ആദ്യാനുരാഗം – ഭാഗം 50, എഴുത്ത് – റിൻസി പ്രിൻസ്

നന്നേ രാത്രി ആയപ്പോഴാണ് അവൻ കണ്ണുകൾ തുറന്നത്.. നോക്കിയപ്പോൾ അവന്റെ കരങ്ങളിൽ ആണ് താൻ…. അവനും നല്ല ഉറക്കമാണ്, സീറ്റിലേക്ക് ചാരി കിടന്നുറങ്ങുന്നു. ബസ്സിലുള്ള ഒട്ടുമിക്ക ആളുകളും നല്ല ഉറക്കമാണ്.. അവൾക്ക് പെട്ടെന്ന് ഒരു ജാള്ള്യത തോന്നി… അവന്റെ കൈകൾ സുരക്ഷിതമായി തന്റെ തോളിൽ ചേർത്തു പിടിച്ചിരിക്കുന്നു. ഉറക്കത്തിൽ അറിയാതെ സംഭവിച്ചത് ആയിരിക്കാം എന്നാണ് അവൾ വിചാരിച്ചത്, എന്നാൽ ആ കൈകൾക്ക് നല്ല കരുത്തുണ്ടെന്ന് അവൾക്ക് തോന്നി…

എത്രയോ വട്ടം ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെയൊരു ചേർത്തുപിടിക്കൽ… ഒരുമിച്ച് ഇങ്ങനെ ഒരു യാത്ര, അവനെ പുണർന്നു പോകുന്ന കാറ്റിന്റെ മർമ്മരം പോലും ഇന്ന് തനിക്ക് അരികിലാണ്.. ഓരോ നിമിഷവും തന്റെ ഹൃദയം മന്ത്രിക്കുന്നത് അവനെ മാത്രമാണ്… ഏറെ വൈകിയാണെങ്കിലും വിധി അതിനൊക്കെ അവസരങ്ങൾ നൽകി, ഇപ്പോൾ പിരിയാൻ പറ്റാത്ത വിധം അവൻ തന്റെ മനസ്സിൽ ഉറച്ചു പോയിരിക്കുന്നു…. ഒരിക്കൽ കൂടി തന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ചിലപ്പോൾ അവനത് മനസ്സിലാക്കുമായിരിക്കാം, ഇത്രയും കാലം തന്റെ ഉള്ളിൽ അവൻ നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞേക്കാം, പക്ഷേ….. അങ്ങനെ താൻ പറഞ്ഞവന് അറിയാൻ പാടില്ല, താൻ പറയാതെ അവന് സ്നേഹമുണ്ടാവണം, ആ സ്നേഹം മനസ്സിലാക്കി തന്നോട് അവൻ തിരികെ പറയണം ഇഷ്ടമാണെന്ന്, ഇല്ലാതെ ഇനി താൻ ഒരിക്കലും പറയില്ലന്ന് അവൾ ഉറപ്പിച്ചിരുന്നു…

പക്ഷേ അവനെ പിരിയേണ്ടി വരുമോ എന്നൊരു ഭയം അതേസമയം തന്നെ അവളുടെ മനസ്സിൽ നിറഞ്ഞു… തനിക്ക് വേണ്ടി ദൈവം കാത്തു വച്ചതാണ് അവനെങ്കിൽ തനിക്ക് തന്നെ ദൈവം അവനെ നൽകുമെന്ന് ഒരു വിശ്വാസം അവളിൽ ഉണ്ടായിരുന്നു. അല്ലെങ്കിലും അന്നും ഇന്നും ഒരുമിച്ച് ഒരു ജീവിതം താൻ സ്വപ്നം കണ്ടിട്ടില്ലല്ലോ, അത് സംഭവിക്കാൻ ഇല്ലാത്ത ഒന്നാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ സ്വപ്നങ്ങൾ അത്രത്തോളം ഒന്നും പോയിട്ടില്ല.. അവന്റെ ഒരു നോട്ടം, പ്രണയത്തോടെയുള്ള ഒരു ചിരി അതൊക്കെ മാത്രമാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. തങ്ങൾക്കിടയിലുള്ള അകലങ്ങൾ എത്ര വലുതാണെന്ന് തനിക്ക് നന്നായി അറിയാം, തറവാട്ട് മഹിമയിലും സമ്പത്തിലും മുൻപിൽ നിൽക്കുന്ന ഒരുവനെ ആഗ്രഹിച്ചത് തന്നെ ഏറ്റവും വലിയ തെറ്റാണ്… പക്ഷേ മനസ്സിൽ കയറി കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ സാധിക്കും…?

ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് തോളിലുള്ള കൈകൾക്ക് ചെറിയൊരു സ്പർശനം അറിഞ്ഞത്, മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ഉണരാൻ തുടങ്ങുകയാണ്… അവൾ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു, ഭംഗിയായി ഡ്രിം ചെയ്ത താടിയും മീശയുമാണ്, നല്ല വെളുത്ത മുഖമാണ് കറുപ്പും ചെമ്പൻ നിറവും ഉള്ള താടി രോമങ്ങൾ ഒരു പ്രത്യേക മനോഹാരിത തീർക്കുന്നുണ്ട്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചെറിയ അളകങ്ങൾ പഴയതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു, പഴയ പൊടിമീശക്കാരൻ നിന്നും ഒത്തൊരു പുരുഷനായി മാറിയിരിക്കുന്നു… കാലം അവനിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്… ഒരുപക്ഷേ തന്നോട് ഉള്ള മനോഭാവത്തിലും മാറ്റങ്ങൾ ഉണ്ടായിരിക്കും, ചിന്തിച്ചപ്പോഴേക്കും അവൻ ഉണർന്നു കഴിഞ്ഞിരുന്നു.. നേരെ നോക്കിയത് അവളുടെ മുഖത്തേക്കാണ്

” താൻ ഉണർന്നുവോ

ഉറക്കചടവോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…

അവൾ അതേ എന്ന് തലയാട്ടിയിരുന്നു,

” നല്ല തണുപ്പായിരുന്നു പുറത്ത്, അതുകൊണ്ട് ഞാൻ ഗ്ലാസ് കയറ്റി… തനിക്ക് അന്ന് കോൾഡ് പിടിച്ചില്ലേ പുറത്തെ തണുപ്പടിച്ചു,

ആദ്യത്തെ യാത്രയുടെ ഓർമ്മ പുതുക്കി അവൻ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു, തന്നെ അവൻ ഇത്രയും ഒക്കെ കരുതിയോ എന്ന അത്ഭുതത്തോടെ അവൾ അവനെ തന്നെ നോക്കി,

“എന്തെ…?

അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് അവൾ തലയാട്ടി… എന്തുകൊണ്ടോ അവനിൽ നിന്നും മുഖം മാറ്റാനും ആ കണ്ണുകളിൽ നിന്നും ഒരു മോചനം നേടാനും അവൾക്ക് സാധിച്ചില്ല… തന്നിലേക്ക് തന്നെ നോക്കിയിരിക്കുന്ന പെണ്ണിനെ ഒരു കൗതുകത്തോടെ അവനും നോക്കി, രണ്ടുപേരും ഉള്ളിലൊളിപ്പിച്ച പ്രണയം പുറത്തുവന്നു പോകുമോ എന്ന് ഭയന്നു… കണ്ണുകൾ കൊണ്ടും ഹൃദയ താളങ്ങൾ കൊണ്ടും രണ്ടുപേരും പ്രണയിച്ചു. ഒരുപാട് ഇഷ്ടമാണെന്ന് മിഴികൾ കൊണ്ട് മൗനമായി രണ്ടു പേരും മൊഴിഞ്ഞു.

വാക്കുകളെക്കാൾ ഭാവങ്ങൾ ഇടം നേടിയ നിമിഷങ്ങൾ.. കുറെ വർഷങ്ങളായി അവന്റെ പേര് തന്റെ നെഞ്ചിൽ വരച്ചിട്ടു എന്ന് അവളും പരസ്പരം അറിഞ്ഞ നിമിഷം മുതൽ അവൾ തന്റെ നെഞ്ചിൽ ചേക്കേറി എന്ന് അവനും പറയാതെ പറഞ്ഞു. അവൻ അരികിൽ നിൽക്കുമ്പോൾ തന്റെ നെഞ്ച് തുടികൊട്ടുന്ന നിമിഷം അത് നിയന്ത്രിക്കുന്ന പാട് തനിക്ക് മാത്രമേ അറിയൂ എന്ന് അവൾ ചിന്തിച്ചു.

” ഇനി ഒരുപാട് ഇല്ലേ സമയം…? കുറച്ചു നേരം കൂടി കിടന്നോ,

തന്റെ ഉള്ളിൽ നിന്നും അവളോടുള്ള പ്രണയം പുറത്തുവരുമേന്നു ഭയന്ന് അവൻ പറഞ്ഞു.

“ഉറക്കം പോയി…!

ചിരിയോടെ അവനെ നോക്കി അവളും പറഞ്ഞു.

” അയ്യോ ഞാൻ പറയാൻ വിട്ടുപോയി. താൻ ഉറങ്ങിയപ്പോൾ തന്റെ അമ്മച്ചി വിളിച്ചായിരുന്നു, രണ്ടുമൂന്നുവട്ടം ഫോൺ അടിച്ചിട്ടും താൻ അറിഞ്ഞില്ല അതുകൊണ്ട് ഞാൻ ഫോൺ എടുത്തത്… തന്റെ ബാഗിൽ ആയിരുന്നു

” എന്നിട്ട് എന്തു പറഞ്ഞു…?

പേടിയോടെ അവൾ ചോദിച്ചു

” പേടിക്കാൻ ഒന്നുമില്ല ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ സ്കാൻ ചെയ്യുക ഒക്കെ ചെയ്തു.. സ്കാനിങ്ങിൽ ഒന്നും വലിയ കുഴപ്പങ്ങൾ ഇല്ലെന്ന് പറഞ്ഞത്, ആദ്യത്തെ ആശുപത്രിക്കാർക്ക് പേടിയായിരുന്നു എന്തെങ്കിലും സംഭവിച്ചാൽ അത് പിന്നെ അവരുടെ പ്രശ്നമായിട്ട് മാറില്ലേ അതുകൊണ്ട്.. നാളെ ഒരു പ്രശ്നം വരാതിരിക്കാൻ വേണ്ടി അവരെ മറ്റൊരു ആശുപത്രിയിലേക്ക് വിട്ടത്, സ്‌കാൻ ചെയ്തപ്പോൾ ചെറിയൊരു ബ്ലോക്ക് ഉണ്ട്, പക്ഷേ അത് സർജറി ചെയ്യാനും മാത്രമുള്ള ഒന്നുമില്ല.. ഈ ഒരു പ്രായത്തിൽ സർജറി ചെയ്യുകയാണെങ്കിൽ അതാണ് ജീവന് പ്രശ്നമൊന്നും നന്നായി ശ്രദ്ധിച്ചാൽ മതിയെന്നും ഡോക്ടർ പറഞ്ഞെന്ന് പറഞ്ഞത്. ഞാൻ ഡീറ്റെയിൽ ആയിട്ട് സംസാരിച്ചു.. അതുകൊണ്ടു തന്നെ അവരെ വീട്ടിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞത്, ആശുപത്രിയിൽ നിന്ന് തന്നെ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു… താൻ നേരെ വീട്ടിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞാണ് അമ്മച്ചി ഫോൺ വെച്ചത്…

” ആണോ..

