മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ

ആൽഫിയുടെ ഉടൽ വിറകൊള്ളുന്നത് കണ്ട് ലില്ലി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു.

“സങ്കടപ്പെടല്ലേ ഇച്ചായാ… ഇച്ചായന് ഞങ്ങളില്ലേ.”

“പപ്പേന്തിനാ കരയണേ?” ലില്ലിയുടെ മകൾ നാൻസി അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു.

“പപ്പ കരഞ്ഞില്ലല്ലോ പൊന്നേ.” ആൽഫി ആ കുഞ്ഞിനെ എടുത്ത് നെഞ്ചോട് ചേർത്തു.

“പിന്നെന്താ പപ്പേടെ കണ്ണീന്ന് വെള്ളം വരണേ.” തന്റെ കുഞ്ഞികൈകൾ കൊണ്ട് നാൻസി അവന്റെ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു.

ആൽഫിക്ക് ആ കുരുന്നിനോട് എന്ത് പറയണമെന്ന് തന്നെ അറിയില്ലായിരുന്നു. ഇനിയൊരു നിമിഷം കൂടി അവിടെ നിൽക്കാൻ അവനാവുമായിരുന്നില്ല.

“ആതി… ഞങ്ങളിറങ്ങുന്നു. ഇനിയും ഇതൊന്നും കണ്ട് നിൽക്കാൻ എനിക്കാവില്ല. നല്ലൊരു ജീവിതം തന്നെ നിനക്ക് കിട്ടട്ടെ.” ആതിരയുടെ അടുത്തേക്ക് വന്ന് അത്രേം പറഞ്ഞ ശേഷം അവൻ ഭാർഗവിയമ്മയ്ക്ക് നേരെ തിരിഞ്ഞു.

“അമ്മാമ്മേ… എന്നോട് വെറുപ്പാണെന്നറിയാം. അമ്മാമ്മയ്ക്ക് തന്ന വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ നിവൃത്തികേട് കൊണ്ട് പറ്റിപ്പോയതാ ഇങ്ങനെയെല്ലാം. വീട്ടുകാരുടെ ചതിയിൽ പെട്ടത് മനസ്സിലാക്കാൻ ഒത്തിരി വൈകി. ഇന്നത്തെ ധൈര്യം അന്നുണ്ടായിരുന്നെങ്കിൽ ഒരിക്കലും എനിക്കെന്റെ ആതിയെയും കുഞ്ഞിനേം നഷ്ടപ്പെടില്ലായിരുന്നു.

ആതിയെ ഞാനൊരിക്കലും മനഃപൂർവം ചതിച്ചതല്ല. അമ്മാമ്മയ്ക്ക് കഴിയുമെങ്കിൽ എനിക്ക് മാപ്പ് തരണം.” നാൻസി മോളെ ലില്ലിക്ക് കൈമാറി അവൻ ഭാർഗവിയമ്മയുടെ കാൽക്കൽ മുട്ട് കുത്തിയിരുന്ന് ആ പാദങ്ങളിൽ തൊട്ടു.

“എന്ത് കാരണങ്ങൾ നിരത്തിയാലും അവൾ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു. ഇനിയൊരിക്കലും നീ ഞങ്ങളുടെ കണ്മുന്നിൽ പോലും വരരുത് ആൽഫി. തുമ്പി മോൾക്ക് ഇങ്ങനെയൊരു അച്ഛനില്ല. ഇനിമുതൽ തുമ്പിയുടെ അച്ഛൻ കാർത്തിക്കാണ്.” അമ്മാമ്മ അവസാനം പറഞ്ഞ വാക്കുകൾ കേട്ട് ആൽഫി ഞെട്ടലോടെ ഭാർഗവിയമ്മയെയും ആതിരയെയും മാറി മാറി നോക്കി.

അബദ്ധം പിണഞ്ഞല്ലോ എന്ന ഭാവത്തിൽ നിൽക്കുകയാണ് ആതിര. ശ്രീറാമിന്റെയും ഷൈനിയുടെയും കാർത്തിക്കിന്റെയും അവസ്ഥ അത് തന്നെയായിരുന്നു.

“അമ്മാമ്മ ഇപ്പൊ തുമ്പി മോളെ കുറിച്ച് എന്താ പറഞ്ഞത്?” കേട്ടത് വിശ്വസിക്കാൻ കഴിയാനാവാതെ അവൻ ചോദിച്ചു.

“നീ ഉപേക്ഷിച്ചു പോയതല്ലേ ആതിരയെയും അവളുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനേം. ഇനിയൊരിക്കലും ഈ കുഞ്ഞിൽ പോലും ഒരവകാശം പറഞ്ഞ് നീ വരാൻ പാടില്ല. തുമ്പി മോൾക്ക് ഇങ്ങനെയൊരച്ഛനുണ്ടെന്ന് അവളൊരിക്കലും അറിയണ്ട. മോൾക്കിപ്പോ അച്ഛന്റേം അമ്മേടേം സ്നേഹം കൊടുക്കാൻ ഒരുപാട് പേരുണ്ട്. അതിന്റെ കൂടെ നീ കൂടി വേണ്ട. ആ കുഞ്ഞിൽ അവകാശം പറയാൻ നിനക്ക് ഒരർഹതയുമില്ല.” ഭാർഗവിയമ്മയിൽ നിന്നും കേട്ട ഓരോ വാക്കുകളും ആൽഫിയുടെ ഹൃദയത്തെ കീറിമുറിക്കാൻ പോന്നവയായിരുന്നു.

“ആതീ… ഞാനെന്താ ഈ കേട്ടത്. ഇത്… ഇത് നമ്മുടെ മോളാണോ? ഇത് നമ്മുടെ മോളാണെങ്കി പിന്നെ നീയെന്തിനാ അന്ന് നമ്മുടെ കുഞ്ഞ് മരിച്ച് പോയോന്നൊരു കള്ളം പറഞ്ഞത്. സ്വന്തം കുഞ്ഞ് ജീവനോടെ അരികിലുള്ളപ്പോൾ എങ്ങനെ നിനക്ക് ഈ കുരുന്ന് മരിച്ചു പോയെന്ന് പറയാൻ കഴിഞ്ഞു .” ആൽഫിയുടെ ഒച്ചയിടറി.

“ഇങ്ങനെയൊരു മോളുണ്ടെന്ന് നീയൊരിക്കലും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചുപോയി. അത്രത്തോളം വെറുപ്പുണ്ട് ആൽഫി എനിക്ക് നിന്നോട്.

ഈ കുഞ്ഞിലൊരു അവകാശവാദം ഉന്നയിച്ച് നീ വരാൻ പാടില്ലെന്ന് ഞാൻ ആഗ്രഹിച്ചു. തുമ്പി മോൾ നിന്നെപ്പോലൊരു അച്ഛനെ അർഹിക്കുന്നില്ല ആൽഫി. മോളോട് ഞാനൊരിക്കലും പറയില്ല അവളുടെ അച്ഛൻ നീയാണെന്ന്. ഇവൾ എന്റെയും കാർത്തിയേട്ടന്റെയും മോളായി വളരും.

കുഞ്ഞിന്റെ അച്ഛനാണെന്ന അവകാശവും പറഞ്ഞ് ഇവളെ തേടി നീ വരരുത്. അതെനിക്ക് ഇഷ്ടമല്ല. ഞങ്ങൾ സമാധാനത്തോടെ ജീവിച്ചോട്ടെ, പ്ലീസ്..”

“ആതീ… നിനക്കെന്നോട് ഇത്രേം വെറുപ്പ് മനസ്സിലുണ്ടായിരുന്നോ? തുമ്പി മോള്… അവള് എന്റെ കൂടി കുഞ്ഞല്ലേ ആതി… അവളെ ഞാൻ ദൂരെ നിന്നെങ്കിലും കണ്ടോട്ടെ… അതിനുള്ള അവകാശമെങ്കിലും എനിക്ക് തന്നൂടെ. നമ്മുടെ കുഞ്ഞ് മരിച്ച് പോയെന്ന് നീ പറഞ്ഞപ്പോൾ ഞാനെത്ര വേദനിച്ചുവെന്ന് നിനക്കറിയില്ല ആതി. എന്തിന് വേണ്ടിയാണെങ്കിലും അങ്ങനെയൊരു കള്ളം നീ പറയരുതായിരുന്നു.

നിന്റെ ആഗ്രഹം പോലെത്തന്നെ തുമ്പി മോളിൽ ഒരവകാശവും പറഞ്ഞ് ഞാൻ വരില്ല. പക്ഷേ എനിക്ക് അവളെ ദൂരെ നിന്നെങ്കിലും ഒന്ന് കാണണമെന്നുണ്ട്. അവൾ വളരുന്നത് കണ്ടെനിക്ക് സന്തോഷിക്കണമെന്നുണ്ട്. അതെങ്കിലും നീ സമ്മതിച്ച് തരില്ലേ ആതി.”

“ഇല്ല ആൽഫി… അതൊന്നും നടക്കില്ല. അങ്ങനെ നീ മോളെ കാണാൻ തുടങ്ങിയാൽ പിന്നെ നിനക്കവൾ കൂടെ വേണമെന്ന് തോന്നും. നീയാണ് മോൾടെ അച്ഛനെന്നും അവൾ നിന്നെ അച്ഛാന്ന് വിളിക്കുന്നത് കേൾക്കാനും നീ ആഗ്രഹിക്കും. അതുകൊണ്ട് നീ പറഞ്ഞ ഒരാഗ്രഹവും സമ്മതിച്ച് തരില്ല ഞാൻ.

പണ്ട്, താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നിറക്കി വിട്ട രാത്രി ഒന്നര മാസമുള്ള മോളേം കൊണ്ട് ട്രെയിന് മുന്നിൽ ചാടി ആ, ത്മഹ, ത്യ ചെയ്യാൻ ഒരുങ്ങിയതാ ഞാൻ. അന്ന് ഞങ്ങൾ മരിച്ച് പോയിരുന്നെങ്കിൽ നീ ആരോട് പോയി മാപ്പ് പറയുമായിരുന്നു. ആ കഷ്ടപ്പാടുകൾ താണ്ടി ഇവിടെ വരെയെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. അതുകൊണ്ട് ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് നീ വരരുത് ആൽഫി. നിനക്കിങ്ങനെയൊരു മകൾ ജനിച്ചിട്ടേയില്ലെന്ന് വിചാരിച്ച് ഇവിടുന്ന് പോയിതരണം. ഇതെന്റെ അപേക്ഷയാണ്. ഇതെങ്കിലും വാക്ക് പാലിക്ക് നീ.” ആതിര അവന് മുന്നിൽ കൈകൾ കൂപ്പി പറഞ്ഞു.

“ഇത്രയും വലിയൊരു ശിക്ഷ എനിക്ക് തരേണ്ടിയിരുന്നില്ല ആതി. എന്റെ മോളെ പോലും കാണാനുള്ള അവകാശം എനിക്കില്ലാതെ പോയല്ലോ… സാരമില്ല നിനക്ക് വേണ്ടി ഞാനിതും സഹിക്കാം.

നിനക്ക് വിഷമമുണ്ടക്കുന്ന ഒരു കാര്യവും ഇനി എന്നിൽ നിന്നുണ്ടാവാതിരിക്കാൻ ശ്രമിക്കാം ഞാൻ. ഒരിക്കലും തുമ്പി മോളിൽ ഒരവകാശം പറഞ്ഞ് ഞാൻ വരില്ല. നിന്റെ ആഗ്രഹം പോലെത്തന്നെ ഇങ്ങനെയൊരച്ഛനുണ്ടെന്ന് അവളറിയണ്ട… ഇനിയൊരു യാത്ര പറച്ചിലിന് നിൽക്കുന്നില്ല… ഞങ്ങൾ ഇറങ്ങുവാ..” അവസാനമായി തുമ്പി മോളെ കണ്ണ് നിറച്ചൊന്ന് കണ്ട് അവളുടെ ഇരുകവിളിലും തന്റെ സ്നേഹ ചുംബനം നൽകി അവൻ അവിടെ നിന്നിറങ്ങി.

“ആൽഫീ… ഒന്ന് നിൽക്കൂ.” ആതിര അവനെ പിന്നിൽ നിന്ന് വിളിച്ചു.

“എന്താ ആതി..?”

“ആൽഫീ… ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ നീ നിഷേധിക്കരുത്.”

“നിനക്കെന്നോട് എന്തും ആവശ്യപ്പെടാം ആതി. എന്നെകൊണ്ട് പറ്റുന്നതല്ലെങ്കിലും ഞാനത് ചെയ്യാൻ ശ്രമിക്കും.”

“എങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം.”

“പറയ്യ് ആതി.”

“നിന്നെക്കുറിച്ചു ഒന്നുമറിയാതെ ഒത്തിരി പ്രതീക്ഷകളോടെ നിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നവളാണ് ലില്ലി. അവളെ ഇനിയെങ്കിലും സങ്കടപ്പെടുത്തരുത്. നീ കാരണം ഇനിയൊരു പെണ്ണ് കൂടി വേദനിക്കാൻ ഇടവരരുത്. ഇനിയെങ്കിലും എല്ലാം ഉൾകൊള്ളാൻ നീ ശ്രമിക്കണം. ഈ നേരമത്രയും നീയെന്നോട് കെഞ്ചുമ്പോൾ നിന്റെ ഭാര്യയായ ഇവൾ സങ്കടങ്ങളെല്ലാം ഉള്ളിലടക്കി നിൽക്കുവായിരുന്നു. ലില്ലി നിന്നെ സ്നേഹിക്കുന്നത് അറിഞ്ഞിട്ടും ഇതുവരെ നീയത് കണ്ടില്ലെന്ന് നടിച്ചു. ഇനി അതുണ്ടാവരുത് ആൽഫി. കുറഞ്ഞപക്ഷം ലില്ലിയോടെങ്കിലും നീതി പുലർത്താൻ നീ ശ്രമിക്കണം. ഇതാണ് എനിക്ക് നിന്നോട് പറയാനുണ്ടായിരുന്നത്.”

ലില്ലിയുടെ കൈകൾ ആൽഫിയുടെ കൈകളിലേക്ക് ചേർത്ത് വച്ച് ആതിര ഇരുവരെയും നോക്കി.

“നീയിത് പറഞ്ഞില്ലെങ്കിലും ഇക്കാര്യം ഞാനും മനസ്സിൽ വിചാരിച്ചതാണ് ആതി. പക്ഷേ എത്രത്തോളം എന്നെക്കൊണ്ടിത് സാധിക്കുമെന്ന് എനിക്കറിയില്ല. കാരണം എന്റെ മനസ്സ് നിറയെ നീയും മോളുമാണ്. അത് അത്ര പെട്ടെന്നൊന്നും മറക്കാൻ എനിക്ക് കഴിയില്ലല്ലോ. എങ്കിലും ഞാൻ എന്നെക്കൊണ്ടാവും പോലെ ശ്രമിക്കും.”

“ശ്രമിക്കണം..”

“ഇനി ഞങ്ങൾ പൊയ്ക്കോട്ടേ?” ആൽഫി അനുവാദത്തിനായി അവളെ നോക്കി.

“പൊയ്ക്കോളൂ… ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ.” ആതിര ഇരുവരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു.

നാൻസി മോളെ കയ്യിലെടുത്ത് ഒരു കൈയ്യിൽ ലില്ലിയെ മുറുക്കിപ്പിടിച്ച് ഇടറുന്ന കാലടികളോടെ അവർ റോഡിലേക്കിറങ്ങി. ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി മോളെയും കൊണ്ട് ഇരുവരും ഓട്ടോയിലേക്ക് കയറി. വണ്ടി മുന്നോട്ട് പോകുമ്പോൾ ആതിരയെ നോക്കി ലില്ലിയും ആൽഫിയും കൈവീശി കാണിച്ചു. അവളും യാന്ത്രികമായി വലതുകൈപ്പത്തി ഉയർത്തി കാണിച്ചു.

******************

നാട്ടിലേക്കുള്ള യാത്രയ്ക്കായി ഇത്തവണ ട്രെയിൻ ഒഴിവാക്കി ആതിര കാറിൽ പോകാനാണ് തീരുമാനിച്ചത്. ഇപ്രാവശ്യം അവൾക്കൊപ്പം കാർത്തിക്കുമുണ്ട്. വീട്ടിൽ പോയി എല്ലാരേം അവസാനമായി ഒന്നുകൂടി കണ്ട് വരാമെന്ന് പറഞ്ഞാണ് അവർ യാത്രയ്ക്കായി ഒരുങ്ങിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് അവർ പാലക്കാടേക്ക് തിരിച്ചത്. മുരളിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. അച്ഛന്റെ അസുഖവിവരമറിഞ്ഞ് ശനിയാഴ്ച അഞ്ജുവും ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് വരുന്നുണ്ടെന്ന് ആതിരയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.

തുമ്പി മോളും ഭാർഗവിയമ്മയും പുറകിലെ സീറ്റിലായിരുന്നു. രാത്രി യാത്രയായത് കൊണ്ട് ഇരുവരും മയക്കത്തിലായിരുന്നു.

കാർത്തിക്ക് പതിയെയാണ് ഡ്രൈവ് ചെയ്തിരുന്നത്. ആതിരയുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് കൊണ്ട് ഇരുവരും ആ യാത്ര നന്നായി തന്നെ ആസ്വദിച്ചു.

“എടോ… വീട്ടുകാരോട് താൻ എന്നെപ്പറ്റി എന്താ പറയാൻ പോകുന്നത്? അവർക്കൊക്കെ താൻ വിവാഹം കഴിച്ചത് ആൽഫിയെയായിരുന്നുവെന്ന് അറിയില്ലേ?”

“പേര് മാത്രമേ അവർക്കൊക്കെ അറിയൂ… ആളെ കണ്ടിട്ടൊന്നുമില്ല. അതുകൊണ്ട് അക്കാര്യമോർത്ത് എനിക്ക് പേടിയില്ല. എന്റെ ലൈഫിൽ നടന്നതൊന്നും അവരെ അറിയിക്കാൻ എനിക്ക് താല്പര്യമില്ല.

അതുകൊണ്ട് ആൽഫിയെന്ന പേരൊക്കെ ഞാൻ വെറുതെ പറഞ്ഞതാണെന്നങ്ങ് പറയും.”

“അങ്ങനെ പറഞ്ഞാൽ അവർ വിശ്വസിക്കുമോ?

“വിശ്വസിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല. എങ്കിലും വിശ്വസിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കും?

“എങ്ങനെ?”

“ഞാൻ ആരെയാണ് വിവാഹം കഴിച്ചതെന്ന് അവരെ അറിയിക്കാൻ താല്പര്യമില്ലാത്തോണ്ട് അങ്ങനെയൊരു നുണ പറഞ്ഞിരുന്നുവെന്ന് പറയും. സത്യമറിഞ്ഞിട്ട് അച്ഛൻ അന്വേഷിച്ച് വന്ന് എനിക്ക് കിട്ടിയ നല്ല ജീവിതം ഇല്ലാതാക്കുമോ എന്നൊരു പേടി അന്നുണ്ടായിരുന്നുവെന്നും പറയും. ഇപ്പൊ അന്നത്തെ സാഹചര്യമല്ലാത്തത് കൊണ്ട് ആരെയും ഭയക്കേണ്ട ആവശ്യമില്ലെന്ന് പറയാലോ. ഇങ്ങനെ പറഞ്ഞാൽ എന്തായാലും അമ്മയൊക്കെ വിശ്വസിക്കും.”

“ഇത് കുറച്ചൊക്കെ കൺവിൻസിങ് ആകുന്നുണ്ട്. ” ചെറിയൊരു ചിരിയോടെ കാർത്തിക് പറഞ്ഞു.

പതിനഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് അവർ ആതിരയുടെ വീട്ടിൽ എത്തിച്ചേർന്നത്. വരുന്ന വിവരം അവൾ നേരത്തെ തന്നെ വിളിച്ച് പറയുകയും ചെയ്തിരുന്നു. ഇടയ്ക്ക് വഴിയിൽ നിർത്തി ഭക്ഷണം കഴിച്ചും വിശ്രമിച്ചുമൊക്കെ വന്നത് കൊണ്ട് വീട്ടിലെത്തിയപ്പോൾ നേരം ഉച്ചയോട് അടുത്തിരുന്നു.

കാർത്തിക് ഒപ്പമുള്ള കാര്യം പറയാതിരുന്നത് കൊണ്ട് ആതിരയ്ക്കൊപ്പം കാറിൽ നിന്നിറങ്ങിയ സുമുഖനായ യുവാവിനെ കണ്ട് ഭാരതിയും ആരതിയും അഞ്ജുവുമൊക്കെ അന്ധാളിച്ചു പോയിരുന്നു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *