക്കണ്ട ഇത് എന്റെ ക്ലിനിക്ക് ആണ്….ഇവളും ഇവളുടെ അമ്മയും അച്ഛനും കൂടെയാ തന്നെ ഇവിടെ കൊണ്ട് അഡ്മിറ്റ് ചെയ്തത്. ഇയാളെങ്ങനെ ഇവിടെഎത്തി….”

“ഞാൻ  ഒരു ഫ്രണ്ട്ന്റെ കല്യാണം കൂടാൻ വന്നതാ.. തിരിച്ചു പോകുമ്പോ കുറച്ചുപേര്…..”

“ഉം….മനസ്സിലായി….മാളവികയുടെ വീട്ടിലെ നമ്പർ തന്നാൽ ഞങ്ങൾ അവരെ വിളിച്ചു പറയാം…..”

അത് കേട്ടതും അവൾ ഞെട്ടലോടെ ഡോക്ടറെ നോക്കി.

“വേണ്ടാ……”

“അതെന്ത് പറ്റി വീട്ടുകാരെ അറിയിക്കേണ്ടെ “

“ഉം..ഹും…” വേണ്ടാ എന്നുള്ള അർത്ഥത്തിൽ അവൾ തല ഇരുവശത്തേക്കും പതിയേ ചലിപ്പിച്ചു.

“തന്റെ കൂടെ ഉണ്ടായിരുന്നവൻ ചതിച്ചു അല്ലേ….” പെട്ടന്നുള്ള  ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ   അമ്പിളിയെ നോക്കി.

“ഞെട്ടണ്ട….താൻ പറഞ്ഞു തുടങ്ങിയപ്പഴെ തോന്നി ഇതാവും സംഭവം എന്ന്. താൻ പേടിക്കണ്ട ഞാൻ പോലീസിൽ ഒന്നും അറിയിച്ചിട്ടില്ല. താൻ ഓകെ ആയാൽ വീട്ടിലേക്ക് പോകാം….”

“ഡോക്ടർ…ഞാൻ..ഇതൊക്കെ അവരറിഞ്ഞാൽ .”

“അവരോട് താനായിട്ട് ഒന്നും പറയണ്ട വീട്ടുകാരുടെ നമ്പർ താ തനിക്കൊരു ആക്സിഡന്റ് ഉണ്ടായെന്ന് ഞാൻ അവരോട് പറഞ്ഞോളാം…പാവങ്ങൾ പേടിക്കുന്നുണ്ടാവും.”

“അത്..അതുപിന്നെ….”

“പേടിക്കണ്ട ഡോ..ഞങ്ങളില്ലേ കൂടെ ഇതൊക്കെ ഒന്ന് കുളിച്ചാൽ പോകുന്ന അഴുക്കല്ലേ…അതുകൊണ്ട് അതൊന്നും കാര്യമാക്കണ്ട “

അവളേ സമാധാനിപ്പിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകൾ അവളിൽ നിന്ന് ഒളിപ്പിച്ചുകൊണ്ട് അമ്പിളി ധൃതിയിൽ അവിടെ നിന്ന് നടന്നകന്നു.

തന്നെ കാണാൻ വന്ന അവസാന രോഗിയും പോയതും അവൾ തളർച്ചയോടെ ടേബിളിലേക്ക് തലചായ്ച്ചു കിടന്നു.

വർഷങ്ങൾക്ക് മുന്നേ ഒരു പതിനെട്ടുകാരിക്ക് ഏറ്റഅതേ മുറിവ്തന്നെയാണ് ഇന്ന് മാളവികക്കും സംഭവിച്ചത് എന്നോർത്തവൾ ഒന്ന് നെടുവീർപ്പിട്ടു.

ഇന്ന് മാളവികയെ കണ്ടെത്തിയ അതേ ഇടത്ത് തന്നെയായിരുന്നു മരിച്ചെന്നു കരുതി നൂൽബന്ധമില്ലാതെ അവരെന്നെ കൊണ്ട്ചെന്നിട്ടത്.

പ്രണയം കണ്ണുകളെ മൂടിക്കെട്ടി നമ്മളെഅന്ധരാക്കും  അതുപോലെ ഒരവസ്ഥയിലായിരുന്നു താനും. പ്രണയിച്ചിരുന്നു കാലത്ത് ഒരിക്കൽ പോലും അവനെന്റെ ദേഹത്തൊന്നു തൊട്ടിട്ടുപോലുമില്ല. അതായിരുന്നു അവനൊപ്പം ഒരുരാത്രി ഒരുമിച്ചുജീവിക്കാം എന്നുള്ള ഉറപ്പിന്റെ പുറത്ത് ഇറങ്ങി തിരിക്കാനുള്ള ധൈര്യവും.

പക്ഷേ…തന്റെ കൂട്ടുകാർക്കൊപ്പം ഒരു മനുഷ്യനാണ് എന്ന് പോലും ചിന്തിക്കാതെ തന്നെ ക- ടിച്ചുകീ-,റിയ അവനേ കണ്ട് ചങ്ക് പൊട്ടി കരഞ്ഞുപോയിട്ടുണ്ട്. അന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്റെ അച്ഛനേയും അമ്മയേയും ഇനി ഒരിക്കലും കാണാൻ കഴിയും എന്നത്.

“ചേച്ചീ…..”

“ഹാ…..” ഞെട്ടി കണ്ണുതുറന്നഅമ്പിളി മുന്നിൽ നിൽക്കുന്ന അനുവിനെ കണ്ടതും അവൾ പുഞ്ചിരിയോടെ നേരെ ഇരുന്നു.

“എന്തേ…എന്താണ് കുറുമ്പി വീട്ടിൽ പോണില്ലേ….”

“ഉംഹും….ഇന്ന് ചേച്ചിടെ കൂടെനിക്കാൻ അച്ഛനും അമ്മയും ഇങ്ങ് വരാം എന്ന് പറഞ്ഞു.”

“ആണോ… “

“ഹാ….അനുമോളേ….”

“അച്ചേ…..”

“ഹാ…നിങ്ങള് രണ്ട് പേരും വരും എന്ന് മോള് പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു.”

“ഹാ…ആ കുട്ടിക്ക് ബോധം വന്നു എന്ന് കേട്ടപ്പോ പിന്നവിടെ നിക്കാൻ തോന്നിയില്ല അതാ….”

“ഹാ..എന്തായാലും നിങ്ങള് വന്നത് നന്നായി എന്നാ ഞാൻ വീട്ടിൽ പോയിട്ട് വരാം….”

“ഹേയ് ഇന്നിനി വരണ്ട ഞങ്ങളിവിടെ ഉണ്ടല്ലോ…കുറെ ദിവസമായിട്ട് ഡോക്ടർ രാവും പകലും ഇവിടെ തന്നെ അല്ലേ..വീട്ടിലും ഇല്ലേ വയ്യാത്തഒരാൾ..എത്രകണ്ട് ജോലിക്ക് ആളെ നിർത്തിയാലും നമ്മള് നോക്കുന്നത് പോലെ ആവില്ലല്ലോ “

“ഉം……”

ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ടവൾ അവരോട് യാത്രപറഞ്ഞുകൊണ്ട് അല്പം അകലെയുള്ള തന്റെ വീട്ടിലേക്ക് നടന്നു. കുളിച്ചു ഫ്രഷായി  റൂമിലേക്ക് വന്നവൾ അവിടെ കിടക്കുന്നവനെ കണ്ട് നേർമ്മയായി ഒന്ന് പുഞ്ചിരിച്ചു.

“ഹലോ…മിസ്റ്റർ വിനോദ്…..എന്തൊക്കെയുണ്ട് കുറച്ചുദിവസം ഞാൻ ഇല്ലാഞ്ഞിട്ട് നന്നായി ഉറങ്ങി എന്ന് തോന്നുന്നല്ലോ…”

അവളുടെ ശബ്ദം കേട്ടതും അയാൾ ഞെട്ടലോടെ കണ്ണുതുറന്നു.

“എന്ത്പറ്റി  കുറച്ചുദിവസം കാണാതിരുന്നപ്പോൾ  ഞാനങ്ങു തീർന്നുപോയി എന്ന് കരുതിയോ നീ…..”

പല്ല് കടിച്ചുകൊണ്ടവൾ ടേബിളിൽ കത്തിച്ചുവച്ച മെഴുകുതിരിഎടുത്ത് അത് അവന്റെ കൈക്ക് മുകളിലേക്ക് ഉരുക്കി ഒഴിച്ച്. കയ്യിൽ മെഴുക് വീണുപൊള്ളിയതും ഒരു ഞരക്കത്തോടെ അയാൾ ദയനീയമായി അവളേ നോക്കി.

“എന്ത് പറ്റി നീറുന്നുണ്ടോ നിനക്ക്? പണ്ട് എന്റെ ദേഹത്ത് നീയും കൂട്ടുകാരുംകൂടെ ഇത്പോലെ മെഴുകുതിരിയും സി- ഗരറ്റും വച്ച് പൊ-,ള്ളിച്ചത് നീ മറന്നോ….മറന്നെങ്കിൽ ഞാൻ ഓർമ്മിപ്പിക്കാം “

എന്ന് പറഞ്ഞുകൊണ്ടവൾ കയ്യിലുണ്ടായിരുന്ന മൊട്ടുസൂചി അവന്റെ കാൽനഖത്തിനുഇടയിലേക്ക് കുത്തി ഇറക്കി.

“നിനക്ക് ഓർമയുണ്ടോ എന്റെ കാലുകൾ വലിച്ചകത്തി ഇത് പോലെ നീ മൊട്ടുസൂചി വച്ച് കു-,ത്തി രസിച്ചത്.”

അവൾ ചോദിച്ചത് കേട്ടതും അവൻ ഭയത്തോടെ തലയിളക്കി.

“നിന്നെപ്പോലെതന്നെ മറ്റൊരു മോൻ കല്യാണം കഴിക്കാൻ എന്ന് പറഞ്ഞുകൊണ്ട് വിളിച്ചോണ്ട് വന്ന ഒരുപാവംപെണ്ണിനെ നീ ചെയിത അത്ര ഇല്ലെങ്കിലും അത്യാവശ്യം നന്നായിതന്നെ ഉപദ്രവിച്ചു. ഇത്രയും ദിവസം അവളേ രക്ഷപെടുത്തനുള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ അതുകൊണ്ടാ നീ ഇത് വരേ രക്ഷപെട്ടത്. എന്തായാലും ഒരു ഡോക്ടർ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് എനിക്കറിയാം പക്ഷേ നിന്നെ ഞാൻ ഒരു മനുഷ്യനായോ മൃ- ഗമായോ നിന്നെ ഞാൻ കാണുന്നില്ല”

എന്ന് പറഞ്ഞുകൊണ്ടവൾ കയ്യിലേ ഇഞ്ചക്ഷൻ അവന്റെ കയ്യിലേക്ക് കുത്തി വച്ചു. അല്പം കഴിഞ്ഞതും വേദനയിൽ അവൻ ഞെരങ്ങി തുടങ്ങി. അത് കണ്ടതും അവൾ പുഞ്ചിരിച്ചുകൊണ്ട് അവിടെനിന്ന് അടുത്തമുറിയിലേക്ക് നടന്നു.

റൂമിലെത്തിയതും അവൾ തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച്മാറ്റിയ ശേഷം ദേഹത്തേക്ക് നോക്കി. ശരീരത്തിലെ പൊള്ളിയപാടുകളും നഖംകൊണ്ടും ബ്ലൈഡ് കൊണ്ടും സൂചി കൊണ്ടും തന്റെ ദേഹത്ത് അവനും കൂട്ടുകാരും ചേർന്ന് ഉണ്ടാക്കിയ മുറിവിന്റെ പാടുകൾ ലൈറ്റിന്റ വെളിച്ചത്തിൽ  തെളിഞ്ഞു കണ്ടതും അവൾ ആ ദിവസം ഓർത്തു.

ര- ക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ദേഹത്തു വീണ്ടും വീണ്ടും മുറിവുകൾ ഉണ്ടാക്കി ആ വേദന കണ്ട് ആസ്വദിക്കുന്നവരെ  ഓർക്കേ അവൾ ദേഷ്യത്തോടെ ചുമരിൽ ആഞടിച്ചു.

അതേ സമയം അടുത്ത റൂമിൽ നിന്ന് വേദനയോടെയുള്ള ഞെരങ്ങൽ കേട്ടവൾ ഒരു താരാട്ട് പാട്ട് ആസ്വദിക്കുന്നത് പോലെ ആസ്വദിച്ചു കൊണ്ട് പതിയേ  ബെഡിലേക്ക് കിടന്നു.

-ആദി വിച്ചു