ചുവന്ന മുക്കൂത്തി
Story written by Jo
തകർത്ത് പെയ്യുന്ന മഴയിൽ ഓടി വന്ന് ബസിലേക്ക് കയറുമ്പോൾ ആദി മറ്റോന്നും നോക്കിയില്ല..കിട്ടിയ സിറ്റിലേക്ക് ഇരുന്നു.. സഹയാത്രികയേ തിരിഞ്ഞ് നോക്കി..
സുന്ദരി ആയ ഒരു പെൺകുട്ടി ഇവൻ വന്ന് ഇരുന്നത് ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു.. ഫോണിൽ കാര്യമായി ടൈപ്പ് ചെയ്യുന്നുണ്ട്. ചാറ്റിങ്ങിൽ ആണ് എന്ന് തോന്നുന്നു.. ഏതായാലും ആള് കാണാൻ കൊള്ളാം..പക്ഷെ അവൻ്റെ കണ്ണുകൾ ഉടക്കിയത് ആ ചുവന്ന കല്ല് മൂക്കുത്തിയിൽ ആണ്.. തൻ്റെ പ്രിയപ്പെട്ടവളുടെ പ്രോഫൈൽ ഡിപ്പി..
താൻ ആരാണെന്ന് അവളോട് പറഞ്ഞിട്ടില്ല…തൻ്റെ എഴുത്തുകൾ കണ്ട് ഇഷ്ടം തോന്നി.. കമന്റ് ഇട്ട് അതിലുടെ പരിചയപ്പെട്ടതാണ്.. സ്വന്തം ഐഡി ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല…
സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നി.. മാഷേ എന്ന അവളുടെ വിളയിൽ വല്ലാത്ത ഒരു ആത്മനിർവൃതി…
ഒരു സാധാരണ കുടുംബത്തിലെ അംഗം.. ഇപ്പോ ഒരു പ്രൈവറ്റ് ബാങ്കിൽ ആണ് ജോലി എന്ന് പറഞ്ഞിരുന്നു..കുടുതൽ ഡിറ്റയിൽസ് ചോദിച്ചിട്ട് അവളോരിക്കലും പറയാൻ തയ്യാറായിട്ടില്ല…
തൻ്റെ ഇഷ്ടം ഒരിക്കൽ അവളോട് തുറന്ന് പറഞ്ഞു എങ്കിലും ഒരു ചിരിയുടെ ഇമോജി മാത്രം ആയിരുന്നു മറുപടി.. ഇപ്പോഴും വല്ലപ്പോഴും ചാറ്റ് ഉണ്ട് എങ്കിലും അത് എഴുത്തുകളേ പറ്റി മാത്രം ആണ്..
നാളത്തോടെ ആ ഇഷ്ടത്തിനും തിരശ്ശീല വിഴുകയാണ്.. അമ്മ കണ്ട് പിടിച്ച എതോ ഒരു പെൺകുട്ടിയും ആയി തൻ്റെ വിവാഹം ഉറപ്പിക്കാൻ ഉള്ള യാത്രയിലാണ്.. തനിക്ക് ഏറേ പ്രിയപ്പെട്ട അവളേ മറന്ന് മറ്റോരു കുട്ടി ജീവിതത്തിലേക്ക് വരിക.. അത് ഓർക്കാൻ പോലും പറ്റുന്നില്ല.. അതുകൊണ്ട് തന്നെ എല്ലാം അമ്മ തന്നെ ചെയ്തോ എനിക്ക് ആളേ കാണേണ്ട.. വിവാഹത്തിന് എനിക്ക് സമ്മതം ആണ് എന്ന് അമ്മയോടും പറഞ്ഞു..
ഒരിക്കലും കാണാത്ത ആരേന്ന് പോലും അറിയാത്ത.. ശബ്ദം പോലും കേൾക്കാത്ത ഒരു കുട്ടിയോട് എങ്ങനെ ഇത്രയ്ക്ക് ഇഷ്ടം.. ഇത്രയ്ക്ക് പ്രണയം.. പ്രണയം അല്ല എൻ്റെ പ്രാണൻ തന്നെ ആണ്.. ആദി പതിയെ ഓർമ്മകളിലേക്ക് മുങ്ങി.. പതിയെ ഉറക്കത്തിലേക്കും…
“ഡോ താൻ പെണ്ണ് തന്നെ ആണോ.. ഒരു വോയ്സ് എങ്കിലും ഇട് എൻ്റെ ഒരു സമാധാനത്തിന്.. ” ഒരിക്കൽ ആ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടിയുള്ള അതിയായ ആഗ്രഹത്തിൽ ചോദിച്ചു
“ഞാൻ ആണ് ആണേലും പെണ്ണ് ആണേലും മാഷിന് അത് ബാധകമല്ലല്ലോ.. ഇയാളുടെ എഴുത്തുകൾ എനിക്ക് ഇഷ്ടം ആണ്.. ആ ഒരു ബന്ധം മാത്രമേ ഉള്ളൂ എനിക്ക് മാഷിനോട്..”
“ഉറപ്പാണോ.. ഇയാൾക്ക് എന്നോട് മറ്റോന്നും ഇല്ല.. അത് ഞാൻ വിശ്വസിക്കണോ…”
അതിനും ഒരു ചിരിയുടെ ഇമോജി മാത്രം ആണ് മറുപടി..
ഇടയ്ക്ക് കണ്ണുകൾ തുറന്ന് നോക്കിയപ്പോഴും അടുത്തിരിക്കുന്ന ആള് ചാറ്റ് തന്നെ..അവൻ ശ്രദ്ധിക്കുന്നത് കണ്ട് അവളും അവനേ ചോദ്യഭാവത്തിൽ നോക്കി..
ഒന്നും ഇല്ല എന്ന ഭാവത്തിൽ അവൻ കണ്ണടച്ച് ഇരുന്നു.. അവള് വീണ്ടും ചാറ്റിലേക്ക് തന്നെ മുഴുകി.. കാണാൻ നല്ല ഭംഗിയുള്ള ഒരു പെൺകുട്ടി.. ഗ്രാമീണത എവിടെയോക്കെയോ ഇപ്പോഴും ഉണ്ട്.. അവൻ ഇടയ്ക്കിടെ ആ ചുവന്ന കല്ല് മുക്കുത്തിയിലേക്ക് നോക്കികോണ്ട് ഇരുന്നു….
പെട്ടെന്ന് ബസ്സ് സഡൻ ബ്രേക്ക് ഇട്ട് നിന്നു.. അവൻ്റെ നെറ്റി ബസിന്റെ കമ്പിയിൽ ഇടിച്ചു.. അവള് പെട്ടെന്ന് എവിടെയോ പിടിച്ചത് കൊണ്ട് വല്ല്യ കുഴപ്പമില്ല.. എന്നാലും ആ ഫോൺ തെറിച്ച് താഴെ വീണു..
ബസിൽ ഉണ്ടായിരുന്ന പലർക്കും ചെറിയ ചെറിയ തട്ടലും മുട്ടലും കിട്ടി..
“അയ്യോൻ്റെ ഫോൺ..” അവള് തെറിച്ച് പോയ ഫോൺ നോക്കി ചാടി എഴുന്നേറ്റു.. നെറ്റി തിരുമ്മി ഇരുന്ന ആദിയുടെ കൈ തെന്നി അവൻ്റെ കണ്ണിലേക്ക് കൊണ്ടു..
“ഈ പെണ്ണ് മനുഷ്യനേ കൊ. ല്ലുല്ലോ..” അവൻ ദേഷ്യത്തോടെ അവളേ നോക്കി പറഞ്ഞു.. അവൻ്റെ കണ്ണ് നല്ലത് പോലെ വേദനിച്ചു..
“സോറി ചേട്ടാ സോറി.. പെട്ടെന്ന് അറിയാതെ പറ്റിയത് ആണ്..” അവള് അവനേ നോക്കി പറഞ്ഞു..
ഇത്രയും സുന്ദരിയായ ഒരു പെണ്ണ് സോറി പറഞ്ഞത് അല്ലേ പോട്ടേ എന്ന് കരുതി അവനും.. “ഇൻ്റ്സ് ഓകെ ഇൻ്റ്സ് ഓകെ..” അതും പറഞ്ഞ് അവൻ അവളുടെ ഫോൺ ഒരുവിധം എത്തി കുത്തി എടുത്ത് കൊടുത്തു..
“അയ്യോ… ഫോൺ…” ഫോൺ കൈയ്യിൽ കിട്ടിയതും ആ പെൺകുട്ടി ഒറ്റ കരച്ചിൽ..
അപ്പോഴാണ് അവനും ഫോണിലേക്ക് നോക്കുന്നത്.. ഫ്രണ്ട് ഗ്ലാസ് തവിട് പൊടി.. നിലത്ത് വീഴും മുൻപേ കമ്പിയിൽ തട്ടിയത് ആണ് എന്ന് അവന് തോന്നി.. പെൺകുട്ടി കരച്ചിൽ നിർത്താൻ ഒരു ഭാവവും ഇല്ല..
“കുട്ടി കരയാതെ ഇതിന്റെ ഗ്ലാസ് മാറിയാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ അത് ഞാൻ ചെയ്ത് തരാം… ” അവളുടെ കരച്ചിൽ കണ്ട് അവൻ പറഞ്ഞു..
“ഫോൺ അല്ല ചേട്ടാ പ്രശ്നം.. എൻ്റെ വീട്ടിൽ പേടിക്കും.. ഇപ്പോ തന്നെ സന്ധ്യയായി.. ഇനി കോട്ടയത്ത് എത്തുമ്പോൾ 8 മണി കഴിയും.. പിന്നെ അവിടെ നിന്ന് ബസ് കിട്ടി വീട്ടിൽ എത്തണം.. എൻ്റെ ചേച്ചി… ചേച്ചി പേടിക്കും.. അവളോട് ആണ് ഞാൻ ചാറ്റ് ചെയ്തിരുന്നത്.. 5 മിനിറ്റ് കൂടുമ്പോഴും മെസ്സേജ് ഇടണം.. ഇല്ലേൽ അവൾക്ക് പേടിയാണ്…” കരച്ചിലിനിടയിൽ അവള് പറഞ്ഞോപ്പിച്ചു..
“കോട്ടയത്ത് അല്ലേ അവിടെ വരേ ഞാനും ഉണ്ട് തന്നേ വീട്ടിൽ എത്തിക്കുന്ന കാര്യം ഞാൻ ഏറ്റു.. അത് പോരേ.. ഒരു സഹോദരനേ പോലെ എന്നേ കാണാം.. ഇയാള് കരച്ചിൽ ഒന്ന് നിർത്തിക്കേ.. “
ചുറ്റും ഉള്ളവർ നോക്കുന്നത് കണ്ട് അവൻ പറഞ്ഞു.. അവള് അവനേ ദയനീയമായി നോക്കി..
“ചേട്ടാ….എനിക്ക് ഫോൺ ഒന്ന് തരുമോ.. ചേച്ചിക്ക് ഒന്ന് മെസ്സേജ് ഇട്ടോട്ടോ.. “
അവൻ പെട്ടെന്ന് ഫോൺ ലോക്ക് തുറന്ന് കൊടുത്തു.. അവള് വാട്സപ്പ് എടുത്ത് മെസേജ് ഇട്ടു.. എന്നിട്ട് അവളുടെ ഫോണിന്റെ ഫോട്ടോയും എടുത്ത് ഇട്ടുകൊടുത്തു.. പിന്നേയും എന്തോക്കെയോ.. എല്ലാം അവള് ടൈപ്പ് ചെയുന്നത് അവൻ നോക്കി ഇരുന്നു..അഞ്ച് മിനുട്ട് കഴിഞ്ഞ് ഫോൺ തിരികെ കിട്ടി.. അവൻ ഫോൺ വാങ്ങി പോക്കറ്റിൽ തിരുകി.. കണ്ണുകൾ അടച്ചു..
“ചേട്ടാ.. ” ആ പെൺകുട്ടി അവനേ തട്ടി വിളിച്ചു..
അവൻ പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവൾക്ക് നേരേ നീട്ടി..
“ഇതിന് അല്ല ചേട്ടാ..ചേട്ടന്റെ പേര് എന്താ കോട്ടയത്ത് എവിടെ വീട്..”
“ഞാൻ ആദിത്യൻ ശേഖർ.. വീട് ഏറ്റുമാനൂർ ആണ്.. അമ്പലത്തിന്റെ അടുത്ത്.. ഇപ്പോ മനോരമയിൽ വർക്ക് ചെയ്യുന്നു.. ന്യൂസ് എഡിറ്റർ ആണ്.. വർക്കിന്റെ ഭാഗം ആയി കൊല്ലം വരേ വരേണ്ട ആവശ്യം ഉണ്ടായിരുന്നു.. ടീം നാളയേ പോരു.. എനിക്ക് ഇന്ന് വീട്ടിൽ എത്തണം അതുകൊണ്ട് നേരത്തെ പൊന്നൂ.. ഇയാള്.. ” പറയാൻ ഉള്ളത് പറഞ്ഞ് കഴിഞ്ഞ് ആദി ചോദ്യഭാവത്തിൽ അവളേ നോക്കി..
“ഞാൻ പാർവ്വതി.. വീട് വൈക്കം ആണ്.. കോല്ലത്ത് ടീച്ചർ ആയി വർക്ക് ചെയ്യുന്നു.. സാധാരണ വെള്ളിയാഴ്ച കുറച്ച് കൂടി നേരത്തെ ഇറങ്ങുന്നത് ആണ്.. ഇന്ന് സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ താമസിച്ചു.. വീട്ടിൽ ചേച്ചി ഉണ്ട് അവൾക്ക് ഭയങ്കര ടെൻഷൻ ആണ്.. അതാണ് ഫോണും തോണ്ടി ഇരുന്നത്.. അവളായിരുന്നു.. അല്ലാതെ കാമുകൻ അല്ല.. ” ചെറിയ ചിരിയോടെ അവള് പറഞ്ഞു..
“അതെന്താ അങ്ങനെ തനിക്ക് കാമുകൻ ഒന്നും ഇല്ലേ.. “ആദി ചുമ്മാ അവളേ കളിയാക്കാൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചു..
“ഉണ്ടായിരുന്നു.. ഇപ്പോ ഇല്ല.. ഒരു പുളിങ്കോമ്പ് കണ്ടപ്പോൾ ആശാൻ അങ്ങോട്ട് ചാടി.. അന്ന് എനിക്ക് ജോലി ആയില്ലായിരുന്നു.. ജോലി ആയപ്പോൾ ഇങ്ങോട്ട് വീണ്ടും വന്നതാ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു..”
“മിടുക്കി..” ആദി അറിയാതെ തന്നെ പറഞ്ഞു..
“അല്ല മാഷേ.. മാഷിന്റെ കല്ല്യാണം കഴിഞ്ഞോ.. “
“ഇല്ല… നാളേ ആദ്യമായി ഒരു പെണ്ണ് കാണാൻ പോകുന്നു..”
“ആദ്യമായി.. അതെന്താ മാഷേ വല്ല പ്രണയ നൈരാശ്യവും ആണോ..” പാർവ്വതി അവനേ ആകേ ഒന്ന് നോക്കി..
“പ്രണയ നൈരാശ്യം ഒന്നും ഇല്ല.. ഒരു പ്രണയം ഉണ്ടായിരുന്നു.. അത് വൺവേ.. ആളോട് പറഞ്ഞപ്പോൾ ആൾക്ക് സമ്മതം അല്ല.. അഞ്ചാറ് വർഷം ആയി മനസിൽ കൊണ്ടുനടന്നത് കളയാൻ ഒരു മടി.. ഇതിപ്പോ അമ്മയുടെ ഇഷ്ടത്തിന് ആണ്.. ആര് എവിടെ ഒന്നും എനിക്ക് അറിയില്ല.. ഞാൻ ചോദിച്ചും ഇല്ല…”
“എന്നാലും മാഷിനെ ഇഷ്ടം അല്ല എന്ന് പറഞ്ഞ പെണ്ണ് ആരാ.. കാണാൻ സൂപ്പർ ഗ്ലാമർ.. അത്യാവശ്യം നല്ല സ്വഭാവം ആണ് എന്ന് തോന്നുന്നു.. എനിക്ക് തോന്നിയത് ആണേ.. വിദ്യാഭ്യാസം ജോലി എല്ലാം ഒക്കെ.. എന്നിട്ട്…” അവളുടെ സംശയം തീരുന്നേ ഇല്ല..
“അതിന് ഞങ്ങള് കണ്ടിട്ടില്ലല്ലോ.. ഞാൻ ആരാണെന്ന് അവൾക്കും അവള് ആരാണ് എന്ന് എനിക്കും അറിയില്ല…”
“അത് എന്തോന്ന് പ്രണയം..” പാറു അവളുടെ ഉണ്ടകണ്ണ് ഒന്നും കൂടി മിഴിച്ച് അവനേ നോക്കി..
“എൻ്റെ പാറൂകൊച്ചേ ഞങ്ങള് ഫ്ബിയിൽ ഉള്ള പരിചയം ആണ്.. തോന്നുന്നത് എഴുതി ഇടാൻ എനിക്ക് ഒരു ഫെക്ക് ഐഡി ഉണ്ട്.. അവൾക്കും അങ്ങനെ എഴുത്തിലുടെ ഉള്ള സൗഹൃദം.. പിന്നെ അത് എനിക്ക് പ്രണയം ആയി.. അവളോട് പറഞ്ഞപ്പോൾ കണ്ണും മിഴിച്ച് നിൽക്കുന്ന രണ്ട് ഇമോജി ഇട്ട് ആള് പോയി.. ഞാൻ വൊയ്സ് ഇടാറുണ്ട് എങ്കിലും അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല…”
“ഒരു നോവല് എഴുതാൻ പറ്റിയ കഥ.. എൻ്റെ മാഷേ അത് വല്ല ഫെക്കും ആകും ഫോളോവേഴ്സിനേ കൂട്ടാൻ പെണ്ണിന്റെ പേരിൽ ഇറങ്ങിയത് ആയിരിക്കും… ഇത്രയും ലോകവിവരം ഉള്ള മാഷും അതിൽ പെട്ടോ.. “
“പിന്നെ ലോക്ക് ചെയ്ത് അഞ്ചാറ് വർഷം ആയി പത്തോ പതിനഞ്ചോ ഫ്രണ്ട്സ് ഉള്ള ഐഡിക്കാണ് ഫോളോവേഴ്സ്.. അത് എല്ലാം ഒരോ ഗ്രുപ്പിലേ അഡ്മിൻസും.. ആള് ഫെക്ക് അല്ല.. 25 വയസിൽ താഴെയുള്ള പെൺകുട്ടി തന്നെ ആണ്.. അവസാനം ഞങ്ങള് സംസാരിക്കുമ്പോൾ ആള് ഒരു ബാങ്കിൽ ജോലിക്ക് കയറിയിരുന്നു..
എതായാലും ആ പ്രണയം എന്നിൽ തന്നെ നിൽക്കട്ടെ.. അത് മറക്കാൻ കഴിയുമോ എന്ന് ഒന്നും അറിയില്ല.. ഇനി ഇപ്പൊ ആരേ എങ്കിലും കെട്ടിയാലും അത് പറയാതെ ഞാൻ കെട്ടില്ല..”
അത്രയും പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയ അവന് ചിരി വന്നു.. വായും പൊളിച്ച് കുഞ്ഞി പിള്ളേര് കഥ കേൾക്കൂം പോലെ കഥയും കേട്ട് ഇരിക്കുവാ..
“സ്ക്കൂൾ ടീച്ചർ ആണ് പോലും.. കുറച്ച് മെച്യൂവേഡ് ആക് പാറൂകുട്ടിയേ.. നീ എങ്ങനെ പിള്ളേരേ പഠിപ്പിക്കും.. ” അവൻ അവളുടെ തലയിൽ ഒരു തട്ട് കൊടുത്തു..
അദ്യം ഇത്തിരി വായി നോക്കി എങ്കിലും സംസാരിച്ച് തുടങ്ങിയപ്പോൾ അനിയത്തികുട്ടിയോട് ഉള്ള വത്സല്ല്യം അവനും തോന്നി തുടങ്ങി.. അത്രയ്ക്ക് പൊട്ടി കുഞ്ഞ്
“ദേ മാഷേ ഞാൻ സ്ക്കൂളിൽ പുലി ആണ്..” അവള് മുഖം വീർപ്പിച്ച് കണ്ണും തുറിപ്പിച്ച് അവനേ നോക്കി..
പിന്നെ രണ്ടും ലോകകാര്യവും സ്ക്കൂൾ കാര്യവും വീട്ടുകാര്യവും ആയി സംസാരം തന്നെ.. ഒരു നിമിഷം വാ കൂട്ടാത്ത ടീം ആണ് പാറൂ.. പാറുവിന് കുടുതൽ പറയാൻ ഉണ്ടായിരുന്നത് അവളുടെ ചേച്ചിയേ പറ്റിയാണ്.. അവളേക്കാൾ മുന്ന് മിനിട്ട് നേരത്തെ ജനിച്ച അവളുടെ ഇരട്ട സഹോദരി.. ആദിക്ക് അവൻ്റെ അനിയത്തിയേയും കുഞ്ഞ് മരുമകനേ പറ്റിയും അനിയൻ ആയ കിച്ചുവും…
കോട്ടയത്ത് എത്തി അടുത്ത വൈക്കം ബസിൽ കയറ്റി.. പാറൂവിൻ്റെ സ്റ്റോപ്പിൽ ഇറക്കണം എന്ന് ഡ്രൈവറേയും കണ്ടക്റേയും പറഞ്ഞേൽപ്പിച്ച്.. അവളുടെ ഫോൺ നമ്പരും എല്ലാം വാങ്ങി ആണ് ആദി അവൻ്റെ സ്റ്റോപ്പിൽ ഇറങ്ങിയത്..
പാറു വീട്ടിൽ എത്തി അപ്പോ തന്നെ ചേച്ചിയുടെ ഫോണിൽ നിന്ന് അവനേ വിളിച്ച് എത്തിയ കാര്യം പറഞ്ഞു.. അപ്പോഴാണ് ആദിക്ക് സമാധാനം ആയത്..
പിറ്റേന്ന് ഉച്ചകഴിഞ്ഞ് ആദിയും അമ്മയും അനിയത്തിയും അനിയത്തിയുടെ കുട്ടിയും..ആദിയുടെ അച്ഛൻ പെങ്ങളുടെ മകൻ കിച്ചുവും കൂടി പെണ്ണ് കാണാൻ ഇറങ്ങി..
ആദിയുടെ അച്ഛൻ കുറച്ച് കാലം മുമ്പ് മരിച്ച് പോയിരുന്നു.. അനിയത്തി അഭിരാമിയും ഭർത്താവും യുകെ സെറ്റിൽ ആണ്.. പ്രസവം കഴിഞ്ഞ് ആറ് മാസം ആയപ്പോൾ കുഞ്ഞിനെയും കൊണ്ട് അഭി നാട്ടിലേക്ക് വന്നതാണ്.. കുറച്ച് നാള് അമ്മയോടോപ്പം നിൽക്കാൻ..
നാട്ടിലേ അറിയപ്പെടുന്ന പഴയ തറവാട്ടുകാർ ആണ് അമ്പാട്ടുകാർ… ഏറ്റുമാനൂരപ്പൻ്റെ വിശ്വസ്തർ.. തലമുറ കൾ കൈ മാറി വന്നത് ആദി ആയിട്ടും ഇന്നും അതോക്കെ അങ്ങനെ തന്നെ പാലിച്ച് പോരുന്നു..
ഏത് നാട്ടിലേക്ക് ആണ് എന്ന് പോലും ആദി ചോദിച്ചില്ല.. കിച്ചു ആണ് ഡ്രൈവിംഗ്.. ബാക്കി എല്ലാവരും ഭയങ്കര ചർച്ചകൾ ആയിരുന്നു എങ്കിലും ബാക്ക് സിറ്റിൽ സൈഡിലേക്ക് ചെരിഞ്ഞ് തൻ്റെ ഫോണിലേ മൂക്കുത്തി ഡിപ്പിയും കണ്ണും നട്ട് ആദി ഇരുന്നു.. മെസ്സേജ് ഇട്ട് നോക്കി എങ്കിലും സെൻ്റ് എന്ന് മാത്രം കാണിക്കുന്നു.. അവന് എന്തോ വല്ലാത്ത സങ്കടം തോന്നി.. കണ്ണുകൾ നിറഞ്ഞു
കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി നിന്നു.. ഒരു പഴയ രീതിയിലുള്ള അത്യാവശ്യം വലിപ്പമുള്ള ഒരു വീടിന്റെ മുറ്റത്ത്.. വല്ല്യ തത്പര്യം ഒന്നും ഇല്ലാതെ തന്നെ ആണ് ആദി ഇറങ്ങിയത്.. ആരോക്കെയോ പുറത്ത് ഇറങ്ങി വന്ന് അവരേ അകത്തേക്ക് ക്ഷണിച്ചു..
എന്തോക്കെയോ ആരോക്കെയോ സംസാരിക്കുന്നു.. ആദി ഒന്നും ശ്രദ്ധിക്കാതെ ആരോക്കെയോ എന്തോക്കെയോ ചോദിച്ചതിന് മറുപടി പറഞ്ഞു..
“അതേ രാധികാമ്മേ.. നിങ്ങള് പെണ്ണിനെ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടുന്ന് പറഞ്ഞ് വന്നപ്പോൾ ഞങ്ങൾക്ക് ഒരു താത്പര്യവും ഇല്ലായിരുന്നു.. അല്ലേലും ചേച്ചിയേ നിർത്തി അനിയത്തിയേ കെട്ടിക്കുന്നത് ശരിയല്ലല്ലോ..പെണ്ണിനോടും ഞങ്ങള് ഒന്നും പറഞ്ഞില്ലായിരുന്നു.. ഇന്ന് രാവിലെ ആണ് അവളും കാര്യം അറിഞ്ഞത്.. ” അവിടെ ഇരുന്ന മുതിർന്ന ഒരാള് പറഞ്ഞു.. പെണ്ണിന്റെ അമ്മാവൻ ആണ്
“നിങ്ങളേ പറ്റി ഞങ്ങളും ചെറുതായി ഒന്ന് അന്വേഷിച്ചപ്പോൾ നല്ല കൂട്ടരാണ് എന്ന് മനസിലായി.. അതുകൊണ്ട് ഞങ്ങളും കുറച്ച് താത്പര്യം എടുത്തു എന്ന് പറയുന്നത് ആണ് ശരി.. പെണ്ണ് പറയുന്നത് കല്ല്യാണം നടത്തിക്കോ ആദ്യം ചേച്ചിയുടെ അത് കഴിഞ്ഞ് മതി എന്നാണ്.. അവൾക്കും കൂടി ഒരു ചെക്കനേ കണ്ട് പിടിക്കാൻ സമയം തരണം..”
“അതിനെന്താ ഞങ്ങളും കൂടി അന്വേഷിക്കാം.. എന്നിട്ട് ഒന്നിച്ച് നടത്താം.. എനിക്ക് ഈ ജാതകത്തിൽ ഒന്നും ഒരു വിശ്വാസം ഇല്ല.. നിങ്ങൾക്ക് അങ്ങനെ വിശ്വാസം ഉണ്ടെങ്കിൽ ഇവൻ്റെ ജനനസമയവും തീയതിയും ..”
“മാഷേ..” രാധിക സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ഒരു വിളി കേട്ട് എല്ലാരും അങ്ങോട്ട് നോക്കി..
അതുവരെ ഒന്നും ശ്രദ്ധിക്കാതെ ഇരുന്ന ആദിയുടെ കണ്ണുകൾ വിടർന്നു… “അല്ല പാറുകുഞ്ഞേ നീ എന്താ ഇവിടെ..” അവൻ പെട്ടെന്ന് ചോദിച്ചു..
“എൻ്റെ മാഷേ ഇത് എൻ്റെ വീട് ആണ്.. മാഷ് എന്നേ ആണ് പെണ്ണ് കാണാൻ വന്നത്…” പാറൂ തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു..
“നിന്നേയോ…” ആദി ഞെട്ടലോടെ അവളേ നോക്കി..
“നിങ്ങള് തമ്മിൽ പരിചയമുണ്ടോ…” ഇവരുടെ സംസാരം കേട്ട് അമ്മാവൻ ചോദിച്ചു..
“എൻ്റെ അമ്മാവാ… ഇന്നലെ എന്നേ ഹെൽപ്പ് ചെയ്തത് ഈ ചേട്ടൻ ആണ് അല്ലേൽ ഞാൻ പെട്ട് പോയേനേ.. “
“ആഹാ അപ്പോ പെണ്ണും ചെറുക്കനും തമ്മില് പരിചയം ആയല്ലോ അപ്പോ പിന്നെ ഇനി കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട.. ഇന്നലെ കൊണ്ട് ചെക്കന്റെ സ്വഭാവവും മനസിലായി..” അവിടെ ഉണ്ടായിരുന്ന പ്രായം ഉള്ള ഒരു സ്ത്രീ പറഞ്ഞു..
“ഇത് നടക്കില്ല വല്ല്യമ്മേ.. ” ആദി ആ വല്ല്യമ്മയേ നോക്കി പറഞ്ഞു… എനിക്ക് ആ പെണ്ണിനെ മതി.. പാറൂനേ അല്ല.. ” ആദി വാതിലിന് മറപറ്റി നിന്ന മറ്റോരു പെൺകുട്ടിയിലേക്ക് കൈകൾ ചൂണ്ടി..
എല്ലാരും നോക്കി എങ്കിലും ഒരു നിമിഷം കൊണ്ട് ആ പെൺകുട്ടി അവിടെ നിന്ന് മറഞ്ഞു.. പക്ഷെ ആദി അവളേ വ്യക്തമായി തന്നെ കണ്ടിരുന്നു..
“ആരാ അത്..” രാധിക വേഗം തന്നെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു..
“അത് എൻ്റെ ചേച്ചി ആണ് അമ്മാ..” പാറൂ പറഞ്ഞു.. ആദി അങ്ങനെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. പക്ഷെ മറ്റുള്ളവരുടെ മുഖത്തേ പ്രകാശം കെട്ടു…
“ആ കുട്ടിയെ ഇങ്ങോട്ട് വിളിച്ചേ…” രാധിക വീണ്ടും പറഞ്ഞു..
പാറൂ അകത്തേക്ക് ഓടി വേഗം തന്നെ ചേച്ചിയുടെ കൈ പിടിച്ച് നിർബന്ധിച്ച് അങ്ങോട്ട് കൊണ്ടുവന്നു.. പാറുവിനെ പോലെ തന്നെ.. ആകെ ഉള്ള വ്യത്യാസം മേൽ ചുണ്ടിന് ഇടത് സൈഡിൽ ആയി പെട്ടെന്ന് അറിയും പോലെ ഒരു കാക്ക പുള്ളി.. പിന്നെ നിറഞ്ഞ് കവിഞ്ഞ് ഇടതൂർന്ന മുടിയും.. പാറുവിൻ്റെ മുടി മുറിച്ചിട്ടിരിക്കുകയാണ്..
“ഞാൻ ഈ കുട്ടിയേ ആണ് അമ്പലത്തിൽ വച്ച് കണ്ടത്.. ഈ കുട്ടിക്ക് വേണ്ടിയാണ് ഇങ്ങോട്ട് വന്നതും.. അല്ലേ കിച്ചു…” രാധിക കിച്ചുവിനെ നോക്കി..
“അതെ അന്ന് നമ്മള് കണ്ടത് ഈ കുട്ടിയേ ആണ്…” കിച്ചുവും പറഞ്ഞു…
“എന്താ മോളുടെ പേര്… ഒന്നും മിണ്ടാതെ അന്താളിപ്പോടെ നിന്ന അവളേ നോക്കി രാധിക ചോദിച്ചു..
“അത്.. രാധികമ്മേ ചെറിയ ഒരു പ്രശ്നം ഉണ്ട്… ” പെൺകുട്ടികളുടെ അച്ഛൻ മക്കളുടെ അടുത്തേക്ക് വന്നു…”
ഞങ്ങൾക്ക് അറിയാം നിങ്ങള് കല്ല്യാണം ആലോചിച്ചത് ലച്ചുമോളേ ആണ് എന്ന്.. പക്ഷെ ഈ ബന്ധം നഷ്ടപെടരുത് എന്ന് കരുതി ആണ് ഞങ്ങള് പാറൂമോളേ കാണിക്കാൻ തീരുമാനിച്ചത്… “
“എന്തിന്… അതിന്റെ ആവശ്യം എന്താണ്…” കിച്ചു ചോദിച്ചു..
“അത് മോനേ… ” എന്ത് പറയണം എന്ന് അറിയാതെ ആ അച്ഛൻ വല്ലാതെ വിഷമിച്ചു..
“ചേട്ടാ അത്.. എൻ്റെ ചേച്ചിയുടെ ശബ്ദവും കേൾവിയും ഞാൻ ആണ്.. ചേച്ചി സംസാരിക്കില്ല.. കേൾവിയും ഇല്ല… അത് നിങ്ങളോട് പറയാൻ ഉള്ള മടികോണ്ട് ആണ് അച്ഛൻ…” പാറൂ അവരേ തോഴും പോലെ കൈകൾ കൂപ്പി..
രാധികയിൽ അതോരു ഞെട്ടൽ ആയിരുന്നു.. കിച്ചുവും അഭിയും എല്ലാം പകച്ച് അവരേ നോക്കി..
“അമ്പാട്ടേ കുട്ടിക്ക് എൻ്റെ ലച്ചുവിനെ പോലെ ഒരാള് പറ്റില്ലല്ലോ അതാണ് ഞാൻ…” ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു..
ആദി പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പാറുവിൻ്റെ കൈയ്യിൽ നിന്ന് ലച്ചുവിനേ വലിച്ച് തന്നോട് ചേർത്ത് നിർത്തി… “അമ്പാട്ടേ കുട്ടിക്ക് ഈ പെണ്ണിനെ തന്നെ മതി എങ്കിലോ.. ഇനി മുതൽ അവളുടെ ശബ്ദവും കേൾവിയും ഞാൻ ആയിക്കോളാം…”
“മോനേ അത്…” രാധിക എന്തോ പറയാൻ തുടങ്ങി..
“അമ്മാ.. അമ്മയ്ക്ക് വേണ്ടത് അമ്മയുടെ മകൻ്റെ സന്തോഷം അല്ല.. അവൻ്റെ ഇഷ്ടങ്ങൾ അല്ലേ.. എൻ്റെ ഇഷ്ടം ഇതാണ് അമ്മേ… ” തൻ്റെ കൈയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ച ലച്ചുവിനെ അവൻ ഒന്നും കൂടി അവനോട് ചേർത്ത് പിടിച്ചു…
രാധികയ്ക്ക് ഒന്നും പറയാനില്ല.. ആദി ഒന്നിനും വാശി പിടിക്കില്ല.. പക്ഷെ ഒന്ന് തീരുമാനിച്ചാൽ ജീവൻ പോയാലും അതിൽ നിന്ന് മാറില്ല.. അവൻ്റെ അച്ഛനെ പോലെ തന്നെ.. ഇന്ന് വരേ അവൻ്റെ ഒരു തീരുമാനവും തെറ്റിയിട്ടും ഇല്ല…
രാധിക ആഭിയേയും കിച്ചുവിനെയും നോക്കി.. സമ്മതിക്ക് എന്ന ഭാവം ആയിരുന്നു രണ്ടുപേരുടെയും മുഖത്ത്…
“എന്നാ പിന്നെ രണ്ടു പേരേയും ഞങ്ങൾക്ക് തന്നെ തന്നേക്ക്.. ലച്ചുവിൻ്റെ ശബ്ദം ആയി പാറുവും പോര്…” രാധിക ഒരു ചിരിയോടെ പറഞ്ഞു..
പെണ്ണും വീട്ടുകാരുടെ മുഖത്ത് അമ്പരപ്പ് ആയിരുന്നു എങ്കിലും.. രാധികയുടെ സംസാരം ആദിയിലും അഭിയിലും സന്തോഷം ആക്കി…
“രാധികമ്മാ എന്താ ഉദ്ദേശിച്ചത്…” അച്ഛൻ ചോദിച്ചു..
“ആദിയുടെ പെണ്ണ് ആയി ലച്ചുവും കിച്ചവിൻ്റെ പെണ്ണ് ആയി പാറുവും.. ഇവൻ്റെ അമ്മ ഇവനേ പ്രസവിച്ചപ്പോൾ തന്നെ മരിച്ചത് ആണ്.. അച്ഛൻ പിന്നിട് വേറേ വിവാഹം കഴിച്ചു… എൻ്റെ ആദിയുടെ ഒപ്പം എൻ്റെ മകൻ ആയി ആണ് കിച്ചു വളർന്നത്.. അവര് തമ്മില് പത്ത് മാസത്തേ വ്യത്യാസമേ ഉള്ളൂ.. അവന് വേണ്ടി പാറുവിനെ തരാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ…”
പെൺ വീട്ടുകാരുടെ മനസും മുഖവും നിറഞ്ഞു… പാറു അമ്പരപ്പോടെ അവരേ മാറി മാറി നോക്കി.. അവസാനം ആദിയുടെ മുഖത്ത് കണ്ണുകൾ ഉടക്കി.. അവൻ അവളേ കണ്ണുകൾ അടച്ച് കാണിച്ചു.. ടെൻഷൻ ഒന്നും വേണ്ട എല്ലാം ഒക്കെ ആണ് എന്നമട്ടിൽ…
“കിച്ചു നിനക്ക് എന്തേലും ബുദ്ധിമുട്ട്..” ആദി അവനോട് ചോദിച്ചു..
“എനിക്ക് ഇഷ്ടം ആണ് ഏട്ടാ.. ഇന്നലെ ഏട്ടൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഈ ആളേ ഇഷ്ടം ആയതാണ്…” കിച്ചു ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു..
ഇന്നലേ പാറുവിനോട് ഒരു ഇഷ്ടം തോന്നിയത് കൊണ്ട് തന്നെ കിച്ചുവിന് വേണ്ടി നോക്കിയാലോ എന്ന് അവന് തോന്നിയിരുന്നു.. അത് കിച്ചുവിനോടും പറഞ്ഞു… അവനും കല്ല്യാണം നോക്കിയിരുന്നു എങ്കിലും ആദി കെട്ടാതെ അവൻ കെട്ടില്ല എന്ന് വാശിയിൽ ആയിരുന്നു..
അവസാനം രണ്ട് പേർക്കും കല്ല്യാണവും തീരുമാനിച്ച് എല്ലാം തീരുമാനം ആക്കി.. ഉറപ്പിക്കാൻ തീയതി വരേ തീരുമാനിച്ച് ആണ് ആദിയും കൂട്ടരും അവിടെ നിന്ന് ഇറങ്ങിയത്…
ആദി ഇറങ്ങാൻ നേരവും ലച്ചുവിനെ നോക്കി… പക്ഷെ അവളുടെ മുഖത്ത് ഒരു തെളിച്ചവും ഉണ്ടായിരുന്നില്ല.. അത് കണ്ട് ആദിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
ഇതിന്റ ഇടയ്ക്ക് പാറു വന്ന് അവനോട് ചോദിച്ചു “അല്ല മാഷേ ആ പ്രണയകഥ ചേച്ചിയോട് പറയുന്നില്ലേ…”
“വേണ്ട പാറൂ അത് അവള് ഇപ്പോ അറിയേണ്ട… പിന്നിട് എപ്പോ എങ്കിലും ഞാൻ പറഞ്ഞോളളാം.. പോരെ… ” അവൻ ചിരിയോടെ അവളേ നോക്കി..
” മതി… മാഷ് എൻ്റെ ചേച്ചിയേ മാഷ് വിഷമിപ്പിക്കില്ല. എനിക്ക് മാഷിനെ വിശ്വാസം ആണ്..”
“എന്താണ് രണ്ടും കൂടി ഒരു കുശുകുശുപ്പ്…” അപ്പോഴേക്കും കിച്ചു അങ്ങോട്ട് വന്നു
“നിന്നേ സൂക്ഷിക്കണം.. നീ വെറും തല്ലിപ്പൊളി ആണ് എന്ന് ഇവളോട് പറഞ്ഞതാണ്… ” ആദി കിട്ടിയ സമയം പാഴാക്കിയില്ല..
“ഏട്ടാ.. ” കിച്ചു മുഖം വീർപ്പിച്ച് ആദിയേ നോക്കി… പ്രായത്തിന്റെ ഇത്തിരി തല്ലുകൊള്ളിത്തരം കിച്ചുവിനും ഉണ്ടായിരുന്നു.. അത് ആദിക്കും അറിയാം.. എന്നാലും ആള് ഇപ്പോ എക്സ്ട്രാ ഡിസൻ്റ് ആണ്..
ആദിയും കൂട്ടരും വീട്ടിൽ തിരിച്ചെത്തി പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു.. ഉറപ്പിക്കലും കല്ല്യാണതിരക്കും.. ഡ്രസ് എടുക്കാൻ വേണ്ടി വിളിച്ചിട്ട് പോലും ലച്ചു വന്നില്ല.. പാറുവും അവളുടെ ഒരു ഫ്രണ്ടും കൂടി ആണ് വന്നത്..
ആദി ഇതിന്റ ഇടയ്ക്ക് എല്ലാം തൻ്റെ മൂക്കുത്തിക്ക് മെസ്സേജ് അയച്ചുകോണ്ടേ ഇരുന്നു.. ഒരിക്കൽ പോലും ആ ഐഡി ഓപ്പൺ ആകുകയോ മെസ്സേജ് ഡെലിവറി ആകുകയോ ചെയ്തില്ല.. അവന് എപ്പോഴും നിരാശ തന്നെ ആയിരുന്നു..
ഉറപ്പിര് പെണ്ണിന്റെ വീട്ടിൽ വച്ച് ചെറിയ ഒരു ചടങ്ങ് ആയി നടത്തി.. അന്ന് ആദി ഉണ്ടായിരുന്നില്ല.. അവൻ മനപൂർവ്വം ജോലി തിരക്ക് പറഞ്ഞ് ഓഴുവായത് ആണ്.. അത് ആർക്കും മനസ്സിലാവാതെ ഇരിക്കാൻ നാല് ദിവസം വീട്ടിൽ നിന്ന് പോലും മാറി നിന്നു.. ലച്ചുവിനെ ഇപ്പോ ഫെയ്സ് ചെയ്യേണ്ട എന്ന് അവന് തോന്നി..
രണ്ടാഴ്ച്ചയ്ക്കകം കല്ല്യാണവും എത്തി.. വൈക്കത്തപ്പൻ്റെ മുന്നിൽ താലിക്ക് വേണ്ടി തല കുനിച്ച് നിന്ന ലച്ചുവിൻ്റെ മുഖത്ത് അല്പ്പം പോലും പ്രകാശം ഇല്ലായിരുന്നു..
ചേച്ചിയുടെ ഉള്ളിൽ ഈ കല്ല്യാണം വന്നപ്പോൾ മുതൽ എന്തോ വിഷമം ഉള്ളത് പോലെ പാറുവിനും തോന്നി… അവള് പലപ്പോഴും ചോദിച്ചു എങ്കിലും ഒന്നും ഇല്ല എന്ന് പറഞ്ഞ് ലച്ചു ഓഴുവായി..
ആദിയും ആയി ലച്ചുവിന് സംസാരം കുറവ് ആയിരുന്നു.. അവനും കൂടുതൽ ഒന്നും ചോദിച്ചില്ല എന്നതാണ് സത്യം.. എന്നാൽ രാധികയും അഭിയും ആയി എന്നും ചാറ്റും വിഡിയോ കോളും എല്ലാം ഉണ്ടായിരുന്നു.. അവർക്കും ലച്ചുവിൻ്റെ സംസാരരീതി മനസിലായി തുടങ്ങി..
അപ്സരസിനേ പോലെ രണ്ട് പെൺകുട്ടികൾ ഒരുങ്ങി നിൽക്കുന്നത് കാഴ്ച്ച തന്നെ ആയിരുന്നു.. ശാന്തി എടുത്ത് കൊടുത്ത താലി ആദി കൈയ്യിലേക്ക് വാങ്ങി അഭി പെണ്ണിന്റെ മുടി മാറ്റി കൊടുത്തു.. താലി കഴുത്തിലേക്ക് കെട്ടും മുമ്പ് ആദി അവളോട് കൈ കൊണ്ട് എന്തോ കാണിച്ചു.. അവള് അത്ഭുതത്തോടെ അവനേ തന്നെ നോക്കി പരിസരം പോലും മറന്ന് നിന്നു..
പിന്നീട് ചുറ്റും നടക്കുന്നത് ഒന്നും ലച്ചു അറിഞ്ഞില്ല എന്നതാണ് സത്യം.. അവളുടെ കണ്ണുകൾ ആദിയുടെ മുഖത്ത് തന്നെ ആയിരുന്നു..
ഇവൾക്ക് എന്താ പറ്റിയത് എന്ന് അറിയാതെ പാറുവും അവളേ തന്നെ നോക്കുന്നുണ്ടായിരുന്നു.. ഇത് വരേ കാണാത്ത ഒരു തെളിച്ചം മുഖത്ത്.. ആദിയുടെ മുഖത്ത് ഒരു കള്ളപുഞ്ചിയും..
ഇടയ്ക്ക് ഒന്ന് രണ്ട് പ്രാവശ്യം പാറു എന്താ എന്ന് ചോദിച്ചു എങ്കിലും ഒരു ചിരിയോടെ ഒന്നും ഇല്ല എന്ന് ലച്ചു കണ്ണടച്ച് കാണിച്ചു..
പാറു ആദിയേ നോക്കി എങ്കിലും അവൻ അവളുടെ നോട്ടം മെന്റ് ചെയ്തില്ല..
ഫുഡ് കഴിച്ച് കൈ കഴുകുന്നിടത്ത് വച്ച് പാറുവും കിച്ചുവും അഭിയും കൂടി ആദിയേ വട്ടം പിടിച്ചു.. എന്താ കാര്യം എന്ന് പറഞ്ഞിട്ട് പോയാൽ മതി.. എന്തോ ഇവരുടെ ഇടയിൽ നടന്നു എന്ന് അവർക്ക് ഉറപ്പ് ആയിരുന്നു..
എന്താ കാര്യം.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. എനിക്ക് അറിയില്ല എന്ന് പറഞ്ഞ് ആദി തടി തപ്പി..
ആ സമയത്ത് ലച്ചുവിനെ അവിടെ എങ്ങും കാണാനില്ലായിരുന്നു.. എല്ലാരും ചെറുതായി ഒന്ന് പേടിച്ചു.. അവളേ തപ്പി നടന്ന പാറൂവും അഭിയും അവസാനം അവളേ കണ്ടു.. ഡ്രസ് മാറുന്ന മുറിയിൽ നിറഞ്ഞ് കവിയുന്ന കണ്ണുകൾ തുടച്ച് ഫോൺ നോക്കി നിൽക്കുന്ന ലച്ചു..
അവരുടെ പുറകെ വന്ന ആദി അവരേ കടന്ന് ലച്ചുവിൻ്റെ അടുത്തേക്ക് എത്തി.. അവൻ അടുത്തേക്ക് എത്തി അരോ തൻ്റെ അടുത്ത് ഉണ്ട് എന്ന് തോന്നി തിരിഞ്ഞ് നോക്കിയ ലച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് വീണു..
ആദി അവളുടെ മുഖം പിടിച്ച് ഉയർത്തി കണ്ണുകൾ തുടച്ചു.. ഇനി ഈ കണ്ണുകൾ നിറയരുത് എന്ന് സൈൻലാങ്ങേജിൽ അവളോട് പറഞ്ഞുകൊണ്ട് ആ നിറുകയിൽ അവൻ തൊട്ട സിന്ദൂരത്തിൽ അമർത്തി ചുംബിച്ചു..
നിന്നേ ആണ് പെണ്ണേ ഞാൻ പ്രണയിച്ചത്.. നിന്റെ കുറവുകൾ ഓർത്ത് നീ എന്നേ അകറ്റാൻ നോക്കി.. പക്ഷെ എനിക്ക് ഈ നിന്നേ ആണ് വേണ്ടത്.. കേശവിൻ്റെ മാത്രം മുക്കുത്തിയേ..” അവൻ അവളേ ഒന്നും കൂടി മുറുകെ ചേർത്ത് പിടിച്ചു..
എന്താണ് സംഭവം എന്ന് മനസിലാകാതെ പാറുവും അഭിയും അങ്ങോട്ട് വന്നു.. അപ്പോഴാണ് നിലത്ത് കിടക്കുന്ന ഫോൺ പാറു കണ്ടത്.. അവള് അത് എടുത്ത് ഓപ്പൺ ആക്കി അതിൽ ചുവന്ന മൂക്കുത്തിയും കേശവും തമ്മിലുള്ള ചാറ്റ് ആയിരുന്നു.. ലച്ചുവിനെ പെണ്ണ് കാണാൻ വന്ന അന്ന് മുതൽ ഓരോന്നും അതിൽ വ്യക്തമായി എഴുതിയിരുന്നു.. ഇന്ന് രാവിലെ പെണ്ണ് കെട്ടാൻ അമ്പല നടയിൽ എത്തുന്നത് വരേ..
പാറുവിൻ്റെ പുറകിൽ മറഞ്ഞ് നിന്ന ലച്ചുവിനെ കണ്ടപ്പോൾ തന്നെ അതാണ് അവൻ്റെ പെണ്ണ് എന്ന് അവന് മനസ്സിലായിരുന്നു.. പാറുവിൻ്റെ മൂക്കുത്തി കണ്ട് അവളേ നോക്കി ഇരുന്നപ്പോൾ അവന് മിസ് ആയ ആ കാക്ക പുള്ളി.. അതിൽ ആണ് ആദ്യം അവൻ്റെ കണ്ണ് ഉടക്കിയത്..
ചാറ്റ് വായിച്ച പാറുവും അഭിയും വല്ലാത്ത ആശ്ചര്യത്തോടെ അവരേ നോക്കി.. പാറുവിന് പോലും അറിയില്ലായിരുന്നു ഇങ്ങനെ ഒരു ഐഡിയിൽ ചേച്ചി എഴുതുന്നുണ്ട് എന്ന്… അപ്പോഴേക്കും രാധികയും കിച്ചുവും അഭിയുടെ ഹസ്ബൻ്റ് നന്ദനും അങ്ങോട്ട് വന്നു എത്തി.. പാറുവും അഭിയും അവരേയും കൂടി പുറത്തേക്ക് ഇറങ്ങി..
ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ആദിയുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് അവൻ്റെ മൂക്കുത്തി മറ്റേതോ ലോകത്തായിരുന്നു..
-Jo❤️❤️

