ആരതിയുടെ മോനിന്ന് ഒരു വയസ്സ് തികയുന്ന ദിവസമാണ്. രാവിലെതന്നെ ഉണ്ണി കുട്ടനെയും കൊണ്ട് അമ്പലത്തിൽ പോയി മടങ്ങി വരുകയാണ് ആരതിയും അമ്മയും.
ഇരുവരും റോഡിന് ഓരം ചേർന്ന് നടന്ന് വരുമ്പോഴാണ് അവർക്ക് തൊട്ടുമുന്നിലായി സുജിത്ത് ബൈക്കിൽ വന്ന് നിന്നത്. ഭാരതിയും ആരതിയും ചോദ്യഭാവത്തിൽ അവനെ ഉറ്റുനോക്കി.
“ആരുടെ വി, ഴുപ്പിനെയാടി ഇങ്ങനെ നാട്ടാരെ കാണിക്കാൻ വേണ്ടി ഒരുക്കിക്കെട്ടി കൊണ്ട് നടക്കുന്നത്.” പരിഹാസ രൂപേണ സുജിത്ത് തെല്ലുച്ചത്തിൽ അവളോട് ചോദിച്ചു.
അസ്വസ്ഥതയോടെ അവൾ ചുറ്റിലും കണ്ണോടിച്ചു. അവന്റെയാ പ്രവർത്തിയിൽ ചുറ്റുമുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
“ആരുടെയായാൽ നിനക്കെന്താ. അങ്ങോട്ട് അവകാശം ചോദിച്ചോ, നിങ്ങളാണ് ഇവന്റെ അച്ഛനെന്ന് പറഞ്ഞോ ഞാൻ വന്നില്ലല്ലോ.” ആരതിയും വിട്ട് കൊടുത്തില്ല.
“ഈ ച, ട്ടുകാ, ലനെന്തായാലും എനിക്കുണ്ടായതല്ല. ഇത് ആരുടേതായാലും എന്നെയത് ബാധിക്കുന്ന പ്രശ്നവുമല്ല.”
“എങ്കിൽ പിന്നെ നിന്ന് പ്രസംഗിക്കാതെ മുന്നീന്ന് മാറടോ.”
“അല്ലേലും നിന്റെ തിരുമോന്ത കാണാനല്ല ഞാൻ വന്നത്. വന്ന കാര്യം പറഞ്ഞിട്ട് ഞാനങ്ങ് പൊയ്ക്കോളാം.”
“എന്താ നിങ്ങൾക്ക് പറയാനുള്ളത്?”
“ഡിവോഴ്സിനുള്ള പേപ്പറൊക്കെ ശരിയാക്കിയിട്ടുണ്ട്. വന്ന് ഒപ്പിട്ട് തന്നിട്ട് പൊയ്ക്കോ. വല്ല ന, ക്കാപിച്ചയും നഷ്ടപരിഹാരം വേണമെങ്കിൽ അതും തന്നേക്കാം. പക്ഷേ കാര്യങ്ങൾ പെട്ടെന്ന് നടന്ന് കിട്ടണം.”
“ആയിക്കോട്ടെ, അല്ലേലും നിങ്ങടെ കൂടെ ജീവിക്കാൻ എനിക്കും താല്പര്യമില്ല. പിന്നെ നിന്റെ നക്കാപിച്ച കൈയ്യിൽ തന്നെ വച്ചോ… ആവശ്യം വരും.”
“കിട്ടുന്നത് വാങ്ങിച്ചോടി, കുറച്ചുനാൾ കൂടെ കിടന്നതിന്റെ ഔദാര്യമാണെന്ന് കൂട്ടിക്കോ.” എല്ലാം കേട്ടുകൊണ്ട് തൊട്ടടുത്ത് ഭാരതി നിൽക്കുന്നെന്ന ചിന്ത പോലുമില്ലാതെ സുജിത്ത് അത് പറയുമ്പോൾ ആരതിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“അമ്മ കൂടെയുള്ളതുകൊണ്ട് ഞാനിതിന് മറുപടി പറയുന്നില്ല.”
“ഇവനെപോലുള്ള വൃ, ത്തികെട്ടവനോടൊക്കെ സംസാരിച്ച് നേരം കളയാതെ നീ ഇങ്ങോട്ട് വാടി.” ആരതിയുടെ കൈയ്യിൽ നിന്ന് മോനെ വാങ്ങി ഭാരതി നടന്നു.
“അതേ… നീയും നിന്റെ വീട്ടുകാരും കൂടി, ഞാൻ പെ, റ്റത് നിങ്ങടെ കൊച്ചിനെയല്ലെന്ന് എത്ര പറഞ്ഞു നടന്നിട്ടും കാര്യമില്ല. മോന്റെ മുഖത്തേക്ക് നോക്കിയാതന്നെ അറിയാം അവൻ കാണാൻ ആരെപോലെയാണെന്ന്.”
സുജിത്തിനെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അവളും അമ്മയുടെ പിന്നാലെ നടന്നുപോയി.
ആരതിയെ വഴി തടഞ്ഞു നിർത്തി അപമാനിക്കാനുള്ള ഉദ്ദേശത്തോടെ വന്ന സുജിത്തിന് അവളുടെ പ്രതികരണം മുഖത്തടിയേറ്റത് പോലെ ആയിപ്പോയി.
മുഷ്ടി ചുരുട്ടി ബൈക്കിന് മേൽ ആഞ്ഞിടിച്ചു കൊണ്ടാണ് ആരതിയോടുള്ള ദേഷ്യം അവൻ പ്രകടിപ്പിച്ചത്.
***************
വീട്ടിലെത്തി പ്രാതൽ കഴിച്ച ശേഷം ആരതി, പതിവ് പോലെ ജോലിക്ക് പോയി. വിഷാദമൂകയായി മുറിയടച്ചിരുന്ന അഞ്ജുവിന് ഇപ്പോഴുള്ള ഏക ആശ്വാസം ഉണ്ണി കുട്ടന്റെ കളിചിരികൾ മാത്രമാണ്.
ഭാരതി അടുക്കള പണികളിൽ മുഴുകുമ്പോൾ കുഞ്ഞിനെ നോക്കുന്ന ഉത്തരവാദിത്വം അഞ്ചുവിനാണ്. അവന്റെയൊപ്പം ഇരിക്കുമ്പോൾ മാത്രമാണ് അവളെയൊന്ന് ചിരിച്ചുകാണാൻ കഴിയുന്നത് പോലും.
ഉണ്ണി കുട്ടനിപ്പോ മുട്ടിലിഴയുകയും പിടിച്ചു നിൽക്കുകയും ചെയ്യാറുണ്ട്. കാലിന്റെ നീളക്കുറവ് കാരണം കുഞ്ഞിചെക്കൻ പിച്ച വയ്ക്കാൻ ശ്രമിക്കുമ്പോൾ മുന്നിലേക്ക് മുഖമടച്ചോ അല്ലെങ്കിൽ പിന്നിലേക്ക് മലർന്നടിച്ചോ വീണുപോകും. കുറച്ചുനേരം കരഞ്ഞിട്ട് പിന്നെയും അവൻ എഴുന്നേറ്റ് പിടിച്ചു നിൽക്കാൻ നോക്കും.
കണ്ണൊന്നു തെറ്റിയാൽ ചെക്കൻ വീണ് പോകുന്നത് കൊണ്ട് അഞ്ജുവും ഭാരതിയും ആരതിയുമൊക്കെ മാറി മാറി ഉണ്ണികുട്ടന്റെ അടുത്ത് എപ്പോഴുമുണ്ടാകും. മുരളി മാത്രം അവനെ തീരെ ഗൗനിക്കാറില്ല. ഭാര്യയോടും മക്കളോടും പഴയ അടുപ്പമില്ലെങ്കിലും വല്ലപ്പോഴും എന്തെങ്കിലുമൊക്കെ മിണ്ടാറുണ്ട് എന്നേയുള്ളു.
അന്ന് ഉണ്ണികുട്ടന്റെ പിറന്നാളായതുകൊണ്ട് ആരതി കുറച്ചു നേരത്തെ ജോലി സ്ഥലത്ത് നിന്ന് ഇറങ്ങി. ബേക്കറിയിൽ കയറി ഒരു ക്രീം കേക്കും കുറച്ചു ചോക്ലേറ്റ്സും വാങ്ങി അവൾ വീട്ടിലേക്ക് തിരിച്ചു.
“അമ്മേ… ആരതിയേച്ചി ഇന്ന് നേരത്തെ വരൂന്നാ പറഞ്ഞത്. ചേച്ചി വരുന്നതിനുമുൻപ് ഞാൻ പോയി കുളിച്ചിട്ട് വരാം.” അഞ്ചു മുറിയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു.
“എങ്കിൽ പെട്ടെന്ന് പോയി കുളിച്ചുവാ.” ഉണ്ണിക്കുട്ടനെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങികൊണ്ട് ഭാരതി പറഞ്ഞു.
ആ സമയം ഗ്യാസ് അടുപ്പിൽ പാല് തിളപ്പിക്കാൻ വച്ചിട്ടുണ്ടായിരുന്നു. ഭാരതിയുടെ ഒക്കത്തിരുന്നുകൊണ്ട് ഉണ്ണിക്കുട്ടൻ കുഞ്ഞി കൈകൾ നീട്ടി പാത്രത്തിൽ തൊടാൻ ശ്രമിച്ചു. ഭാരതി അവനെ പിന്നിലേക്ക് നീക്കി പിടിച്ചെങ്കിലും കൈകൾ എത്തിച്ച് പാൽ പാത്രത്തിൽ തൊടനായി അവൻ ചാഞ്ഞും ചരിഞ്ഞും പരിശ്രമിച്ചു.
ഒടുവിൽ സഹികെട്ട് അവർ ഉണ്ണിക്കുട്ടനെ ഹാളിൽ കൊണ്ടുവന്ന് പുൽപായയിൽ ഇരുത്തി കളിപ്പാട്ടമെടുത്ത് കൈയ്യിൽ കൊടുത്തു. അവനത് വാങ്ങി കളിച്ചു കൊണ്ടിരിക്കുന്നത് നോക്കി ഉറപ്പ് വരുത്തിയിട്ട് ഭാരതി അടുക്കളയിലേക്ക് ധൃതിയിൽ ചെന്നു.
നോക്കുമ്പോഴുണ്ട് പാല് തിളച്ചു ഗ്യാസടുപ്പിലാകെ തൂവിയിരിക്കുകയാണ്. തീയും അണഞ്ഞുപോയിരുന്നു. അവർ പെട്ടെന്ന് ഗ്യാസ് സ്റ്റവ് ഓഫാക്കി പാൽ പാത്രം സ്ലാബിലേക്കിറക്കി വച്ചു. എന്നിട്ട് ഒരു തുണിയെടുത്ത് തൂവിപോയ പാലൊക്കെ തിടുക്കത്തിൽ തുടച്ചു വൃത്തിയാക്കാൻ ആരംഭിച്ചു.
അതേസമയം ഉണ്ണിക്കുട്ടൻ തന്റെ കൈയിലിരുന്ന കളിപ്പാട്ടം അവിടെയിട്ട് പുറത്തേക്കുള്ള വാതിലിന് നേർക്ക് മുട്ടിലിഴയാൻ തുടങ്ങി. ഇഴഞ്ഞിഴഞ്ഞു വാതിൽപ്പടിയിലെത്തിയ ഉണ്ണിക്കുട്ടൻ കട്ടിളയിൽ പിടിച്ചു എഴുന്നേറ്റ് നിൽക്കാനൊരു ശ്രമം നടത്തി.
ഉണ്ണിക്കുട്ടന്റെ ചെയ്തികളൊക്കെ വീക്ഷിച്ചുകൊണ്ട് ഉമ്മറത്തെ ചാരു കസേരയിൽ കിടക്കുകയായിരുന്നു മുരളി.
എഴുന്നേറ്റ് പിടിച്ചുനിൽക്കാൻ പറ്റാതായപ്പോൾ ഉണ്ണിക്കുട്ടൻ കാലുകൾ രണ്ടും ഇപ്പുറമെടുത്തുവച്ച് വരാന്തയിലേക്ക് പ്രവേശിച്ചു. ഉമ്മറത്തിണ്ണയിലേക്ക് കാലുകൾ നീട്ടി വച്ച് ഇരിക്കുകയായിരുന്ന മുരളി പതിയെ തന്റെ കാലുകൾ എടുത്ത് അരഭിത്തിക്ക് മുകളിലേക്ക് വച്ചു. അവിടേക്ക് ഇഴഞ്ഞു വന്ന ഉണ്ണിക്കുട്ടൻ നേരെ പോയത് തിണ്ണയിലേക്കാണ്.
നീളമുള്ള കാലെടുത്തു താഴത്തെ പടിയിൽ വച്ച ശേഷം കുഞ്ഞിചെക്കൻ നീളം കുറഞ്ഞ മറ്റേക്കാൽ താഴേക്ക് വച്ചതും ബാലൻസ് തെറ്റി പടിക്കെട്ടിലൂടെ ഉരുണ്ട് താഴെ വന്ന് വീണു.
നെറ്റി പൊട്ടി ചോര വന്ന കുഞ്ഞ് വേദനയെടുത്ത് ഉറക്കെ കരഞ്ഞു. ഉണ്ണിക്കുട്ടൻ വീണത് കണ്ട് മനസ്സ് നിറഞ്ഞ് ചിരിക്കുകയാണ് മുരളി.
“എന്റെ മോനേ…” അതേ നേരത്താണ് ആ കാഴ്ച കണ്ടുകൊണ്ട് ആരതിയും അവിടേക്ക് വന്നത്. കൈയിലിരുന്ന കേക്കടങ്ങിയ കവർ നിലത്തേക്ക് വലിച്ചെറിഞ്ഞു അവൾ മോന്റെ അരികിലേക്ക് ഓടി വന്നു.
“പോട്ട് മോനെ… സാരല്ല… അമ്മ വന്നില്ലേ.” ഉണ്ണികുട്ടനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് ആരതിയും കരഞ്ഞുപോയി. കുഞ്ഞിന്റെ നെറ്റിയും ചുണ്ടുമൊക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു.
വേദന കൊണ്ട് ഉണ്ണിക്കുട്ടൻ ഉച്ചത്തിൽ കരഞ്ഞപ്പോൾ അവളവനെ മാറോടടുക്കി സമാധാനിപ്പിക്കാൻ ശ്രമിച്ചു.
മോന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്ന് ഭാരതി ഓടിവന്ന് നോക്കിയപ്പോൾ കരഞ്ഞ് കൊണ്ടിരിക്കുന്ന ഉണ്ണിക്കുട്ടനെ എടുത്ത് വച്ച് ആരതി കരച്ചിലടക്കാൻ ശ്രമിക്കുന്നത് കണ്ടു. മോന്റെ മുഖത്തും കൈകാലിലുമൊക്കെ പറ്റിയ മണ്ണ് അവൾ കൈകൊണ്ട് തൂത്ത് കളഞ്ഞു.
“എന്ത് പറ്റി മോളെ… മോനെന്താ കരയുന്നേ?” ആധിയോടെ അവർ ചോദിച്ചു.”
“ഉണ്ണിക്കുട്ടൻ പടിക്കെട്ടിൽ നിന്ന് ഉരുണ്ടുവീണു. അവൻ വീഴുന്നത് കണ്ടുകൊണ്ടാ ഞാൻ വന്നത്. കുഞ്ഞിനെ തനിച്ചു വിട്ടിട്ട് അമ്മയെങ്ങോട്ടാ പോയത്.”
“ഞാൻ മോനെ ഹാളിൽ കിടത്തിയിട്ട് ഗ്യാസ് ഓഫാക്കാൻ ഇപ്പൊ അടുക്കളയിലേക്ക് പോയതേയുള്ളു. അപ്പഴേക്കും ഇവനിങ്ങനെ ചെയ്യൂന്ന് ഞാൻ വിചാരിച്ചില്ല. നീ കൊച്ചിനെ ഇങ്ങ് താ. അവന്റെ നെറ്റിയൊക്കെ പൊട്ടിയല്ലോ.” ഭാരതി മോനെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി തോളത്തിട്ട് തട്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
“ചെക്കൻ വീഴുന്നത് കണ്ടിട്ടും അച്ഛനൊരു കുലുക്കവുമില്ലാതെ ചിരിച്ചു കൊണ്ടിരിക്കയാ അമ്മേ. എങ്ങനെ തോന്നി അച്ഛനിങ്ങനെ പെരുമാറാൻ.” ആരതിക്ക് സങ്കടം സഹിക്കാനായില്ല.
“നിന്റച്ഛൻ ത, ള്ളി താഴെയിടാത്തത് ഭാഗ്യമെന്ന് വിചാരിക്ക്. ഇങ്ങേരതും ചെയ്യാൻ മടിക്കില്ല.” പുച്ഛത്തോടെ ഭാരതി അയാളെ നോക്കി.
“ഓ… അവൻ ച, ട്ടു, കാല, നാ, യത് കൊണ്ട് വീണു. അതിനു അമ്മേം മോളും എന്നെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഈ തെ, ണ്ടി ചെക്കൻ ഇനിയും വീഴാൻ കിടക്കുന്നതേയുള്ളു.” അരിശത്തോടെ പറഞ്ഞു കൊണ്ട് മുരളി എഴുന്നേറ്റു പോയി.
ഉണ്ണിക്കുട്ടന്റെ നെറ്റിയിലെയും ചുണ്ടിലെയും മുറിവ് സാരമുള്ളതായിരുന്നില്ല. എങ്കിലും നെറ്റിയിൽ മുഴച്ചു പൊന്തിയിരുന്നു. നല്ല വേദനയും ഒപ്പം പേടിച്ചതും കൊണ്ട് കുഞ്ഞിചെക്കൻ കരച്ചിലൊന്ന് നിർത്താൻ കുറേ സമയമെടുത്തു.
