മറുതീരം തേടി, ഭാഗം 47 – എഴുത്ത്: ശിവ എസ് നായർ

ഇന്ന് ആരതിയുടെ വിവാഹ ദിനമാണ്. അവൾ ആഗ്രഹിച്ചത് പോലെതന്നെ വലിയൊരു വീട്ടിലേക്കാണ് കയറിചെല്ലാൻ പോകുന്നത്. കടത്തിനുമേൽ കടം വാങ്ങിയാണ് തന്റെ മാനസ പുത്രിയുടെ വിവാഹം മുരളി നടത്തി വയ്ക്കുന്നത്. ഇത്രയും കടങ്ങൾ വരുത്തി വച്ചുകൊണ്ട് ആരതിയുടെ വിവാഹം സുജിത്തുമായി നടത്തണോന്ന് അയാൾ പലവട്ടം ചിന്തിച്ചിരുന്നു. പക്ഷേ ഈ വിവാഹം നടന്നില്ലെങ്കിൽ ഉത്തരത്തിൽ കെട്ടിതൂങ്ങി ചത്ത്‌ കളയുമെന്ന മകളുടെ ഭീഷണിയുള്ളത് കൊണ്ട് മുരളിക്ക് അവളുടെ ഇഷ്ടം നടത്തി കൊടുക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു.

വീട്ട് മുറ്റത്തൊരുക്കിയ വിവാഹ പന്തലിൽ സുജിത്തിന് അരികിലായി എഴുപത്തി അഞ്ചു പവൻ സ്വർണ്ണവുമിട്ട് അണിഞ്ഞൊരുങ്ങി ആരതി ഇരുന്നു. ആരതിയെ വിവാഹം കഴിക്കുന്നതിനോട് സുജിത്തിന് വല്യ താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെയൊക്കെ അന്ന് സംഭവിച്ച് പോയത്  കൊണ്ട് മാത്രമാണ് അവൻ അവളെ കല്യാണം കഴിക്കാൻ നിർബന്ധിതനായി തീർന്നത്.

നാദസ്വരമേളങ്ങളുടെ അകമ്പടിയോടെ സുജിത്ത് ആരതിയുടെ കഴുത്തിൽ താലി ചാർത്തി. വധൂ വരന്മാർ പരസ്പരം വരണമാല്യം അണിഞ്ഞു. മുരളി മകളുടെ കൈപിടിച്ച് മരുമകന്റെ കൈയ്യിലേക്ക് ചേർത്ത് വച്ച് കന്യാദാനം നടത്തി. താൻ സ്വപ്നം കണ്ടതുപോലെതന്നെ വിവാഹം നടന്നതിൽ ആരതി അളവറ്റ് സന്തോഷിച്ചു. പക്ഷേ ആ സന്തോഷങ്ങൾക്ക് അധികം ആയുസ്സില്ലെന്ന സത്യം അവളപ്പോൾ അറിഞ്ഞിരുന്നില്ല.

ചടങ്ങുകളെല്ലാം കഴിഞ്ഞ് സുജിത്തും ആരതിയും സദ്യ കഴിച്ച ശേഷം പുറപ്പെടാനായി തയ്യാറായി. ഗൃഹപ്രവേശനത്തിന്റെ സമയമടുത്തപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇരുവരും കാറിൽ കയറി.

അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് ആരതി യാത്ര പറയുമ്പോൾ അവരിരുവരും വിതുമ്പിപ്പോയി. പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ആ മുഖം നിറയെ സന്തോഷം മാത്രമായിരുന്നു. എല്ലാത്തിൽ നിന്നും ഒതുങ്ങി മാറി നിൽക്കുകയായിരുന്നു അഞ്ജു. ചേച്ചിയുടെ പ്രവൃത്തികളോട് യോജിക്കാൻ അവൾക്കായില്ല. അച്ഛനെ വലിയൊരു കടക്കെണിയിലാക്കി ആരതി സ്വന്തം ഇഷ്ടം നോക്കി ഒരു ജീവിതം തിരഞ്ഞെടുത്തത്തിൽ കടുത്ത വിയോജിപ്പ് പ്രകടമാക്കി അഞ്ജു, ചേച്ചിയോട് പിണങ്ങി തന്നെ നിന്നു.

********************

പ്ലാറ്റ് ഫോമിൽ ആളുകളെ കൊണ്ട് നിറയാൻ തുടങ്ങിയപ്പോൾ കുഞ്ഞിനെയും കൊണ്ടവൾ അവിടെനിന്നും വേഗം എഴുന്നേറ്റു. അമ്മയുടെ കൈകളിൽ സുരക്ഷിതയായി ഇരുന്നുകൊണ്ട് കുഞ്ഞിപ്പെണ് കുഞ്ഞി കണ്ണുകൾ വിടർത്തി ചുറ്റിനും നോക്കികൊണ്ട് കിടന്നു.

തലേ ദിവസം ഉച്ച മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടുതന്നെ ആതിരയ്ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് പുറത്തുള്ള ഏതെങ്കിലും കടയിൽ കയറി എന്തെങ്കിലും വാങ്ങികഴിക്കാമെന്ന് അവളോർത്തു.

റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഒരു ചായക്കടയിൽ കയറി അവൾ ഒരു ഗ്ലാസ്‌ ചായയും രണ്ട് വടയും വാങ്ങികഴിച്ചു. ഭക്ഷണം ഉള്ളിലേക്ക് പോയപ്പോൾ ആതിരയ്ക്ക് എന്തെന്നില്ലാത്തൊരു ആശ്വാസം തോന്നി.

കടക്കാരന് ചായേടേം വടയുടെയും പൈസ കൊടുത്ത ശേഷം അവൾ തിരിച്ച് സ്റ്റേഷനിലെ ഒരു ഒഴിഞ്ഞ ബെഞ്ചിൽ വന്നിരുന്നു. ട്രെയിനുകൾ വന്നും പോയും ഇരുന്നു. മുന്നിൽ നിറഞ്ഞ് നിൽക്കുന്ന ശൂന്യത ആതിരയെ ഭയ ചകിതയാക്കി.

അപ്പോഴാണ് ബാഗിൽ കിടന്ന ഫോൺ ബെൽ അടിക്കുന്ന ശബ്ദം അവൾ കേട്ടത്. ആതിര വേഗം ബാഗിൽ നിന്ന് മൊബൈൽ എടുത്ത് നോക്കി. നാട്ടിൽ നിന്ന് ശിവന്റെ കാൾ ആയിരിക്കുമെന്നാണ് അവൾ വിചാരിച്ചത്. പക്ഷേ പരിചയമില്ലാത്തൊരു നമ്പർ കണ്ട് ആതിരയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.

ആരാകും തന്നെ വിളിക്കുന്നതെന്ന സംശയത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.

“ഹലോ ആരാണ്..” ഉദ്വേഗത്തോടെ ആതിര ചോദിച്ചു.

“ഹലോ… ഇത് ആതിരയല്ലേ.?” മറുതലയ്ക്കൽ നിന്നൊരു പുരുഷ ശബ്ദം കേട്ടു.

“അതെ… ഇതാരാണ് സംസാരിക്കുന്നത്.”

“ഞാൻ ശ്രീറാം… കാർത്തീടെ കൈയ്യിൽ നിന്ന് ഇന്നലെ തന്റെ നമ്പർ വാങ്ങിയിരുന്നു.”

“സാറെന്താ വിളിച്ചത്.?” ആകാംക്ഷയോടെ അവൾ ചോദിച്ചു.

“ഞങ്ങൾക്ക് എമർജൻസി ആയിട്ട് തിരിച്ചു പോകേണ്ടതുണ്ട്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒരാളെ കണ്ട് പിടിക്കാനും പറ്റില്ല. തനിക്ക് വിരോധമില്ലെങ്കിൽ ഇവിടെ ജോലിക്ക് വരാൻ പറ്റുമോ. ഇന്നലെ തന്നോട് നോ പറഞ്ഞതിൽ ഐ ആം റിയലി സോറി ആതിര.”

“എനിക്ക് ജോലിക്ക് വരാൻ വിരോധമൊന്നുമില്ല സർ. എന്ന് മുതലാ ഞാൻ വരേണ്ടത്.?” സങ്കടം കൊണ്ടവളുടെ ശബ്ദമൊന്നിടറി.

“തനിക്ക് ഇവിടെ സ്റ്റേ ചെയ്തുകൊണ്ട് അമ്മയെ നോക്കാനാവുമോ? ഫുഡ് ഉണ്ടാക്കലും അമ്മയുടെ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്താൽ മതി. അച്ഛനെ കൊണ്ട് അമ്മയെ നോക്കലും പാചകവും ഒറ്റയ്ക്ക് ചെയ്യാനാവില്ല. പറ്റുമെങ്കിൽ ഇന്ന് തന്നെ ജോലിക്ക് വന്നോളൂ. മാറ്റന്നാളത്തെ ഫ്‌ളൈറ്റിൽ ഞങ്ങൾക്ക് ദുബായ്ക്ക് പോകേണ്ടതുണ്ട്. അതിന് മുൻപ് തനിക്കിവിടിയൊന്ന് സെറ്റ് ആകാനും ടൈം കിട്ടുമല്ലോ.” ശ്രീറാമിന്റെ വാക്കുകൾ കേട്ട് ആതിരയുടെ കണ്ണുകൾ നിറഞ്ഞു.

സന്തോഷവും സങ്കടവും കൊണ്ട് അവൾക്ക് സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

“ഞാ.. ൻ… ഞാൻ.. വരാം സർ. ഇന്നുതന്നെ വരാം.” ഇടർച്ചയോടെ ആതിര പറഞ്ഞു. സമ്മതം പറയാൻ അവൾക്ക് ഒരു നിമിഷം പോലും ആലോചിക്കണ്ടായിരുന്നു.

“ഓക്കേ ആതിര… സാലറി കാര്യങ്ങളൊക്കെ നമുക്ക് നേരിട്ട് സംസാരിക്കാം.”

“ശരി സർ..” കാൾ കട്ട്‌ ചെയ്യുമ്പോൾ സന്തോഷം കൊണ്ട് ആതിരയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ആരും തുണയില്ലാതെ എങ്ങോട്ട് പോകണമെന്നറിയാതെ പെരുവഴിയിൽ കൈക്കുഞ്ഞുമായി ഒറ്റയ്ക്കായി പോയവൾക്ക് ജീവിക്കാൻ വീണ് കിട്ടിയൊരു കച്ചിത്തുരുമ്പാണ് ഈ ജോലി.

കണ്ണുകൾ തുടച്ച് അവൾ എഴുന്നേറ്റു. ഹോസ്പിറ്റലിൽ പോയി കാർത്തിക്കിനെ കണ്ട് നന്ദി പറഞ്ഞിട്ട് വേണം ശ്രീറാമിന്റെ വീട്ടിലേക്ക് പോകാനെന്ന് ആതിര തീരുമാനിച്ചു.

**********************

“ആതിരാ… ഇതെന്ത് കോലമാടോ?” തനിക്ക് മുന്നിൽ നിറകണ്ണുകളോടെ വന്ന് നിൽക്കുന്നവളെ കാർത്തിക്ക് പകപ്പോടെ നോക്കി.

അവന്റെ ആ വാക്കുകൾ കേട്ടപ്പോഴാണ് ആതിര തന്റെ വസ്ത്രങ്ങളും മുഖവുമൊക്കെ ശ്രദ്ധിക്കുന്നത്.

കണ്ണാടി പോലെ തിളങ്ങുന്ന തറയിൽ തന്റെ പ്രതിബിംബം കണ്ട് അവളൊന്ന് ഞെട്ടി. മുടികൾ പാറിപറന്ന് ഇട്ടിരുന്ന ചുരിദാറിൽ ചെളി പുരണ്ട് ആകെ മുഷിഞ്ഞു നാറിയതായിരുന്നു അവളുടെ കോലം. ഇപ്പൊ തന്നെ കണ്ടാൽ ഒരു നാടോടി സ്ത്രീയെ പോലെയുണ്ടെന്ന് അവൾക്ക് തോന്നി.

ആതിരയ്ക്ക് വല്ലാത്ത ജാള്യത തോന്നി.

“ഇന്നലെ താനിവിടെ വരുമ്പോൾ ധരിച്ചിരുന്ന അതേ ചുരിദാർ തന്നെയാണല്ലോ ഇപ്പോഴും. ഈ ഡ്രെസ്സിലൊക്കെ എങ്ങനെയാ അഴുക്ക് പുരണ്ടത്. ഇന്നലെ എന്താ ഉണ്ടായേ ആതിര.?” നിശബ്ദയായി നിൽക്കുന്നവളുടെ അരികിലേക്ക് കാർത്തിക്ക് വന്ന് നിന്നു.

“അത്‌ പിന്നെ സർ…” അവനോട് എന്ത് മറുപടി പറയണമെന്നറിയാതെ ആതിര നിന്ന് വിയർത്തു.

തലേന്ന് രാത്രി റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയപ്പോ വസ്ത്രങ്ങളിൽ ചെളി പുരണ്ടതൊന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല.

“ഈ കോലത്തിലാണോ താനൊരു ജോലിക്ക് പോകുന്നത്?” കാർത്തിക്ക് സംശയ ദൃഷ്ടിയോടെ അവളെ നോക്കി.

“ഇന്നലെ ശ്രീറാം സാറിന്റെ വീട്ടിലൊക്കെ പോയിട്ട് ഞാൻ തിരിച്ച് വീട്ടിൽ ചെല്ലുമ്പോൾ വീടിന്റെ ഓണർ രണ്ടുപേരെ കൂട്ടി വന്ന് സാധനങ്ങളൊക്കെ വാരി പുറത്തിടുകയായിരുന്നു. വാടക മുടങ്ങി കിടക്കുകയായിരുന്നു. ഒരു ജോലി ശരിയായാൽ വേഗം തന്നെ വാടക കുടിശ്ശിക കൊടുത്ത് തീർക്കാമെന്ന് കരുതിയിരിക്കുകായിരുന്നു ഞാൻ. അപ്പോഴാ അയാളിന്നലെ പെട്ടന്ന് വന്ന് ഇറക്കി വിട്ടത്.”

കാർത്തിക്കിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ തലേന്നുണ്ടായ സംഭവ വികാസങ്ങൾ ആതിരയ്ക്ക് പറയേണ്ടി വന്നു.

“ഇത്രയൊക്കെ നടന്നിട്ട് താനെന്താ എന്നെ വിളിച്ച് ഒരു വാക്ക് പറയാതിരുന്നത്?”

“സാറിന് വീണ്ടും ബുദ്ധിമുട്ട് ആവണ്ടെന്ന് കരുതിയാ പറയാതിരുന്നത്.”

“എന്ത് ബുദ്ധിമുട്ട് ഉണ്ടാകാനാ.. തനിക്കിത്രയും പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇന്നലെതന്നെ ഞാനാ ജോലി ശരിയാക്കി തന്നേനെ. ആട്ടെ അവർ ജോലി തരാതെ പറഞ്ഞയച്ചപ്പോൾ എന്നെ എന്താ വിളിച്ചു പറയാതിരുന്നത്.?”

“സാറിനെ വിളിച്ചു പറയാമെന്ന് കരുതിയതാ. പക്ഷേ ഫോണിൽ പൈസയുണ്ടായിരുന്നില്ല.”

“ഇന്നലെ തിരക്കിനിടയിൽ തന്റെ ജോലിക്കാര്യം അന്വേഷിക്കാൻ ഞാൻ വിട്ടുപോയി. തിരക്കിനിടയിലും തന്റെ ഒരു കാൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. രാത്രി റാമിനെ വിളിച്ചപ്പോഴാണ് ആതിരയെ തിരിച്ചയച്ച കാര്യം അവൻ പറയുന്നത്.

താൻ നേഴ്സ് ആണെന്നുള്ള കാര്യമൊന്നും ഞാനവനോട് പറഞ്ഞിരുന്നില്ല. അതുപോലെ തനിക്ക് തീരെ ചെറിയ കുഞ്ഞാണുള്ളതെന്നും പറഞ്ഞിട്ടില്ലായിരുന്നു. അവർ തിരിച്ച് ദുബായ്ക്ക് പോയി കഴിഞ്ഞാലും വീട്ടിൽ അവർക്ക് കൂട്ടായിട്ട് നിൽക്കാനും കൂടി വില്ലിങ് ആയിട്ടുള്ള ഒരാളെയാണ് നോക്കുന്നതെന്ന് അവൻ ഇന്നലെയാണ് എന്നോട് പറയുന്നത്. ഇത്രേം ചെറിയ കുഞ്ഞുള്ള താനെങ്ങനെയാ വീട്ട് കാര്യങ്ങൾ നോക്കുകയെന്നോർത്താണ് അവൻ തന്നോടാദ്യം നോ പറഞ്ഞത്.

വീട്ട് വാടക കൊടുക്കുന്ന കാര്യമൊക്കെ താനെന്നോട് പറഞ്ഞിരുന്നത് കൊണ്ട് ഈ ജോലി തനിക്ക് കിട്ടിയാ താമസത്തിനും കൂടി പൈസ ചിലവാക്കേണ്ടി വരില്ലല്ലോന്നാണ് ഞാൻ വിചാരിച്ചത്. റാമിനോട് കുറേ റിക്വസ്റ്റ് ചെയ്യുകയും തന്റെ ഇപ്പോഴത്തെ അവസ്ഥയൊക്കെ പറയുകയും കൂടി ചെയ്തപ്പോ ഒടുവിലവൻ, തന്നെ ജോലിക്കെടുക്കാമെന്ന് സമ്മതിച്ചു. ഇക്കാര്യം റാം തന്നെ വിളിച്ച് പറയാമെന്ന് പറഞ്ഞത് കൊണ്ടാ ഞാൻ പിന്നെ വിളിക്കാത്തത്.”

“സാറ് വലിയൊരുപകാരമാണ് എനിക്ക് വേണ്ടി ചെയ്തത്. ഈ സഹായം മരിക്കുംവരെ ഞാൻ മറക്കില്ല. ഇന്നലെ രാത്രി കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ വരെ ഒരുങ്ങിയതാ ഞാൻ. എന്റെ മോൾടെ മുഖത്തെ ചിരി കണ്ടപ്പോൾ ട്രെയിനിന് മുന്നിൽ ചാടാനെനിക്ക് മനസ്സ് വന്നില്ല. സാറിപ്പോ ഈ ജോലി ശരിയാക്കി തന്നില്ലായിരുന്നെങ്കിൽ എന്റേം മോൾടേം അവസ്ഥ എന്തായി തീരുമെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.” കൈകൾകൂപ്പി അവളത് പറയുമ്പോൾ കാർത്തിക്കും വല്ലാതായി.

“ഈ കുഞ്ഞിനേം കൊണ്ട് താൻ ഇന്നലെ രാത്രി എവിടെയാ കിടന്നത്?”

“റെയിൽവേ സ്റ്റേഷനിൽ…”

“തനിക്ക് രാജീവിനെയെങ്കിലും വിളിക്കാമായിരുന്നില്ലേ. തന്റെ വീടിന്റെ തൊട്ടടുത്തല്ലേ അയാളുടെ താമസം.”

“ഞാൻ അവിടേക്ക് പോയതാ… പക്ഷേ രാജീവേട്ടൻ സ്ഥലത്തില്ലായിരുന്നു. വീട്ടിൽ പോയതാണെന്ന് തോന്നുന്നു.”

“എന്നാലും താനെന്തൊരു പണിയാ കാണിച്ചത്. അയാൾ ഇറക്കി വിട്ടപ്പോൾ ഇങ്ങോട്ട് വരായിരുന്നില്ലേ. ഞാൻ സഹായിക്കുമായിരുന്നല്ലോ. പകരം കുഞ്ഞിനേം കൊണ്ട് റെയിൽവേ സ്റ്റേഷനിലൊക്കെ പോയി എന്ത് ധൈര്യത്തിലാ കിടന്നത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?” അവൻ ശാസനയോടെ പറഞ്ഞു.

“അന്നേരം എനിക്ക് എന്ത് ചെയ്യണമെന്നോ എവിടെ പോണമെന്നോ ഒരു രൂപവുമില്ലായിരുന്നു സർ. ആ നിമിഷത്തെ ഒറ്റപ്പെടലിൽ മരണത്തെ കുറിച്ചൊക്കെ ചിന്തിച്ചുപോയി ഞാൻ.”

“താനെന്നെയൊരു അന്യനായിട്ട് കാണണ്ട. എന്ത് സഹായം വേണമെങ്കിലും മടിക്കാതെ വന്ന് പറയണം. ഇന്നലെതന്നെ ഞാനിതൊക്കെ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ കഷ്ടപ്പെടാൻ അവസരമൊരുക്കില്ലായിരുന്നു.” തന്റെ മുന്നിൽ കണ്ണീരോടെ നിൽക്കുന്ന പെണ്ണിനെ അലിവോടെ കാർത്തിക് നോക്കി.

“ഒരു ജോലിയും അവിടെതന്നെ താമസവും എനിക്ക് ശരിയാക്കി തന്നില്ലേ. അതുതന്നെ വലിയ സഹായമാണ് സർ. കുഞ്ഞിനേം കൊണ്ട് എനിക്ക് ജീവിക്കാൻ ഈ ജോലി തന്നെ ധാരാളം. എന്തെങ്കിലും സഹായം വേണ്ടി വന്നാൽ മടിക്കാതെ ഞാൻ ചോദിച്ചോളാം.” കൈകൾ കൂപ്പി ആതിര അവനോട്‌ പറഞ്ഞു.

“എന്തായാലും ആതിര ഈ വേഷത്തിൽ റാമിന്റെ വീട്ടിലേക്ക് പോകണ്ട. ഒന്ന് ഫ്രഷ് ആയി ഈ വേഷമൊക്കെ ഒന്ന് മാറ്റിയിട്ട് പോയാൽ മതി.”

അവന്റെ നിർദ്ദേശം കേട്ട് അവൾ തലയനക്കി സമ്മതമറിയിച്ചു.

“ഞാനിപ്പോ എവിടെപോയാ ഇതൊക്കെ ഒന്ന് മാറ്റുക? കുഞ്ഞിനെ ആരെ ഏൽപ്പിക്കും ഞാൻ.” സങ്കോചത്തോടെ ആതിര ചോദിച്ചു.

“ആതിരയ്ക്ക് വിരോധമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് പോകാം. അവിടുന്ന് ഫ്രഷ് ആയിട്ട് ഞാൻ തന്നെ റാമിന്റെ വീട്ടിൽ കൊണ്ടുവിടാം.” അത് പറഞ്ഞിട്ട് അവളുടെ മറുപടിക്കായി കാർത്തിക്ക് അവളെ നോക്കി.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *