മറുതീരം തേടി, ഭാഗം 31 – എഴുത്ത്: ശിവ എസ് നായർ

ഒരുനിമിഷം തൊട്ടുമുന്നിലെ കാഴ്ച കണ്ട് ഇരുവരും ഞെട്ടി. അടഞ്ഞുപോയ മിഴികൾ വലിച്ചുതുറക്കാൻ പ്രയാസപ്പെടുകയായിരുന്നു ആതിര.

“അവൾക്കെന്ത് പറ്റി മോനെ..” പരിഭ്രമത്തോടെ ഭാരതി അവർക്കരിലേക്ക് വന്നു.

“തലകറങ്ങിയതാണെന്ന് തോന്നുന്നു. ആതിരയെ ഇവിടെ കിടത്താൻ ആന്റിയൊന്ന് സഹായിക്കുമോ.”ക്രിസ്റ്റി അവരോട് ചോദിച്ചു.

ഭാരതിയുടെ സഹായത്തോടെ അവൻ ആതിരയെ ബൈസ്റ്റാൻഡർക്കുള്ള കട്ടിലിലേക്ക് കിടത്തി. അപ്പോഴേക്കും അവളുടെ ഓർമ്മ പൂർണമായും മറഞ്ഞിരുന്നു.

“ആതി… മോളെ…” ഭാരതി അവളുടെ കവിളിൽ തട്ടി വിളിച്ചു.

അതിനിടയിൽ, ക്രിസ്റ്റി കുറച്ചു വെള്ളം കൈകുമ്പിളിൽ എടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു. ആതിരയുടെ കവിളിൽ മാറി മാറി തട്ടി ക്രിസ്റ്റി അവളെ ഉണർത്താൻ ശ്രമിച്ചു.

അവിടെ അരങ്ങേറുന്ന സംഭവ വികസങ്ങളൊക്കെ മുറിയുടെ ഒരു മൂലയിലേക്ക് മാറി നിന്ന് സാകൂതം വീക്ഷിക്കുകയായിരുന്നു മുരളി.

“മോനെ… നീ പോയി ഡോക്ടറെ വിളിക്ക്. എന്ത് പറ്റിയതാണെന്ന് അറിയില്ലല്ലോ.” ആതിരയുടെ കിടപ്പ് കണ്ട് ഭാരതിക്ക് വെപ്രാളമായി.

“ശരിയാന്റി… ഞാനിപ്പോ വരാം.”ക്രിസ്റ്റി വേഗം പുറത്തേക്ക് പോയി.

അല്പസമയത്തിനുള്ളിൽതന്നെ അവൻ ഡോക്ടറെ കൂട്ടി വന്നു. ഒപ്പം ഒരു നഴ്സും ഉണ്ടായിരുന്നു.

ഡ്യൂട്ടി ഡോക്ടർ അവളെ വിശദമായി പരിശോധിച്ച ശേഷം ആതിരയെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് കൊണ്ട് പോകാൻ നഴ്സിനോട് നിർദ്ദേശിച്ചു.

“എന്താ ഡോക്ടർ.. എന്റെ മോൾക്കെന്ത് പറ്റി.?” ആധിയോടെ ഭാരതി ഡോക്ടറെ നോക്കി.

“വസുന്ധര മാഡം കൂടെ നോക്കട്ടെ . ബിപി നല്ല ലോ ആണ്. ബാക്കി കാര്യങ്ങൾ പേഷ്യന്റിനെ വിശദമായി നോക്കിയ ശേഷം മാഡം പറഞ്ഞുതരും.” ഡ്യൂട്ടി ഡോക്ടർ ലക്ഷ്മൺ പുറത്തേക്ക് പോയി.

ലക്ഷ്മണിനൊപ്പം വന്ന നേഴ്സ്, അറ്റന്ററുടെ സഹായത്തോടെ ആതിരയെ സ്ട്രച്ചറിൽ കിടത്തി  ഗൈനക്കോളജിസ്റ്റിന്റെ ഒ.പിയിലേക്ക് കൊണ്ട് പോയി. ഭാരതിയോടും അവർ ഒപ്പം വരാൻ പറഞ്ഞു.

ക്രിസ്റ്റിയെ അമ്മാമ്മയ്‌ക്കരികിൽ നിർത്തിയിട്ട് മുരളിയെയും വിളിച്ചുകൊണ്ട് അവർ നേഴ്സിന് പിന്നാലെ പറഞ്ഞു.

“മുരളിയേട്ടാ എനിക്ക് പേടിയാവുന്നു. എന്റെ കൊച്ചിനെന്തോ മാറാരോഗമുണ്ട്. അതുകൊണ്ടാ ഡോക്ടർ ഒന്നും പറയാത്തത്. ബിപി കുറഞ്ഞതാണെങ്കിൽ പിന്നെ അവളെയെന്തിനാ വേറെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകുന്നത്. എനിക്ക് പേടിയാവുന്നു.” ഭാരതി പതം പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു.

“അയ്യേ നീ കരുതുംപോലെ മാറാരോഗമൊന്നുമല്ല അവൾക്ക്. നിന്റെ മോൾക്ക് വയറ്റിലുണ്ടോന്നാണ് എന്റെ സംശയം. അല്ലെങ്കിൽ പിന്നെ അവളെയെന്തിനാ ഗൈനോക്കോളജിസ്റ്റിനെ കാണിക്കുന്നത്.” മുരളിയുടെ സ്വരത്തിൽ പുച്ഛം നിറഞ്ഞിരുന്നു.

“ദേ… അനാവശ്യം പറയരുത് നിങ്ങൾ.”

“എടീ അവളെയിപ്പോ കൊണ്ട് പോകുന്നത് ഗർഭിണികളെ പരിശോധിക്കുന്ന ഡോക്ടറെ കാണിക്കാനാണ്. വിവരോം വിദ്യാഭാസോം ഇല്ലാത്ത നിനക്കൊക്കെ അത് പറഞ്ഞാ മനസ്സിലാവോ?

നീ മൂന്ന് പിള്ളേരെ പ്രസവിക്കും മുൻപ് ഇതുപോലെ എത്ര തവണ ബോധം കെട്ട് വീണിട്ടുണ്ട്. അന്നൊക്കെ ഇതേപോലെ വെള്ളം തളിച്ചിട്ടും ബോധം വരാതിരുന്നപ്പോ പേടിച്ചിട്ട്, ഞാൻ ഹോസ്പിറ്റലിൽ എടുത്തോണ്ട് പോകുമായിരുന്നു.

അവളുടെ മുഖത്തെ വിളർച്ച നീ ശ്രദ്ധിച്ചില്ലേ, അത് ഗർഭത്തിന്റെയാ. അതൊന്ന് ഉറപ്പിക്കാനാ നിന്റെ കൂടെ ഞാൻ വന്നത്. അല്ലാതെ അവളോടുള്ള സ്നേഹം മൂത്തിട്ടൊന്നുമല്ല. എന്റെ സംശയം ശരിയാണെങ്കിൽ അവളിനി പുറംലോകം കാണില്ല. കണ്ട നാട്ടിൽ ചെന്നുകിടന്ന് അ, ഴിഞ്ഞാടി നടന്നത് ഇതുപോലെ ഓരോന്ന് ഒപ്പിച്ചു വരാനായിരിക്കും. കുടുംബത്തെ മാനംകെടുത്താൻ ഉണ്ടായ ന, ശിച്ച ജന്മം.”

“നിങ്ങളിങ്ങനെ എഴുതാപ്പുറം വായിക്കണ്ട. അമ്മയെ നോക്കാൻ ഉറക്കമൊഴിഞ്ഞിരുന്നതിന്റെ ക്ഷീണമാണ് അവൾക്ക്. അല്ലാതെ ഗ, ർഭമൊന്നുമല്ല.” ഭാരതി തർക്കിച്ചു.

“എന്തായാലും ഡോക്ടർ പറയട്ടെ. എന്നിട്ടാവാം ബാക്കി.” അയാൾ കടപ്പല്ലുകൾ ഞെരിച്ചമർത്തി.

******************

ഡോക്ടർ വസുന്ധരയ്ക്ക് മുന്നിൽ ഇരിക്കുകയാണ് മുരളിയും ഭാരതിയും. ഇരുവരുടെയും മുഖത്ത് അക്ഷമ പ്രകടമാണ്.

“ഡോക്ടർ… മോൾക്ക് എങ്ങനെയുണ്ട്.”

“ഹേയ്… പേടിക്കാനൊന്നുമില്ല. സ്കാനിംഗ് റിപ്പോർട്ട്‌സൊക്കെ ഓക്കേയാണ്. പിന്നെ, ഇത് മൂന്നാം മാസമാണ്. പ്രഷർ താഴ്ന്നത് കൊണ്ടുണ്ടായ തലച്ചുറ്റലാണ്. പേഷ്യന്റിന്  ബിപി നല്ല കുറവാണ്. പിന്നെ കുറച്ച് അനീമിക്ക് ആണ്. അതുകൊണ്ട് ഞാൻ മരുന്ന് കുറിച്ച് തരാം.” ഡോക്ടർ വസുന്ധര പറഞ്ഞു നിർത്തി.

“ഡോക്ടർ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല.” ഭാരതിയുടെ ഒച്ച ചിലമ്പിച്ചിരുന്നു.

“ഡോക്ടറെ അവൾക്ക് വയറ്റിലുണ്ടോ.” മുരളി ചോദിച്ചു.

“യെസ്… ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയുണ്ട്. നിങ്ങൾ ആ കുട്ടിയുടെ പേരെന്റ്സ് അല്ലെ. എന്നിട്ട് മകൾ ഗർ, ഭിണിയായത് നിങ്ങൾക്കറിയില്ലേ. ആ കുട്ടിയുടെ ഹസ്ബൻഡ് എവിടെ? കൂടെ വന്നിട്ടില്ലേ?” ഡോക്ടർ ചോദ്യ ഭാവത്തിൽ അവരെ നോക്കി.

“അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല ഡോക്ടറെ. കൊച്ച്, കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആണ്.” ഭാരതി പൊട്ടിക്കരഞ്ഞു.

“നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതല്ലേ. ഇവിടെ കിടന്ന് ബഹളമുണ്ടാക്കി നാട്ടുകാരെ കൂടെ അറിയിക്കരുത്.” ശബ്ദമടക്കി ഭാരതിക്ക് മാത്രം കേൾക്കാൻ ഭാവത്തിൽ മുരളി പറഞ്ഞു.

“ഇത് അബദ്ധം സംഭവിച്ചതാകാൻ വഴിയില്ല. ഒന്നുല്ലേലും കുട്ടിയൊരു നേഴ്സ് അല്ലെ. മോൾക്ക് ബോധം വരുമ്പോൾ കാര്യങ്ങൾ നിങ്ങൾ തന്നെ ചോദിച്ചു മനസ്സിലാക്കൂ.” വസുന്ധര വല്ലായ്മയോടെ ഇതുവരെയും നോക്കി.

ഇനിയൊന്നും ചോദിക്കാനും പറയാനുമില്ലാത്തത് കൊണ്ട് രണ്ടുപേരും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

ആതിരയെ, വാർഡിലേക്ക് മാറ്റി കിടത്തിയിരുന്നു. ഡ്രിപ് തീർന്ന ശേഷം വീട്ടിലേക്ക് കൊണ്ട് പോകാമെന്നാണ് ഡോക്ടർ പറഞ്ഞത്. ആകെ തളർന്ന് മയങ്ങി കിടക്കുകയായിരുന്നു അവൾ. അവിടെ വച്ച് ചോദ്യമോ പറച്ചിലോ ഒന്നും വേണ്ടെന്ന് കരുതി ഭാരതിയെയും കൂട്ടികൊണ്ട് മുരളി അവിടെ നിന്നും റൂമിലേക്ക് പോയി.

“ആതിരയ്ക്ക് എങ്ങനെയുണ്ട്? ഡോക്ടർ എന്ത് പറഞ്ഞു ആന്റി.” അവരെ കണ്ടയുടനെ ക്രിസ്റ്റി ചോദിച്ചു.

“അവള് ഞങ്ങളെയൊക്കെ ചതിച്ചുമോനെ. പെണ്ണിന് വ, യറ്റിലുണ്ടെന്ന്. മൂന്നു മാസമായി പോലും.” വാപൊത്തി കരഞ്ഞുകൊണ്ട് ഭാരതി, ഭാർഗവി അമ്മയ്‌ക്കരികിൽ പോയിരുന്നു.

അവരുടെ മറുപടി കേട്ട് ക്രിസ്റ്റിയൊന്ന് ഞെട്ടി.

“അമ്മേ… അവള് നമ്മളെയൊക്കെ ചതിച്ചമ്മേ. പെണ്ണ് പി, ഴച്ചുപോയി. നമ്മുടെ കുടുംബത്തെ മൊത്തം അവള് നാണംകെടുത്തിക്കളഞ്ഞു.” ഭാർഗവി അമ്മയുടെ കൈയ്യിൽ ചുറ്റിപ്പിടിച്ച് അവർ വിങ്ങിപ്പൊട്ടി.

സത്യങ്ങളെല്ലാം അറിയുന്ന ഭാർഗവി അമ്മയ്ക്ക് നാവൊന്ന് ചലിപ്പിക്കാൻ പോലും കഴിയാനാവാതെ നിശബ്ദം കണ്ണീർ വാർക്കാനേ സാധിച്ചുള്ളൂ. അതുകണ്ടപ്പോൾ മറ്റുള്ളവർ വിചാരിച്ചത് അമ്മാമ്മയും സങ്കടം കൊണ്ട് കരയിക്കുകയാണെന്നാണ്.

“അന്നേ ഈ നശിച്ച ത, ള്ളയോട് ഞാൻ പറഞ്ഞതാണ് അവളെ ഇങ്ങനെ അഴിച്ച് വിടരുതെന്ന്. ഇവള് ഉണ്ടാക്കി വച്ച മാനക്കേട് കാരണം എന്റെ മക്കൾക്ക് കൂടെ ചീത്തപ്പേര് ആവും. വീട്ടിൽ ചെല്ലട്ടെ, അവൾക്ക് വച്ചിട്ടുണ്ട് ഞാൻ.” മുരളി ദേഷ്യത്തോടെ ഭാർഗവി അമ്മയെ നോക്കി.

“നിങ്ങൾക്ക് കുറച്ചെങ്കിലും മനുഷ്യത്വമുണ്ടോ. വയ്യാതെ കിടക്കുന്ന ഈ അമ്മാമ്മയെ ഇങ്ങനെ പറയാൻ നിങ്ങൾക്ക് നാണമാവുന്നില്ലേ.” മുരളിയുടെ പെരുമാറ്റം കണ്ട് ക്രിസ്റ്റിക്ക് ദേഷ്യം വന്നിരുന്നു.

അവജ്ഞയോടെ അവനെയൊന്ന് നോക്കിയിട്ട് മുരളി, ഭാരതിയുടെ നേർക്ക് തിരിഞ്ഞു.

“കർണാടകയിൽ വച്ച് അവൾക്കേതോ ക്രി, സ്ത്യാനി പയ്യനുമായി അടുപ്പമുണ്ടെന്ന് ഒരിക്കെ അവള് നിന്നോട് പറഞ്ഞിട്ടില്ലേ. എന്റെ സംശയം അവൾ പറഞ്ഞ അവളുടെ കാമുകൻ ഇവനാണോന്നാണ്. ഇങ്ങോട്ട് കേറി വന്നപ്പോ നീയും കണ്ടതല്ലേ ഇവനവളെ എടുത്ത് കെട്ടിപിടിച്ചോണ്ട് നിന്നത്. രണ്ടുകൂടി നേരത്തെ തുടങ്ങിയ ബന്ധമാവും.

നിന്റെ ത, ള്ള, യിനി വല്ല എതിർപ്പും പ്രകടിപ്പിച്ചോണ്ട് വണ്ടിയിടിച്ചു കൊല്ലാൻ നോക്കിയതാവും. നാട്ടിലോട്ട് പോലും വരാതെ ഇവള് ഇവന്റെയൊപ്പം അവിടെയാകും താമസം. അതോണ്ടായിരിക്കും നിന്റെ തള്ള അങ്ങോട്ട്‌ പൊയ്ക്കൊണ്ടിരുന്നത്. സത്യം പറയെടാ അവളുടെ ആ കള്ള കാമുകൻ നീയല്ലേ. നീയല്ലേ അവളുടെ ഗർ, ഭത്തിന് ഉത്തരവാദി.” എന്തോ വലിയ കാര്യം കണ്ട് പിടിച്ചത് പോലെ മുരളി പറഞ്ഞു.

“ദേ അനാവശ്യം പറയരുത് നിങ്ങൾ. വെറും രണ്ടാഴ്ച മാത്രം കണ്ട് പരിചയമുള്ള പെണ്ണിന് മൂന്നു മാസത്തെ ഗർ, ഭം ഉണ്ടാക്കികൊടുക്കാൻ ഞാൻ മാജിക്‌ ഒന്നും പഠിച്ചിട്ടില്ല. ഞാനാണ് അവളുടെ കാമുകനെന്ന് നിങ്ങൾ മാത്രമങ്ങ് തീരുമാനിച്ചാ മതിയോ? നിങ്ങളെ ആരെയും എനിക്ക് അറിയുക പോലുമില്ല.

ഈ ആക്‌സിഡന്റ് നടക്കുന്നതിനു രണ്ട് ദിവസം മുൻപാണ് ഞാൻ ഗൾഫിൽ നിന്ന്  ലീവിന് വരുന്നത് പോലും. അതും രണ്ട് വർഷത്തിന് ശേഷം. തെളിവുകളും എന്റെ കയ്യിലുണ്ട്.

മനസ്സാ വാചാ ഞാൻ അറിയാത്തൊരു കാര്യത്തെ കുറിച്ച് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ പ്രായമൊന്നും ഞാൻ നോക്കില്ല അടിച്ച്, മുഖത്തിന്റെ ഷേപ്പ് മാറ്റും ഞാൻ.” ദേഷ്യത്തോടെ ഷർട്ടിന്റെ കൈകൾ, തെറുത്ത് മുകളിലേക്ക് കയറ്റികൊണ്ട് ക്രിസ്റ്റി പറഞ്ഞു.

അവന്റെ മറുപടിയിൽ, ചൂളി നിന്നുപോയി മുരളി.

“അയ്യോ… ഇവിടെ വച്ച് ഒരു തല്ലും വഴക്കുമൊന്നും വേണ്ട മോനെ. അതിയാൻ പറഞ്ഞ വിവരക്കേടിന് മോനോട് ഞാൻ മാപ്പ് പറയുവാ.” ഭാരതി അവന്റെ മുന്നിൽ കൈകൾ കൂപ്പി നിന്നു.

ക്രിസ്റ്റിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി.

“ആതിരയ്ക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞ പയ്യന്റെ പേര് ആൽഫിയെന്നാണ്. അല്ലാതെ ക്രിസ്റ്റി എന്നല്ല. നിങ്ങള് വെറുതെ ഓരോന്ന് പറഞ്ഞു ഈ കൊച്ചിനെ കൂടെ വെറുപ്പിക്കരുത്.” ഭാരതി ഭർത്താവിനെ കടുപ്പിച്ചൊന്ന് നോക്കി.

“അവൾക്കുള്ളത് ഞാൻ വീട്ടിൽ ചെന്നിട്ട് കൊടുത്തോളം. ഹോസ്പിറ്റലിൽ ആയോണ്ട് ഞാനവളെ വെറുതെ വിടുവാ.” പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി പോയി.

“എന്തൊക്കെയാ ആന്റി ഇവിടെ നടക്കുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.” ചോദ്യഭാവത്തിൽ ക്രിസ്റ്റി, ഭാരതിയെ നോക്കി.

” എനിക്കും ഒന്നുമറിയില്ല മോനെ… കർണാടകയിലൊരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തോണ്ടിരിക്കയാ അവൾ. കല്യാണമൊന്നും കഴിഞ്ഞിട്ടുമില്ല. അവൾക്ക് താഴെ പഠിക്കുന്ന രണ്ട് പെൺപിള്ളേരുമുണ്ട്. വീട്ട് ജോലിക്ക് പോയി കഷ്ടപ്പെട്ടാ എന്റെ അമ്മ അവളെ ഈ നിലയിൽ എത്തിച്ചത്. ഇവരെകൂടിയാ അവള് ചതിച്ചത്.” ഭാരതിയുടെ തേങ്ങൽ അവിടെ ഉയർന്നുകേട്ടു.

എല്ലാം കേട്ടുകൊണ്ട് മിഴികൾ ഇറുക്കിയടച്ച് കിടക്കുകയാണ് ഭാർഗവി അമ്മ. ഒന്ന് നാവ് ചലിപ്പിക്കാനായിരുന്നുവെങ്കിൽ അവർ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *