മറുതീരം തേടി, ഭാഗം 43 – എഴുത്ത്: ശിവ എസ് നായർ

“വിഷ്ണൂ… നീയോ? നീയിവിടെ??” അപ്രതീക്ഷിതമായി വിഷ്ണുവിനെ അവിടെ കണ്ടതിന്റെ ഭാവമാറ്റം ആതിരയുടെ മുഖത്ത് പ്രകടമായി.

കട്ടിലിൽ ചാരിയിരിക്കാനായി അവൾ നേഴ്സിന്റെ സഹായം തേടി. നേഴ്സ് ആതിരയുടെ അടുത്തേക്ക് വന്ന് അവളെ, മെല്ലെ തലയിണയിൽ ചാരി ഇരുത്തി.

“വയ്യാണ്ടിരിക്കുമ്പോ എന്തിനാ ആതി എണീറ്റത്? കിടന്നൂടായിരുന്നോ?” ശാസനയോടെ വിഷ്ണു അവൾക്കടുത്തായി വന്നിരുന്നു.

“അതൊന്നും സാരമില്ല.. മാത്രമല്ല പെയിൻ കില്ലർ കൂടി കഴിച്ചിട്ടുണ്ട്. അതുകൊണ്ട് അധികം വേദന അറിയില്ല. നീ വരുമെന്ന് ഞാൻ വിചാരിച്ചതേയില്ല. രണ്ട് ദിവസം മുൻപ് വിളിച്ചപ്പോ പോലും ഒരു സൂചന തന്നില്ലല്ലോ നീ.” പരിഭവത്തോടെ അവൾ പറഞ്ഞു.

“ഡെലിവറി ഉടനെ ഉണ്ടാകുമെന്ന് നീ പറഞ്ഞിരുന്നതല്ലേ. ഇന്നലെ ഞാൻ നിന്നെ കുറേ വിളിച്ചുനോക്കി. കിട്ടാതായപ്പോ  ഡെലിവറി കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഊഹിച്ചു.  നിന്നേം കുഞ്ഞിനേം കണ്ടിട്ട് പോകാമല്ലോന്ന് കരുതി പിന്നെ കിട്ടിയ വണ്ടിക്ക് നേരെയിങ്ങ് പോന്നു.”

“ഹോസ്പിറ്റൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?”

“ഏയ്‌… ഇല്ല. ഓട്ടോക്കാരൻ നേരെയിവിടെ കൊണ്ടുവന്ന് വിട്ടു. താഴെ റിസപ്ഷനിൽ നിന്റെ പേര് പറഞ്ഞു തിരക്കിയപ്പോ, റൂം നമ്പർ പറഞ്ഞുതന്നു. അങ്ങനെ നേരെയിങ്ങോട്ട് വന്നു. ആട്ടെ എപ്പഴായിരുന്നു  നിന്റെ ഡെലിവറി.”

“മിനിഞ്ഞാന്ന് രാത്രിയായിരുന്നു. സിസേറിയൻ ആയിരുന്നെടാ.”

“മോളാണോ മോനാണോ.” ആകാംക്ഷയോടെ വിഷ്ണു അവളുടെ അടുത്ത് കിടന്ന് മയങ്ങുന്ന കുഞ്ഞിനെ നോക്കി.

“മോളാണ് വിഷ്ണു.”

“നിന്നെപോലെയുണ്ട് കാണാൻ.” കുഞ്ഞികൈകളിൽ മൃദുവായി തൊട്ടുകൊണ്ട് അവൻ പറഞ്ഞു.

“അവളെന്റെ മോളല്ലേ… അപ്പൊ എന്നെപോലെ ആവില്ലേ.” നേർത്ത പുഞ്ചിരിയോടെ അവൾ വിഷ്ണുവിനെ നോക്കി.

“ആതി… ഇവിടുന്ന് ഡിസ്ചാർജായി കഴിഞ്ഞാൽ ഈ കുഞ്ഞിനെയും കൊണ്ട് നീ തനിച്ചെങ്ങനെ ജീവിക്കും. ഒരു കൈസഹായത്തിന് പോലും കൂടെയാരുമില്ല.” അവന്റെ മുഖത്ത് ആശങ്ക നിഴലിച്ചു.

“ആരും തുണയില്ലെങ്കിലും എനിക്ക് ജീവിച്ചല്ലേ പറ്റു. കൂടെ ഉണ്ടാകേണ്ടവൻ എവിടെയാണെന്ന് പോലുമറിയില്ല.” ആൽഫിയുടെ ഓർമ്മയിൽ അവളുടെ ഉള്ളം പുകഞ്ഞു.

“അവനെക്കുറിച്ച് നിനക്കെന്തെങ്കിലും അറിയാൻ കഴിഞ്ഞോ?”

“ഇല്ല വിഷ്ണു… പറ്റാവുന്നിടത്തൊക്കെ ഞാൻ അന്വേഷിച്ച് തളർന്നു. ഇനി അവനെ തിരക്കി നടക്കാൻ എനിക്ക് വയ്യ. സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ ഇപ്പൊത്തന്നെ സഹിച്ചുകഴിഞ്ഞു. എന്തിന്റെ പേരിലായാലും എന്നെ ഉപേക്ഷിച്ചു പോയവനെ എനിക്കും എന്റെ മോൾക്കും ഇനി വേണ്ട.” അത് പറയുമ്പോൾ അവളുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. ആതിരയുടെ മറുപടി കേട്ടപ്പോൾ അവന്റെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു.

“ആതീ… നിന്നോടൊരു കാര്യം പറയാൻ കൂടിയാ ഞാൻ നേരിട്ട് വന്നത്. നിന്നോട് ഇക്കാര്യം എങ്ങനെ പറയുമെന്നാലോചിച്ച് വീർപ്പുമുട്ടുകയായിരുന്നു ഞാനിതുവരെ. പക്ഷേ ഇനിയിത് നിന്നിൽ നിന്ന് മറച്ച് വച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നുന്നു. എന്തും സഹിക്കാനുള്ള മനക്കരുത്ത് നിനക്കിപ്പോഴുണ്ട്.”

“എന്താ വിഷ്ണു??” ആകാംക്ഷയോടെ ആതിര അവനോട് ചോദിച്ചു.

“ആൽഫി… ആൽഫിയും അവന്റെ ഫാമിലിയോടൊപ്പം അയർലണ്ടിലേക്ക് പോയിട്ടുണ്ട്. ഈ വിവരം കുറച്ചുനാൾ മുൻപാ ഞാനറിഞ്ഞത്. നിന്നോട് ഇതെങ്ങനെ പറയുമെന്നോർത്ത് ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു. എന്തിന്റെ പേരിലായാലും ഈ അവസ്ഥയിൽ നിന്നെ തനിച്ചാക്കി അവൻ പോയത് ഒട്ടും ശരിയായില്ലെന്നാണ് എന്റെയും അഭിപ്രായം.”

“ആൽഫി അയർലണ്ടിലേക്ക് പോയെന്ന് വിഷ്ണു എങ്ങനെ അറിഞ്ഞു.” നിർവികാരതയോടെ അവൾ ചോദിച്ചു.

“അവന്റെ ഇടവകയിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞതാ. കാരണമൊന്നും എനിക്കറിയാൻ കഴിഞ്ഞില്ല.”

“അതിനി അറിഞ്ഞിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ വിഷ്ണു. എന്നെ ഒറ്റയ്ക്കാക്കി അവൻ പോയില്ലേ. ഇത്രയും നാൾ ഒരു വിഡ്ഢിയെ പോലെ ആൽഫിയുടെ വരവും കാത്തിരുന്നില്ലേ ഞാൻ.” വികാര വിക്ഷോഭത്താൽ അവളുടെ അധരങ്ങൾ വിറപൂണ്ടു.

“ഞാനറിഞ്ഞ സത്യങ്ങൾ മുഴുവൻ നിന്നോട് പറയാൻ എന്റെ മനസ്സനുവദിക്കുന്നില്ല ആതി. എന്നെങ്കിലും ആൽഫിയിൽ നിന്നുതന്നെ നീ എല്ലാം അറിയാനിട വരട്ടെ. നിന്നെ ജീവന് തുല്യം സ്നേഹിച്ചവൻ എന്തിന് മറ്റൊരു വിവാഹം കഴിച്ചുവെന്നത് എനിക്കറിയില്ല.

ആൽഫിയുടെ ഭാഗം കൂടെ കേൾക്കത്തിടത്തോളം നിന്നോട് ഇതൊക്കെ ഞാനിപ്പോ പറഞ്ഞാൽ നിനക്കവനോടുള്ള വെറുപ്പ് കൂടാനേ സാധ്യതയുള്ളൂ. ഒരു കാര്യം എനിക്കുറപ്പിച്ച് പറയാനാകും, ആൽഫി നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. പക്ഷേ അവനെന്തിനായിരുന്നു മറ്റൊരു വിവാഹം കഴിച്ചതെന്ന് എനിക്കറിയില്ല ആതി.” താനറിഞ്ഞ സത്യങ്ങൾ അവൻ മനസ്സിൽ തന്നെ കുഴിച്ചുമൂടി. അതൊന്നും അവളോട് തുറന്നുപറയാൻ വിഷ്ണുവിന് കഴിഞ്ഞില്ല.

“നീയെന്താ വിഷ്ണു മിണ്ടാതിരിക്കുന്നത്.” നിശബ്ദനായിരിക്കുന്ന വിഷ്ണുവിനെ കണ്ട് അവൾ ചോദിച്ചു.

“ഒന്നുമില്ലെടി… ഞാനിങ്ങനെ വെറുതെ ഓരോന്ന് ഓർത്തുപോയി. ഒന്നിനെക്കുറിച്ചോർത്തും നീ വിഷമിക്കരുത് ആതി. എനിക്കത്രേ നിന്നോട് പറയാനുള്ളു.” വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവന്റെ  ചുണ്ടിൽ വിടർന്നു.

“ഇല്ലെടാ… എന്നെ വേണ്ടാത്തവരെ ഓർത്ത് കരഞ്ഞിരുന്നിട്ട് എന്ത് പ്രയോജനമാണുള്ളത്. എന്റെ മോൾക്ക് വേണ്ടി എനിക്ക് ജീവിക്കണം വിഷ്ണു.” ഉറച്ച സ്വരത്തിൽ ആതിര പറഞ്ഞു.

“ആതി… നിനക്കും കുഞ്ഞിനും ഞാനൊന്നും വാങ്ങിയിട്ടില്ല. ഇത് കുറച്ച് പണമാണ്. മോൾക്ക് വേണ്ടതെന്താണെന്ന് വച്ചാൽ നീ തന്നെ വാങ്ങികൊടുക്ക്.” പോക്കറ്റിൽ നിന്നും കുറച്ച് പൈസയെടുത്ത് വിഷ്ണു അവളുടെ ഉള്ളം കൈയ്യിലേക്ക് വച്ചുകൊടുത്തു.

“ഇതൊന്നും വേണ്ടിയിരുന്നില്ല വിഷ്ണു. നീ ഇവിടെവരെ വന്നതുതന്നെ വലിയ കാര്യം.”

“ഈ കാശ് നീയെനിക്ക് തിരികെ തരരുത്. കൈയ്യിൽ വച്ചോ, നിനക്കിനിയും ആവശ്യങ്ങൾ വരും. എന്നെകൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്തൂന്നേയുള്ളൂ.”

കുറച്ചുനേരം കൂടി സംസാരിച്ചിരുന്നതിന് ശേഷം ആതിരയോട് യാത്ര പറഞ്ഞ് അവനിറങ്ങി. ആ സമയം അവൾക്കൊന്ന് പൊട്ടിക്കരയാനാണ് തോന്നിയത്. മനസ്സിൽ എത്രയൊക്കെ ധൈര്യം സംഭരിച്ചിട്ടും പെട്ടെന്നൊരുനിമിഷം തനിക്ക് ചുറ്റിലും വന്ന് നിറയുന്ന ശൂന്യത ആതിരയെ തളർത്തി. ആരെങ്കിലും അടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നും. ഒറ്റയ്ക്കാകുമ്പോൾ മനസ്സ് കൈവിട്ട അവസ്ഥയാണ്.

*********************

മോളുണർന്ന് കരയുമ്പോൾ ആതിരയെ ബെഡിലേക്ക് ചാരി ഇരുത്തി കുഞ്ഞിനെ എടുത്ത് കൈയ്യിൽ കൊടുക്കുന്നതും മോൾടെ മൂത്രതുണിയൊക്കെ മാറ്റി വേറെ വച്ച് കൊടുക്കുന്നതുമൊക്കെ അവളെ സഹായിക്കാൻ വേണ്ടി നിർത്തിയിരുന്ന നേഴ്സ് തന്നെയാണ്. അതുകൊണ്ട് ആതിരയ്ക്ക് അധികമൊന്നും ആയാസപ്പെട്ട്  ചെയ്യേണ്ടതായി വന്നില്ല.

ഒരേ കിടപ്പ് തന്നെ കിടന്നാൽ ശരീരത്തിൽ രക്തയോട്ടം മരവിക്കുമെന്ന് പറഞ്ഞ് റൂമിലൂടെ കുറച്ചുസമയം നടക്കാൻ ഡോക്ടർ ആതിരയോട് നിർദേശിച്ചിട്ടുണ്ടായിരുന്നു. അത് പ്രകാരം അടിവയറ്റിലെ തുന്നലിന്റെ വേദന സഹിച്ച് ഇത്തിരി നേരം നേഴ്സ് അവളെ റൂമിലൂടെ നടത്തിക്കുമായിരുന്നു.

മറ്റൊരാളുടെ സഹായം കൂടാതെ ഒന്ന് ചരിഞ്ഞോ നിവർന്നോ കിടക്കാനാവാതെ എണീറ്റൊന്ന് ഇരിക്കാനാവാതെ ആതിര നന്നായി ബുദ്ധിമുട്ടിയിരുന്നു. ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകുമ്പോൾ ആരും സഹായത്തിന് കൂടെയില്ലാതെ താനെന്ത് ചെയ്യുമെന്നോർത്ത് അവൾക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിരുന്നു.

*********************

ആതിരയ്ക്കുള്ള മെഡിസിൻസ് എടുക്കാൻ വേണ്ടി കൂടെയുണ്ടായിരുന്ന നേഴ്സ് ഫാർമസിയിലേക്ക് പോയ സമയത്താണ് അവളെയും കുഞ്ഞിനെയും കാണാനായി കാർത്തിക് റൂമിലേക്ക് വന്നത്.

അവൻ ചെല്ലുമ്പോൾ കട്ടിലിൽ ചാരി കണ്ണുകൾ അടച്ചിരിക്കുകയായിരുന്നു ആതിര.

“ആതിരാ… ആർ യു ഓക്കേ നൗ?” അരികിൽ കാർത്തിക്കിന്റെ ശബ്ദം കേട്ടതും അവൾ കണ്ണ് തുറന്ന് നോക്കി.

“സർ… വരൂ..” അവനെ നോക്കി ആതിര പുഞ്ചിരി തൂകി.

“ട്രീസ എവിടെപ്പോയി? എപ്പോഴും ഇവിടെ ഉണ്ടാവണമെന്ന് ആ കുട്ടിയോട് ഞാൻ പറഞ്ഞിരുന്നതാണല്ലോ.” തനിക്ക് സഹായത്തിനായി നിർത്തിയ നഴ്സിനെയാണ് അവൻ അന്വേഷിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.

“ട്രീസ ഫാർമസിയിലേക്ക് പോയിരിക്കുകയാണ്. ഇപ്പൊ വരും.”

“ആണോ… ഓക്കേ ഓക്കേ. തനിക്കിപ്പോ എങ്ങനെയുണ്ട്. ഹെൽത്ത് ഓക്കേ അല്ലെ. പെയിൻ കുറവുണ്ടോ?” കാർത്തിക്ക് അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.

“വേദനയുണ്ട്… പക്ഷേ കുഴപ്പമില്ല.” ആതിര മുഖത്ത് ചിരി വരുത്തി.

“കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.” ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ അവൻ മൃദുവായി തൊട്ടു.

“ഇല്ല സർ… കുഞ്ഞിനിപ്പോ പ്രശ്നമൊന്നുമില്ല.”

“വാവ കരച്ചിലുണ്ടോ?”

“ഏയ്‌… ഇല്ല. മുഴുവൻ സമയവും ഉറക്കമാണ്. പാല് കൊടുക്കാൻ വേണ്ടി കഷ്ടപ്പെട്ടാ ഉണർത്തണേ. കുറച്ചുദിവസം എന്തായാലും ഇങ്ങനെയായിരിക്കും.” അവളുടെ സ്വരത്തിൽ വാത്സല്യം കിനിഞ്ഞു.

“ഇവിടുന്ന് ഡിസ്ചാർജായി വീട്ടിലേക്ക് പോയിക്കഴിഞ്ഞാൽ തനിക്കാരാ ഒരു കൈസഹായത്തിനുള്ളത്. വീട്ടിൽ അറിയിച്ചാൽ ആരെങ്കിലും വരുമോ?”

“ഇല്ല സർ… അറിയിച്ചാലും അവരാരും വരില്ല. അമ്മാമ്മ, വയ്യാതെ കിടപ്പിലാണ്. അല്ലായിരുന്നെങ്കിൽ അമ്മാമ്മ കൂടെവന്ന് നിൽക്കുമായിരുന്നു.”

“താനൊറ്റയ്ക്ക് ഈ കൈകുഞ്ഞിനേയും കൊണ്ട് എങ്ങനെയാ…?!” വാക്കുകൾ പൂർത്തീകരിക്കാൻ അവനായില്ല.

“മോൾടെ കാര്യം ഞാനെങ്ങനെയെങ്കിലും നോക്കും സർ.”

“ഈ അവസ്ഥയിൽ തന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റുമോ?”

“ഇവളെ പ്രസവിക്കാൻ തന്നെ ഞാനൊരുപാട് ബുദ്ധിമുട്ട് സഹിച്ചതല്ലേ സർ. അപ്പോപ്പിന്നെ എന്നെകൊണ്ട് ഒറ്റയ്ക്ക് നോക്കാനും സാധിക്കുമെന്നാണ് എന്റെ വിശ്വാസം.”

“ഒരു ജോലി പോലുമില്ലാതെ മുന്നോട്ടെങ്ങനെയാ ആതിര…?” കാർത്തിക്കിന്റെ സ്വരത്തിൽ ആധി പടർന്നു.

“സാറെനിക്കൊരു സഹായം ചെയ്ത് തരുമോ?” പ്രതീക്ഷയോടെ അവളവനെ നോക്കി.

“എന്താ ആതിര? എന്താണെങ്കിലും ചോദിച്ചോളൂ.”

“ഈ കൈകുഞ്ഞിനേയും കൊണ്ട് എനിക്കിനി കുറേനാൾ ഹോസ്പിറ്റലിൽ ഒന്നും ജോലിക്ക് പോകാനാവില്ല. ഞങ്ങൾക്ക് മുന്നോട്ട് ജീവിക്കാനും വീട്ട് വാടക കൊടുക്കാനുമൊക്കെ ഒരു ജോലി അത്യാവശ്യമാണ്. മോളെയും കൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ജോലി തല്ക്കാലത്തേക്ക് ശരിയാക്കി തരാൻ സാറിന് പറ്റുമോ?”

“താനൊന്ന് റിക്കവറാകാതെ പെട്ടെന്നൊരു ജോലിക്ക് പോയാൽ എങ്ങനെയാ ശരിയാവാ?”

“അതൊന്നും വിചാരിച്ചിരുന്നാൽ പറ്റില്ലല്ലോ. വീട്ട് വാടക മുടങ്ങിയിട്ട് രണ്ട് മാസമായി സർ. ഒന്നര മാസം റസ്റ്റ്‌ എടുത്തിട്ട് ഏതെങ്കിലും ജോലിക്ക് ഉടനെ കയറിയില്ലെങ്കിൽ എനിക്ക് കിടപ്പാടം കൂടെ നഷ്ടപ്പെടും.” അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ദൈന്യത തിരിച്ചറിയവേ കാർത്തിക്കിന്റെ മിഴികൾ ഈറനായി.

“ഉറപ്പായും തനിക്ക് ഞാനൊരു നല്ല ജോലി കണ്ടെത്തി തരും. താൻ നിരാശപ്പെടണ്ട.” ആ അവസ്ഥയിലും ജോലിക്ക് പോയി ജീവിക്കാൻ അവൾ കാണിക്കുന്ന ആർജവം അവനിൽ അവളോടുള്ള മതിപ്പ് കൂട്ടി.

“താങ്ക്യൂ സർ..” സന്തോഷത്തോടെ ആതിര പറഞ്ഞു.

“ഞാനെന്നാൽ അങ്ങോട്ട്‌ ചെല്ലട്ടെ… എന്തെങ്കിലും ആവശ്യം വേണ്ടി വന്നാൽ പറയാൻ മടിക്കേണ്ട.”

കാർത്തിക്ക് എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് പോയി.

******************

ഓപ്പറേഷൻ ആയതുകൊണ്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ആതിരയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആ ഒരാഴ്ച കാലം എല്ലാ സഹായവുമായി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞ് അവൾ ഹോസ്പിറ്റലിൽ നിന്നിറങ്ങി. പോകുന്നതിന് മുൻപ് രാജീവിനോടും കാർത്തിക്കിനോടും പ്രത്യേകം നന്ദി പറയാനും ആതിര മറന്നില്ല.

ഹോസ്പിറ്റലിന്റെ മുന്നിൽ നിന്ന് ഒരു ഓട്ടോ വിളിച്ച്, തുണിയിൽ പൊതിഞ്ഞെടുത്ത കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചുകൊണ്ട് അവൾ വീട്ടിലേക്ക് തിരിച്ചു. അമ്മയുടെ നെഞ്ചിന്റെ ചൂടുപറ്റി ആ ഇളംപൈതൽ കണ്ണടച്ച് സുഖമായി ഉറങ്ങി.

വീടിന് മുന്നിൽ ഓട്ടോ നിർത്തുമ്പോൾ ഓട്ടോകാശ് കൊടുത്ത ശേഷം കുഞ്ഞിനെയും കൊണ്ടവൾ മെല്ലെ ഇറങ്ങി. വലതുകൈയ്യിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ തുണികളടങ്ങിയ കവറുണ്ടായിരുന്നത് കൊണ്ട് കുഞ്ഞിനെ അവൾ ഇടതുകൈക്കുള്ളിൽ സുരക്ഷിതമായി ചേർത്ത് പിടിച്ചിരുന്നു.

വീട്ടിലേക്കുള്ള ചുവടുകളോരോന്നും വയ്ക്കുമ്പോൾ അ, ടിവയറ്റിലെ തുന്നലിന്റെ വേദന അസഹനീയമായി ആതിരയ്ക്ക് തോന്നി. വേച്ചുവേച്ചവൾ ഓരോ അടി വച്ചു.

സ്റ്റിച്ച് വലിഞ്ഞു ശരീരം വേദന കൊണ്ട് പുളയുമ്പോൾ ചുണ്ടുകൾ കടിച്ചുപിടിച്ച് അവളതൊക്കെ സഹിക്കാൻ ശ്രമിച്ചു. ഒരാഴ്ച തൂത്തുതുടയ്ക്കാതെ ഇട്ടിരുന്നതിനാൽ വീടാകെ പൊടിയും മാറാലയും നിറഞ്ഞിരുന്നു.

കൈയിലിരുന്ന പ്ലാസ്റ്റിക് കവർ ഹാളിന്റെ ഒരു വശത്ത് വച്ച ശേഷം കുഞ്ഞിനെയും കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു. മോളെ നന്നായി പൊതിഞ്ഞുപിടിച്ചുകൊണ്ട്  ആതിര മുറിയെല്ലാം പൊടി പറക്കാതെ അടിച്ചുവാരി വൃത്തിയാക്കി. ഓരോ തവണ കുഞ്ഞിനെയും കൊണ്ടവൾ ആയാസപ്പെട്ട് കുനിഞ്ഞുനിവർന്ന് അടിച്ചുവരുമ്പോൾ മുറിവിലെ നോവും അധികരിച്ചു.

ഒരുവിധം മുറി മാത്രം വൃത്തിയാക്കി കിടക്ക തട്ടികുടഞ്ഞുവിരിച്ച ശേഷം കുഞ്ഞിനെ ഭദ്രമായി അവൾ നിലത്ത് വിരിച്ച മെത്തയിൽ കിടത്തി. അപ്പോഴേക്കും ആതിരയാകെ തളർന്ന് പോയിരുന്നു. ആ സമയം അവൾക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി. കുഞ്ഞിനരികിലായി വാടികരിഞ്ഞ പുഷ്പം കണക്കെ ആതിരയും കിടന്നു.

ആർത്തലച്ച് വന്നൊരു തേങ്ങൽ അവളുടെ കണ്ഠനാളത്തിൽ കുരുങ്ങിക്കിടന്നു. തന്റെ നെഞ്ചിന്റെ ചൂട് പറ്റി കിടന്നുറങ്ങുന്ന പൊന്നോമനയെ ചേർത്തുപ്പിടിച്ച് ആതിര ഏങ്ങിക്കരഞ്ഞു. ചൂട് കണ്ണീർ അവളുടെ കവിളിനെ പൊള്ളിച്ചു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *