“ആതിരയ്ക്ക് വിരോധമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് പോകാം. അവിടുന്ന് ഫ്രഷ് ആയിട്ട് ഞാൻ തന്നെ റാമിന്റെ വീട്ടിൽ കൊണ്ടുവിടാം.” അത് പറഞ്ഞിട്ട് ആതിരയുടെ മറുപടിക്കായി കാർത്തിക് അവളുടെ മുഖത്തേക്ക് നോക്കി.
“ഞാൻ വരാം സർ..” മറുപടി പറയാൻ അവൾക്കൊട്ടും ആലോചിക്കേണ്ടതായി വന്നില്ല.
“എങ്കിൽ വരൂ… ഇപ്പൊതന്നെ നമുക്ക് പോകാം. ” കാർത്തിക് അവളെ ക്ഷണിച്ചു.
മടിയേതും കൂടാതെ ഭയമില്ലാതെ ആതിര അവന്റെയൊപ്പം നടന്നു. കാർത്തിക്കിന്റെ കാറിൽ അവന്റെ വീട്ടിലേക്കുള്ള യാത്രയിലുടനീളം അവനവളുടെ വീട്ടുകാരെ പറ്റി കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ഓർമ്മ വച്ച നാൾ മുതൽ ഇന്നോളം കഷ്ടതകൾ മാത്രം അനുഭവിച്ച പെണ്ണിനോട് കാർത്തിക്കിന് അനുതാപം തോന്നി. ഈ ദുരിതകടൽ താണ്ടി വന്നവൾ പെട്ടെന്നൊരു നിമിഷം എല്ലാം കൈവിട്ട് പോയപ്പോൾ ആ, ത്മഹത്യയെ കുറിച്ച് ചിന്തിച്ചുപോയതിൽ തെറ്റ് പറയാനും പറ്റില്ലെന്ന് അവനോർത്തു.
കാർത്തിക്കിന്റെ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ അവന്റെ അമ്മ ഹേമലത ഇരിപ്പുണ്ടായിരുന്നു.
“അമ്മേ.. ഇതാ ഞാൻ പറഞ്ഞ കുട്ടി, ആതിര.”
“മോളെ പറ്റി ഇവനെന്നും പറയാറുണ്ട്. അവിടെതന്നെ നിൽക്കാതെ അകത്തേക്ക് വരൂ.” ആതിരയെ വീടിനുള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് അവർ പറഞ്ഞു.
കാർത്തിക്കിന്റെ അമ്മയുടെ സൗഹൃദപൂർവ്വമായ പെരുമാറ്റം അവൾക്കും മനസ്സിന് കുളിർമയേകി. സങ്കോചമേതുമില്ലാതെ ആതിര അവരുമായി പെട്ടന്ന് അടുത്തു.
“കുഞ്ഞിന്റെ പേരെന്താ മോളെ?” അവളുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ ഹേമലത ചോദിച്ചു.
അപ്പോഴാണ് തന്റെ മോൾക്ക് താനിതുവരെ ഒരു പേര് പോലും ഇട്ടിട്ടില്ലെന്ന് അവളോർത്തത്. കുഞ്ഞിനെയും കൊണ്ട് ഓരോ ദുരിതങ്ങൾ താണ്ടി ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്നതിനിനിടയിൽ ആ ചിന്ത പോലും ആതിരയുടെ മനസ്സിലേക്ക് കടന്ന് വന്നിരുന്നില്ല.
“മോൾക്ക് ഇതുവരെ പേരിട്ടിട്ടില്ല ആന്റി.” അത് പറയുമ്പോൾ അവളുടെ വാക്കുകൾ ചിലമ്പിച്ചിരുന്നു.
“എന്നാ ഈ സുന്ദരിക്കുട്ടിക്ക് വേഗം നല്ലൊരു പേര് കണ്ട് പിടിച്ചോ.” ആതിരയുടെ കൈപിടിച്ച് അകത്തേക്ക് നടത്തിക്കുമ്പോൾ ഹേമലത പറഞ്ഞു.
“കണ്ട് പിടിക്കാം അമ്മേ..”
കാർത്തിക്കും അമ്മയും മാത്രമാണ് അവിടെ താമസം. അച്ഛൻ കർണാടക സ്വദേശിയും അമ്മ ആലപ്പുഴക്കാരിയുമാണ്. രണ്ടുപേരുടെയും പ്രേമ വിവാഹമായിരുന്നു. കാർത്തിക് ഒറ്റ മകനാണ്.
“മോള് പോയി ഈ ഉടുപ്പൊക്കെ ഒന്നുമാറ്റി കുളിച്ച് വരൂ… അതുവരെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം.”ബാത്റൂം ചൂണ്ടിക്കാട്ടി അവരവളോട് പറഞ്ഞിട്ട് മോളേം കൊണ്ട് മുറിയിലേക്ക് പോയി.
തന്റെ അമ്മാമ്മയെ പോലെ സ്നേഹത്തോടെ തന്നെ ചേർത്ത് നിർത്തിയുള്ള ഹേമലതയുടെ സംസാരവും പെരുമാറ്റവും അവളുടെ മനസ്സിനെ തണുപ്പിച്ചു.
ആതിര കുളിച്ചുവരുമ്പോൾ കാണുന്നത് മോളെ കുളിപ്പിച്ചൊരുക്കി പുതിയ ഉടുപ്പ് ഇടിപ്പിക്കുന്ന ഹേമലതയെയാണ്.
“ഇതെവിടുന്നാ ആന്റി കുഞ്ഞിന് പുതിയ ഉടുപ്പൊക്കെ?” ആകാംക്ഷയോടെ അവൾ അവരുടെ അരികിലായി വന്നിരുന്നു.
“ഇത് മോൾടെ പ്രസവം കഴിഞ്ഞ സമയത്ത് കുഞ്ഞിന് തരാൻ വേണ്ടി അവൻ വാങ്ങിവച്ചതായിരുന്നു.. ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോഴൊക്കെ മോൻ ഇതെടുക്കാൻ മറന്ന് പോകും. പിന്നെ മോള് ഡിസ്ചാർജ് ആയി പോവുകയും ചെയ്തു. മോളെ അടുത്ത തവണ കാണുമ്പോൾ തരാൻ വേണ്ടി മാറ്റി വച്ചിരുന്നതാ.
ഇതിവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ കുഞ്ഞിനെയൊന്ന് മേല് കഴുകിച്ച് ഉടുപ്പൊക്കെ മാറ്റി കൊടുക്കാമെന്ന് വച്ചു.” ചിരിയോടെ അവരത് പറയുമ്പോൾ ആതിരയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.
“ഇവിടെ ആന്റിയും സാറും മാത്രമാണോ താമസം?”
“ആഹ് മോളെ… ഞങ്ങൾക്കവൻ ഒറ്റ മോനാ. അവന്റെ അച്ഛൻ മൂന്നുവർഷം മുൻപ് മരിച്ചു പോയി.”
“സാറെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്.”
“മൂന്ന് വർഷം മുൻപ് അവന്റെ അച്ഛന് ഹാർട്ട് അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയത്ത് നാട്ടിൽ നിന്ന് തന്നെ ഒരു പെൺകുട്ടിയെ കണ്ടുപിടിച്ച് എടുപിടീന്ന് കല്യാണം നടത്തി വച്ചതായിരുന്നു. കല്യാണം കഴിഞ്ഞു പിറ്റേ മാസം കൃഷ്ണേട്ടൻ പോയി.
മോന്റെ അച്ഛൻ മരിച്ച് മാസമൊന്ന് തികയുമ്പോഴേക്കും അവൾ വേറൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോവുകയും കൂടെ ചെയ്തപ്പോൾ ഞങ്ങളാകെ തകർന്ന് പോയി. വെറും മൂന്നുമാസത്തെ ദാമ്പത്യം മാത്രമേ അവർ തമ്മിലുണ്ടായിരുന്നുള്ളൂ. അന്നുതൊട്ട് കാർത്തിക്കിന് പെണ്ണുങ്ങളോട് ഒരുതരം വെറുപ്പും അകൽച്ചയുമായിരുന്നു.
ഭാര്യ ഒളിച്ചോടി പോയ നാണക്കേടിൽ നിന്ന് രക്ഷനേടാൻ പഴയ ജോലി സ്ഥലം മാറിയാണ് ഇപ്പോഴത്തെ ഹോസ്പിറ്റലിൽ കയറിയത്. ഇവിടെ എല്ലാരോടും കല്യാണം കഴിച്ചിട്ടില്ലെന്നാണ് അവൻ പറയാറ്.” സാരിയുടെ മുന്താണിയാൽ അവർ കണ്ണീർ ഒപ്പി.
“പൊതുവെ ലേഡീസ് സ്റ്റാഫിനോടൊന്നും കാർത്തിക് സാർ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. അതിന്റെ കാരണം ഇതായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.”
“ആ പെണ്ണ് കാമുകനൊപ്പം ഒളിച്ചോടിപ്പോയ ശേഷം ഇവൻ സ്ത്രീകളോട് മിണ്ടുന്നതേ കുറവായിരുന്നു. ഒരുതരം വെറുപ്പും ഇഷ്ടക്കേടുമൊക്കെയായിരുന്നു മനസ്സിൽ. അതൊക്കെ മാറിയത് മോൾടെ അവസ്ഥ അറിഞ്ഞപ്പോഴാ.
എല്ലാ പെണ്ണുങ്ങളും അവന്റെ ഭാര്യ മിനിയെ പോലെയാണെന്ന് ഒരു ധാരണ ശരിയല്ലെന്ന് ഞാനവനോട് എത്ര പറഞ്ഞിട്ടും കേൾക്കില്ലായിരുന്നു. ഇപ്പൊ ആ ധാരണ തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്.”
“അല്ലെങ്കിലും ഒരു സ്ത്രീയോ പുരുഷനോ തെറ്റ് ചെയ്താൽ ആ വർഗ്ഗത്തെ ഒന്നാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ.” ആതിരയും അവരുടെ അഭിപ്രായത്തോട് പിന്താങ്ങി.
“എന്റെ ആങ്ങളയുടെ വീട്ടിലേക്കാണ് മോള് ജോലിക്ക് പോകുന്നത്. ഞാനും കാർത്തിക്കും ഇടയ്ക്കിടെ അങ്ങോട്ട് പോകാറുണ്ട്. നല്ല കുടുംബക്കാരാ. ജോലിക്കനുസരിച്ചുള്ള ശമ്പളമൊക്കെ മോൾക്കവർ തരും. വിശ്വസിച്ചു നിൽക്കേം ചെയ്യാം.”
“കാർത്തിക് സർ ഇല്ലായിരുന്നെങ്കിൽ എനിക്കീ ജോലി കിട്ടില്ലായിരുന്നു. അതിന് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇത് കൂടി കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും മോളും തെരുവിൽ കിടക്കേണ്ടി വന്നേനെ.” തലേ ദിവസത്തെ ഓർമ്മകളിൽ ആതിരയെന്ന് നടുങ്ങി.
“ഇനി അതിനെക്കുറിച്ചൊന്നും ഓർക്കണ്ട മോളെ.” ഹേമലത അവളെ ആശ്വസിപ്പിച്ചു.
**********************
കാർത്തിക്കിന്റെ വീട്ടിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാണ് അവർ ഇറങ്ങിയത്. കാർത്തിക് വിളിച്ചു പറഞ്ഞത് കൊണ്ട് അവരുടെ വരവും കാത്തിരിക്കുകയായിരുന്നു ശ്രീറാമും ഷൈനിയും.
ഇരുവർക്കും ഊഷ്മളമായ സ്വീകരണം തന്നെ അവർ നൽകി.
“മാറ്റന്നാളത്തെ ഫ്ലൈറ്റിന് ഞങ്ങൾ ദുബായ്ക്ക് തിരിച്ചുപോകും. അമ്മയ്ക്ക് സുഖമായ ശേഷം അച്ഛനേം അമ്മയെയും കൂടി അങ്ങോട്ട് കൊണ്ട് പോകാമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. അതുവരെ അവർക്ക് കൂട്ടായിട്ട് താനിവിടെ ഉണ്ടാവില്ലേ.” ശ്രീറാം അവളോട് ചോദിച്ചു.
“ഉണ്ടാവും സർ. എന്നെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി തന്നെ ചെയ്യും ഞാൻ.” ആത്മവിശ്വാസത്തോടെ ആതിര പറഞ്ഞു.
“കുഞ്ഞിനെയും കൊണ്ട് തനിക്ക് ഇവിടുത്തെ കാര്യങ്ങൾ മാനേജ് ചെയ്യാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതിയാണ് തന്നോടൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ ഇന്നലെ പറഞ്ഞുവിട്ടത്. തനിക്കത് വിഷമമായെങ്കിൽ റിയലി സോറി ടോ.”
“അതൊന്നും സാരമില്ല സർ… സാറിന്റെ സ്ഥാനത്ത് വേറെയാരാണെങ്കിലും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കൂ. കൈക്കുഞ്ഞുള്ള എന്നെ ജോലിക്ക് വിളിച്ചത് തന്നെ സാറിന്റെ വലിയ മനസ്സാണ്.” അവൾ വികാരാധീതയായി.
“ഷൈനി… ആതിരയ്ക്കുള്ള മുറി കാണിച്ച് കൊടുക്ക്. പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് വിശദമായി പറഞ്ഞു കൊടുത്തേക്ക്.” ശ്രീറാം ഭാര്യയോടായി പറഞ്ഞു.
” ഒരു മാസത്തെ തന്റെ ജോലി നോക്കിയിട്ട് സാലറി നമുക്ക് തീരുമാനിക്കാം. അതുപോരെ.” ഷൈനിക്ക് പിന്നാലെ നടക്കാൻ തുടങ്ങിയ ആതിരയോടായി ശ്രീറാം ചോദിച്ചു.
“മതി സർ.” പുഞ്ചിരിയോടെ അവളവനെ നോക്കി.
“ആതിര വരൂ…” ഷൈനി വിളിച്ചു. ഷൈനിക്ക് പിന്നാലെ കുഞ്ഞിനെയും കൊണ്ടവൾ നടന്ന് പോകുന്നത് സന്തോഷത്തോടെ നോക്കിയിരിക്കുകയായിരുന്നു കാർത്തിക്.
ആതിര അവിടെ ചെയ്യേണ്ട ജോലികളൊക്കെ ഷൈനി അവൾക്ക് പറഞ്ഞു കൊടുത്തു.
ക്‌ളീനിംഗ് ജോലിക്ക് വേറൊരു ജോലിക്കാരി വരുന്നത് കൊണ്ട് ആതിരയ്ക്ക് അവിടെ ചെയ്യേണ്ടത് ഭക്ഷണം ഉണ്ടാക്കലും ശ്രീറാമിന്റെ അമ്മയ്ക്ക് കൃത്യമായ ഇടവേളകളിൽ മരുന്നും ആഹാരവും കൊടുക്കലുമായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞുള്ള ഫ്ലൈറ്റിന് ശ്രീറാമും ഷൈനിയും ദുബായ്ക്ക് പോയി. ശ്രീറാമിന്റെ മാതാപിതാക്കൾ ആതിരയെ സ്വന്തം മോളെ പോലെയാണ് കണ്ടത്. അവർക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത് അവിടുത്തെ ഒരംഗത്തെ പോലെ അവൾ അവരോടൊപ്പം ഇഴുകി ചേരാൻ അധികസമയം വേണ്ടി വന്നില്ല.
ഒരു ഹോം നഴ്സിനെ പോലെ ശ്രീറാമിന്റെ അമ്മ ദേവകിക്ക് വേണ്ട പരിചരണങ്ങൾ ആതിര ചെയ്തുകൊടുത്തു. അതുകൊണ്ട് അവർ വേഗംതന്നെ സുഖം പ്രാപിച്ച് തുടങ്ങിയിരുന്നു. രാവിലെ കുഞ്ഞിനെ ഉറക്കി കിടത്തിയാണ് അവൾ പാചകമൊക്കെ ചെയ്യുന്നത്. രാത്രിയിൽ ഉറക്കമൊഴിയേണ്ടി വരുമ്പോൾ പകൽ പണിയൊക്കെ ഒതുക്കിയ ശേഷം വിശ്രമിക്കാൻ സമയം കണ്ടെത്താനും ആതിര ശ്രമിച്ചു.
കാർത്തിക്കും അമ്മയും ഇടയ്ക്കിടെ വന്ന് പോയി. ഇരു കുടുംബങ്ങളുമായും ചുരുങ്ങിയ സമയം കൊണ്ടുതന്നെ നല്ലൊരു ആത്മബന്ധം ഉണ്ടാക്കാൻ അവൾക്കായി.
പുതിയ ജോലിക്ക് കയറിയ കാര്യമൊക്കെ ആതിര, ശിവനോട് പറഞ്ഞിരുന്നു. ആൽഫിയുടെ വിശേഷങ്ങൾ ചോദിക്കുമ്പോൾ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് അവൾ വേഗം കാൾ കട്ട് ചെയ്യും.
*******************
ഇഷ്ടപ്പെട്ട ആളെതന്നെ വിവാഹം കഴിച്ച് ഒത്തിരി സ്വപ്‌നങ്ങളുമായിട്ടാണ് ആരതി പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്. പക്ഷേ വിധി അവൾക്കായി ഒരുക്കി വച്ചിരുന്നത് അപ്രതീക്ഷിത തിരിച്ചടികളായിരുന്നു.
ആദ്യരാത്രിതന്നെ മദ്യപിച്ച് ലക്ക് കെട്ട് വന്ന സുജിത്ത് മണിയറയിൽ അവനെയും കാത്തിരുന്ന ആരതിയെ കടന്ന് പിടിച്ച് ബലാൽകാരമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇഷ്ടത്തോടെ അവന് വിധേയയാകാൻ കാത്തിരുന്നവൾക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു സുജിത്തിന്റെ ആ പ്രവൃത്തി.
ആരതി മരുമകളായി വന്നതോടെ വീട്ടിലെ ജോലിക്കാരിയെ പറഞ്ഞുവിട്ട ശേഷം അവളെക്കൊണ്ട് അവിടുത്തെ മുഴുവൻ പണികളും സുജിത്തിന്റെ അമ്മ സീമ ചെയ്യിപ്പിക്കാൻ തുടങ്ങി.
എല്ലാംകൊണ്ടും എട്ടിന്റെ പണി കിട്ടിയ അവസ്ഥയാണ് അവളുടേത്. വീട്ടിലേക്ക് പോകാനും ആരോടെങ്കിലും പരാതി പറയാനും ആരതിയുടെ അഭിമാനം അനുവദിച്ചില്ല. കിട്ടിയ സ്വർഗം പോലത്തെ വീടുപേക്ഷിച്ച് പോകാൻ അവൾക്ക് മനസ്സ് വന്നില്ല. തല്ക്കാലം എല്ലാം ഉള്ളിലൊതുക്കി അവിടെ പിടിച്ചുനിൽക്കാൻ തന്നെ ആരതി തീരുമാനിച്ചു.
**********************
ശ്രീറാമിന്റെ അമ്മ ഇപ്പോ പൂർണ്ണ സുഖം പ്രാപിച്ച് കഴിഞ്ഞു. ആതിരയുടെ കുഞ്ഞിനിപ്പോ നാല് മാസം പ്രായമുണ്ട്. അച്ഛനെയും അമ്മയെയും കൊണ്ടുപോകാൻ ശ്രീറാം വരുന്നുണ്ടെന്ന് കേട്ടപ്പോൾ ആതിരയ്ക്ക് വിഷമമായി. ആ വീട്ടിലെ തന്റെ സേവനം ഏകദേശം അവസാനിക്കാറായി എന്നവൾക്ക് തോന്നി. തരക്കേടില്ലാത്ത ശമ്പളമാണ് അവിടെ നിന്നും അവൾക്ക് കിട്ടിയിരുന്നത്. ഇതുപോലെ കുഞ്ഞിനേം കൊണ്ട് ജോലി ചെയ്യാൻ പറ്റിയ സ്ഥലം വേറെ കിട്ടില്ലെന്ന് ആതിരയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ശ്രീറാമിന്റെ വരവിൽ അവൾ അതീവ ദുഃഖിതയായി കാണപ്പെട്ടു.
ദിവസങ്ങൾ അങ്ങനെ കഴിഞ്ഞുപോകുമ്പോഴാണ് അവരെ തേടി ആ ദുഃഖ വാർത്ത എത്തിയത്. ശ്രീറാം നാട്ടിലേക്ക് വരാനിരുന്ന ദിവസം ദുബായിൽ വച്ച് റാമിന്റെ ഭാര്യ ഷൈനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. അതേ തുടർന്ന് അവർ സീരിയസ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കപ്പെട്ടു. അതോടെ റാമിന്റെ നാട്ടിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്തു. സംഭവം അറിഞ്ഞപ്പോൾ മുതൽ റാമിന്റെ അച്ഛനും അമ്മയും ആകെ വിഷമാവസ്ഥയിലായി.
തുടരും….