കുളി കഴിഞ്ഞു വന്ന അഞ്ജുവിനും ഉണ്ണിക്കുട്ടൻ വീണതറിഞ്ഞപ്പോൾ ആകെ സങ്കടമായി.
മോൻ വീണത് കണ്ട് കേക്ക് അടങ്ങിയ കവർ വലിച്ചെറിഞ്ഞാണ് ആരതി അവന്റെ അടുത്തേക്ക് ഓടി വന്നത്. അതുകൊണ്ട് തന്നെ കേക്ക് എല്ലാം ചിന്നിച്ചിതറി പോയിരുന്നു. നല്ലൊരു ദിവസം സങ്കടകരമായി അവസാനിച്ചതിൽ മൂവർക്കും വിഷമം തോന്നി.
****************
എയർപോർട്ടിൽ നിന്ന് രണ്ട് ടാക്സി വിളിച്ചാണ് അവരെല്ലാവരും വീട്ടിലേക്ക് യാത്ര തിരിച്ചത്. കാർത്തിക്കിനോടും ഹേമലതയോടും അവർക്കൊരു സർപ്രൈസ് ആവട്ടെയെന്ന് കരുതി വരുന്ന വിവരം പറഞ്ഞിരുന്നില്ല.
ശ്രീറാമിന്റെ വീട്ടിലെത്തി എല്ലാവരുമൊന്ന് ഫ്രഷായ ശേഷമാണ് അവർ കാർത്തിക്കിനെയും ഹേമലതയെയും കാണാനായി പുറപ്പെട്ടത്.
അവർ ചെല്ലുമ്പോൾ ഹേമലത മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. നിനച്ചിരിക്കാതെ വന്നുചേർന്ന അതിഥികളെ കണ്ട് ഹേമലത അത്ഭുതപ്പെട്ടു.
“നിങ്ങളെല്ലാരും എപ്പഴാ ദുബായീന്ന് എത്തിയത്. വരുന്ന കാര്യം ഒരാള് പോലും പറഞ്ഞില്ലല്ലോ.” പരിഭവത്തോടെ അത് പറയുമ്പോഴും ഹേമലതയുടെ നോട്ടം ആതിരയുടെ കൈയിൽ തൂങ്ങി കൊഞ്ചി കൊഞ്ചി നടന്ന് വരുന്ന തുമ്പി മോൾടെ നേർക്കാണ്.
പരിചയകുറവുണ്ടെങ്കിലും മോള് അവരെ നോക്കി കൊച്ചരി പല്ലുകൾ കാട്ടി ചിരിച്ചു.
ഹേമലത എടുക്കാനായി കൈനീട്ടിയപ്പോൾ കുഞ്ഞിപ്പെണ് ആതിരയെ നോക്കി. അവൾ കുഴപ്പമില്ലെന്ന് തലയനക്കി കാണിച്ചപ്പോൾ തുമ്പി മോൾ അവരുടെ അടുത്തേക്ക് പോയി.
“ഞങ്ങൾ ഉച്ചയ്ക്കാ ഹേമേ എത്തിയത്. ആതിരയ്ക്ക് ലീവ് ശരിയായി നാട്ടിലേക്ക് വരാനിരുന്നപ്പോഴാ ഷൈനിടെ ആങ്ങളയ്ക്കും കല്യാണം ശരിയായത്. അപ്പൊ എല്ലാവർക്കും കൂടി ഒരുമിച്ചിങ് പോരാന്ന് കരുതി. നിന്നോട് മനഃപൂർവം പറയാതിരുന്നതാ.” ചിരിയോടെ ദേവകി പറഞ്ഞു.
“എല്ലാരും അകത്തോട്ട് കേറിയിരിക്ക്. പിന്നെ ലീവ് എത്ര നാളുണ്ട്?” ഹേമലത ആതിരയോട് ചോദിച്ചു.
“രണ്ട് മാസം ഉണ്ട് ആന്റി.”
“നിനക്കും ഷൈനിക്കും രണ്ട് മാസം ഉണ്ടോ?”
“ഞങ്ങൾക്കും രണ്ട് മാസം ലീവുണ്ട് ആന്റി.” ഷൈനിയാണ് മറുപടി പറഞ്ഞത്.
“ഹേമാന്റി… കാർത്തിക്ക് വരാനായില്ലേ.” ശ്രീറാമാണ്.
“വരാൻ സമയമാകുന്നതേയുള്ളു മോനെ . ആറരയാകും അവനെത്താൻ. “
“ഇപ്പൊ അഞ്ചുമണി ആയതേയുള്ളു.” ശ്രീറാം വാച്ചിലേക്ക് നോക്കി.
“അവനിങ്ങോട്ട് തന്നെയല്ലേ വരുന്നത്. നീ അകത്തോട്ട് കേറിയിരിക്ക് മോനെ. ഞാൻ ചായ എടുക്കാം.” തുമ്പി മോളെയും കൊണ്ട് ഹേമലത കിച്ചണിലേക്ക് നടന്നു.
അവർക്ക് പിന്നാലെ ആതിരയും ഷൈനിയും പോയപ്പോൾ ശ്രീറാമും രാമകൃഷ്ണനും ദേവകിയും ഭാർഗവിയമ്മയും സ്വീകരണ മുറിയിലെ സോഫയിലേക്കിരുന്നു.
എല്ലാവർക്കുമുള്ള ചായയും സ്നാക്ക്സും തയ്യാറാക്കാനായി ഷൈനിയും ആതിരയും ഹേമലതയെ സഹായിക്കാൻ തുടങ്ങി.
തുമ്പി മോൾ കിച്ചണിലും ഹാളിലുമൊക്കെയായി ഓടി നടന്നു കളിച്ചുകൊണ്ടിരുന്നു. റാമും അവളുടെ കൂടെ കളിക്കാൻ കൂടി.
ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി ഒരു മഴയ്ക്കുള്ള ആരംഭം തുടങ്ങുകയായിരുന്നു. പെരുമഴയ്ക്ക് മുന്നോടിയായി ചെറുതുള്ളികൾ ഭൂമിയിലേക്ക് പതിച്ചു. മണ്ണിൽ മഴത്തുള്ളികൾ വീണ് കുതിർന്നപ്പോൾ അവിടമാകെ പുതുമണ്ണിന്റെ സുഗന്ധം പടർന്നു.
ചൂട് ചായയും പഴംപൊരിയും കഴിച്ച് എല്ലാവരും ഗൾഫിലെയും നാട്ടിലെയും വിശേഷങ്ങളൊക്കെ പരസ്പരം പറഞ്ഞിരിക്കുമ്പോൾ, അതിലൊന്നും തലയിടാതെ പുറത്ത് ചാറ്റൽ മഴയും നോക്കി ചായ മൊത്തി കുടിച്ചുകൊണ്ട് കിച്ചണിൽ നിന്ന് പുറത്തേക്കിറങ്ങുന്ന പടിക്കെട്ടിൽ ഇരിക്കുകയായിരുന്നു ആതിര.
നനഞ്ഞ മണ്ണിന്റെ ഗന്ധം അവൾക്ക് ഒത്തിരി ഇഷ്ടമാണ്. കാറ്റ് വീശുമ്പോൾ മുഖത്തേക്ക് പതിക്കുന്ന വെള്ളത്തുള്ളികളെ അവൾ കൈകൊണ്ട് തൂത്തുകളഞ്ഞു. അപ്പോഴാണ് അവളുടെ കൈയിലിരുന്ന മൊബൈൽ റിംഗ് ചെയ്തത്.
ഡിസ്പ്ലേയിൽ വിഷ്ണുവിന്റെ നമ്പർ കണ്ടതും ആതിര വേഗം കാൾ എടുത്തു. നാട്ടിൽ വന്നയുടനെ അവളാദ്യം വിളിച്ചത് വിഷ്ണുവിനെയാണ്. പക്ഷേ അവനപ്പോൾ കാൾ എടുത്തിരുന്നില്ല.
“ഹലോ… വിഷ്ണൂ… ഞാൻ ആതിരയാ.” ഫോൺ എടുത്തപാടെ അവൾ പറഞ്ഞു.
“ആതീ… നീയെപ്പോ നാട്ടിലെത്തി.” വിഷ്ണു ചോദിച്ചു.
“ഇന്ന് എത്തിയതേയുള്ളൂ വിഷ്ണു. നിനക്ക് സുഖല്ലേ.”
“സുഖാടി, നിനക്കും മോൾക്കും സുഖല്ലേ. ലീവ് എത്ര നാളത്തേക്കുണ്ട്?”
“സുഖം… ലീവ് രണ്ട് മാസത്തേക്കുണ്ട്.”
“മോൾക്കിപ്പോ എത്ര വയസ്സായി.”
“രണ്ടരയായി. ഞാൻ നിന്നെ അത്യാവശ്യമായി വിളിച്ചത് വേറൊരു കാര്യം പറയാനായിരുന്നു വിഷ്ണു.” മുഖവുരയോടെ അവൾ പറഞ്ഞു.
“എന്താടി? നീ പറഞ്ഞോ?”
“നിനക്ക് സമയം കിട്ടുമ്പോ ആൽഫിയെക്കുറിച്ചൊന്ന് അന്വേഷിക്കോ?”
“അതെന്തിനാ ആതി? നമ്മള് അന്നേ എല്ലാം അവസാനിപ്പിച്ചതല്ലേ?”
“എനിക്കവനെ നേരിൽ കാണണമെന്നൊന്നുമില്ല. പക്ഷേ എന്തിനാ എന്നേം കുഞ്ഞിനേം ഉപേക്ഷിച്ചു പോയതെന്ന് എനിക്കറിയണം വിഷ്ണു. എന്ത് കാരണം കൊണ്ടാണ് ആൽഫിയെന്നെ തനിച്ചാക്കി ഒന്നും പറയാതെ കടന്ന് കളഞ്ഞതെന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. മോള് വളർന്നുവരുമ്പോൾ അവളവളുടെ അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ പറയാൻ എനിക്ക് വ്യക്തമായൊരു കാരണം വേണ്ടേ.” ആതിര ക്ഷോഭത്തിൽ പറഞ്ഞു നിർത്തി.
“നിന്റെ ചോദ്യങ്ങളൊക്കെ ന്യായമാണ് ആതി. പക്ഷേ ഇനിയും ആൽഫി നിന്നെ ഉപേക്ഷിച്ചു പോയതിന്റെ കാരണമന്വേഷിച്ചു തിരഞ്ഞുപോകാൻ എനിക്ക് പറ്റില്ല ആതി.” വിഷ്ണുവിന്റെ ആ മറുപടി അവളെ സങ്കടത്തിലാഴ്ത്തി.
“നിനക്ക് പറ്റില്ലെങ്കിൽ വേണ്ട വിഷ്ണു.” അവളുടെ സ്വരമിടറി.
“ഞാൻ പറ്റില്ലെന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല ആതി. അന്ന് ഞാൻ നിന്നോട് പറയാതെ മറച്ചുവച്ച ഒരു കാര്യമുണ്ട്.”
“എന്താ വിഷ്ണു?” ഉദ്വേഗത്തോടെ ആതിര ചോദിച്ചു.
“ആൽഫി അയർലണ്ടിലേക്ക് പോകുന്നതിന് മുൻപ് അവന്റെ വിവാഹം അവരുടെ ഇടവകയിലെ പള്ളിയിൽ വച്ച് നടന്നിരുന്നു. നിന്നെ ഞാനന്ന് ഹോസ്പിറ്റലിൽ കാണാൻ വരുമ്പോൾ ഇക്കാര്യം മനഃപൂർവം പറയാതിരുന്നതാ.
എന്നെങ്കിലും അവന്റെ വായിൽ നിന്നുതന്നെ നീ സത്യങ്ങൾ അറിയട്ടെ എന്ന് വിചാരിച്ചാണ് നിന്നോട് ഞാനൊന്നും പറയാതിരുന്നത്.” വിഷ്ണുവിന്റെ വാക്കുകൾ കേട്ട് ആതിര ഞെട്ടിത്തരിച്ചുപോയി.
“നീ… നീ പറയുന്നതൊക്കെ സത്യമാണോ വിഷ്ണു?” നേർത്തൊരു വിറയലോടെ അവൾ ചോദിച്ചു.
“നിന്നോടെനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലല്ലോ ആതി. ഞാൻ പറഞ്ഞത് സത്യം തന്നെയാ.”
“ആൽഫി… അവൻ… അവനെന്തിനാ അത് ചെയ്തത് വിഷ്ണു.” എത്ര അടക്കി നിർത്തിയിട്ടും അവൾ വിതുമ്പിപ്പോയി.
“അതൊന്നും എനിക്കറിയില്ല ആതി. പക്ഷേ ആൽഫി നിന്റെ അടുത്തേക്ക് തന്നെ വരുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. അതുവരെ നീ ക്ഷമിക്ക്.”
“എന്നാലും ആൽഫിക്കെങ്ങനെ തോന്നിയെടാ എന്നെ പറ്റിക്കാൻ. ഇനിയെനിക്ക് ഒന്നുമറിയാണോന്നില്ല വിഷ്ണു. അവനെന്നെ അന്വേഷിച്ചു വരാതിരിക്കട്ടെ. എന്ത് കാരണം കൊണ്ടായാലും ഗർഭിണിയായ എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് അയർലണ്ടിലേക്ക് പോയ അവന്റെ ന്യായീകരണങ്ങൾ ഇനി കേട്ടിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ. എനിക്ക് അറിയാനുള്ളത് അറിഞ്ഞുകഴിഞ്ഞു.
അന്നുതന്നെ ഇതൊക്കെ നിനക്കെന്നോട് പറയാമായിരുന്നു. ഞാൻ വെറുതെ ഓരോരോ കാരണങ്ങൾ ചിന്തിച്ചു കൂട്ടി കഴിയുകയായിരുന്നു ഇത്രേം വർഷം. ഈയൊരു ചതി ഞാനൊരിക്കലും പ്രതീക്ഷിചില്ല.” വിങ്ങലടക്കി അവൾ പറഞ്ഞു.
“അന്ന് ഇത് കൂടി കേട്ട് നിന്നെ കൂടുതൽ തകർച്ചയിലേക്ക് തള്ളി വിടണ്ടെന്ന് കരുതിയാണ് ഞാനൊന്നും പറയാതിരുന്നത്. പിന്നെ ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം എന്തെങ്കിലും തക്കതായ കാരണവും കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു.” വിഷ്ണു പറഞ്ഞതൊക്കെ യാന്ത്രികമായി കേട്ടിരിക്കുകയാണ് ആതിര.
“എന്ത് കാരണമായാലും ഇതിൽ കൂടുതൽ ഒന്നും എനിക്കിനി അറിയണമെന്നില്ല വിഷ്ണു. ഇതുതന്നെ ധാരാളം.”
“ഇതോർത്തു നീ സങ്കടപ്പെടരുത് ആതി.” അവളുടെ ഇടറിയുള്ള ശബ്ദം കേട്ടപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് വിഷ്ണുവിന് തോന്നി.
“ഇല്ല വിഷ്ണു… ആ ചതിയനെ ഓർത്ത് ഞാനെന്തിന് കരയണം.”
“അങ്ങനെയൊന്നും പറയല്ലേ ആതി. അവന് നിന്നോടുണ്ടായിരുന്നത് ആത്മാർത്ഥമായ സ്നേഹം തന്നെയാണ്. പക്ഷേ ആൽഫി എന്തിന് ഇങ്ങനെയൊക്കെ ചെയ്തുവെന്ന് എനിക്കും അറിയില്ല. എന്തെങ്കിലും തക്കതായ കാരണമുണ്ടാവും.”
“ആയിക്കോട്ടെ… പക്ഷേ ഇനിയെനിക്ക് ഒന്നും അറിയണമെന്നില്ലെടാ.”
“ഞാൻ നിന്നെ പിന്നെ വിളിക്കാമേ ആതി. വർക്കിനിടയിലെ ബ്രേക്ക് ടൈമിലാ വിളിച്ചത്.”
“മ്മ്മ് ശരി വിഷ്ണു.”
“ടേക്ക് കെയർ ഡി.”
വിഷ്ണുവിനോട് സംസാരിച്ച് ഫോൺ വയ്ക്കുമ്പോൾ അവളുടെ ഉള്ളം വേദനയാൽ നീറിപ്പുകയുകയായിരുന്നു.
ചാറ്റൽ മഴ പെരുമഴയായി ശക്തി പ്രാപിക്കുമ്പോൾ ആതിരയും തന്റെയുള്ളിലെ വേദനയെ കണ്ണുനീരായി പുറന്തള്ളി.
പിന്നിൽ കാർത്തിക് വന്നതും അവളെ തന്നെ വീക്ഷിച്ചു നിൽക്കുന്നതൊന്നുമറിയാതെ ആർത്തിരമ്പി പെയ്യുന്ന മഴയിലേക്ക് മിഴികൾ പായിച്ചു അവളങ്ങനെ ശില പോലെ നിന്നു. എത്ര നേരം ആ നിൽപ്പ് നിന്നുവെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു.
“ആതിരാ…” കാർത്തിക്കിന്റെ ശബ്ദമാണ് അവളെ ബോധമണ്ഡലത്തിലേക്ക് തിരികെ കൊണ്ട് വന്നത്.
ദുപ്പട്ട കൊണ്ട് മുഖത്തെ കണ്ണുനീർ ഒപ്പി ചുണ്ടിലൊരു പുഞ്ചിരി വരുത്തി ആതിര പിന്തിരിഞ്ഞു നോക്കി.
“അമ്മേന്തിനാ കരഞ്ഞേ…?” കാർത്തിക്കിന്റെ കൈയിലിരുന്ന് കൊഞ്ചിയുള്ള തുമ്പി മോൾടെ ചോദ്യം കേട്ടതും വിളറിയ മുഖത്തോടെ ആതിര കാർത്തിക്കിനെ നോക്കി.
തുടരും….