അവന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരു തീം വേണമെന്ന് അതാണ് ഞങ്ങൾ ഡിസ്കസ് ചെയ്തത്….

ചട്ടക്കാരി
എഴുത്ത്: നിഷ പിള്ള
=================

വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മ-, ദ്യപിക്കുന്നത് മാഗി  നിരീക്ഷിക്കുകയായിരുന്നു.സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്.പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും ചെയ്യുകയാണ് അവൻ്റെ പതിവ്.അപ്പോൾ അവനെ പിടിച്ചു മാറ്റാൻ വേറെ ആർക്കും കഴിയില്ല.

തൻ്റെ ദൃഷ്ടി വലയത്തിൽ നിന്നും അവൻ പുറത്ത് പോകാതെ അവൾ ശ്രദ്ധിച്ചു.മാഗിയുടെ മുന്നിൽ  അവൻ അനുസരണയുള്ളൊരു പൂച്ചക്കുട്ടിയായി മാറും.ഓഫീസിൽ മാഗിയുടെ ബോസാണ് വിക്ടർ. പക്ഷേ പുറത്ത് അവളുടെ ദാസനാണവൻ.അവളൊരു നിമിഷം അവനെക്കുറിച്ചോർത്തിരുന്ന് പോയി.

മലയാളിയായ കേണൽ ഡെന്നിസിന്റേയും ആംഗ്ലോ ഇന്ത്യനായ, ഗോവക്കാരി എമിലിയുടേയും ഒരേയൊരു പുത്രിയായിരുന്നു മാഗി.നല്ല സ്വാതന്ത്ര്യ ബോധത്തോടെയാണവളെ മാതാപിതാക്കൾ വളർത്തിയത്.ബോയ് കട്ട് ചെയ്ത് ചെമ്പിച്ച തലമുടിയുമായി, മുട്ടോളം എത്തുന്ന സ്കേർട്ടിലും ഷർട്ടിലും ചിലപ്പോൾ ജീൻസിലും മാത്രമേ അവൾ ഓഫീസിൽ പ്രത്യക്ഷപെടാറുള്ളു.

തന്റേടിത്തമുള്ള ലുക്കിലും നടത്തത്തിലും അവൾ അഭിമാനിച്ചിരുന്നു. അവൾക്ക് പെൺ സൗഹൃദങ്ങൾ കുറവായിരുന്നു. ഓഫീസിലെ മറ്റു പെണ്ണുങ്ങളെ മാഗി അടുപ്പിച്ചിരുന്നില്ല.

വിക്ടറിന്റെ നവവധുവായ നിമ്മിയ്ക്ക് ബാംഗ്ലൂർ തീരെ ഇഷ്ടപ്പെട്ടില്ല, വിക്ടറിനേയും…വിക്ടർ അവളെ നാട്ടിൽ കൊണ്ടാക്കി, അവളുടെ പഠനം തുടരാൻ അനുവദിച്ചു.മടങ്ങി വന്ന വിക്ടർ ആനന്ദിന്റെയും മാർട്ടിയുടെയും ഒപ്പം അവരുടെ ഫ്ലാറ്റിൽ താമസമാക്കി.

നിമ്മി കോളേജിലേക്ക് മടങ്ങി പോയതോടെ ,വീട്ടുകാർ വിരട്ടി മാറ്റി നിർത്തിയ നിമ്മിയുടെ  പഴയ കാമുകൻ തിരികെ അവളിലേക്ക് മടങ്ങി വന്നു.നിമ്മി നിരന്തരമായി വിക്ടറിനെ വിളിച്ചു വിവാഹമോചനം ആവശ്യപ്പെട്ടു. അവളുടെ വീട്ടുകാർ ഒന്നും അറിയാതെ നിമ്മിയെ വിക്ടർ നിയമപരമായി  ഉപേക്ഷിക്കണം. പഠനം പൂർത്തിയാക്കിയിട്ട് അവൾ തൻ്റെ കാമുകനെ വിവാഹം കഴിക്കും.അത് വരെ വിക്ടർ എല്ലാം രഹസ്യമാക്കി വയ്ക്കണം.

ആനന്ദും മാർട്ടിനും മാഗിയുടെ കോളേജ് മുതലേയുള്ള സുഹൃത്തുക്കളാണ്. അവർ മൂവരും ഒരേ സമയത്താണ് ബാംഗ്ലൂരിലുള്ള ഒരു മൾട്ടി  നാഷണൽ കമ്പനിയിൽ ജോലിക്കു കയറുന്നത്.ആ സമയത്താണ് നാലാമനായ വിക്ടർ ആ സൗഹൃദ വലയത്തിലേയ്ക്ക് കടന്നു വരുന്നത്.ആദ്യമൊക്കെ വിക്ടർ അവൾക്കൊരു  ശല്യക്കാരനായിരുന്നു. പെട്ടെന്ന് തന്നെ അയാൾ ആനന്ദിനെയും മാർട്ടിനേയും  കയ്യിലെടുത്തു.

തുടക്കത്തിലെ തന്നെ ആനന്ദിന് മാഗിയോടുള്ള ഇഷ്ടം വെറും സൗഹൃദമല്ലെന്ന് വിക്ടറിന് മനസ്സിലായി.പക്ഷേ മാഗിയ്ക്ക് അങ്ങനെ ആരോടും പ്രത്യേകിച്ച് ഒരടുപ്പവും ഇല്ലായിരുന്നു.ആനന്ദിനെ ഒഴിവാക്കാനും തൻ്റെ പ്രണയം തുറന്ന് പറയാനും ഒരവസരം നോക്കിയിരിക്കുകയായിരുന്നു വിക്ടർ. അവരുടെ മ-, ദ്യപാന സഭയിൽ നിന്നും മാഗിയെ വിക്ടർ തന്ത്രപൂർവ്വം അകറ്റി.

ടീം ലീഡറായ വിക്ടർ,നല്ലൊരു പാട്ടുകാരനായിരുന്നു.ചിത്രരചനയും നൃത്തവും അവന് നല്ലത് പോലെ വഴങ്ങിയിരുന്നു.,ഓഫീസിൽ എല്ലാവരും അയാളുടെ ആരാധകരായി തീർന്നു.മാഗി മാത്രമാണ് അയാളെ വെറുത്തിരുന്നത്.അവരുടെ ടീമിലെ ആകെയുള്ളൊരു മലയാളി പെൺകുട്ടി മാഗിയായിരുന്നു .

മാഗിക്കു ആദ്യം മുതലേ ബോസായ വിക്ടറിനെ ഒട്ടും ഇഷ്ടമായില്ല.അവൾ ആനന്ദിനോട് അനിഷ്ടം തുറന്ന് പറഞ്ഞെങ്കിലും അവൻ നിസഹായനായിരുന്നു.പതിയെ പതിയേ ആനന്ദിനെയും മാർട്ടിനെയും അവൾ ഒഴിവാക്കി തുടങ്ങി. സുഹൃത്തായ അവളെ  ഒഴിവാക്കാൻ അവർ തയാറായില്ല,പ്രത്യേകിച്ച് ആനന്ദ്.അവനവളോട് എന്നും ആരാധനയായിരുന്നു.ഒരു ഞാണിന്മേൽ കളിയിലൂടെ അവൻ മാഗിയുടേയും വിക്ടറിനേയും ഒന്നിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ ആരുമറിയാതെ അവർ ഒന്നിച്ചു.

ഹോസ്റ്റലിലെ ഫുഡ് മടുക്കുമ്പോൾ മാഗിയ്ക്കുള്ള ഏക ആശ്വാസം ആ ഫ്ലാറ്റ് ആയിരുന്നു.വിക്ടർ വന്നതോടെ മാഗിയ്ക്ക് ആ ഫ്ലാറ്റിൽ സ്വതന്ത്രമായി പെരുമാറാൻ കഴിയാതെയായി.അവൾ ഫ്ലാറ്റിലേക്ക് തീരെ പോകാതെയായി.

ഒരിക്കൽ ആനന്ദിന്റെ ബർത്ത്ഡേ ആഘോഷിക്കാനാണവൾ അവരുടെ ഫ്ലാറ്റിൽ പോയി.അന്നത്തെ രുചികരമായ ഭക്ഷണം വിക്ടറിൻ്റെ വകയായിരുന്നു.കേക്കും മദ്യവും വാങ്ങാനായി ആനന്ദിനേയും മാർട്ടിനേയും വിക്ടർ പറഞ്ഞ് വിട്ടു.അന്നാദ്യമായി അവൾക്ക് വിക്ടറിനോടൊപ്പം അടുത്തിടപഴകേണ്ടി വന്നു.

അതൊരു തുടക്കമായിരുന്നു,അത് വിക്ടറുടെ പ്ലാനായിരുന്നു.പരസ്പരം സംസാരിക്കാനും മനസ്സ് തുറക്കാനും വിക്ടർ മുൻകൈയെടുത്തു.ആനന്ദും മാർട്ടിയും അറിയാതെ അവരുടെ ഇടയിൽ ഒരു സൗഹൃദം ഉടലെടുത്തു. ആരും അറിയാതെ അവർ രണ്ട് പേരും അത് ശ്രദ്ധാപൂർവം മറച്ചു വെച്ചു.

വിക്ടറും നിമ്മിയ്ക്കും ഇടയിലുണ്ടായ പ്രശ്നങ്ങൾ വിക്ടർ മാഗിയോട് മാത്രം പങ്ക് വച്ചു. പക്വതയോടെ  നിർദ്ദേശങ്ങൾ  കൊടുക്കാനും അവനെ ജോലിയിൽ സപ്പോർട്ട് ചെയ്യാനും മാഗി ശ്രദ്ധിച്ചു.

വളരെ പെട്ടെന്നാണ് വിക്ടർ മാഗിയോട് അടുത്തത്,അവനിപ്പോൾ അവളില്ലാതെ ജീവിയ്ക്കാൻ വയ്യ എന്ന അവസ്ഥയിലായി.മാഗിയ്ക്കാകട്ടെ വിവാഹം എന്ന കൂദാശയിൽ വിശ്വാസം തന്നെയില്ല.അവളുടെ അപ്പനമ്മമാർ പരസ്പരം സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്.ഓർമ്മ വന്ന കാലം മുതൽ,  അവരെയവൾ ഒരിക്കൽ പോലും പരസ്പരം സ്നേഹത്തോടെ കണ്ടിട്ടില്ല.രണ്ട് വ്യത്യസ്ത മുറികളിൽ, അവരവരുടെ ലോകത്ത് കഴിയുന്ന ശത്രുക്കളാണവർ.

വിക്ടറാണവളിൽ പ്രതീക്ഷ നൽകിയത്.സ്വപ്നം കാണാനവളെ പഠിപ്പിച്ചത്.നിമ്മിയെ ഡിവോഴ്സ് ചെയ്തു അവരൊന്നാകുമെന്നാണവളുടെ ഇപ്പോഴത്തെ സ്വപ്നം.വിക്ടർ അവളെ അത്രമാത്രം സ്നേഹിക്കുന്നു. അവനവളെ പ്രണയം കൊണ്ട് മൂടുകയാണ്.

പൂളിനടുത്ത് നിന്നും വീണ്ടും പൊട്ടിച്ചിരികൾ കേട്ടു.വിക്ടറിൻ്റെ മൊബൈലിപ്പോൾ മാർട്ടിയുടെ കയ്യിലാണ്.അവൻ വാ പൊത്തി പിടിച്ചും കൊണ്ട് മൊബൈൽ ആനന്ദിന് കൈമാറി.അവൻ കയ്യിലിരുന്ന ഗ്ലാസ് താഴെ വച്ച് വലത് കൈകൊണ്ട് എന്തോ സൂം ചെയ്യുകയാണ്.

“അവരെന്താണ് കാണുന്നത്?? “

അവർ ഒന്നിച്ച് പോ-,ൺ സിനിമകൾ കാണാറുണ്ട്.അതിനെ കുറിച്ച് വിക്ടർ അവളോട് പറഞ്ഞിട്ടുണ്ട്.അതൊന്നും മാഗിയ്ക്ക് ഇഷ്ടമല്ല.അവളൊരിക്കലും അവൻ്റെ പേഴ്സണൽ സ്പേസിൽ ഇടപെടാറില്ല.എന്നാലിപ്പോൾ…മാഗിയ്ക്ക് ആകാംക്ഷ തോന്നി.

അവരുടെ രഹസ്യ സംഭാഷണവും പൊട്ടിച്ചിരികളും തുടങ്ങിയിട്ട് സമയം കുറെയായി.രാത്രി അവൾക്ക് തിരികെ പോകണം.രാത്രിയിൽ ഫ്ലാറ്റിൽ കൊണ്ട് വിടാമെന്ന് വിക്ടർ പറഞ്ഞിരുന്നതാണ്.അവനെയൊന്ന് ഓർമ്മപ്പെടുത്താം.

അടിച്ച് കോൺതിരിഞ്ഞ ഈ അവസ്ഥയിൽ അവനെ കൊണ്ട് ഡ്രൈവ് ചെയ്യാൻ പറ്റില്ലെന്നറിയാം. എന്നാലും അവൻ കൂടെയുണ്ടെങ്കിൽ ഒരു ധൈര്യമാണ്.അവനെ ഇന്ന് തിരികെ വിടേണ്ട,തൻ്റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകാം.അവൻ ഇവിടെയിനി നിന്നാൽ  ഓവറാക്കും.

അവൾ പൂളിനടുത്തേക്ക് നടന്നു.അവൾ തൊട്ട് പിന്നിലെത്തിയത് മൂന്നാളും അറിഞ്ഞിട്ടില്ല.മാഗിയാണ് സംസാര വിഷയം.അവൾ വിക്ടറിൻ്റെ ഫോൺ സ്ക്രീനിലേക്ക് നോക്കി.മാഗിയുടെ ഒരു പഴയ ഫോട്ടോ,വിക്ടർ നിർബന്ധിച്ചപ്പോൾ അവൾ ആദ്യമായും അവസാനമായും അയച്ച് കൊടുത്ത സെൽഫി.

കുളി കഴിഞ്ഞ് സ്ലിപ് മാത്രം ധരിച്ച് ചുരുണ്ട മുടി ഒരു വശത്തേക്ക് ഒതുക്കി തോളിലേക്കിട്ട ചിത്രം.അവളുടെ സ്വകാര്യത, സ്വന്തമെന്ന് കരുതിയ വിക്ടറിന് ഒരു പ്രത്യേക സാഹചര്യത്തിൽ, പ്രണയത്തിന്റെ പാരമ്യത്തിൽ അയച്ചതാണ്.

വിക്ടർ തന്നെ ചതിക്കുകയായിരുന്നോ? തൻ്റെ സ്വകാര്യതയാണോ ചർച്ചാ വിഷയം,അവനെ ജീവന് തുല്യം സ്നേഹിച്ചത് തെറ്റായോ,അവനെ വിശ്വസിച്ചത് അപരാധമായോ? നൂറ് ചോദ്യങ്ങൾ അവളിൽ നിന്നും ഉയർന്നു വന്നു.

“എന്നാലും മാഗി ആള് കൊള്ളാമല്ലോ? ഞങ്ങൾക്ക് അവളെ ഏഴെട്ട് വർഷത്തെ പരിചയമുണ്ട്.ഒരിക്കലും അവളിൽ നിന്നിങ്ങനെ.വിക്ടർ നീയാണ് മിടുക്കൻ.”

മാർട്ടിൻ ആനന്ദിനെ നോക്കി.

“അല്ലേലും പെണ്ണുങ്ങളുടെ ഉള്ളറിയാൻ പാടാണ്.എന്നാലും വിക്ടറേ ,അളിയാ നീ ഭാഗ്യവാനാണ്.അവള് എന്നാ മുതലാണ്.”

മാഗിയുടെ കൈ തരിച്ചു.അവൾക്ക് മൂന്ന് പേരെയും കാര്യമായി ഒന്ന് പെരുമാറണമെന്നുണ്ട്.പക്ഷേ മനസ്സ് പതറി പോകുന്നു.മൂന്ന് പേരെയും എത്രമാത്രം വിശ്വസിച്ചു, സ്നേഹിച്ചു.ഒടുവിൽ അവർ വിശ്വാസ വഞ്ചന കാട്ടി.മമ്മ പറഞ്ഞതാണ് ശരി ആണിന് പെണ്ണിന്റെ ശരീരം മാത്രം മതി.

അവൾ തിരിഞ്ഞ് നടന്നതും കാർ സ്റ്റാർട്ട് ചെയ്തതും മൂവരും അറിഞ്ഞിട്ടില്ല.
ഫ്ലാറ്റിലെത്തിയപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി.ഇത് വരെ അവൾക്കുണ്ടായിരുന്ന ആൽഫാ ഫീമെയിൽ ഇമേജിൽ അവൾ തൃപ്തയായിരുന്നു.

ഉള്ളിൻ്റെയുള്ളിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ചിരുന്നു.ആ ആഗ്രഹം സഫലമായത് വിക്ടറിലൂടെയാണ്. അവൻ്റെ സ്നേഹം ചതിയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്.

അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.വിക്ടറാണ്,ആനന്ദും മാർട്ടിനും മാറി മാറി വിളിക്കുന്നു.അവൾ തുടർച്ചയായി ഫോൺ കട്ട് ചെയ്തു.

മണ്ടത്തരമാണ് കാട്ടുന്നത് ഫോൺ അറ്റൻഡ് ചെയ്യുന്നതാണ് ബുദ്ധി.ഇല്ലെങ്കിൽ തന്നെ കാണാതെ അവർ പോലീസിൽ അറിയിക്കും.പോലീസ് അന്വേഷിച്ചു വരും, അടുത്തുളള ഫ്ലാറ്റിലൊക്കെയറിഞ്ഞ് തനിക്ക് നാണക്കേടാകും.

അവൾ അടുത്ത കാൾ വന്നതും ചാടിക്കയറി പറഞ്ഞു.

“വിക്ടർ ഞാൻ ഫ്ലാറ്റിലെത്തി.തിരക്കി വരണ്ട.ബ്രേക്ക് അപ്പ്.”

മാഗി ഫോൺ കട്ട് ചെയ്തു.

അവൾ വസ്ത്രം മാറാതെ സോഫയിൽ കിടന്നു.ഇന്നിനി ഉറങ്ങാൻ കഴിയില്ല.ഒരു പക്ഷേ അവർ മറ്റെന്തെങ്കിലും കാര്യമാണ് പറഞ്ഞതെങ്കിൽ ,ആ ഫോട്ടോ അവൻ്റെ സ്ക്രീൻ സേവർ ആയിരുന്നെങ്കിൽ? പക്ഷെ ആനന്ദ് വിശേഷിപ്പിച്ച മുതൽ ആരാണ്.താനും വിക്ടറും തമ്മിലുള്ള റിലേഷൻഷിപ്പ് അവർക്കറിയില്ലല്ലോ.

അര മണിക്കൂർ കഴിഞ്ഞ് കാണും.മയക്കം കണ്ണുകളിൽ എത്തിയതും ഡോർ ബെൽ മുഴങ്ങി.വിക്ടറാകും,സ്ഥിരം സന്ദർശകനായത് കൊണ്ട് സെക്യൂരിറ്റി കടത്തി വിട്ടതാകും.ഡോർ തുറക്കാതിരുന്നാൽ അവൻ അവിടൊരു സീൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

വാതിൽ തുറന്നതും മൂന്നു പേരും കൂടി തള്ളി കയറി വന്നു.

“എന്തിനാണ് മാഗി എന്നോട് പറയാതെ. നീയില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല.”

വിക്ടർ മ-, ദ്യ ലഹരിയിൽ കരയാൻ തുടങ്ങി.മാഗി അവനെ തള്ളി സോഫയിലേക്കിട്ടു.അവളവൻ്റെ ഫോൺ പിടിച്ച് വാങ്ങി.

“എൻ്റെ ഫോട്ടോ നീ എന്തിനാണ് പ്രദർശിപ്പിച്ചത്.നിന്നോടുള്ള വിശ്വാസത്തിൽ നമ്മുടെ സ്വകാര്യതയിൽ,ഞാനെന്റെ ഭാവി വരനായി അയച്ച് തന്നതല്ലേ.”

“അതിന് ഞാനെന്ത് ചെയ്തു.നിമ്മിയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഇവരോട് ഞാൻ പറഞ്ഞു.
നമ്മുടെ ഇഷ്ടത്തെക്കുറിച്ച് ഞാനിവരോട് പറഞ്ഞു.ഇവർ വിശ്വസിച്ചില്ല.നീ എൻ്റേതാണെന്ന് തെളിയിക്കാൻ ഞാൻ പറഞ്ഞതെല്ലാം ഇവർ നിഷേധിച്ചു.നീ ആൽഫ ആണെന്ന്.പിന്നെ ഞാനെന്ത് ചെയ്യും.നീ എൻ്റേതാണെന്ന് എനിക്ക് ഈ ലോകത്തെ അറിയിക്കണമായിരുന്നു..ഞാൻ നിന്റെ ഒരു ചിത്രം തപ്പിയതാണ്.ആകെ ഉണ്ടായിരുന്നത് ഈ ഫോട്ടോയാണ്.അവർ പറഞ്ഞത് നമ്മൾ മേഡ് ഫോർ ഈച്ച് അദർ ആണെന്നാണ്.”

“ഇല്ല നിന്നെ ഞാൻ വിശ്വസിക്കില്ല.നീയെന്നെ ചതിക്കുകയായിരുന്നു.”

ഇത് വരെ നിശബ്ദനായിരുന്ന ആനന്ദ് ഇടപ്പെട്ടു.

“എൻ്റെ പൊന്ന് മാഗി ,അവനെയൊന്ന് വിശ്വസിക്കൂ.അവൻ നിൻ്റെ സ്നേഹത്തക്കുറിച്ചും നിന്നെ വിവാഹം ചെയ്യുന്ന കാര്യവുമാണ് പറഞ്ഞത്.അവന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരു തീം വേണമെന്ന് അതാണ് ഞങ്ങൾ ഡിസ്കസ് ചെയ്തത്.അവൻ്റെ സ്നേഹത്തെ മാത്രമല്ല, ഞങ്ങളുടെ സൗഹൃദത്തേയും നീ തെറ്റിധരിച്ചു.”

അവൾ മാർട്ടിനടുത്തേയ്ക്ക് നടന്നു.

“ഇതൊക്കെ സത്യമാണോ മാർട്ടിൻ.”

“സത്യമാണ് മാഗി.നീയെങ്ങാനും തള്ളി പറഞ്ഞാല് ഈ ചെറുക്കൻ ആത്മഹത്യ ചെയ്യും.അത്രയ്ക്കും അവന് നിന്നെ ഇഷ്ടമാണ്.അവനെ നീ സംശയത്തോടെ നോക്കരുത്.നിനക്ക് ദ്രോഹം ഉണ്ടാകുന്നത് ഒന്നും ഞങ്ങൾ ചെയ്യില്ല.”

“അപ്പോൾ എന്നെ മുതല് എന്ന് ഇവൻ  പറഞ്ഞതോ.”

“സോറി അങ്ങനെ ഞാൻ പറഞ്ഞിരുന്നോ.മ-, ദ്യലഹരിയിൽ പറ്റിയതാ, വേറെ വാക്ക് കിട്ടിയില്ല.”

“ഉം.”

“ഉള്ള കെട്ടിറങ്ങി പോയി.ഇനി ഒന്നേന്ന് തുടങ്ങണം.”

“മതി മതി .ഇന്നത്തെ ക്വോട്ട കഴിഞ്ഞു.മൂന്ന് പേരും മര്യാദയ്ക്ക് സ്ഥലം വിട്ടോ.”

മൂന്ന് പേരും പോകാനായി എഴുന്നേറ്റു.

“മാഗി ഞങ്ങൾ നാളെ ഗോവയ്ക്ക് പോകുന്നു.തൻ്റെ പപ്പയേയും മമ്മിയേയും കണ്ട് അനുവാദം മേടിയ്ക്കാൻ.”

” അതൊന്നും വേണ്ട.എനിക്ക് ഒന്നും കൂടി ഈ വിവാഹത്തെക്കുറിച്ച് ആലോചിക്കാനുണ്ട്.”

“ഇനിയെന്ത് ആലോചിക്കാൻ ? ഞങ്ങൾ ആങ്ങളമാർ എല്ലാം തീരുമാനിച്ചു . ഞങ്ങളുടെ പെങ്ങളെ വിക്ടർ അളിയന് കെട്ടിച്ച് കൊടുക്കാൻ.നീ ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ…നിനക്ക് കുഴപ്പം വരുന്നത് ഒന്നും ആരും ചെയ്യാൻ ഞാൻ സമ്മതിക്കില്ല.”

ആനന്ദ് പറഞ്ഞു.

മാഗി എന്തോ പറയാനായി മുന്നോട്ട് വന്നു.വിക്ടർ രണ്ട് കൈകളിലും അവളെ വാരിയെടുത്തു.അവരുടെ പിന്നിൽ ഡോളർ അടയുന്ന ശബ്ദം കേട്ട് മാഗി പുഞ്ചിരിച്ചു.

✍️നിഷ പിള്ള

Leave a Reply

Your email address will not be published. Required fields are marked *