അനുരാധ…
എഴുത്ത്: ദേവാംശി ദേവ
====================
പാലപ്പത്തിന്റെ മാവ് അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് ചുയറ്റി അടുപ്പിലേക്ക് വയ്ക്കുമ്പോഴാണ് കോളിംഗ് ബെൽ കേട്ടത്..
അപ്പച്ചട്ടി അടച്ചു വെച്ച ശേഷം അനുരാധ വേഗം ഉമ്മറത്തേക്ക് നടക്കുമ്പോൾ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി.
“സാറ് നടക്കാൻ പോയിട്ട് ഇന്ന് നേരത്തെ വന്നോ..”
സ്വയം പറഞ്ഞുകൊണ്ട് അനുരാധ വാതിൽ തുറന്നു. എന്നാൽ അവളുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളൊന്ന് വിളറി..
ജീൻസും സ്ലീവ് ലെസ്സ് ടോപ്പും സൺ ഗ്ലാസൊക്കെ ആയിട്ട് നിൽക്കുന്ന പെൺകുട്ടി പുശ്ചത്തോടെ അവളെയൊന്ന് നോക്കി.
“അച്ഛനെവിടെ…”
“നടക്കാൻ…നടക്കാൻ പോയി..”
ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറി സോഫയിലേക്ക് ഇരുന്നുകൊണ്ട് ഫോണടുത്ത് അതിൽ നോക്കാൻ തുടങ്ങി..
“കുടിക്കാൻ എന്തെങ്കിലും..” അനുരാധ ചോദിച്ചെങ്കിലും ആ കുട്ടി അവളെയൊന്ന് നോക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. അതുകൊന്ദ് തന്നെ അവൾ പിന്നെ അവിടെ നിൽക്കാതെ അടുക്കളയിലേക്ക് പോയി.
കുറച്ചു കഴിഞ്ഞതും അയാൾ കയറി വന്നു..സുധീർ…58 വയസ്സ്…ഒരു എക്സ് പ്രവാസി..ഇപ്പോൾ ചെറിയൊരു പ്ലാന്റർ.
“അച്ചു….മോളെപ്പോ വന്നു.”
ആ കുട്ടിയെ കണ്ട സന്തോഷത്തിൽ അയാളുടെ കണ്ണുകൾ തിളങ്ങി. സുധീറിന്റെ ശബ്ദം കേട്ടതും അനുരാധ വേഗം അയാൾക്കുള്ള കോഫി ഉണ്ടാക്കാൻ തുടങ്ങി..
“ഞാൻ ഇപ്പോ എത്തിയതേയുളളു അച്ഛാ…”
“എന്താ മോളെ ഇത്ര രാവിലെ..എന്തെങ്കിലും പ്രശ്നം ഉണ്ടോ..”
“യെസ്…ചെറിയൊരു പ്രശ്നം ഉണ്ട്. എനിക്ക് അച്ഛനോട് കുറച്ച് സംസാരിക്കണം.”
“ok..മോളിരിക്ക് ഞാനൊന്ന് കുളിച്ചിട്ടു വരാം.”
“നോ..നോ…എനിക്ക് ടൈം ഇല്ല അച്ഛാ..ഒൻപത് മണിക്കൊരു മീറ്റിംഗ് ഉണ്ട്.” അച്ചുവിന്റെ വാക്കുകൾ കേട്ടപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ സുധീർ അവിടെ തന്നെ ഇരുന്നു.
“അച്ഛാ…ഞാനൊരു റിലേഷനിൽ ആണ്.”
“ഓ…കൺഗ്രാട്സ് മോളു..”
“താങ്ക്സ് അച്ഛാ.. ഹേമന്ത് എന്റെ കൂടെ പഠിച്ചതാണ്..ഇപ്പോൾ u. k യിൽ ആണ്.
ഹേമന്തിന്റെ ഫാമിലിയൊക്കെ ദുബായിൽ സെറ്റിൽഡ് ആണ്. ഞങ്ങൾക്ക് വിവാഹം ഉടനെ നടത്തണമെന്നാണ്. വിവാഹം കഴിഞ്ഞ് ഞാനും ഹേമന്തിന്റെ കൂടെ പോകും..അവിടെ എനിക്ക് ജോലി ശരിയാക്കാമെന്ന് ഹേമന്ത് പറഞ്ഞിട്ടുണ്ട്.”
“ഗ്രേറ്റ്..”
“ഹേമന്തിന്റെ ഫാമിലി നാട്ടിലേക്ക് വരുന്നുണ്ട്..നെക്സ്റ്റ് സൺഡേ വീട്ടിൽ വരും..അപ്പോ തന്നെ എല്ലാം സംസാരിച്ച് തീയതി നിച്ഛയിക്കാമെന്നാണ് ഹേമന്ത് പറയുന്നത്…അച്ഛൻ ഉണ്ടാവില്ലേ..”
“പിന്നെ ഉണ്ടാവാതെ…എന്റെ മോളുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ അച്ഛൻ മാറി നിന്നിട്ടുണ്ടോ..”
“അതല്ല അച്ഛാ..പ്രശ്നം എന്താണെന്ന് വെച്ചാൽ..”
“എന്തായാലും മോളു പറഞ്ഞോ..”
“അച്ഛനും അമ്മയും സെപ്രേറ്റഡ് ആണെന്ന് ഹേമന്തിനും ഫാമിലിക്കും അറിയില്ല..നിങ്ങൾ ഡിവോഴ്സൊന്നും ചെയ്തിട്ടില്ലല്ലോ..അതുകൊണ്ട് ഞാനതൊന്നും പറയാൻ പോയില്ല.. മാത്രവും അല്ല അമ്മക്ക് അച്ഛനോടൊത്ത് മുന്നോട്ട് പോകാൻ താല്പര്യം ഉണ്ട്…എന്റെ നല്ല ഫ്യൂച്ചറിനുവേണ്ടി അച്ഛൻ ഇതിനു സമ്മതിക്കണം.”
സുധീർ ചെറുതായി ചിരിച്ചു കൊണ്ട് അടുക്കളുയുടെ ഭാഗത്തേക്ക് നോക്കി..
“അവര് അച്ഛന്റെ പാർട്ണർ ഒന്നും അല്ലല്ലോ..വർഷങ്ങളായി അച്ഛന്റെ കാര്യങ്ങൾ നോക്കാൻ നിൽക്കുന്നൊരു സ്ത്രീ…സർവന്റ്..”
“അച്ചു..” സുധീർ ശബ്ദം കടുപ്പിച്ച് വിളിച്ചു.
“അനുരാധ ഒരു സർവന്റ് മാത്രമല്ലെന്ന് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്.”
“ok ok…അവർക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ നമുക്ക് കൊടുക്കാം..ലക്ഷങ്ങൾ ആയാലും പ്രശ്നം ഇല്ല..ഞാനിവിടുന്ന് പോകുമ്പോൾ എന്റെ അച്ഛനും അമ്മയും ഒന്നായി കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”
“മോൾ പൊയ്ക്കോ..വെറുതെ ലേറ്റ് ആകേണ്ട..സൺടെ അച്ഛൻ ഉണ്ടാകും അവിടെ..”
“ഞാൻ പ്രതീക്ഷിക്കും എന്റെയും അമ്മയുടെയും മാത്രമായി അച്ഛൻ വരുന്നത്.”
അയാളോട് പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റ് തിരിഞ്ഞു നടന്നു..ഇതൊക്കെ കേട്ട് നിറ കണ്ണുകളോടെ ഒരു ചുവരിനപ്പുറം അവളുണ്ടായിരുന്നു..
അനുരാധ.
*****************
രേഖ..
അമ്മയും പെങ്ങന്മാരും കൂടി പ്രവാസിയായ സുധീറിന് കണ്ടുപിടിച്ച പെണ്ണാണ് രേഖ..ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി.
വിവാഹം കഴിഞ്ഞ് അടുത്ത മാസം തന്നെ സുധീർ തിരിച്ചു പോയി..പോകും മുൻപ് വീട്ടിലെ നിവർത്തികേടു കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ച പഠനം തുടരാനുള്ള എല്ലാ കാര്യങ്ങളും സുധീർ രേഖക്ക് ചെയ്തു കൊടുത്തു.
സുധീർ തിരികെ പോയി..രേഖ കോളേജിൽ പോയി തുടങ്ങി..സുധീർ അടുത്ത ലീവിന് വന്നിട്ട് പോകുമ്പോൾ രേഖ ഗർഭിണി ആയിരുന്നു..അവളൊരു പെൺകുഞ്ഞിമു ജന്മം നൽകി..അനശ്വര എന്ന അച്ചു.
പഠിത്തം പൂർത്തിയാക്കിയ രേഖക്ക് നല്ലൊരു ജോലി ലഭിച്ചു. അതോടെ ഭാര്യയോടും മോളോടും ജീവിക്കാനുള്ള കൊതിയോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സുധീർ തിരികെ എത്തി…
അവിടം തൊട്ടായിരുന്നു ജീവിതത്തിൽ പ്രശ്നങ്ങൾ ആരഭിച്ചത്. തന്റെയോ മോളുടെയോ കാര്യങ്ങൾ നോക്കാൻ രേഖക്ക് സമയം ഇല്ല..മാത്രമല്ല അവളുടെ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും അവൾ വീട്ടിലേക്ക് ചിലവാക്കില്ല..ചെറിയ ചെറിയ പിണക്കങ്ങൾ വലിയ പൊട്ടിതെറിയിൽ അവസാനിച്ചു. മോളെയും കൊണ്ട് രേഖ വീട്ടിൽ നിന്നും ഇറങ്ങി പോയി..
തിരികെ വരുമെന്ന് സുധീർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല..അവളുടെ വീട്ടുകാർക്ക് അവളൊരു കറവ പശുവായി..എന്നാൽ സുധീറിനോടുള്ള ദേഷ്യത്തിലും വാശിയിലും രേഖയത് തിരിച്ചറിഞ്ഞില്ല. എങ്കിലും മോളുടെ കാര്യങ്ങൾ എല്ലാം അയാൾ നോക്കിയിരുന്നു.
ഇടക്കൊരു അറ്റാക്ക് വന്നു..കുറച്ചു നാൾ ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു..അതാണ് അയാളുടെ ജീവിതം മാറ്റി മറിച്ചത്.
അയാളെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും രേഖ തയാറായില്ല..പകരം അയാളൊരു ജോലിക്കാരിയെ നിർത്തി…അനുരാധ..
അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു അനുരാധക്ക്..സുഖമില്ലാത്ത അമ്മയുടെ ചികിത്സക്കാണ് വിദ്യാഭ്യാസം ഇല്ലാത്ത അനുരാധ വീട്ടു ജോലിക്ക് വന്നത്. മാസങ്ങൾ കഴിഞ്ഞു..അനുരാധയുടെ അമ്മ മരിച്ചു അവൾ ഒറ്റക്കായി..അതോടെ പകൽമാന്യന്മാരായ പലരും പാതിരാത്രി അവളുടെ വിശേഷം തിരക്കിയെത്തി..
അതറിഞ്ഞപ്പോൾ സുധീറും അമ്മയും കൂടി അവളെ സുധീറിന്റെ വീട്ടിൽ സ്ഥിരമായി നിർത്തി. മൂന്നു വർഷങ്ങൾക്ക് ശേഷം സുധീറിന്റെ അമ്മ മരിക്കുമ്പോൾ അനുരാധ അവിടുന്ന് ഇറങ്ങാൻ തുടങ്ങിയതാണ്. സുധീറുന്റെ പെങ്ങമ്മാർ അവളെ തടഞ്ഞു..അവരുടെ ആങ്ങളയോടൊപ്പം അവൾ എന്നും വേണമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു…അന്നു മുതൽ അനുരാധ സുധീറിനൊപ്പമാണ്.
“സാറ് ഉറങ്ങിയില്ലേ..”
രാത്രി ജോലിയൊക്കെ ഒതുക്കി റൂമിലേക്ക് ചെല്ലുമ്പോൾ കണ്ണും തുറന്ന് എന്തോ ആലോചിച്ച് കിടക്കുന്ന സുധീറിനോട് അവൾ ചോദിച്ചു. സാധാരണ അവൾ എത്തുമ്പോൾ അയാൾ ഉറങ്ങിയിട്ടുണ്ടാവും.
“ഇല്ലെടോ..ഉറക്കം വന്നില്ല..” അതിനു മറുപടിയൊന്നും പറയാതെ കട്ടിലിന്റെ അടിയിൽ നിന്നും ബെഡ് എടുത്ത് നിലത്തു വിരിച്ച് അവൾ കിടന്നു.
“ഡോ…ഞായറാഴ്ച രാവിലെ റെഡിയാവണം..ഒരിടം വരെ പോകണം.”
തന്നെ എവിടെയോ സുരക്ഷിതമായി നിർത്താനാണ് അയാളുടെ പദ്ധതിയെന്ന് അവൾക്ക് മനസിലായി..കുടുംബത്തോടൊപ്പം തിരികെ ചേരുമ്പോൾ ഒരിക്കലും അയാൽ തന്നെ പെരുവഴിയിൽ ഉപേക്ഷിക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. എങ്കിലും എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു.
ഞായറാഴ്ച രാവിലെ തന്നെ അവൾ റെഡിയായി സുധീറിനൊപ്പം ഇറങ്ങി…അയാളുടെ കാർ ചെന്ന് നിന്നത് വലിയൊരു വീടിനു മുൻപിലാണ്. അവിടെ വേറെയും രണ്ട് മൂന്ന് കാർ കിടക്കുന്നുണ്ടായിരുന്നു.
കാറിന്റെ ശബ്ദം കെട്ട് പുറത്തേക്ക് ഓടിവന്ന അച്ചു സുധീറിന്റെ കൂടെ അനുരാധയെയും കൂടി കണ്ടപ്പോൾ ദേഷ്യത്തോടെ മുഖം വീർപ്പിച്ചു.
“അച്ഛൻ എന്തിനാ ഇവരെകൂടി കൊണ്ട് വന്നേ..”
“കാര്യമുണ്ട്..അനുരാധയുടെ കൈയ്യും പിടിച്ച് അയാൾ അകത്തേക്ക് കയറി.
സുധീറിന്റെ കൂടെ അനുരാധയെ കണ്ടതും രേഖക്കും വീട്ടുകാർക്കും ദേഷ്യം തോന്നി.
“അച്ഛാ.. ഇതാണ് ഹേമന്ത്..ഇത് ഹേമന്തിന്റെ ഫാമിലി..ഇതാണ് എന്റെ അച്ഛൻ..”
അച്ചു അവരെ പരസ്പരം പരിചയപ്പെടുത്തി..
”ഇതാരാ…”
ഹേമന്തിന്റെ അമ്മയാണ് അനുരാധയെ നോക്കി ചോദിച്ചത്.
എന്ത് മറുപടി പറയണം എന്ന് അറിയാതെ അച്ചു സുധീറിനെ നോക്കി. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോഴും വിരിഞ്ഞു നിന്നിരുന്നു.
“അമ്മ..ഇത് അനുരാധ ആന്റി..സുധീർ അങ്കിൾ വിവാഹം കഴിക്കാൻ പോകുന്ന ആളാണ്.”
ഹേമന്തിന്റെ വാക്കുകൾ അച്ചുവിനെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു.
“നീ ഞെട്ടേണ്ട അനശ്വര..സുധീർ അങ്കിൾ എന്നെ വന്ന് കണ്ടിരുന്നു. രേഖ ആന്റിയുമായി വർഷങ്ങളായി സെപ്പറേറ്റഡ് ആണെന്നും നിന്റെ വിവാഹം കഴിഞ്ഞാൽ ഉടനെ അവർ ലീഗലി ഡിവോഴ്സ് ചെയ്ത് അനു ആന്റിയെ വിവാഹം ചെയ്യുമെന്നൊക്കെ പറഞ്ഞിരുന്നു. നീ ഇതൊന്നും എന്നിൽ നിന്ന് ഒളിച്ചു വെയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു അനശ്വര..ഇതൊന്നും വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല.”
“ഒരുമിച്ച് പോകാൻ പറ്റിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. നല്ലൊരു പാർട്ണറിനെ കിട്ടിയാൽ കൂടെ കൂട്ടുന്നതിൽ തെറ്റൊന്നും ഇല്ല.”
ഹേമന്തിന്റെ അച്ഛൻ കൂടി പറഞ്ഞതും ആ സംസാരം അവിടെ അവസാനിച്ചു.
എല്ലാം കേട്ട് വിറയലോടെ ഇരിക്കുന്ന അനുരാധയുടെ കൈ സുധീർ മുറുകെ പിടിച്ചു.
അച്ചുവിന്റെയും ഹേമന്തിന്റെയും വിവാഹകാര്യങ്ങാൽ എല്ലാം പറഞ്ഞുറപ്പിച്ചിട്ടാണ് സുധീറും അനുരാധയും ആ വീട്ടിൽ നിന്നും ഇറങ്ങിയത്.
************
“അവിടെ അല്ല ഇവിടെ..” രാത്രി താഴെ കിടക്കാൻ തുടങ്ങിയ അനുരാധയുടെ കൈ പിടിച്ച് സുധീർ കട്ടിലിലേക്ക് ഇരുത്തി..
“ഒരു ഹണിമൂണൊന്നും ഇനി നമ്മുടെ ജീവിതത്തിൽ ഉണ്ടായില്ലെന്ന് വരാം. പക്ഷെ ജീവിതത്തിന്റെ ഈ സായാഹ്നത്തിൽ പരസ്പരം തുണയാകാൻ നമുക്ക് കഴിയും എന്നുറപ്പുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തത്.
നിന്നോട് പോലും ചോദിക്കാതെ..നിനക്ക് സമ്മതം തന്നെ അല്ലേ..”
സുധീറിന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്താണെങ്കിലും പറഞ്ഞോ..” സുധീർ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
“എനിക്ക്…എനിക്ക്…സമ്മതാ..ഇനിയുള്ള കാലം കൂടെ ജീവിക്കാൻ എനിക്ക് സമ്മതാ..” അവളുടെ മറുപടി കേട്ടതും പുഞ്ചിരിയോടെ സുധീർ അവളെ തന്റെ നെഞ്ചോട് ചേർത്തു.