മറുതീരം തേടി, ഭാഗം 37 – എഴുത്ത്: ശിവ എസ് നായർ

സൂര്യൻ ഉച്ചംതലയിൽ ഉദിച്ചു നിൽക്കുകയാണ്. കടുത്ത സൂര്യതാപം താങ്ങാൻ കഴിയാനാവാതെ അവൾ ഷാൾ എടുത്ത് തലയിലൂടെ പുതച്ചു. അവിടെ, തന്നെ കാത്തിരിക്കുന്ന വാർത്തകൾ എന്തെന്നറിയാതെ ആതിര ബെത്തേൽ ബംഗ്ലാവിന് നേർക്ക് ചുവടുകൾ വച്ചു.

തുറന്ന് കിടക്കുന്ന ഗേറ്റിനുള്ളിലൂടെ അവൾ അകത്തേക്ക് നടന്നു. ബംഗ്ലാവും പരിസരവും പണിക്കാർ വൃത്തിയാക്കുന്നത് കണ്ട് ഒരു നിമിഷം അവളൊന്ന് സംശയിച്ചുനിന്നു.

“ആരാ? എന്ത് വേണം?” പണിക്കാർക്ക് നിർദേശം നൽകികൊണ്ടിരുന്ന മധ്യവയസ്സ്ക്കനായ ഒരാൾ അവൾക്കടുത്തേക്ക് വന്നു.

“ഇവിടുള്ള ഒരാളെ കാണാനായിരുന്നു…” അറച്ചറച്ച് ആതിര മറുപടി പറഞ്ഞു.

“ഇവിടുള്ളവരൊക്കെ ബംഗ്ലാവിൽ നിന്ന് പോയിട്ട് ഏകദേശം രണ്ട് മാസമാകാറായി. ഇപ്പൊ ഈ ബംഗ്ലാവും പരിസരവുമൊക്കെ നോക്കി നടത്തുന്നത് എന്റെ മുതലാളിയാണ്. ആട്ടെ ആരെക്കാണാൻ വേണ്ടിയാ മോള് വന്നത്?”

“ഇവിടുത്തെ കുട്ടി സെറീനയുടെ കൂടെ പഠിച്ചതാണ് ഞാൻ. അവളെ വിളിച്ചിട്ട് കിട്ടാതായപ്പോൾ നേരിട്ട് കാണാമെന്ന് കരുതി വന്നതാണ്.” പെട്ടന്ന് മനസ്സിൽ തോന്നിയൊരു കള്ളം അവൾ പറഞ്ഞു.

“അവരെല്ലാവരും കഴിഞ്ഞയാഴ്ച്ച അയർലണ്ടിലേക്ക് പോയല്ലോ. ഈ ബംഗ്ലാവ് എന്റെ മുതലാളി പത്തുവർഷത്തേക്ക് ലീസിന് എടുത്തിരിക്കുകയാണ്. കൂടുതൽ ഡീറ്റെയിൽസ് ഒന്നും എനിക്കറിയില്ല മോളെ.”

“ഇനി അവരെന്നാണ് നാട്ടിൽ വരുന്നതെന്ന് അറിയാമോ?”

“ഉടനെയൊന്നും വരില്ലെന്ന് മാത്രമറിയാം.”

ആതിര ഒന്നും മിണ്ടാതെ തിരികെ നടന്നു. ഇനിയെന്താണ് ചോദിക്കേണ്ടതെന്നോ പറയേണ്ടതെന്നോ അവൾക്ക് അറിയില്ലായിരുന്നു.

തിരിച്ചുപോകുന്ന പോക്കിൽ വഴിയിൽ കണ്ടവരോടൊക്കെ ആൽഫിയുടെ കുടുംബത്തെ കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒരേ ഉത്തരമാണ്.

നാടുവിട്ടുപോയ കുടുംബത്തോടൊപ്പം ആൽഫിയും ഉണ്ടായിരുന്നോ അതോ ഇല്ലായിരുന്നോ എന്നൊന്നും അവർക്ക് അറിയില്ലായിരുന്നു. ആരോടും അതിനെക്കുറിച്ചു കൂടുതലായി ചോദിക്കാനും അവൾ മടിച്ചു. തിരിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരംമുട്ടി പോകുന്നത് കൊണ്ട് ആൽഫിയെ കുറിച്ച് ഒന്നും അന്വേഷിച്ചറിയാൻ ആതിരയ്ക്ക് കഴിഞ്ഞില്ല.

നിരാശയോടെയാണ് അവൾ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിയെത്തിയത്. ടിക്കറ്റ് കൗണ്ടറിൽ പോയി കർണാടകയ്ക്കൊരു ടിക്കറ്റ് എടുത്ത ശേഷം ആതിര അവിടെയുള്ളൊരു ചാരുബഞ്ചിൽ ചെന്നിരുന്നു.

രാവിലെ മുതൽ ആഹാരവും വെള്ളവുമൊന്നും വയറ്റിലേക്ക് ചെല്ലാത്തതിനാൽ അവൾക്ക് നല്ല വിശപ്പ് തോന്നി. ബാഗിൽ കരുതിയിരുന്ന ബ്രെഡ്ഡ് എടുത്ത് അവൾ കുറച്ച് കുറച്ചായി കഴിച്ചു. ഒപ്പം ഇത്തിരി വെള്ളം കൂടി കുടിച്ചപ്പോൾ ആതിരയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

ആൽഫിയെ തേടി അവന്റെ നാട്ടിൽ എത്തിയിട്ട് പോലും വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞില്ലല്ലോയെന്ന് ഓർത്ത് അവൾക്ക് വല്ലാത്ത സങ്കടം തോന്നി. നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളെ അടക്കി നിർത്താൻ കഴിയാനാവാതെ ആതിര, ഷാൾ കൊണ്ട് മുഖം പൊത്തി ഇരുന്നു.

ആൽഫിയുടെ കുടുംബം എന്തിന് അയർലണ്ടിലേക്ക് പോയെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഓരോന്നോർത്ത് അങ്ങനെ ഇരിക്കുമ്പോഴാണ് പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തുനിന്ന് ഒരു മധ്യവയസ്സ്ക്കൻ മുടന്തി മുടന്തി നടന്ന് വരുന്നത് ആതിര കണ്ടത്. ആൾക്കൂട്ടത്തിനിടയിൽ ആരെയോ തേടികൊണ്ടാണ് അയാളുടെ വരവെന്ന് അവൾക്ക് മനസ്സിലായി. കുറച്ചൂടെ അടുത്ത് എത്തിയപ്പോഴാണ് അയാളെ മുഖം ആതിര വ്യക്തമായി കണ്ടത്. വലതുകണ്ണിന്റെ ഭാഗം വികൃ, തമായി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി. ആതിരയെ മുൻപ് അതേ സ്റ്റേഷനിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച അതേ ആളാണ് ആരെയോ തേടികൊണ്ട് നടന്നടുക്കുന്നതെന്ന്. അന്നത്തെ ആ ധൈര്യമോ ആരോഗ്യമോ ഇപ്പൊ തനിക്കില്ലെന്ന് അവൾക്ക് തോന്നി. ദുർബലയെപ്പോലെ ഓടിയൊളിക്കാനാണ് ആതിര ആഗ്രഹിച്ചത്. തോളിൽ കിടന്ന ഹാൻഡ് ബാഗിൽ മുറുക്കിപ്പിടിച്ചുകൊണ്ട് ആതിര ആൾക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു. മുടന്തുള്ള കാൽ വലിച്ചുവച്ച് അയാൾ അവിടെ മുഴുവൻ അസഭ്യം പുലമ്പിക്കൊണ്ട് പാഞ്ഞുനടന്നു.

“അല്ലറ ചില്ലറ മോഷണമൊക്കെയായിട്ട് ഇവിടെ കറങ്ങി നടന്നവനാ. ആരുടെയോ കൈയ്യിൽ നിന്ന് നല്ല പണികിട്ടി. പിന്നെ തലയ്ക്കും സാരമായ പരിക്ക് പറ്റി ബുദ്ധിക്ക് എന്തോ തകരാർ സംഭവിച്ചു. അതോടെ ഇങ്ങനെയാണ്. ചിലസമയത്ത് ഭ്രാന്ത് മൂത്ത് അസഭ്യം പറഞ്ഞുനടക്കും.” ആൾക്കൂട്ടത്തിൽ ആരോ പറയുന്നത് അവൾ കേട്ടു.

അയാളുടെ കണ്മുന്നിൽ പെടാതെ ആതിര പരമാവധി ഒളിച്ചുനിന്നു. ഭ്രാ, ന്ത് പിടിച്ച് നടക്കുകയാണെങ്കിലും അയാളൊരുപക്ഷെ തന്നെ തിരിച്ചറിഞ്ഞേക്കാമെന്ന് അവൾക്ക് തോന്നി.

കുറേനേരം അവിടമാകെ അലഞ്ഞ് തിരിഞ്ഞ ശേഷം പ്ലാറ്റ്ഫോമിന് പുറത്തേക്ക് അയാളിറങ്ങിപോകുന്നത് കണ്ടപ്പോഴാണ് ആതിരയുടെ ശ്വാസം നേരെ വീണത്.

താനൊരുപാട് ദുർബലയായി പോയതുപോലെ അവൾക്ക് തോന്നി. തളർന്ന് അവശയായി ചാരുബെഞ്ചിലേക്ക് ഇരിക്കുമ്പോൾ ആതിരയുടെ ഉള്ളം ആൽഫിക്കായി തേങ്ങി.

“ആൽഫീ… നീ എവിടെയാണ്…” വിരഹത്താൽ അവളുടെ നെഞ്ച് വിങ്ങി.

പെട്ടെന്നാണ് വിഷ്ണുവിന്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് താനിതുവരെ വിഷ്ണുവിനെ വിളിച്ചില്ലല്ലോന്ന് അപ്പോഴാണ് ആതിര ഓർത്തതും. ഉടനെതന്നെ മൊബൈൽ എടുത്ത് അവൾ വിഷ്ണുവിനെ വിളിച്ചുനോക്കി.

“ഹലോ… ആതീ… എന്തുണ്ട് വിശേഷം. രണ്ടാൾക്കും സുഖല്ലേ.” കാൾ എടുത്തപാടെ വിഷ്ണുവിന്റെ ചോദ്യം വന്നു.

“വിഷ്ണു… ഞാൻ… ഞാനിപ്പോ വിളിച്ചത് വിഷ്ണുവിന്റെ ഒരു സഹായം ചോദിക്കാനാ.” ആതിരയുടെ സ്വരത്തിലെ ഇടർച്ച മനസ്സിലായതും വിഷ്ണു ജാഗരൂകനായി.

“ആതി എന്താ പ്രശ്നം… നിന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്.?”

“ഞാൻ എല്ലാം പറയാം വിഷ്ണു.” ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് ആതിര അതുവരെ നടന്നതൊക്കെ അവനോട് പറഞ്ഞു.

“ആൽഫി എന്നെ വിളിച്ചിട്ടും ഞാനവനെ അങ്ങോട്ട്‌ വിളിച്ചിട്ടും നാല് മാസത്തോളമായി. ജോലിത്തിരക്കിനിടയിൽ ഒന്നിനും സമയം കിട്ടിയില്ലെന്നുവേണം പറയാൻ.”

“ആൽഫിയുടെ നമ്പറിൽ വിളിച്ചാലും ഇനി കിട്ടില്ല വിഷ്ണു. ആ ഫോൺ ഇപ്പൊ എന്റെ കയ്യിലാ ഉള്ളത്. പോകുമ്പോൾ ആൽഫി മൊബൈൽ എടുക്കാൻ മറന്നിരുന്നു.”

“അവനെവിടെ പോയതാന്ന് ആർക്കും അറിയില്ലല്ലേ.”

“ഇല്ല വിഷ്ണു. ഞാനിപ്പോ കോട്ടയത്ത്‌ വന്ന് അന്വേഷിച്ചു. അവരെല്ലാവരും കുടുംബ സമേതം അയർലണ്ടിലേക്ക് പോയെന്നാ അറിഞ്ഞത്. വിവരങ്ങൾ ചോദിച്ചറിയാൻ എനിക്ക് പരിമിതികളുണ്ടല്ലോ. അയർലണ്ടിലേക്ക് പോയവരുടെ കൂട്ടത്തിൽ ആൽഫിയുമുണ്ടോന്ന് എനിക്കറിയില്ല. ആരോടാ ഇതേപറ്റി തിരക്കേണ്ടതെന്നും അറിയില്ല.” ആതിര വികാരധീനയായി.

“നീ വിഷമിക്കണ്ട. നാളെത്തെന്നെ ഞാൻ കോട്ടയത്തേക്ക് പോയി അവനെക്കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ആതിര തല്ക്കാലം ഒറ്റയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കി ജോലി സ്ഥലത്ത് തന്നെ നിൽക്കാൻ നോക്ക്.

ഇക്കാര്യം എന്നെ നേരത്തെതന്നെ വിളിച്ച് പറയായിരുന്നില്ലേ. എങ്കിൽ നമുക്ക് കുറച്ചൂടെ നേരത്തെ വിവരങ്ങൾ അറിയാൻ കഴിയുമായിരുന്നു.”

“ആ സമയം സത്യം പറഞ്ഞാൽ നിന്നെപ്പറ്റി ഓർത്തതേയില്ല. ആൽഫിയുടെ ഫോണിൽ അവസാനം വിളിച്ച നമ്പറിലൊക്കെ വിളിച്ച് അന്വേഷിച്ച് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി.”

“സാരമില്ല… നീ വിഷമിക്കാതിരിക്ക്. ഏതായാലും ഞാനൊന്ന് അന്വേഷിക്കട്ടെ.” വിഷ്ണു അവളെ സമാധാനപ്പെടുത്തി.

മനസ്സിലുണ്ടായിരുന്ന നേർത്ത പ്രതീക്ഷയും അസ്തമിച്ച് നിരാശയോടെയാണ് ആതിര അവിടെ നിന്നും മടങ്ങിയത്. ഇനിയൊരിക്കൽ കൂടി അവിടേക്ക് വരാൻ അവൾ ഭയന്നിരുന്നു.

*********************

“അച്ഛാ… ഞാനിറങ്ങുവാ.” ഉമ്മറത്തിരുന്ന അച്ഛനെ നോക്കി യാത്ര പറഞ്ഞ ശേഷം ആരതി ബാഗുമെടുത്ത് ഇറങ്ങി.

“ഹാ മോളെ… പോയിട്ട് വാ.” മുരളി അവളെ നോക്കി കൈവീശി.

ആരതി പോയി കുറച്ചുകഴിഞ്ഞപ്പോൾ അഞ്ജുവും സ്കൂളിലേക്ക് പോയി.

“ഇന്ന് നിങ്ങള് കട തുറക്കുന്നില്ലേ.” പ്രഭാത ഭക്ഷണം വിളമ്പുമ്പോൾ ഭാരതി അയാളോട് ചോദിച്ചു.

“രാവിലെ എണീറ്റപ്പോൾ മുതൽ മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത. എന്തോ അരുതാത്തത് നടക്കാൻ പോകുന്നപോലെ മനസ്സിനൊരു തോന്നൽ.

അതുകാരണം ശരീരത്തിനാകെയൊരു ക്ഷീണം. ഞാൻ ഇത്തിരി നേരം കിടക്കട്ടെ. കടയിലേക്ക് ഉച്ച കഴിഞ്ഞു പോകാം.”

“പനിക്കോള് ആയിരിക്കും. ഞാനൊരു ചുക്ക് കാപ്പി ഇട്ട് തരാം.” ഭാരതി അയാളുടെ ശിരസ്സിലൊന്ന് തൊട്ട് നോക്കിയിട്ട് പറഞ്ഞു.

“ഹാ…”  മുരളി താല്പര്യമില്ലാതെ മൂളി.

പ്രഭാത ഭക്ഷണം കഴിഞ്ഞ് മുറിയിലെ കട്ടിലിൽ നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു മുരളി. ആ കിടപ്പിൽ അയാളൊന്ന് മയങ്ങിപ്പോവുകയും ചെയ്തു.

സമയം ഉച്ച കഴിഞ്ഞ നേരം. ഭാരതിയുടെ നിലവിളിയും കരച്ചിലും കേട്ടാണ് മുരളി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്.

“മുരളിയേട്ടാ… നമ്മുടെ മോള്.” ഉറക്കമുണർന്ന് നോക്കിയ മുരളി കാണുന്നത് പരിഭ്രാന്തിയോടെ അയാൾക്കടുത്തേക്ക് ഓടി വരുന്ന ഭാര്യയെയാണ്.

“എന്താ ഭാരതീ… എന്തുപറ്റി?”

“ആരതി… മോളെ… അവിടെ..”വാക്കുകൾ കിട്ടാതെ അവർ തപ്പിത്തടഞ്ഞു.

“ആരതി മോൾക്ക് എന്ത് പറ്റി? നീ കാര്യം പറ ഭാരതീ.” മുരളിയുടെ ഉള്ളിൽ ഭയം നിറഞ്ഞു.

“ആരതിയെ ആ… ആ സുജിത്ത് കമ്പ്യൂട്ടർ സെന്ററിൽ വച്ച് പീഡിപ്പിച്ചൂന്ന്.” ആർത്ത് കരഞ്ഞുകൊണ്ട് ഭാരതി നിലത്തേക്ക് ചടഞ്ഞിരുന്നു.

“നീയെന്തായീ പറഞ്ഞേ? ആരാടീ ഈ അസംബന്ധം വിളിച്ചു പറഞ്ഞത്.”

“നാട്ടാര് പറഞ്ഞതാ.. “

മുണ്ടൊന്ന് മുറുക്കിയുടുത്ത് മുരളി പുറത്തേക്ക് പാഞ്ഞു.

നാട്ടുകാരിൽ ചിലർ മുറ്റത്ത്‌ നിൽക്കുന്നത് അയാൾ കണ്ടു.

“മുരളീ… ഇവിടുത്തെ കൊച്ചിനെ ആ സുജിത്ത് കേറി പീ, ഡിപ്പിച്ചു. നാട്ടുകാർ കയ്യോടെ പൊക്കിയത് കാരണം എല്ലാവരും സംഗതി അറിഞ്ഞു.” അയല്പക്കത്തെ സെബാസ്റ്റ്യൻ അയാളോട് വന്ന് പറഞ്ഞു.

“എന്നിട്ട് എന്റെ മോളെവിടെ ചേട്ടാ.” മുരളി കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

“അവിടെ സെന്ററിൽ തന്നെയുണ്ട്. അവനെയും നാട്ടുകാർ പിടിച്ചുവച്ചിട്ടുണ്ട്.”

സെബാസ്റ്റ്യനൊപ്പം മുരളി കമ്പ്യൂട്ടർ സെന്ററിലേക്ക് പാഞ്ഞു. മുടി വാരി ചുറ്റിക്കെട്ടി അയാൾക്ക് പിന്നാലെ ഭാരതിയും പോയി. മുരളി ആരെയും ഗൗനിച്ചില്ല. അയാളുടെ മനസ്സിൽ മകളുടെ മുഖം മാത്രമായിരുന്നു.

തളർന്ന് കിതച്ച് കമ്പ്യൂട്ടർ സെന്ററിന് മുന്നിൽ അവരെത്തുമ്പോൾ കണ്ടു നാട്ടുകാർ അവിടെ കൂടി നിൽക്കുന്നത്.

മുരളി ആരെയും ശ്രദ്ധിക്കാതെ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഉള്ളിലേക്ക് നടന്നു. ഒപ്പം വരുന്ന ഭാര്യയെ പോലും അയാൾ കാണുന്നുണ്ടായിരുന്നില്ല.

ക്ലാസ്സ്‌ മുറിയിൽ ഒരു വശത്ത് ധന്യയ്ക്കൊപ്പം കൂനികൂടി ഇരിക്കുന്ന മോളെ കണ്ട് മുരളിയുടെ നെഞ്ച് പിടഞ്ഞു.

“എന്റെ പൊന്ന് മോളെ..” ഹൃദയം പൊട്ടി അയാൾ വിലപിച്ചു.

അച്ഛനെ കണ്ടതും ആരതി കാറ്റുപോലെ പാഞ്ഞുവന്ന് മുരളിയെ ചുറ്റിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. മകളെ നെഞ്ചോട് ചേർത്ത് അയാളും വിങ്ങിപ്പൊട്ടി. അതേസമയം അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ധന്യയൊഴികെ മറ്റാരും കണ്ടതേയില്ല.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *