എന്നിലേക്ക്…
Story written by Treesa George
============
എന്റെ രോഹിത്, നിനക്ക് ഈ പൊട്ടിയ ഫോൺ മാറ്റി മറ്റൊന്ന് വാങ്ങി കൂടെ. ഞാൻ നിന്നെ കാണാൻ തുടങ്ങിയ കാലം തൊട്ട് നീ ഇത് തന്നെ അല്ലേ ഉപയോഗിക്കുന്നത്.
Old is gold എന്ന് അല്ലേ. ഞാൻ പറഞ്ഞു.
ഈ നാക്ക് ഇല്ലായിരുന്നേൽ നിന്നെ വല്ല കാക്കയും കൊത്തികൊണ്ട് പോയേനെ എന്ന് പറഞ്ഞു സാഗർ എന്റെ തോളത്തു തട്ടി പോയി.
സാഗർ പറയുന്നതിലും കാര്യം ഉണ്ട്. ഇപ്പോൾ ഉള്ള ഫോൺ ഉപയോഗിക്കാൻ തുടങ്ങിട്ട് 5 വർഷം ആയി. ജോലിക്ക് കയറിയ സമയത്തു മേടിച്ചത് ആണ്. ഇപ്പോൾ ഡിസ്പ്ലേ എല്ലാം പൊട്ടിയിട്ട് ആകെ കൂടെ ഒന്നും വായിക്കാൻ പറ്റാത്ത അവസ്ഥ.
ഓഫീസിൽ നിന്ന് സ്വിപ്പ് ഔട്ട് ചെയിതു ഇറങ്ങിയപ്പോഴേക്കും ഫോൺ ബെൽ അടിക്കാൻ തുടങ്ങി. വീട്ടിൽ നിന്നും അമ്മ ആണ്.
മോനെ നീ ഇറങ്ങിയോ.
ആ ഇറങ്ങാൻ തുടങ്ങുവായിരുന്നു.
ഞാൻ ഓർത്തു നീ റൂമിൽ എത്തി എന്ന്. ആ മോനെ നിന്നെ ഞാൻ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാൻ ആണ്.
എന്താ അമ്മേ. അമ്മമ്മക്ക് വീണ്ടും വയ്യാതെ ആയോ.
അതൊന്നും അല്ല. നിന്റെ അനിയന് പുതിയ ഒരു ഫോൺ വേണം. ഇപ്പോൾ ഉള്ള ഫോണിന് ഏതാണ്ട് ഒക്കെ ഫങ്ക്ഷൻ ഇല്ലാന്ന്.
അമ്മേ 2 മാസം മുമ്പ് അല്ലേ അവന് ഒരു ഫോൺ മേടിച്ചത്.
നിനക്ക് പൈസ ഇടാൻ പറ്റുമെങ്കിൽ ഇടു. അല്ലേൽ നിന്റെ പൈസയും കെട്ടി പിടിച്ചു അവിടെ ഇരുന്നോ. അമ്മ അതും പറഞ്ഞു കലിപ്പിൽ ഫോൺ വെച്ചു.
അമ്മ എപ്പോഴും അങ്ങനെ ആണ്.
അക്കൗണ്ടിൽ നോക്കി. എനിക്ക് ഫോൺ വാങ്ങാൻ ആയി കൂട്ടി കൂട്ടി വെച്ച പൈസ ഉണ്ട്. അത് അമ്മയുടെ അക്കൗണ്ടിലോട്ട് ട്രാൻസ്ഫർ ചെയിതു.
അപ്പുറത്തു നിന്ന് അമ്മയുടെ കാൾ വന്നു. എനിക്ക് അറിയാരുന്നു നീ പൈസ ഇടുമെന്ന്. നിന്നെ പോലെ കുടുംബ സ്നേഹം ഉള്ള ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ. ആ മോനെ നിന്നോട് മറ്റൊരു കാര്യം കൂടി പറയാൻ വിളിച്ചതാ. നിനക്ക് ഒരു ആലോചന ബ്രോക്കർ രാമൻകുട്ടി കൊണ്ട് വന്നിട്ടുണ്ട്.
എനിക്കു ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ. ചേച്ചിമ്മാരുടെ കല്യാണം ഒന്നു കഴിയട്ടെ.
അത് തന്നെയാ പറഞ്ഞു വരുന്നത്. ഈ കല്യാണം നടന്ന അവളുമാരുടെ കല്യാണവും നടക്കും.
ഈ പെണ്ണിന് വല്യ നിറവും പഠിപ്പും ഒന്നും ഇല്ല. അതോണ്ട് ജോലി ഉള്ള ചെക്കന് വേണ്ടി എത്ര രൂപ വേണേലും അവര് മുടക്കും. അത് കിട്ടിയിട്ട് വേണം നിന്റെ പെങ്ങമ്മാരെ കെട്ടിക്കാൻ.
ചേച്ചിമ്മാർക്ക് ജോലി ഉണ്ടെല്ലോ. ഞാൻ പെണ്ണ് കെട്ടിയ കാശ് കൊണ്ട് വേണോ അവരെ കെട്ടിക്കാൻ.
രണ്ടു പെണ്ണ് പിള്ളേർ കഴിഞ്ഞു നേർച്ചയും കാഴ്ചയും നടത്തി നീ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു നിന്റെ പെണ്ണ് മക്കളുടെ കാര്യം നോക്കാൻ ഒരു ആണ് കുട്ടി ആയല്ലോ എന്ന്. ആ അവന് ഇപ്പോൾ പഠിച്ചു ജോലി കിട്ടിയപ്പോൾ അവന്റെ കാര്യം മാത്രം മതി.
അമ്മ എപ്പോഴും കാര്യം ഇങ്ങനെ ആണ്. എപ്പോഴും സെന്റി അടിച്ചു തന്നെ വിഴ്ത്തും. അങ്ങനെ ആണ് സാലറി സർട്ടിഫിക്കറ്റ് വെച്ചു ലോൺ എടുത്തു വീട് പുതുക്കി പണിതതും ഇൻസ്റ്റാൾമെന്റിൽ അനിയന് ബൈക്ക് മേടിച്ചതും അച്ഛന് പണ്ട് കച്ചവടം നടത്തിയ വകയിൽ ഉണ്ടായിരുന്ന കടങ്ങൾ വീട്ടിയതും എല്ലാം.
ഞാൻ ഞായറാഴ്ച അങ്ങോട്ട് വരാം.
ബ്രോക്കർ പറഞ്ഞപോലെ പെണ്ണിനെ പോയി കണ്ടു. പത്താം ക്ലാസ്സ് പാസ്സ് ആയിട്ടില്ല. ഇപ്പോഴത്തെ കാലത്തും പത്തു കടക്കാത്ത പെണ്ണോ. ചുമ്മപ്പിൽ നീല പൂക്കൾ പ്രിന്റ് ചെയ്ത വോയിൽ സാരി ചുറ്റി അവൾ വന്നു. നെറ്റിയിൽ ഒരു ചുമന്ന പൊട്ട് തൊട്ടിട്ടുണ്ട്. കൈയിൽ കുറേ മെലിഞ്ഞ സ്വർണ്ണവളകൾ ഇട്ടിട്ടുണ്ട്. കഴുത്തിൽ ഒരു മുല്ല മൊട്ട് മാലയും. ഇതൊന്നും അവൾക്ക് ചേരാത്തത് പോലെ അവന് തോന്നി. തന്റെ സങ്കല്പത്തിലെ പെണ്ണ് ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല. അനിത എന്ന് ആയിരുന്നു അവളുടെ പേര്.
ജാതകവും മറ്റും ഒത്തു വന്നതിനാൽ കല്യാണം പെട്ടെന്ന് തന്നെ നടന്നു. അവൾ വന്ന ഉടനെ തന്നെ അമ്മ എന്തൊക്കെയോ സൂത്രം പറഞ്ഞു അവളുടെ സ്വർണ്ണം ഒക്കെ അമ്മയുടെ അലമാരയിലോട്ട് മാറ്റി.
അവൾ ഒരു പാവം ആയിരുന്നു. ഒന്നിനോടും പരാതി ഇല്ലാത്തവൾ. കല്യാണത്തിന്റെ അവധി കഴിഞ്ഞപ്പോൾ അവളോട് പറഞ്ഞു. ഞാൻ ചെന്നൈയിൽ ചെന്നിട്ട് ഫ്ലാറ്റ് ശെരി ആക്കിയിട്ട് അങ്ങോട്ട് കൊണ്ട് പോകാം. അത് വരെ കാത്താൽ മതി.
നീ ആരെ കൊണ്ട് പോകുന്ന കാര്യമാ പറയുന്നത്. ഇവളെ ആണേൽ അതിന്റെ ആവിശ്യം ഇല്ലല്ലോ. ഒരു ഫ്ലാറ്റ് ഒക്കെ എടുക്കണേൽ 1 ലക്ഷം ഒക്കെ അഡ്വാൻസ് കൊടുക്കണം. ആ പൈസ ഉണ്ടേൽ നിന്റെ ചേച്ചിമ്മാർക്ക് 2 പവന്റെ സ്വർണ്ണം എടുക്കാം. ഇവക്ക് ജോലി ഒന്നും ഇല്ലല്ലോ. ജോലിക്ക് പോകാൻ ഉള്ള വിവരവും ഇല്ല. ഇവൾ ഇവിടെ നിക്കട്ടെ.
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞോ. അറിയില്ല.
അമ്മ പറഞ്ഞത് ആണ് ശെരി. ഇവിടെ ആകുമ്പോൾ എനിക്കു നോക്കാൻ പശുവും കോഴിയും ഒക്കെ ഉണ്ടെല്ലോ. അവിടെ ആകുമ്പോൾ ഞാൻ ചുമ്മാ ഇരിക്കണ്ടേ.
പിന്നിട് ഞാൻ ഒന്നും പറഞ്ഞില്ല. അതാകും അവളുടെ സന്തോഷം എന്ന് എനിക്ക് തോന്നി.
അവളുടെ സ്വർണ്ണവും പണവും ഞാൻ ജോലി ചെയിതതും കടം മേടിച്ചതും ഒക്കെ ആയ പൈസ കൊണ്ട് ചേച്ചിമാരുടെ കല്യാണം ഭംഗി ആയി നടന്നു.
ഒരു കല്യാണം കൊണ്ട് മാത്രം തീരുന്നത് ആയിരുന്നില്ല അവരുടെ ചിലവുകൾ. പ്രസവം ആയിട്ടും നൂല് കെട്ട് ആയിട്ടും ഒക്കെ ആ ചിലവുകൾ നീണ്ട് നീണ്ട് പോയി.
നിന്റെ അനിയന് കല്യാണം പ്രായം ആയി. നീ ഇനിയും വീട് വെച്ചു മാറാതെ തറവാട്ടിൽ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ എന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അപ്പോൾ മാത്രം ആണ് തനിക്ക് ആയി മാത്രം ഒന്നും കരുതിയിട്ടില്ല എന്ന് തിരിച്ചു അറിയുന്നത്..അതിനിടയിൽ അമ്മ ഒരു കാര്യം കൂടി പറയാൻ മറന്നില്ല. നിന്റെ ചേച്ചിയുടെ മൂന്നാമത്തെ മകളുടെ കാത് കുത്തു കല്യാണം ആണ്. അതിന്റെ ചിലവ് നീ എടുക്കണം.
അമ്മേ പിള്ളേർ ഉണ്ടായാൽ അവരെ നോക്കണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്യം ആണ്. അല്ലാതെ അങ്ങളയുടെ ഉത്തവാദിത്തം അല്ല. ഞാൻ ഈ ചിലവ് എടുക്കില്ല.
നിന്റെ പെണ്ണ് പിള്ള പറഞ്ഞു കാണും പൈസ ഒന്നും മുടക്കേണ്ട എന്ന്.
അവൾ ഒന്നും പറഞ്ഞില്ല. ഇത് എന്റെ മാത്രം തീരുമാനം ആണ്. ഇനി എങ്കിലും എനിക്ക് എന്റെ മക്കൾക്ക് വേണ്ടി ജീവിക്കണം.
ഇനിയും വണ്ടി കാളയെ പോലെ പണി എടുക്കാതെ സ്വന്തം ഭാര്യക്ക് മക്കൾക്കും വേണ്ടി ജീവിക്കാൻ അയാൾ അപ്പോഴേക്കും തുടങ്ങിയിരുന്നു…ഇപ്പോൾ എങ്കിലും ഞാൻ എനിക്ക് വേണ്ടി ജീവിക്കണം