രാധേച്ചീ….ഇന്ന് കോളേജിൽ കൊണ്ടുപോകാൻ കറികൾ കൂടുതൽ വച്ചേക്കണേ, ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചില കൂട്ടുകാർക്ക് മിക്കവാറും ദിവസങ്ങളിൽ സാമ്പാറും, പരിപ്പ് കറിയുമാണ്,അതും ഒരു രുചിയുമില്ലാത്ത കറി.അവർക്ക് രാധ ചേച്ചി വയ്ക്കുന്ന കറികളുടെ സ്വാദ് വലിയ ഇഷ്ട്ടമാണ്.
അതിനെന്താ ചിന്നൂ കൂടുതൽ വച്ചേക്കാം.
ചിന്നു വീടിന് മുറ്റത്ത് ധാരാളം ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. അവയെ പരിചരിക്കുന്നതിൽ അവൾ ഒരു മുടക്കവും വരുത്താറുമില്ല. ചെടികൾക്ക് വെള്ളമൊഴിച്ചിട്ട്.അവൾ രാവിലെ തന്നെ പുഴയിൽ മുങ്ങിക്കുളിച്ചു.
അമ്മയുണ്ടായിരുന്ന കാലത്ത് മിക്കവാറും പുഴയിൽ കുളിക്കാൻ വരും.പിറകിൽ തന്നെയും വച്ച് ഒരു മത്സ്യത്തിന്റെ മെയ് വഴക്കത്തോടെ അമ്മ നീന്തി തുടിക്കുമായിരുന്നു.
പിന്നീട് ഒറ്റക്കായപ്പോൾ താൻ പുഴയരുകിലിരുന്ന് എത്ര കണ്ണീർ വാർത്തിരിക്കുന്നു. എത്രയെത്ര വേദനകളെ പുഴയിലെ കുഞ്ഞോളങ്ങൾ തഴുകി മാറ്റിയിരിക്കുന്നു. അതുകൊണ്ടാണോ എന്നറിയില്ല, കാലത്ത് പുഴയിൽ മുങ്ങിനിവരുമ്പോൾ അമ്മ തഴുകും പോലെ ഒരാശ്വാസമാണ്
കുളികഴിഞ്ഞ് നീളൻ മുടി കുളിപ്പിന്നലിട്ട്, അവൾ ഒരുങ്ങിയിറങ്ങി.
സ്ത്രീസഹജമായ അണിഞ്ഞൊരുങ്ങലോ, ആഭരണ പ്രിയമോ അവൾക്കില്ല.കണ്ണുകളിൽ അഞ്ജനമെഴുതും,ചിലപ്പോൾ കൈകളിൽ കറുത്ത കുപ്പികൾ അണിയാറുണ്ട്,അത്രമാത്രം.
രാധേച്ചിയെ… ഞാൻ ഇറങ്ങുവാണെ…
ശരി മോളേ…..
ഇന്നവൾ കുറച്ച് ധൃതിയിലാണ് നടക്കുന്നത്.കാരണം മറ്റൊന്നുമല്ല. ഇന്നലെ ടൗണിൽ ചുമടെടുക്കുന്നവരുടെ കൂട്ടത്തിൽ അവൾ അയാളെ കണ്ടിരുന്നു. തന്റെ മനസും, ചിന്തകളും മോഷ്ടിച്ചെടുത്ത നരേന്ദ്രനെ.
പലവട്ടം തേടിയിട്ടും കാണത്ത ആളെ ഇന്നലെ പെട്ടന്ന് കണ്ടപ്പോൾ ഉണ്ടായ വെപ്രാളം കാരണം,അയാൾ കാണാതെ താൻ മാറി നിന്നു.
അയാളെ കണ്ടമാത്രയിൽ അതിദ്രുതം മിടിച്ച ഹൃദയം… ഉടലിൽ പടർന്ന വിറയൽ…അതൊക്കെ എന്താണ് സൂചിപ്പിച്ചത്?
അയാളെ താൻ അത്രയും സ്നേഹിക്കുന്നു എന്നല്ലേ?അതെ, അല്ലെങ്കിൽ പിന്നെന്തിനാണ് ഇത്രയും നേരത്തെ താൻ ഇറങ്ങിയത് അയാളെ ഒരു നോക്ക് കാണാനുള്ള മോഹം മാത്രമല്ലേ ഇത്??
ആ മനുഷ്യനിന്ന് തന്റെ എല്ലാമായിരിക്കുകയാണ്.
അവളുടെ കാലുകൾക്ക് വേഗമേറി.
ടൗണിനടുത്തുതന്നെയാണ് കോളേജ്.
ടൗണിലെക്കെത്തും മുൻപ് വിശാലമായ കാടുണ്ട്. സർക്കാർ ഭൂമി ആയതുകൊണ്ട് മനുഷ്യരുടെ കടന്നുകയറ്റമില്ലാതെ നിറയെ മരങ്ങളും, വന്മരങ്ങളിൽ പടർന്നു കയറിയ കാട്ടു വള്ളികളും,പുല്ലുകളുമൊക്കെയായി അവിടം ഒരു തണുപ്പ് എപ്പോഴും ഉണ്ട്.
അവിടെ എത്തിയപ്പോൾ അവൾ കുറച്ചൂടെ സ്പീഡിൽ നടന്നു…
പെട്ടന്ന് ഇരമ്പിയാർത്ത് ഒരു ടിപ്പർ ഇടതു വശത്തേക്ക്,തന്റെ നേർക്ക് കുതിച്ചു വരുന്നത് കണ്ടതും ഞെട്ടിത്തരിച്ചവൾ കണ്ണുകൾ ഇറുക്കി അടച്ചു.
പെട്ടന്നവളെ ആരോ പിന്നിലേക്ക് തള്ളിയെറിഞ്ഞു. ആ നിമിഷത്തിൽ തന്നെ ടിപ്പർ പാഞ്ഞു പോകുന്നത്കണ്ട് അവളിൽ നിന്നൊരു നിശ്വാസം ഉതിർന്നു.
പെട്ടന്ന് അവൾ ചാടിയെഴുന്നേറ്റു, ആരോ അടുത്തു കമിഴ്ന്ന് കിടപ്പുണ്ട് അയാളിൽ നിന്നും പടർന്ന രക്തം മണ്ണിൽ പുരണ്ടിട്ടുണ്ട്.
അയ്യോ… അവൾ അയാളെ കുലുക്കി വിളിച്ചു. അയാൾ പതിയെ എഴുന്നേറ്റു. ആ മുഖം കണ്ടതും അവൾ ഞെട്ടി പോയി. നരേന്ദ്രൻ.
അയാൾ കണ്ണ് തുറന്ന് ചുറ്റിലും നോക്കി. നെറ്റി പൊട്ടി രക്തം വരുന്നുണ്ട്.
ദൈവമേ….വല്ലാതെ മുറിഞ്ഞല്ലോ, വാ നമുക്ക് ആശുപത്രിയിൽ പോകാം. അവൾ അയാളുടെ കൈ പിടിച്ചു.
ഓ… പിന്നെ ഇതിനും വേണ്ടി ആശുപത്രിയിൽ പോകേണ്ട കാര്യം ഒന്നും ഇല്ല.
തന്നെ രക്ഷിക്കാനായി തള്ളിയിട്ടപ്പോൾ കൂടെ വീണുപോയതാണ് ആൾ, കമിഴ്ന്നു വീണതുകൊണ്ട് നെറ്റി ശക്തിയിൽ നിലത്തിടിച്ചാണ് മുറിവുണ്ടായത്.
വരൂ നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം. നെറ്റിയല്ലേ മുറിഞ്ഞത്.
കുട്ടി മര്യാദക്ക് കോളേജിൽ പോകാൻ നോക്ക്. നേരം വൈകും.
അത് സാരമില്ല.
ഓഹ് ഈ ചെറിയ മുറിവും കൊണ്ട് ആശുപത്രിയിൽ പോകാനൊന്നും ഞാനില്ല.
അയാൾ എഴുന്നേറ്റ് റോഡിലേക്ക് കയറി സ്പീഡിൽ നടന്നു.
അതേയ്…ഒന്ന് നിൽക്ക്…
അയാൾ അത് കേട്ടിട്ടും, കേട്ടതായി ഭാവിക്കാതെ മുന്നിലേക്ക് നടന്നു.
ഓഹ് എന്തൊരു നടത്തമാണ് ഇത്
ഒന്ന് പതിയെ പൊയ്ക്കൂടേ ഈ മനുഷ്യന്.
ഹേയ് നിൽക്ക്.
എന്താ കുട്ടീ….
ഞാൻ അത്ര കുട്ടിയൊന്നും അല്ല എന്നെ പേര് വിളിച്ചാൽ മതി.
ഓ ആയ്ക്കോട്ടെ
ചേട്ടന് ഇത് തന്നെയാണോ പണി?
ഏത്?
എന്നെ രക്ഷിക്കൽ
ശരി.ഇനി രക്ഷിക്കാൻ വരുന്നില്ല പോരെ
അവൾ അയാൾക്കൊപ്പം നടക്കാൻ ശ്രമിച്ചു. ഓഹ്… ഇപ്പോൾ വണ്ടിക്കാര് ഒക്കെ എന്ത് പോക്കാ പോകുന്നത്. റോഡിലൂടെ മനുഷ്യർ നടക്കുന്നത് പോലും ശ്രദ്ദിക്കുന്നില്ല.ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ചമ്മന്തി ആയി പോയേനെ.
അയാൾ പെട്ടന്ന് നിന്നു.
ചിന്നൂ….ആ വണ്ടി നിന്റെ ജീവൻ എടുക്കാൻ തന്നെയാണ് വന്നത്.
അവൾ അയാളെ മിഴിച്ചു നോക്കി. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ രഘുവായിരുന്നു.
നീ അപകടത്തിലാണ് ചിന്നൂ… എപ്പോഴും ഒരു ശ്രദ്ധ വേണം.
അവൾക്ക് കാര്യത്തിന്റെ ഗൗരവം മനസിലായി.
സദാസമയവും നിനക്ക് സ്വയം ഒരു ശ്രദ്ധ വേണം.
ഉം…
ഭയപ്പെടേണ്ട…കോളേജിലേക്ക് പൊയ്ക്കോളൂ.
അവൾ മുന്നോട്ട് നടന്നു….
***************
മേനക ഫോൺ എടുത്ത് രഘുവിനെ വിളിച്ചു.
എന്തായി കഴിഞ്ഞോ?അവൾ ചോദിച്ചു.
ഇല്ല.അവിടെ ഡ്രൈവർ പണിക്ക് ഒരുത്തൻ നിന്നില്ലേ, നരേന്ദ്രൻ. അവൻ അവളെ രക്ഷിച്ചു. അവൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ അവൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
ഇനി എന്ത് ചെയ്യും രഘൂ..
സാരമില്ല.നാളെ അവൾ പോകുമ്പോൾ എന്ത് വിലകൊടുത്തും ഞാൻ അവളെ അപകടപ്പെടുത്തും.
ഇനിയൊരു അബദ്ധം ഉണ്ടാകരുത് രഘൂ…നമുക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി, ഏത് വഴി സ്വീകരിച്ചും ചിന്നുവിനെ തീർക്കണം.
അവളെ തീർത്തിട്ട് വേണം. ഇവിടുത്തെ പെണ്ണുപിടിയൻ കിളവനെ വകവരുത്താൻ.
ഇനിയൊരബദ്ധം ഉണ്ടാകില്ല മേനകെ. എല്ലാം കഴിഞ്ഞിട്ട് ഞാൻ വരും. മംഗലത്തുതറവാട്ടിലേക്ക്.
ശരി രഘൂ…..
**************
വൈകിട്ട് കോളേജ് കഴിഞ്ഞ് ടൗണിൽ എത്തിയപ്പോൾ ചിന്മയി അവിടം മുഴുവൻ നോക്കിയിട്ടും നരന്ദ്രനെ കണ്ടില്ല.
ആളുടെ വീട് എവിടെയെന്നും അറിയില്ല. നെറ്റിയിലെ മുറിവും, രക്തവും ഒക്കെ കണ്ടിട്ടാവും ഒരു സമാധാനവും ഇല്ലായിരുന്നു.
ഒടുവിൽ,ചില ചുമട്ടുകാർ കടയുടെ മുന്നിലെ സ്റ്റെപ്പിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടും കല്പ്പിച്ചു അവൾ അവരുടെ അടുത്തു ചെന്നു.
എന്താ മോളേ അവർ ചോദിച്ചു.
അല്ല… ഈ നരേന്ദ്രൻ എന്ന് പറയുന്ന ഒരാൾ ഇവിടെ ചുമടെടുക്കുന്നില്ലേ അയാൾ എന്തിയേ?
അവൻ ഇന്ന് രാവിലേ വന്നിട്ട് അപ്പോൾ തന്നെ പോയല്ലോ
ആളുടെ വീട് എവിടെ ആണെന്ന് അറിയാമോ?
നേരെ പോയിട്ട് വലത്തേക്ക് ഒരു മൺ വഴിയുണ്ട് അതിലെ ഒരു ഇരുപത് മിനിട്ട് നടക്കണം.
ശരി.
അവൾ അവർ പറഞ്ഞ വഴിയേ നടന്നു.
അധികം വീടുകൾ ഒന്നുമില്ല. നിറയെ കുരുമുളക് തോട്ടമാണ്. ചിലയിടത്ത് കമുകും, തെങ്ങുമൊക്കെ തലയുയർത്തി നിൽക്കുന്നു. ഭൂമിക്ക് പോലും എന്തൊരു തണുപ്പാണ് ഇവിടം എന്തൊരു ഭംഗിയാണ്.
കുറച്ച് നടന്നുകഴിഞ്ഞപ്പോൾ ഇരുവശത്തും പാടം കാണറായി. വിളഞ്ഞു കിടക്കുന്ന വയലേലകളിലെങ്ങും പോക്കുവെയിൽ പലതരം വർണ്ണം വാരിവിതറിയിട്ടുണ്ട്.
അകലെയുള്ള ഗിരിനിരശൃംഗങ്ങൾ നേരമിരുളും മുൻപേ മഞ്ഞിന്റെ പുതപ്പിനടിയിൽ ഉറക്കമായിരിക്കുന്നു. മേഘങ്ങളെ ചുംബിച്ച് തഴുകി മതിയാവാതെ തെന്നൽ പാറിനടപ്പാണ്.
ഇണചേരുന്ന നാഗങ്ങളെ പോലെ ചുറ്റിപ്പിണഞ്ഞു മരത്തിൽ പടർന്നവള്ളിപടർപ്പു നിറയെ ചെറിയ ചുവന്ന പൂക്കൾ.. അതങ്ങനെ കാറ്റിന്റെ താളത്തിൽ ചാഞ്ചാടുന്നുണ്ട്. ഉള്ളിലെവിടെയോ ഒരു മൃദുവികാരം ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.
തന്റെ ജീവനെടുക്കാൻ തക്കം പാർത്തിരിക്കുന്നവരെ കുറിച്ചൊന്നും അപ്പോൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.
മുന്നിൽ വഴി അവസാനിച്ചിരിക്കുന്നു. അവിടെ ചെറിയൊരു വീട് ഓലകൊണ്ട് മേഞ്ഞ,മൺചുവരുകൾ ഉള്ള ചെറിയ വീട്.ഇന്നത്തെ കാലത്തും ഇങ്ങനെ ഒരുവീടോ? അവൾക്ക് അത്ഭുതം തോന്നി.
വാതിൽ അടഞ്ഞാണ് കിടക്കുന്നത്.
ഇവിടെ ആരുമില്ലേ അവൾ ഉറക്കെ ചോദിച്ചു.
വാതിൽ തുറന്ന് നരേന്ദ്രൻ ഇറങ്ങി വന്നു.
ചിന്നു എന്താ ഇവിടെ?എന്ത് പറ്റി എന്തേലും കുഴപ്പം ഉണ്ടായോ
ഇല്ല.ചേട്ടന് എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടി വന്നതാ.
അതിന് കുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല.
ഇപ്പോൾ വേദന കുറവുണ്ടോ അവൾ അധികാരത്തോടെ അയാളുടെ നെറ്റിൽ പിടിച്ചു.
ചിന്നൂ….അയാൾ അവളുടെ കൈ പിടിച്ചു മാറ്റി. നീ ചെറിയ കുട്ടിയാണ്. മനസ്സിൽ അരുതാത്ത എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അതങ്ങു മറന്നേക്കണം.നിനക്ക് പതിനെട്ടോ, പത്തൊൻപതോ വയസേ ആയിട്ടുള്ളൂ. ഞാൻ മുപ്പതുകളിൽ എത്തി.
അതിന്?
നിന്നെക്കാൾ ജീവിതമെന്തെന്ന് എനിക്കറിയാം അതുകൊണ്ടാണ് പറയുന്നത്.
കുട്ടി പോകാൻ നോക്ക്.
ഞാൻ പോകുകയാണ്. പക്ഷെ ഒന്ന് പറയാം. ഈ ജന്മം മുഴുവൻ ഞാൻ നിങ്ങളെ പ്രതീക്ഷിക്കും. മറ്റൊരാളും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.
അവൾ പോകുന്നത് അയാൾ നോക്കി നിന്നു.
നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല കുട്ടീ. നീയെന്റെ ജീവനാണ്. അതുകൊണ്ടാണ് നീയറിയാതെ നിനക്ക് പിന്നിൽ ഞാൻ ഉണ്ടാവാറുള്ളത്. നിന്റെ ജീവന് കാവലായി, ഞാനെന്നും ഉണ്ടാകുകയും ചെയ്യും. പക്ഷെ മറ്റൊന്നും ആശിക്കാൻ ഞാൻ അർഹനല്ല കുട്ടീ….
*************
മേനക അന്നാകെ ഉത്സാഹത്തിലായിരുന്നു. ഇനിയൊരബദ്ധം പറ്റാതെ രഘു നോക്കും. ഒരിക്കൽ പാളിപ്പോയത് കൊണ്ട് അവനൊരു വാശി കേറിയിട്ടുണ്ട്. ചിന്നുവിന്റെ അവസാനം കണ്ടിട്ടേ അവൻ വരൂ.
അതുകഴിഞ്ഞിട്ട് വേണം ഇവിടുത്തെ മുതുക്കനെ ഒതുക്കാൻ. അയാൾക്ക് ഈയിടെയായി മകളോട് ഇത്തിരി സ്നേഹം കൂടുതലാണ്.
തന്നോടുള്ള അങ്ങേരുടെ മനോഭാവത്തിലും മാറ്റമുണ്ട്. അയാൾക്ക് കഴിഞ്ഞതിലെല്ലാം കുറ്റബോധമുണ്ട് പോലും.
ഹും… അയാള് കുറ്റബോധം കൊണ്ട് ഇരിക്കട്ടെ. ഒന്നുകിൽ അനങ്ങാൻ പറ്റാത്ത വിധം അയാളെ കിടപ്പിലാക്കണം, അല്ലെങ്കിൽ പരലോകത്തേക്ക് അയാളെയും അയക്കണം. എന്നിട്ട് വേണം എന്റെ രഘുവിനൊപ്പം,ഞങ്ങളുടെ കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ. അതിന് വേണ്ടി എന്ത് ചെയ്യാനും ഈ മേനക തയ്യാറാക്കും.
കണ്ടത്തിലെ ചെളിയിൽ നിന്നും, ഈ തറവാട്ടിൽ കാലുറപ്പിക്കാൻ തനിക്ക് കഴിഞ്ഞെങ്കിൽ,പിന്നെ ഈ കിളവനെയും അയാളുടെ മോളെയും ഒഴിവാക്കാനാണോ പാട്.
എട്ട് വർഷം മുൻപ് അയാളുടെ അതിസുന്ദരിയായ ഭാര്യ സരസ്വതിയെ ഇവിടുന്ന് അയാളെക്കൊണ്ട്തന്നെ ഓടിച്ചതാണ് താൻ.
ഇവിടുന്ന് മാത്രമല്ല,ഈ ലോകത്തുനിന്ന്…..
അവളെ തന്റെയീ കരങ്ങൾ കൊണ്ട് അവസാനിപ്പിച്ചതാണ്.അവളുടെ അവസാനപ്പിടച്ചിൽ നോക്കി നിന്നവളാണ് താൻ.
എന്നെ കൊ, ല്ലരുത്,എന്റെ കുഞ്ഞുങ്ങളെകണ്ട് എന്റെ കൊതി തീർന്നിട്ടില്ലെന്ന് അവൾ കരഞ്ഞപേക്ഷിച്ചപ്പോൾ,ഉറക്കെയുക്കെ പൊട്ടിച്ചിരിച്ചു താൻ.
രഘുവും താനും ചേർന്ന് ആ ചെങ്കുത്തായ പാറമടയിൽ നിന്നുമവളെ താഴേക്ക് വലിച്ചെറിഞ്ഞപ്പോൾ,തനിക്ക് ലോകം കീഴടക്കിയ സന്തോഷം തോന്നി.
എന്നിട്ട് ഒന്നുമറിയാത്ത പോലെ മാധവന് മുൻപിൽ ഒരു കള്ളക്കണ്ണീരും ഒഴുക്കി. ഞാൻ കാരണമാണോ മാധവേട്ടന്റെ ഭാര്യ ആ, ത്മ, ഹത്യ ചെയ്തതെന്ന് ചോദിച്ചപ്പോൾ അയാൾ അന്ന് പറഞ്ഞത്,അതവളുടെ വിധി ആണെന്നായിരുന്നു.
തന്റെ രാത്രികളെ നിറമുള്ളതാക്കാൻ വിരുന്ന് വന്നവനായിരുന്നു രഘു….തന്നെക്കാൾ പ്രായം കുറവാണെങ്കിലും അവനെന്നെയും,ഞാൻ അവനെയും സ്നേഹിച്ചു പോയി. അവന്റെ നിർദേശപ്രകാരമാണ് മാധവനെ തന്റെ വരുതിയിലാക്കിയത്.
രഘുവിനൊപ്പം ഒരു റാണിയായി തനിക്ക് ജീവിക്കണം.അവനൊരിക്കലും തന്നെ വിട്ടുപോകാതിരിക്കാൻ വേണ്ടിയാണ് അവന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തിയത്.
അവരോടൊപ്പം ഒരു സ്വർഗ്ഗം തീർക്കണം അതിന് ആരെ വേണമെങ്കിലും കരുവാക്കും,എന്തും ചെയ്യും…
************
അതിരാവിലെ തന്നെ നരേന്ദ്രൻ ഉണർന്നു. ചിന്മയിയെ ഇനിയും അപകടത്തിലാക്കാൻ അവർ നോക്കും.
ഒരു നിഴൽ പോലെ, കോളേജിൽ പോയ ദിവസം മുതൽ അവൾക്കൊപ്പം താനുണ്ട്.
രഘുവിനെ അവൾ ഇറക്കി വിട്ടു എന്നറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ആകുലതയാണ് . കാരണം രഘുവിനെ മുൻപേ പരിചയമുണ്ട്. അവൻ പലവട്ടം ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവനാണ്.
കുറച്ച് നാളുകളായി അവൻ ഒതുങ്ങി ജീവിക്കുകയാണെങ്കിലും,അവനിലെ ക്രൂ, രൻ അടങ്ങിയിട്ടൊന്നും ഇല്ല.
ചിൻമയിയെ വീട്ടിൽ രാധേച്ചി ശ്രദ്ദിച്ചോളും, അവർ ഒരു പാവമാണ്.
എല്ലാ വിവരങ്ങളും അവർ തന്നെ അറിയിക്കാറുണ്ട്.
തന്റെ ജീവൻ കൊടുത്തുംചിന്നുവിനെ താൻ രക്ഷിക്കും.
കാരണം എന്നേക്കാൾ അവളെ സ്നേഹിക്കുന്നു.സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. അവൾഎവിടെ ആയാലും, ആരുടേതായാലും സന്തോഷമായി ഇരിക്കണം അത്രമാത്രം.
കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അയാൾ സമയം നോക്കി.7.28 ആയതേ ഉളളൂ.
ചിന്നു വീട്ടിൽ നിന്നും ഇറങ്ങുന്നത് എട്ടരക്കാണ്.
അച്ഛനോടുള്ള വാശിയിൽ ആയിരിക്കണം അവൾ വീട്ടിലെ ഒരു വാഹനവും ഉപയോഗിക്കാറില്ല. അച്ഛനോ,അച്ഛൻ നിയോഗിച്ച ഡ്രൈവറോ അവളെ കൊണ്ടാക്കാൻ അവൾ സമ്മതിക്കാറില്ലെന്ന് രാധേച്ചി പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ പഴയപോലെ കരഞ്ഞു നടക്കുന്ന പെണ്ണല്ല അവൾ.
തൊട്ടാൽ പൊള്ളുന്ന തീക്കനലാണ്.
എന്തായാലും ചായക്കടയിൽ കയറി ചായ കുടിച്ചിട്ട് പോകാം ഇനിയും ഒരു മണിക്കൂർ സമയം എടുക്കും അവൾ വീട്ടിൽ നിന്നും ഇറങ്ങാൻ
അയാൾ ചായക്കടയിലേക്ക് നടന്നു.
ചിന്നു രാവിലെ ഭക്ഷണം കഴിച്ചിട്ട്,മേനകയുടെ മുറിയിലേക്ക് ചെന്നു.
വിലയേറിയ പട്ടുസാരി,ഞൊറിയിട്ട് ഉടുക്കുന്ന തിരക്കിലായിരുന്നു അവർ
പതിവില്ലാതെ ചിന്നുവിനെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.
ഉം… എന്താടി
എന്റെ വിവാഹത്തിനാണെന്ന് പറഞ്ഞ് അച്ഛൻ എന്റെ കൈയിൽ തന്ന ആഭരണപ്പെട്ടി എവിടെ?
അതെന്തിനാ ഇപ്പോൾ നിനക്ക്? അത് നിന്റെ കല്യാണം തീരുമാനിക്കുമ്പോൾ നിനക്ക് തരും അതുവരെ എന്റെ കൈയിൽ ഇരുന്നോട്ടെ.
അതിന്റെ ആവശ്യം ഇല്ല.സൂക്ഷിക്കാൻ എനിക്കറിയാം.
നീ പോകാൻ നോക്ക് ചിന്നൂ…മുതിർന്നവർ പറയുന്നത് കുറച്ചൊക്കെ അനുസരിക്കണം. അതെങ്ങനാ ത, ള്ള പഠിപ്പിച്ചു വച്ചതല്ലേ ഓരോന്ന്.എന്നിട്ട് അവള് പോയി ചാടിച്ചത്തു.
ദേ…. പെ, ണ്ണുമ്പി, ള്ളേ എന്റെ അമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ മുരണ്ടുകൊണ്ട് അവൾ ചുറ്റിലും നോക്കി.
മേശയിൽ ഇരുന്ന ക, ത്രികയാണ് അവളുടെ കണ്ണിൽ പെട്ടത്
ക, ത്രിക വലിച്ചെടുത്തതും,അത് മേനകയുടെ ക, *ഴുത്തിൽ വച്ചതും ഒരുമിച്ചായിരുന്നു. അനങ്ങിയാൽ നിന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും.
മോളേ, കുഞ്ഞമ്മയുടെ ക, ഴുത്തു മു, *റിയും.
ആദ്യം എന്റെ ആഭരങ്ങൾ എവിടെ അത് പറ.
അത് അലമാരയിൽ ഇരിപ്പുണ്ട്.
അവൾ ക, ത്രിക മാറ്റി. അലമാര തുറന്ന് ആഭരണപ്പെട്ടി കൈയിൽ എടുത്തു.
ഉം..ഇനി കഴുത്തിൽ കിടക്കുന്ന ആ മാല ഇങ്ങൂര് അത് മംഗലത്തു തറവാട്ടിലെ പെണ്ണുങ്ങൾക്ക് തലമുറ കൈമാറി കിട്ടിയ മാലയാണ്. വിലയേറിയ രത്നങ്ങൾ പതിപ്പിച്ച ആ മാല നോക്കാനുള്ള യോഗ്യത പോലും നിങ്ങൾക്കില്ല.
ഇല്ല.. ഇത് മാധവേട്ടൻ എനിക്ക് തന്നതാണ്. ഇത് ഞാൻ തരില്ല.
എന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാലയാണിത്.കഴിഞ്ഞു പോയ തലമുറകൾ സൂക്ഷിച്ചു വച്ചത്. അത്രമേൽ പവിത്രമായ അത് തൊടാൻ പോലും നിനക്കർഹതയില്ല.മര്യാദക്ക് തന്നോ.
ഇല്ല..
അവൾ ക, ത്രികയുയർത്തി.എന്ത് ചെയ്യാനും മടിക്കില്ല ഞാൻ.തിന്ന് തിന്ന് ചീർത്തിരിക്കുന്ന നിങ്ങൾക്ക് ഒന്നോടാൻ പോലും പറ്റില്ല അതോർത്തോളണം.
നിങ്ങളുടെ പള്ളക്ക് ഇത് കേ റ്റാൻ എനിക്കൊരു മടിയുമില്ല തരാനാ പറഞ്ഞത്. അവൾ ഉറക്കെ പറഞ്ഞു.
ര, ക്തം ഇരച്ചു കയറി ചുവന്ന, അവളുടെ കവിളിണകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അത് കണ്ടതും മേനക മാല ഊരി ചിന്മയിയുടെ കൈയിൽ കൊടുത്തു.
അവൾ അതുമായി മുറി വിട്ടിറങ്ങി.
മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. പേടിച്ച് ഇപ്പോൾ കരയുമെന്ന മട്ടിൽ വിതുമ്പി നിൽക്കുന്ന ഗോകുൽ മോനെയും, അമ്പരന്ന് നോക്കുന്ന ഗൗതമിനെയും ചിന്നു കണ്ടത്.
പേടിച്ച് പോയോ….? അവൾ ആഭരണപ്പെട്ടി നിലത്തു വച്ചിട്ട് ഗോകുൽ മോനെ വാരിയെടുത്തു ചുംബിച്ചു. വെറുതെ തമാശ കാണിച്ചതല്ലേ… വാ രണ്ടാൾക്കും ചിന്നു ചേച്ചി മിഠായി തരാം.
ആഭരങ്ങൾ അലമാരയിൽ വച്ച് പൂട്ടിയിട്ട് അവൾ കുഞ്ഞുങ്ങൾക്ക് മിഠായി കൊടുത്തു.അവരുടെ മുഖത്ത് ചിരി വിരിഞ്ഞപ്പോഴാണ് അവൾക്ക് സമാധാനമായത്
മേനക കട്ടിലിൽ ഒരേ ഇരുപ്പ് ഇരുന്നു…..അവരുടെ ഉടലാകെ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
അവളെ രഘു അവസാനിപ്പിക്കാൻ പാടില്ല. തന്റെ ഈ കൈകൾ കൊണ്ട് ഇഞ്ചിഞ്ചായി വേദനിച്ചു പിടഞ്ഞവൾ തീരണം.അവളുടെ അമ്മയെ പോലെ പ്രാണന് വേണ്ടി അവൾ കെഞ്ചണം.
അത് കണ്ടാലേ താൻ ഏറ്റ ഈ അപമാനത്തിന് പകരമാകൂ.
ചിന്നൂ….. നീ നോക്കിക്കോ ഈ മേനക ആരെന്ന് നീ അറിയാൻ പോകുവാ…
ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ.രണ്ടിൽ ഒരാളെ ഇന്നീ രാത്രി താണ്ടൂ…
അവർ മനസിലെന്തോ ഉറപ്പിച്ചു..
***************
ചിന്മയി കോളേജിലേക്കിറങ്ങുന്നത് മേനക നോക്കി നിന്നു.അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
മാധവൻ രാവിലെ പണിക്കാർക്കൊപ്പം തൊടിയിലേക്കിറങ്ങിയതാണ്.
രാധേ…. മേനക ഉറക്കെ വിളിച്ചു.
ഞാനിവിടെയുണ്ടേ,എന്താ വിളിച്ചത്. തിടുക്കത്തോടെ രാധ അടുക്കളയിൽ നിന്നിറങ്ങി വന്നു.
പണിക്കാർ പശുക്കൾക്കുള്ള പുല്ല് ചെത്തി വച്ചിട്ടുണ്ട്. നീയതൊക്കെ പോയി എടുത്തുകൊണ്ടു വാ…
ഞാൻ ഗോകുൽ മോന് ഭക്ഷണം കൊടുക്കുകയായിരുന്നു.
അത് ഞാൻ കൊടുത്തോളം. നീ ചെല്ല്
ശരി.
അവർ പറമ്പിലേക്കിറങ്ങി പോയതും. മേനക ഫോണെടുത്ത് രഘുവിനെ വിളിച്ചു.
രഘൂ… അവൾ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട്.
ശരി അവളുടെ കാര്യം ഞാൻ ഏറ്റൂ…
അതല്ല രഘൂ… അവൾക്ക് ഒന്നും സംഭവിക്കരുത് ജീവനോടെ അവളെ എനിക്ക് വേണം രഘൂ.
എന്റെ കൈകൾ അവളുടെ ജീവനെ ടുക്കാൻ തരിക്കുന്നു. എനിക്ക് വേണം രഘൂ അവളെ. നീയവളെ നമ്മുടെ പഴയ വീട്ടിലേക്ക് കൊണ്ടുവരണം.
അതെന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ?
ഒക്കെ നേരിട്ട് പറയാം രഘൂ.
ഒന്ന് മാത്രം പറയാം രഘൂ…. അവൾ വേദനിച്ചു വേദനിച്ച്,എന്നെ ഒന്ന് കൊ, ന്ന് തരൂ എന്ന് എന്നോട് കെഞ്ചണം. എനിക്കതു കാണണം രഘൂ…
ശരി നിന്റെയിഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ.
രഘൂ… ഇന്ന് അവൾ തിരികെ വരാതാകുമ്പോൾ അവളെ തിരഞ്ഞിവിടുള്ളവർ നടക്കും. ആ സമയം നോക്കി ഞാൻ നമ്മുടെ പഴയ വീട്ടിൽ വരും. അതുവരെ അവളെ ഒരു പോറൽ പോലും ഏൽപ്പിക്കരുത്.
ശരി. നമുക്ക് രാത്രിയിൽ കാണാം.
ഉം…..
**************
വൈകിട്ട് ചിന്മയി തിരികെ എത്തുന്ന സമയം കഴിഞ്ഞിട്ടും അവൾ വരാത്തത് കൊണ്ട്, ഗോകുൽ മോൻ വഴിയിലേക്ക് നോക്കി ഇരിക്കുകയാണ്.
തൊട്ടടുത്ത് മണ്ണിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ഗൗതം.
ചേട്ടായി ചിന്നുചേച്ചി വന്നില്ലല്ലോ.
ചിന്നു ചേച്ചി നമുക്ക് മിഠായി വാങ്ങാൻ കയറിയതായിരിക്കും അതാ താമസിക്കുന്നത്.
അവൻ വഴിയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു.
അവൾ പതിവായി വരുന്ന സമയം കഴിഞ്ഞതും മേനക ഗൂഢമായൊരു ചിരിയോടെ മാധവന്റെ മുറിയിലേക്ക് ചെന്നു.
മാധവേട്ട… നമ്മുടെ ചിന്നു ഇതുവരെയും വന്നില്ലല്ലോ.
വല്ല കൂട്ടുകാരിയുടെയും വീട്ടിൽ കയറിയതായിരിക്കും.
എന്നാലും ഇത്രയും വൈകുമോ
ഇനി ആ നരേന്ദ്രനൊപ്പം ഇറങ്ങി പോയതെങ്ങാനും ആയിരിക്കുമോ?
മേനകെ… ഉച്ചത്തിൽ വിളിച്ചുകൊണ്ടു അയാൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.
അനാവശ്യം പറയരുത് അയാൾ കൈ ചൂണ്ടി.
അതല്ല മാധവേട്ട എനിക്കെന്തോ ഒരുൾഭയം…
അവളുടെ ചേട്ടൻ വന്ന് വീതവും വാങ്ങി പോയപ്പോൾ മുതൽ അവൾക്ക് വല്ലാത്തൊരു വിഷമം ഉണ്ടായിരുന്നു. എല്ലാം കൂട്ടി വായിക്കുമ്പോൾ,ഒരു പേടി തോന്നുന്നു
നേരം ഇരുണ്ടു തുടങ്ങി മാധവേട്ട… ഒന്ന് പോയി അന്വേഷിക്ക്.
ഇനി വല്ല കടും കൈയും ചെയ്താലോ പെണ്ണിന്റെ പ്രായം അതല്ലേ…
ഒന്ന് പോയി തിരക്ക്.
അയാൾ വേഗം ഷർട്ടും മുണ്ടും ധരിച്ചുപുറത്തേക്കിറങ്ങി.
അയാളുടെ പോക്ക് കണ്ടപ്പോൾ മേനകയ്ക്ക് ചിരിയാണ് വന്നത്.
താൻ പോയി അന്വേഷിച്ചു നടക്കടോ… അവളെ കിട്ടാൻ പോകുന്നില്ല.
അവളെയിപ്പോൾ രഘു എത്തേണ്ടിടത്ത് എത്തിച്ചു കാണും.
മേനക കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുത്ത് അവരെ ഉറക്കാൻ കിടത്തി.
സമയം എട്ട് മണിയോടടുത്തു.
രാധേ…. നീ കുട്ടികളെ ശ്രദ്ദിച്ചോളണം. കുട്ടികളുടെ കൂടെ ഇവിടെ കിടന്നാൽ മതി.വാതിൽ അടച്ചോ
ഞാനും കൂടെ ചിൻമയിയെ തിരക്കട്ടെ..
രാധ കണ്ണീർ തുടച്ച് തലയാട്ടി.
ഓഹ് അവളുടെ ഒരു പൂങ്കണ്ണീര്… ആ പീറപ്പെണ്ണിനോടായിരുന്നല്ലോ അവൾക്ക് കൂറ്.രണ്ട് ദിവസം കഴിയട്ടെ അ ടിച്ചോടിക്കണം ഈ നാശത്തിനെയും. മേനക മനസ്സിൽ വിചാരിച്ചു.
മേനക പുറത്തേക്കിറങ്ങി വീടിനു കിഴക്കേ സൈഡിൽ,പുറത്തുനിന്നും തുറക്കാൻ പറ്റുന്ന വിധം വലിയൊരു മുറിയുണ്ട്.നേരത്തെ തറവാട്ടിൽ ആനയുണ്ടായിരുന്നപ്പോൾ പാപ്പന്മാർക്ക് താമസിക്കാനായി കൊടുത്തതായിരുന്നത്രേ ആ മുറി.പിന്നീട് ആനയെ കൊടുത്തതിനു ശേഷം ആ മുറി പഴയ ഇരുമ്പ് സാധനങ്ങളും ,അപ്പൂന്മാരായി ഉപയോഗിച്ചിരുന്ന സാധനങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന മുറിയാക്കി എന്നൊരിക്കൽ മാധവേട്ടൻ പറഞ്ഞതോർമ്മയുണ്ട്
മേനക വാതിൽ തുറന്നു.നിറയെ പൊടിയാണ്.ചിലന്തി വലകൾ തട്ടിമാറ്റി അവൾ ഭിത്തിയിൽ തീർത്ത അലമാരയിൽ നിന്നും ഒരു ക, * ത്തി വലിച്ചെടുത്തു.
മാധവന്റെ അച്ഛൻ എപ്പോഴും അരയിൽ കരുതിയിരുന്നതാണത്രേ ഈ ക, * ത്തി. തനിവിടെ വന്ന നാളിൽ അഭിമാനത്തോടെ ഈ ക, * ത്തി യെടുത്തു കാണിച്ചിട്ടുണ്ട്. ര, *ക്തം കുടിച്ചു ദാഹം മാറിയ ക, * ത്തിയാണത്രെ ഇത്. ഹും, ഇതുകൊണ്ട് തന്നെയാവട്ടെ ഇവിടുത്തെ സന്തതിയുടെ അവസാനം.
ഇതുമായി എങ്ങോട്ടാണ് രഘുവിന്റെ അടുത്തേക്കാണോ? തൊട്ടു പിറകിൽ നിന്നും ചോദ്യം കേട്ട് മേനക ഞെട്ടി വിറച്ചു.
അവൾ തിരിഞ്ഞു നോക്കി. തന്നോട് ചേർന്ന് മാധവൻ നിൽക്കുന്നു അയാളുടെ ചുടുശ്വാസം അവളുടെ മുഖത്ത് തട്ടി
മാധവേട്ടൻ എപ്പോൾ വന്നു.. അവൾ വിക്കി വിക്കി ചോദിച്ചു.
അതിന് ഞാൻ എവിടെയാ പോയത്. നിനക്കീ മാധവനെ ശരിക്കറിയില്ല മേനകെ
അയാൾ അവളുടെ കൈയിൽ നിന്ന് ക, ത്തി പിടിച്ചുമേടിച്ചു.
നീയിങ്ങോട്ട് ഇരിക്ക് അയാൾ അവളെ അടുത്തുള്ള കസേരയിൽ ബലമായി ഇരുത്തി.
കസേരയുടെ രണ്ടുകൈകളിൽ പിടിച്ചുകൊണ്ടു അയാൾ അവളുടെ കണ്ണുകളിലേക്ക് ചൂഴ്ന്നു നോക്കി.എന്റെ മകളെ കൊ, *ല്ലാൻ കൈ തരിക്കുന്നുണ്ടോ നിനക്ക്.
അവൾ ഞെട്ടിത്തരിച്ചയാളെ മിഴിച്ചു നോക്കി. ശക്തമായി ഉയർന്നു താഴുന്ന അവളുടെ നെഞ്ചിൽ നോക്കി അയാൾ ഒന്ന് ചിരിച്ചു.
എന്തേ നീ ഭയന്ന് പോയോ?
അവൾ തിടുക്കത്തോടെ എഴുന്നേൽക്കാൻ ശ്രെമിച്ചു.
അവടെ ഇരിക്കടീ…എന്റെ കൈയിൽ നിന്നും നിനക്ക് അങ്ങനെ ഓടിപ്പോകാൻ പറ്റുമോ? പ്രായം ആയിതുടങ്ങിയെങ്കിലും എന്റെ കരുത്തു കുറഞ്ഞിട്ടില്ല.അല്ല കുറച്ച് കാലങ്ങളായി നിനക്കറിയാമല്ലോ അല്ലേ എന്റെ കരുത്ത്.
അയാൾ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
അവൾ ചുറ്റിലും നോക്കി…
നീ ഒന്നും നോക്കണ്ടടി നിന്നെ രക്ഷിക്കാൻ ആരും വരില്ല.നിന്റെ രഘൂ ദാ… ഇത്തിരി മുൻപ് ച, ത്തു പോയി
അയാൾ തന്റെ കൈകൾ വിടർത്തി.
നോക്ക് എന്റെ കൈയിൽ അവന്റെ ചോ, * രയുടെ ഗന്ധമുണ്ടോ എന്ന്. നോക്ക് അയാൾ കൈ അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു.
അവൾ ശക്തമായി അയാളുടെ കൈകൾ തട്ടി മാറ്റി. സർവശക്തിയുമെടുത്ത് അയാളെ തള്ളി മാറ്റി വാതിലിനു നേർക്ക് കുതിച്ചു.
അയാൾ പിന്നിലൂടെ അവളുടെ മുടിക്കുത്തിൽ പിടിച്ചു കറക്കി,വീണ്ടും കസേരയിൽ ഇരുത്തി. ശക്തമായി അവളുടെ മുഖത്തയാളുടെ കൈ പലവട്ടം ഉയർന്നു,താഴ്ന്നു.
കണ്ണുകളിൽ ഇരുട്ട് നിറയുന്നു,അവൾ തല കുടഞ്ഞു. മൂക്കിൽ നിന്നും ര, *ക് തമൊഴുകുന്നു. അയാൾ അവളുടെ കൈകൾ കസേരയോട് ചേർത്ത് ബന്ധിച്ചു.
എന്നെ ഒന്നും ചെയ്യരുത്.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം.
ശരി പൊയ്ക്കോ പോയി രക്ഷപെട്ടോ രഘുവിന്റെ അടുത്തേക്ക് നിന്നെ ഞാൻ പറഞ്ഞു വിടാം.
അവൻ എന്നോട് എല്ലാം പറഞ്ഞു.
നീ എന്നെ ചതിച്ചു അല്ലേ എന്റെയാണെന്ന് പറഞ്ഞവന്റെ കുഞ്ഞുങ്ങൾക്ക് നീ ജന്മം നൽകി. എന്റെ നെഞ്ചിലിട്ട് ഞാൻ അവരെ വളർത്തി. അത് ഞാൻ ക്ഷമിക്കാം.പക്ഷെ എന്റെ ചിന്നുവിനെ നീ കൊ, ല്ലാൻ നോക്കി. അത് ഞാൻ ക്ഷമിക്കില്ല.പിന്നൊന്നു കൂടെ അവൻ പറഞ്ഞു.എന്റെ ഭാര്യ സരസ്വതിയെ നീയാണ്… നീയാണ് അവസാനിപ്പിച്ചതെന്ന് അത് ഞാൻ പൊറുക്കില്ലെടി.എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണവൾ. അവൾ സ്വയം ജീവിതം അവസാനിപ്പിച്ചതാണെന്ന് കരുതിയ ഞാൻ വിഡ്ഢി.
അങ്ങനെ നീ മാത്രം ജീവിക്കണ്ട നിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.
ത്ഫൂ….മേനക അയാളുടെ നേർക്ക് നീട്ടി തുപ്പി.
തനിക്ക് എന്നെ കൊ, ല്ലണം അല്ലേ, എടോ എന്നെ കണ്ടപ്പോൾ സ്വന്തം ഭാര്യയെ അടിച്ചോടിച്ചില്ലേ താൻ. തന്റെ കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് താൻ അപ്പോൾ ഓർത്തോ?
എന്നിട്ട് ഞാൻ ചതിച്ചു പോലും.എടോ താൻ ചെയ്ത തെറ്റിന് തനിക്കെന്താടോ ശിക്ഷ?? ശിക്ഷയില്ല അല്ലേ അതേ തെറ്റല്ലേ ഞാൻ ചെയ്തത്. ഞാൻ എന്നെ സ്നേഹിച്ചവനെ സ്നേഹിച്ചു അത് തെറ്റാണോ.അങ്ങനെയെങ്കിൽ താനും തെറ്റുകാരനാണ്. അങ്ങനെയുള്ള തനിക്ക് എന്ത് യോഗ്യതയുണ്ട് എന്നെ ശിക്ഷിക്കാൻ.
താൻ കാരണംഎത്ര പെണ്ണുങ്ങളുടെ കണ്ണുനീർ വീണിട്ടുണ്ട് തന്റെ വീട്ടിൽ.
പോയി ചാ, വടോ താൻ…
മാധവൻ ഇടർച്ചയോടെ നിലത്തേക്കിരുന്നു. ശരിയാണ് ഞാൻ തെറ്റ് ചെയ്തു.എന്റെ പാവം സരസ്വതിയെ ഞാൻ എപ്പോഴോ മറന്നു..രണ്ടു കുഞ്ഞുങ്ങൾ ജനിച്ചതോടെ അവൾക്ക് എപ്പോഴും വയ്യായ്കയാണ്. നടുവിന് വേദന,വയറു വേദന, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, ശ്വാസം മുട്ടൽ,ക്ഷീണം അങ്ങനെ എപ്പോഴും വേദന തന്നെ. എന്റെ ആഗ്രഹങ്ങൾക്കൊത്തുനിൽക്കാൻ അവൾക്ക് കഴിയാതെയായി.അതോടെ അവളോട് ഉള്ളിൽ എപ്പോഴോ ദേഷ്യം തോന്നി.ആ വാശിയിൽ പണിക്കു വരുന്ന പല പെണ്ണുങ്ങളെയും താൻ തന്റെ വലയിൽ വീഴ്ത്തി.പലരും അവരുടെ പട്ടിണിയോർത്ത് തനിക്ക് വഴങ്ങി,അല്ലാത്തവരെ ബലമായി തന്റെ ഇഷ്ടത്തിനുപയോഗിച്ചു. അത് കണ്ട് കണ്ണീർ വാർക്കുന്ന സരസ്വതിയെ കാണുമ്പോൾ ക്രൂ, രമായ ഒരു സംതൃപ്തി തോന്നും.
അങ്ങനെ പണിക്ക് വന്ന പെണ്ണുങ്ങളിൽ ഒരാളായിരുന്നു മേനക.അവൾ മറ്റ് പെണ്ണുങ്ങളെ പോലെയായിരുന്നില്ല. തനിക്കൊപ്പംഓടിയെത്തി അണച്ചു നിൽക്കുന്ന അശ്വമായിരുന്നവൾ. തനിക്കതു പുതിയൊരനുഭവമായിരുന്നു.
അവൾക്കു വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറായിരുന്നു. അതിന് തടസമായ സരസ്വതിയെ ഇറക്കി വിട്ടു. അവൾ മരിച്ചതറിഞ്ഞപ്പോൾ ഉള്ളിൽ ഒരു കുറ്റബോധം തോന്നിയിരുന്നു. പക്ഷെ അവയൊക്കെ തുടച്ചു മാറ്റാൻ മേനകയുടെ സാമീപ്യം മാത്രം മതിയായിരുന്നു.
പക്ഷെ ചിന്നുവിനെ അവൾ നോവിക്കുന്നത് അറിഞ്ഞിട്ടും തനതു കണ്ടതായി ഭാവിച്ചില്ല. എന്തെങ്കിലും പറഞ്ഞാൽ പിഞ്ചു കുഞ്ഞുങ്ങളുമായി അവൾ ഇറങ്ങി പോകുമോ എന്ന് താൻ ഭയന്നു.
ചിന്നു ഒരിക്കലും തന്നോട് ഒരു പരാതിയും പറഞ്ഞുമില്ല..
പക്ഷെ ഇന്ന് പറമ്പിലേക്ക് ഇറങ്ങിയ താൻ, പണിക്കാർക്ക് ആവശ്യമായ തൂമ്പ എടുക്കാൻ വേണ്ടി വന്നപ്പോൾ അവിചാരിതമായി മേനക ഫോൺ ചെയ്യുന്നത് കേട്ടു. താൻ ഇത്രനാളും വഞ്ചിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.
അതിലുപരി ചിന്നുവിനെ അവർ അപകപ്പെടുത്തുമെന്നറിഞ്ഞപ്പോൾ ചിന്നുവിനെ രക്ഷിക്കാൻ ഇറങ്ങിയതാണ്.
വഴിയിൽ വച്ച് ചിന്നുവിനെ ബലമായി വണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്ന രഘുവിനെയും, അവനെ ആക്രമിച്ചു ചിന്നുവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന നരേന്ദ്രനെയും കണ്ടു.
നരേന്ദ്രനും, താനും കൂടി രഘുവിനെ തോട്ടത്തിൽ പണിക്കാർക്ക് താമസിക്കാനായി പണികഴിപ്പിച്ചിരുന്ന പഴയ കെട്ടിടത്തിൽ കൊണ്ടുവന്നു.
മേനക എന്ത് ചെയ്യുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു താൻ.
അയാൾ നിലത്തു നിന്നും എഴുന്നേറ്റു. ശരിയാണെടി ഞാൻ തെറ്റുകാരനാണ്. അതിനുള്ള ശിക്ഷഏൽക്കാൻ ഞാൻ തയ്യാറുമാണ്. പക്ഷെ അതിന് മുൻപ് നിന്നെ ഞാൻ അവസാനിപ്പിക്കും. അയാൾ പലവിധ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഒരാൾ പൊക്കമുള്ള കൂനയുടെ മറവിൽ നിന്നും രഘുവിനെ വലിച്ചിഴച്ചു കൊണ്ടു വന്നു.
രഘൂ….
മേനക കരഞ്ഞു കൊണ്ടവനെ വിളിച്ചു.
ഇല്ലടി അവൻ പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഇനി നിന്റെ ഊഴമാണ് അയാൾ ക, *ത്തി കൈയിലെടുത്തു.
പലവട്ടം ഉയർന്നു താണ അയാളുടെ കൈകളിൽ ര,* ക്തം പടർന്നു.
മാധവൻ വാതിൽ തുറന്നു പുറത്തിറങ്ങി.
പൂമുഖത്തെ കസേരയിൽ ഇരുന്നു.
മാധവേട്ടാ രഘുവിനെ അവിടെ കാണുന്നില്ല അവൻ രക്ഷപെട്ടന്ന് തോന്നുന്നു. നരേന്ദ്രൻ ഓടി വന്ന് കിതച്ചു കൊണ്ടു പറഞ്ഞു.നരേന്ദ്രനൊപ്പം ചിന്നുവും ഉണ്ട്. അവളുടെ മുഖത്തു പരിഭ്രമം നിറഞ്ഞിരുന്നു
ഞാനാണ് അവനെ രക്ഷിച്ചത്, അവനെ മാത്രമല്ല അവളെയും രക്ഷിച്ചു.
നിന്റെ കൈയിൽ ചോ, * ര പുരളാൻ പാടില്ല നരേന്ദ്ര, അതുകൊണ്ടാണ് നീയറിയാതെ രഘുവിനെ അവിടുന്ന് മാറ്റിയത്. ഇവിടെ കൊണ്ട് വന്നപ്പോൾ കൊ, ല്ലണം എന്നില്ലായിരുന്നു. പക്ഷെ അവൻ പറഞ്ഞ സത്യങ്ങൾ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് അവനെ തീർത്തു. അയാൾ ചിരിച്ചു.
അച്ഛാ… ചിന്മയി ഞെട്ടലോടെ വിളിച്ചു.
മോളേ എത്ര കാലമായി നീയെന്നെ അച്ഛാ എന്ന് വിളിച്ചിട്ട്.
അയാൾ എഴുന്നേറ്റു.അച്ഛൻ വലിയൊരു തെറ്റായിരുന്നു മോളേ. അത് അച്ഛൻ തിരുത്തി. ഈ തറവാട്ടിൽ ഒരുപാട് കണ്ണുനീർ വീണിട്ടുണ്ട് എനിക്ക് മുൻപും, ഇപ്പോൾ ഞാൻ കാരണവും.അതൊക്കെ എന്നോട് കൂടെ തീരട്ടെ.
ഇനിയീ വീട്ടിൽ നിന്റെ സ്നേഹവും, നന്മയും നിറയണം. ഇതിന്റെ അവകാശി നീ മാത്രമായിരിക്കണം.
വേണ്ടച്ഛാ… എനിക്ക് ഈ വീട് പേടിയാണ്, എന്റെ അമ്മക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത ഈ വീട്ടിൽ എനിക്ക് ജീവിക്കണ്ട.
അങ്ങനെ പറയരുത് മോളേ, നിന്നെ ഞാൻ എല്ലാം ഏൽപ്പിക്കുകയാണ്.
ഇതൊന്നും കൈവിട്ട് കളയരുത്.
ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്, അവർ വരും മുൻപ് ഒരു കാര്യം കൂടെ എനിക്ക് ചെയ്യണം. ആ രണ്ടു കുട്ടികളെ ഇവിടെ നിന്നും ഇറക്കി വിടണം. മേനകയുടെയും, രഘുവിന്റെയും സന്തതികളാണവർ. ഞരമ്പിൽ അവരുടെ വി, ഷം കലർന്നിട്ടുണ്ടാകും.
വേണ്ടച്ഛാ… ആ കുട്ടികൾ എന്ത് ചെയ്തു.
മോളേ അവർ നിന്റെ വഴിയിൽ എന്നുമൊരു തടസമാകും. വിത്ത് ഗുണം അവർ കാണിക്കാതിരിക്കില്ല.
വിത്ത് ഗുണം ഉണ്ടാകുമോ അറിയില്ല അച്ഛാ,പക്ഷെ ആ വിത്തുകൾ വളർന്നത് ഞാൻ നൽകിയ സ്നേഹത്തിന്റെ മണ്ണിലാണ് അച്ഛാ.സ്നേഹത്തിന്റെ ഗുണമേ അവർ കാണിക്കൂ അച്ഛാ…
ശരിയായിരിക്കും,എന്നാലും മോൾക്കൊരു തടസമാകരുത് അവർ.
അവർ ഇവിടെ ഉണ്ടാവാൻ പാടില്ല. ഞാനത് ഉറപ്പിച്ചു.
അരുത് അച്ഛാ,ഞാനവരെ ഏതെങ്കിലും സ്ഥാപനത്തിൽ ആക്കിക്കോളാം,അവർ പഠിച്ചു സ്വയം രക്ഷപെട്ടോളും.അല്ലാതെ അവരെ ഈ ഇരുളിലേക്ക് ഇറക്കി വിടാൻ ഞാൻ സമ്മതിക്കില്ല.
മോളേ… അയാൾ അവളെ മുറുകെ പുണർന്നു.നിന്നെ പോലെ ഒരു കുഞ്ഞിന്റെ പിതാവാകൻ മാത്രം യോഗ്യതഎനിക്കുണ്ടായിരുന്നോ
അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്നു വീണു…
*************
വർഷങ്ങൾ അതി വേഗം കടന്നു പോയി.ചിന്മയി ഡിഗ്രി കഴിഞ്ഞ്.പീജിക്ക് ചേർന്നു.
അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. ചിന്മയി വരുന്ന വഴിയിൽ തടിപ്പണിക്കാർ ലോറിയിലേക്ക് തടി കയറ്റുകയായിരുന്നു.
അവരെ കണ്ട് ചിന്മയി നിന്നു. തടിപ്പണിക്കാരുടെ കൂട്ടത്തിൽ നരേന്ദ്രനും ഉണ്ടായിരുന്നു.
അവൾ അയാളെ ഒന്ന് നോക്കി ചിരിച്ചിട്ട് മുന്നിലേക്ക് പതിയെ നടന്നു.
അവൾ കുറച്ച് മുന്നിലേക്ക് നടന്നതും അയാൾ പുറകെ വന്നു.
ചിന്നു എന്താ എന്നോട് മിണ്ടാത്തത്?
എന്നെയൊന്നു കാണാൻ പോലും ഇത്ര നാളായിട്ട് ചേട്ടന് തോന്നിയില്ലല്ലോ.
വെറുതെ ഞാനായിട്ട് ആരെയും ശല്യപ്പെടുത്തേണ്ട എന്ന് കരുതി.
ചിന്നുവിന് വിവാഹലോചന വരുന്നതും, ചിന്നു അത് മുടക്കുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ട്.
ഓഹോ അതൊക്കെ അറിയുന്നുണ്ടോ?
ചിന്നൂ…ഞാൻ ഒരു കൂലിപ്പണിക്കാരനാണ്.
അതിന്..
ഞാൻ പാവമാണ്..
ഞാനും..
എന്തിനാ വിവാഹം മുടക്കുന്നത്?
എനിക്ക് ഒരു ഹൃദയമുള്ളതിൽ ഒരുത്തൻകയറി ഇരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി.അയാളെ അല്ലാതെ ഒരു പുരുഷനെ എനിക്ക് ആവശ്യമില്ല.
അവൾ അയാളുടെ മുഖത്തേക്ക് നോക്കി.ഈ ജന്മം അയാളെ മത്രേ എനിക്ക് വേണ്ടൂ…
ഒരു പരിചരണവും കിട്ടിയില്ലെങ്കിലും നിറഞ്ഞു പൂത്ത കാട്ടുപൂവിന്റെ ചേലുള്ള അവളുടെ മുഖത്ത് പോകുവെയിൽ തട്ടുമ്പോൾ മുഖത്തെ ചെറിയ സ്വർണ്ണ രോമങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു.
ചിന്നൂ…. എനിക്കിനി വയ്യ. നീയെനിക്കെന്റെ ജീവനാണ് കുട്ടി….പക്ഷെ
ഒരു പക്ഷെയുമില്ല… എനിക്കറിയാം ഈ മനസ് മുഴുവൻ ഞാനാണെന്ന്.
സ്നേഹിക്കാൻ പണമോ,തൊഴിലോ തടസ്സമാകുന്നത് എങ്ങിനാണ് ചേട്ടാ….
അവളുടെ കണ്ണിൽ ഉരുണ്ടുകൂടിയ തീർമുത്തുകൾ കണ്ടതും അയാൾ കൈകൾ നീട്ടി അവളെ ചേർത്തണച്ചു.
തടി ചുമന്ന് തഴമ്പു പടർന്ന അയാളുടെ തോളിൽ അവൾ മുഖമണച്ചു.
അകലെ മണ്ണിന്റെ മണമുള്ള അയാളുടെ കുഞ്ഞുവീട് മഞ്ഞിന്റെ നേർത്ത പുതപ്പിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്, അവർ വരുന്നതും കാത്ത്.
****************
ശുഭം

