സായൂജ്യം – ഭാഗം 01, എഴുത്ത്: അഞ്ജു തങ്കച്ചൻ

സത്യാ….

പെട്ടന്നുള്ള വിളിയൊച്ച കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞുനോക്കിയതും, ആരോ കൈകളിൽ മുറുക്കെ പിടിച്ചു.

കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നത്,ഒരു പെൺകുട്ടിയാണ്, കണ്ടാൽ ഇരുപതോ, ഇരുപത്തിഒന്നോ വയസോളം പ്രായം തോന്നും.

എന്താ… ആരാ? അയാൾ ചോദിച്ചു

ആരാന്നോ? പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എനിക്ക് കുട്ടിയെ മനസിലായില്ല അതാ ചോദിച്ചത്, മുൻപെങ്ങും കണ്ട ഓർമ്മയില്ല.

വേണ്ട സത്യാ , ഇങ്ങനൊന്നും പറയരുത് ഇനിയും എന്നെ ഇങ്ങനെ വേദനിപ്പിക്കരുത്. എനിക്കിതു താങ്ങാൻ വയ്യ.

അയാൾ ബലമായി അവളുടെ കൈകളിൽ നിന്നും തന്റെ കൈത്തലം വലിച്ചെടുത്തു.

സത്യാ…അവൾ ഞെട്ടലോടെ അയാളെ നോക്കി.

കുട്ടീ നീ ഏതാ.. എനിക്ക് മനസിലായില്ല. അതാ ചോദിച്ചത്.

ഓഹോ.. സ്വന്തം ഭാര്യയായ എന്നെ അറിയില്ല അല്ലേ അവളുടെ ഒച്ച ഉയർന്നു.

എന്റെ ഭാര്യയോ?നീയെന്തൊക്കെയാ കുട്ടീ ഈ പറയുന്നത്.

ഓഹോ അപ്പോൾ എല്ലാവരും ചേർന്ന് എന്നെ ചതിക്കുകയാ അല്ലേ,ഞാൻ എന്ത് തെറ്റാ സത്യാ ചെയ്തത്?

അവൾ വിങ്ങി വിങ്ങി കരഞ്ഞു.

കുട്ടീ..എന്റെ ക്ഷമ പരീക്ഷിക്കാതെ പോകാൻ നോക്ക്.എനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല.

അയാളുടെ കവിളുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ട്.

സത്യക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് എനിയ്ക്കറിയാവുന്നത് പോലെ മറ്റാർക്കും അറിയില്ലല്ലോ, കൂടി വന്നാൽ സ്വന്തം കൈ ചുരുട്ടി എവിടേലും ഇടിപ്പിച്ചു സ്വയം വേദനിപ്പിക്കും, അല്ലാതെ എന്നെ ഒന്ന് നുള്ളി വേദനിപ്പിക്കാൻ പോലും സത്യക്ക് പറ്റില്ലല്ലോ. അവൾ കുറുമ്പോടെ ചോദിച്ചു.

അയാൾ ഞെട്ടലോടെ അവളെ നോക്കി.

എന്താ… പിണക്കം ഇതുവരേം തീർന്നില്ലേസത്യാ…

അവൾ അയാളുടെ കവിളിൽ തൊട്ടതും അയാൾ പിന്നിലേക്ക് മാറി.

ഇനിയും പിണങ്ങി ഇരിക്കാൻ എനിക്ക് വയ്യ സത്യാ. അവളുടെ ഒച്ച ഇടറി.

ഈ സത്യനാഥ്‌ ഇല്ലാതെ ഉമക്ക് ജീവിക്കാൻ പറ്റില്ലെന്ന് അറിയില്ലേ, ഇനിയും എന്നോടിങ്ങനെ പിണങ്ങി മിണ്ടാതെ ഇരിക്കരുത്.

സത്യനാഥ്‌ അവളെ തുറിച്ചു നോക്കി.

എനിക്കറിയില്ല നിന്നെ, അയാൾ കാറിന്റെ ഡോർ തുറന്ന് അകത്തു കയറി, വേഗത്തിൽ മെയിൻ റോഡിലേക്ക് കടന്നു.

ഒന്ന് സിഗരറ്റ് വലിക്കണം എന്ന് തോന്നി ഒരിടവഴിയിലേക്ക് വണ്ടി കയറ്റി സിഗരറ്റ് വലിക്കാനായി പുറത്ത് ഇറങ്ങിയതെ ഉള്ളൂ. അപ്പോഴാണ് ആ കുട്ടി വന്നത്.

എന്തൊക്കെയാണ് ആ കുട്ടി പറഞ്ഞത്? ആകെ തലക്ക് ഭ്രാന്ത് പിടിക്കുന്നു. താനിതിന് മുൻപ് ഒരിക്കൽ പോലും ഈ കുട്ടിയെ കണ്ടിട്ടില്ല. അത് തനിക്കുറപ്പാണ്.

പക്ഷെ ഉമയുടെ അതേ രീതികളാണ് ആ കുട്ടിക്ക്. പിണങ്ങിക്കഴിഞ്ഞാൽ വിങ്ങിക്കരഞ്ഞു കൊണ്ട് തന്റെ കൈകളിൽ പിടിക്കും. അപ്പോഴൊക്കെ അവളുടെ മുഖം ചുവന്ന് കണ്ണുകൾ കലങ്ങി, കൈത്തലം വിയർപ്പിൽ കുതിർന്നിരിക്കും.

ഈ കുട്ടിയും അങ്ങനെ തന്നെ,ഈ കുട്ടി കൈകളിൽ പിടിച്ചപ്പോഴും ആകെ കൈകൾ നനഞ്ഞിരുന്നു. എന്താണ് അങ്ങനെ…അയാൾക്ക്‌ തല പെരുക്കുന്നത് പോലെ തോന്നി.

മറക്കാൻ ശ്രമിക്കും തോറും അവളെങ്ങനെ ഉള്ളിൽ നിറയുകയാണ്. തന്റെ ഉമ.

ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് അറിയാം എങ്കിലും ഒരായിരം വട്ടം താൻ ശ്രമിക്കും അവളെ മറക്കാൻ.

അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. വയ്യ.അയാൾ സ്റ്റിയറിങ്ങിലേക്ക് തല ചായ്ച്ചു വച്ചു.

അവളെ ഓർമ്മിക്കുമ്പോൾ ഉടലാകെ തളരുന്നു. ഒരൊറ്റ ശ്വാസമായിരുന്നില്ലേ ഉമയും സത്യനാഥും. പിന്നെങ്ങനെയാണ് ജീവിതയാത്രയിൽ ഒരാൾ കൂടെ ഇല്ലാതാകുന്നത്.

ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ ഒക്കെ എങ്ങനെയാണ് പാതി വഴിയിൽ ഉപേക്ഷിക്കാൻ ആവുന്നത്?

അറിയില്ല… തനിക്കൊന്നും അറിയില്ല. ആകെ അറിയാവുന്നത് ഒന്ന് മാത്രമാണ്. ഉമയും സത്യയും നടന്നവഴികളിൽ, ഇന്ന് ഈ സത്യനാഥ്‌ മാത്രം.

ഉമേ…നിന്നെ കാത്തു നിന്ന ഈ വഴിയോരത്ത് ഞാൻ ഇപ്പോഴും കാത്തു നിൽക്കുന്നു. ഒരു തവണ, ഒരൊറ്റത്തവണ ഒന്നു വന്ന് കൂടെ? സത്യാ ഞാൻ നിന്റെ കൂടെ നിന്ന് എങ്ങോട്ടും പോവില്ല എന്നൊന്ന് പറഞ്ഞൂടെ.

അത്രയ്ക്ക് സ്നേഹിച്ചവരല്ലേ നമ്മൾ. പിന്നെന്തിനാണ് ഉമേ.. എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞത്. നീയില്ലാതെ ഞാൻ ഉരുകുന്നത് നീയറിയുന്നില്ലേ? എത്ര ദിവസങ്ങളായി ഞാൻ ഒന്നുറങ്ങിയിട്ടെന്ന് നിനക്കറിയോ?

അവളെ ആദ്യം കണ്ട ദിവസം അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു. നാലാം ക്ലാസ്സിലേക്ക് പുതുതായി വന്ന കുട്ടിയെ അന്ന് എല്ലാവരും കണ്ണുപറിക്കാതെ നോക്കിയിരുന്നു. നീല ഉടുപ്പിട്ട് മുടി രണ്ടായി പിന്നിയിട്ട ഒരു സുന്ദരിക്കുട്ടി. അവൾ അടുത്തുവരുമ്പോൾ കർപ്പൂരത്തിന്റെ ഗന്ധമായിരുന്നു.

പിന്നീട് പത്താം ക്ലാസ്സ്‌ വരെ ഒരുമിച്ചായിരുന്നു.

ഇതിനിടയിൽ സൗഹൃദം പ്രണയമായി മാറിയത് എപ്പോഴാണെന്ന് അറിയില്ല.
ഒന്ന് മാത്രമേ അന്നും അറിയൂ. ഉമയും സത്യയും ഈ ജന്മത്തിൽ ഒന്നാണ്. ഒരാളില്ലെങ്കിൽ മറ്റേയാൾക്ക് ജീവിക്കാൻ വയ്യാത്തത്രയും സ്നേഹിച്ചിരുന്നു ഞങ്ങൾ.

മുതിർന്നപ്പോൾ, വീട്ടുകാരും ഞങ്ങളുടെ ഇഷ്ടത്തിന് എതിര് നിന്നില്ല.
ജോലി കിട്ടി താൻ മറ്റൊരു നാട്ടിലേക്ക് പോയപ്പോൾ, അവൾ ഞങ്ങൾ പഠിച്ചു വളർന്ന സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി.

പ്രണയത്തിലും, മോഹത്തിലും നനഞ്ഞു കുതിർന്ന ആ കാലം…

ലീവ് കിട്ടിയാൽ താൻ ഓടി വരുമായിരുന്നു. കാപ്പിപ്പൂ മണമുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക്.

അവിടമായിരുന്നു എന്റെ സ്വർഗ്ഗം. അവിടെയാണ് എന്റെപ്രണയത്തിന്റെ രാജകുമാരി എന്നെ കാത്തിരിക്കുന്നത്. ലോകം മുഴുവൻ അവളിലേക്ക് ചേർത്ത് വച്ച അവളുടെ മാത്രം പുരുഷനായിരുന്നില്ലേ താൻ.

എന്നിട്ടും…..

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

*****************

അവിടമായിരുന്നു എന്റെ സ്വർഗ്ഗം. അവിടെയാണ് എന്റെപ്രണയത്തിന്റെ രാജകുമാരി എന്നെ കാത്തിരിക്കുന്നത്.

ലോകം മുഴുവൻ അവളിലേക്ക് ചേർത്ത് വച്ച അവളുടെ മാത്രം പുരുഷനായിരുന്നില്ലേ താൻ.

എന്നിട്ടും…..

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അയാൾ വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.

ഒടുവിൽ ഒരുമിച്ചു കണ്ട സ്വപനങ്ങൾക്ക് നിറം പകരാൻ തന്റെ ഉമയെ താൻ താലി കെട്ടി സ്വന്തമാക്കി.

സ്വർഗ്ഗതുല്യമായ ജീവിതത്തിൽ സ്നേഹിക്കാൻ പരസ്പരം മത്സരിക്കുകയായിരുന്നില്ലേ നമ്മൾ, നമ്മുടെ ജീവിതത്തിന് കൂടുതൽ ശോഭപകരാൻ നമുക്ക് നമ്മുടെ മോഹം പോലെ ഒരു പെൺകുഞ്ഞു കൂടി പിറന്നതോടെ, നമ്മൾ തമ്മിലുള്ള സ്നേഹം ആയിരം മടങ്ങ് വർദ്ധിക്കുകയല്ലേ ചെയ്തത്.

പിന്നെ എന്തിനാണ് ഉമേ എന്നെ ഉപേക്ഷിച്ചു പോയത്. നമ്മുടെ കുഞ്ഞിനെ പോലും നീ മറന്നു പോയത് എങ്ങനെയാണ്.

ഇല്ല ഉമേ ഇനി നിന്നെ ഞാൻ ഓർമ്മിക്കില്ല. നിന്നോട് ക്ഷമിക്കാൻ ഈ സത്യക്ക് ആവില്ല

നിന്നെ ഓർക്കാൻ പോലും എനിക്കിഷ്ടമല്ല. എനിക്കിപ്പോൾ വെറുപ്പാണ് നിന്നെ…

അയാൾ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞു.

എനിക്കെന്റെ മോളുണ്ട്, അവൾക്കു വേണ്ടി ഞാൻ ജീവിക്കും.

നീയിനി എന്റെ ഓർമ്മയിൽ പോലും വരരുതെന്ന് കരുതിയപ്പോൾ ആ പെൺകുട്ടി മുന്നിൽ വന്നു.

ശരിക്കും ആരാണവൾ, ഉമയെ പോലെ തന്നെയുണ്ട് അവളുടെ സംസാരം.

അയാൾ വെറുപ്പോടെ തല കുടഞ്ഞുകൊണ്ട് പതിയെ കാർ മുന്നിലേക്കെടുത്തു.

വീടിന് മുൻപിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ കണ്ടു. പൂമുഖത്തെ ചാരുകസേരയിൽഏട്ടൻ കിടപ്പുണ്ട്. ഏട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നുണ്ട് ആറ് മാസം  പ്രായമായ തന്റെ മോൾ.

ഏട്ടൻ കണ്ണുകൾ അടച്ചു പാതി മയക്കത്തിലാണ്,മോളെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്.

അവളൊന്ന് പതിയെ ചിണുങ്ങിയതും ഏട്ടൻ പതിയെ താളം പിടിച്ചവളെ ഉറക്കുന്നത് കണ്ട് സത്യനാഥിന്റെ മനസ് നിറഞ്ഞു.

ഏട്ടാ…. അയാൾ പതിയെ വിളിച്ചു.

ആ.. മോനേ നീ  വന്നോ, നീ വന്നിട്ട് വേണം തൊടിയിലേക്ക് ഒന്നിറങ്ങാൻ എന്ന് കരുതി ഇരിക്കുകയായിരുന്നു.പത്തുപന്ത്രണ്ട് പണിക്കർ ഉണ്ട്.നമ്മുടെ ഒരു നോട്ടമില്ലേൽഒന്നും ശരിയാവില്ല.

ആര് പോയാലും നമ്മുക്ക് ഇവൾ ഇല്ലെടാ… പൊന്ന് പോലെ വളർത്തണ്ടേ നമുക്കിവളെ…ഇനിയും നീ വിഷമിക്കരുത്, ദാ… മോളെ കൊണ്ടുപോയി തൊട്ടിലിൽ കിടത്തു.

അയാൾ മോളെ എടുത്തതും അവൾ ഉണർന്നു കരയാൻ തുടങ്ങി.
സത്യനാഥ്‌ അവളെ മുറിയിലെ തൊട്ടിലിൽ കിടത്തി ആട്ടിയുറക്കാൻ നോക്കിയിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു.

അവൾ കരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ടതും ഏട്ടൻ ഓടിവന്ന് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചതും അവൾ കരച്ചിൽ നിർത്തി.

കുഞ്ഞിക്കണ്ണുകൾ ഉയർത്തി അയാളെ നോക്കിക്കൊണ്ട്  പിഞ്ചുചുണ്ടുകൾ പിളർത്തി പരിഭവത്തോടെ അവളുടെ ഭാഷയിൽ എന്തോ ശബ്‌ദമുണ്ടാക്കി.

സത്യാ നീ പോയി ഭക്ഷണം വല്ലതും കഴിക്ക്. മോളെ ഞാൻ നോക്കിക്കോളാം. മോൾക്ക്‌ എന്തേലും കൊടുക്കണ്ടേ ഏട്ടാ, അവൾക്കു പറയാൻ അറിയില്ലല്ലോ.

അവൾക്ക് ഞാൻ കുറുക്കുണ്ടാക്കി കൊടുത്തതാണ്.

ഒന്ന് പതിയെ ഉറങ്ങിയതേ ഉള്ളൂ മോൾ. സാധാരണ അവൾ ഈ സമയത്ത്  കുറെ നേരം ഉറങ്ങുന്നതാ. എന്റെ നെഞ്ചിൽ കിടന്നാലെ അവൾക്ക് ഉറക്കം വരൂ.

ഒരു കാര്യം ചെയ്യ് സത്യാ,നീ ഭക്ഷണം കഴിച്ചിട്ട്, പറമ്പിൽ പണിക്കരുടെ അടുത്തേക്ക് ഒന്ന് ചെല്ല്..

ഏട്ടൻ കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് പോയി.

തന്റെ മോൾക്ക്‌ അവളുടെ അച്ഛനായ തന്നേക്കാളും തന്റെ ചേട്ടനെയാണ് ഇഷ്ട്ടം. അല്ലെങ്കിലും തന്റെ ഏട്ടന് സ്നേഹിക്കാൻ മാത്രേ അറിയൂ.

അല്ലെങ്കിലും അവൾക്കൊപ്പം താൻ എന്നും ഉണ്ടായിരുന്നില്ലല്ലോ.

ബാംഗ്ലൂരിലെ ജോലി ഉപേക്ഷിക്കാൻ ഉമ പലപ്പോഴും പറഞ്ഞതാണ്. പക്ഷെ ജോലി കളയാൻ താൻ ഒരുക്കമായിരുന്നില്ല. കുഞ്ഞ് ഉണ്ടായതോടെ ഉമ താത്കാലികമായി ജോലി ഉപേക്ഷിച്ചു. മോൾക്ക്‌ കൂടുതൽ ശ്രദ്ധ കൊടുക്കണം അവൾക്ക് മൂന്ന് വയസ് ആയട്ടെ ഇനി ജോലിക്ക് പോകുന്നുള്ളൂ എന്നത് അവളുടെ തീരുമാനം ആയിരുന്നു.

മോൾക്ക്‌ മൂന്ന് മാസം ആയപ്പോഴാണ് തന്റെ അമ്മ നളിനി ഈ ലോകം ഉപേക്ഷിച്ചു പോയത്.

അമ്മയുടെ മരണത്തോടെ താൻ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.

രണ്ടാഴ്ച്ചത്തെ പെൻഡിങ് വർക്കുകൾ കൂടി തീർത്തിട്ട് താൻ പോരാൻ തീരുമാനിച്ചു.

ഏട്ടൻ വീട്ടിൽ ഉണ്ട് എന്നതായിരുന്നു തന്റെ ആശ്വാസം.

താൻ പോകുന്നതിന്റെ തലേന്ന് വൈകുന്നേരം ഉമ തന്നെ വിളിച്ചു. കാൾ എടുത്തതും, എന്നോട് ക്ഷമിക്കണം എന്ന് മാത്രം  പറഞ്ഞവൾ കാൾ കട്ടാക്കി.

എത്ര വിളിച്ചു നോക്കിയിട്ടും പിന്നെ അവൾ കാൾ എടുത്തില്ല.

ഭയന്ന് പോയ താൻ വേഗം ഏട്ടനെ വിളിച്ചു. ഏട്ടൻ പറമ്പിലാണ് പണിക്കാർക്ക് കൂലി കൊടുക്കുന്ന ദിവസമല്ലേ തിരക്കാണ് എന്ന് പറഞ്ഞു.

എട്ടാ… വേഗം ഒന്ന് വീട്ടിലേക്ക് ചെല്ല്. ഉമ എന്തോ പറഞ്ഞു ഒന്ന് വേഗം ചെല്ല് എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞതും ഏട്ടൻ തിരിച്ചു വിളിച്ചു. ഉമയെ അവിടെങ്ങും കാണുന്നില്ലെന്നും കുഞ്ഞ് തൊട്ടിലിൽ കിടപ്പുണ്ടെന്നും പറഞ്ഞു.

ഏട്ടൻ അവിടെല്ലാം നോക്കിയിട്ടും അവളെ കണ്ടില്ലെന്ന്.

എങ്ങനെയൊക്കെയോ നാട്ടിൽ എത്തിയപ്പോൾ കേട്ടത് മറ്റുപലതുമാണ്

തന്റെ ഉമ വീട്ടിൽ മതിൽ പണിയാൻ വന്ന ഒരുത്തനോടൊപ്പം ഒളിച്ചോടി പോയെന്ന്.

തനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഉമയെ കാണുന്നില്ലെന്ന് ഏട്ടൻ പരാതി കൊടുത്തിരുന്നു. അവരുടെ അന്വേഷണവും അത് ശരി വയ്ക്കുന്ന തരത്തിൽ ആയിരുന്നു.

അവളുടെ ആഭരണങ്ങൾ ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല.

കൂടാതെ അവളുടെ ഫോണിൽ ഉണ്ടായിരുന്ന അവർ ഒരുമിച്ച് നിൽക്കുന്ന  കുറേ ഫോട്ടോകൾ…

തനിക്കതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

പക്ഷെ വിശ്വസിക്കാതെ തരമില്ലായിരുന്നു.

പിഞ്ചു കുഞ്ഞിനെ പോലും മറന്ന് എങ്ങനെ അവൾക്കതിന് കഴിഞ്ഞു.

വേണ്ട.കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി മോളെ മാത്രം ഓർത്താൽ മതി. അവളെ കൊണ്ടുപോയില്ലല്ലോ അവളെ തനിക്കു തന്നല്ലോ.എന്റെ കുഞ്ഞ് മാത്രം മതി എനിക്ക്.

അയാൾ അടുക്കളയിലേക്ക് നടന്നു. ലളിത ചേച്ചി ചോറും കറികളും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ താൻ കാണുന്നതാണ് ലളിതച്ചേച്ചിയെ, അമ്മക്ക് അടുക്കള സഹായത്തിന് അന്നും ലളിത ചേച്ചിയായിരുന്നു ഉണ്ടായിരുന്നത്.

തൊട്ടടുത്തു തന്നെയാണ് ചേച്ചിയുടെ വീട്. മോളെ കെട്ടിച്ചയച്ചതോടെ ലളിത ചേച്ചി ഒറ്റക്കാണ്. ഇപ്പോൾ രണ്ട് മൂന്ന് ആഴ്ചയായി ഇവിടെ താമസിക്കാൻ പറഞ്ഞത് താനാണ്. മോളെ ശ്രദ്ദിക്കാൻ ഒരാൾ കൂടി ഉള്ളത് നല്ലതാണല്ലോ.

അയാൾ ചോറും കറികളും എടുത്തു കഴിച്ചു. പറമ്പിലെ പണിക്കാരുടെ അടുത്ത് ചെന്ന് അവർക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തു.

തിരിച്ചു വന്നപ്പോൾ മോളുടെ ചിരി കേട്ടു. ഏട്ടൻ അവളെ കൊഞ്ചിക്കുകയാണ്… അവൾ കുടുകുടെ ചിരിക്കുന്നു.

ഏട്ടാ….

എന്താടാ…

ഏട്ടൻ വല്ലതും കഴിച്ചോ.

ഇല്ല..

അതെന്താ?

ഇവളുടെ ഈ ചിരി കണ്ടാൽ ഞാൻ എല്ലാം മറന്നു പോകുമെടാ..

ഏട്ടാ ഞാൻ കുഞ്ഞിനെ എടുക്കാം ഏട്ടൻ പോയി കഴിക്ക്.

ഹേയ് അവൾ കരയുമെടാ… ഞാൻ പിന്നെ കഴിച്ചോളാം

ഏട്ടൻ പോയി കഴിക്ക്,അയാൾ കുഞ്ഞിനെ എടുത്തതും അവൾ കരയാൻ തുടങ്ങി.

ഞാൻ പറഞ്ഞില്ലേ സത്യാ.. അവൾ കരയും ഞാൻ എടുത്തോളാം.

ഏട്ടൻ കുഞ്ഞിനെ എടുത്തതും അവൾ അയാളുടെ തോളിൽ പതുങ്ങിക്കിടന്നു.

അമ്പടീ കേമീ നീ നിന്റെ അച്ഛന്റെ കൈയിൽ പോകാതെ എന്നെക്കൊണ്ട് എടുപ്പിക്കുകയാണ് അല്ലേ…

ഏട്ടൻ അവളെ കൊഞ്ചിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

ഉള്ളിൽ വല്ലാത്തൊരു ശൂന്യത നിറയുന്നത് പോലെ തോന്നി സത്യനാഥിന്.

പെട്ടന്നാണ് രാവിലെ കണ്ട പെൺകുട്ടി മുറ്റത്തേക്ക് കയറി വരുന്നത് അയാൾ കണ്ടത്.

നീണ്ട മുടി മുന്നിലേക്കിട്ട് ഉമ നടക്കുന്നത് പോലെ തന്നെയാണ് അവളും നടക്കുന്നത്.

*****************

അവളെ കണ്ടതും അയാൾ പകപ്പോടെ നോക്കി.

എന്താ സത്യാ എന്നെ കൂട്ടാതെ പോന്നത്. അതുകൊണ്ട് ഞാൻ ഇത്ര നേരം നടക്കേണ്ടി വന്നില്ലേ.അവൾ ദേഷ്യത്തോടെ ചോദിച്ചു

അല്ല  നീയിതെന്തു ഭാവിച്ചാ?നീയേതാ?

ദേ… സത്യാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.ഏതുനേരോം,എല്ലാം ഞാൻ തമാശയായിട്ട് എടുക്കില്ല.

ദേഷ്യം വരുമ്പോൾ ഉമ തെരുതെരെ കണ്ണുചിമ്മും പോലെ,അവൾ കണ്ണുചിമ്മുന്നത് അയാൾ പകപ്പോടെ നോക്കി നിന്നു.

അപ്പോഴാണ് ഏട്ടൻ കുഞ്ഞിനേയും കൊണ്ട് മുറ്റത്തു നിൽക്കുന്നത് അവൾ കണ്ടത്.

അവൾ വേഗം കുഞ്ഞിനെ എടുക്കാനാഞ്ഞു.

അയാൾ കുഞ്ഞിനെ മുറുകെ പിടിച്ചു

അല്ല കുട്ടിയേതാ……? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.

ദേ… മാധവേട്ടാ.. മര്യാദക്ക് കുഞ്ഞിനെ ഇങ്ങ് താ.

അയാൾ സത്യനാഥിനെ നോക്കി. ആരാടാ ഇത്?

എനിക്കറിയില്ല ഏട്ടാ. ഇന്ന് രാവിലെ  ഞാൻ പുറത്ത് പോയപ്പോൾ എന്റെ അടുത്ത് വന്നു, ഉമയാണ് എന്നൊക്കെ പറയുന്നു.

എന്റെ കുഞ്ഞിനെ ഇങ്ങ് തരാനാ പറഞ്ഞത് അവൾ ബലമായി കുഞ്ഞിനെ വലിച്ചെടുക്കാൻ ആഞ്ഞു.

എന്തായിത്….മാറി നില്ക്കു കുട്ടീ. മാധവേട്ടൻ കുഞ്ഞുമായി പിന്നിലേക്ക് മാറി.

പൊടുന്നനെ കുഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി കരയാൻ തുടങ്ങി
അത് കണ്ടതും അവൾ വേഗത്തിൽ കുഞ്ഞിനെ എടുത്തു.

അവൾ എടുത്തതും കുഞ്ഞ് ചിരിച്ചു കൊണ്ട് അവളുടെ തോളിൽ ചാഞ്ഞു.

അതേ… നിങ്ങൾക്ക് എടുക്കാൻ പറ്റില്ലേ സ്വന്തം കുഞ്ഞിനെ?അവൾ സത്യയോട് ചോദിച്ചു. കുഞ്ഞിനെ വേറെ ആരും എടുക്കുന്നത് എനിക്കിഷ്ടമല്ല. അവൾ ദേഷ്യത്തോടെ പറഞ്ഞിട്ട് അകത്തേക്ക് നടന്നു.

മാധവൻ പകപ്പോടെ സത്യനാഥിനെ നോക്കി. ഇതേതാ ഈ അവതാരം? വട്ടാണോ ഇവൾക്ക്,അയാൾ സത്യനോട് ചോദിച്ചു

ആവോ എനിക്കറിയില്ല.

പക്ഷെ മോനേ… ശരിക്കും ഉമയുടെ അതേ രീതികൾ.

കണ്ടില്ലേ അകത്തു കയറുമ്പോൾ ഉമ പൊട്ട് എടുത്ത് വാതിലിൽ ഒട്ടിച്ചു വയ്ക്കുന്നത് പോലെ ഈ കുട്ടിയും ചെയ്യുന്നത്.

ശരിയാണ്.മൂന്ന് മാസം മുൻപ് അവൾ ഇവിടുന്ന് പോയപ്പോഴും ആ വാതിലിൽ ഒരു പൊട്ട് ഇരിപ്പുണ്ടായിരുന്നു. താനാണ് അത് എടുത്ത് കളഞ്ഞത്. ഉമ മിക്കവാറും പൊട്ട് തൊടാൻ മറക്കും, പുറത്തിറങ്ങുമ്പോഴാണ് അയ്യോ പൊട്ട് തൊട്ടില്ല എന്നും പറഞ്ഞ് തിരിച്ചു കയറുന്നത്.

അതുകൊണ്ട് ഉമ്മറവാതിലിൽ തന്നെ അവൾ പൊട്ട് തൊട്ട് വയ്ക്കും.
അതാകുമ്പോൾ മറന്നാലും തിരിച്ചു മുറി വരെ പോകണ്ടല്ലോ എന്ന് പറയും.

ഇന്നിപ്പോ ഈ കുട്ടിയും പൊട്ട് തൊട്ട് വച്ചിരിക്കുന്നു.

അവർ അകത്തേക്ക് കയറി.

ഡെയിനിങ് റൂമിൽ ഇരുന്ന് കുഞ്ഞിന് കുറുക്ക് നൽകുകയാണ് അവൾ. കുഞ്ഞ് വാശിയൊന്നും കാണിക്കാതെ കഴിക്കുന്നു.

സത്യനാഥ്‌ അവൾ കാണാതെ അവളുടെ ഒരു ഫോട്ടോ എടുത്ത് തന്റെ ചില സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു.

അവരോട്  ചുരുങ്ങിയ വാക്കിൽ കാര്യങ്ങൾ പറഞ്ഞു.

ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ  സുഹൃത്ത് മധു സത്യനാഥിനെ ഫോൺ വിളിച്ചു.

എടാ ആളെ കിട്ടിയിട്ടുണ്ട്. പേര് ഭാമ, എടാ നമ്മുടെ പോലീസ് സ്റ്റേഷനിലെ എസ്ഐ മോഹൻ സാറിന്റെ മകളാണ്.

ഞാൻ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. രാവിലെ കോളേജിലേക്ക് എന്നും പറഞ്ഞ് പോയതാ. ഇന്ന് കോളേജിൽ ചെന്നില്ലെന്നും പറഞ്ഞ് കൂട്ടുകാരികൾ വിളിച്ചപ്പോഴാണ്  അവർ അറിയുന്നത്. അന്നേരം മുതൽ അവർ ആ കുട്ടിയെ അന്വേഷിക്കുകയാണ്.

നീ നമ്മുടെ വീട് പറഞ്ഞ് കൊടുത്തോ?

ഉവ്വെടാ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട്‌ വരാം.

ശരി.

അകത്തുനിന്ന് കുഞ്ഞിന്റെയും അവളുടെയും ചിരി കേൾക്കാം.

എന്താ മോനേ… ആളെ അറിഞ്ഞോ? മാധവൻ ചോദിച്ചു.

അറിഞ്ഞു ഏട്ടാ നമ്മുടെ എസ് ഐ സാറിന്റെ മകളാണ്.

ആ കുട്ടി ഇങ്ങനൊരു കള്ളം പറഞ്ഞിവിടെ വന്നത് എന്തിനാ?

അറിയില്ല ഏട്ടാ.

എന്തായാലും സാറിനെ വിവരം അറിയിച്ചിട്ടുണ്ട്.അവർ വരട്ടെ.

മുറിയിൽ നിന്നും ഈണത്തിൽ താരാട്ട് പാട്ട് കേട്ടതും അവർ തറഞ്ഞു നിന്നു.

കുഞ്ഞിനെ ഉറക്കുവാനായി ഉമ എഴുതി അവൾ തന്നെ ഈണമിട്ട പാട്ട്.

ആ പാട്ട് ഈ കുട്ടിക്ക് എങ്ങനെ അറിയാം?

അവർ പകപ്പോടെ പരസ്പരം നോക്കി.

പെട്ടന്ന് ഒരു വാഹനം  വഴിയിൽ വന്ന് നിന്നു. അതിൽ നിന്നും എസ് ഐ മോഹനും, ഭാര്യയും ഇറങ്ങി. പാതി ചാരിയിട്ട ഗേറ്റ് തുറന്ന് അവർ വീടിന്റെ മുറ്റത്തേക്ക് നടന്നു വന്നു

എന്റെ മോൾ എവിടെ?

അകത്തുണ്ട്.

അകത്തു നിന്നും കേൾക്കുന്ന താരാട്ട് പാട്ട് ഒച്ച കുറഞ്ഞു കുറഞ്ഞു വന്ന് പതിയെ നിലച്ചു.

മോളെ ഭാമേ.. അയാൾ ഉറക്കെ വിളിച്ചു.

അവൾ തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങി വന്നു.

ആരാ ഇവിടെ ഒച്ച എടുക്കുന്നത്, എന്റെ മോൾ ഇപ്പോൾ ഒന്നുറങ്ങിയതേ ഉള്ളൂ ശബ്‌ദം ഒന്ന് കുറക്കൂ…അവൾ പതിയെ പറഞ്ഞു.

മോളെ.. അവളുടെ അമ്മ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ പിടിച്ചു.

എന്താ മോളെ നിനക്ക് പറ്റിയത്? വരൂ നമുക്ക് നമ്മുടെ വീട്ടിൽ പോകാം.

നിങ്ങളൊക്കെ ആരാ?എനിക്ക് മനസിലായില്ല.

ഭാമേ… നീയെന്താ ഈ പറയുന്നത്? മോഹൻ ഒച്ചയുയർത്തി.

ദയവായി ഒച്ച എടുക്കല്ലേ എന്റെ മോൾ ഉണരും.

ആരാ സത്യാ ഇവർ? അവൾ അയാളോട് ചോദിച്ചു.

മോളെ ഞാൻ നിന്റെ അമ്മയാണ്. അമ്മയുടെ കണ്ഠമിടറി.

ഓഹോ… എന്റെ അറിവിൽ ഞാൻ പൂമംഗലത്ത് ശ്രീധരന്റെയും, മീരയുടെയും മകളാണ്. അവൾ പുച്ഛത്തോടെ ചിരിച്ചു.

ഓരോന്നൊക്കെ ഇറങ്ങിക്കോളും. ഈ ലോകത്തു പെണ്ണുങ്ങൾക്ക്‌ ജീവിക്കാൻ ഒക്കില്ലെന്നായി.

സത്യാ….ഇവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം.

ഭാമേ…മോഹൻ വന്ന് അവളെ ബലമായി പിടിച്ചുലച്ചു. എന്താ മോളെ നിനക്ക് പറ്റിയത് നീയെന്തൊക്കെയാ ഈ പറയുന്നത് ?

കൈ വിടടോ. അവൾ കുതറി മാറി.

സത്യാ… ഇത് കാണുന്നില്ലേ,അവളുടെ മുഖത്തു ദേഷ്യം നിറഞ്ഞു. കണ്ണുകൾ ചിമ്മി ചിമ്മി അടച്ചവൾ അയാളെ തുറിച്ചു നോക്കി.

പെട്ടന്ന് കുഞ്ഞ് ഉണർന്നു കരഞ്ഞതും, അയ്യോ എന്റെ കുഞ്ഞ് ഉണർന്നു എന്ന് പറഞ്ഞ് തിടുക്കത്തിൽ അവൾ മുറിയിലേക്ക് ഓടി.

സർ… സത്യനാഥ്‌ അയാൾക്ക്‌ അരികിലേക്ക് ചെന്നു.

ഇന്ന് രാവിലെ ഈ കുട്ടി എന്റെ മുന്നിൽ വന്ന് ഞാൻ ഉമയാണ് എന്തിനാണ് എന്നോട് പിണങ്ങിയത് എന്നൊക്കെ ചോദിച്ചു കരച്ചിൽ ആയിരുന്നു. ഞാൻ ആദ്യം കാണുകയാണ് ഈ കുട്ടിയെ. സാർ കണ്ടില്ലേ  ഈ കുട്ടിക്ക് ദേഷ്യം വന്നപ്പോൾ കണ്ണുകൾ തെരുതെരെ ചിമ്മിചിമ്മി അടക്കുന്നത്. എല്ലാംഎന്റെ ഭാര്യ ഉമയെ പോലെ തന്നെ.

രാവിലെ മോൾ കോളേജിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാണ്.പിന്നെന്താ ഇങ്ങനൊക്കെ എന്ന് എനിക്ക് മനസിലാകുന്നില്ല.

സർ, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് മോൾക്ക്‌ മാനസിക പ്രശ്നം വല്ലതും?

ഹേയ്… ഇല്ല. യാതൊരു പ്രശ്നവും അവൾക്കില്ല. അവൾ വളരെ മിടുക്കിക്കുട്ടിയാണ്. അവളുടെ വിവാഹം ഉറപ്പിച്ചത് ഈ കഴിഞ്ഞ ആഴ്ചയാണ്.

ഇനിയിപ്പോ കല്യാണത്തിന് താല്പര്യം  ഇല്ലാഞ്ഞിട്ടോ മറ്റോ ആയിരിക്കുമോ?

അല്ല, അവൾ പ്രണയിച്ച ആളുമായി തന്നെയാണ് അവളുടെ വിവാഹമുറപ്പിച്ചത്.

എന്റെ മോൾക്കിത് എന്ത് പറ്റിയോ എന്തോ, ആണായിട്ടും പെണ്ണായിട്ടും ഇതൊന്നേ ഉള്ളൂ ഞങ്ങൾക്ക്. ഭാമയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

എടീ നീ കരയാതെ… മോഹൻ അവരെ ആശ്വസിപ്പിച്ചു.

ഭാമ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വന്നു.

ആഹാ നിങ്ങൾ ഇതുവരെയും പോയില്ലേ?

സത്യാ നിങ്ങളിത് എന്ത് കണ്ടോണ്ട് നിൽക്കുകയാ, ഇതുങ്ങളെ പറഞ്ഞു വിട്ടിട്ട് ഗേറ്റ് അടക്ക്. ഒരുത്തരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്.

മോളെ നീ വാ… അമ്മ അവളുടെ കൈയിൽ പിടിച്ചു.

ദേ…  നിങ്ങളുടെ പ്രായത്തിനെ ബഹുമാനിക്കുന്നത് കൊണ്ടാ ഞാൻ ഒന്നും പറയാത്തത്. മര്യാദക്ക് പൊയ്ക്കോ. ഇല്ലേൽ ഞാൻ പോലീസിനെ വിളിക്കും.

സത്യാ… കയറി വാ… അവൾ വിളിച്ചു.എനിക്ക് കുഞ്ഞിനെ കുളിപ്പിക്കണം

അപ്പോഴേക്കും സത്യനാഥിന്റെ സുഹൃത്ത് മധു അവിടെ എത്തി.

അയാൾ മുറ്റത്തേക്ക് കയറി.

ആഹാ മധു നീ വന്നത് നന്നായി. ഭാമ പറഞ്ഞു.

ഈ സത്യയോട് പരിചയമില്ലാത്തവരെ വീട്ടിൽ വിളിച്ചു കയറ്റരുതെന്ന് പറഞ്ഞാൽ കേൾക്കില്ല.

മധു കണ്ണുമിഴിച്ചവളെ നോക്കി.

മധു നീയൊന്നു നോക്കിക്കേ ഇവരുടെ മുഖത്ത് ഒരു കള്ളലക്ഷണം ഇല്ലേ….ഭാമ ചോദിച്ചത് കേട്ട്,മധു പകപ്പോടെ സത്യനാഥിനെ നോക്കി.

ഇതാണെടാ ഇവിടുത്തെ പ്രശ്നം. സത്യ ഒച്ച താഴ്ത്തി അവനോടു പറഞ്ഞു.

ഞാൻ പോകുവാ… അവൾ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി.

മോഹൻ സാറെ ഇനി എന്ത് ചെയ്യും? മധു അയാളോട് ചോദിച്ചു.

എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല മധു.

സാറെ ബലം പ്രയോഗിച്ചു കൊണ്ടുപോകുന്നത് ഉചിതമല്ല. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുന്നതാണ് നല്ലത്.
മനസിന്റെ കാര്യമല്ലേ.

പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരുന്നതായിരിക്കും നല്ലത്.

അതിപ്പോ ഇന്ന് പെട്ടന്ന് നടക്കില്ലല്ലോ മധു.

മോളെ ഇവിടെ നിന്നും എങ്ങനെ കൊണ്ടുപോകും.അതാ ഞാൻ ആലോചിക്കുന്നത്

തല്ക്കാലം ഇവിടെ നിൽക്കട്ടെ സർ.മധു പറഞ്ഞു

അതെങ്ങനെ ശരിയാകും രണ്ടാണുങ്ങൾ മാത്രമുള്ള ഇടത്ത് എങ്ങനെ നിർത്തും.

അതോർത്തു സർ വിഷമിക്കണ്ട, സാറിന്റെ വീട്ടിലെ പോലെ അവൾ ഇവിടെ സുരക്ഷിത ആയിരിക്കും.കൂടാതെ ഇവിടെ സഹായത്തിനു നിൽക്കുന്ന ഒരു ചേച്ചി ഉണ്ട്.

എന്റെ മോളില്ലാതെ ഞാൻ എങ്ങോട്ടും വരില്ല. അമ്മ കരച്ചിൽ തുടങ്ങി.

ഇന്നൊരു ദിവസം മോൾ ഇവിടെ നിൽക്കട്ടെ മീരേ.. ഒന്നുവല്ലേലും ഞാനൊരു പോലീസുകാരൻ അല്ലേ, എനിക്കറിയാത്ത സ്ഥലമല്ലല്ലോ ഇത്. കൂടിവന്നാൽ ഒരു പത്തോ പതിനഞ്ചോ മിനിറ്റത്തെ യാത്ര മതിയല്ലോ ഇവിടെ വരാൻ.നീ പേടിക്കാതെ ഇരിക്ക്.

എന്നാലും അത് ശരിയാവില്ല ചേട്ടാ.

ശരിയാകും. ഞാൻ ഈ പരിസരത്തൊക്കെ തന്നെ കാണും മീരേ നീ പേടിക്കാതെ.

നേരാണോ?

പിന്നല്ലാതെ നമ്മുടെ മോളല്ലേടീ അവളെ അങ്ങനെ നമ്മൾ വിട്ട് കളയുവോ, നീ വന്നേ..

അവളെ ശ്രദ്ദിക്കണം,അറിയാലോ എന്റെ മോൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല.അയാൾ സത്യനാഥിനോടായി പറഞ്ഞു.

അയാൾ അവരെയും കൊണ്ട് വണ്ടിയിൽ കയറി.

മധു സത്യനാഥിന്റെ കൈയിൽ പിടിച്ചു. സത്യത്തിൽ ഇതെന്തൊക്കെയാടാ ഇവിടെ നടക്കുന്നത്?

നീ കണ്ടില്ലേടാ,ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ.

എന്നാലും അളിയാ ശരിക്കും ഉമ സംസാരിക്കും പോലെ തന്നെ.

എനിക്കൊന്നും അറിയില്ല മധു.

അവളെ ഒന്ന് മറക്കാൻ തുടങ്ങുമ്പോൾ ഇങ്ങനെ ഒരെണ്ണം വന്ന് കയറി.

പോയവൾ പോട്ടെടാ… നീയതൊന്നും ഓർക്കേണ്ട.

ഞാൻ നാളെ വരാമെടാ..മധു യാത്ര പറഞ്ഞിറങ്ങി

*****************

സത്യനാഥ്‌ അകത്തേക്ക് ചെന്നു. അവൾ കുഞ്ഞിനെ കുളിപ്പിക്കുകയാണ്.

അവർ പോയി അല്ലേ , വണ്ടിയുടെ ഒച്ച കേട്ടു.

ഉം. അയാൾ മൂളി.

ആരാ സത്യാ അവരൊക്കെ?

അറിയില്ല.

അവൾ മോളെ കുളിപ്പിച്ച്, തുടച്ച്,അയാളുടെ കൈയിൽ കൊടുത്തു.

കഴിഞ്ഞ തവണ സത്യ വന്നപ്പോൾ കൊണ്ടുവന്ന ആ മഞ്ഞ ഉടുപ്പ് ഇല്ലേ അത് മോളെ ഇടീച്ചേരെ.. ഞാൻ ഒന്ന് മേൽ കഴുകിയിട്ടു വരാം.

അയാൾ എടുത്തതും കുഞ്ഞ് ചിണുങ്ങി.

അമ്പടീ…. കള്ളീ അവളുടെ അടവ് നോക്കിക്കേ.

സത്യാ…കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങുമ്പോൾ നീയല്ലേ പറഞ്ഞത് ഇത് മോനല്ല, മോളാണ് അതും അച്ഛനായ എന്നെയായിരിക്കും  അവൾക്കു കൂടുതൽ ഇഷ്ട്ടം എന്നൊക്കെ. എന്നിട്ടിപ്പോ നോക്കിക്കേ അവൾക്ക് എന്നെ മതി.

എടീ കുറുമ്പി നീ അച്ഛൻ വിളിക്കുമ്പോൾ എന്നെ വയറ്റിൽ കിടന്ന് എന്തോരം തൊഴിച്ചിട്ടുണ്ട്. അച്ഛൻ ഉമ്മ വയ്ക്കുമ്പോ അങ്ങോട്ടും ഇങ്ങോട്ടും പായുവല്ലായിരുന്നോ, എന്നിട്ട് പെണ്ണിനിപ്പോ അമ്മയെ മതി അല്ലേ, അവൾ കുഞ്ഞിന്റെ മൂക്കിൻ തുമ്പിൽ ഉമ്മ വച്ചു.

അവൾ കുളിക്കാനായി ബാത്‌റൂമിലേക്ക് പോയപ്പോഴും,അയാൾഅതേ നിൽപ്പ് നിൽക്കുകയായിരുന്നു.

എന്തൊക്കെയാണിവൾ പറഞ്ഞത്. തന്റെയും ഉമയുടെയും സ്വകാര്യ നിമിഷങ്ങൾ പോലും ഇവൾക്കെങ്ങനെ അറിയാം?

ഇനി ഒരുപക്ഷെ ഉമ പറഞ്ഞു കൊടുത്തതോ മറ്റോ ആയിരിക്കുമോ?
മറ്റൊരുത്തനൊപ്പം ഇറങ്ങിപോയതിൽ അവൾ ഇപ്പോൾ വേദനിക്കുന്നുണ്ടാകുമോ, പക്ഷെ ഈ പെൺകുട്ടി അഭിനയിക്കുകയാണ് എന്ന് തോന്നുന്നുന്നുമില്ല. ഉമ എങ്ങനെയോ, അങ്ങനെ തന്നെയാണ് ഈ കുട്ടിയും.

ഇതെന്ത് പരീക്ഷണമാണ്?

കുഞ്ഞിന്റെ ചിരി കേട്ടപ്പോൾ അയാൾ ചിന്തയിൽ നിന്നുണർന്നു.

തന്റെ മുഖത്തു നോക്കി ചിരിക്കുകയാണ്. അയാൾ കുഞ്ഞിന്റെ കവിളിൽ ചുംബിച്ചു. പൊന്നുമോളെ അച്ഛന് നീ മാത്രേ ഉള്ളൂ..

അയാൾ കുഞ്ഞിനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

ഭാമ പറഞ്ഞ മഞ്ഞ ഉടുപ്പെടുത്ത് കുഞ്ഞിനെ ധരിപ്പിച്ചു.

കൈവിരൽ നുണഞ്ഞുകൊണ്ട് കുഞ്ഞയാളുടെ തോളിൽ കിടന്നു. ഭാമ വന്ന് കഴിഞ്ഞപ്പോൾ മുതൽ, താനെടുക്കുമ്പോൾ മോൾ കരയാറില്ല.

ചാരിയിട്ട വാതിൽ തുറക്കുന്ന ശബ്ദം കേട്ട് സത്യനാഥ്‌ തിരിഞ്ഞു നോക്കി.

ഏട്ടനാണ്

ആ പെണ്ണ് എന്തിയെ?

കുളിക്കാനായി പോയി.

കൊച്ചിന്റെ കാര്യത്തിൽ എപ്പോഴും ഒരു ശ്രദ്ധ വേണം കേട്ടോ. ഇവളുമാരെ ഒന്നും വിശ്വസിക്കാൻ വയ്യ. ഓരോ അടവും പറഞ്ഞു വീട്ടിൽ കയറിപ്പറ്റും.

നീ കൊച്ചിനെ ഇങ്ങ് കൊണ്ടുവാ, അയാൾ കുഞ്ഞിനെ എടുത്തതും, ഭാമ ചീറിക്കൊണ്ട് അകത്തേക്ക്  പാഞ്ഞുവന്നു.

എന്റെ കുഞ്ഞിനെ നിങ്ങൾ തൊട്ട് പോകരുത്. അവൾ അയാളിൽ നിന്നും കുഞ്ഞിനെ എടുത്തു.

ഇനി മേലിൽ എന്റെ കുഞ്ഞിന്റെ അടുത്ത് പോലും വരരുത് നിങ്ങൾ. ഇറങ്ങി പോ മുറിയിൽ നിന്ന് അവൾ വിരൽ ചൂണ്ടി.

അയാൾ പതിയെ മുറി വിട്ടിറങ്ങി.

ദേഷ്യത്തിൽ അവൾ വിറക്കുന്നുണ്ടായിരുന്നു.

ഭാമേ… സത്യനാഥ്‌ ഉറക്കെ അവളെ വിളിച്ചു.

ഭാമയോ? അതാരാ സത്യാ…?

എന്താ ജോലിസ്ഥലത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും വന്നോ, എന്തെ ഒരിളക്കം?
വെറുതെയല്ല ജോലി കളഞ്ഞിട്ട് വന്നത് മുതൽ ഒരു മൗനം. സത്യം പറഞ്ഞോ ആരാ ഭാമ? അവൾ തൊട്ട് മുന്നിലെത്തി.

അതുപിന്നെ…. അയാൾഎന്തോ പറയാൻ ആഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു.

ന്റെ സത്യാ… ഏതു സുന്ദരി വന്നാലും ഈ ഉള്ളം നിറയെ ഉമ മാത്രേ ഉണ്ടാവൂ എന്ന് എനിക്കറിയാം. സത്യക്ക് ഉമയെ മാത്രേ സ്നേഹിക്കാനാവൂ… ഉമക്ക് സത്യയെയും. അവൾ കുഞ്ഞിനേയും കൊണ്ട് അയാളിലേക്ക് ചേർന്ന് നിന്നു.

ഉമയുടെ മണം. അവൾ തേക്കാറുള്ള സോപ്പിന്റെ ഗന്ധം, കുളി കഴിഞ്ഞാൽ അവൾ നിറുകയിൽ ഇടാറുള്ള രാസ്‌നാദിപ്പൊടിയുടെ മണം, അയാൾ അവളെ നോക്കി, അവൾ അലസമായി ഉടുത്തിരിക്കുന്നത് ഉമയുടെ സാരിയാണ്.

അയാൾ അവളെ തന്റെ ദേഹത്ത് നിന്ന് മാറ്റി.

സത്യാ…കുഞ്ഞിനെ പിടിച്ചേ. ഞാൻ ലളിത ചേച്ചിയോട് കുറച്ചു മയിലാഞ്ചി എണ്ണ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. കണ്ടില്ലേ സത്യാ എന്റെ മുടി നല്ലോണം കൊഴിഞ്ഞു പോകുന്നുണ്ട്. അവൾ സങ്കടത്തോടെ അയാളെ നോക്കി.

അച്ഛനും മോളും ഇവിടിരി ഞാൻ പോവാ, അവൾ വാതിൽക്കൽ എത്തിയിട്ട് എന്തോ ഓർത്തത്‌ പോലെ പെട്ടന്ന് തിരിച്ചു വന്നു.

ദേ… സത്യാ, കുഞ്ഞിനെ നിങ്ങളുടെ ചേട്ടന്റെ കൈയിൽ കൊടുക്കരുത്. എനിക്കത് ഇഷ്ടമില്ല.

അവളുടെ മുഖത്ത് ദേഷ്യമോ നിസ്സഹായതയോ, ഭയമോ, ഏതു ഭാവമാണ് നിറയുന്നതെന്ന് അയാൾക്ക്‌ മനസിലായില്ല. ഇനി എന്റെ കുഞ്ഞിനെ തൊട്ടാൽ അയാളുടെ കൈ ഞാൻ വെട്ടും. അയാൾ ഞെട്ടലോടെ അവളെ നോക്കി.

അവൾ പുറത്തേക്ക് പോയതും, അയാൾ കട്ടിലിൽ ഇരുന്നു. കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി.

മനസ്സിൽ ആകെ ഒരു ഭാരം. ഇനി ഉമയെ കാണാതായതിൽ ഏട്ടന് എന്തെങ്കിലും പങ്കുണ്ടോ? അവിവാഹിതനായ ഏട്ടന് എപ്പോഴെങ്കിലും ഉമയോട് മോഹം തോന്നിയിരിക്കുമോ? ഇനി ഒരുപക്ഷെ ഏട്ടൻ തന്റെ ഉമയെ അപകടപ്പെടുത്തിയിരിക്കുമോ?

അയാൾ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി.

ഏട്ടൻ തൂമ്പയുമായി പറമ്പിലേക്ക് പോകുന്നത് അയാൾ ശ്രദ്ദിച്ചു.

അയാൾ പതിയെ ഏട്ടന്റെ മുറിയിൽ എത്തി.കുഞ്ഞിനെ ബെഡിൽ കിടത്തി.

മുറിയിൽ അധികവും ഏട്ടന്റെ ബുക്കുകളാണ്. കവിതകളും കഥകളുമാണ് ഏട്ടന്റെ ലോകം. ചുമരിൽ ഏട്ടൻ വരച്ച സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ.

അയാൾ പതിയെ അലമാര തുറന്ന് നോക്കി. വൃത്തിയായി അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ,ചെറിയ അറയിൽ നോട്ടുകെട്ടുകൾ. അയാൾ അലമാര അടക്കാൻ ആഞ്ഞതും വസ്ത്രങ്ങൾക്കിടയിൽ  ചുവന്ന തുണി കണ്ട് അയാൾ അത് വലിച്ചെടുത്തു.

ഉമയുടെ സാരി

ഉമ സ്ഥിരം ഉപയോഗിക്കുന്ന ചുവന്ന കോട്ടൺ സാരി…

അയാളുടെ കൈകൾ വിറച്ചു.

സാരിയുടെ മടക്കിൽ അവളുടെ ഒരു ഫോട്ടോ, തങ്ങളുടെ വിവാഹ ഫോട്ടോയിൽ നിന്നും അവളുടെ മുഖം മാത്രം വെട്ടി എടുത്തിരിക്കുകയാണ്.

അയാൾ ആകെ തകർന്നു.

ഇല്ല… വിശ്വസിക്കാൻ പറ്റുന്നില്ല.

തന്റെ ഏട്ടൻ അനുജന്റെ ഭാര്യയെ മോഹിച്ചുവെന്നോ? ശരിക്കും തന്റെ ഉമക്ക് എന്താണ് പറ്റിയത്? ഏട്ടൻ തന്റെ ഉമയെ ഉപദ്രവിച്ചിരിക്കുമോ?

പെട്ടന്ന് ഏട്ടൻ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത് അയാൾ കണ്ടു.

ചീറിക്കൊണ്ട് അയാൾ ഏട്ടന് നേരെ പാഞ്ഞു

അടുത്ത ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ഭാഗം 02