കാലം….
എഴുത്ത്: ദേവാംശി ദേവ
===================
“കുറച്ചു നേരത്തെ നീ വന്നതല്ലെയുള്ളു മോളെ..വീണ്ടും പോകുവാന്ന് പറഞ്ഞാൽ നിനക്കും വേണ്ടേ റെസ്റ്റ്..”
രണ്ട് വയസുകാരി മോളെ രാത്രി രണ്ട് മണിക്ക് അമ്മയുടെ കൈയ്യിലേക്ക് കൊടുക്കുമ്പോൾ പരിഭവത്തോടെ ആ അമ്മായിയമ്മ മരുമകളുടെ മുഖത്തേക്ക് നോക്കി.
”എമർജൻസിയാണ് അമ്മേ..പോകാതിരിക്കാൻ പറ്റില്ല..”
ചിരിച്ചുകൊണ്ട് അശ്വനി പുറത്തേക്ക് നടന്നതും പ്രണവ് കാർ സ്റ്റാർട് ചെയ്തിരുന്നു..
“ഞാൻ പോകായിരുന്നല്ലോ പ്രണവേട്ടാ..
വെറുതെ എന്തിനാ ഉറക്കം കളയുന്നത്.”
“എന്റെ ഭാര്യക്ക് വേണ്ടി കുറച്ച് ഉറക്കം കളയുന്നതൊക്കെ എനിക്ക് ഇഷ്ടാ..”
ചെറു ചിരിയോടെ അവനത് പറയുമ്പോൾ അശ്വിനിയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.
കാർ സിറ്റിയിലെ പ്രശസ്തമായ മെറ്റേണിറ്റി ഹോസ്‌പിറ്റലിനു മുൻപിൽ നിന്നതും അശ്വനി ഡോക്ടർ മെർലിന്റെ ക്യാബിനിലേക്ക് ഓടുകയായിരുന്നു.
“ഡോക്ടർ..”
അശ്വനിയുടെ വിളികേട്ടാണ് മുൻപിലിരുന്ന പേപ്പറുകളിൽ നിന്ന് മുഖമുഴർത്തി മെർലിൽ അവളെ നോക്കിയത്.
” ആ…അശ്വനി എത്തിയോ…”
“എന്താ ഡോക്ടർ പ്രശ്നം..”
” പ്രശ്നം അല്പം സീരിയസ് ആണ് അശ്വിനി…എട്ടു മാസം കഴിഞ്ഞ പേഷ്യന്റ് ആണ്. ഉള്ളിൽ പോയിസൻ ചെന്നിട്ടുണ്ട്. ഹസ്ബൻഡും അയാളുടെ അമ്മയും കൂടെ വന്നിട്ടുണ്ട്..അവർ പറയുന്നത് വിഷം അബദ്ധത്തിൽ ഉള്ളിൽ പോയെന്നാണ്…”
“നിലവിലത്തെ അവസ്ഥ എങ്ങനെയാണ്..”
“രക്ഷപ്പെടാൻ ചാൻസ് കുറവാണ്..”
മുൻപിലിരുന്ന പേപ്പറുകൾ അശ്വനിയുടെ നേർക്ക് നീട്ടികൊണ്ട് അവർ പറഞ്ഞു.
“അത് നമ്മളല്ലല്ലോ ഡോക്ടർ നിശ്ചയിക്കുന്നത്..എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലേ..”
ഡോക്ടർ ലാബ് റിസൾട്ടുകളും സ്കാനിംഗ് റിപ്പോർട്ടുമൊക്കെ വിശദമായി നോക്കി.
“എന്തായാലും എത്രയും പെട്ടെന്ന് സിസേറിയൻ നടത്താം..ഡോക്ടർ ആ കുട്ടിയുടെ ബന്ധുക്കളോട് പറഞ്ഞേക്കു.”
“ഓകെ അശ്വനി. “
അശ്വനി വേഗം ഓപ്പറേഷൻ തിയറ്ററിലേക്ക് നടന്നു..ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ അവളും അവളെ കണ്ടപ്പോൾ അവരും ഞെട്ടി.
“ഇതാണ് ഡോക്ടർ അശ്വനി..എത്രയും വേഗം ആ കുട്ടിക്ക് സിസേറിയൻ ചെയ്യണം..അശ്വനി ഡോക്ടർ ആണ് അത് ചെയ്യുന്നത്.”
പുറകെ എത്തിയ ഡോക്ടർ മെർലിൻ ബന്ധുക്കളോട് പറഞ്ഞു.
“വേണ്ട..ഇവളെന്റെ ഭാര്യയെ ഓപ്പറേഷൻ ചെയ്യേണ്ട..”
പെൺകുട്ടിയുടെ ഭർത്താവ് ഉച്ചത്തിൽ പറഞ്ഞു..അതുകെട്ട് മെർലിൻ ഒരു നിമിഷം സ്തംഭിച്ചു പോയി. മെർലിൻ തിരിഞ്ഞ് അശ്വനിയെ നോക്കി..അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വിത്യാസമൊന്നും ഇല്ല
“ഡോ…താൻ ആരെയാ ഇവൾ, അവൾ എന്നൊക്കെ വിളിക്കുന്നത്..”
മെർലിൻ ദേഷ്യത്തോടെ അയാളെ നോക്കി ചോദിച്ചു..
“വേണ്ട ഡോക്ടർ..ഞാൻ സംസാരിക്കാം.”
മെർലിനെ തടഞ്ഞുകൊണ്ട് അശ്വിനി മുന്നിലേക്ക് വന്നു.
“മിസ്റ്റർ താങ്കളുടെ ഭാര്യയുടെ കണ്ടീഷൻ വളരെ ക്രിട്ടിക്കൽ ആണ്..അമ്മയെയോ കുഞ്ഞിനെയോ..ആരെയെങ്കിലും ഒരാളെ രക്ഷിക്കുക എന്നത് തന്നെ വളരെ റിസ്ക് ആണ്..മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാനുള്ള ടൈം ഒന്നും ഇല്ല..എന്ത് വേണമെന്ന് വേഗം പറയണം.”
“അച്ചു തന്നെ അവളെ നോക്കിയാൽ മതി..”
അയാളുടെ അമ്മ പറഞ്ഞതും അവൾ ദേഷ്യത്തോടെ അവരെ നോക്കി..
“അല്ല..അശ്വനി മേഡം നോക്കിയാൽ മതി..”
അശ്വനിയുടെ നോട്ടം കണ്ടതും അവർ തിരുത്തി പറഞ്ഞു..
“ഡോക്ടർ ഇവരുടെ കൈയ്യിൽ നിന്ന് സൈൻ വാങ്ങു..”
പറഞ്ഞുകൊണ്ട് അശ്വനി ഓപ്പറേഷൻ തിയറ്ററിലേക്ക് നടന്നു..സെക്കന്റുകൾ മിനിട്ടുകളായി പാഞ്ഞുകൊണ്ടിരുന്നു..
ദൈവവും അശ്വനി എന്ന മിടുക്കി ഗൈനക്കോളജിസ്റ്റും ഒന്ന് ചേർന്നപ്പോൾ അമ്മയും കുഞ്ഞും അത്ഭുതകരമായി തന്നെ രക്ഷപ്പെട്ടു..
ഓപ്പറേഷൻ തിയറ്ററിനു പുറത്ത് അവളെ നന്ദിയോടെ നോക്കുന്ന അമ്മയേയും മകനെയും ശ്രെദ്ധിക്കാതെ അവൾ ക്യാബിനിലേക്ക് നടന്നു..
അവളുടെ മനസ്സ് മുഴുവൻ വർഷങ്ങൾക്ക് മുൻപ് നിറകണ്ണുകളുമായി ഇരുട്ടത് റോഡിലൂടെ ഓടുന്നൊരു പെൺകുട്ടി ആയിരുന്നു..
അശ്വനി..അച്ഛനെ കുട്ടിക്കാലത്തെ നഷ്ടപ്പെട്ടവൾ..അമ്മയും അവളും മാത്രമായിരുന്നു അവളുടെ ജീവിതം..ഡോക്ടർ ആവാൻ കൊതിച്ചൊരു പാവം പെൺകുട്ടി..
പത്താംക്ലാസും പ്ലസ് ടുവും നല്ല മാർക്കോടെ ജയിച്ച് എൻട്രൻസ് എഴുതാൻ നിൽക്കുമ്പോൾ ആണ് അവൾക്കൊരു വിവാഹാലോചന വരുന്നത്..
വലിയൊരു തറവാട്ടിലെ രണ്ട് അണ്മക്കളിൽ മൂത്തമകന് വേണ്ടി..ഇത്ര ചെറുതിലെ അവളെ വിവാഹം കഴിപ്പിച്ച് അയക്കാൻ ആ അമ്മക്ക് താല്പര്യം ഇല്ലെങ്കിലും എത്ര വേണമെങ്കിലും അവൾ പഠിച്ചോട്ടെ..അവൾ ഞങ്ങളുടെ മരുമകൾ അല്ല മകൾ തന്നെ ആണെന്നുള്ള അവരുടെ സംസാരത്തിന് മുൻപിൽ ആ പാവം അമ്മ അവരെയൊക്കെ കണ്ണുമടച്ച് വിശ്വസിച്ചു.
ആദ്യമൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ കണ്ണുനീരിനു മുൻപിൽ അവൾക്ക് അടിയറവ് പറയേണ്ടിവന്നു…അങ്ങനെ പതിനെട്ടാം വയസ്സിൽ അവൾ ഭാര്യയായി…
ഒരു ഭാര്യ എന്നതിലുപരി ഒരു ഡോക്ടർ ആകാമെന്ന് സന്തോഷമായിരുന്നു അവളുടെ മനസ്സ് മുഴുവൻ.
എന്നാൽ ആദ്യരാത്രിയിൽ തന്നെ തന്റെ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു തുടങ്ങിയെന്ന് അവൾക്ക് മനസിലായി.
സ്വന്തം ഭർത്താവ് ബുദ്ധി വളർച്ചയെത്താത്ത ആളാണെന്ന് ആ രാത്രി തന്നെ അവൾ തിരിച്ചറിഞ്ഞു..അത് അവളെ മാനസികമായി തളർത്തി..
“പിന്നെ..ഇനി പഠിച്ച് ഡോക്ടർ പട്ടം നേടാത്തതിന്റെ കുറവ് മാത്രമേയുള്ളു..അതിന് കൊട്ട കണക്കിന് ശ്രീധനവും കൊണ്ടല്ലേ ഇങ്ങോട്ടേക്ക് തമ്പുരാട്ടി വലതുകാൽ വെച്ച് കയറി വന്നത്..അടുക്കളയിലോട്ട് കയറടി അങ്ങോട്ട്..”
തുടർന്ന് പഠിക്കുന്നത്തിനെ കുറിച്ച് സംസാരിച്ചപ്പോൾ അമ്മായിയമ്മയുടെ മറുപടി ആയിരുന്നു അത്..കൂടെ അവളെ പിടിച്ച് അടുക്കളയിലേക്ക് തള്ളി..
കൂട്ടത്തിൽ തന്റെ ശരീരം മാത്രം ലക്ഷ്യം വെച്ചു നടക്കുന്ന ഭർത്താവിന്റെ അനിയനും..അവനെ പേടിച്ച് രാത്രിയോ പകലോ സമാധാനമായി അവൾ ഉറങ്ങാതായി..എങ്കിലും ആ പാവം പെണ്ണ് സ്വന്തം അമ്മയെ ഒന്നും അറിയിച്ചില്ല..പക്ഷെ വിധി എല്ലാം അവരുടെ കൺ മുന്നിൽ കാണിച്ചു കൊടുത്തു..
അവളെ കാണാൻ വന്നൊരു ദിവസം എല്ലാ സത്യങ്ങളും ആ അമ്മ അറിഞ്ഞു..സ്വന്തം മകളെ ഇങ്ങനെയൊരു കുഴിയിലേക്ക് തള്ളിയിട്ടെന്ന കുറ്റബോധം സഹിക്കാൻ കഴിയാതെ അവർ ചങ്ക് പൊട്ടി മരിച്ചു..
അതോടെ അവളുടെ അവസ്ഥ പിന്നെയും കഷ്ടത്തിലായി..പോകാനൊരിടമില്ലാതെ സ്വന്തമായി ആരും ഇല്ലാതെ ആ പെണ്ണ് എല്ലാം സഹിച്ച് അവിടെ കഴിഞ്ഞു..
എന്നാൽ മൂന്ന് മാസത്തിനപ്പുറമൊരു പുലരി വിരിഞ്ഞത് അവളുടെ ഭർത്താവ് കുളത്തിൽ മരിച്ചു കിടക്കുന്നു എന്ന വാർത്തയോടെയാണ്..
അതിനും അവൾക്കായിരുന്നു കുറ്റം. രാത്രി ഭർത്താവ് ഇറങ്ങി പോയത് അറിയാതജെ ഉറങ്ങി എന്ന പേരിൽ അവൾ ഒരുപാട് കുറ്റങ്ങൾ കേട്ടു..ഒന്നും മിണ്ടാതെ എല്ലാം സഹിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.
കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായിയമ്മ അവൾക്ക് വേറെ കല്യാണം ഉറപ്പിച്ചു..അവരുടെ ഇളയ മകൻ..അവളുടെ ഭർത്താവിന്റെ അനുജൻ..
നാട്ടുകാരൊക്കെ സ്നേഹത്തോടെ അവരെ നോക്കിയപ്പോൾ ഞെട്ടലോടെയാണ് അവൾ ആ വാർത്ത കേട്ടത്…
പല പെണ്ണുങ്ങളുമായി ബന്ധമുള്ള..ല, ഹരി, ക്ക് അടിമയായ അവനെ സ്വീകരിക്കാൻ അവൾക്ക് ഒരിക്കലും കഴിയുമായിരുന്നില്ല..
ആ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചവളെ അമ്മയും മകനും ചേർന്ന് ശരീരികമായി ഒരുപാട് ഉ, പ, ദ്രവിച്ചു..രക്ഷപ്പെടനായി ആ പാവം പെണ്ണ് അവിടുന്ന് ഇറങ്ങിയോടി…തനിക്ക് എതിരെ വന്നൊരു ബസ് കൈകാണിച്ചു നിർത്തി അവൾ അതിലേക്ക് കയറി..
ടിക്കറ്റ് എടുക്കാൻ പോലും കൈയ്യിൽ കാശില്ലായിരുന്നു എന്ന് അവളപ്പോൾ ഓർത്തില്ല..കാശില്ലാതെ ബസിലേക്ക് കയറിയവളെ കണ്ടക്ടർ വഴക്ക് പറഞ്ഞപ്പോൾ അവളുടെ രക്ഷക്ക് എത്തിയത് ബസിലെ യാത്രക്കാരിയായൊരു മദർ ആയിരുന്നു..
അതായിരുന്നു അവളുടെ ജീവിതത്തിലെ വഴിതിരിവ്.
ഒരു അനാഥലയത്തിന്റെ തലപ്പത്തിരിക്കുന്ന മദർ അവളുടെ കഥയൊക്കെ അറിഞ്ഞപ്പോൾ അവളെ കൂടെ കൂട്ടി..അധികം വൈകാതെ തുടർന്ന് പഠിക്കാൻ സ്പോൺസറെയും ഏർപ്പാട് ചെയ്തു. അവൾ പഠിച്ചു..ഡോക്ടർ ആയി..പേരുകേട്ട ഗൈനക്കോളജിസ്റ്റ്…
ഒരിക്കൽ വയറുവേദനയുമായി അവളെ കാണാനെത്തിയതായിരുന്നു പ്രണവിന്റെ അമ്മ..
അവർക്ക് യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു..ഒരു ഡോക്ടർ എന്നതിനപ്പുറം ആ അമ്മക്ക് അവൾ നൽകിയ സ്നേഹത്തിലൂടെയും കരുതലിലൂടെയും ആ അമ്മക്ക് അവൾ സ്വന്തം മകൾ ആവുകയായിരുന്നു..അതുകൊണ്ട് തന്നെയാണ് ഏക മകനുവേണ്ടി അവർ അവളെ ചോദിച്ചത്…
തന്റെ ജീവിതം മൊത്തം അവരോട് തുറന്ന് പറയുമ്പോൾ അവർ പിന്മാറും എന്നാണ് കരുതിയത്..പക്ഷെ ആ അമ്മയും മകനും അവളെ കൂടുതൽ കൂടുതൽ ചേർത്തു നിർത്തി..
ഇന്നവൾ സന്തോഷവതിയായ മകളാണ്, ഭാര്യയാണ്,അമ്മയാണ്…
**********
അശ്വനി പറഞ്ഞു നിർത്തുമ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് അറിയാതെ നിറ കണ്ണുകളുമായി മെർലിൻ അവൾക്ക് മുന്നിൽ ഇരുന്നു…
“ഞാനിപ്പോ ഹാപ്പിയാണ് ഡോക്ടർ..”
പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു..
“പക്ഷെ ഞാൻ ഹാപ്പി അല്ല അശ്വനി..എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നോരു കാര്യം ഞാൻ ചെയ്യാൻ പോകുവാ..” എന്താന്നുള്ള അർത്ഥത്തിൽ അശ്വനി മെർലിനെ നോക്കി..
“ആ കുട്ടിയുടെ ഉള്ളിൽ വിഷം എങ്ങനെയാ എത്തിയതെന്ന് അറിയണം. ഞാൻ പോലീസിൽ അറിയിക്കാൻ പോകുവാ..ചിലപ്പോ അമ്മയും മോനും ഗർഹിക പീഡനത്തിന് അകത്തു പോയാലോ..”
മെർലിൻ അശ്വനിയെ നോക്കി..ഒരു പുഞ്ചിരിയോടെ അശ്വനി പുറത്തേക്ക് നടന്നു..
“അച്ചു മോളെ….” വിളികേട്ട് അശ്വനി തിരിഞ്ഞു നോക്കി..പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന അമ്മയും മകനും..
“ഡോക്ടർ അശ്വനി പ്രണവ്..”
അവരോട് പറഞ്ഞുകൊണ്ട് പുറത്ത് തനിക്കായി കാത്തു നിൽക്കുന്ന പ്രണവിന്റെ അടുത്തേക്ക് നടക്കുമ്പോൾ അവളുടെ മുഖത്ത് നിറഞ്ഞു നിന്നത് അഭിമാനം മാത്രമായിരുന്നു….