“അതെ, താൻ ഉറങ്ങുകയായൊണ്ട് ശല്യപ്പെടുത്തണ്ടാന്ന് കരുതിയിട്ടാ ഞാൻ വിളിക്കാതിരുന്നത്.. വേണമെങ്കിൽ ഞാൻ വിളിച്ചു ചോദിച്ചോ അവരിപ്പോൾ വീട്ടിൽ ചെന്നിട്ട് ഉണ്ടാകുള്ളൂ,

അവനത് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചിരുന്നു… അവൻ പറഞ്ഞ കാര്യങ്ങൾ തന്നെ അമ്മച്ചിയും പറഞ്ഞു, ഇത്രയും സമയം വല്ലാത്തൊരു ടെൻഷനായിരുന്നു വലിയമ്മയുടെ കാര്യം ഓർത്തുകൊണ്ട്… അതുതന്നെ ചിന്തിച്ചാണ് കിടന്നത് മുഴുവൻ.. വലിയ ആശ്വാസത്തോടെ അവൾ ഫോൺ ബാഗിൽ വെച്ചു. ആ മുഖത്തെ പ്രസരിപ്പ് അവൻ ശ്രദ്ധിച്ചിരുന്നു… ഇത്രയും സമയം വാടിയ താമര തണ്ട് പോലെ ഇരുന്നവളാണ്, ഇപ്പോൾ ഇതാ പെട്ടെന്ന് അവളിൽ ഒരു സന്തോഷം നിറഞ്ഞു നിൽക്കുന്നതുപോലെ. അവൻ അവളെ തന്നെ നോക്കിയിരുന്നു.

” തനിപ്പോ ഹാപ്പി ആയില്ലേ…?

അവൻ ചോദിച്ചപ്പോൾ അവൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു,

” സത്യം സമാധാനമായത് പോലെ…. ഇത്രയും സമയം എന്തായി കാണുന്നുള്ള ഒരു പേടിയായിരുന്നു, വല്യമ്മച്ചിയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല,

“വല്യമ്മച്ചിയെ ആണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് തോന്നുന്നു, അല്ലേ…?

” എനിക്ക് അങ്ങനെയൊന്നുമില്ല എല്ലാവരെയും ഇഷ്ടമാണ്, എനിക്കിഷ്ടപ്പെട്ട ആർക്കും ഒന്നും വരുന്നതും എനിക്ക് സഹിക്കാൻ പറ്റില്ല… പിന്നെ വല്യമ്മച്ചിക്ക് എന്നെക്കാളും കൂടുതൽ ഇഷ്ടം സച്ചൂനെ ആണ്.. അത് പണ്ട് മുതലേ അങ്ങനെയാ… എന്നെ ഏറ്റവും കൂടുതൽ ഇഷ്ടം അമ്മച്ചിയുടെ അമ്മയ്ക്ക്. ഞങ്ങളുടെ വലിയമ്മച്ചി എന്നെ എപ്പോഴും വഴക്ക് പറയാറുള്ളൂ, അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല… ഞാന് സന്ധ്യയ്ക്ക് എവിടെങ്കിലും ഇരുന്നാലോ നഖം വെട്ടിയാലോ അതൊക്കെ വല്യമ്മച്ചിക്ക് വലിയ പ്രശ്നം ആണ്… എങ്കിലും വലിയ ഇഷ്ടമാണ്, ഞങ്ങൾ വീട്ടിൽ നിൽക്കുമ്പോൾ എപ്പോഴും വഴക്കാ… പക്ഷേ ഞാന് അമ്മച്ചിയുടെ വീട്ടിൽ പോയി ഒരു പത്ത് ദിവസം നിന്ന് കഴിഞ്ഞാൽ പിന്നെ എന്നെ തിരിച്ചുകൊണ്ടുവരാൻ അമ്മയോട് വഴക്കുണ്ടാക്കും,

” തനിക്ക് പഴയ കാര്യങ്ങളൊക്കെ നല്ല ഓർമ്മയാ. എല്ലാം കൃത്യമായിട്ട് പറയുന്നത്… എനിക്ക് ഒരു വർഷം മുൻപ് നടന്ന കാര്യം ചോദിച്ചാൽ പോലും ഇത്ര ഓർമ്മയുണ്ടാവില്ല..

” പഴയതൊന്നും നമ്മൾ മറക്കാൻ പാടില്ലല്ലോ, അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിൽ നിന്നും ഒരുപാട് നമ്മൾ പഠിച്ചിട്ടുണ്ടാവും. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്. നമ്മുടെ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുന്ന പാഠങ്ങൾ, എന്റെ മനസ്സിന്റെ ഒരു കോണിൽ എല്ലാ ഓർമ്മപൊട്ടുകളും ഭദ്രമായിട്ടുണ്ട്… എനിക്ക് ഓർമ്മ വെച്ചത് മുതൽ ഇന്നലെ വരെ നടന്ന നല്ലതും ചീത്തയും ആയിട്ടുള്ള എല്ലാ അനുഭവങ്ങളും…

” അപ്പോൾ തന്റെ മനസ്സിന്റെ ഒരു ഓർമ്മയിൽ ഞാനും ഉണ്ടെന്നർത്ഥം..

പെട്ടെന്ന് അവന് അങ്ങനെ ചോദിച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി… തന്റെ മറുപടിക്ക് വേണ്ടി കാത്തുനിൽക്കുന്ന ആകാംക്ഷയുതിർന്ന ആ മിഴികൾ കാണെ അവൾക്ക് അത്ഭുതം തോന്നിയിരുന്നു…

“അല്ലേ…? പഴയ ഓർമ്മകളിൽ ഞാനും ഉണ്ടാവില്ലേ…?

ഏറെ പ്രതീക്ഷയോടെ അവൻ ചോദിച്ചപ്പോൾ പഴയ ഓർമ്മകളിൽ മാത്രമല്ല മനസ്സിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് അവനാണെന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്… പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല…

” പിന്നില്ലേ.?

അത്രമാത്രമേ അവള് പറഞ്ഞുള്ളൂ, പിന്നീട് അവനെ നോക്കാൻ പോലും അവൾക്ക് സാധിച്ചില്ല..

” എങ്കിൽ എന്നെ കുറിച്ചുള്ള ഓർമ്മ ഒന്ന് പറഞ്ഞെ…. ഞാൻ കേൾക്കട്ടെ,

അവളുടെ മനസ്സറിയാനുള്ള വെമ്പലോടെ അവൻ പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ…

” അന്നൊരു ദിവസം ആദ്യമായിട്ട് എന്നെ ഫോൺ വിളിച്ചത് ഓർക്കുന്നുണ്ടോ..?

അവൻ ചോദിച്ചപ്പോൾ അവൾ ഉണ്ട് എന്ന് തലയാട്ടിയിരുന്നു..

” അന്ന് കൂട്ടുകാരായിരുന്നോ അതിനൊക്കെ ധൈര്യം തന്നത്..?

” അന്ന് അവരൊക്കെ സപ്പോർട്ട് ചെയ്തിരുന്നു, പ്രത്യേകിച്ച് മഞ്ജിമ എന്ന് പറഞ്ഞ ഒരു ഫ്രണ്ട് എനിക്കുണ്ട്, അവളെന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്ത അന്ന് വിളിപ്പിച്ചത്.

“താൻ ഒക്കെ മറക്കാൻ ശ്രമിക്കുക ആയിരിക്കും എനിക്കറിയാം, എങ്കിലും എനിക്ക് ആ സ്റ്റോറി ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്… അന്ന് കൂട്ടുകാരൊക്കെ പറഞ്ഞു എന്നെ വിളിപ്പിച്ചു തന്നെ സ്ക്രൂ കയറ്റി എന്നെ ഇഷ്ടമാണെന്ന് പറയിപ്പിച്ച സ്റ്റോറി…

അവളുടെ മനസ്സറിയാനായി പതിനെട്ടാമത്തെ അടവും പ്രയോഗിച്ച് അവനത് ചോദിച്ചപ്പോൾ അത്ഭുതത്തോടെ അവൾ അവനെ നോക്കിയിരുന്നു

” അങ്ങനെ പ്രത്യേകിച്ച് സ്റ്റോറി ഒന്നും അതിന്റെ പിന്നിൽ ഇല്ല..

” എങ്കിലും ഒരു കാരണമുണ്ടാവുമല്ലോ അന്നും ഇന്നും എന്റെ ഒരു വലിയ സംശയമാണ് എന്തുകൊണ്ടാണ് തനിക്ക് എന്നെ ഇഷ്ടമായത് എന്ന്…

” അതെന്താ ഇഷ്ടപ്പെടാനുള്ള കാരണങ്ങളൊന്നും നമ്മളിലില്ലന്ന് തോന്നുന്നുണ്ടോ..?

അവളുടെ മറു ചോദ്യത്തിൽ ഇത്തവണ വിയർത്തു പോയത് അവനാണ്… അവൻ അവളെ കൂർപ്പിച്ചു നോക്കി…

” കാരണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ താൻ പറ, അതല്ലേ ഞാനും ചോദിച്ചത്… ഒറ്റനോട്ടത്തിൽ ഏത് പെണ്ണും അലച്ചുതല്ലി വീഴുന്ന സൗന്ദര്യം ഒന്നും എനിക്കില്ലന്ന് എനിക്കറിയാം. പിന്നെ എന്നെ നേരിട്ട് പരിചയ പോലുമില്ലാതെ തനിക്ക് എന്നോട് ഒരു അട്രാക്ഷൻ തോന്നാനുള്ള കാരണം എന്താണെന്നാണ് ഞാൻ ചോദിച്ചത്…

” ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ ഒരു സെക്കൻഡ് മതിയെന്ന് പണ്ട് ആരോ പറഞ്ഞിട്ടില്ലേ…? അത് സത്യമാണ് ഒരു മുൻ പരിചയവുമില്ലാത്ത ഒരാൾ നമ്മുടെ എല്ലാം ആവുന്നതാണ് പ്രണയം എന്ന് പറയുന്നത്. കാരണങ്ങളൊന്നുമില്ലാതെ വെറുതെ ടൈംപാസിന് തോന്നിയ ഇഷ്ടമൊന്നുമായിരുന്നില്ല… ഒരിക്കൽ അമ്മച്ചി നിങ്ങടെ വീട്ടിൽ വച്ച് തലകറങ്ങി വീണില്ലേ..? അന്നാണ് നമ്മൾ തമ്മിൽ അടുത്ത് കാണുന്നത്. അന്ന് ഞാൻ ആശുപത്രിയിൽ വന്നപ്പോൾ അവിടെ ഉണ്ടായിരുന്നില്ലേ..? അന്ന് ആണ് ആദ്യമായിട്ട് ഞാൻ ശ്രദ്ധിക്കുന്നത്… അതിനു മുൻപ് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി കാണുന്നതുപോലെ തോന്നി അന്ന് കണ്ടപ്പോൾ, അതിന്റെ പ്രത്യേകത എന്റെ അമ്മച്ചിയോട് കാണിച്ച കരുണയായിരുന്നു… അമ്മച്ചി പല വീടുകളിലും ജോലിക്ക് പോയിട്ടുണ്ട്, ഞാൻ ചിലപ്പോൾ ബസ്സിൽ പോകുമ്പോൾ കാണും ചില വലിയ വീടിന്റെ ഒക്കെ മുന്നിൽ നിന്ന് അമ്മച്ചി ഇങ്ങനെ ജോലി ചെയ്യുന്നത്.. നല്ല വെയിൽ ആയിരിക്കും… അവിടെയുള്ളവർക്ക് അതൊന്നും പ്രശ്നമല്ല, കൊടുക്കുന്ന പൈസ മുതലാക്കി അവരെ ജോലി ചെയ്യിപ്പിക്കും..

ചിലര് പച്ച വെള്ളം പോലും കൊടുക്കില്ല, തലവേദന എടുത്താവും അമ്മച്ചി വീട്ടിലേക്ക് വരുന്നത്.. അങ്ങനെയുള്ള അമ്മച്ചിയോട് ഒരാൾ ആദ്യായിട്ടാ ഇത്രയും വലിയൊരു കരുണ കാണിക്കുന്നത് ഞാൻ കാണുന്നത്.. ഒരു മകനെപ്പോലെ…! തലകറങ്ങി വീണ അമ്മച്ചിയെ ആശുപത്രിയിൽ കൊണ്ടുവന്ന് ചായ വാങ്ങിക്കൊടുത്തു പറ്റുമെങ്കിൽ നാളെ രാവിലെയും വരാമെന്ന് പറഞ്ഞിട്ട് പോയ ഒരാളെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു അത്ഭുതം തോന്നി… ആ നാട്ടിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിലെ ഒരു മകൻ വലുപ്പച്ചെറുപ്പം ഇല്ലാതെ ജോലിക്കാരോട് ഇടപെട്ട ആ രീതി അതായിരുന്നു എന്നെ ആകർഷിച്ചത്… എന്നെയും അമ്മച്ചിയെയും ഒക്കെ ആ നാട്ടിലുള്ള പലരും നോക്കിയിട്ടുള്ളത് വിചിത്രജീവികളെ പോലെയാ… കാരണം ഞങ്ങളുടെ നടപ്പും ഭാവവും അങ്ങനെയായിരുന്നല്ലോ, കീറി പറിഞ്ഞ വസ്ത്രങ്ങൾ ഇട്ടു പിച്ചക്കാരെ പോലെ, അങ്ങനെയുള്ള ഞങ്ങളോട് കരുണ കാണിച്ചപ്പോൾ എനിക്ക് അത്ഭുതം തോന്നി, ആ മനസ്സിനെ എപ്പോഴോ ഞാൻ ഇഷ്ടപ്പെട്ടു. തുറന്നു പറയുന്നത് ശരിയല്ലെന്ന് പലവട്ടം തോന്നി പിന്നെ കൂട്ടുകാരുടെ പ്രേരണ കൊണ്ട് പറഞ്ഞു, പ്രണയത്തിനു മുൻപിൽ അങ്ങനെയൊന്നുമില്ലന്ന് തോന്നിയതുകൊണ്ട് മാത്രം തുറന്നു പറഞ്ഞു…

അപ്പോഴേക്കും അവൾ പുറത്തേക്ക് നോക്കിയിരുന്നു, ചുവന്ന കണ്ണുകൾ അവനിൽ നിന്ന് ഒളിപ്പിക്കാൻ, ഒപ്പം അവനെ അഭിമുഖീകരിക്കാൻ സാധിക്കില്ല എന്നതുപോലെ… ആദ്യമായി അവൾക്ക് തന്നോട് ഇഷ്ടം തോന്നാനുള്ള കാരണം അറിഞ്ഞതിന്റെ അമ്പരപ്പിൽ ആയിരുന്നു അവന്.. ഇത്രമാത്രം അവൾ തന്നെ മനസ്സിലാക്കിയിരുന്നോ.? തന്നോട് ഇഷ്ടം തോന്നാനുള്ള അവളുടെ കാരണം ഇതായിരുന്നോ.. ആ കാരണം അവനെ ഞെട്ടിച്ചു കളഞ്ഞിരുന്നു, അവൾ വീണ്ടും തന്നെ അത്ഭുതപെടുത്തുകയാണല്ലോന്ന് അവനോർത്തു…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *