“ആതീ…” മുഖത്തേക്ക് പാറി വീണ ചെമ്പൻ മുടിയിഴകൾ വലത് കൈകൊണ്ട് ഒതുക്കി ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു.
“ആൽഫി…” അവളുടെ അധരങ്ങൾ മന്ത്രിച്ചു.
ഒരിക്കൽ ജീവന്റെ പാതിയായി കണ്ടവനാണ് തളർന്നവശനായി തനിക്ക് മുന്നിൽ നിൽക്കുന്നത്.
തേച്ച് വൃത്തിയാക്കിയ ഉടയാത്ത ഷർട്ടും പാന്റ്സുമൊക്കെ ഇട്ട് നടന്നവനാണ്. ഇപ്പോൾ ചുളിവ് വീണ ഷർട്ടും ഒരു പാന്റുമായിരുന്നു അവന്റെ വേഷം. മുഖത്ത് പഴയ പ്രസരിപ്പൊന്നുമില്ല. കണ്ണുകളൊക്കെ നിറഞ്ഞ് ഇപ്പോൾ കരയുമെന്ന അവസ്ഥയിലാണ് നിൽപ്പ്.
“നിനക്ക്… നിനക്ക് സുഖാണോ ആതി.” കണ്ണ് നിറച്ച് അവൻ ചോദിച്ചു.
“നീ… നീയെന്തിനാ ഇപ്പോ വന്നത്… ച, തിയാ…” ആതിരയുടെ മുഖത്ത് കോപം ഇരച്ചെത്തി.
“എനിക്കറിയാം നിനക്കെന്നോട് ദേഷ്യമായിരിക്കുമെന്ന്. പക്ഷേ എന്റെ അന്നത്തെ അവസ്ഥ അതായിരുന്നു ആതി. എല്ലാം ഞാൻ നിന്നോട് പറയാം… അതിന് വേണ്ടിയാ ഞാൻ വന്നത്.”
“നിന്റെ ഒരു ന്യായീകരണങ്ങളും എനിക്ക് കേൾക്കണ്ട ആൽഫി. നീയൊന്ന് ഇവിടുന്ന് പോയി തരോ.” വികാര വിക്ഷോഭത്താൽ അവളുടെ ശരീരം വിറപൂണ്ടു.
“ആതീ… പ്ലീസ്… എനിക്ക് പറയാനുള്ളത് നീ കേട്ടേ പറ്റു. നിനക്ക് വേണ്ടിയാണ് ഈ രണ്ടര വർഷം ഞാൻ കാത്തിരുന്നത്.”
“രണ്ടര വർഷം മുൻപ് നിന്നെ കാത്തിരുന്ന ഒരു ആതിരയുണ്ടായിരുന്നു. പക്ഷേ ഇപ്പോ എന്റെ മനസ്സിൽ പോലും നീയില്ല. ഇവിടെ നിന്ന് സമയം പാഴാക്കാതെ ഇറങ്ങിപോവാൻ നോക്ക്.”
“അങ്ങനെ പറയരുത് ആതി. നിന്നേം നമ്മുടെ കുഞ്ഞിനേം കാണാൻ എത്ര നാളായി ഞാൻ കാത്തിരിക്കുകയായിരുന്നുവെന്ന് നിനക്കറിയോ? എനിക്ക് പറയാനുള്ളത് നിനക്കൊന്ന് ക്ഷമയോടെ കേട്ടൂടെ.”
“നിനക്കെന്താ പറയാനുള്ളത്? എന്നെ ഗർ, ഭിണിയാക്കി ച, തിച്ചിട്ട് പോയതിന് എന്ത് ന്യായീകരണം പറഞ്ഞാലും അതൊന്നും ഞാൻ അനുഭവിച്ചതിന്റെ പകുതി പോലും വരില്ല.
നീയെന്നെ ഉപേക്ഷിച്ചു പോയിട്ട് ഒരിക്കലെങ്കിലും ഞാനെങ്ങനെയാ ജീവിച്ചതെന്ന് അന്വേഷിച്ചു നോക്കിട്ടുണ്ടോ?” ആതിരയുടെ വാക്കുകൾ കേട്ട് കുറ്റവാളിയെ പോലെ അവൻ മുഖം കുനിച്ചു.
“അന്വേഷിച്ചു ആതി. പക്ഷേ വിവരങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് നേരിട്ട് വന്ന് കാണാനോ നിന്നോട് കാര്യങ്ങൾ പറയാനോ പറ്റിയ അവസ്ഥയായിരുന്നില്ല.
നിന്നെപ്പറ്റി ഒന്നും അറിയാൻ പറ്റാത്തത് കാരണം ഇന്ന് വരെ ഒരു ദിവസം പോലും സമാധാനത്തോടെ ഞാൻ ഉറങ്ങിയിട്ടില്ല.”
“നീ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും എന്നെ ചതിച്ചിട്ട് കടന്ന് കളഞ്ഞ നിന്നോട് എനിക്കൊരിക്കലും ക്ഷമിക്കാനാവില്ല.”
“പക്ഷേ നിന്നേം കുഞ്ഞിനേം എനിക്ക് വേണം ആതി. നിങ്ങളില്ലാതെ എനിക്ക് പറ്റില്ല. എന്റെ തെറ്റുകൾ ഏറ്റുപറഞ്ഞു മാപ്പ് ചോദിച്ച് നിങ്ങളുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹത്തിൽ ഓടി വന്നതാ ഞാൻ.
നമുക്ക് മോളാണോ മോനാണോ ആതി. എവിടെ നമ്മുടെ കുഞ്ഞ്. ഞാനൊന്ന് കണ്ടോട്ടെ.” വാതിൽ അകത്തേക്ക് തള്ളിതുറന്ന് അനുവാദം ചോദിക്കാതെ തന്നെ ആൽഫി മുറിയിലേക്ക് പ്രവേശിച്ചു.
പെട്ടെന്നായതിനാൽ ആതിരയ്ക്ക് അവനെ തടയാനും കഴിഞ്ഞില്ല.
“ആതി.. നമുക്ക് മോളാണോ… ഇത് നമ്മുടെ കുഞ്ഞല്ലേ.”
ബെഡിലിരുന്ന് കളിച്ചുകൊണ്ടിരുന്ന തുമ്പി മോളെ വാരിയെടുത്ത് ഉമ്മ വച്ചുകൊണ്ട് ആൽഫി ചോദിച്ചു.
പരിചയമില്ലാത്തൊരാൾ പെട്ടെന്ന് മുറിയിലേക്ക് ഇടിച്ചുകേറി വന്ന് തന്നെ എടുക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ മോള് പേടിച്ച് കരയാൻ തുടങ്ങി. ആതിരയ്ക്ക് നേരെ കൈകൾ നീട്ടി കുഞ്ഞിപ്പെണ് കരച്ചിലാരംഭിച്ചു.
അവൾ അവന്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങി.
“ഇത് നമ്മുടെ കുഞ്ഞോ? ഏത് കുഞ്ഞ്.” ആതിര പരിഹാസ ഭാവത്തിൽ അവനെ നോക്കി.
“അപ്പോ… ഈ കുഞ്ഞ്.. ഇത് നമ്മുടെ മോളല്ലേ ആതി. നമ്മുടെ കുഞ്ഞെവിടെ.?” ആൽഫി മനസ്സിലാകാത്ത ഭാവത്തിൽ അവളെ നോക്കി.
“ഇത് എന്റെ സാറിന്റെ കുഞ്ഞാണ്. ഈ മോൾ ജനിച്ചപ്പോൾ മുതൽ ഇവളുടെ കെയർ ടേക്കറായിട്ട് ഞാനും കൂടെയുണ്ട്.” സ്വരം അൽപ്പം പോലുമൊന്ന് ഇടറാതെ അവളത് പറയുമ്പോൾ ആൽഫിയുടെ മുഖം സംശയം കൊണ്ട് ചുളിയുന്നത് അവൾ പ്രത്യേകം ശ്രദ്ധിച്ചു.
“ആതി… നീ വെറുതെ കള്ളം പറയരുത്. എന്നെ തോൽപ്പിക്കാൻ വേണ്ടിയാണോ നീ സ്വന്തം കുഞ്ഞിനെ സ്വന്തമല്ലെന്ന് പറയാൻ ശ്രമിക്കുന്നത്. ഇത് നമ്മുടെ മോളല്ലെങ്കിൽ പിന്നെ നമ്മുടെ കുഞ്ഞെവിടെ. എനിക്ക് കാണണം നമ്മുടെ കുഞ്ഞിനെ.” അവന്റെ മിഴികൾ സജലമായി.
“മാലാഖയെ പോലൊരു പെൺകുഞ്ഞിനെയാണ് ഈശ്വരനെനിക്ക് തന്നത്. പക്ഷേ ഒരു ന്യൂമോണിയയുടെ രൂപത്തിൽ എന്റെ മോളെ…” വാക്കുകൾ പതറി ആതിര പൊട്ടിക്കരഞ്ഞു.
സ്വന്തം മോൾ ജീവനോടെ അരികിലുണ്ടായിട്ടും അങ്ങനെയൊരു പച്ചകള്ളം മനഃപൂർവം പറഞ്ഞതിന്റെ മനോവേദന താങ്ങാനാവാതെയാണ് അവൾ കരഞ്ഞുപോയത്.
പക്ഷേ അവളുടെ കരച്ചിൽ കണ്ട് ആതിര പറഞ്ഞത് സത്യമാണെന്ന തോന്നലിൽ പെട്ട് ഉഴറുകയായിരുന്നു ആൽഫിയുടെ മനസ്സ്.
“ആതി… നമ്മുടെ മോള്… നീ സത്യം തന്നെയാണോ പറയുന്നത്.” അവളുടെ ഇരുചുമലിലും പിടിച്ചുലച്ചുകൊണ്ടാണ് അവനത് ചോദിച്ചത്.
“തൊട്ട് പോകരുതെന്നെ.” ആൽഫിയുടെ കരങ്ങളെ തട്ടിയെറിഞ്ഞുകൊണ്ട് അവളവനെ കത്തുന്നൊരു നോട്ടം നോക്കി.
“ആതി… ഞാൻ…”
“നീ… നീ ഒരുത്തൻ കാരണമാണ് എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടത്. ഒരു വാടക വീടെടുത്ത് ഒരിക്കലും കൈവിട്ട് കളയില്ലെന്ന് എനിക്കും എന്റെ അമ്മാമ്മയ്ക്കും വാക്ക് തന്ന് ഒരുമിച്ച് ഒരു ജീവിതം തുടങ്ങിവച്ചിട്ട് പെട്ടെന്നൊരു ദിവസം നീയങ്ങു മുങ്ങി.
വയറ്റിലൊരു കൊച്ചിനേം വച്ച് ഈ അന്യ നാട്ടിൽ കിടന്ന് ഞാൻ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും നിനക്കറിയില്ല.
എന്റെ കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ തലേന്ന് വരെ നിറവയറും താങ്ങിപ്പിടിച്ച് ഞാൻ ജോലിക്ക് വന്നിട്ടുണ്ട്. ഓപ്പറേഷൻ കഴിഞ്ഞ് കുഞ്ഞിനേം കൊണ്ട് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ മുന്നിൽ ശൂന്യത മാത്രമായിരുന്നു. ഒരു ജോലി ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
വാടക കുടിശ്ശിക മുടങ്ങി വീട്ടുടമസ്ഥൻ എന്നെ അവിടെ നിന്ന് ഇറക്കി വിട്ടപ്പോൾ ഒന്നര മാസമുള്ള മോളേം കൊണ്ട് പോകാനൊരിടമില്ലാതെ ആ, ത്മഹ, ത്യ ചെയ്യാൻ പോലും കഴിയാതെ റെയിൽവേ സ്റ്റേഷനിലാണ് ഞാൻ അന്തിയുറങ്ങിയത്.”
ആൽഫി പോയതിന് ശേഷം പ്രസവം വരെ അവളനുഭവിച്ച കഷ്ടപ്പാടുകളും വേദന നിറഞ്ഞ ജീവിതവും അവൾ അവന് മുന്നിൽ തുറന്ന് കാട്ടി.
“ആതീ… ഇങ്ങനെയൊക്കെ നിനക്ക് ദുരിതമനുഭവിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല.” പൊട്ടിക്കരഞ്ഞുകൊണ്ട് ആൽഫി അവളുടെ കാൽ ചുവട്ടിലേക്കിരുന്നു.
“ഞാൻ പറഞ്ഞു തീർന്നില്ല ആൽഫി. ഓപ്പറേഷൻ കഴിഞ്ഞ് ഒരു മനുഷ്യൻ പോലും സഹായത്തിനില്ലാതെ തുന്നിചേർത്ത വയറും താങ്ങിപ്പിടിച്ച് കൂനികൂടിയാണ് ഞാൻ മോൾടെ കാര്യങ്ങൾ നോക്കിയത്. അവസാനം കയ്യിലെ കാശ് തീർന്ന് ഒരു നേരം ആഹാരം കഞ്ഞി കുടിച്ച് കിടന്നിട്ടുണ്ട് ഞാൻ.
ഇതിനിടയിൽ തല ചായ്ക്കാനൊരിടമില്ലാതെ റെയിൽവേ സ്റ്റേഷനിലെ ഒരിരുണ്ട മൂലയ്ക്ക് വൃത്തിഹീനമായ ആ അന്തരീക്ഷത്തിൽ കിടക്കേണ്ട ഗതികേടായി എനിക്ക്. തണുപ്പടിച്ച് കുഞ്ഞിന് പനിയും പിടിച്ച് ഒടുവിൽ അത് ന്യൂമോണിയയായി. അപ്പഴും എന്റെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ഞാൻ ആശിച്ചു. പക്ഷേ….
എല്ലാത്തിനും കാരണം നീയൊരുത്തനാണ് ആൽഫി.” അവന് നേർക്ക് വിരൽ ചൂണ്ടി അവസാന വാചകങ്ങൾ മുഴുവിക്കുമ്പോൾ ആൽഫി കൈകൾ ആതിരയുടെ കാൽപാദങ്ങളെ ചുറ്റിപ്പിടിച്ചിരുന്നു.
“ഒന്നും ഞാനറിഞ്ഞില്ലെടി… ഞാൻ കാരണം നമ്മുടെ മോള്… എനിക്ക് ഒരു നോക്ക് കാണാൻ കൂടി പറ്റിയില്ലല്ലോ… ഞാനെന്തൊരു പാപിയാണ് ഈശോയെ.” സ്വന്തം തലമുടിയിൽ പിച്ചി വലിച്ച് ആൽഫി സ്വയം ശപിച്ചു കൊണ്ടിരുന്നു.
“എല്ലാം നഷ്ടപ്പെട്ട ശേഷം ഇപ്പോൾ വന്ന് കുറ്റമേറ്റ് പറഞ്ഞാൽ ഒന്നും തിരിച്ചു കിട്ടില്ല ആൽഫി. നിന്റെ ജീവിതത്തിലേക്കിനി ഞാൻ വരുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട.
ജീവിതം തന്നെ കൈമോശം വന്നൊരു സാഹചര്യത്തിൽ നിന്ന് ഇവിടെ വരെ എത്താൻ ഞാനൊരുപാട് യാതനകൾ സഹിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ അനുഭവിക്കാൻ കാരണക്കാരനായ നിന്നോട് ക്ഷമിക്കാൻ മരണം വരെ എനിക്ക് കഴിയില്ല.”
“അങ്ങനെയൊന്നും നീ പറയരുത് ആതി. എനിക്ക് നിന്നെ വേണം. ഒരിക്കലും നിന്നെ ചതിക്കണമെന്നൊരു ഉദ്ദേശം എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല.”
“എന്നെ ചതിക്കണമെന്നൊരു ഉദ്ദേശം നിനക്കില്ലായിരുന്നിവെങ്കിൽ ഗ, ർഭിണിയായ ഒരു ഭാര്യയുണ്ടെന്ന് പോലും ഓർക്കാതെ നീയെന്തിനാ മറ്റൊരു വിവാഹം കഴിച്ചത്.” അവളുടെ ചോദ്യം കേട്ടതും ആൽഫിയുടെ മുഖത്തൊരു നടുക്കം ദൃശ്യമായി.
“ആതീ… ഞാൻ… ഇക്കാര്യം നീ… നീയെങ്ങനെ അറിഞ്ഞു?” വാക്കുകൾ കിട്ടാതെ അവൻ തപ്പിത്തടഞ്ഞു.
“ഞാനൊന്നും അറിയില്ലെന്ന് വിചാരിച്ചോ നീ. പുതിയ ഭാര്യയോടൊപ്പം അയർലൻഡിലെ ജീവിതം മടുത്തിട്ടാണോ ഇപ്പോൾ എന്നെ തേടി വന്നത്? അതോ അവളിൽ ഒരു കുട്ടിയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണോ എന്റെ കുഞ്ഞിനെ തേടി വരാൻ തോന്നിയത്?”
“അതൊന്നുമല്ല സത്യം. ഞാൻ കല്യാണം കഴിച്ചുവെന്നത് ശരി തന്നെയാണ്. പക്ഷേ അതെന്റെ ഗതികേട് കൊണ്ടായിരുന്നു.”
“എന്ത് ഗതികേട്? നിന്റെ അച്ഛൻ നിന്നെ ഭീഷണിപ്പെടുത്തിയാണോ കെട്ടിച്ചത്. ഇത്രേം നാളും വീട്ട് തടങ്കലിൽ ആയോണ്ടാണോ എന്നെ തേടി വരാൻ പറ്റാത്തിരുന്നത്? ഇതിലേതാ നീ പറയാൻ പോകുന്ന കാരണം?”
“നീ ഊഹിക്കുന്നത് പോലൊന്നുമല്ല ആതി കാര്യങ്ങൾ. നീയിങ്ങനെ സ്വയമോരോന്നു ചിന്തിച്ചു കൂട്ടാതെ ഒരൽപ്പം ക്ഷമയോടെ ഞാൻ പറയുന്നതൊന്ന് കേൾക്ക്.” ആൽഫി അപേക്ഷയോടെ പറഞ്ഞു.
“എനിക്കൊന്നും കേൾക്കണ്ട ആൽഫി. എന്ത് കാരണമായാലും അതൊന്നും എന്റെ തീരുമാനത്തെ മാറ്റാൻ പോകുന്നില്ല.” ആതിര വെറുപ്പോടെ മുഖം വെട്ടിച്ചു.
“ആൽഫിക്ക് എന്താ പറയാനുള്ളതെന്ന് കേൾക്ക് ആതി.” വാതിൽക്കൽ നിന്നും കാർത്തിക്കിന്റെ സ്വരം കേട്ടതും ഇരുവരും ഞെട്ടലോടെ അവനെ നോക്കി.
കാർത്തിക്കിനൊപ്പം ശ്രീറാമും ഷൈനിയുമുണ്ടായിരുന്നു. അവരെ കണ്ടതും ആതിരയുടെ തോളിൽ ചാഞ്ഞ് കിടന്നിരുന്ന തുമ്പി മോൾ നിലത്തേക്ക് ഊർന്നിറങ്ങി.
“പപ്പാ….” ശ്രീറാമിനെ നോക്കി പപ്പാന്ന് വിളിച്ചു കൊണ്ട് മോൾ റാമിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ശ്രീറാം അവളെ എടുത്ത് മുഖം മുഴുവനും ഉമ്മകൾ കൊണ്ട് മൂടി. ഷൈനിയും മോളെ ചേർത്ത് പിടിച്ചു കൊഞ്ചിച്ചു.
തുമ്പി മോളുടെ ആ പ്രവൃത്തിയും അവർ മൂവരുടെയും സ്നേഹപ്രകടനങ്ങളൊക്കെ കണ്ടപ്പോൾ അത് അവരുടെ മോള് തന്നെയാണെന്ന് ആൽഫി വിശ്വസിച്ചുപോയി.
ശ്രീറാമും ഷൈനിയും കൃത്യ സമയത്താണ് അവിടേക്ക് വന്നതെന്ന് ആതിരയ്ക്ക് തോന്നി. തുമ്പി മോൾ സ്വന്തം കുഞ്ഞാണെന്ന് ആൽഫിയൊരിക്കലും അറിയരുതെന്നുള്ള സ്വാർത്ഥത അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു.
“നിങ്ങൾ സംസാരിച്ചതൊക്കെ ഞങ്ങളിങ്ങോട്ട് വന്നപ്പോൾ കേട്ടിരുന്നു. എന്തായാലും ആതിര ആൽഫിക്ക് പറയാനുള്ളത് കേൾക്കൂ. ഞങ്ങൾ താഴെ പാർക്കിങ്ങിൽ ഉണ്ടാവും.” ഗൗരവത്തോടെ ശ്രീറാം പറഞ്ഞു.
“കുറച്ചുദിവസം മുൻപ് തന്നെ അന്വേഷിച്ച് ആൽഫിയിവിടെ വന്നിരുന്നു. ഇപ്പോൾ തമ്മിൽ കണ്ട സ്ഥിതിക്ക് പറയാനുള്ളതൊക്കെ പരസ്പരം തുറന്ന് പറഞ്ഞു ഒരു തീരുമാനത്തിലെത്തുന്നതല്ലേ ഉചിതം.
ഞങ്ങൾ താഴെ വെയിറ്റ് ചെയ്തോളാം. ആതിര പുള്ളിക്ക് പറയാനുള്ളതൊക്കെ കേട്ടിട്ട് വന്നാൽ മതി.” കാർത്തിക്കാണ് അത് പറഞ്ഞത്.
അത് പറയുമ്പോൾ അവന്റെ മിഴികളിൽ ഒരു പിടപ്പ് അനുഭവപ്പെട്ടു. ആതിര അത് കൃത്യമായി കാണുകയും ചെയ്തു. ഹൃദയം എന്തിനോ വേണ്ടി കലഹിക്കുന്നത് പോലെ അവൾക്ക് തോന്നി. അതുപോലെ തന്നെ വലത് കൈപ്പത്തി കൊണ്ട് ഇടംനെഞ്ചിൽ ഉഴിഞ്ഞുകൊണ്ട് ആതിരയെയൊന്ന് നോക്കിയിട്ട് കാർത്തിക് അവിടെ നിന്നും പോയി.
“ഷൈനീ… നീ മോൾടെ സാധനങ്ങളൊക്കെ എടുത്ത് വാ. ഞാൻ താഴെയുണ്ടാവും.” ഷൈനിയെ നോക്കി പറഞ്ഞിട്ട് ശ്രീറാം കാർത്തിക്ക് പിന്നാലെ നടന്നു.
മുറിയിൽ നിന്നും തുമ്പി മോൾടെ മെഡിക്കൽ റിപ്പോർട്ട്സും മറ്റ് സാധനങ്ങളുമൊക്കെ ബാഗിലാക്കി എടുത്ത ശേഷം ആതിരയോട് താഴെ പാർക്കിങ്ങിൽ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഷൈനിയും അവിടുന്ന് പോയി.
മുറിയിൽ ആൽഫിയും ആതിരയും മാത്രം അവശേഷിച്ചു.
“അതൊക്കെ ആരാ ആതി…” അവളോട് ഇത്രയും സ്വാതന്ത്ര്യത്തോടെ സംസാരിച്ചിട്ട് പോയവരുമായി ആതിരയ്ക്ക് എന്ത് ബന്ധമാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആൽഫി ചോദിച്ചു.
“അതവിടെ നിൽക്കട്ടെ. അത് നീ അറിയേണ്ട ആവശ്യമില്ല. ആദ്യം നിനക്കെന്താ പറയാനുള്ളതെന്ന് വച്ചാ പറയ്യ്. എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്.” അവൾ തിടുക്കം ഭാവിച്ചു.
“പറയാം ആതീ… എല്ലാം ഞാൻ പറയാം.” ആൽഫി ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ട് ആതിരയെ നോക്കി.
അവൾ ബെഡിലേക്കിരുന്ന് കൈകൾ പിണച്ചുകെട്ടി അവനെതന്നെ ഉറ്റുനോക്കുകയാണ്. അവൻ പറയാൻ പോകുന്നതൊന്നും തന്നെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ലെന്ന ഭാവമായിരുന്നു ആതിരയുടെ മുഖത്ത്.
“അന്ന് നീ അമ്മാമ്മയ്ക്ക് ആക്സിഡന്റ് പറ്റിയതറിഞ്ഞു നാട്ടിൽ പോയ സമയത്ത് എന്നെ കാണാൻ മമ്മി വന്നിരുന്നു. മമ്മി കാണാൻ വരുന്നതിനുമുൻപ് കുറേതവണ എന്നെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു.
ഞാൻ പക്ഷേ വരില്ലെന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞ് ഫോൺ കട്ട് ചെയ്യുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എന്നെ നടുക്കുന്നൊരു വാർത്തയുമായി മമ്മി ഇങ്ങോട്ട് വന്നത്.”
അന്ന് നടന്ന കാര്യങ്ങളോരൊന്നും ഒരു തിരശീലയിലെന്നപോലെ ആൽഫിയുടെ മനസ്സിലേക്ക് വന്നു. അവനത് അവളോട് പറയാൻ തുടങ്ങി.
തുടരും